Thursday, 19 May 2016

പൊട്ട കിണറ്റിലെ പാമ്പ് -- 2

കൂരിരുട്ടിൽ പുറത്തു വന്ന പാമ്പിനോട് ബാലാട്ടൻ ചോദിച്ചു.

പകലൊക്കെ നീ എന്ത് ചെയ്യും

വെറുതെ ഒരു ചെറിയ വട്ടത്തിൽ ഒതുങ്ങി നിൽക്കുന്ന ആകാശം നോക്കി ഇരിക്കും.  എപ്പോഴും നമ്മുടെ ആകാശം ഒരു വട്ടത്തിൽ ഒതുങ്ങി നിന്നിരുന്നു.  അത് കൊണ്ടു ഇതെനിക്ക് ഒരു പുതുമ അല്ല.  പക്ഷെ ഒന്ന് സംസാരിക്കാൻ സഹ ജീവികൾ ആരുമില്ലാതെ.

പകൽ സമയത്ത് കഴിയുമെങ്കിൽ പുറത്തു വരിക.  എന്നും ഞാൻ ഇവിടെ ഉണ്ടാകും.  ഇവിടെ അല്ലെങ്കിൽ ഈ കൃഷി ഇടത്തിൽ.  നമുക്ക് സംസാരിക്കാം.  എന്തിനെ കുറിച്ചും.

പാമ്പുകൾക്ക് മനുഷ്യരോട് സംസാരിക്കാൻ വളരെ കുറച്ചേ ഉണ്ടാകൂ. അതും വേദനയെ കുറിച്ച് മാത്രമായിരിക്കും.  കേൾക്കാൻ പരമ ബോർ ആയ വിഷയം.  പേടി ഒഴിഞ്ഞ നേരം ഞാൻ പുറത്തു വരാം.  കൂടെ നടക്കാം. ഒന്നും  പറയാതെ.  ഉള്ളറിയുന്നവന്റെ കൂടെ വെറുതെ നടക്കുന്നത് പോലും ഒരു സമാധാനമാണ്.  എന്റെ നിശബ്ദതയിലൂടെ ചിലപ്പോൾ നിങ്ങള്ക്ക് എന്റെ വേദന മനസ്സിലാക്കാൻ പറ്റിയേക്കും.

വേദനയെ കുറിച്ച് നീ ഒന്നും പറയേണ്ട.  അത് പോലെ ക്രൂരതയെ കുറിച്ചും.  നമ്മള് മനസ്സില് കാണുന്ന വേദനയോ ക്രൂരതയോ , അതിനും എത്രയോ മുൻപേ ലോകം അനുഭവിച്ചു കഴിഞ്ഞിരിക്കും.  യാതാര്ത്യം നമ്മുടെ ഭാവനക്ക് മുന്നേ കുതിക്കുന്നു.  വേദനയിലൂടെയും ക്രൂരതയിലൂടെയും ലോകം നശിച്ചു കൊണ്ടിരിക്കുകയാണ്.  ആഴങ്ങളിൽ ജീവിക്കുന്നു എന്നുള്ളത് പോലും അന്നേരം ഒരു സാന്ത്വനം ആകുന്നില്ല.

കിഴക്ക് വെള്ള കീറുകയാണ്. വെളിച്ചം അരിച്ചിറങ്ങുന്ന ഈ വേളയിൽ ഞാൻ പോകാൻ നോക്കുകയാണ്.  വെളിച്ചത്തിൽ ചിന്നി ചിതറുന്ന ദ്രാകുലയെ പോലെ ആണ് ഞാൻ എന്ന് എനിക്ക് ചിലപ്പോൾ തോന്നും.

വെളിച്ചം ദുഖമാണ് എന്ന് ഇവിടെ ആരോ പാടിയത് അത് കൊണ്ടാണോ. ഇരുട്ട് നിങ്ങളെ അദൃശ്യരാക്കുന്നു.  ഇരുട്ട് നിങ്ങളുടെ ഭീതി അകറ്റുന്നു.  പകൽ വെട്ടത്തിൽ ആരൊക്കെയോ തുറിച്ചു നോക്കുന്നതായി എനിക്കും തോന്നാറുണ്ട്.  അത് കൊണ്ടു ഞാനും പലപ്പോഴും ഓടി ഒളിക്കാൻ ശ്രമിക്കാറുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ ഞാനും അവസാനത്തെ ബെഞ്ചിൽ ഇരുന്നു ശീലിച്ചു.  അദ്ധ്യാപകൻ എന്ന ഭീകര കേന്ദ്രത്തിൽ നിന്ന് വളരെ അകലെ.  ചോദ്യങ്ങളോ, സംശയങ്ങളോ ചോദിക്കാൻ ഭയപ്പെടുന്ന ആളുകൾക്ക് ദൂരങ്ങളാണ് ആശ്വാസം.  അവിടെ അവർ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അങ്ങനെ രക്ഷപ്പെട്ടു പോകുന്നു.

