Sunday, 15 June 2014

ദൈവങ്ങളും വിഗ്രഹങ്ങളും

--ജനങ്ങളുടെ പ്രവൃത്തികൾ വിലകെട്ടതാണ്. കാട്ടിൽ നിന്ന് വെട്ടിയ മരം, ആശാരി തന്റെ ഉളികൊണ്ട് മിനുക്കുന്നു. സ്വർണവും വെള്ളിയും കൊണ്ടു അതിനെ സൌന്ദര്യപ്പെടുത്തി, മുട്ടിയും ആണിയും ഉപയോഗിച്ച് അതിനെ ഉറപ്പിക്കുന്നു. കുമ്പളങ്ങ വയലുകളിലെ കാക്ക കോലങ്ങളെ പോലെ ഉള്ള ഈ വിഗ്രഹങ്ങൾക്ക് മിണ്ടാനാവുമോ. അവയ്ക്ക് നടക്കാനാവാത്തത് കൊണ്ടു നാമവയെ എടുത്തു നടക്കണം. നമുക്ക് എന്തെങ്കിലും ഗുണമോ ദോഷമോ ചെയ്യാനാവാത്ത അവയെ നാമെന്തിനു പേടിക്കണം.-----
-------ജെറെമിയ --10

എന്നിട്ടും ക്രിസ്തുവിന്റെ വിഗ്രഹങ്ങൾ ഉണ്ടായി പരിശുദ്ധ മാതാവിന്റെ വിഗ്രഹങ്ങൾ ഉണ്ടായി.

ലോകത്തെ പ്രധാനപ്പെട്ട രണ്ടു മതങ്ങൾ എന്നും വിഗ്രാഹാരാധനയെ വിലക്കിയിരുന്നു. പക്ഷെ ഹിന്ദു മതത്തിനു വിഗ്രഹങ്ങൾ ഒരിക്കലും വർജ്യമായിരുന്നില്ല. വിഗ്രാഹാരാധനയെ വർജിക്കുക എന്നതിനർഥം ദൈവവുമായുള്ള ഇടപാടുകളിൽ നിന്ന് ജട വസ്തുക്കളായ ഇട നിലക്കാരെ ഒഴിവാക്കുക എന്നാണ്. ജീവനുള്ള ഇട നിലക്കാർക്കു പ്രാമുഖ്യം കിട്ടയത് അതുകൊണ്ടാവണം. ജടവസ്തുക്കൾ ശക്തങ്ങളായി തീരുന്നതിന്റെ അപകടങ്ങൾ ജനങ്ങളിലേക്ക് പകരാൻ പ്രസ്തുത മതങ്ങൾ ആരംഭ കാലത്ത് ശ്രമിച്ചിരുന്നു എന്ന് അർഥം. ശക്തമായി തീരുന്ന ജടവസ്തുക്കൾ മനുഷ്യനിൽ ശേഷിക്കുന്ന കഴിവുകളെ കൂടെ വലിച്ചെടുത്തു അവനെ വെറും ചണ്ടിയാക്കി മാറ്റുന്നു. യന്ത്രങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന മനുഷ്യർ മനസ്സിലാക്കുന്ന ഒരു പ്രതിഭാസമാണ് അത്. കമ്പ്യൂട്ടർകൾ നമ്മുടെ മനന ശക്തി നശിപ്പിക്കുന്നതിനു വേണ്ടുവോളം ഉദാഹരണങ്ങൾ ഉണ്ട്.

