Saturday, 26 November 2016

ആസ്വാദനം - നിരൂപണം - മൂല്യ തകർച്ച

കോളേജിൽ പഠിക്കുന്ന കാലത്തു ഒരിക്കൽ , തലശേരിയിലെ പ്രഭാ ടാക്കീസിൽ ഏതോ ഒരു സിനിമയുടെ സെക്കൻഡ് ഷോക്ക് ടിക്കറ്റെടുക്കാൻ വേണ്ടി ക്യുവിൽ നിന്ന നമ്മൾ , ഞെട്ടിക്കുന്ന ഒരു കാഴ്ച കണ്ടു.  രണ്ട് മൂന്നു പേര് തിയേറ്ററിന്റെ ഉള്ളിൽ നിന്ന് ഒരു പെൺ കുട്ടിയെ താങ്ങി എടുത്തു കൊണ്ട് പുറത്തേക്കു വരുന്നു.   സാമാന്യം നല്ല തിരക്കുള്ള ദിവസം ആയിരുന്നത് കൊണ്ട്, ക്യുവിൽ നിൽക്കുന്ന എല്ലാവരും,  തങ്ങളുടെ ക്യു പൊസിഷൻ തെറ്റാത്ത തരത്തിൽ, വലിഞ്ഞു നോക്കാൻ തുടങ്ങിയപ്പോൾ ,  താങ്ങികളിൽ ഒരാള് ഇങ്ങനെ പറഞ്ഞു  'പേടിക്കാൻ ഒന്നുമില്ല.  സിനിമയിലെ ഒരു രംഗം കണ്ട് ബോധം കെട്ടു വീണതാണ്' എന്ന്.  അക്കാലത്തു സിനിമയിലെ രംഗങ്ങൾക്ക് കണ്ട് പെൺ കുട്ടികൾ ബോധം കെട്ടു വീഴുന്നത് ഒരു നിത്യ സംഭവമായിരുന്നു.  അത്രക്കും ചഞ്ചല മനസ്കരോ, അല്ലെങ്കിൽ വിഷാദം തളം കെട്ടി  നിൽക്കുന്നവരോ ആയിരുന്നു അന്നത്തെ പല സ്ത്രീകളും.  പുരുഷന്മാരുടെ കാര്യം അന്നും ഇന്നത്തെ പോലെ തന്നെ ആയിരുന്നു.  ബോധക്കേടല്ല , ഇനി ആള് ചത്ത് പോയി എന്ന് അറിഞ്ഞാലും ക്യു പോലും തെറ്റിക്കാത്ത ദുഷ്ടന്മാർ.   നമുക്ക് കാര്യത്തിലേക്കു കടക്കാം.  ഈ ബോധം കെടലിനു സാക്ഷികളായ,  സിനിമാ ആസ്വാദകരും,  ക്യു നിൽപ്പുകാരും ആയ നമ്മിൽ ഏവരിലും ആ നേരത്തു അവാച്യമായ ഒരു സന്തോഷം എവിടെ നിന്നോ കയറി വന്നു.  കാരണം,  ധീരയായ ഒരു പെൺകുട്ടിയെ  ബോധം കെടുവിക്കാൻ മാത്രം ശക്തിയുള്ള എന്തോ ഒന്നാണ്  നാം ഉള്ളിൽ കാണാനിരിക്കുന്നത് എന്ന ബോധം നമ്മൾ ഏവരെയും ആഗിരണം ചെയ്തു.  ചിലവാക്കിയ പണം നഷ്ടപ്പെടില്ല എന്ന ഒരു ബോധം.   ഇത്തരം ബോധത്തെ ആണ് നാം ശുഭാപ്തി വിശ്വാസം എന്ന് പറയുന്നത്.  പക്ഷെ ഈ ശുഭാപ്തി വിശ്വാസത്തിൽ കാര്യമില്ല എന്ന് പറയാനാണ് ഞാൻ ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.  കാരണം , ഒരാളുടെ ബോധം കെടൽ , ഒരു  ആസ്വാദന പ്രക്രിയയായി നിങ്ങൾ തെറ്റിധരിച്ചത് കൊണ്ട് വന്ന ഒരു പ്രമാദം മാത്രമാണ്. ഇത്.  അക്കാലത്തൊക്കെ , എന്ത് കണ്ടാലും, എന്ത് കേട്ടാലും ബോധം കെട്ടു വീഴുന്ന ചില പെൺ കുട്ടികൾ എങ്കിലും നമ്മുടെ ചുറ്റും ഉണ്ടായിരുന്നു എന്നാണു എന്റെ ഓർമ്മ.  അത്തരത്തിൽ ഉള്ള ഒരു പെൺ കുട്ടിയായിരുന്നു ഇവൾ എങ്കിൽ, ആസ്വാദനവും,  ബോധം കെടലും തമ്മിൽ അഭേദ്യ ബന്ധമുണ്ട് എന്നുള്ള നമ്മുടെ മുൻ ധാരണക്ക്  വലിയ അർത്ഥമില്ല എന്ന് അർഥം.  അത് സിനിമ കണ്ടപ്പോൾ നമ്മൾ ഏവർക്കും ബോധ്യപ്പെടുകയും ചെയ്തു.  നമ്മളിൽ ചിലര് കൂകി വിളിച്ചു. ഞാൻ ആണെങ്കിൽ ഇന്റെർവെലിന് സ്ഥലം വിടുകയും ചെയ്തു.

