Tuesday, 13 May 2014

THE ACCIDENT

ഇളനീരാട്ടവും അമ്പല കുളത്തിലെ അപകടവും :

ഡ്രൈവർ ദാസാട്ടൻ ഇല്ലായിരുന്നെങ്കിൽ ഞാൻ പണ്ടെ ഇഹ ലോക വാസം വെടിഞ്ഞു പോയേനെ. ഇളനീരാട്ടം അന്ന് നമ്മൾ കുട്ടികളുടെ ശരിയായ ഒരു ഉത്സവമായിരുന്നു. ഒന്ന് രണ്ടു ദിവസം ചാത്വം കണ്ടിയിലെ പച്ചക്കറി ഭക്ഷണം മൃഷ്ട്ടാന്നം ശാപ്പിട്ടു, മൂന്നാം ദിവസം എടുത്താൽ പൊന്താത്ത ഇളനീർ കാവടിയുമായി വല്ലാത്തൊരു ആരവം ഉണ്ടാക്കി കൊണ്ടു നമ്മളെവരും പുതിയംബലത്തിലേക്ക് നീങ്ങുന്നു. അമ്പലത്തിനടുത്തുള്ള തങ്കെശ പുരയിൽ രാത്രി ഭക്ഷണവും ശീട്ട് കളിയും. അന്ന് വരെ വലിയവരുടെ ശീട്ട് കളി പിന്നിൽ നിന്ന് നോക്കാൻ മാത്രം അനുവാദം കിട്ടിയിരുന്ന നമുക്ക് അന്നത്തേക്ക്‌ ഒരു രാത്രി പുള്ളി വലിക്കാനുള്ള അനുവാദം കിട്ടുന്നു. ഞങ്ങൾ കുട്ടികൾ പാപരാകുകകയും വലിയവർ മുതലാളിമാർ ആകുകയും ചെയ്യുന്നു.
അടുത്ത ദിവസം രാവിലെ അമ്പല കുളത്തിൽ ദേഹ ശുദ്ധി വരുത്തി (അശുദ്ധി വരുത്തി എന്ന് പറയുന്നതാവും നല്ലത്. വെള്ളം അത്രയ്ക്ക് പോക്കായിരുന്നു. മുതിർന്നവർ കുളം ഒഴിവാക്കുകയാണ് പൊതുവെ ചെയ്യുക) തലേന്ന് അമ്പലത്തിൽ കൊണ്ടു വച്ച ഇളനീർ കാവടിയുമായി നമ്മൾ അമ്പലം പ്രദക്ഷിണം വെക്കുകയും വലതു വശത്തുള്ള ഒരു ഇളനീർ കൂമ്പാരത്തിലേക്ക് നമ്മുടെ കാവടി നിക്ഷേപിക്കുകയും ചെയ്യുന്നു.

അമ്പല കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് എനിക്ക് മനസ്സിലായത്‌, കുളത്തിനടിയിൽ നിന്ന് ആരോ എന്റെ കാലുകൾ പിടിച്ചു വലിക്കുന്നു. എരഞ്ഞോളി പുഴയിൽ നീന്തി നീന്തി അക്കരെ കടന്നു പരിശീലിച്ച എനിക്ക് എന്തോ ഒരു തളർച്ച ബാധിച്ചത് പോലെ തോന്നി. ഞാൻ നില വിളിച്ചു. അപ്പോൾ കുളക്കരയിൽ നിന്ന് താഴെ പറയുന്ന ഡയലോഗുകൾ കേട്ടു.

ചാത്തു ഏട്ടൻ: ആരും തുള്ളണ്ട. ചെക്കന്റെ തട്ടിപ്പാണ്. നമ്മളെ കുളത്തിൽ തുള്ളിക്കാനുള്ള തട്ടിപ്പാണ്. ആരും തുള്ളണ്ട.

രാമാട്ടൻ: ചെക്കൻ സ്ഥിരം പുഴയിൽ നീന്തുന്നതാണ്. ആരും തുള്ളണ്ട.

കുളത്തിന്റെ മൂലയിൽ പുതിയ മുണ്ടും വേഷ്ടിയും ധരിച്ചു ഇതൊന്നും ശ്രദ്ധിക്കാതെ നിന്നിരുന്ന ദാസാട്ടൻ ഒച്ചപ്പാടുകൾ കേട്ട് അങ്ങോട്ടേക്ക് വന്നു. എന്റെ പിടപ്പ് കണ്ടപ്പോൾ തന്നെ ദാസാട്ടനു മനസ്സിലായി സംഗതി പിശകാണെന്ന്. ഒരൊറ്റ ചാട്ടവും കുളത്തിൽ എന്നെ പിടിച്ചു ഒരു മുക്കലുമായിരുന്നു. കുറച്ചു വെള്ളം കുടിച്ചെങ്കിലും ജീവനോടെ കരക്കെത്തി.
കരക്കെത്തിയപ്പോൾ ദാസാട്ടൻ ചോദിച്ചു: വെള്ളം കുറെ കുടിച്ചോ?
ഞാൻ പറഞ്ഞു : ആ, കുറച്ചു കുടിച്ചു.
ദാസാട്ടൻ: ഈ വെള്ളം കുടിക്കുന്നതിനേക്കാൾ നല്ലത് ചാകുന്നത് തന്നെയാ.

No comments:

Post a Comment