Thursday, 19 May 2016

പൊട്ട കിണറ്റിലെ പാമ്പ്

ബാലാട്ടന്റെ ഒരേക്കർ പറമ്പിന്റെ കന്നി മൂലയിൽ ആയിരുന്നു പൊട്ട കിണർ.   ആൾ മറ ഇല്ലാത്തത് കൊണ്ടു പൊട്ട കിണർ എന്ന് വിളിച്ചതല്ലാതെ ബാലാട്ടാൻ തന്റെ ഗാര്ഹിക ആവശ്യത്തിനോ ചെടി നനക്കാനൊ ഒക്കെ ഉപയോഗിച്ചിരുന്നത് ഈ കിണറ്റിലെ വെള്ളം തന്നെ ആയിരുന്നു.  പക്ഷെ 2016 ലെ എല്ലാം ചുട്ടെരിക്കുന്ന വേനലിൽ എല്ലാ കൂപങ്ങളെയും പോലെ ബാലാട്ടന്റെ പൊട്ടക്കിണറും കാളിന്ദി ആയി.  വിഷബാധയെറ്റ് ചെറു പ്രാണികൾ ചത്ത്‌ വീണപ്പോൾ ബാലാട്ടൻ പണം കൊടുത്തു ടാങ്കറിൽ വെള്ളം വാങ്ങി ജീവിച്ചു വരവേ ഒരു ദിവസം രാവിലെ എഴുന്നേറ്റ പ്രപഞ്ച വാസികൾ, അഥവാ  എരഞ്ഞോളി വാസികൾ കണ്ടത്,  പൊട്ട കിണറ്റിൽ നിന്ന് വെള്ളം ആഞ്ഞു വലിക്കുന്ന ബാലാട്ടനെ ആണ്.  ആത്മഹത്യ ചെയ്യേണ്ട പരിപാടിയോ മറ്റോ ആണെന്ന് കരുതി മെല്ലെ അടുത്തു കൂടി കാര്യം അന്വേഷിച്ച ചാത്തുവിനോട് ബാലാട്ടൻ പറഞ്ഞു ' വെള്ളം നന്നായെടോ.  എന്ത് മായയാണ് എന്ന് അറിയില്ല. വെള്ളം നന്നായി.  പക്ഷെ എനിക്ക് വേണ്ടത് മാത്രമേ ഉള്ളൂ. അത് കൊണ്ടു ആരും വെള്ളം ചോദിച്ചു വരേണ്ട'.  എന്തോ ആരും അത് വിശ്വസിച്ചില്ല.  ഇത്രനാളും വിഷമായതു ഒരു ദിനം കൊണ്ടെങ്ങനെ ശുദ്ധമാകും എന്ന ചിന്തയായിരുന്നു ഓരോ  എരഞ്ഞോളി കാരന്റെ മനസ്സിലും.   അങ്ങനെ ആണ് എരഞ്ഞോളി യിലെ ദിടക്ടിവ് ഗോപാലാൻ ഈ ദുരൂഹതിയിലേക്ക് ഇറങ്ങി നോക്കാനും, സത്യമെന്തെന്ന് കണ്ടു പിടിക്കാനും തീരുമാനിച്ചത്.  തന്റെ അഗാധമായ പഠനങ്ങളിലൂടെ ഗോപാലാൻ കണ്ടെത്തിയ കാര്യങ്ങൾ ആണ് ചുവടെ വിവരിക്കുന്നത്.

2016 ഏപ്രിൽ മാസം 15 നു രാത്രി , അതായത്, പ്രപഞ്ചത്തിലെ കിണറുകൾ  ഓരോന്നായി വിഷ ലിപ്തമാകാൻ തുടങ്ങിയ ആ  ആ വേളയിൽ , ഒരു ഫുൾ ബോട്ടിലുമായി വീട്ടു മുറ്റത്ത്‌ ഇരിക്കവെ ബാലാട്ടൻ തൊടിയിൽ നിന്ന് ഒരു ചീറ്റൽ കേട്ടു.   സാധാരണയായി പട്ടയടിച്ചു ചാത്തു ഇട വഴിയിലൂടെ പോകാറുള്ള നേരമായതിനാലും,  ചാത്തു സ്ഥിരം മൂക്ക് ചീറ്റുന്ന സ്വഭാവക്കാരൻ ആയതിനാലും ബാലാട്ടാൻ അത് തീരെ ശ്രദിച്ചില്ല.  പോരാത്തതിന് ഏതു ശബ്ദവും ചീറ്റലായി തോന്നുന്ന ലെവലിൽ മദ്യപാനം  എത്തിയിട്ടും ഇല്ലായിരുന്നു. വെറും ഒരു പെഗ്.  അടുത്ത പ്രാവശ്യം ചീറ്റൽ കേട്ടപ്പോൾ അത് വളരെ അടുത്തു നിന്ന് കേട്ടതായി ബാലാട്ടനു തോന്നി.  ജാനുവിനോട്‌ ഒരു ടോര്ച്ചും വാങ്ങി തൊടിയിലേക്ക്‌ ഇറങ്ങി നടന്നു.  പാതക്കരികിലെ ബോഗൻ വില്ലക്കു താഴെ നിലത്തു നിന്ന് ഇപ്പോൾ കേട്ടത് ചീറ്റലിന് പകരം ബാലാട്ടാ എന്നുള്ള വിളിയാണ്.  ടോര്ച് അടിച്ചു നിലത്തു നോക്കിയപ്പോൾ അതാ കിടക്കുന്നു ദുഖിതയായ ഒരു നീർ കോലി.  പെരലശേരിയിൽ സ്ഥിരമായി പാലും മുട്ടയും നിവേദ്യം കൊടുക്കുന്ന ബാലാട്ടനു പാമ്പുകളെ ഇഷ്ടം തന്നെ ആയിരുന്നു.   കനിഞ്ഞു നിന്ന് കൊണ്ടു ബാലാട്ടാൻ ഇത്രയും പറഞ്ഞു.