അപ്പോൾ പറഞ്ഞു വരുന്നത് ഇതാണ്.  ആസ്വാദനം എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്.  ഏതു നായസിനിമ കണ്ടാലും എന്നോട് കരഞ്ഞു പോകും.  അതിൽ നായ നന്നായി അഭിനയിക്കണം എന്നൊന്നും ഇല്ല.  ഒരിക്കൽ അത്തരം ഒരു നായസിനിമയ്ക്കു ഞാൻ ചാത്തുയേട്ടനെ കൂടെ കൂട്ടിയപ്പോൾ , ചാത്തുയേട്ടൻ ഇടയ്ക്കു വച്ച് ഇറങ്ങി പോയി എന്ന് മാത്രമല്ല, അതിന്റെ പേരിൽ ഞാൻ കുറെ തെറിയും കേൾക്കേണ്ടി വന്നു.  ആസ്വാദനത്തിന്റെ കാര്യം അങ്ങനെ ആണെങ്കിൽ  നിരൂപണത്തിന്റെ കാര്യവും അങ്ങനെ ആയിരിക്കും.  കാളിദാസന്റെ മേഘം കണ്ട്,  ദക്ഷന് ഭാര്യയെ ഓർമ്മ വന്നത് കൊണ്ട് , മേഘം  കാമത്തിന്റെ പ്രതീകമാണ് എന്ന് ഒരു നിരൂപകൻ പറഞ്ഞാൽ,  അപ്പുറത്തെ വീട്ടിലെ കർഷകനായ ബാലാട്ടൻ പറയുക,  മേഘം,  കൃഷിയെ അങ്ങേരെ ഓർമിപ്പിച്ചു എന്നായിരിക്കും.  നാട്ടിലെ കൃഷിയെ കുറിച്ച് ഓർത്താൽ,  കൂടെ കൃഷി ജോലിയിൽ സഹായിക്കുന്ന ഭാര്യയെ ഓർമ്മിക്കുന്നത് സ്വാഭാവികമല്ലേ എന്നും അയാള് ചോദിച്ചേക്കും.  ഒന്നിനും ഒരു നിശ്ചയവും ഇല്ലാത്ത അവസ്ഥ.

പക്ഷെ ഈ പറഞ്ഞ കാര്യങ്ങൾ മറ്റൊരു തരത്തിൽ നമ്മുടെ സമൂഹത്തിനു വന്ന മൂല്യച്യുതിയെ കുറിച്ച് നമ്മെ ഓർമിപ്പിക്കുന്നു. എന്ത് കണ്ടാലും എന്ത് കേട്ടാലും ബോധം കെട്ടു വീഴുന്ന  സ്ത്രീ ജനങ്ങളിൽ നിന്ന്,  എന്ത് കണ്ടാലും എന്ത് കേട്ടാലും ബോധം കെടുക പോയിട്ട്, ഒന്ന് ഞെട്ടുക പോലും ചെയ്യാത്ത ഒരു ജന വിഭാഗം ആയി നാം തകർന്നിരിക്കുന്നു.  അന്യന്റെ ദുഃഖങ്ങൾ നമ്മെ ചലിപ്പിക്കാതായിരിക്കുന്നു.   മരണ വീടുകളിൽ  വച്ച് നാം ചിരിക്കാൻ തുടങ്ങിയിരിക്കുന്നു.