ദൈവവുമായി മനുഷ്യൻ നേരിട്ട് ഇടപഴകണമെന്ന് നിഷ്കർഷിച്ച മതങ്ങൾ ഒക്കെയും ജട വസ്തുക്കൾ മനുഷ്യൻറെ വളര്ച്ചയ്ക്ക് പ്രതിബന്ധം ആകരുതെന്ന് നിർബന്ധം പിടിച്ച മതങ്ങൾ ആയിരുന്നു. ദൈവത്തിനും മനുഷ്യനും ഇടയിൽ കിടന്നു ശക്തി പ്രാപിക്കുന്ന വിഗ്രഹങ്ങളെ അവ എന്നും ഭയപ്പെട്ടിരുന്നു. എന്ത് കൊണ്ടു? മനുഷ്യൻ ശക്തി പ്രാപിക്കണമെങ്കിൽ ജട വസ്തുക്കൾ ശക്തി പ്രാപിക്കാതിരിക്കണം എന്ന ബോധം അവയ്ക്ക് ഉണ്ടായിരുന്നു എന്നർത്ഥം. അത്തരം മതങ്ങൾ എന്നും ആഗ്രഹിച്ചത് മനുഷ്യനെ ശക്തനാക്കണം എന്ന് തന്നെയാണെന്ന് അർഥം. മനുഷ്യൻ ശക്തി പ്രാപിക്കുന്നതിന്റെ പരമകാഷ്ഠ മനുഷ്യൻ ദൈവമായി തീരുക എന്നതാണ്. അപ്പോൾ, തകർന്നു പോയ (അല്ലെങ്കിൽ ദൈവത്താൽ തകര്ക്കപ്പെട്ട) ബാബേൽ ഗോപുരത്തിന്റെ അർത്ഥമെന്ത്. മനുഷ്യന്റെ വളർച്ചയിൽ ദൈവം അസൂയാലുവായിരുന്നു എന്നായിരുന്നോ ബൈബിൾ പറയാൻ ഉദ്ദേശിച്ചത്. ആയിരിക്കാൻ ഇടയില്ല. ബാബേൽ ഗോപുരം തകര്ന്നു പോയതിനോ , അല്ലെങ്കിൽ അതിന്റെ നിര്മ്മിതി പൂർത്തീകരിക്കാൻ മനുഷ്യന് ആവാതിരുന്നതിനോ കാരണം മനുഷ്യന്റെ നാവു വക്രിച്ചു പോയതാണെന്ന് ബൈബിൾ വ്യക്തമായി പറയുന്നുണ്ട്. പരസ്പര ആശയ വിനിമയം നഷ്ടപ്പെടുന്ന മനുഷ്യൻ സൃഷ്ടി കാര്യത്തിൽ നിസ്സഹായനാണ്. അവൻ ചെയ്തു വെക്കുന്ന ഗോപുരങ്ങൾ തീര്ച്ചയായും തകർന്നു പോകും. മനുഷ്യന്റെ സ്വർഗങ്ങൾ അങ്ങ് ഉയരെയുള്ള ആകാശങ്ങളിളല്ല , തന്റെ കാല്കൾക്ക് അടിയിൽ മരുവുന്ന ഈ ഭൂമിയിൽ തന്നെയെന്നു സമർതിക്കുന്നതിൽ തെറ്റുകൾ ഒന്നും കാണാനാവില്ല. മനുഷ്യന്റെ ഗർവ് അടക്കാൻ വേണ്ടി ദൈവം ചെയ്തു വച്ചതായി പറയപ്പെടുന്ന ഈ പ്രവൃത്തി യഥാർത്ഥത്തിൽ മനുഷ്യനോടു പറയുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന് മനുഷ്യന്റെ വളർച്ചയിൽ ഭാഷക്കുള്ള അപാര സാധ്യതകൾ. മറ്റൊന്ന് ഈ ലോകതിലല്ലാതെ മറ്റൊരു ലോകത്തിൽ വളരാനല്ല മനുഷ്യന്റെ നിയോഗം


