Tuesday, 31 May 2016

THRESHOLD OF SEPARATION അഥവാ അകൽച്ചയുടെ പരിധി

വാക്ക് കേട്ടിട്ട് ഞെട്ടി എന്ന് മനസ്സിലായി.  വിക്കിയിൽ തിരഞ്ഞപ്പോൾ വീണ്ടും കൻഫൂഷൻ ആയി എന്നും മനസ്സിലായി.  ഞെട്ടരുത്.  വികിയിൽ തിരഞ്ഞിട്ടു കിട്ടാത്തത് കൊണ്ടു ഇത് ഒരു പുതിയ കണ്ടു പിടുത്തമായി കണക്കാക്കുക.  ആരെങ്കിലും ഇതിനു മുൻപ് ഇത് കണ്ടു പിടിച്ചോ എന്നും അറിയില്ല.  ഇത് സംഭവം എന്താണ് എന്ന് ഞാൻ  പറഞ്ഞാൽ നിങ്ങള്ക്ക്   ചിലപ്പോൾ  മനസ്സിലായി എന്ന് വരില്ല.  അത് കൊണ്ടു ഒരു ഉദാഹരണത്തിലൂടെ ഞാൻ ഇത് നിങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തുവാൻ ശ്രമിക്കുകയാണ്.  പക്ഷെ പ്രശ്നം അവിടെയും ഉണ്ട്.  ഈ ഉദാഹരണത്തിനും ഒരു പുതിയ കണ്ടു പിടുത്തം ആവശ്യമാണ്‌.  ആ യന്ത്രത്തിന്റെ പേരാണ് സെപരേടർ. ഇത് വരെ കണ്ടു പിടിക്കാത്ത ഒരു ഉപകരണം ആയതു കൊണ്ടു എന്റെ ഭാവനയിൽ കാണുന്ന ഏകദേശ രൂപം മാത്രമേ എനിക്ക് ഇവിടെ വിവരിക്കാൻ പറ്റുകയുള്ളൂ.  ഉദ്ദേശ്യം രണ്ടു മീറ്റർ നീളവും ഒരു  മീറ്റർ വീതിയും ഉള്ള ഒരു പലക പോലെ ഉള്ള ഒരു സാധനം.   അതിന്റെ മുകളിൽ വച്ചിട്ടുള്ള യേത്  വസ്തുക്കളുടെയും ഇഴ പിരിയാത്ത അടുപ്പം ഇല്ലാതാക്കി അവയെ മെല്ലെ മെല്ലെ അകറ്റാനുള്ള ഒരു സംവിധാനം ആണ് ഈ യന്ത്രത്തിൽ  ഉള്ളത്.  മനുഷ്യന്മാരുടെ ഇടയിൽ ഇത്തരം സൃഷ്ടികൾ സാധാരണം ആണ്.  സാഹിത്യത്തിൽ ഒതല്ലോ എന്ന നാടകത്തിലെ വില്ലൻ ഇയാഗോ ഇതിനു ഒരു ഉദാഹരണമാണ്.

ഇനി നമ്മുടെ ഉദാഹരണം തുടങ്ങുകയായി.  ഒരു ലക്ഷം സൂചികൾ ഞാൻ നിങ്ങള്ക്ക് തരുന്നു എന്ന് വിചാരിക്കുക. അത് കൊണ്ടു കുത്തിയാൽ കൈ മുറിയും എന്നും അതിന്മേൽ കയറി നിന്നാൽ കാലു തുളഞ്ഞു പോകും എന്നും ഏത് കൊച്ചു കുട്ടിക്കും അറിയാം.  പക്ഷെ നാം ഇപ്പോൾ അതിന്മേൽ കയറി നില്ക്കാൻ പോകുകയാണ്.  തീ തൊട്ടാൽ പൊള്ളുന്ന മനുഷ്യര് തീയിലൂടെ നടക്കുന്നത് നിങ്ങള് കണ്ടിട്ടുണ്ടാകും.  അത് കണ്ടു പക്ഷെ നിങ്ങൾ ആരും ഒരു അഗ്നി പരീക്ഷണത്തിന്‌ തയ്യാറാകില്ല എന്നും എനിക്ക് അറിയാം.  പക്ഷെ ഇവിടെ സംഗതി അങ്ങനെ അല്ല.  ഞാൻ സൂചികളുടെ മേലെ കയറി നില്ക്കുന്നു.  ഹോ ഇത്ര എളുപ്പമായിരുന്നോ എന്ന് പറഞ്ഞു കാണികളായ നിങ്ങളും കയറി നില്ക്കുന്നു.  അതിനു വേണ്ട ടെക്നിക്ക് ആണ് പറഞ്ഞു വരുന്നത്.  ആദ്യം എല്ലാ സൂചികളെയും അടുപ്പിച്ചു വച്ച് ഒരു വടം അതിനു ചുറ്റും കെട്ടുക.  കെട്ടുക എന്ന് പറഞ്ഞാൽ അത് ഒരു കെട്ടു തന്നെ ആയിരിക്കണം.  സംഗം ചെയ്യുന്ന ഭാര്യ ഭാര്താക്കന്മാരെ പോലെ ഉള്ള അടുപ്പം സൂചികൾക്ക് ഇടയിൽ ഉണ്ടാകണം.  അപ്പോൾ എന്ത് സംഭവിക്കുന്നു.  എല്ലാ സൂചികളും കൂടെ ഒരുമിച്ചു ഒരു പലക പോലെ ആയി തീരുന്നു.  പെട്ടന്ന് നോക്കിയാൽ ഒരു ഔട്ട്‌സൈടർക്ക് മനസ്സിലാകില്ല അത് സൂചി സമൂഹമാണോ അല്ലെങ്കിൽ ഒരു ഇരുമ്പു പലകയാണോ എന്ന്.  ടൈൽസ് കുറെ എണ്ണം അട്ടിയിട്ടു വച്ചാൽ അത് ഒരു തൂണാണോ എന്ന് സംശയിച്ചു പോകുന്നത് പോലെ.   അങ്ങനെ തങ്ങളുടെ സൂചിതരം നഷ്ടപ്പെട്ടു വെറും പലകയായി പരിണമിച്ച സൂചികളുടെ മുകളിൽ കൂടി ഞാൻ ഇപ്പോൾ ധൈര്യമായി നടക്കുകയാണ്.   ഒന്ന്  കാലിൽ തുളച്ചു കയറ്റണം എന്ന്  അറിയാതെ ആഗ്രഹിച്ചു പോയാലും, ഒരു സൂചിക്ക് പോലും അത് ഇനി പറ്റില്ല.  അവ അത്ര മാത്രം അടുത്തു പോയി.   ഞാൻ ഇങ്ങനെ കൂൾ ആയി നില്ക്കുന്നത് കണ്ടു ഇപ്പോൾ നിങ്ങളും ഈ സൂചി പലകയുടെ മേലെ കാലെടുത്തു വെക്കാൻ ആഗ്രഹിക്കുകയാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു.  വന്നോളൂ.  ഒട്ടും പേടിക്കാനില്ല.  ഒറ്റയ്ക്ക് ഭീകരനായി തോന്നുന്ന സൂചി ആൾകൂട്ടത്തിൽ ഒരു പച്ച പാവമായി പരിണമിച്ചതാണ് നാം ഇവിടെ കണ്ടത്.

ഇനി അടുത്ത ഭാഗം തുടങ്ങുകയാണ്.  ഈ സൂചി പലക ഞാൻ നമ്മുടെ യന്ത്രത്തിൽ കയറ്റി വെക്കുകയാണ്.  അടിയിലുള്ള ഒരു സ്വിച് ഓൺ ചെയ്തു കഴിഞ്ഞാൽ യന്ത്രം അതിന്റെ പരിപാടി ആരംഭിക്കുകയായി.  മെല്ലെ മെല്ലെ സൂചികൾ ഇഴ പിരിഞ്ഞു പോകുകയാണ്.  കുറച്ചു നേരം,  മുകളിൽ കയറി നിന്ന ഞാനോ നാട്ടുകാരായോ നിങ്ങളോ അത്  അറിയുന്നില്ല.  പക്ഷെ പെട്ടന്ന് ഏതോ ഒരു കോണിൽ നിന്ന് അയ്യോ എന്ന ഒരു നിലവിളി കേൾക്കാം.  അപ്പോൾ നിർത്തുക.  സംഗതി മനസ്സിലായല്ലോ.  സൂചിയുടെ കുത്തൽ വീണ്ടും നമുക്ക് അനുഭവ പ്പെടാൻ തുടങ്ങിയിരിക്കുന്നു.  അവിടെ വച്ച് നാം യന്ത്രന്തിന്റെ റീഡിംഗ് എടുക്കുകയാണ്.  അതാണ്‌ THRESHOLD OF SEPARATION  അഥവാ അകൽച്ചയുടെ പരിധി.