Friday, 25 November 2016

ദാനവും കച്ചവടവും

ദാനം എന്നത് നിനക്കു ഉള്ളത്, ഇല്ലാത്തവന് കൊടുക്കുന്ന മഹത്തായ പ്രക്രിയയായി കണക്കാക്കപ്പെടുന്നു. കണക്കാക്കപ്പെടുന്നു എന്ന് എഴുതിയത് കൊണ്ട്, എനിക്ക് അതിൽ എന്തോ ഒരു വിശ്വാസക്കുറവ് ഉള്ളതായി നിങ്ങളിൽ ചിലരെങ്കിലും സംശയിച്ചു പോകുന്നു എങ്കിൽ നിങ്ങളുടെ സംശയം അസ്ഥാനത്തല്ല. ദാനം എന്ന ചിന്താഗതി ഒരു തരം പിന്തിരിപ്പൻ മനസ്ഥിതിയുടെ ഉത്പന്നം ആണ്. എന്താണ് ആ പിൻതിരിപ്പൻ മനസ്ഥിതി എന്ന് ചോദിച്ചാൽ, ഈ പ്രപഞ്ചം നമുക്ക് ഏവർക്കും തുല്യമായിട്ടുള്ളതാണ് എന്ന് ഞാൻ വിചാരിക്കുന്നു. അപ്പോൾ ഈ പ്രപഞ്ചത്തിൽ ഉള്ളതെന്തും നമുക്ക് തുല്യമായി അവകാശപ്പെട്ടിരിക്കുന്നു. അപ്പോൾ പിന്നെ ദാനത്തിനു പ്രസക്തിയെന്ത്. ദാനം ചെയ്യൂ എന്ന് പറയുന്നവൻ, നിന്റെ കയ്യിൽ ഉള്ളത് നിന്റെ അവകാശം ആണ് എന്ന് ധരിച്ചിരിക്കുന്നു. നീ നന്മയുള്ളവൻ ആണ് എന്ന് സ്വയം കരുതുകയാൽ , നീ അതിൽ ഒരു പങ്കു മറ്റൊരാൾക്ക് വെറുതെ കൊടുക്കുന്നു എന്ന ധാരണ ഉണ്ടാക്കുന്നു.
ഇനി നമുക്ക് ദാനം ഒരു ശ്രെഷ്ഠ കർമ്മമായി കണക്കാക്കുന്ന നമ്മുടെ സമൂഹത്തിലേക്ക് തിരിച്ചു വരാം. കുറെ മുൻപ് നിന്ന് തന്നെ തുടങ്ങാം. എന്റെ പറമ്പു. അതിൽ ഒരു മാവ്. അതിൽ ആയിരം മാങ്ങകൾ. എന്റെ വീട്ടിൽ ആകെ മൂന്നു പേര്. എല്ലാ വസ്തുക്കളെയും പോലെ മാങ്ങകളും ഒരു പ്രത്യേക സമയത്തു സൃഷ്ടിക്കപ്പെടുകയും, നമുക്ക് തിന്നാൻ പാകത്തിൽ പഴുക്കുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ എനിക്ക് ഈ ആയിരം മാങ്ങ ഒരു വര്ഷം മുഴുവൻ സൂക്ഷിച്ചു വച്ച് , അത് തിന്നു ജീവിച്ചു പോകാൻ കഴിയുന്നില്ല. കാരണം അവ പാഴായി പോകും. അപ്പോഴാണ് ഞാൻ ആദ്യമായി ദാന ശീലൻ ആകുന്നതു. മാങ്ങയില്ലാത്ത അനേകം വീടുകൾ ചുറ്റും ഉള്ളതിൽ ഓരോന്നിലും കയറി ഇറങ്ങി ഞാൻ എന്റെ ഈ മാങ്ങ വിതരണം ചെയ്യുകയാണ്. മഹത്തായ ഒരു പ്രക്രിയയായി ഇതിനെ നിങ്ങൾ എണ്ണുമെങ്കിലും ഇതിലും കാപട്യത്തിന്റെ ഒരു അംശം ഉള്ളതായി ഞാൻ വിചാരിക്കുന്നു. കാരണം ഈ ദാനം, ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഒരു തിരിച്ചു ദാനത്തിൽ അവസാനിക്കുക തന്നെ ചെയ്യും. പക്ഷെ അന്നത്തെ സാഹചര്യത്തിൽ അത് തികച്ചും സ്നേഹത്തിൽ കുതിർന്ന ഒരു പ്രവർത്തിയാണ് എന്ന് പറയാതെ നിവൃത്തിയില്ല.
ഇത്തരം ദാന പ്രവർത്തികളുടെ തുടർച്ചയായിരുന്നു കച്ചവടം. കച്ചവടം സ്ഥാപനവൽക്കരിക്കപ്പെട്ട ദാനം തന്നെ ആയിരുന്നു. നിങ്ങൾ നിങ്ങൾ സൃഷ്ടിച്ച അനേകം വസ്തുക്കളുമായി ചന്ത എന്ന പൊതു സ്ഥലത്തു എത്തിപ്പെടുന്നു. അവിടെ നിങ്ങൾ, അധികപ്പറ്റായ ഓരോ സാധനങ്ങളും ദാനം ചെയ്യുകയാണ്. മറ്റൊന്ന് പകരം കിട്ടാൻ വേണ്ടിയുള്ള ഈ ദാനമാണ് കച്ചവടം.
ദാനം ഒരു സദ് കർമ്മമായി അംഗീകരിച്ച സമൂഹം, മുതലാളിത്ത ജീവിത രീതി അംഗീകരിച്ച സമൂഹമാണ്. ലോകത്തിന്റെ ഒരു നിശ്ചിത ഭാഗം ചിലർക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന് വിശ്വസിക്കുന്നവർ ആണ്. ദാനം ഒരു ഉത്കൃഷ്ട പ്രവർത്തിയായി നില നിൽക്കണം എന്ന് ആഗ്രഹിക്കുന്ന ജനത, മനുഷ്യനും മനുഷ്യനും ഇടയിലുള്ള തുല്യതയെ നിരാകരിക്കുന്ന ജനതയാണ്. ദാനം സ്വീകരിക്കുന്ന ഞാൻ , നിന്റെ നന്മ കൊണ്ട് മാത്രം ഈ ലോകത്തു ജീവിച്ചു പോകേണ്ടവൻ ആണെന്ന ധാരണ എന്നിൽ ഉണ്ടാക്കുന്നു. അത് തികച്ചും പിന്തിരിപ്പൻ ആയ ഒരു ചിന്താഗതിയാണ് എന്ന് പറയാതെ നിവൃത്തിയില്ല