മനുഷ്യനും ലോകവും തമ്മിലുള്ള അകൽച്ചയെ കുറിച്ച് വിവരിക്കുന്നെടത് മാർക്സ് പറയുന്നത് ഇത് തന്നെയാണ്. ക്രിയാത്മകമായ രീതിയിൽ ഈ ലോകത്തെ അനുഭവിക്കേണ്ട മനുഷ്യൻ, ലോകത്തിന്റെ നേരെ ഒരു അപരിചിതനെ പോലെ പെരുമാറുന്നു. അവന്റെ തന്നെ സൃഷ്ടികളായ വസ്തുക്കൾ അവനു മേലെ അവനു എതിരായി നില കൊള്ളുന്നു. തന്നോടും ഈ ലോകത്തോടും വൈകാരികമായി പ്രതികരിക്കുന്നത് കൊണ്ടുള്ള ദോഷമാണ് ഇത്. താനും ലോകവും തമ്മിലുള്ളക്രിയാത്മകമായ ബന്ധത്തിലൂടെ താനും ലോകവും മാറി കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കാതെയുള്ള തികച്ചും പ്രതിലോമ കരമായ ബന്ധമാണ് ഇത്. ബൈബിളിലെ പഴയ നിയമത്തിലും വിഗ്രഹാരാധനയെ കുറിച്ച് പറയുന്നിടത്ത് ഇതൊക്കെ തന്നെയാണ് പറയുന്നത്. ഒരു വിഗ്രഹതെയോ അനേകം വിഗ്രഹങ്ങളെയോ ആരാധിക്കുന്നത് വിഗ്രഹാരാധന തന്നെ എന്ന് ബൈബിൾ വ്യക്തമാക്കുന്നുണ്ട്. തന്റെ തന്നെ കൈകൾ കൊണ്ടു സൃഷ്‌ടിച്ച വസ്തുക്കൾക്ക് മുൻപിൽ തല കുനിക്കുന്ന പ്രവൃത്തിയാണ്‌ അത് . മനുഷ്യൻ എന്ന നിലയിൽ തനിക്കുള്ള ഗുണങ്ങൾ ഒക്കെയും അവൻ ഈ വിഗ്രഹത്തിൽ ആവാഹിക്കുകയാണ്. ഗുണങ്ങൾ തന്നിൽ നിന്ന് ബാഹ്യമായ ഒരു ജട വസ്തുവിലേക്ക് സന്നിവേശിപ്പിച്ചു അവൻ സ്വയം ഒരു ജട വസ്തുവിനെ പോലെ ആയി തീരുകയാണ്. തന്റെ തന്നെ അസ്തിത്വത്തിന്റെ ഭാഗമായ ക്രിയാത്മക ശീല ങ്ങളുമായി നേരിട്ട് ബന്ധ പ്പെടുന്നതിനു പകരം പ്രസ്തുത ശീല ങ്ങളെ സന്നിവേശിപ്പിച്ച വിഗ്രഹങ്ങളുടെ മുന്നിൽ തല കുനിച്ചു കൊണ്ടാണ് അവൻ അവയുമായി ബന്ധപ്പെടുന്നത്. താന്റെ ആന്തരിക ശക്തികളിൽ നിന്ന് അവൻ അകന്നു പോകുന്നു.

വിഗ്രഹങ്ങളുടെ മൃതത്വതെ കുറിച്ചോ ശൂന്യതയെ കുറിച്ചോ ബൈബിൾലെ പഴയ നിയമം പറയുന്നത് ഇതാണ്.

കണ്ണുകൾ ഉണ്ടെങ്കിലും അവ ഒന്നും കാണുന്നില്ല. ചെവികൾ ഉണ്ടെങ്കിലും അവ ഒന്നും കേൾക്കുന്നില്ല

എത്രമാത്രം തന്നിലെ കഴിവുകൾ അവൻ വിഗ്രഹങ്ങളിലേക്കു സന്നിവേശിപ്പിക്കുന്നുവോ അത്രമാത്രം അവൻ ദുർബലൻ ആയി തീരുന്നു. യന്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ മനുഷ്യന് സംഭവിക്കുന്ന പരിണാമങ്ങൾക്ക് സമാനമായ ഒരു പ്രതിഭാസമാണ് ഇത്. കമ്പ്യൂട്ടർകൾ സ്ഥിരമായി ഉപയോഗിക്കുന്നവന്റെ ഓർമശക്തി ആനുപാതികമായി ക്ഷയിച്ചു പോകുന്നത് നാം കാണുന്നതാണ്. കാൽകുലെറ്റർ ഉപയോഗിക്കുന്നവനു കൈ കൊണ്ടു കൂട്ടി നോക്കാൻ അറിയാതിരിക്കുന്നതും അത് കൊണ്ടാണ്.

വിഗ്രഹങ്ങൾ എന്നത് എന്തും ആകാം. നിങ്ങൾ പൂജിക്കുന്ന ദൈവം, നിങളുടെ രാജ്യം, നിങളുടെ അമ്പലം , നിങ്ങൾ ആരാധിക്കുന്ന വ്യക്തി, നിങളുടെ സ്വത്തുക്കൾ...ഇങ്ങനെ പലതും.

1 comment: