Sunday, 17 July 2016

പ്രവർത്തിയിൽ നിന്നു വേർപെട്ടു പോയ അദ്ധ്വാനം

മനുഷ്യൻ റോബോട്ടുകളിൽ പരീക്ഷണങ്ങൾ നടത്തുകയാണ്.  യന്ത്രങ്ങൾ മനുഷ്യന്റെ അദ്ധ്വാനത്തിനു പകരം വച്ചതു പോരെന്നു തോന്നുന്ന മനുഷ്യൻ, അവന്റെ ദൈനം ദിന ചെയ്തികൾ പോലും മനുഷ്യ യന്ത്രങ്ങളെ കൊണ്ട് ചെയ്യിക്കാൻ അദ്ധ്വാനിക്കുകയാണ്.  അദ്ധ്വാന മുക്തനായ മനുഷ്യൻ സന്തുഷ്ടനായ മനുഷ്യനാണ് എന്നു നിങ്ങൾ കരുതുന്നുണ്ടോ.  തീർച്ചയായും ഇല്ല .  കായിക അദ്ധ്വാനം മനുഷ്യന്റെ നില നില്പിനു് വളരെ ആവശ്യമാണ് എന്നു ആധുനിക ശാസ്ത്രത്തിനു നന്നായി അറിയാം.  സൃഷ്ടിയിൽ നിന്നു അദ്ധ്വാനം വേർപെട്ടു പോയാൽ മനുഷ്യൻ തന്റെ ശരീരത്തിന്റെ അദ്ധ്വാന ആവശ്യങ്ങൾ മറ്റൊരു രീതിയിൽ പൂർത്തീകരിച്ച ഒക്കൂ.  ആപ്പീസിലേക്കു കാറിൽ കയറി പോകുന്ന അവനു , അവന്റെ ആരോഗ്യം നില നിർത്താൻ, വീട്ടിൽ നടപ്പു യന്ത്രങ്ങൾ വാങ്ങിച്ചു വച്ചേ പറ്റൂ.  അതായത് ലോകത്തു അദ്ധ്വാനം ഇല്ലാതായി പോകുന്നില്ല . മറിച്ചു അദ്ധ്വാനം അതിന്റെ ഉദ്ദേശ്യത്തിൽ നിന്നു വേർപെട്ടു മറ്റൊരു അസ്തിത്വമായി നില കൊള്ളുന്നു എന്നു മാത്രം.  പരസ്പര സ്നേഹത്തിന്റെ ഊഞ്ഞാലുകൾ,  വീട്ടിലെ തൊടിയിൽ നിന്നു വേർപെട്ടു ,  തീം പാർക്കുകളിൽ സ്ഥാനം പിടിക്കുന്നത് പോലെ.  മനുഷ്യൻ ഉല്ലാസത്തിനോ ആരോഗ്യത്തിനോ ഉപയോഗിച്ച പല പഴയകാല വിനോദങ്ങളോ, പ്രവർത്തികളോ,  ഇന്ന് പല രീതിയിൽ വിഭജിക്കപ്പെട്ടിരിക്കുകയാണ്.  അവയിന്നു ഓരോരോ പ്രത്യേക കേന്ദ്രങ്ങളിൽ സ്വരൂപിക്കപ്പെട്ടിരിക്കുകയാണ്.  പ്രവർത്തിക്കു  ആവേശം പകർന്ന പാട്ടുകൾ ഇന്ന് പ്രവർത്തിയിൽ നിന്നു വേർപെട്ടു പാട്ടുകൾ എന്ന പ്രത്യേക അസ്തിത്വമായി.  (വയലുകൾ  മാത്രമല്ല,  കല്ല്യാണ വീടുകളിലെ അമ്മികളും ഒരു കാലത്തു പാട്ടു പാടിയിട്ടുണ്ട്).  പ്രവർത്തിയെ ആയാസ രഹിതമാക്കാൻ വേണ്ടിയാണ് പാട്ടുകൾ മനുഷ്യൻ ഉണ്ടാക്കിയത് എന്നു പോലും കരുതുന്നവർ ഉണ്ട്.  ഭാരം വഹിക്കുന്ന ജോലി യന്ത്രങ്ങൾ ചെയ്യുമ്പോൾ,  നമ്മൾ ജിമ്മിൽ പൊയിൽ ഭാരം ഉയർത്തുന്നു.   പ്രവർത്തികളിലെ ഇത്തരം സ്പ്ലിറ്റ് അസ്തിത്വം കൊണ്ട് മനുഷ്യന് വല്ല ലാഭവും ഉണ്ടോ  എന്നു മനുഷ്യൻ ചിന്തിക്കേണ്ടതാണ്.  മനുഷ്യന്റെ ഓരോ പ്രവർത്തിയും ഓരോ കണ്ടു പിടുത്തവും,  മനുഷ്യന്റെ ജീവിതം ഒന്നിനൊന്നു സുഗമമാക്കാൻ വേണ്ടിയുള്ളതാണ്.  മനുഷ്യന്റെ ജീവിതം സുഗമമാക്കുക എന്നുള്ളതിന് അതു അദ്ധ്വാന  രഹിതമാക്കുക എന്നല്ല അർത്ഥം.  കാരണം ഇവിടെ ഒരിടത്തെ അദ്ധ്വാന  രാഹിത്യം നാം മറ്റൊരിടത്തേക്ക് മാറ്റി പ്രതിഷ്ഠിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.  അതു കൊണ്ട് മനുഷ്യന് സമയ നഷ്ടം മാത്രമേ ഉള്ളൂ