Saturday, 19 November 2016

കൈവരികൾ

ബ്രൂസ് ലീയുടെ കണ്ടുപിടുത്തമായിരുന്നു മലയാള സിനിമയ്ക്കു ഏറ്റ, ഏറ്റവും വലിയ ആഘാതം എന്ന് ഞാൻ മുൻപൊരിക്കൽ ഈ പേജുകളിൽ എഴുതിയിട്ടുണ്ട്. ഈർക്കില് പോലെ ഉള്ള നായകന്മാരും നിന്ന നിൽപ്പിൽ ആയിരം പേരെ ഊതി പറപ്പിച്ചു കളയും എന്നുള്ള നില വന്നു. അവരിൽ ചിലര് എ കെ 44 എന്ന മാരകായുധത്തെ പോലും പുല്ലു പോലെ അവഗണിച്ചു കളഞ്ഞു.
അങ്ങനെ ഉള്ള ഒരു സാഹചര്യത്തിൽ ഒരു സാദാ പ്രേക്ഷകൻ ആയ ഞാൻ, മഹേഷിന്റെ പ്രതികാരം പോലെ ഉള്ള ഒരു സാദാ സിനിമ ഇഷ്ടപ്പെട്ടു പോകുന്നത് സ്വാഭാവികമാണ്. മേലെ വിവരിച്ച രീതിയിൽ ഉള്ള അമാനുഷിക സിദ്ധികൾ ഒന്നുമില്ലാത്ത ഒരു പച്ച നായകൻ. വേണ്ടുവോളം അടി മേടിച്ചു കെട്ടുന്ന നായകരെ എനിക്ക് പണ്ടേ ഇഷ്ടമായിരുന്നു.
പക്ഷെ ഞാൻ ഇപ്പോൾ ഇവിടെ പറയാൻ പോകുന്നത് അടി മേടിക്കൽ എന്ന കലയെ കുറിച്ച് മാത്രമല്ല, അടി കൊടുക്കൽ എന്ന കലയെ കുറിച്ചും കൂടിയാണ്. ഇവിടെ ഞാൻ നായകനെയും അസിസ്റ്റന്റ് നായകനെയും വിട്ടു , നിരുപദ്രവിയായ മറ്റൊരു മനുഷ്യനിൽ എന്റെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. സഹോദരിയെ ആരോ തമാശയാക്കുന്നതു കണ്ട് ഒന്നും പറയാനോ പ്രതികരിക്കാനോ ആവാത്ത താള് പോലെ ഉള്ള ആ മനുഷ്യൻ, നമ്മുടെ കഥാനായകന്റെ കൂടെ കരാട്ടെ പഠിക്കാൻ വരുന്നു. ഈ കാരാട്ടെ പഠനവും അതിന്റെ ആഘാതവും ആണ് ഞാൻ ഇവിടെ വിവരിക്കുന്നത്. കരാട്ടെ ക്ലാസിൽ പോയി അഞ്ചാം നാൾ (പത്താം നാൾ എന്ന് പറഞ്ഞാലും വലിയ കുഴപ്പമില്ല) നമ്മുടെ കഥാപാത്രം, വഴി അരികിൽ വച്ച് തന്റെ പ്രതിയോഗിയെ ഇടിച്ചു പരത്തി കളഞ്ഞു . ഇത് കണ്ടു നിങ്ങൾ ആരും കയ്യടിക്കാതിരുന്നത്, ഇത്തരം പരിപാടികൾ നായകൻറെ ഏരിയ ആണെന്ന് നിങ്ങൾ ആത്മാർത്ഥമായും വിശ്വസിക്കുന്നത് കൊണ്ടാണ്. എക്സ്ട്രാ നടന്മാർക്ക് ഇങ്ങനെ ഉള്ള അമാനുഷിക സിദ്ധികൾക്കു തീരെ സ്കോപ്പ് ഇല്ല എന്നും നിങ്ങൾ വിചാരിക്കുന്നു . പക്ഷെ ഒരു യഥാതഥ സിനിമയിൽ അങ്ങനെ ഒക്കെ കാണിച്ചാൽ, നിങ്ങളിൽ ചില ബുദ്ധി ജീവികൾ എങ്കിലും തെറ്റി ധരിച്ചു പോകും, ഈ കരാട്ടെ എന്നത് അങ്ങനെ ഉള്ളത് വല്ലതും ആകുമോ എന്ന്. നിങ്ങളുടെ സഹോദരിമാരിൽ ചിലരെങ്കിലും , രണ്ട് മൂന്നു ദിവസം കരാട്ടെ പഠിച്ചു, അർദ്ധ രാത്രി തെരുവിലൂടെ നടന്നാൽ എന്ത് എന്ന് പോലും ചിന്തിച്ചേക്കാൻ ഇടയുണ്ട്. അത് കൊണ്ടാണ് ഞാൻ ഇക്കാര്യത്തിൽ എന്തെങ്കിലും പറഞ്ഞെ ഒക്കൂ എന്നുള്ള തീരുമാനം എടുത്തത്. ആദ്യമായും വ്യക്തമായി പറയുന്നത് ഇതാണ്. കരാട്ടേക്കു ഇത്തരം അമാനുഷിക സിദ്ധികൾ ഒന്നും ഇല്ല. എല്ലായിടത്തും സംഭവിക്കുന്നത് പോലെ നല്ലവന്റെ കയ്യിൽ കിട്ടിയാൽ അടി മേടിച്ചു പോരുക അല്ലാതെ മറ്റു നിവൃത്തികൾ ഒന്നുമില്ല. അപ്പോൾ ഇവിടെ സംഭവിച്ചത് പച്ച കള്ളം ആണ് എന്നാണു ഞാൻ പറയുന്നത് എന്ന് ധരിച്ചു പോകരുത്. അത് സംഭവിക്കാം . എങ്ങനെ എന്ന് ചോദിച്ചാൽ. കോൺഫിഡൻസ് . അതാണ് കാര്യം. അതിനെ കുറിച്ച് കൂടുതൽ എന്തെങ്കിലും പറയുന്നതിന് പകരം, പ്രസിദ്ധ കഥാകൃത്തു ബാലേട്ടൻ മുൻപ് എഴുതിയ ഒരു സാരോപദേശ കഥ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണ്. 'ദൈവത്തിന്റെ ആവശ്യം' എന്നോ മറ്റോ ആയിരുന്നു കഥയുടെ പേര്.
ഒരു ആഴമുള്ള കൊല്ലിക്കു ഇരുവശവും ഉള്ള രണ്ട് ഗ്രാമങ്ങളെ യോചിപ്പിക്കാൻ അവയ്ക്കു ഇടയിൽ ഉയരത്തിൽ ഒരു ഒറ്റയടി പാത കെട്ടി. നല്ല ശക്തിയുള്ള ഇരുമ്പു കൊണ്ട് നിർമിച്ച ഒറ്റയടി പാത. പക്ഷെ അതിനു കൈവരികൾ ഇല്ലായിരുന്നു. പാതയിൽ ആദ്യത്തെ അടി വെക്കുമ്പോഴേക്കും താഴേക്കു നോക്കുന്ന പ്രേക്ഷകൻ തല ചുറ്റി വീണു പോകും. ആരും പാലം കടക്കാതെ. പഴയതു പോലെ ഊരു ചുറ്റി അടുത്ത ഗ്രാമം പൂക്കുന്ന നില തുടർന്നു. അങ്ങനെ ആയപ്പോൾ ഏതോ ഒരു ധനികൻ സ്വന്തം ചിലവിൽ ഒറ്റയടിക്ക് പാതയുടെ ഇരുവശവും ശക്തിയുള്ള ഒരു കൈവരി കെട്ടി കൊടുത്തു. താഴെ നോക്കിയാൽ കാണാത്ത തരത്തിൽ അതിനെ മുഴു നീളത്തിൽ ഷീറ്റ് കൊണ്ട് മറച്ചു. ജനങ്ങൾ അതിലെ നടക്കാൻ തുടങ്ങി. കടക്കുന്നവർ ആരും കൈവരികകളിൽ പിടിക്കുക പോലും ചെയ്തില്ല.
കയങ്ങൾ എല്ലാ കാലത്തും ഉണ്ടാകും. അത് കടന്നു പോകാനുള്ള മനുഷ്യന്റെ ഭീതിയും. ഒറ്റയടിപ്പാതകളുടെ കൈവരികളോ പടച്ചോനോ അവിടെ ഉണ്ടായിരിക്കണം. അത് പോലെ കരാട്ടെയും. അവയ്ക്കു എന്തെങ്കിലും പ്രത്യേക ശക്തി ഇല്ല എങ്കിലും അവ അവിടെ ഉണ്ടായിരിക്കണം. അങ്ങനെ എങ്കിൽ മനുഷ്യൻ ധീരനായി പോരാടി കൊള്ളും