ഈ ഉദാഹരണത്തിന്റെ അന്ത്യ ഘട്ടത്തിൽ എത്തിയപ്പോൾ നിങ്ങൾ ചിന്തിക്കുന്നത് മറ്റൊരു കാര്യമാണ്  എന്ന് എനിക്ക് അറിയാം.  ഇന്നലെ റോഡിൽ നടന്ന അടിയെ കുറിച്ച്.  അവിടെ അഞ്ചു പേര് നമ്മുടെ ബാലാട്ടനെ ഒന്നിച്ചു തല്ലി .  അപ്പോൾ ബാലാട്ടൻ പറഞ്ഞത് ഇങ്ങനെ ആണ്.  'ഭീരുക്കൾ . അഞ്ചു പേര് ഒന്നിച്ചു ഒരാളെ തല്ലുന്നു.  ധൈര്യമുണ്ടെങ്കിൽ ഒറ്റയ്ക്ക് ഒറ്റയ്ക്ക് വാടാ' എന്ന്.   പക്ഷെ ഇവിടെ ഒരു സൂചി നമ്മെ കുത്താൻ വരുമ്പോൾ ഏകനായ ഞാൻ അവനോടു പറയുന്നത് മറ്റൊന്നാണ്.  'ഒറ്റയ്ക്ക് കുത്താൻ വരുന്നോ. ധൈര്യമുണ്ടെങ്കിൽ കൂട്ടമായി വരിക' എന്ന്.  ഇതാണ് വൈരുദ്ധ്യാത്മക ഭൌതിക വാദം.

അകൽച്ചകളും ഒരു പരിധി കഴിഞ്ഞാൽ അപകടകാരികൾ ആകാം എന്നാണു നാം ഇതിൽ നിന്ന് മനസ്സിലാക്കുനത്.

Friday, 27 May 2016

യുക്തി രാഹിത്യതിന്റെ ശക്തി.

ബാലാട്ടന്റെ ഏക മകൻ മരിച്ചു.  അത് വരെ ബാലാട്ടൻ കൂടെ കൊണ്ടു നടന്ന ദൈവം ബാലാട്ടന് സഹായത്തിനു എത്തിയില്ല.  ബാലാട്ടൻ രോഗ ശയ്യയിലായി.  ഒരിക്കൽ ബാലാട്ടൻ ശയ്യ വിട്ടു  എഴുന്നേറ്റു കോലായിലെ ചാര് കസേരയിൽ കിടക്കവേ, കസേര പടി മേൽ ഒരു പ്രാവ് വന്നിരുന്നു.  എത്ര ആട്ടി ഓടിച്ചിട്ടും പ്രാവ് പോകുന്നില്ല എന്നായപ്പോൾ ബാലാട്ടൻ കയ്യിലുള്ള ഒരു പഴം പ്രാവിന് തിന്നാൻ കൊടുത്തു.  പ്രാവ് അത് തിന്നതിന് ശേഷം പറന്നു പോയി. പിറ്റേന്നും  അതിന്റെ പിറ്റേന്നും വൈകുന്നേരങ്ങളിൽ ഈ സംഭവം ആവര്ത്തിച്ചു കൊണ്ടേ ഇരുന്നു.  ഒരു ശനിയാഴ്ച വൈകുന്നേരം തന്നെ കാണാൻ വന്ന ചാത്തു മാഷോട്  ബാലാട്ടൻ ഇക്കാര്യം പറഞ്ഞപ്പോൾ ചാത്തു മാഷ്‌ ഇങ്ങനെ പറഞ്ഞു.

മകനായിരിക്കാം.  തീര്ച്ചയായും മകനായിരിക്കാം.  ഇനി വന്നാൽ അവനൊരു കൂട് പണിയിച്ചു കൊടുക്കണം.  അതിൽ ഭക്ഷണം വച്ച് കൊടുക്കണം. ഒരിക്കലും കൂട് പൂട്ടിയിടരുത്.  അവൻ സ്വതന്ത്രമായി പറന്നു കളിക്കട്ടെ.

മാഷ്‌ ഇതൊന്നും വിശ്വസിക്കുന്നില്ല എന്നാണു ഞാൻ കരുതിയത്‌. ഇതൊക്കെ സത്യം തന്നെ അല്ലെ മാഷെ.

മനുഷ്യന് മനസ്സിലാക്കാത്ത പലതും ഇവിടെ ഉണ്ട്.  അതിൽ ഒന്നായി ഇതിനെ കൂട്ടിയാൽ മതി.

യാത്രയും പറഞ്ഞു മാഷ്‌ പോയി.  ബാലാട്ടൻ മകന് വേണ്ടി ഒരു കൂട് പണിയുകയും, എല്ലാ ദിവസവും കൃത്യമായി അതിൽ ഭക്ഷണം വെക്കുകയും പ്രാവ് എല്ലാ ദിവസവും വന്നു അതി കഴിച്ചു പറന്നു പോകുകയും ചെയ്യുന്നത് ഒരു രീതി ആയി തീർന്നു.  ബാലാട്ടൻ ദിവസങ്ങൾക്കകം രോഗ ശയ്യ വിട്ടു എഴുന്നേൽക്കുകയും ശിഷ്ടകാലം പ്രാവിനോടൊപ്പം സന്തോഷവാനായി ജീവിക്കുകയും ചെയ്തു.

വർഷങ്ങൾക്കു ശേഷം ഈ കഥ അറിഞ്ഞ ഞാൻ ചാത്തു മാഷോട് ഇതിനെ കുറിച്ച് ചോദിച്ചു.  അപ്പോൾ മാഷ്‌ ഇങ്ങനെ പറഞ്ഞു.

നിന്റെ ചോദ്യം ചിലപ്പോൾ കാലാഹരണപ്പെട്ട ഒരു ചോദ്യമായി തോന്നിയേക്കാം.  പക്ഷെ കാലം എല്ലാറ്റിന്റെയും ന്യായാധിപൻ ആണെങ്കിൽ  അന്ന് ഞാൻ നല്കിയ യുക്തി രഹിതമായ ഉത്തരം, ഇന്ന് വലിയ ഒരു യുക്തിയായി പരിണമിച്ചത്‌ കാണാം.   ഇന്നാണ് ആ ചോദ്യത്തിന് വളരെ പ്രസക്തിയുള്ളത് എന്ന് ഞാൻ മനസ്സിലാക്കുന്നു.  അന്ന് ആരെങ്കിലും ഈ ചോദ്യം എന്നോട് ചോദിച്ചിരുന്നു എങ്കിൽ എനിക്ക് അതിനു ഉത്തരം പറയാൻ പറ്റില്ലായിരുന്നു.  പക്ഷെ ഇന്ന് ഉത്തരം വ്യക്തമാണ്.  മനുഷ്യന് സന്തോഷവാനായി ജീവിക്കാൻ യുക്തി വേണമെന്നില്ല.  ഇപ്പോൾ ഞാൻ ആലോചിക്കുന്നത് പണ്ടു വായിച്ച ഒരു കഥയും ഒരു നോവലും ആണ്.  അവിടെ മരിക്കാറായ ഒരു ധനികൻ, തന്റെ ഭൂ സ്വത്തു മക്കളുടെ പേരില് ഒസ്യത് എഴുതി വെക്കാൻ തീരുമാനിക്കുന്നു.  അദ്ദേഹത്തിന് മറ്റാരും അറിയാത്ത ഒരു പുത്രി കൂടെ ഉണ്ടായിരുന്നു.  ആയതിനാൽ താൻ ഒസ്യത് എഴുതാതെ മരിച്ചു പോയാൽ ആ കുട്ടിക്ക് ശിഷ്ടകാലം കഷ്ടമായിരിക്കും എന്ന് ചിന്തിക്കുകയാൽ അദ്ദേഹം തന്നെ ചികിത്സിച്ച വൈദ്യനോട് തന്റെ  വ്യാകുലത പറയുകയും,  മരിക്കുമെന്ന് ഉറപ്പാണെങ്കിൽ അത് തന്നോട് പറയാൻ കനിവുണ്ടാകണം എന്ന് അഭ്യര്തിക്കുകയും ചെയ്യുന്നു.  ഡോക്ടർക്ക്‌ അറിയാമായിരുന്നു അയാള് ഒന്നോ രണ്ടോ ദിവസം കൊണ്ടു മരിക്കും എന്ന്.  പക്ഷെ ആ ഡോക്ടര അദ്ധേഹത്തിന്റെ ശരിയായ മക്കളുടെ സുഹൃത്ത്‌ ആയിരുന്നു.  അത് കൊണ്ടു തന്നെ അദ്ധേഹത്തിന്റെ സ്വത്തു ഒരു അജ്ഞാത യുവതി എടുത്തു കൊണ്ടു പോകുന്നത്  ഇഷ്ടപ്പെട്ടില്ല.  ആയതിനാൽ ഒസ്യത് എഴുതുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ വേണ്ടി അയാള് ഒരു കള്ളം പറഞ്ഞു.  'ഇല്ല നിങ്ങള് ഈ അടുത്ത കാലത്ത് ഒന്നും മരിക്കില്ല.  നിങ്ങൾ ഇപ്പോഴും ആരോഗ്യവാൻ തന്നെ ആണ്' എന്ന്.  മരണ ഭയം വിട്ടു മാറിയ അദ്ദേഹം ആരോഗ്യവാനായി തീർന്നു എന്നും,  കിടക്ക വിട്ടു എഴുന്നേറ്റു തനിക്കു ഇഷ്ടമുള്ള രീതിയിൽ വിൽ പത്രം എഴുതുന്നു എന്നും പറഞ്ഞു കഥ അവസാനിക്കുന്നു .

