Sunday, 4 May 2014

yeast infection

യീസ്റ്റ് ഇൻഫെക്ഷനും ചാകാറായ പട്ടിയും

പട്ടിയെ വളർത്തുക എന്നത് മനുഷ്യന്മാർക്ക് പറ്റിയ പണിയല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.  അഥവാ ഗതികേടിനു അത്തരം ഒരു അബദ്ധത്തിൽ നിങ്ങൾ വന്നു പെട്ടുപോയാൽ ഡോക്ടർ മാരെ അധികം അടുപ്പിക്കരുത് എന്നു  എന്ന സത്യം  എന്റെ അനുഭവങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നു. രോഗങ്ങളൊന്നും ഇല്ലാതെ ജീവിച്ചു പോകുന്ന എത്രയോ തെരുവ് പട്ടികളെ നിങ്ങൾ നിത്യ മെന്നോണം കാണുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് ഭ്രാന്തൻ എന്ന് നിങ്ങൾ വിളിച്ചു കൂവുന്നതല്ലാതെ മിക്ക പട്ടികൾക്കും ഭ്രാന്തു എന്ന രോഗമേ ഇല്ല എന്ന് എനിക്ക് തോന്നുന്നു.  ഇനി ഈ ഭ്രാന്തിനെ ഒഴിവാക്കാൻ വേണ്ടി ഒരു ഡോക്ടറെ വിളിച്ചു പട്ടിക്കു കുത്തിവെപ്പ് എടുത്തതിനു ശേഷം
ഡോക്ടറോട് ചോദിക്കുന്നു 'ഡോക്ടറെ, ഇനി വേറെ നായ കടിച്ചാൽ ഇതിനു ഭ്രാന്തൊന്നും വരില്ലല്ലോ.
ഡോക്ടർ : അതൊന്നും പറയാൻ പറ്റില്ല.
ഞാൻ : അപ്പോൾ ഞാൻ എന്ത് ചെയ്യണം.
ഡോക്ടർ:  വീണ്ടും കുത്തിവെക്കുക.  ഒരു മാസം പട്ടിയെ വേറെ കൂട്ടിലാക്കി വാച്ച് ചെയ്യുക.  ആരും പട്ടിയോട്‌ ഇട പഴകാതിരിക്കുക.
(കുത്തി വെക്കാത്ത തെരുവ് പട്ടികളുടെ കാര്യത്തിലും നാം ഇതൊക്കെ തന്നെ ആണ് ചെയ്യേണ്ടത്.  പിന്നെ ആദ്യമേ കുത്തി വച്ചത് എന്തിനെന്നു മനസ്സിലായില്ല.)

അങ്ങനെ ഇരിക്കെ പട്ടി കണ്ടമാനം ചൊറിയുന്നു. ചില സ്ഥലത്ത് മുറിയുന്നു. ഉടൻ ഡോക്ടറെ വിളിക്കുന്നു. കണ്ട ഉടൻ ഡോക്ടർ പ്രഖ്യാപിക്കുന്നു. 'യീസ്റ്റ് ഇൻഫെക്ഷൻ'

ഞാൻ : അപ്പോൾ എന്ത് ചെയ്യണം
(ഡോക്ടർ ഒന്നും പറയാതെ എന്തോ എഴുതുകയാണ്. എഴുതി കൊണ്ടെ ഇരിക്കുകയാണ്. ഇയാളെന്താ പട്ടിയെയും വച്ച് കഥയെഴുതുകയാണോ.  സാഹിത്യകാരന്മാരായ ഡോക്ടർ മാരും ഡോക്ടർ മാരായ സാഹിത്യകാരന്മാരും ഉണ്ടെന്നു നമുക്ക് എല്ലാവര്ക്കും അറിയാവുന്നതാണല്ലോ.  കഥയെഴുതി നിർത്തി കുറിപ്പ് എനിക്ക് നേരെ നീട്ടി കൊണ്ടു അദ്ദേഹം പറഞ്ഞു:
ഇതൊക്കെ വാങ്ങി കൊണ്ടു വരിക. രണ്ടു ഇൻജക്ഷൻ ഇപ്പോൾ കൊടുക്കാം. ബാക്കി അടുത്ത ആഴ്ച.  ഒരു മാസം തുടർച്ചയായി എഴുതി തന്ന മരുന്ന് കൊടുക്കുക.