Sunday, 13 November 2016

ഇക്കളി നമ്മളോട് വേണ്ട അഥവാ സാഹോദര്യം നീണാൾ വാഴട്ടെ

മാർക്കറ്റിൽ മീൻ വാങ്ങാൻ പോയപ്പോൾ, മാർക്കറ്റിന്റെ മൂലയിൽ നിന്ന് നാലഞ്ചു പേര് എന്നെ തന്നെ നോക്കുന്നു.  അതിൽ ഒരാള് എന്നെ വല്ലാതെ ചൂഴ്ന്നു നോക്കുന്നു.  അവര് എന്നെ കുറിച്ച് എന്തോ പറയുകയാണ്.  ആകെ ഒരു പന്തികേടുള്ളത് പോലെ എനിക്ക് തോന്നി.  ഇങ്ങനെ ഉള്ള പന്തികേടുകൾ എന്തെങ്കിലും തോന്നിയാൽ മുന്നിലും പിന്നിലും നോക്കാതെ ഒരൊറ്റ ഓട്ടം ഓടിയാൽ മതി എന്നാണു പണ്ട് ബാലാട്ടൻ എന്നെ ഉപദേശിച്ചത്.  പക്ഷെ അത് രാത്രിയിലെ കാര്യം. ഈ പട്ടാപ്പകൽ അങ്ങനെ ഓടുന്നത് മോശമല്ലേ എന്ന് കരുതി ഞാൻ പ്രതിമ പോലെ അവിടെ നിന്ന്.  ഒരു പ്രതിമയാണ് എന്ന് വിചാരിച്ചു അവര് മാറിപ്പോകട്ടെ എന്ന് കരുതി. പക്ഷെ രക്ഷയില്ല . അവര് എന്റെ അടുത്തേക്ക് നടന്നു വരികയാണ്.  എന്റെ മുന്നിൽ എത്തിയ ഉടനെ കൂട്ടത്തിൽ ഗുണ്ടയെ പോലെ തോന്നിച്ച ഒരുവൻ എന്റെ മുഖത്ത് നോക്കി ഇങ്ങനെ ചോദിച്ചു

നിങ്ങൾ എന്തിനാ ഇവിടെ വന്നത്.

ഒരു വിധം ധൈര്യം സംഭരിച്ചു ഞാൻ  ഇങ്ങനെ പറഞ്ഞു.  'ഞാൻ എവിടെ പോകുന്നു എന്ന് ചോദിക്കാൻ നിങ്ങൾ ആരാണ്. ഞാൻ എവിടെയും പോകും.

ഗുണ്ടയുടെ ഭാവം അല്പം ഒന്ന് മയപ്പെട്ടതു പോലെ തോന്നി. അയാള് ഇങ്ങനെ പറഞ്ഞു

അല്ല മറ്റൊന്നും വിചാരിക്കരുത്.  നിങ്ങൾ എന്ത് വാങ്ങിക്കാനാണ് വന്നത് എന്ന് ചോദിച്ചതാണ്.

മാർക്കറ്റിൽ പിന്നെ ആനയെ മേടിക്കാൻ വരുമോ.  ഇതെന്തു ചോദ്യമാ ഗുണ്ടേ നീ ചോദിക്കുന്നത്. ഞാനും വിട്ടു കൊടുത്തില്ല.  അവന്റെ മയപ്പെടൽ എന്നെ ഒരു തരം ഗുണ്ടയാക്കി പരിണമിച്ചിരുന്നു.  അപ്പോൾ അയാള് വീണ്ടും മയപ്പെട്ടു ഇങ്ങനെ ചോദിച്ചു.

നിങ്ങൾക്കു മൽസ്യം അല്ലാതെ മറ്റു വല്ലതും വേണോ.

തേങ്ങാ വേണം.  വെളിച്ചെണ്ണ വേണം. അങ്ങനെ ചിലതൊക്കെ

അപ്പോൾ നിങ്ങള്ക്ക് രണ്ടായിരം രൂപയുടെ എങ്കിലും സാധനം വേണമെന്ന് അർഥം. അല്ലെ.

അതെ ഏകദേശം അത് തന്നെ

ഞാൻ അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവിടെ കേട്ടത് ഒരു ആരവമാണ്.   ആ കൂട്ടത്തിലുള്ള എല്ലാവരും,  തങ്ങളുടെ ടീമു ഗോൾ അടിക്കുന്നത് കണ്ട് കാണികള് ബഹളം ഉണ്ടാക്കുന്നത് പോലെ ഉള്ള ഒരു ആരവം പ്രകടിപ്പിക്കാൻ തുടങ്ങി. അപ്പോൾ ഗുണ്ടാ ഇങ്ങനെ പറഞ്ഞു

എന്നാൽ നിങ്ങളും കൂടെ ഇവിടെ നമുക്കരികിൽ ചേർന്ന് നിന്നോളൂ. നമ്മുടെ അന്വേഷണം നമുക്ക് തുടരാം.