ഇനി മറ്റൊരു കഥയിൽ സംഭവം ഇങ്ങനെ ആണ്.  വല്ലാത്തൊരു വിപത്തിലും മാനസിക സംഘർഷത്തിലും പെട്ട് പോയ ഒരു മനുഷ്യൻ മരണത്തെ കുറിച്ച് പോലും ചിന്തിക്കുന്നു.  അദ്ദേഹം തന്റെ പ്രയാസങ്ങൾ തന്റെ അടുത്ത സുഹൃത്തായ ഒരു ഡോക്ടറോട് പറയുന്നു. അപ്പോൾ ഡോക്ടര അയാൾക്ക്‌ ഒരു ചെറിയ നീല ഗുളിക കൊടുക്കുന്നു.  എന്നിട്ട് ഇങ്ങനെ പറഞ്ഞു

ഇത് കഴിച്ച ഉടനെ നീ മരിക്കും.  എപ്പോൾ മരിക്കണം എന്ന് തോന്നിയാലും ഇതെടുത്തു കഴിക്കുക.  പക്ഷെ ഒരു കാര്യം നീ എനിക്ക് വാക്ക് തരണം.  സഹന ശക്തിയുടെ പരിധി വിട്ടാലേ നീ ഗുളിക കഴിക്കൂ എന്ന്.

മരണം തനിക്കു എടുത്തു ഉപയോഗിക്കാവുന്ന തരത്തിൽ സൌകര്യത്തിൽ കീശയിൽ കൊണ്ട് നടക്കുന്നു എന്ന ധൈര്യത്തിൽ അയാള് എത്രയോ കാലം ജീവിച്ചു.  ഒടുവിൽ എല്ലാ സംഘര്ഷങ്ങളും വിട്ടു മാറി  സ്വാതന്ത്ര്യത്തിലേക്ക് കടക്കുന്ന വേളയിൽ അവിചാരിതമായി അയാള് അറിയുന്നു ഡോക്ടര അയാൾക്ക്‌ കൊടുത്തത് ഒരു വിഷ ഗുളിക അല്ല എന്ന്.  താൻ ഇത്രയും കാലവും ജീവിച്ചിരുന്നതു  ആ മിഥ്യാ ധാരണയിൽ ആണെന്ന്.   അത് പകര്ന്നു തന്ന ധൈര്യതിലൂടെ ആണെന്ന്.

ചാത്തു മാഷ്‌ തുടർന്നു  'അപ്പോൾ ഞാൻ ഇനി ഒരു കാര്യം കൂടെ നിന്നോട് പറയാം.   ആഴമേറിയ ഒരു കൊല്ലിക്ക് മേലെ ഒരു ഒറ്റ അടി പാത.  അതിലൂടെ നടന്നു പോകാൻ ആരും ധൈര്യ പ്പെടുന്നില്ല.  അത് കണ്ടു അതിന്റെ ഉടമ അതിനു നല്ല ശക്തിയുള്ള ഒരു കൈവരി കെട്ടി കൊടുത്തു.  ജനങ്ങള് എല്ലാം അതിലെ നടക്കുവാൻ തുടങ്ങി.   പക്ഷെ അന്നേരവും പലരും അറിഞ്ഞില്ല തങ്ങള് കൈവരി പിടിക്കാതെ ആണ് നടന്നു കൊണ്ടിരിക്കുന്നത് എന്ന്.

കൈവരി അനാവശ്യമായിരിക്കാം. പക്ഷെ അത് അവിടെ ഉണ്ടാവണം എന്ന് നമുക്ക് നിർബന്ധമാണ്‌ 

Tuesday, 24 May 2016

പൊട്ട കിണറ്റിലെ പാമ്പ്= 4

പാതി മയക്കത്തിൽ ആരോ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുനത് കേട്ട് മണ്ടോടി ഉണർന്നു. ഉയരങ്ങളിൽ നിന്ന് ആരൊക്കെയോ സംസാരിക്കുന്നത്  പോലെ.  ഉറങ്ങാൻ കിടന്നപ്പോൾ തന്നെ നല്ല വണ്ണം ഇരുട്ടിയിരുന്നു.  അക്കണക്കിന് ഇപ്പോൾ പാതി രാത്രി എങ്കിലും ആയി കാണണം.  പിശാചുക്കളും പടച്ചവന്മാരും മാത്രം  നടന്നു കളിക്കുന്ന സമയം.  ഇനി അവരുടെ നടത്തത്തിനിടയിൽ അവര് പരസ്പരം കണ്ടു മുണ്ടി ഉടക്കിയതാവുമോ. മെല്ലെ ഇഴഞ്ഞു പൊട്ട കിണറ്റിന്റെ മുകളിൽ നിന്ന് എത്തി നോക്കി.  സംഗതി ശരിയാണ് .  തമിൾ സിനിമയിലെ വില്ലനെ പോലെ ഉള്ള ഒരാള് , സീരിയലുകളിൽ കാണാറുള്ള കിരീടം വച്ച ദൈവത്തെ പോലെ ഉള്ള വെളുത്ത ഒരാളോട് സംസാരിക്കുകയാണ്.

നിങ്ങള് പറ്റുമെങ്കിൽ പറ്റും എന്ന് പറ.  ഇങ്ങനെ ഉരുണ്ടു കളിക്കല്ല.

എന്റെ കുഞ്ഞിരാമാ. കൊല്ലുക എന്നുള്ളത് എന്റെ പോർട്ട്‌ ഫോളിയോയിൽ വരുന്ന കാര്യമല്ല എന്ന് നിനക്ക് അറിയില്ലേ.  മറ്റു വല്ലതും ചോദിക്കൂ.

എടോ പടച്ചോനെ.  കണ്ട സകലതും നിവേദ്യം എന്ന വകയിൽ വാരി കോരി തന്നിട്ടും ഇപ്പോൾ ഇങ്ങനെ ആയോ.  കൊല്ലേണ്ട കാര്യം നിങ്ങള് ഏൽക്കേണ്ട. അതിനു ഞാൻ തന്നെ മതി. ഞെലേണ്ട കാര്യത്തിനാണ് നിന്റെ സഹായം വേണ്ടത്.  സംഗതി ഒരു കുട്ടി അറിയരുത്.

കുട്ടി അറിഞ്ഞത് കൊണ്ടു എന്താ കുഴപ്പം കുഞ്ഞിരാമാ

ജയിലിൽ പോകേണ്ടി വരും അത്ര തന്നെ.

അവിടെ പുറത്തെതിനേക്കാൾ സുഖമാണെന്നു കേൾക്കുന്നല്ലോ കുഞ്ഞിരാമാ.

പടച്ചോനെ നിങ്ങള് ഇങ്ങനെ ഓരോ  തമാശ പറഞ്ഞു ശരിയായ കാര്യത്തിൽ നിന്ന് ഊരാൻ നോക്കരുത്.  കഴിയില്ലെങ്കിൽ കഴിയില്ല എന്ന് പറയുക. ഇവടെ അത് പറ്റുന്ന വേറെ പടച്ചവൻ മാറ് ഉണ്ടോ എന്ന് ഞാൻ നോക്കട്ടെ.

ഇത് ആകെ പുലിവാലായല്ലോ .  ഏതായാലും ഞാൻ ഒന്ന് നോക്കട്ടെ.  കുറെ സാധനങ്ങൾ മേടിച്ചു തിന്നു പോയില്ലേ.  ആട്ടെ.  ഒരൊറ്റ അടിക്ക് ആളെ തീര്ക്കണം എന്നുണ്ടോ.  ഇഞ്ചിഞ്ചായിട്ടു പോരെ.

ഇഞ്ചിഞ്ചായിട്ടും വേണ്ട. വേണമെങ്കിൽ ഒരു കൊല്ലം തന്നെ എടുത്തോ.  പക്ഷെ ഒരാളും സംശയിക്കുക പോലും ചെയ്യരുത്.

