Monday, 18 July 2016

വർണ കടലാസും കച്ചവടവും

1960 കാലത്തു നാം അനാദി സാധനങ്ങൾ വാങ്ങിയിരുന്നത് വീടിന്റെ അടുത്തുള്ള ഒരു അനാദി കടയിൽ നിന്നായിരുന്നു .  അവിടെ പത്തിരുപതു ആളുകൾ കൂടി നിൽക്കുന്നുണ്ടാവും.  ഓരോരുത്തർക്കും അവരുടെ പ്രായവും തരവും നോക്കി സാധനങ്ങൾ എടുത്തു കൊടുക്കാൻ നാലഞ്ചു പേര് പീടികക്കു ഉള്ളിലും ഉണ്ടാകും.  കടലാസു കൊണ്ടുള്ള ഉറകളിലായിരുന്നു അന്ന് സാധനങ്ങൾ പാക്ക് ചെയ്തു തന്നിരുന്നത്.  സ്വന്തമായി സഞ്ചി  കൊണ്ട് വരുന്ന ആളാണ് എങ്കിൽ സാധനങ്ങൾ നേരിട്ടു സഞ്ചിയിലേക്കു ചെല്ലും.  ന്യൂസ് പേപ്പർ കൊണ്ട് ഉണ്ടാക്കിയ ഉറകളും , പഴം തുണി കൊണ്ട് ഉണ്ടാക്കിയ സഞ്ചികളും മാത്രമേ അന്ന് പ്രചാരത്തിൽ ഉണ്ടായിരുന്നുള്ളൂ.   എല്ലാം കൊണ്ടും സൗന്ദര്യത്തിനു അത്ര ഏറെ പ്രാമുഖ്യം കൊടുക്കാത്ത ഒരു തരം കച്ചവടം.  അരി മണത്തു നോക്കി അതിന്റെ ഗുണം അറിയാൻ പഠിച്ച മനുഷ്യർ.  ചായപ്പൊടിയുടെ നിറം നോക്കി അതിന്റെ കടുപ്പം നിശ്ചയിക്കാൻ അറിയാവുന്ന മനുഷ്യർ എന്നിവരെ ഒക്കെ അവിടെ കാണാം.  അതു അറിയാത്തവർക്ക് കച്ചവടക്കാരൻ തന്നെ അവയുടെ ഗുണ ദോഷങ്ങൾ പറഞ്ഞു കൊടുക്കുന്ന കാലം. ചില നേരങ്ങളിൽ ആരെങ്കിലും തോന്ന്യവാസങ്ങൾ കളിച്ചാൽ, ഇനി നിനക്കു ഇവിടെ നിന്നു സാധനമില്ല എന്നു പറയാൻ മാത്രം കാർക്കശ്യ സ്വഭാവമുള്ള കച്ചവടക്കാരൻ.  ഒരിറ്റു മായം പോലും ഒരു വസ്തുവിലും ഇല്ലാത്ത നല്ല കാലം.

ചെറിയ പീടികയുടെ സ്ഥാനം വലിയ പീടികകൾ അപഹരിച്ചതോടു കൂടി ഇതിനൊക്കെ മാറ്റം വന്നു.  ആദ്യം ന്യൂസ് പേപ്പർ കവറുകളും സഞ്ചിയും അപ്രത്യക്ഷമായി.  പകരം വർണ കടലാസുകളിൽ പൊതിഞ്ഞു സാധനങ്ങൾ പ്രദർശനത്തിന് വെക്കുന്ന പുതിയ രീതി വന്നു. നിറം നോക്കിയോ, മണം പിടിച്ചോ  സാധനങ്ങളുടെ നിലവാരം അറിയാൻ കഴിവുള്ളവർ അപ്രത്യക്ഷരായി.  അവര് ഉണ്ടായിട്ടും വല്യ കാര്യമില്ല.  കാരണം  സാധനങ്ങളുടെ പെട്ടികൾ താഴിട്ടു പൂട്ടപ്പെട്ടിരിക്കുന്നു.  അതു തുറന്നു നോക്കാൻ ആർക്കും അവകാശമില്ല.  തുറക്കാതെ എടുത്തു കൊണ്ട് പോകാം. അത്ര മാത്രം.  അനാദി പീടികകൾ ഉത്സവ പറമ്പുകൾ പോലെ ആയി.  എല്ലാം വെളിച്ചത്തിൽ കുളിച്ചു നിൽക്കുകയാണ്.  ഒരു സ്വർഗ്ഗ ലോകത്തിൽ പെട്ടു പോയ അവസ്ഥ.  ആ വെളിച്ച പ്രളയത്തിൽ നമ്മുടെ ചിന്താ ശക്തി നഷ്ടപ്പെട്ടു പോകുന്നത് പോലെ.  അവിടെ വച്ചു നാം നമ്മുടെ ആവശ്യങ്ങൾ മറന്നു പോകുന്നു.  അല്ലെങ്കിൽ അവിടെ വച്ചു ആരൊക്കെയോ നമ്മിൽ പല പല പുതിയ ആവശ്യങ്ങളും കുത്തി ചെലുത്തുന്നു.  നമ്മൾ എന്തൊക്കെയോ വാങ്ങുന്നു. എന്തൊക്കെയോ വാങ്ങാതിരിക്കുന്നു.  കൈ കഴുകുന്ന സോപ്പും,  മുഖം കഴുകുന്ന ലായനിയും നാം എന്തു കൊണ്ടോ വാങ്ങുന്നു.  നിലം തൂക്കാൻ നാലു തരത്തിലുള്ള ലായിനികൾ വെറുതെ പരീക്ഷിച്ചു നോക്കാമെന്നു നാം തീരുമാനിക്കുന്നു.   പണ്ട് കാലത്തെ വികൃതമായ സഞ്ചിയിൽ നിന്നു നാം വർണ ശബളമായ പാക്കേജുകളുടെ ലോകത്തേക്ക് എത്തി പെട്ടിരിക്കുന്നു.  ഒന്നും തൂക്കി നോക്കേണ്ട, നേരെ പോയി എടുത്താൽ മതി.  എല്ലാം കണിശമായി മില്ലി ഗ്രാം കണക്കാക്കി പാക്ക് ചെയ്തിരിക്കുന്നു.  പണവും കൃത്യമായി അവിടെ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.  അവിടെ ചതിയില്ല വഞ്ചനയില്ല. എള്ളോളമില്ല പൊളി വചനം.  അച്ചടിച്ച  വില എന്നത് പരമമായ സത്യമാണ്  എന്നു നാം മനസ്സിലാക്കാൻ തുടങ്ങിയത് ഈ കാലഘട്ടം മുതലാണ്.  അച്ചടിച്ച വിലയിൽ ഒരു പൈസ കൂടിയാൽ നാം കയർക്കാൻ തുടങ്ങും.  അതിൽ ഒരു പൈസ കുറഞ്ഞാൽ നാം അതിനെ ഡിസ് കൗണ്ട് എന്ന ഓമന പേരിട്ടു വിളിക്കും.