എന്താ നിങ്ങളുടെ പരിപാടി

അത് ഒരു ചെറു കഥപോലെ പറയാം.  ഇവിടെ ഉള്ള ഈ അഞ്ച് പേര് ഉണ്ടല്ലോ . അവരും രണ്ടായിരക്കാർ ആണ്.  അവരും  ഏകദേശം രണ്ടായിരം രൂപയുടെ സാധനം വാങ്ങാൻ വന്നവരാണ്.  പക്ഷെ സംഗതി ബാലി കേറാ മാലയാണ് എന്ന് ഇപ്പോഴാ മനസ്സിലായത്.  അത് കൊണ്ട് നമ്മൾ ആളുകളെ ചാക്കിട്ടു പിടിക്കാൻ നിൽക്കുകയാണ്. എന്തിനു എന്ന് ചോദിച്ചാൽ,  സമാന മനസ്കരോ, ഏകദേശം സമാന മനസ്കരോ ആയ ഒരു പത്തു പേരെ കിട്ടിയാൽ നമുക്ക് സാധനങ്ങൾ കൂട്ടമായി വാങ്ങാം. അതായത് നിങ്ങൾ രണ്ടായിരം രൂപയ്ക്കു മീൻ വാങ്ങുന്നു. ഞാൻ അത്രയും പൈസക്ക് പച്ചക്കറി, പിന്നെ അയാൾ രണ്ടായിരത്തിനു തേങ്ങാ.  അങ്ങനെ അങ്ങനെ ഓരോ ആളും ഓരോ സാധനം.  ഒടുവിൽ അതൊക്കെ നമുക്ക് അങ്ങ് ഭാഗിക്കാം.

അങ്ങനെ ഞാൻ രണ്ടായിരം രൂപ കൊടുത്തു അഞ്ചു കിലോ അയക്കൂറ വാങ്ങി. ഒരു കിലോ ഞാൻ എടുത്തു. ബാക്കി അവർക്കു കൊടുത്തു.  അവര് അത് കൃത്യമായി എണ്ണൂറു ഗ്രാം ആക്കി ഭാഗിച്ചു .  ഇനി എനിക്ക്  ആയിരത്തി അറുനൂറു കിട്ടണം. അപ്പോൾ ഞാൻ അതി വിപ്ളാവാകരമായ ഒരു അഭിപ്രായം പാസാക്കി. എനിക്ക് നൂറു രൂപയുടെ പച്ചക്കറി മതി.  അപ്പോൾ എന്റെ പണം അഞ്ഞൂറ് രൂപ ആയി.  ബാക്കിയുള്ള പണമായ ആയിരത്തി അഞ്ഞൂറ് നിങ്ങള് പഴയ നോട് ആയി തന്നാൽ മതി.  വീണ്ടും ഹർഷാരവം. അതാ വരുന്നു എന്റെ ബാക്കി പഴഞ്ചൻ ആയിരത്തി അഞ്ഞൂറ്.  എന്തായാലും നാളെ രാവിലെ ബാങ്കിൽ പോയി വൈകുന്നേരം തിരിച്ചെത്താനുള്ളതാണ്. ഒരു രണ്ട് നോട് കൂടിയത് കൊണ്ട് എന്ത് പ്രശ്നം എന്ന് മനസ്സിൽ കരുതി, ഞാൻ അവരെവരെയും പരിചയപ്പെടാൻ തുടങ്ങി.

ഈ കാര്യത്തിൽ വ്യക്തമായ അറിവില്ലാതെ ആണ് നിങ്ങൾ

സംസാരിക്കുന്നതു.

ബാലാട്ടൻ രണ്ടായിരം  രൂപയുടെ അയല വാങ്ങിച്ചു.   നാട്ടുകാർക്ക് വേണ്ടിയാണ്.  ഇനി ഇപ്പോൾ ഓരോ വീട്ടിലും കൊണ്ട് പോയി കൊടുക്കണം.  നാളെ മുതൽ നേരിട്ട് ചോമ്പാലയിൽ പോയി രണ്ടായിരം രൂപയ്ക്കു മീൻ വാങ്ങിയാലോ എന്ന് ബാലാട്ടൻ ആലോചിക്കുന്നു.  ചിലപ്പോൾ ഇത് ഒരു പുതിയ കച്ചവടത്തിന്റെ തുടക്കം ആയേക്കാം.

Thursday, 10 November 2016

കള്ളപ്പണത്തെ കുറിച്ചുള്ള ഒരു സാധാരണക്കാരന്റെ നിഗമനങ്ങൾ

മുൻപൊരിക്കൽ ഒരു സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥി എന്നോട് ഇങ്ങനെ ചോദിച്ചു.  വിദേശത്തു നിക്ഷേപിക്കുന്ന കള്ളപ്പണവും നാട്ടിലെ കള്ളപ്പണവും തമ്മിലുള്ള വ്യത്യാസം എന്ത് എന്ന്.  സാമ്പത്തിക ശാസ്ത്രത്തിന്റെ ബാല പാഠം പോലും അറിയാത്ത എന്നോട് ഇങ്ങനെ ഒരു ചോദ്യം ചോദിക്കേണ്ട കാര്യമുണ്ടോ എന്ന മറു ചോദ്യത്തിന് അവൻ ഇങ്ങനെ മറുപടി പറഞ്ഞു. എനിക്ക് അറിയേണ്ടത് സാമ്പത്തിക ശാസ്ത്രഞ്ജന്റെ അഭിപ്രായം അല്ല.  ഒരു സാധാരണക്കാരൻ ആയ നിങ്ങൾ ഇതു എങ്ങനെ മനസ്സിലാക്കി എന്നുള്ളതാണ്.  അപ്പോൾ ഞാൻ എന്റെ മറുപടി ഇങ്ങനെ പറഞ്ഞു.