എന്നാൽ ഞാൻ പറയുന്നത് കേട്ടോ.  ആദ്യം ആളെ ഒന്ന് പരിചയപ്പെടുക.  അയാളുടെ ശരീരത്തെ കുറിച്ചുള്ള ഒരു ചെറിയ അറിവ് ആവശ്യമാണ്‌.

ഹോ. അതൊന്നും സാരമില്ല. ഇത് നമ്മുടെ സ്വന്തം ആള് തന്നെ ആണ്.  ശരീരത്തെ കുറിച്ച് അറിയാൻ ഞാൻ എന്താ ഡോക്ടറോ മറ്റോ ആണോ.

അതല്ല  കുഞ്ഞിരാമാ.  എന്റെ ഈ പരിപാടി ഒരു തരം ഡോക്ടര രോഗി ഇടപാടാണ്.

ഹോ. അങ്ങനെ ആണോ. എന്നാൽ പറഞ്ഞോളൂ.

ആദ്യം നീ അയാളുടെ ശരീരത്തിലുള്ള എന്തെങ്കിലും മാറ്റം ശ്രദ്ധിക്കണം.   ചെവിയിലെ നിറ മാറ്റം,  ഒരു ചെറിയ മറുക്, അല്ലെങ്കിൽ ചെറിയ കുരു  അങ്ങനെ എന്തെങ്കിലും.  അതില്ലാത്ത ആരും ഈ ലോകത്ത് ഉണ്ടാകില്ല.  എന്നിട്ട് ഒരു ദിവസം ചാടി അയാളുടെ മുന്നില് വീണു. അയാളോട് താഴെ പറയുന്ന രീതിയിൽ സംസാരിക്കണം.

എന്താ ചാത്തു ഏട്ടാ നിങ്ങളുടെ ചെവിക്കു ഒരു നിറമാറ്റം/ എന്താ ചേട്ടാ ഇവിടെ ഒരു ചെറിയ കുരു .... ഇങ്ങനെ എന്തെങ്കിലും

ഹോ അത് അവിടെ മുന്നേ ഉള്ളതാ.  ഞാൻ കാര്യമാക്കിയിട്ടില്ല.

അങ്ങനെ പറയരുത് ചാത്തു ഏട്ടാ.  ഏതു കുരുവും/നിറ മാറ്റവും/മറുകും  ഒരു രോഗ ലക്ഷണമാകാം.  കാലേ കൂട്ടി അത് അറിഞ്ഞാൽ നമുക്ക് അത് എളുപ്പം ചികിത്സിച്ചു ഭേദമാക്കാം.  എന്റെ പരിചയത്തിൽ ഒരാള് ഇങ്ങനെ മൂക്കിന്റെ നിറ മാറ്റം കണ്ടു പരിശോധിച്ചപ്പോൾ കാൻസർ.  നേരത്തെ അറിഞ്ഞാൽ വളരെ എളുപ്പം അത് മാറ്റാം എന്ന് ഡോക്ടര പറഞ്ഞു (നേരത്തെ അറിഞ്ഞ പുള്ളി നേരത്തെ തട്ടി പോയ കാര്യം തല്ക്കാലം മറച്ചു വെക്കുക). ഞാനും കൂടെ വരാം.  നമുക്ക് നല്ല ഒരു ഡോക്ടറെ തന്നെ കാണിച്ചു കളയാം.

അപ്പോൾ ഇതാണ് ആദ്യത്തെ പടി. താൻ പാതി എന്ന് പറഞ്ഞ ഭാഗം.  ഇനി അയാളെ കൊണ്ടു പോയി ലോകത്തുള്ള സകല പരിശോധനക്കും വിധേയനാക്കുന്നത് കൂടി നിന്റെ പാതിയിൽ വരും.  അത് കഴിഞ്ഞാൽ മറ്റേ പാതി എന്റെ ഊഴമാണ്.  അതിനു ഞാൻ എന്തെങ്കിലും കാര്യമായി ചെയ്യേണ്ടി വരില്ല. അതൊക്കെ ഡോക്ടർ നോക്കി കൊള്ളും. യുക്തമായ ഒരു രോഗം കണ്ടു പിടിച്ചു അയാളെ ചികിത്സിച്ചു ശരിയാക്കുന്ന കാര്യത്തിൽ ഞാൻ ഇടപെടേണ്ട കാര്യമേ ഇല്ല.  സ്വാഭാവിക മരണം . ആരും അറിയാനേ പോകുന്നില്ല

കിണരോട് ഒട്ടി നിന്ന്  ഈ ഭീകര ഭാഷണം കേട്ട  മണ്ടോടി ഈ ക്രൂരത കേട്ട് നടുങ്ങി പോയി.  ഒരു വർഷത്തിനു ശേഷം ബാലാട്ടന്റെ മുന്നിലൂടെ ഒരു കൂട്ടം ആളുകള് ഒരു ശവ മഞ്ചം എടുത്തു നടക്കുന്നത് കണ്ടു അതാരാണ് എന്ന് ബാലാട്ടനോട് ചോദിക്കുമ്പോൾ .  ഹോ അതോ. അത് നമ്മുടെ പാവം ചാത്തു ഏട്ടൻ.  കാൻസർ വന്നു മരിച്ചതാ.  ഒന്നും ഇല്ലാത്ത മനുഷ്യനായിരുന്നു.  പക്ഷെ വിധി ഇതായി പോയി എന്നുള്ള ഉത്തരം മണ്ടോടിക്ക് കിട്ടും.   ഈ കൊലപാതകത്തിന്റെ ഏക സാക്ഷിയായ മണ്ടോടി അന്നേരം ഒന്നും പറയാനാവാതെ ആ ശവ ഘോഷ യാത്ര നോക്കി നിൽക്കും.  

Sunday, 22 May 2016

പൊട്ട കിണറ്റിലെ പാമ്പ് --- 3

മുഖത്ത് ആരോ വെള്ളം തളിച്ചു എന്ന് തോന്നിയപ്പോഴാണ് നീർക്കോലി മണ്ടോടി ഉണർന്നത്. പ്രപഞ്ചത്തിൽ മഴ പെയ്യുകയാണ്മേയിലെ തിളച്ചു മറിഞ്ഞ ചൂടിൽ നിന്ന് അല്പം ഒരു ആശ്വാസം കിട്ടിയപ്പോൾ കുറച്ചു കൂടി ഉറങ്ങിയാലോ എന്ന് മണ്ടോടിക്ക് തോന്നി.   പക്ഷെ ഉണര്ന്നു കൊണ്ടു ഇവിടെ എന്ത് ചെയ്യാനാണ്പുറത്തു പോകാമെന്ന് വച്ചാൽ കൂടുതൽ അപകടമാണ്ആരെങ്കിലും  ഒരു കല്ലെടുത്ത്എറിഞ്ഞാൽ ഓടി രക്ഷപ്പെടാവുന്ന പൊത്തുകൾ ഒക്കെയും ഇപ്പോൾ വെള്ളം നിറഞ്ഞു കിടക്കുകയാവുംമഴ പെയ്തത് കൊണ്ടു ബാലാട്ടനും തിരക്കായിരിക്കുംകിണറ്റിലെ വള്ളികൾക്ക് ഇടയിൽ കിടന്നു മഴ വന്നു വീഴുന്നതിന്റെ രസം നുകർന്നുഅനാദിയായ മഴസ്വർഗത്തിലും മഴ പെയ്യാറുണ്ട് എന്ന് നമ്മുടെ ഏതോ അമ്മൂമ്മ കഥയിൽ പണ്ടു കേട്ടത് മണ്ടോടി ഓർത്തുസ്വപ്ന സുന്ദരമായ ഇടത്ത് ഒരു കയ്യിൽ ഒരു പഴവുമായി എന്റെ വലിയച്ചൻ പെണ്ണിന്റെ പിന്നാലെ പോയത് എന്തിനായിരിക്കണംഒരു പെണ്ണിനെ ഒരു പഴം തീറ്റിചിട്ടു അങ്ങേർക്കു എന്ത് കിട്ടാനാണ്‌.  പക്ഷെ ചതിയെ കുറിച്ച്  ഒരു പാട്ട് പോലും നമ്മുടെ കൂട്ടത്തിൽ ആരും പാടിയതായി ഓർക്കുന്നില്ല. നമ്മുടെ ചെയ്തി നമ്മുടെ വിധിയാണ് എന്ന് എല്ലാവരും തീരുമാനിച്ചത് പോലെഅവര്ക്ക് അത് കൊണ്ടു സ്വര്ഗം പോയപ്പോൾ നമുക്ക് പോയത് അതിലും കൂടുതലാണ്.   നമ്മൾ എടുത്തു എറിയപ്പെട്ടത്ഏതു നേരവും കൊല്ലപ്പെടാവുന്ന ഒരു നരകത്തിലെക്കായിരുന്നുഒരിക്കൽ ഏതോ ഒരു പൊത്തിൽ കിടന്നു കൊണ്ടു താൻ കേട്ട ഒരു മനുഷ്യ പാട്ടിന്റെ വരികൾ ഇതായിരുന്നു 'സ്വർഗ്ഗവും നരകവും ഇവിടെ തന്നെ' . നമ്മുടെ വിധി അവര് പാടി നടക്കുന്നത് പോലെ തോന്നിഅല്ലെങ്കിൽ നമ്മുടെ വിധിയും പേറി നടക്കുന്നവര് അവരുടെ കൂട്ടത്തിലും ഉണ്ടാകാംബാലാട്ടനും ചിലപ്പോൾ അത്തരത്തിൽ ഒരാളാകാം. അത് കൊണ്ടാകാം എന്തെങ്കിലും പറയുന്നതിന് മുൻപേ അദ്ദേഹത്തിന് എന്നെ മനസ്സിലായത്‌.