ആധുനിക മനുഷ്യന്റെ ശാസ്ത്ര പരീക്ഷണങ്ങൾ പലതും  വ്യർത്ഥങ്ങൾ ആണ് എന്നു എനിക്കു തോന്നാറുണ്ട്.  നമ്മൾ തല കുത്തി മറിഞ്ഞു ചെയ്യുന്ന പലതും,  ആവർത്തന വിരസങ്ങളായ പല പല പ്രവർത്തികളാണ്.  നമ്മുടെ ശാസ്ത്ര പ്രതിഭകളിൽ പലരുടെയും വിലയേറിയ ബുദ്ധിയും സമയവും, നാം ഉപയോഗപ്പെടുത്തുന്നത് പുറം മോടിയിലെ പരീക്ഷണങ്ങൾക്കു വേണ്ടി ആണെന്ന് തോന്നി പോകും.  നീണ്ട കാറുകൾക്കു പകരം പരന്ന കാറുകൾ,  മൂന്നു ഇതളുള്ള പങ്കക്കു പകരം നാലു ഇതളുകൾ ഉള്ളത്,  ഗോപുരം പോലെ ഉള്ള മിക്സിക്കു പകരം, കെട്ടിടം പോലെ ഉള്ള മിക്സി,  കൈ കൊണ്ട് ഉയർത്താവുന്ന വാതിലുകൾക്കു പകരം,  വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്ന വാതിലുകൾ, നേരിട്ടു കൊല്ലുന്നതിനു പകരം,  റിമോട് വച്ചു കൊല്ലൽ,  ഇങ്ങനെ ഉള്ള പല പല അനാവശ്യങ്ങൾക്കും വേണ്ടി എത്രയോ മനുഷ്യ അദ്ധ്വാനങ്ങൾ വ്യര്ഥമായി പോകുകയാണ്.  നമുക്ക് വേണ്ടത് സുന്ദരമായ ഒരു ജീവിതമാണ്.  അതിനു വേണ്ടി നാം ഇന്ന് ചെയ്യുന്നത് എല്ലാം കൂടുതൽ കൂടുതൽ ദുഷ്കരമാക്കുകയാണ്.

ശാരീരിക അദ്ധ്വാനം മനുഷ്യന്റെ ആക്രമണ വാസനക്കുള്ള ഏറ്റവും നല്ല മരുന്നാണ് എന്നു കൂടി നാം അറിയണം. പറമ്പു കൊത്തി വീട് പുലർത്തിയ ചില കുട്ടികൾ, ഇന്ന് പിക്കാസ് വലിച്ചെറിഞ്ഞു, പകരം ബോംബും എടുത്തു നടക്കുന്നത് അതു കൊണ്ടാണ്. അധ്വാനം പ്രവർത്തിയുടെ ഭാഗമായിരിക്കുന്നതാണ് നല്ലതു. അതു പ്രവർത്തിയിൽ നിന്നു വേർപെട്ടു പോയാൽ പിന്നെ മനുഷ്യൻ അതു പൂർത്തീകരിക്കാൻ മറ്റു മാർഗങ്ങൾ കണ്ടെത്തേണ്ടി വരും. അതു പൂർത്തീകരിക്കാനുള്ള അനേകം മാർഗങ്ങളിൽ ഒന്നു ആക്രമണം ആണെന്ന് നാം ഓർത്തു കൊണ്ടിരിക്കണം

.

No comments:

Post a Comment