നാട്ടിലെ കള്ള പണം എന്നത് എന്റെ കയ്യിലെ പണം നാട്ടിലെ മറ്റൊരാളുടെ കയ്യിൽ എത്തുക എന്നുള്ളതാണ്.  നികുതി വെട്ടിപ്പ്, കരിംചന്ത എന്നിങ്ങനെ ഉള്ള പല പേരുകളും നിങ്ങൾ അതിനു കൊടുത്തിട്ടുണ്ടാവും.  പക്ഷെ അതൊന്നും ഞാൻ ശ്രദ്ധിക്കുന്നില്ല.  ഒരു കാര്യം ഇവിടെ വളരെ പ്രസക്തമാണ്.  ക്രിമിനൽ രീതികളിൽ  ഇതു ചെയ്യുന്നത് ശിക്ഷിക്കപ്പെടേണ്ട കുറ്റം തന്നെ ആണ്.  അല്ലാത്ത രീതിയിൽ എന്റെ പണം ഇപ്പോൾ തന്നെ മറ്റുള്ളവരുടെ കീശകളിൽ എത്തുന്നുണ്ട്.  അത് തെറ്റാണ് എങ്കിൽ ഈ സാമ്പത്തിക അസമത്വം എന്ന ഇന്നത്തെ കലാപരിപാടി തന്നെ തെറ്റാണ് എന്ന് പറയേണ്ടി വരും.  മറ്റൊരു കാര്യം കൂടെ ഇവിടെ വളരെ ഏറെ പ്രസക്തമാണ്.  ഇത്തരത്തിൽ ഒരാള് പണം സ്വരൂപിക്കുന്നതിനു പ്രകൃതി ഹനിക്കപ്പെടുന്നു എങ്കിൽ അത് ശരിയായ ക്രിമിനൽ കുറ്റം തന്നെ ആണ്. ഒരു ഉദാഹരണം പറഞ്ഞാൽ , ഒരു ആപ്പീസിൽ നിന്ന് ഒരു സര്ടിഫിക്കറ് കിട്ടുന്നതിന് നീ ഒരാൾക്ക് നൂറു രൂപ കൊടുത്തു എങ്കിൽ അവിടെ പ്രകൃതി നശിപ്പിക്കപ്പെടുന്നില്ല. മറിച്ചു പാലത്തിന്റെ സിമെന്റ് കട്ട് വിറ്റാണ് ആ പണം നിന്റെ കയ്യിൽ എത്തുന്നത് എങ്കിൽ അവിടെ പ്രകൃതി ഹനിക്കപ്പെടുക തന്നെ ചെയ്യുന്നു.

ഇനി വിദേശത്തു സ്വരൂപിക്കപ്പെടുന്ന കള്ളപ്പണം ഏതാണ്ട് ഇങ്ങനെ ഒക്കെ തന്നെ ആണ് എന്ന് ഞാൻ കരുതുന്നു.  എന്റെ കീശയിലുള്ള പണം ഒരു വിദേശിയുടെ കീശയിലേക്കു എത്തുന്നു എന്നുള്ള വ്യത്യാസം മാത്രം.  മേലെ പറഞ്ഞ എല്ലാ നിയമങ്ങളും ഇവിടെയും ബാധകമാണ്. വിശ്വ സ്നേഹം പറഞ്ഞു നടക്കുന്ന ഈ കാലത്തു അത് അങ്ങനെ തന്നെ വേണമല്ലോ.  എന്ത് കൊണ്ട് ഇവ ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകർക്കുന്നു എന്നുള്ള കാര്യം ഒരു സാമ്പത്തിക ശാസ്ത്രജ്ഞൻ ആയ നിങ്ങൾ എനിക്ക് പറഞ്ഞു തരണം എന്ന് അറിയിച്ചു കൊണ്ട് ഞാൻ എന്റെ സംഭാഷണം തുടർന്ന്.

വിദേശത്തു കള്ളപ്പണം കുന്നു കൂടുക എന്നതിന് അർഥം,  നമ്മുടെ പ്രകൃതി വിഭവങ്ങൾ വിദേശത്തേക്ക് കടത്തപ്പെട്ടിരിക്കുന്നു എന്ന് തന്നെ ആണ്.  കയറ്റുമതിയിലും അത് സംഭവിക്കുന്നു എങ്കിലും,  കയറ്റുമതിയിൽ നമുക്ക് തുല്യമായ (?)  വിദേശ നാണയം ലഭിക്കുന്നു എന്ന് പറയാം. അതായത് നമ്മുടെ വിഭവം അങ്ങോട്ട് പോകുമ്പോൾ അവരുടെ വിഭവം ഇങ്ങോട്ടു വരുന്നു എന്ന് അർഥം (നാം അങ്ങോട്ട് കൊടുക്കുന്നതിനു ആനുപാതികമായല്ല ഇങ്ങോട്ടു വരുന്നത് എന്നുള്ളത് പകൽ പോലെ വ്യക്തം. എന്നാലും കുഴപ്പമില്ല എന്ന് വിചാരിക്കുക) പക്ഷെ ഇവിടെ അങ്ങനെ ഒന്ന് ഉണ്ടാകുന്നില്ല എന്നതാണ് സത്യം. അങ്ങോട്ടേക്ക് പോകുക മാത്രം ചെയ്യുന്നു.  ഇങ്ങോട്ടു ഒന്നും കിട്ടുന്നില്ല.

പണ്ട് ഒരു സുഹൃത്ത് പറഞ്ഞ ഒരു കാര്യം ഇവിടെ എഴുതുന്നത് നിങ്ങള്ക്ക് ഞാൻ ഇവിടെ പറഞ്ഞ കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കിത്തരാൻ ഇടയാക്കുമെന്ന് വിചാരിക്കുന്നു.  ഗൾഫിൽ എണ്ണ പാഠങ്ങൾ മുഴുവനും സ്വകാര്യ വ്യക്തികളുടെ കയ്യിലാണ്.  ഒന്നാം ലോകം അവിടെ നിന്ന് എണ്ണ പണം കൊടുത്തു വാങ്ങുന്നു.   നീതി യുക്തമായ വ്യാപാരം.  പക്ഷെ ഈ വിദേശ പണം കിട്ടുന്ന സ്വകാര്യ വ്യക്തി തനിക്കു കിട്ടിയ പണം ഒക്കെ വിദേശ ബാങ്കുകളിൽ തന്നെ നിക്ഷേപിക്കുന്നു എന്ന് വിചാരിക്കുക.  അതായത് തന്റെ കയ്യിൽ നിന്ന് സാധനം വാങ്ങിയ ആളുടെ ബാങ്കിൽ തന്നെ.  കുഴപ്പം ഒന്നുമില്ല .  അത് അനുവദനീയവും ആണ്.  പക്ഷെ എന്നെങ്കിലും ഒരിക്കൽ ഗൾഫിൽ എണ്ണ വറ്റിയാൽ ഈ സ്വകാര്യ വ്യക്തി വിദേശത്തു സ്ഥിരമായി താമസിക്കുമ്പോൾ അവന്റെ പണവും അവന്റെ കൂടെ പോകുന്നു.  മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു വിദേശ രാജ്യം പണം ചിലവാക്കി എന്നത് അത് തങ്ങളുടെ കയ്യിലേക്ക് തിരിച്ചു വരാൻ വേണ്ടി ചെയ്തത് പോലെ ആയി തീരുന്നു. ഒരു രാജ്യം എന്ന നിലയിൽ അവർ ഈ കച്ചവടത്തിന് വേണ്ടി സ്വന്തം കീശയിൽ നിന്ന് ഒന്നും ചിലവാക്കിയില്ല എന്ന് വരുന്നു.