പാമ്പുകൾ സംസാരിക്കുമെന്ന് ഞാൻ ആദ്യമായി അറിയുകയാണ്.  അതും പച്ച മലയാളത്തിൽ.  പാമ്പുകൾക്ക് മാളമുണ്ട് എന്ന് പണ്ടു ഇവിടെ ഒരുത്തൻ ഒരു പാട്ട് പാടിയിട്ടുണ്ട് എന്നാണു എന്റെ ഓർമ്മ. പക്ഷെ പാമ്പുകൾക്ക് ദുഖമുണ്ട് എന്ന് ഒരുത്തനും ഇത് വരെ പാടിയതായി ഓർക്കുന്നില്ല.  ആട്ടെ എന്താണ് നിന്റെ ദുഃഖം.

ബാലാട്ടാ . ഞാൻ മണ്ടോടി എന്ന നീർക്കോലി ആണ്.  പാമ്പുകളുടെ സാമ്രാജ്യത്തിലെ ഒരു ഔട്ട്‌ കാസ്റ്റ്.  വിഷമില്ലാത്ത ചെറ്റ.  നിങ്ങളുടെ ഇടയിലെ പണമില്ലാത്ത ചെറ്റകളെ പോലെ.   വിഷമുള്ള അവറ്റകൾ ഒക്കെയും ഞങ്ങളെ പീടിപ്പിക്കുകയാണ്.  അവരുടെ സാമ്രാജ്യത്തിൽ നിന്ന് അടിചോടിക്കുകയാണ്.  കുറെ എണ്ണത്തിനെ അവര് കൊന്നു കറി വച്ച്. ഞാൻ പ്രാണനും കൊണ്ടു ഓടിയതാണ്.  എനിക്ക് കുടി പാര്ക്കാൻ ഒരിടം വേണം.

കുടി എന്ന് കേട്ടപ്പോൾ ബാലാട്ടൻ വല്ലാതെ വികാര ഭരിതനായി പോയി.  പല പുതിയ അറിവുകൾക്കും ഒപ്പം പാമ്പുകള് കുടിക്കും എന്നുള്ള അറിവും ബാലാട്ടനെ കോരി തരിപ്പിച്ചു.  അതിനു ശേഷം ഇത്രയും പറഞ്ഞു

എടോ നീർകൊലീ. നീ എന്നെ വല്ലാതെ അല്ബുധ പ്പെടുത്തുന്നു. ആദ്യം മനുഷ്യന്റെ  ഭാഷ സംസാരിച്ചു,  പിന്നെ മനുഷ്യന്റെ പേരാണ് തനിക്കു ഉള്ളത് എന്ന് പറഞ്ഞു. ഇതാ ഇപ്പോൾ പറയുന്നു നീയും മനുഷ്യനെ പോലെ കുടിക്കും എന്ന്. ഞാൻ നിന്നെ ആകെ ഇഷ്ടപ്പെട്ടു പോയി.  കുടിക്കാതെ പാർക്കാമെങ്കിൽ ഇതാ ആ പൊട്ട കിണറ്റിൽ പോയി കിടന്നോ.  അവിടെ നിനക്ക് കഴിക്കാൻ തവളകൾ ഉണ്ടാകും.  പക്ഷെ വെള്ളം തൊടാതിരിക്കുക. അത് മുഴുവൻ വിഷമയമാണ്.   വെള്ളം രാത്രി പുറത്തു വന്നാൽ ഞാൻ നിനക്ക് തരുന്നതായിരിക്കും.