കിണറ്റിലൂടെ മെല്ലെ ഇഴഞ്ഞിഴഞ്ഞു  മുകളിലെത്തിയ നീർക്കോലി തല പുറത്തേക്കു നീട്ടി ചുറ്റും പാളി നോക്കി.  നേരെ മുന്നില് കുറെ ദൂരത്തോളം പരന്നു കിടക്കുന്ന ഒരു നെൽ പാടം , വശത്ത് ഒരു ഉദ്യാനം.  അവിടെ ഒരു പനിനീർ  ചെടിയും, ഒരു ആമയും പരസ്പരം തർക്കിക്കുകയാണ്.  പതിഞ്ഞ സ്വരത്തിൽ അവരിരുവരും പറയുന്നത് കേൾക്കാം.  അതും ശ്രദ്ധിച്ചു കൊണ്ടു മണ്ടോടി അവിടെ തന്നെ അൽപനേരം നിന്നു.

ആമ:  കഴിഞ്ഞ പ്രാവശ്യവും ചുവന്ന പൂക്കൾ, ഇപ്രാവശ്യവും ചുവന്ന പൂക്കൾ, എക്കാലവും ചുവന്ന പൂക്കൾ.  ആവർത്തന വിരസത.  നിനക്ക് വളര്ച്ച എന്തെന്ന് അറിയില്ല പനിനീരെ.  ഞാൻ ഒരു ചെടിയായിരുന്നെങ്കിൽ വികസനം എന്തെന്ന് ഞാൻ നിനക്ക് കാണിച്ചു തരുമായിരുന്നു.

പനിനീർ : എല്ലാ പ്രാവശ്യവും നീ ഇത് പറഞ്ഞു കൊണ്ടെ ഇരിക്കുന്നു.  ഒന്ന് വേഗത്തിൽ നടക്കാൻ പോലും കഴിയാത്ത നീ ഇത് പറയരുത്.  ഒരു ആമയായി പോലും നന്നായി കഴിയാത്ത നിനക്ക് ഒരു പുഷ്പത്തെ കുറ്റം പറയാൻ എന്ത് അവകാശം.

അവിടെയും മനുഷ്യരെ പോലെ . മണ്ടോടി മനസ്സിൽ പറഞ്ഞു. ചെടികളും മൃഗങ്ങളും  പലതും മനുഷ്യരെ നോക്കി പഠിക്കുന്നു.  ഉദ്യാനത്തിലെ സ്ഥിതി നോക്കിയെങ്കിലും അവര് ഇത് മനസ്സിലാക്കേണ്ടതായിരുന്നു.  ഒരിടത്ത് പനിനീർ, ഒരിടത് തെച്ചി,  ഒരിടത്, മാവ്, ഒരിടത് പ്ലാവ്,  മറ്റൊരിടത്ത് കൈപക്ക, വെള്ളരി ഇവ, ഇതിനൊക്കെ അടിയിൽ ആരും വളർത്താത്ത പച്ചപുല്ലു.  എല്ലാവരും ഒരുമിച്ചു ഒരു ഉദ്യാനത്തിൽ.  ആരും പരസ്പരം ഒന്നും പറയുന്നില്ല. നല്ലതോ ചീത്തയോ.

അപ്പുറത്ത് ബാലാട്ടാൻ തിരക്കിട്ട കൃഷി പണിയിലാണ്.  മെല്ലെ ഇഴഞ്ഞു അങ്ങോട്ടേക്ക് നീങ്ങി.  ആരെങ്കിലും വരുന്നോ എന്ന് ഇടയ്ക്കു ചുറ്റും നോക്കും.  ബാലാട്ടാൻ കൂട്ടിനുണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല.  വരുന്നവര് കൂട്ടമായി വരികയാണെങ്കിൽ ആണിനും പെണ്ണിനും ഒരു രക്ഷയും ഇല്ലാത്ത നാടാണ് എന്ന് അമ്മ പറഞ്ഞത് അപ്പോൾ ഓർത്തു.   ആൾക്കൂട്ടം ഒരു വൃത്തി കേട്ട കൂട്ടമാണ്‌.  കാട്ടു പോത്തിന്റെ കൂട്ടം പോലെ ആണ് അത്.  ഒറ്റക്കിരിക്കുന്നവരുടെ ഇടയിലൂടെ ഇഴഞ്ഞു പോയാലും ഒരു ജാഥ യിലൂടെ  കടന്നു പോകരുത് എന്ന് ഒരിക്കൽ അമ്മ ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്.  ബാലാട്ടന്റെ അടുത്തു  എത്തി കൃഷി പണി നോക്കി നിന്ന്.  താൻ ഇവിടെ ഉള്ള കാര്യം ബാലാട്ടൻ അറിയുന്നത് പോലും ഇല്ല.  ഒരു വിഷ  നാഗം പോയി കടിച്ചാൽ പോലും അറിയാത്ത വിധം ബാലാട്ടൻ ജോലിയിൽ മുഴുകിയിരിക്കുന്നു.  യഥാര്ത സൃഷ്ടിയുടെ നേരത്ത് എല്ലാവരും ഒരു പോലെ.  പരസ്പരം ആക്രമിക്കുന്നു.  ഒരു പോലെ ആഹ്ലാദിക്കുന്നു.  മറ്റൊന്നിലും അപ്പോൾ ശ്രധിക്കാതിരിക്കുന്നു.  ബാലാട്ടൻ  പിക്കാസ് കൊണ്ടു ഭൂമിയെ ആക്രമിക്കുകയാണ്.  ഒരു വധുവെ പോലെ ഭൂമി ഒന്നും പറയാതെ അവിടെ തളര്ന്നു കിടക്കുകയാണ്.  ഒരിക്കൽ അത് സൃഷ്ടിയിൽ അവസാനിക്കുമ്പോൾ എല്ലാവരും ഒരു പോലെ ആഹ്ലാദിക്കുന്നു.

നെറ്റിയിലെ വിയര്പ്പ് തുടച്ചു ഇടത്തോട്ട് നീങ്ങിയ ബാലാട്ടൻ അപ്പോഴാണ്‌ മണ്ടോടിയെ കണ്ടത്.

ഓ നീ ഇവിടെ ഉണ്ടായിരുന്നോ . ഞാൻ കണ്ടില്ല. കുറെ നേരമായോ.  എന്ത് കൊണ്ട് വിളിച്ചില്ല.

വളരെ നേരമായി.   ഇണ ചേരുന്ന പാമ്പുകളെ ഇടയിൽ കയറി വിളിക്കരുത് എന്ന് അമ്മ പറയാറുണ്ട്‌ .  എല്ലാ സൃഷ്ടികളും ഇണ ചേരല് പോലെ ആണെന്നും.  

ശരിയാണ്. ഈ നേരങ്ങളിൽ ഞാൻ വല്ലാത്ത ഒരു ഉന്മാദാവസ്ഥയിൽ ആയിരിക്കും. ഒന്നും അറിയില്ല.

ഒരു കൃഷിക്കാരൻ തന്റെ കൃഷിയിലൂടെ അറിയുന്നത് ലോകത്തെ ആണ്. അപാരതയെ ആണ്.  ആ നിർവൃതി അവാച്ച്യമായിരിക്കും.  പാമ്പുകള്ക്ക് അത് അനുഭവിക്കാൻ യോഗമില്ല.  നമ്മൾ കാലുകളോ കൈകളോ ഇല്ലാതെ ജനിച്ചു വീണു പോയവയാണ് .  മണ്ണിൽ ഇഴയുന്നവർക്കു മറ്റുള്ളവരുടെ സഹതാപം ഉണ്ടെങ്കിലെ അതി ജീവിച്ചു പോകാൻ പറ്റുകയുള്ളൂ.

ഇവിടെ ഇല്ലാത്തതും ആ സഹതാപമാണ്.  ആപ്പിൾ നിന്റെ തെറ്റല്ല എന്ന് അറിയുന്നവരും നിന്നെ നിന്റെ വിധിക്ക് വിടാനാണ് പറയുന്നത്.  ചിലര് അങ്ങേ അറ്റം ഒരു പ്രതിമ ഉണ്ടാക്കി അതിൽ പാലും മുട്ടയും നിവേദിക്കും.  അപ്പോഴും തൊടിയിലൂടെ ഇഴഞ്ഞു പോകുന്ന നിന്നെ കല്ലെടുത്ത്‌ ഏറിയും, ചിലപ്പോൾ ഹിംസിക്കും. മോക്ഷത്തിനു എല്ലാവര്ക്കും നിന്നെ വേണം.  ഒരു കല്ലായി മരവിച്ച നിന്നെ.  യാതാര്തമായ നിന്നെ അവര് എന്നും ഒഴിവാക്കിയിട്ടെ ഉള്ളൂ.

ഉച്ച ഊണ്  വയലിൽ ഇരുന്നു കൊണ്ടു തന്നെ കഴിച്ചു കൊണ്ടിരുന്ന ബാലാട്ടൻ ഇടയ്ക്കു ചോദിച്ചു.  നിന്റെ ഭക്ഷണം ഒക്കെ എങ്ങനെ എന്ന്.

ഓ ഇപ്പോൾ ഞാൻ വെജ് ആണ്.  ഇല പോലും കഴിക്കും.  തവളകളെ ഒക്കെ നിങ്ങള് പണ്ടെ കാലപുരിക്ക് അതായത് വിദേശത്തേക്ക് കയറ്റി അയച്ചല്ലോ.

പക്ഷെ തവളകളുടെ ദുർവിധിയെ കുറിച്ചും നീ ഒരു നിമിഷം ചിന്തിക്കണം.  നമ്മള് അവയെ കാല പുരിക്ക് അയച്ചില്ലെങ്കിൽ നിങ്ങള് അവയെ കാല പുരിക്ക് അയക്കും എന്നുള്ളതാണ് അവയുടെ യോഗം.  സായിപ്പിന്റെ വയറ്റിൽ നിന്നു പാമ്പിന്റെ വയറ്റിലേക്ക് സ്ഥാനം മാറ്റം കിട്ടിയത് കൊണ്ടു അവയ്ക്ക് എന്ത് കാര്യം.

ബാലാട്ടന്റെ തമാശ കേട്ട് മണ്ടോടിയോടു ചിരിച്ചു പോയി.  ഒപ്പം ലോകത്തിന്റെ വല്ലാത്ത ഒരു സ്ഥിതിയെ കുറിച്ചും മണ്ടോടി ആലോചിച്ചു പോയി.

സന്ധ്യ മയങ്ങിയപ്പോൾ മണ്ടോടി പൊട്ട കിണറ്റിലേക്ക് ഇഴഞ്ഞും, ബാലാട്ടൻ വീട്ടിലേക്കു നടന്നും തിരിച്ചു പോയി.

Thursday, 19 May 2016

പൊട്ട കിണറ്റിലെ പാമ്പ് -- 2

കൂരിരുട്ടിൽ പുറത്തു വന്ന പാമ്പിനോട് ബാലാട്ടൻ ചോദിച്ചു.

പകലൊക്കെ നീ എന്ത് ചെയ്യും

വെറുതെ ഒരു ചെറിയ വട്ടത്തിൽ ഒതുങ്ങി നിൽക്കുന്ന ആകാശം നോക്കി ഇരിക്കും.  എപ്പോഴും നമ്മുടെ ആകാശം ഒരു വട്ടത്തിൽ ഒതുങ്ങി നിന്നിരുന്നു.  അത് കൊണ്ടു ഇതെനിക്ക് ഒരു പുതുമ അല്ല.  പക്ഷെ ഒന്ന് സംസാരിക്കാൻ സഹ ജീവികൾ ആരുമില്ലാതെ.

പകൽ സമയത്ത് കഴിയുമെങ്കിൽ പുറത്തു വരിക.  എന്നും ഞാൻ ഇവിടെ ഉണ്ടാകും.  ഇവിടെ അല്ലെങ്കിൽ ഈ കൃഷി ഇടത്തിൽ.  നമുക്ക് സംസാരിക്കാം.  എന്തിനെ കുറിച്ചും.

പാമ്പുകൾക്ക് മനുഷ്യരോട് സംസാരിക്കാൻ വളരെ കുറച്ചേ ഉണ്ടാകൂ. അതും വേദനയെ കുറിച്ച് മാത്രമായിരിക്കും.  കേൾക്കാൻ പരമ ബോർ ആയ വിഷയം.  പേടി ഒഴിഞ്ഞ നേരം ഞാൻ പുറത്തു വരാം.  കൂടെ നടക്കാം. ഒന്നും  പറയാതെ.  ഉള്ളറിയുന്നവന്റെ കൂടെ വെറുതെ നടക്കുന്നത് പോലും ഒരു സമാധാനമാണ്.  എന്റെ നിശബ്ദതയിലൂടെ ചിലപ്പോൾ നിങ്ങള്ക്ക് എന്റെ വേദന മനസ്സിലാക്കാൻ പറ്റിയേക്കും.

വേദനയെ കുറിച്ച് നീ ഒന്നും പറയേണ്ട.  അത് പോലെ ക്രൂരതയെ കുറിച്ചും.  നമ്മള് മനസ്സില് കാണുന്ന വേദനയോ ക്രൂരതയോ , അതിനും എത്രയോ മുൻപേ ലോകം അനുഭവിച്ചു കഴിഞ്ഞിരിക്കും.  യാതാര്ത്യം നമ്മുടെ ഭാവനക്ക് മുന്നേ കുതിക്കുന്നു.  വേദനയിലൂടെയും ക്രൂരതയിലൂടെയും ലോകം നശിച്ചു കൊണ്ടിരിക്കുകയാണ്.  ആഴങ്ങളിൽ ജീവിക്കുന്നു എന്നുള്ളത് പോലും അന്നേരം ഒരു സാന്ത്വനം ആകുന്നില്ല.

കിഴക്ക് വെള്ള കീറുകയാണ്. വെളിച്ചം അരിച്ചിറങ്ങുന്ന ഈ വേളയിൽ ഞാൻ പോകാൻ നോക്കുകയാണ്.  വെളിച്ചത്തിൽ ചിന്നി ചിതറുന്ന ദ്രാകുലയെ പോലെ ആണ് ഞാൻ എന്ന് എനിക്ക് ചിലപ്പോൾ തോന്നും.

വെളിച്ചം ദുഖമാണ് എന്ന് ഇവിടെ ആരോ പാടിയത് അത് കൊണ്ടാണോ. ഇരുട്ട് നിങ്ങളെ അദൃശ്യരാക്കുന്നു.  ഇരുട്ട് നിങ്ങളുടെ ഭീതി അകറ്റുന്നു.  പകൽ വെട്ടത്തിൽ ആരൊക്കെയോ തുറിച്ചു നോക്കുന്നതായി എനിക്കും തോന്നാറുണ്ട്.  അത് കൊണ്ടു ഞാനും പലപ്പോഴും ഓടി ഒളിക്കാൻ ശ്രമിക്കാറുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ ഞാനും അവസാനത്തെ ബെഞ്ചിൽ ഇരുന്നു ശീലിച്ചു.  അദ്ധ്യാപകൻ എന്ന ഭീകര കേന്ദ്രത്തിൽ നിന്ന് വളരെ അകലെ.  ചോദ്യങ്ങളോ, സംശയങ്ങളോ ചോദിക്കാൻ ഭയപ്പെടുന്ന ആളുകൾക്ക് ദൂരങ്ങളാണ് ആശ്വാസം.  അവിടെ അവർ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അങ്ങനെ രക്ഷപ്പെട്ടു പോകുന്നു.

ശരിയാണ് . നമ്മുടെ കൂട്ടത്തിലെ മണ്ണിര കളുടെ ഭാഗ്യത്തെ കുറിച്ച് ചിലപ്പോഴെങ്കിലും ഞാൻ ചിന്തിച്ചിട്ടുണ്ട്.  വിഷമില്ലാത്ത ചെറ്റകൾ ആയിട്ടും അവ എപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.  ഒരു ഭൂകമ്പത്തിൽ പോലും അവ നില നിന്ന് പോകുന്നു.  നമ്മുടെ ഈ ആകാരം നമുക്ക് ഒരു ശാപമാണ്.  ഒന്ന് ചെറുതായെങ്കിൽ എത്ര നന്നായിരുന്നു.

മുന്നിൽ വച്ച ആപ്പിളിൽ നിന്ന് ഒരു കഷണം എടുത്തു ബാലട്ടൻ നീർക്കോലിക്ക് കൊടുത്തു.  വെളിച്ചം കണ്ട ദ്രാകുലയെ പോലെ നീർക്കോലി ഒരു ഞെട്ടലോടെ പിൻവാങ്ങി

എന്താടോ പഴയ ആ കുറ്റ ബോധം ഇപ്പോഴും നിന്നെ വേട്ടയാടുന്നുണ്ടോ

അപ്പിളിന്റെത്‌ ഒരു വൃത്തികെട്ട കഥയാണ്.  നമ്മള് ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത കഥ.  ഒരു തരത്തിൽ  അത് ഒരു ചതി കൂടി ആയിരുന്നു.  ആരായിരുന്നു അതിന്റെ പിന്നിൽ എന്ന് മനസ്സിലാക്കാനാവാത്ത ചതി.  ദൈവത്തിന്റെയോ സാത്താന്റെയോ വഴികൾ ഒരു സാദാ പാമ്പിനു എങ്ങനെ അറിയാനാണ്.   ഇന്ന് നമ്മൾ ഇരുവരെയും പോലെ  ഒന്നിച്ചിരുന്നു കഴിയേണ്ട രണ്ടു സൃഷ്ടികൾ അങ്ങനെ നിതാന്ത പകയിലൂടെ അകന്നു പോയി.  ഒരു കാര്യം ചോദിക്കട്ടെ.  ഒരു നീർക്കൊലിയിൽ വെറുക്കാൻ മാത്രം എന്താണ് ഉള്ളത്.  ഒരു നീളം കൂടിയ മൽസ്യമായെങ്കിലും നിങ്ങള്ക്ക് എന്നെ അങ്ങീകരിക്കാമായിരുന്നില്ലെ.

നീര്കൊലിയുടെ വാദം കേട്ട് ബാലാട്ടനോട് ചിരിച്ചു പോയി.  എന്നിട്ട് ഇങ്ങനെ പറഞ്ഞു

എടൊ മണ്ടോടി , ഒരു മത്സ്യത്തെ പോലെ നിന്നെ മനുഷ്യൻ സ്നേഹിച്ചത് കൊണ്ടു നിനക്ക് എന്ത് കിട്ടാനാണ്‌.  നീ അവന്റെ മീൻ കറിയിൽ അവസാനിച്ചു പോകും . അത്ര തന്നെ.  കൂപങ്ങളിൽ വസിക്കുന്ന നിന്നെ തേടി ഇപ്പോൾ ആരും അലയുന്നില്ല എന്ന് നിനക്ക് ആശ്വസിക്കുക എങ്കിലും ചെയ്യാമല്ലോ.  പിന്നെ നിന്നെ നമ്മുടെ ജാതികൾ വെറുക്കുന്നത് നിന്റെ ഈ രൂപം കൊണ്ടു മാത്രമല്ല.  അസ്ഥാനത്തുള്ള നിന്റെ ഈ ജീവിതം കൊണ്ടു കൂടിയാണ്.  മനുഷ്യരുടെ ഇടയിലെക്കാൾ നീ മത്സ്യങ്ങളുടെ ഇടയിൽ ജീവിക്കുന്നത് കാണാനായിരിക്കും അവനു ഇഷ്ടം. നേരത്തെ നീ പറഞ്ഞത് പോലെ നിന്റെ പ്രകൃതി അങ്ങനെ ആണ്.  പക്ഷെ നീ നമ്മളെ പോലെ ശ്വസിക്കുന്നവൻ ആയി പോയി എന്നുള്ളത് മറ്റൊരു ഗതികേട്.  ഒരു തരം നായ  കുറുക്കൻ എക്സിസ്റ്റൻസ് എന്ന് പറയാം. അവിടെയുമല്ല ഇവിടെയുമല്ല എന്ന് പറഞ്ഞത് പോലെ.

നേരം പര പര വെളുക്കാൻ തുടങ്ങിയിരുന്നു.  ബാലാട്ടനോട് വിട ചോദിച്ചു മണ്ടോടി പൊട്ട കിണറു ലക്ഷ്യമാക്കി നടന്നു.

പൊട്ട കിണറ്റിലെ പാമ്പ്

ബാലാട്ടന്റെ ഒരേക്കർ പറമ്പിന്റെ കന്നി മൂലയിൽ ആയിരുന്നു പൊട്ട കിണർ.   ആൾ മറ ഇല്ലാത്തത് കൊണ്ടു പൊട്ട കിണർ എന്ന് വിളിച്ചതല്ലാതെ ബാലാട്ടാൻ തന്റെ ഗാര്ഹിക ആവശ്യത്തിനോ ചെടി നനക്കാനൊ ഒക്കെ ഉപയോഗിച്ചിരുന്നത് ഈ കിണറ്റിലെ വെള്ളം തന്നെ ആയിരുന്നു.  പക്ഷെ 2016 ലെ എല്ലാം ചുട്ടെരിക്കുന്ന വേനലിൽ എല്ലാ കൂപങ്ങളെയും പോലെ ബാലാട്ടന്റെ പൊട്ടക്കിണറും കാളിന്ദി ആയി.  വിഷബാധയെറ്റ് ചെറു പ്രാണികൾ ചത്ത്‌ വീണപ്പോൾ ബാലാട്ടൻ പണം കൊടുത്തു ടാങ്കറിൽ വെള്ളം വാങ്ങി ജീവിച്ചു വരവേ ഒരു ദിവസം രാവിലെ എഴുന്നേറ്റ പ്രപഞ്ച വാസികൾ, അഥവാ  എരഞ്ഞോളി വാസികൾ കണ്ടത്,  പൊട്ട കിണറ്റിൽ നിന്ന് വെള്ളം ആഞ്ഞു വലിക്കുന്ന ബാലാട്ടനെ ആണ്.  ആത്മഹത്യ ചെയ്യേണ്ട പരിപാടിയോ മറ്റോ ആണെന്ന് കരുതി മെല്ലെ അടുത്തു കൂടി കാര്യം അന്വേഷിച്ച ചാത്തുവിനോട് ബാലാട്ടൻ പറഞ്ഞു ' വെള്ളം നന്നായെടോ.  എന്ത് മായയാണ് എന്ന് അറിയില്ല. വെള്ളം നന്നായി.  പക്ഷെ എനിക്ക് വേണ്ടത് മാത്രമേ ഉള്ളൂ. അത് കൊണ്ടു ആരും വെള്ളം ചോദിച്ചു വരേണ്ട'.  എന്തോ ആരും അത് വിശ്വസിച്ചില്ല.  ഇത്രനാളും വിഷമായതു ഒരു ദിനം കൊണ്ടെങ്ങനെ ശുദ്ധമാകും എന്ന ചിന്തയായിരുന്നു ഓരോ  എരഞ്ഞോളി കാരന്റെ മനസ്സിലും.   അങ്ങനെ ആണ് എരഞ്ഞോളി യിലെ ദിടക്ടിവ് ഗോപാലാൻ ഈ ദുരൂഹതിയിലേക്ക് ഇറങ്ങി നോക്കാനും, സത്യമെന്തെന്ന് കണ്ടു പിടിക്കാനും തീരുമാനിച്ചത്.  തന്റെ അഗാധമായ പഠനങ്ങളിലൂടെ ഗോപാലാൻ കണ്ടെത്തിയ കാര്യങ്ങൾ ആണ് ചുവടെ വിവരിക്കുന്നത്.

2016 ഏപ്രിൽ മാസം 15 നു രാത്രി , അതായത്, പ്രപഞ്ചത്തിലെ കിണറുകൾ  ഓരോന്നായി വിഷ ലിപ്തമാകാൻ തുടങ്ങിയ ആ  ആ വേളയിൽ , ഒരു ഫുൾ ബോട്ടിലുമായി വീട്ടു മുറ്റത്ത്‌ ഇരിക്കവെ ബാലാട്ടൻ തൊടിയിൽ നിന്ന് ഒരു ചീറ്റൽ കേട്ടു.   സാധാരണയായി പട്ടയടിച്ചു ചാത്തു ഇട വഴിയിലൂടെ പോകാറുള്ള നേരമായതിനാലും,  ചാത്തു സ്ഥിരം മൂക്ക് ചീറ്റുന്ന സ്വഭാവക്കാരൻ ആയതിനാലും ബാലാട്ടാൻ അത് തീരെ ശ്രദിച്ചില്ല.  പോരാത്തതിന് ഏതു ശബ്ദവും ചീറ്റലായി തോന്നുന്ന ലെവലിൽ മദ്യപാനം  എത്തിയിട്ടും ഇല്ലായിരുന്നു. വെറും ഒരു പെഗ്.  അടുത്ത പ്രാവശ്യം ചീറ്റൽ കേട്ടപ്പോൾ അത് വളരെ അടുത്തു നിന്ന് കേട്ടതായി ബാലാട്ടനു തോന്നി.  ജാനുവിനോട്‌ ഒരു ടോര്ച്ചും വാങ്ങി തൊടിയിലേക്ക്‌ ഇറങ്ങി നടന്നു.  പാതക്കരികിലെ ബോഗൻ വില്ലക്കു താഴെ നിലത്തു നിന്ന് ഇപ്പോൾ കേട്ടത് ചീറ്റലിന് പകരം ബാലാട്ടാ എന്നുള്ള വിളിയാണ്.  ടോര്ച് അടിച്ചു നിലത്തു നോക്കിയപ്പോൾ അതാ കിടക്കുന്നു ദുഖിതയായ ഒരു നീർ കോലി.  പെരലശേരിയിൽ സ്ഥിരമായി പാലും മുട്ടയും നിവേദ്യം കൊടുക്കുന്ന ബാലാട്ടനു പാമ്പുകളെ ഇഷ്ടം തന്നെ ആയിരുന്നു.   കനിഞ്ഞു നിന്ന് കൊണ്ടു ബാലാട്ടാൻ ഇത്രയും പറഞ്ഞു.

പാമ്പുകൾ സംസാരിക്കുമെന്ന് ഞാൻ ആദ്യമായി അറിയുകയാണ്.  അതും പച്ച മലയാളത്തിൽ.  പാമ്പുകൾക്ക് മാളമുണ്ട് എന്ന് പണ്ടു ഇവിടെ ഒരുത്തൻ ഒരു പാട്ട് പാടിയിട്ടുണ്ട് എന്നാണു എന്റെ ഓർമ്മ. പക്ഷെ പാമ്പുകൾക്ക് ദുഖമുണ്ട് എന്ന് ഒരുത്തനും ഇത് വരെ പാടിയതായി ഓർക്കുന്നില്ല.  ആട്ടെ എന്താണ് നിന്റെ ദുഃഖം.

ബാലാട്ടാ . ഞാൻ മണ്ടോടി എന്ന നീർക്കോലി ആണ്.  പാമ്പുകളുടെ സാമ്രാജ്യത്തിലെ ഒരു ഔട്ട്‌ കാസ്റ്റ്.  വിഷമില്ലാത്ത ചെറ്റ.  നിങ്ങളുടെ ഇടയിലെ പണമില്ലാത്ത ചെറ്റകളെ പോലെ.   വിഷമുള്ള അവറ്റകൾ ഒക്കെയും ഞങ്ങളെ പീടിപ്പിക്കുകയാണ്.  അവരുടെ സാമ്രാജ്യത്തിൽ നിന്ന് അടിചോടിക്കുകയാണ്.  കുറെ എണ്ണത്തിനെ അവര് കൊന്നു കറി വച്ച്. ഞാൻ പ്രാണനും കൊണ്ടു ഓടിയതാണ്.  എനിക്ക് കുടി പാര്ക്കാൻ ഒരിടം വേണം.

കുടി എന്ന് കേട്ടപ്പോൾ ബാലാട്ടൻ വല്ലാതെ വികാര ഭരിതനായി പോയി.  പല പുതിയ അറിവുകൾക്കും ഒപ്പം പാമ്പുകള് കുടിക്കും എന്നുള്ള അറിവും ബാലാട്ടനെ കോരി തരിപ്പിച്ചു.  അതിനു ശേഷം ഇത്രയും പറഞ്ഞു

എടോ നീർകൊലീ. നീ എന്നെ വല്ലാതെ അല്ബുധ പ്പെടുത്തുന്നു. ആദ്യം മനുഷ്യന്റെ  ഭാഷ സംസാരിച്ചു,  പിന്നെ മനുഷ്യന്റെ പേരാണ് തനിക്കു ഉള്ളത് എന്ന് പറഞ്ഞു. ഇതാ ഇപ്പോൾ പറയുന്നു നീയും മനുഷ്യനെ പോലെ കുടിക്കും എന്ന്. ഞാൻ നിന്നെ ആകെ ഇഷ്ടപ്പെട്ടു പോയി.  കുടിക്കാതെ പാർക്കാമെങ്കിൽ ഇതാ ആ പൊട്ട കിണറ്റിൽ പോയി കിടന്നോ.  അവിടെ നിനക്ക് കഴിക്കാൻ തവളകൾ ഉണ്ടാകും.  പക്ഷെ വെള്ളം തൊടാതിരിക്കുക. അത് മുഴുവൻ വിഷമയമാണ്.   വെള്ളം രാത്രി പുറത്തു വന്നാൽ ഞാൻ നിനക്ക് തരുന്നതായിരിക്കും.

ബാലാട്ടന്റെ ഉരക്കൽ കേട്ട് നീർക്കോലി മണ്ടോടിയോടു ചിരിച്ചു പോയി.  അത് ഒരു ചെറിയ പൊട്ടി ചിരി ആയി പുറത്തു വന്നപ്പോൾ ബാലാട്ടൻ അന്തം വിട്ടുപോയി.  അദ്ദേഹം ഇങ്ങനെ അരുളി.

അല്ലയോ ദളിത നാഗമെ നിന്റെ ഈ ചിരിയുടെ അര്തമെന്താണ്.

ഒന്നുമില്ല . കിണറ്റിൽ വിഷ വെള്ളമാണ് എന്ന് കേട്ട് ചിരിച്ചു പോയതാണ്.  പണ്ടു ആയിനിയാട്ടു സ്കൂളിൽ പഠിക്കുമ്പോൾ പഠിച്ച ഒരു പ്രയോഗമാണ് 'രോഗി ഇചിചതും വൈദ്യൻ കല്പിച്ചതും പാല് ' എന്ന്.  അതിന്റെ ഉദാഹരണങ്ങൾ നാഗ ലോകത്ത് വിരളമാണ്. പക്ഷെ ഞാൻ ഇപ്പോൾ കേട്ടത് അതിന്റെ ഒരു നല്ല ഉദാഹരണമാണ്.  നമ്മൾ നാഗങ്ങൾക്ക്‌ വിഷ ജലം അമൃതാണ്.  ഞങ്ങൾ വിഷ  ജലം കുടിക്കുന്നു.  ശുദ്ധ ജലം നമ്മുടെ രോമ കൂപങ്ങളിലൂടെ പുറത്തു വിടുന്നു.  വിഷം നാം നമ്മുടെ ശരീരത്തിൽ കല്ലക്റ്റ് ചെയ്യുന്നു. അങ്ങനെ ഞങ്ങൾ വിഷ സർപ്പങ്ങൾ ആകുന്നു. നിങ്ങൾ നല്ല വെള്ളം കുടിക്കുന്നു.  അപ്പോൾ നമ്മുടേത്‌ ഒരു പരസ്പര സഹായ പ്രവര്തിയായി മാറുന്നു.  രണ്ടു ദിവസം കൊണ്ടു നിങ്ങളുടെ കിണറ്റിലെ വെള്ളം മുഴുവൻ ശുദ്ധ വെള്ളമായി മാറും.  മൂന്നാം ദിനം നിങ്ങള്ക്ക് അത് ഉപയോഗിക്കാം.

എടോ നീർക്കോലി മണ്ടോടി. സംഗതി പാരയാകുമോ. വിഷം മുഴുവൻ പോയി കിട്ടുമോ.

അയ്യോ ബാലേട്ട.  സംശയമുണ്ടെങ്കിൽ ജിയോളജി ക്കാരെ കൊണ്ടു പരിശോദിപ്പിച്ചു കഴിച്ചാൽ പോരെ. ഇനി അഥവാ ഒരല്പം വിഷം ഉണ്ടായി  പോയാൽ, വൈകുന്നേരത്തെ ബ്രാണ്ടിക്ക്  പകരമായെങ്കിലും ഉപയോഗിക്കാമല്ലോ.  നല്ല കിക്ക് കിട്ടും.

ബാലാട്ടനും നീർക്കോലി മണ്ടോടിയും പൊട്ട കിണറു ലക്ഷ്യമാക്കി നടന്നു. അപ്പോൾ പ്രപഞ്ചത്തിൽ കൂരിരുട്ടു പറന്നു കഴിഞ്ഞിരുന്നു.  കിണറ്റിൻ കരയിൽ വച്ച് ബാലാട്ടനോട് റ്റാറ്റ പറഞ്ഞു നീർകോലി മണ്ടോടി പൊട്ട കിണറ്റിനു അടിയിലേക്ക് ഇഴഞ്ഞു നീങ്ങി.

(ഈ കഥ ഇവിടെ അവസാനിക്കുന്നില്ല.  ഇനി അഥവാ ജോലി തിരക്കിനിടയിൽ ഈ കഥ തുടരാനോ, മുഴുപ്പിക്കാനൊ എനിക്ക് സാധിക്കാതെ പോകുന്നു എങ്കിൽ താഴെ പറയുന്ന ഏതാനും വരികൾ കൂടി ഈ കഥയോട് കൂടി ചേർത്ത് കഥ അവസാനിച്ചതായി കണക്കാക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു)

.................. ശിഷ്ടകാലം നീർക്കോലി മണ്ടോടി , മൂർകൻ മണ്ടോടി ആയും, ബാലാട്ടൻ, ശുദ്ധ ബാലാട്ടനായും ജീവിച്ചു )