ഇതല്ലാതെ  മറ്റൊന്ന് കൂടി അവിടെ സംഭവിച്ചു .  നാം വാങ്ങുന്നവൻ അല്ലാതായി തീര്ന്നു.  അതിനു പകരം നാം എല്ലാം നോക്കി എടുക്കുന്നവരായി  രൂപാന്തരപ്പെട്ടു.  നമുക്ക് വേണ്ടതും, നമുക്ക് ഇഷ്ടമുള്ളതും മാത്രം എടുക്കാനുള്ള നമ്മുടെ അതിരു കവിഞ്ഞ ആ സ്വാതന്ത്ര്യത്തെ നാം മതി വരുവോളം ആസ്വദിച്ചു.   ആ സോപ്പോ. അതു എനിക്കു വേണ്ട. എനിക്കു ഈ കറുത്ത സോപ്പ് മതി എന്നോ.  ആ ചായപ്പൊടി മോശം . അതു എനിക്കു വേണ്ട. മറ്റേതു മതി എന്നോ  ഉള്ള ധാർഷ്ട്യം നിറഞ്ഞ ജല്പനങ്ങൾ അവിടങ്ങളിൽ മുഖരിതമായി. നമ്മൾ സർവ സ്വതന്ത്രരായി അവിടങ്ങളിൽ വിഹരിച്ചു.  പഴയ കാലങ്ങളിലെ കൊയ്തു ഉത്സവങ്ങളെക്കാൾ വലിയ ഉത്സവങ്ങൾ ആയി തീർന്നു നമ്മുടെ ഈ വാങ്ങൽ ഉത്സവങ്ങൾ. 

Sunday, 17 July 2016

പ്രവർത്തിയിൽ നിന്നു വേർപെട്ടു പോയ അദ്ധ്വാനം

മനുഷ്യൻ റോബോട്ടുകളിൽ പരീക്ഷണങ്ങൾ നടത്തുകയാണ്.  യന്ത്രങ്ങൾ മനുഷ്യന്റെ അദ്ധ്വാനത്തിനു പകരം വച്ചതു പോരെന്നു തോന്നുന്ന മനുഷ്യൻ, അവന്റെ ദൈനം ദിന ചെയ്തികൾ പോലും മനുഷ്യ യന്ത്രങ്ങളെ കൊണ്ട് ചെയ്യിക്കാൻ അദ്ധ്വാനിക്കുകയാണ്.  അദ്ധ്വാന മുക്തനായ മനുഷ്യൻ സന്തുഷ്ടനായ മനുഷ്യനാണ് എന്നു നിങ്ങൾ കരുതുന്നുണ്ടോ.  തീർച്ചയായും ഇല്ല .  കായിക അദ്ധ്വാനം മനുഷ്യന്റെ നില നില്പിനു് വളരെ ആവശ്യമാണ് എന്നു ആധുനിക ശാസ്ത്രത്തിനു നന്നായി അറിയാം.  സൃഷ്ടിയിൽ നിന്നു അദ്ധ്വാനം വേർപെട്ടു പോയാൽ മനുഷ്യൻ തന്റെ ശരീരത്തിന്റെ അദ്ധ്വാന ആവശ്യങ്ങൾ മറ്റൊരു രീതിയിൽ പൂർത്തീകരിച്ച ഒക്കൂ.  ആപ്പീസിലേക്കു കാറിൽ കയറി പോകുന്ന അവനു , അവന്റെ ആരോഗ്യം നില നിർത്താൻ, വീട്ടിൽ നടപ്പു യന്ത്രങ്ങൾ വാങ്ങിച്ചു വച്ചേ പറ്റൂ.  അതായത് ലോകത്തു അദ്ധ്വാനം ഇല്ലാതായി പോകുന്നില്ല . മറിച്ചു അദ്ധ്വാനം അതിന്റെ ഉദ്ദേശ്യത്തിൽ നിന്നു വേർപെട്ടു മറ്റൊരു അസ്തിത്വമായി നില കൊള്ളുന്നു എന്നു മാത്രം.  പരസ്പര സ്നേഹത്തിന്റെ ഊഞ്ഞാലുകൾ,  വീട്ടിലെ തൊടിയിൽ നിന്നു വേർപെട്ടു ,  തീം പാർക്കുകളിൽ സ്ഥാനം പിടിക്കുന്നത് പോലെ.  മനുഷ്യൻ ഉല്ലാസത്തിനോ ആരോഗ്യത്തിനോ ഉപയോഗിച്ച പല പഴയകാല വിനോദങ്ങളോ, പ്രവർത്തികളോ,  ഇന്ന് പല രീതിയിൽ വിഭജിക്കപ്പെട്ടിരിക്കുകയാണ്.  അവയിന്നു ഓരോരോ പ്രത്യേക കേന്ദ്രങ്ങളിൽ സ്വരൂപിക്കപ്പെട്ടിരിക്കുകയാണ്.  പ്രവർത്തിക്കു  ആവേശം പകർന്ന പാട്ടുകൾ ഇന്ന് പ്രവർത്തിയിൽ നിന്നു വേർപെട്ടു പാട്ടുകൾ എന്ന പ്രത്യേക അസ്തിത്വമായി.  (വയലുകൾ  മാത്രമല്ല,  കല്ല്യാണ വീടുകളിലെ അമ്മികളും ഒരു കാലത്തു പാട്ടു പാടിയിട്ടുണ്ട്).  പ്രവർത്തിയെ ആയാസ രഹിതമാക്കാൻ വേണ്ടിയാണ് പാട്ടുകൾ മനുഷ്യൻ ഉണ്ടാക്കിയത് എന്നു പോലും കരുതുന്നവർ ഉണ്ട്.  ഭാരം വഹിക്കുന്ന ജോലി യന്ത്രങ്ങൾ ചെയ്യുമ്പോൾ,  നമ്മൾ ജിമ്മിൽ പൊയിൽ ഭാരം ഉയർത്തുന്നു.   പ്രവർത്തികളിലെ ഇത്തരം സ്പ്ലിറ്റ് അസ്തിത്വം കൊണ്ട് മനുഷ്യന് വല്ല ലാഭവും ഉണ്ടോ  എന്നു മനുഷ്യൻ ചിന്തിക്കേണ്ടതാണ്.  മനുഷ്യന്റെ ഓരോ പ്രവർത്തിയും ഓരോ കണ്ടു പിടുത്തവും,  മനുഷ്യന്റെ ജീവിതം ഒന്നിനൊന്നു സുഗമമാക്കാൻ വേണ്ടിയുള്ളതാണ്.  മനുഷ്യന്റെ ജീവിതം സുഗമമാക്കുക എന്നുള്ളതിന് അതു അദ്ധ്വാന  രഹിതമാക്കുക എന്നല്ല അർത്ഥം.  കാരണം ഇവിടെ ഒരിടത്തെ അദ്ധ്വാന  രാഹിത്യം നാം മറ്റൊരിടത്തേക്ക് മാറ്റി പ്രതിഷ്ഠിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.  അതു കൊണ്ട് മനുഷ്യന് സമയ നഷ്ടം മാത്രമേ ഉള്ളൂ