ബാലാട്ടന്റെ ഉരക്കൽ കേട്ട് നീർക്കോലി മണ്ടോടിയോടു ചിരിച്ചു പോയി.  അത് ഒരു ചെറിയ പൊട്ടി ചിരി ആയി പുറത്തു വന്നപ്പോൾ ബാലാട്ടൻ അന്തം വിട്ടുപോയി.  അദ്ദേഹം ഇങ്ങനെ അരുളി.

അല്ലയോ ദളിത നാഗമെ നിന്റെ ഈ ചിരിയുടെ അര്തമെന്താണ്.

ഒന്നുമില്ല . കിണറ്റിൽ വിഷ വെള്ളമാണ് എന്ന് കേട്ട് ചിരിച്ചു പോയതാണ്.  പണ്ടു ആയിനിയാട്ടു സ്കൂളിൽ പഠിക്കുമ്പോൾ പഠിച്ച ഒരു പ്രയോഗമാണ് 'രോഗി ഇചിചതും വൈദ്യൻ കല്പിച്ചതും പാല് ' എന്ന്.  അതിന്റെ ഉദാഹരണങ്ങൾ നാഗ ലോകത്ത് വിരളമാണ്. പക്ഷെ ഞാൻ ഇപ്പോൾ കേട്ടത് അതിന്റെ ഒരു നല്ല ഉദാഹരണമാണ്.  നമ്മൾ നാഗങ്ങൾക്ക്‌ വിഷ ജലം അമൃതാണ്.  ഞങ്ങൾ വിഷ  ജലം കുടിക്കുന്നു.  ശുദ്ധ ജലം നമ്മുടെ രോമ കൂപങ്ങളിലൂടെ പുറത്തു വിടുന്നു.  വിഷം നാം നമ്മുടെ ശരീരത്തിൽ കല്ലക്റ്റ് ചെയ്യുന്നു. അങ്ങനെ ഞങ്ങൾ വിഷ സർപ്പങ്ങൾ ആകുന്നു. നിങ്ങൾ നല്ല വെള്ളം കുടിക്കുന്നു.  അപ്പോൾ നമ്മുടേത്‌ ഒരു പരസ്പര സഹായ പ്രവര്തിയായി മാറുന്നു.  രണ്ടു ദിവസം കൊണ്ടു നിങ്ങളുടെ കിണറ്റിലെ വെള്ളം മുഴുവൻ ശുദ്ധ വെള്ളമായി മാറും.  മൂന്നാം ദിനം നിങ്ങള്ക്ക് അത് ഉപയോഗിക്കാം.

എടോ നീർക്കോലി മണ്ടോടി. സംഗതി പാരയാകുമോ. വിഷം മുഴുവൻ പോയി കിട്ടുമോ.

അയ്യോ ബാലേട്ട.  സംശയമുണ്ടെങ്കിൽ ജിയോളജി ക്കാരെ കൊണ്ടു പരിശോദിപ്പിച്ചു കഴിച്ചാൽ പോരെ. ഇനി അഥവാ ഒരല്പം വിഷം ഉണ്ടായി  പോയാൽ, വൈകുന്നേരത്തെ ബ്രാണ്ടിക്ക്  പകരമായെങ്കിലും ഉപയോഗിക്കാമല്ലോ.  നല്ല കിക്ക് കിട്ടും.

ബാലാട്ടനും നീർക്കോലി മണ്ടോടിയും പൊട്ട കിണറു ലക്ഷ്യമാക്കി നടന്നു. അപ്പോൾ പ്രപഞ്ചത്തിൽ കൂരിരുട്ടു പറന്നു കഴിഞ്ഞിരുന്നു.  കിണറ്റിൻ കരയിൽ വച്ച് ബാലാട്ടനോട് റ്റാറ്റ പറഞ്ഞു നീർകോലി മണ്ടോടി പൊട്ട കിണറ്റിനു അടിയിലേക്ക് ഇഴഞ്ഞു നീങ്ങി.

(ഈ കഥ ഇവിടെ അവസാനിക്കുന്നില്ല.  ഇനി അഥവാ ജോലി തിരക്കിനിടയിൽ ഈ കഥ തുടരാനോ, മുഴുപ്പിക്കാനൊ എനിക്ക് സാധിക്കാതെ പോകുന്നു എങ്കിൽ താഴെ പറയുന്ന ഏതാനും വരികൾ കൂടി ഈ കഥയോട് കൂടി ചേർത്ത് കഥ അവസാനിച്ചതായി കണക്കാക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു)

.................. ശിഷ്ടകാലം നീർക്കോലി മണ്ടോടി , മൂർകൻ മണ്ടോടി ആയും, ബാലാട്ടൻ, ശുദ്ധ ബാലാട്ടനായും ജീവിച്ചു )

No comments:

Post a Comment