Saturday, 9 July 2016

മനുഷ്യരും രോഗങ്ങളും

മനുഷ്യ ശരീരത്തിൽ രോഗങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്നതിന് പല പല സിദ്ധാന്തങ്ങളും ഉണ്ട്. ചിലര് അതു ശരീരത്തിലെ ഊർജ നിലയിലെ വ്യത്യാസങ്ങൾ കൊണ്ടാണ് എന്നു സമര്ഥിക്കുമ്പോൾ , ചിലർ   വാതം പിത്തം കഫം എന്നിവയിലെ വ്യതിയാനങ്ങൾ കൊണ്ടാണ് എന്നു പറയുകയും, മറ്റു ചിലര് പുറമെ നിന്നു നാം നേരിടേണ്ടി വരുന്ന ചില ആക്രമണങ്ങൾ കൊണ്ടാണ് എന്നു സമര്ഥിക്കുകയും ചെയ്യുന്നു. വേറെയും ചിലര്, അതൊന്നുമല്ല രോഗ കാരണം എന്നും,  രോഗങ്ങൾ വരുന്നത് മനുഷ്യനിൽ വിഷ വസ്തുക്കൾ കുന്നു കൂടുമ്പോൾ ആണ് എന്നും,  അതു സംഭവിക്കുന്നത് നാം ബാഹ്യ ലോകത്തു നിന്ന് സ്വീകരിക്കുന്ന വസ്തുക്കളിലൂടെ ആണ് എന്നും ,  ആയതിനാൽ രോഗം എന്നു നാം വിവക്ഷിക്കുന്നത് ശരീരം ആ വിഷ വസ്തുക്കളെ പുറം തള്ളാനുള്ള പ്രവർത്തി മാത്രമാണ് എന്നും പറയുന്നു.  രോഗത്തെ കുറിച്ചുള്ള ധാരണകൾ വ്യത്യസ്തങ്ങൾ ആകുമ്പോൾ രോഗ ചികിത്സയും വ്യത്യാസപ്പെട്ടു കിടക്കും എന്നുള്ളതിൽ തർക്കമില്ല.  ഊര്ജ്ജ നിലയിലെ വ്യതിയാനങ്ങൾ അപകടം ഉണ്ടാക്കുന്നു എന്നു കരുതുന്നവർ,  അത്തരം വ്യതിയാനങ്ങൾ ഇല്ലാതാക്കാനാകും ചികിത്സ നടത്തുക.  വാദം, പിത്തം, കഫം പറഞ്ഞു നടക്കുന്നവർ അവയിലെ സമതുലിതാവസ്ഥ തിരിച്ചു കൊണ്ട് വരാനും, പുറമെ നിന്നുള്ള ആക്രമണങ്ങൾ ഭയപ്പെടുന്നവർ അവയെ ചെറുക്കാനും മാർഗങ്ങൾ തിരയും.  ഇനി അവസാനത്തെ ആളാണെങ്കിൽ, നമ്മൾ ഉള്ളിലോട്ടു ചെലുത്തുന്ന വസ്തുക്കളിൽ നിഷ്ടവേണം എന്നു പ്രചരിപ്പിക്കും.  പക്ഷെ ഇതൊക്കെ ആയിട്ടും നമ്മിൽ നിന്നു രോഗ ഭീതി അകലുന്നില്ല എന്നതാണ് സത്യം.  മാരക രോഗങ്ങൾ നമ്മളെ ഇന്നും വളരെ ഈസി ആയി കൊന്നു കൊണ്ടേ ഇരിക്കുന്നു.  പുറമെ നിന്നുള്ള ക്ഷുദ്ര കീടങ്ങളുടെ ആക്രമണമാണ്  രോഗ കാരണം എന്നു സമര്ഥിക്കുമ്പോഴും നാം അറിയുന്നു, ഈ ക്ഷുദ്ര ജീവി നമ്മുടെ ചുറ്റും ഉള്ളത് പോലെ നമുക്ക് ചുറ്റുമുള്ള  എല്ലാവരുടെയും ചുറ്റും ഉണ്ട് എന്നും, പക്ഷെ നമുക്ക് മാത്രമേ രോഗം വന്നുള്ളൂ എന്നും.

രോഗത്തിന്റെ കാരണം വ്യക്തമായി അറിയാത്തവന് രോഗ ചികിത്സ സാധ്യമല്ല എന്ന തത്വം നാം അംഗീകരിക്കും.  അപ്പോൾ ഇവിടെ മേലെ പറഞ്ഞ ചിന്തകളിൽ ഏതെങ്കിലും ഒന്നു തികഞ്ഞ ശാസ്ത്രമെങ്കിൽ , മറ്റുള്ളവ ഒക്കെയും അശാസ്ത്രീയവും തന്നെ എന്നതിന് സംശയമില്ല.  പക്ഷെ ഇവിടെ ഒരു കുഴപ്പമുണ്ട്.  എല്ലാ രോഗത്തിനും ഒരു കാരണം മാത്രമേ ഉള്ളൂ എന്നും,  ഓരോ തരത്തിലുള്ള രോഗങ്ങളായി നാം വർഗീകരിക്കുന്നതു,  ഒരേ രോഗത്തിന്റെ പല പല രൂപങ്ങൾ മാത്രമാണ് എന്നും വിശ്വസിക്കുന്നവനോട് നമുക്ക് ഈ ശാസ്ത്രം പറയാൻ പറ്റില്ല.  കാരണം അവൻ മനുഷ്യ ശരീരത്തിന്റെ പ്രതിരോധ ശക്തിക്കു മാത്രം ഊന്നൽ കൊടുക്കുന്നവൻ ആണ്.  അതാണെങ്കിൽ എല്ലാ ചികിത്സാ രീതികളും അംഗീകരിച്ച ഒരു മഹാ സത്യവും ആണ്. പക്ഷെ ഓരോ രോഗത്തിനും പ്രത്യേകം കാരണമുണ്ട് എന്നും, അവ പ്രത്യേകം പ്രത്യേകം അറിഞ്ഞു ചികില്സിക്കണം എന്നും പറയുന്നവൻ ആ കാരണങ്ങൾ ഓരോന്നും അറിഞ്ഞിരിക്കുക തന്നെ വേണം.  അതു വ്യക്തമായി അറിയാതെ അവൻ നിർദേശിക്കുന്ന ചികിത്സ എന്തും അശാസ്ത്രീയവും എന്നു പറയുക തന്നെ വേണം.

No comments:

Post a Comment