ആധുനിക മനുഷ്യന്റെ ശാസ്ത്ര പരീക്ഷണങ്ങൾ പലതും  വ്യർത്ഥങ്ങൾ ആണ് എന്നു എനിക്കു തോന്നാറുണ്ട്.  നമ്മൾ തല കുത്തി മറിഞ്ഞു ചെയ്യുന്ന പലതും,  ആവർത്തന വിരസങ്ങളായ പല പല പ്രവർത്തികളാണ്.  നമ്മുടെ ശാസ്ത്ര പ്രതിഭകളിൽ പലരുടെയും വിലയേറിയ ബുദ്ധിയും സമയവും, നാം ഉപയോഗപ്പെടുത്തുന്നത് പുറം മോടിയിലെ പരീക്ഷണങ്ങൾക്കു വേണ്ടി ആണെന്ന് തോന്നി പോകും.  നീണ്ട കാറുകൾക്കു പകരം പരന്ന കാറുകൾ,  മൂന്നു ഇതളുള്ള പങ്കക്കു പകരം നാലു ഇതളുകൾ ഉള്ളത്,  ഗോപുരം പോലെ ഉള്ള മിക്സിക്കു പകരം, കെട്ടിടം പോലെ ഉള്ള മിക്സി,  കൈ കൊണ്ട് ഉയർത്താവുന്ന വാതിലുകൾക്കു പകരം,  വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്ന വാതിലുകൾ, നേരിട്ടു കൊല്ലുന്നതിനു പകരം,  റിമോട് വച്ചു കൊല്ലൽ,  ഇങ്ങനെ ഉള്ള പല പല അനാവശ്യങ്ങൾക്കും വേണ്ടി എത്രയോ മനുഷ്യ അദ്ധ്വാനങ്ങൾ വ്യര്ഥമായി പോകുകയാണ്.  നമുക്ക് വേണ്ടത് സുന്ദരമായ ഒരു ജീവിതമാണ്.  അതിനു വേണ്ടി നാം ഇന്ന് ചെയ്യുന്നത് എല്ലാം കൂടുതൽ കൂടുതൽ ദുഷ്കരമാക്കുകയാണ്.

ശാരീരിക അദ്ധ്വാനം മനുഷ്യന്റെ ആക്രമണ വാസനക്കുള്ള ഏറ്റവും നല്ല മരുന്നാണ് എന്നു കൂടി നാം അറിയണം. പറമ്പു കൊത്തി വീട് പുലർത്തിയ ചില കുട്ടികൾ, ഇന്ന് പിക്കാസ് വലിച്ചെറിഞ്ഞു, പകരം ബോംബും എടുത്തു നടക്കുന്നത് അതു കൊണ്ടാണ്. അധ്വാനം പ്രവർത്തിയുടെ ഭാഗമായിരിക്കുന്നതാണ് നല്ലതു. അതു പ്രവർത്തിയിൽ നിന്നു വേർപെട്ടു പോയാൽ പിന്നെ മനുഷ്യൻ അതു പൂർത്തീകരിക്കാൻ മറ്റു മാർഗങ്ങൾ കണ്ടെത്തേണ്ടി വരും. അതു പൂർത്തീകരിക്കാനുള്ള അനേകം മാർഗങ്ങളിൽ ഒന്നു ആക്രമണം ആണെന്ന് നാം ഓർത്തു കൊണ്ടിരിക്കണം

.

Saturday, 9 July 2016

മനുഷ്യരും രോഗങ്ങളും

മനുഷ്യ ശരീരത്തിൽ രോഗങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്നതിന് പല പല സിദ്ധാന്തങ്ങളും ഉണ്ട്. ചിലര് അതു ശരീരത്തിലെ ഊർജ നിലയിലെ വ്യത്യാസങ്ങൾ കൊണ്ടാണ് എന്നു സമര്ഥിക്കുമ്പോൾ , ചിലർ   വാതം പിത്തം കഫം എന്നിവയിലെ വ്യതിയാനങ്ങൾ കൊണ്ടാണ് എന്നു പറയുകയും, മറ്റു ചിലര് പുറമെ നിന്നു നാം നേരിടേണ്ടി വരുന്ന ചില ആക്രമണങ്ങൾ കൊണ്ടാണ് എന്നു സമര്ഥിക്കുകയും ചെയ്യുന്നു. വേറെയും ചിലര്, അതൊന്നുമല്ല രോഗ കാരണം എന്നും,  രോഗങ്ങൾ വരുന്നത് മനുഷ്യനിൽ വിഷ വസ്തുക്കൾ കുന്നു കൂടുമ്പോൾ ആണ് എന്നും,  അതു സംഭവിക്കുന്നത് നാം ബാഹ്യ ലോകത്തു നിന്ന് സ്വീകരിക്കുന്ന വസ്തുക്കളിലൂടെ ആണ് എന്നും ,  ആയതിനാൽ രോഗം എന്നു നാം വിവക്ഷിക്കുന്നത് ശരീരം ആ വിഷ വസ്തുക്കളെ പുറം തള്ളാനുള്ള പ്രവർത്തി മാത്രമാണ് എന്നും പറയുന്നു.  രോഗത്തെ കുറിച്ചുള്ള ധാരണകൾ വ്യത്യസ്തങ്ങൾ ആകുമ്പോൾ രോഗ ചികിത്സയും വ്യത്യാസപ്പെട്ടു കിടക്കും എന്നുള്ളതിൽ തർക്കമില്ല.  ഊര്ജ്ജ നിലയിലെ വ്യതിയാനങ്ങൾ അപകടം ഉണ്ടാക്കുന്നു എന്നു കരുതുന്നവർ,  അത്തരം വ്യതിയാനങ്ങൾ ഇല്ലാതാക്കാനാകും ചികിത്സ നടത്തുക.  വാദം, പിത്തം, കഫം പറഞ്ഞു നടക്കുന്നവർ അവയിലെ സമതുലിതാവസ്ഥ തിരിച്ചു കൊണ്ട് വരാനും, പുറമെ നിന്നുള്ള ആക്രമണങ്ങൾ ഭയപ്പെടുന്നവർ അവയെ ചെറുക്കാനും മാർഗങ്ങൾ തിരയും.  ഇനി അവസാനത്തെ ആളാണെങ്കിൽ, നമ്മൾ ഉള്ളിലോട്ടു ചെലുത്തുന്ന വസ്തുക്കളിൽ നിഷ്ടവേണം എന്നു പ്രചരിപ്പിക്കും.  പക്ഷെ ഇതൊക്കെ ആയിട്ടും നമ്മിൽ നിന്നു രോഗ ഭീതി അകലുന്നില്ല എന്നതാണ് സത്യം.  മാരക രോഗങ്ങൾ നമ്മളെ ഇന്നും വളരെ ഈസി ആയി കൊന്നു കൊണ്ടേ ഇരിക്കുന്നു.  പുറമെ നിന്നുള്ള ക്ഷുദ്ര കീടങ്ങളുടെ ആക്രമണമാണ്  രോഗ കാരണം എന്നു സമര്ഥിക്കുമ്പോഴും നാം അറിയുന്നു, ഈ ക്ഷുദ്ര ജീവി നമ്മുടെ ചുറ്റും ഉള്ളത് പോലെ നമുക്ക് ചുറ്റുമുള്ള  എല്ലാവരുടെയും ചുറ്റും ഉണ്ട് എന്നും, പക്ഷെ നമുക്ക് മാത്രമേ രോഗം വന്നുള്ളൂ എന്നും.

രോഗത്തിന്റെ കാരണം വ്യക്തമായി അറിയാത്തവന് രോഗ ചികിത്സ സാധ്യമല്ല എന്ന തത്വം നാം അംഗീകരിക്കും.  അപ്പോൾ ഇവിടെ മേലെ പറഞ്ഞ ചിന്തകളിൽ ഏതെങ്കിലും ഒന്നു തികഞ്ഞ ശാസ്ത്രമെങ്കിൽ , മറ്റുള്ളവ ഒക്കെയും അശാസ്ത്രീയവും തന്നെ എന്നതിന് സംശയമില്ല.  പക്ഷെ ഇവിടെ ഒരു കുഴപ്പമുണ്ട്.  എല്ലാ രോഗത്തിനും ഒരു കാരണം മാത്രമേ ഉള്ളൂ എന്നും,  ഓരോ തരത്തിലുള്ള രോഗങ്ങളായി നാം വർഗീകരിക്കുന്നതു,  ഒരേ രോഗത്തിന്റെ പല പല രൂപങ്ങൾ മാത്രമാണ് എന്നും വിശ്വസിക്കുന്നവനോട് നമുക്ക് ഈ ശാസ്ത്രം പറയാൻ പറ്റില്ല.  കാരണം അവൻ മനുഷ്യ ശരീരത്തിന്റെ പ്രതിരോധ ശക്തിക്കു മാത്രം ഊന്നൽ കൊടുക്കുന്നവൻ ആണ്.  അതാണെങ്കിൽ എല്ലാ ചികിത്സാ രീതികളും അംഗീകരിച്ച ഒരു മഹാ സത്യവും ആണ്. പക്ഷെ ഓരോ രോഗത്തിനും പ്രത്യേകം കാരണമുണ്ട് എന്നും, അവ പ്രത്യേകം പ്രത്യേകം അറിഞ്ഞു ചികില്സിക്കണം എന്നും പറയുന്നവൻ ആ കാരണങ്ങൾ ഓരോന്നും അറിഞ്ഞിരിക്കുക തന്നെ വേണം.  അതു വ്യക്തമായി അറിയാതെ അവൻ നിർദേശിക്കുന്ന ചികിത്സ എന്തും അശാസ്ത്രീയവും എന്നു പറയുക തന്നെ വേണം.

വിഷങ്ങളും മനുഷ്യരും

ഈ ലോകം മനുഷ്യന് മാത്രം ജീവിക്കാനുള്ളതാണ് എന്നും.  മനുഷ്യന് ഉപകാരപ്രദമാണ് എങ്കിൽ മാത്രം മറ്റു ജീവികൾ ഇവിടെ ജീവിച്ചാൽ മതിയെന്നും മനുഷ്യൻ ചരിത്രാതീത കാലം മുതൽ തീരുമാനിച്ചതാണ്. അവന്റെ ഭക്ഷണം, അവന്റെ വിനോദം,  അവന്റെ സഹായി,  എന്നിങ്ങനെ ഉള്ള നാനാവിധങ്ങളായ രീതിയിൽ അവനു ഉപയോഗപ്രദമാണ് എന്നു അവനു തോന്നിയവയെ ഒക്കെ അവൻ കാട്ടിൽ നിന്നു നാട്ടിലേക്കു ഇറക്കുമതി ചെയ്തു വളർത്തിയെടുക്കുകയും, തോന്നിയത് പോലെ തിന്നുകയോ,  മെരുക്കി എടുത്തു തുള്ളിക്കുകയോ, തടി വലിപ്പിക്കുകയോ , ഉത്സവങ്ങൾക്ക് പകിട്ടേകാൻ ഉപയോഗിക്കുകയോ ഒക്കെ ചെയ്തു.  ഇമ്മാതിരി പ്രവർത്തികൾ ചെയ്യാൻ ത്രാണി ഇല്ലാത്തവയെയും, എന്നിട്ടും തങ്ങളുടെ വാസ സ്ഥാനം എന്നു അവൻ തീരുമാനിച്ച ഇടങ്ങളിലേക്ക് കയറി വന്നവയെയും അവൻ നിഷ്കരുണം നിഗ്രഹിക്കാൻ തുടങ്ങി.  ആ പ്രവർത്തിയിൽ വല്ലാത്തൊരു ക്രൂരത ഒളിഞ്ഞു കിടക്കുന്നു എന്നു അവന്റെ പിൻ ഗാമികളിൽ ചിലർ മനസ്സിലാക്കുകയാൽ,  ഈ ക്രൂര നിഗ്രഹത്തിനു പകരം , വഴി തെറ്റി വന്ന അവയെ അവയുടെ യഥാർത്ഥ വാസ സ്ഥാനത്തേക്കു തന്നെ തിരിച്ചയക്കുകയാവും നീതി എന്നു അവര് തീരുമാനിക്കുകയും ചെയ്തു .  പക്ഷെ പ്രാണികളുടെ കാര്യത്തിലോ ചെറു ജീവികളുടെ കാര്യത്തിലോ ഇത്തരം ഒരു നീതി നടപ്പാക്കാൻ പ്രായോഗിക ബുദ്ധി മുട്ടുകൾ പലതും ഉണ്ടെന്നു തോന്നിയതിനാലാവും,  താൻ മുൻപ് നിശ്ചയിച്ച കൊലപാതക പരിപാടി അവയുടെ കാര്യത്തിൽ തുടർന്നു ചെയ്യാമെന്ന് അവൻ തീരുമാനിച്ചത്.

മനുഷ്യനെ സംബന്ധിച്ചു പല പല ചെറു ജീവികളും അപകട കാരികളാണ്.  അവയെ സംബന്ധിച്ചു മനുഷ്യനും അപകടകാരികൾ ആവാം എന്നു നാം മനുഷ്യർ ചിന്തിക്കേണ്ട കാര്യമില്ല.  അവ നമ്മെ കടിക്കുന്നു,  ചിലവ നമ്മിൽ വിഷം കുത്തി വച്ചു നമ്മെ കൊല്ലാൻ ശ്രമിക്കുന്നു, നമ്മുടെ ഭക്ഷണങ്ങൾ തിന്നു തീർക്കുന്നു, അവയിൽ അടയിരിക്കുന്ന അവർ അവയെ ഉപയോഗശൂന്യമാക്കുകയും,  പരിസരങ്ങളിൽ ദുർഗന്ധം പരത്തുകയും ചെയ്യുന്നു. ചിലവ നാം ഉറങ്ങുമ്പോൾ നമ്മുടെ ചെവികളിൽ മൂളി പാട്ടു പാടി നമ്മെ ശല്യം ചെയ്യുന്നു. (പാട്ടു നമുക്ക് ഇഷ്ടം തന്നെ ആണ്.  അതിനു നമ്മള് ഉറങ്ങുമ്പോൾ ചെവിയിൽ വന്നു പാടുകയാണോ ചെയ്യേണ്ടത്).  ഇതൊന്നും പോരാതെ ചിലവ നമ്മുടെ ശരീരത്തിനുള്ളിൽ സ്ഥിരമായി താമസിച്ചു നമ്മുടെ ശരീരത്തെ നശിപ്പിക്കുകയും ചെയ്യുന്നതായി നാം വിചാരിക്കുകയും ചെയ്തിരിക്കുന്നു.  (ബാക്ടീരിയ മനുഷ്യന് ഉപദ്രവകാരിയാണ് എന്നു ധരിച്ച ആധുനിക ശാസ്ത്രം തന്നെ പെട്ടന്ന് ഒരുനാൾ മനസ്സിലാക്കി അവയിൽ പലതും ഇല്ലാതെ മനുഷ്യന് ആരോഗ്യത്തോടെ ജീവിക്കാൻ പറ്റില്ല എന്നു.  അങ്ങനെ സ്നേഹമുള്ള ബാക്ടീരിയ, സ്നേഹമില്ലാത്ത ബാക്ടീരിയ എന്ന രണ്ട് വിഭാഗങ്ങൾ അവിടെ ഉദയം ചെയ്തു.  തിരഞ്ഞു പിടിച്ചു കൊല്ലുക എന്ന പരിപാടി ഇവിടെ നടപ്പില്ലാത്തതു കൊണ്ട് നമ്മുടെ കൊലപാതകം പഴയ രീതിയിൽ തന്നെ ഇന്നും തുടരുന്നു)

കൊലപാതകം എന്നത് മനുഷ്യന് പല രീതിയിൽ ചെയ്യാവുന്ന ഒരു പ്രക്രിയയാണ്.  അതിന്റെ നാനാ വിധ രീതികൾ അറിയാൻ നാം നമ്മുടെ ചുറ്റും നോക്കിയാൽ മതി.  അടിച്ചു കൊല്ലാം, കത്തി കൊണ്ട് കുത്തി കൊല്ലാം, കൂട്ടമായി കൊല്ലണം എങ്കിൽ, ബോംബ് വച്ചു കൊല്ലാം.  അതിൽ തന്നെ ഒന്നോ രണ്ടോ എണ്ണത്തിനെ മാത്രം കൊല്ലാൻ പറ്റുന്ന നാടൻ ബോംബ് മുതൽ, ഒരു പരുഷാരത്തെ തന്നെ ഇല്ലായ്‌മ ചെയ്യാൻ കെല്പുള്ള അണു ബോംബുകൾ വരെ ഉണ്ട്.  ആധുനിക മനുഷ്യന്റെ പരീക്ഷണ സമയങ്ങൾ ഭൂരി ഭാഗവും അപഹരിച്ചതു, സത്യം പറഞ്ഞാൽ, അവൻ തന്റെ സഹ ജീവികളെയോ , സഹ പ്രാണികളെയോ കൊല്ലാൻ വേണ്ടിയുള്ള നാനാ വിധ മാർഗങ്ങൾ കണ്ടു പിടിക്കുന്നതിനു വേണ്ടിയാകും എന്നു മനസ്സിലാക്കാൻ വലിയ പഠനത്തിന്റെ ആവശ്യമൊന്നും ഇല്ല

ഇതിൽ ഏറ്റവും എളുപ്പവും,  ഇരു ചെവി അറിയാതെ നടത്താവുന്നതും ആയ ഒരു പ്രക്രിയയാണ് വിഷ പ്രയോഗം, എന്നു തന്റെ നിതാന്തമായ പരീക്ഷണങ്ങളിലൂടെ മനുഷ്യൻ കണ്ടെത്തി.  ഒരു ഗ്ളാസ് വെള്ളത്തിൽ കലക്കി അങ്ങു കുടിക്കാൻ കൊടുക്കുക.  ഒരു നിമിഷം . ആള് വടി.  ഒരു ചെറു ജീവിയെ കൊല്ലാൻ  അതു ചെറിയ അളവിൽ കൊടുത്താൽ മതിയെന്ന സാധാരണ സത്യം,  ഏതു ചെറിയ കുട്ടിക്കും അറിയാം.  അപ്പോൾ അടിച്ചു കൊല്ലുന്നതിനേക്കാൾ എളുപ്പമായ രീതി അതാണ് എന്നും, ചെറു ജീവികളുടെ കാര്യത്തിലെങ്കിലും , പ്രായോഗിക തലത്തിൽ അതായിരിക്കും നല്ലതു എന്നും മനുഷ്യൻ തീരുമാനിച്ചു.

പക്ഷെ ഈ തിരക്കിനിടയിൽ മനുഷ്യൻ ഒരു പ്രധാന കാര്യം മറന്നു പോയി.  വിഷത്തിനു വിവേചന ബുദ്ധിയില്ല എന്നുള്ള ഒരു പ്രധാന കാര്യം.  ഒരു ബോംബ് പോലെ എന്നു പറയാം.  ചുറ്റിലും ആരൊക്കെയാണോ ഉള്ളത്, അവയെ എല്ലാറ്റിനെയും തട്ടി കളയും. അവിടെ ബോംബ് ഇട്ടനവന്റെ ബന്ധുവാണല്ലോ നിൽക്കുന്നത്. അവനെ ഒഴിവാക്കിക്കളയാം എന്നീ സദ്‌ മനോഭാവങ്ങൾ ഒന്നും അതിന്റെ മനസ്സിൽ ഒരു നിമിഷം പോലും ഉദിച്ചു ഉയരുന്നില്ല.  അതു കൊണ്ട് വരാവുന്ന അപകടങ്ങൾ ഒക്കെയും നാം നമ്മുടെ തലയിൽ കൃത്യമായി വലിച്ചു കയറ്റി കൊണ്ടിരിക്കുകയാണ്.

കൊതുകു തിരി കത്തിച്ചു, മുറിയിൽ ഉറങ്ങുമ്പോൾ,  നാം കൊതുകുകൾ കൂട്ടമായി ചത്തു വീഴുന്നത് സ്വപ്നം കണ്ടു ഉറങ്ങുന്നു.  പക്ഷെ ഇവിടെ സംഭവിക്കുന്നത് മറ്റൊന്നാണ്.  കൊതുകു തിരിയുടെ മണം അറിയുമ്പോൾ തന്നെ കൊതുകു അറിയുന്നു, സംഗതി പിശകാണ് എന്നു. അവൻ പുറത്തു പറമ്പിൽ പാടി നടക്കുന്നു.  അവസരം വരുമ്പോൾ മാത്രം ഉള്ളിൽ കയറിയാൽ മതി എന്നു തീരുമാനിക്കുന്നു.  പക്ഷെ ഇവിടെ ബോധം കെട്ടു ഉറങ്ങുന്ന ഈ പാവം മനുഷ്യന്റെ കാര്യം അങ്ങനെ അല്ല.  അവൻ പുലരുവോളം ഈ വിഷം  ശ്വാസിച്ചു ഉറങ്ങുന്നു.  അതു തന്നെ  ഇഞ്ചിഞ്ചായി കൊല്ലുകയാണ് എന്ന ഭീകര സത്യം അറിയാതെ.

ഇന്ന് മനുഷ്യ വർഗത്തിന്റെ ആരോഗ്യം ഇത്തരം വിഷ പ്രയോഗങ്ങളിലൂടെ അനുദിനം വഷളായി കൊണ്ടിരിക്കുകയാണ് എന്നു നാം മനസ്സിലാക്കി കൊണ്ടിരിക്കുകയാണ്.  കീടാണുക്കളെ ആട്ടി ഓടിക്കാനുള്ള വെപ്രാളം കൊണ്ട് ഒരു പ്രദേശത്തെ ജനങ്ങള് മുഴുവൻ തീരാ വ്യാധികൾക്കു അടിപ്പെട്ട് പോയതിനെ കുറിച്ചു നാം പത്രങ്ങളിൽ നിത്യവും വായിക്കുന്നു.  പക്ഷെ നാം വിഷ പ്രയോഗം ഇന്നും നിർബാധം തുടരുന്നു.

ഒരിക്കൽ ഒരു ഗ്രാമത്തിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ അവിടെ അസംഖ്യം കൊതുകുകൾ.  അവൻ ഒരു കൊതുകു തിരി പോലും ഉപയോഗിക്കാത്ത മനുഷ്യൻ.  കൊതുകുകൾ ഇല്ലാത്ത മറ്റൊരിടത്തേക്ക് മാറി താമസിച്ചു കൂടെ എന്നു ഞാൻ ചോദിച്ചപ്പോൾ അവൻ തന്നത് വളരെ വിചിത്രമായ ഉത്തരമാണ്. അതു താഴെ കൊടുക്കുന്നു.

ശുദ്ധമായ വായുവിൽ മാത്രമേ  ചെറു പ്രാണികൾ ജീവിക്കുകയുള്ളൂ.  വായു വിഷമയമാകുമ്പോൾ അവ സ്ഥലം വിടുന്നു.  അപ്പോൾ കൊതുകുകൾ കൂടുതൽ ഉള്ള സ്ഥലങ്ങൾ സ്വച്ഛമായ വായു ഉള്ള സ്ഥലങ്ങളും കൂടിയാണ്.  കൊതുകു കടി ഏൽക്കാതിരിക്കാൻ എന്തെങ്കിലും സംവിധാനങ്ങൾ ഉണ്ടാക്കിയാൽ , ആരോഗ്യത്തിനു ഏറ്റവും ഉതകുക ഇത്തരം സ്ഥലങ്ങൾ ആണ്.  ഞാൻ മാർക്കറ്റിൽ നിന്നു കീടങ്ങൾ കടിച്ച പച്ചക്കറികൾ മാത്രം നോക്കി വാങ്ങും.  കാരണം അവയിൽ വിഷങ്ങൾ കുറവായിരിക്കും.  ഇവിടെ നാം ഒരു ഭക്ഷണ പദാർത്ഥത്തിൽ ഒരു ചെറിയ പ്രാണി നുരയുന്നതു കണ്ടാൽ അത്യന്തം രോഷാ കുലരാകും.  പക്ഷെ ഒരു പ്രാണിയും നുരയാത്ത ഭക്ഷണങ്ങൾ വിഷമയമായിരിക്കാൻ സാധ്യത കൂടുതലാണ്  എന്ന നഗ്ന സത്യം നാം അറിയുന്നില്ല.

ഈ ലോകത്തു മനുഷ്യന് ജീവിക്കാനുള്ള അത്രയും അവകാശങ്ങൾ മറ്റു ജീവികൾക്കും ഉണ്ട് എന്നു കരുതുന്നതിൽ തെറ്റില്ല.  മനുഷ്യനും മറ്റു ജീവികളും ഒത്തൊരുമയോടെ സഹവസിക്കുന്ന ഒരു ലോകം  ഇതിനേക്കാൾ മെച്ചപ്പെട്ട ഒരു ലോകം തന്നെ ആയിരിക്കും.  പക്ഷെ അതിനു നാം മറ്റു ജീവികളുമൊത്തു സഹവസിക്കാനുള്ള ആധുനിക മാർഗങ്ങൾ കണ്ടെത്തേണ്ടി വരും.  പക്ഷെ ഏതൊരു പ്രശ്നത്തിനും ഏറ്റവും എളുപ്പമായ പരിഹാരം കൊലപാതകം ആണ് വിശ്വസിക്കുന്ന മനുഷ്യ വർഗ്ഗത്തിൽ നിന്നു അത്തരം ഒരു പരീക്ഷണം പ്രതീക്ഷിക്കാമോ എന്നു എനിക്കു അറിയില്ല 