ശരിയാണ് . നമ്മുടെ കൂട്ടത്തിലെ മണ്ണിര കളുടെ ഭാഗ്യത്തെ കുറിച്ച് ചിലപ്പോഴെങ്കിലും ഞാൻ ചിന്തിച്ചിട്ടുണ്ട്.  വിഷമില്ലാത്ത ചെറ്റകൾ ആയിട്ടും അവ എപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.  ഒരു ഭൂകമ്പത്തിൽ പോലും അവ നില നിന്ന് പോകുന്നു.  നമ്മുടെ ഈ ആകാരം നമുക്ക് ഒരു ശാപമാണ്.  ഒന്ന് ചെറുതായെങ്കിൽ എത്ര നന്നായിരുന്നു.

മുന്നിൽ വച്ച ആപ്പിളിൽ നിന്ന് ഒരു കഷണം എടുത്തു ബാലട്ടൻ നീർക്കോലിക്ക് കൊടുത്തു.  വെളിച്ചം കണ്ട ദ്രാകുലയെ പോലെ നീർക്കോലി ഒരു ഞെട്ടലോടെ പിൻവാങ്ങി

എന്താടോ പഴയ ആ കുറ്റ ബോധം ഇപ്പോഴും നിന്നെ വേട്ടയാടുന്നുണ്ടോ

അപ്പിളിന്റെത്‌ ഒരു വൃത്തികെട്ട കഥയാണ്.  നമ്മള് ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത കഥ.  ഒരു തരത്തിൽ  അത് ഒരു ചതി കൂടി ആയിരുന്നു.  ആരായിരുന്നു അതിന്റെ പിന്നിൽ എന്ന് മനസ്സിലാക്കാനാവാത്ത ചതി.  ദൈവത്തിന്റെയോ സാത്താന്റെയോ വഴികൾ ഒരു സാദാ പാമ്പിനു എങ്ങനെ അറിയാനാണ്.   ഇന്ന് നമ്മൾ ഇരുവരെയും പോലെ  ഒന്നിച്ചിരുന്നു കഴിയേണ്ട രണ്ടു സൃഷ്ടികൾ അങ്ങനെ നിതാന്ത പകയിലൂടെ അകന്നു പോയി.  ഒരു കാര്യം ചോദിക്കട്ടെ.  ഒരു നീർക്കൊലിയിൽ വെറുക്കാൻ മാത്രം എന്താണ് ഉള്ളത്.  ഒരു നീളം കൂടിയ മൽസ്യമായെങ്കിലും നിങ്ങള്ക്ക് എന്നെ അങ്ങീകരിക്കാമായിരുന്നില്ലെ.

നീര്കൊലിയുടെ വാദം കേട്ട് ബാലാട്ടനോട് ചിരിച്ചു പോയി.  എന്നിട്ട് ഇങ്ങനെ പറഞ്ഞു

എടൊ മണ്ടോടി , ഒരു മത്സ്യത്തെ പോലെ നിന്നെ മനുഷ്യൻ സ്നേഹിച്ചത് കൊണ്ടു നിനക്ക് എന്ത് കിട്ടാനാണ്‌.  നീ അവന്റെ മീൻ കറിയിൽ അവസാനിച്ചു പോകും . അത്ര തന്നെ.  കൂപങ്ങളിൽ വസിക്കുന്ന നിന്നെ തേടി ഇപ്പോൾ ആരും അലയുന്നില്ല എന്ന് നിനക്ക് ആശ്വസിക്കുക എങ്കിലും ചെയ്യാമല്ലോ.  പിന്നെ നിന്നെ നമ്മുടെ ജാതികൾ വെറുക്കുന്നത് നിന്റെ ഈ രൂപം കൊണ്ടു മാത്രമല്ല.  അസ്ഥാനത്തുള്ള നിന്റെ ഈ ജീവിതം കൊണ്ടു കൂടിയാണ്.  മനുഷ്യരുടെ ഇടയിലെക്കാൾ നീ മത്സ്യങ്ങളുടെ ഇടയിൽ ജീവിക്കുന്നത് കാണാനായിരിക്കും അവനു ഇഷ്ടം. നേരത്തെ നീ പറഞ്ഞത് പോലെ നിന്റെ പ്രകൃതി അങ്ങനെ ആണ്.  പക്ഷെ നീ നമ്മളെ പോലെ ശ്വസിക്കുന്നവൻ ആയി പോയി എന്നുള്ളത് മറ്റൊരു ഗതികേട്.  ഒരു തരം നായ  കുറുക്കൻ എക്സിസ്റ്റൻസ് എന്ന് പറയാം. അവിടെയുമല്ല ഇവിടെയുമല്ല എന്ന് പറഞ്ഞത് പോലെ.

നേരം പര പര വെളുക്കാൻ തുടങ്ങിയിരുന്നു.  ബാലാട്ടനോട് വിട ചോദിച്ചു മണ്ടോടി പൊട്ട കിണറു ലക്ഷ്യമാക്കി നടന്നു.

No comments:

Post a Comment