മരുന്ന് ഷാപ്പിലെ ബില്ല് കണ്ടപ്പോൾ ഞെട്ടി പോയി. ആയിരം രൂപ.  സ്ഥിരം ചൊറിച്ചിലുള്ള എനിക്കൊന്നും ഇതുവരെ ആരും ആയിരം രൂപയുടെ മരുന്ന് തന്നിട്ടില്ല. എന്തായാലും മരുന്ന് വാങ്ങി വീട്ടിലെത്തി വളരെ കഷ്ടപ്പെട്ട് തേനും ചേർത്ത് പറഞ്ഞത് പോലെ മരുന്നുകൾ കൊടുക്കാൻ തുടങ്ങിയപ്പോൾ

നായ പറഞ്ഞു: എന്തിനാടാ എന്നെ  ഇങ്ങനെ ഇഞ്ചിന്ജായി കൊല്ലുന്നത്. വിഷം വല്ലതും തന്നു വേഗം കൊന്നു കൂടെ

രണ്ടു ഡോസ് മരുന്ന് കൊടുത്തപ്പോഴേക്കും ആൾക്ക് അതായതു  പട്ടിക്കു തളർച്ച ബാധിച്ചത് പോലെ തോന്നി. മൂന്നാമത്തെ ഡോസോടുകൂടി അവൾ ബോധ രഹിതയായി നിലം പതിച്ചു.  അലമാരയിൽ വച്ച മരുന്ന് പൊതികൾ മുഴുവൻ ഞാൻ കുപ്പ തൊട്ടിയിൽ എറിഞ്ഞു.  അത് കണ്ടു സന്തോഷിച്ചത്‌ കൊണ്ടാണെന്ന് തോന്നുന്നു പട്ടി തലയുയർത്തി പറഞ്ഞു : ഗുഡ്

അടുത്ത ദിവസം രാവിലെ പട്ടി തല ഉയർത്തി പരിസരമൊക്കെ ഒന്ന് വീക്ഷിച്ചു. ഉച്ചക്ക് അത് അല്പം വെള്ളം കുടിച്ചു. വൈകുന്നേരം അല്പം ഭക്ഷണവും. മൂന്നാം ദിവസം ആൾ ഓക്കേ. പക്ഷെ ചൊറി ചൊറി പോലെ ഉണ്ടെന്നു മാത്രം. സാരമില്ല  അത് സഹിക്കാമെന്നു വിചാരിച്ചു വെറുതെ ഒന്ന് നെറ്റിൽ പരതി.  അപ്പോഴതാ അങ്ങ് അമേരിക്കയിൽ നിന്ന് ഒരുത്തൻ എഴുതിയിരിക്കുന്നു, 'യീസ്റ്റ് ഇൻഫെക്ഷൻ' വന്നാൽ കാര്യമായി ഒന്നും ചെയ്യണമെന്നില്ല.  നേർപ്പിച്ച വിനാഗിരി , നേർപ്പിച്ച തൈര്, ചെറുനാരങ്ങ നീര് എന്നിവയൊക്കെ ഉപയോഗിച്ച് പട്ടിയെ എല്ലാ ദിവസവും കുളിപ്പിച്ചാൽ മതി. എന്റെ അമേരിക്കകാരാ, നീ ആള് ഭയങ്കരൻ തന്നെ. ഇതല്ലേ നമ്മുടെ നാട്ടുകാര് നിന്നെ അനുകരിച്ചു കൊണ്ടിരിക്കുന്നത്.  രണ്ടാഴ്ച കഴിഞ്ഞപ്പോൾ പട്ടിക്കു യീസ്റ്റ് ഇൻഫെക്ഷനുമില്ല ഒരു ചുക്കുമില്ല.
നിലത്തു ചുരുണ്ട് കിടന്നു ഉറങ്ങുന്നതിനിടയിൽ പട്ടി എന്തോ മുരണ്ടു. അതെ അത് എന്തോ പറയുകയാണ്‌. പറഞ്ഞത് ഇതാണ് : താങ്ക് യു അമേരിക്കക്കാരാ 

No comments:

Post a Comment