Sunday, 3 July 2016

സുഷ്ടി

പണ്ട് നമ്മുടെ കവികൾ കവിത എഴുതാൻ തുടങ്ങി. അതു വായിച്ചു രസിച്ച ബുദ്ധിയുള്ളവർ ആലോചിക്കാൻ തുടങ്ങി. എന്തു  കൊണ്ട് അതു എനിക്കു ഇത്ര ഏറെ ഇഷ്ടമായി എന്നു. അവര് കവിതയെ അരിച്ചു പെറുക്കി പരിശോധിച്ചു. അപ്പോഴാണ് കണ്ടെത്തിയത് അതിൽ ഒരു തരം താളമുണ്ട് എന്നു. ആ താളത്തെ അവർ വൃത്തം എന്നു വിളിച്ചു.  അങ്ങനെ കൈയിൽ കിട്ടിയ  കവിതകളെ ഒക്കെ അവര് ഈ വൃത്ത  നിയമങ്ങളിൽ ഇട്ടു കശക്കി.  അതില്ലാത്ത നല്ല കവി പൊട്ട കവിയും, അതു ഉള്ള പൊട്ട കവി നല്ല കവിയും  ആയി.  അപ്പോൾ ചില നല്ല കവികൾ തങ്ങളുടെ കണക്കിലുള്ള പൊട്ട കവിതകൾ എഴുതുന്നതായി അവര് അറിഞ്ഞു.  പക്ഷെ അതെങ്ങനെ ഉച്ചത്തിൽ പറയും. ആരെങ്കിലും കേട്ടാൽ മോശമല്ലേ.  ഉടനെ അവര് തങ്ങളുടെ വൃത്ത നിയമങ്ങൾ അമെൻഡ് ചെയ്യാൻ തുടങ്ങി.  അതിനിടക്കും ചില പാവം  കവികൾ  തങ്ങളുടെ നല്ല കവിതകൾക്കു എങ്ങനെ എങ്കിലും വൃത്തം ഒപ്പിക്കുന്ന തിരക്കിലായിരുന്നു.  കവിത്വം നഷ്ടപ്പെടുത്തിയും ചിലർ അതിനു മുതിർന്നു. എങ്ങനെ എങ്കിലും മറ്റവനെ ബോധിപ്പിച്ചാൽ അല്ലെ പിടിച്ചു നിൽക്കാൻ പറ്റൂ.  അതിനിടയ്ക്കാണ് ചില കുബുദ്ധികൾ വൃത്തവും തത്വവും ഒന്നും ഇല്ലാതെ താന്തോന്നികൾ ആയി കവിതകൾ പടച്ചു വിടാൻ തുടങ്ങിയത് . അതു കണ്ട ബുദ്ധി ജീവി അലറി.

ആരെടാ ഇവിടെ വൃത്തമില്ലാതെ കവിത എഴുതുന്നത്.

അയ്യോ ഇതാ ഞാൻ ഇവിടെ ഉണ്ട്.

നിന്റെ കവിത കൊണ്ട് പോയി അടുപ്പിൽ ഇടെടാ

അതിനു  ഞാൻ എന്റെ കടലാസിലല്ലേ എഴുതുന്നത്.  അതു അടുപ്പിലിടാനും എനിക്കു അറിയാം.

പൊട്ട കവിത എഴുതിയിട്ട്  തോന്ന്യാസം പറയുന്നോ.

എടോ ബുദ്ധീ .  ഈ എഴുതുന്ന പണി എന്റേതാണ്. താൻ വേണമെങ്കിൽ വായിച്ചാൽ മതി.

അത്രക്കായോ നിനക്കു ഞാൻ കാണിച്ചു തരാം.

നിലത്തു ആഞ്ഞു ചവിട്ടി ബുദ്ധി ജീവി നടന്നു പോയി.  തോന്ന്യ വാസി അവന്റെ പണിയും ബുദ്ധി ജീവി അവന്റെ പണിയും അതു  പോലെ തുടർന്നു.  ജനങ്ങള് ആ കവിതയും  വായിക്കുന്നു എന്നു തോന്നിയപ്പോൾ ബുദ്ധി ജീവി വീണ്ടും കവിതയെ അരിച്ചു പെറുക്കാൻ തൂടങ്ങി.  എന്തെങ്കിലും കാരണം കണ്ടെത്തിയേ ഒക്കൂ. എനിക്കും ജീവിക്കേണ്ട. മറ്റു ആളുകൾക്ക്  ഇട്ടു പാര പണിയാനല്ലാതെ ഒരു കവിത പോലും എഴുതാൻ കഴിയാത്തതു മോശമായി പോയി

അപഗ്രഥിക്കുന്നവന്റെ ധാരണ അവന്റെ നിയമങ്ങൾക്കു അനുസൃതമായി സൃഷ്ടി നടക്കണം എന്നാണ്.  മനുഷ്യൻ ദൈവത്തോട് ആജ്ഞാപിക്കുന്നത് പോലെ.  ശാസ്ത്രജ്ഞൻ ആയാലും നിരൂപകൻ ആയാലും അവന്റെ തൊഴിൽ ഉള്ളതിനെ അപഗ്രഥിക്കൽ മാത്രമാണ്.  അല്ലാതെ ഇന്നേ രീതിയിൽ സൃഷ്ടി ചെയ്യാൻ ആജ്ഞാപിക്കൽ അല്ല.  അച്ചു തണ്ടു ശാസ്ത്രജ്ഞന്റെ സൃഷ്ടിയാണ്. അല്ലാതെ ഭൂമിക്കു അങ്ങനെ ഒരു തണ്ടു ഇല്ല.  തണ്ടു ശാസ്ത്രജ്ഞന് മാത്രമേ ഉള്ളൂ