Tuesday, 24 May 2016

പൊട്ട കിണറ്റിലെ പാമ്പ്= 4

പാതി മയക്കത്തിൽ ആരോ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുനത് കേട്ട് മണ്ടോടി ഉണർന്നു. ഉയരങ്ങളിൽ നിന്ന് ആരൊക്കെയോ സംസാരിക്കുന്നത്  പോലെ.  ഉറങ്ങാൻ കിടന്നപ്പോൾ തന്നെ നല്ല വണ്ണം ഇരുട്ടിയിരുന്നു.  അക്കണക്കിന് ഇപ്പോൾ പാതി രാത്രി എങ്കിലും ആയി കാണണം.  പിശാചുക്കളും പടച്ചവന്മാരും മാത്രം  നടന്നു കളിക്കുന്ന സമയം.  ഇനി അവരുടെ നടത്തത്തിനിടയിൽ അവര് പരസ്പരം കണ്ടു മുണ്ടി ഉടക്കിയതാവുമോ. മെല്ലെ ഇഴഞ്ഞു പൊട്ട കിണറ്റിന്റെ മുകളിൽ നിന്ന് എത്തി നോക്കി.  സംഗതി ശരിയാണ് .  തമിൾ സിനിമയിലെ വില്ലനെ പോലെ ഉള്ള ഒരാള് , സീരിയലുകളിൽ കാണാറുള്ള കിരീടം വച്ച ദൈവത്തെ പോലെ ഉള്ള വെളുത്ത ഒരാളോട് സംസാരിക്കുകയാണ്.

നിങ്ങള് പറ്റുമെങ്കിൽ പറ്റും എന്ന് പറ.  ഇങ്ങനെ ഉരുണ്ടു കളിക്കല്ല.

എന്റെ കുഞ്ഞിരാമാ. കൊല്ലുക എന്നുള്ളത് എന്റെ പോർട്ട്‌ ഫോളിയോയിൽ വരുന്ന കാര്യമല്ല എന്ന് നിനക്ക് അറിയില്ലേ.  മറ്റു വല്ലതും ചോദിക്കൂ.

എടോ പടച്ചോനെ.  കണ്ട സകലതും നിവേദ്യം എന്ന വകയിൽ വാരി കോരി തന്നിട്ടും ഇപ്പോൾ ഇങ്ങനെ ആയോ.  കൊല്ലേണ്ട കാര്യം നിങ്ങള് ഏൽക്കേണ്ട. അതിനു ഞാൻ തന്നെ മതി. ഞെലേണ്ട കാര്യത്തിനാണ് നിന്റെ സഹായം വേണ്ടത്.  സംഗതി ഒരു കുട്ടി അറിയരുത്.

കുട്ടി അറിഞ്ഞത് കൊണ്ടു എന്താ കുഴപ്പം കുഞ്ഞിരാമാ

ജയിലിൽ പോകേണ്ടി വരും അത്ര തന്നെ.

അവിടെ പുറത്തെതിനേക്കാൾ സുഖമാണെന്നു കേൾക്കുന്നല്ലോ കുഞ്ഞിരാമാ.

പടച്ചോനെ നിങ്ങള് ഇങ്ങനെ ഓരോ  തമാശ പറഞ്ഞു ശരിയായ കാര്യത്തിൽ നിന്ന് ഊരാൻ നോക്കരുത്.  കഴിയില്ലെങ്കിൽ കഴിയില്ല എന്ന് പറയുക. ഇവടെ അത് പറ്റുന്ന വേറെ പടച്ചവൻ മാറ് ഉണ്ടോ എന്ന് ഞാൻ നോക്കട്ടെ.

ഇത് ആകെ പുലിവാലായല്ലോ .  ഏതായാലും ഞാൻ ഒന്ന് നോക്കട്ടെ.  കുറെ സാധനങ്ങൾ മേടിച്ചു തിന്നു പോയില്ലേ.  ആട്ടെ.  ഒരൊറ്റ അടിക്ക് ആളെ തീര്ക്കണം എന്നുണ്ടോ.  ഇഞ്ചിഞ്ചായിട്ടു പോരെ.

ഇഞ്ചിഞ്ചായിട്ടും വേണ്ട. വേണമെങ്കിൽ ഒരു കൊല്ലം തന്നെ എടുത്തോ.  പക്ഷെ ഒരാളും സംശയിക്കുക പോലും ചെയ്യരുത്.

എന്നാൽ ഞാൻ പറയുന്നത് കേട്ടോ.  ആദ്യം ആളെ ഒന്ന് പരിചയപ്പെടുക.  അയാളുടെ ശരീരത്തെ കുറിച്ചുള്ള ഒരു ചെറിയ അറിവ് ആവശ്യമാണ്‌.

ഹോ. അതൊന്നും സാരമില്ല. ഇത് നമ്മുടെ സ്വന്തം ആള് തന്നെ ആണ്.  ശരീരത്തെ കുറിച്ച് അറിയാൻ ഞാൻ എന്താ ഡോക്ടറോ മറ്റോ ആണോ.

അതല്ല  കുഞ്ഞിരാമാ.  എന്റെ ഈ പരിപാടി ഒരു തരം ഡോക്ടര രോഗി ഇടപാടാണ്.

ഹോ. അങ്ങനെ ആണോ. എന്നാൽ പറഞ്ഞോളൂ.

ആദ്യം നീ അയാളുടെ ശരീരത്തിലുള്ള എന്തെങ്കിലും മാറ്റം ശ്രദ്ധിക്കണം.   ചെവിയിലെ നിറ മാറ്റം,  ഒരു ചെറിയ മറുക്, അല്ലെങ്കിൽ ചെറിയ കുരു  അങ്ങനെ എന്തെങ്കിലും.  അതില്ലാത്ത ആരും ഈ ലോകത്ത് ഉണ്ടാകില്ല.  എന്നിട്ട് ഒരു ദിവസം ചാടി അയാളുടെ മുന്നില് വീണു. അയാളോട് താഴെ പറയുന്ന രീതിയിൽ സംസാരിക്കണം.

എന്താ ചാത്തു ഏട്ടാ നിങ്ങളുടെ ചെവിക്കു ഒരു നിറമാറ്റം/ എന്താ ചേട്ടാ ഇവിടെ ഒരു ചെറിയ കുരു .... ഇങ്ങനെ എന്തെങ്കിലും

ഹോ അത് അവിടെ മുന്നേ ഉള്ളതാ.  ഞാൻ കാര്യമാക്കിയിട്ടില്ല.

അങ്ങനെ പറയരുത് ചാത്തു ഏട്ടാ.  ഏതു കുരുവും/നിറ മാറ്റവും/മറുകും  ഒരു രോഗ ലക്ഷണമാകാം.  കാലേ കൂട്ടി അത് അറിഞ്ഞാൽ നമുക്ക് അത് എളുപ്പം ചികിത്സിച്ചു ഭേദമാക്കാം.  എന്റെ പരിചയത്തിൽ ഒരാള് ഇങ്ങനെ മൂക്കിന്റെ നിറ മാറ്റം കണ്ടു പരിശോധിച്ചപ്പോൾ കാൻസർ.  നേരത്തെ അറിഞ്ഞാൽ വളരെ എളുപ്പം അത് മാറ്റാം എന്ന് ഡോക്ടര പറഞ്ഞു (നേരത്തെ അറിഞ്ഞ പുള്ളി നേരത്തെ തട്ടി പോയ കാര്യം തല്ക്കാലം മറച്ചു വെക്കുക). ഞാനും കൂടെ വരാം.  നമുക്ക് നല്ല ഒരു ഡോക്ടറെ തന്നെ കാണിച്ചു കളയാം.

അപ്പോൾ ഇതാണ് ആദ്യത്തെ പടി. താൻ പാതി എന്ന് പറഞ്ഞ ഭാഗം.  ഇനി അയാളെ കൊണ്ടു പോയി ലോകത്തുള്ള സകല പരിശോധനക്കും വിധേയനാക്കുന്നത് കൂടി നിന്റെ പാതിയിൽ വരും.  അത് കഴിഞ്ഞാൽ മറ്റേ പാതി എന്റെ ഊഴമാണ്.  അതിനു ഞാൻ എന്തെങ്കിലും കാര്യമായി ചെയ്യേണ്ടി വരില്ല. അതൊക്കെ ഡോക്ടർ നോക്കി കൊള്ളും. യുക്തമായ ഒരു രോഗം കണ്ടു പിടിച്ചു അയാളെ ചികിത്സിച്ചു ശരിയാക്കുന്ന കാര്യത്തിൽ ഞാൻ ഇടപെടേണ്ട കാര്യമേ ഇല്ല.  സ്വാഭാവിക മരണം . ആരും അറിയാനേ പോകുന്നില്ല

കിണരോട് ഒട്ടി നിന്ന്  ഈ ഭീകര ഭാഷണം കേട്ട  മണ്ടോടി ഈ ക്രൂരത കേട്ട് നടുങ്ങി പോയി.  ഒരു വർഷത്തിനു ശേഷം ബാലാട്ടന്റെ മുന്നിലൂടെ ഒരു കൂട്ടം ആളുകള് ഒരു ശവ മഞ്ചം എടുത്തു നടക്കുന്നത് കണ്ടു അതാരാണ് എന്ന് ബാലാട്ടനോട് ചോദിക്കുമ്പോൾ .  ഹോ അതോ. അത് നമ്മുടെ പാവം ചാത്തു ഏട്ടൻ.  കാൻസർ വന്നു മരിച്ചതാ.  ഒന്നും ഇല്ലാത്ത മനുഷ്യനായിരുന്നു.  പക്ഷെ വിധി ഇതായി പോയി എന്നുള്ള ഉത്തരം മണ്ടോടിക്ക് കിട്ടും.   ഈ കൊലപാതകത്തിന്റെ ഏക സാക്ഷിയായ മണ്ടോടി അന്നേരം ഒന്നും പറയാനാവാതെ ആ ശവ ഘോഷ യാത്ര നോക്കി നിൽക്കും.  

No comments:

Post a Comment