Monday, 7 November 2016

കൊല എന്ന ദാർശനിക പ്രശ്നം

കൊല എന്നും മനുഷ്യനെ മഥിക്കുന്ന ഒരു പ്രശ്നമായിരുന്നു.  മൃഗങ്ങൾ ശത്രുക്കളായി തുടർന്ന കാലത്തോളം മനുഷ്യർക്ക് അവയെ ക്രൂരർ എന്ന ലേബലിൽ നിഗ്രഹിക്കാമായിരുന്നു.  പക്ഷെ അവയിൽ ചിലവയെ അവൻ തന്റെ സ്വാർത്ഥ ലാഭത്തിനു വേണ്ടി എടുത്തു വളർത്തിയപ്പോൾ മുതലാണ് പ്രശ്നങ്ങൾ ഉത്ഭവിക്കാൻ തുടങ്ങിയത്.  അവയിൽ ചിലവയൊക്കെ മനുഷ്യനെ വല്ലാതെ സ്നേഹിക്കാൻ തുടങ്ങി. അവയിൽ മാനുഷികമായ സ്നേഹം ആരോപിച്ച മനുഷ്യനും ചില നേരങ്ങളിൽ അവയുമായി വല്ലാതെ അടുപ്പത്തിൽ ആയി.  അങ്ങനെ ഒരു മാനുഷിക ഭാവം കൈകൊണ്ട മൃഗങ്ങളെ മനുഷ്യന് കൊല്ലാൻ പറ്റാത്ത സ്ഥിതി വിശേഷം സംജാതമായി. തന്നോട് അടുത്തു നിൽക്കുന്ന ഇരയുടെ നേരെ ഉള്ള മനുഷ്യന്റെ മനോഭാവം എന്നും അങ്ങനെ ആയിരുന്നു.  മനുഷ്യൻ അവയുടെ മുന്നിൽ നിസ്സഹായർ ആവുന്നു.  അപ്പോൾ അവയെ തിന്നാൻ വേണ്ടിയെങ്കിലും കൊന്നേ ഒക്കൂ എന്നാകുമ്പോൾ മനുഷ്യന്റെ  മുന്നിൽ ഒരൊറ്റ വഴിയേ ഉള്ളൂ.  അവയെ വീണ്ടും അകറ്റുക.  അതിനു വേണ്ടി അവനെ സഹായിച്ച രണ്ട് വിഭാഗങ്ങൾ ആയിരുന്നു,  സാദാ ശാസ്ത്രവും തത്വ ശാസ്ത്രവും.  സാദാ ശാസ്ത്രം ഒരു മൃഗത്തെ പ്രോട്ടീനുകളും വിറ്റാമിനുകളും മറ്റുമായി തരം തിരിച്ചു അവയെ വെറും ഒരു ഭക്ഷണം മാത്രമാക്കി  അധഃപതിപ്പിച്ചു. അവയെ ജട വസ്തുക്കൾ മാത്രമായി മാറ്റി തീർത്തു.  ഒരു മരം മരിക്കുന്നതിന് സമാനമായ പ്രക്രിയ ആയി തീർന്നു മൃഗ ഹത്യ.  മറ്റൊരു ഭാഗത്തു നിന്ന് തത്വ ശാസ്ത്രം മഹനീയങ്ങളായ വാക്കുകളിലൂടെ മനുഷ്യന്റെ അപ്രമാദിത്വവും, തദ്വാരാ മൃഗങ്ങൾ അവനു വേണ്ടി മാത്രമായി ജീവിക്കേണ്ടവ ആണെന്നും ഉള്ള  അർദ്ധ സത്യം പ്രചരിപ്പിച്ചു.  കൊല ലോക നിയമം ആണെന്നും , അതില്ലാതെ കാട്ടു മൃഗങ്ങൾക്കു പോലും നില നില്പില്ലെന്നും അവ നമ്മളെ പറഞ്ഞു പഠിപ്പിച്ചു.  അങ്ങനെ മൃഗ ഹത്യ ഒരു നിയമമായി തീർന്നു.

പക്ഷെ എന്താണ് കൊലയുടെ തത്വ ശാസ്ത്രം.  കാട്ടു മൃഗങ്ങൾക്കു കൊല ഇല്ലാതെ നില നിൽപ്പില്ല.  അത് പ്രകൃതി തത്വമായി അംഗീകരിക്കുന്ന മനുഷ്യൻ,  കൊലയെ നിഷേധിക്കുന്നതിലൂടെ പ്രകൃതിയെ നിഷേധിക്കുകയാണോ.  കാട്ടു മൃഗങ്ങളുടെ കൊലക്കു ഒരു താളം ഉണ്ടെന്നു ഞാൻ കരുതുന്നു.  അവ ആവശ്യത്തിന് വേണ്ടി മാത്രം കൊല നടത്തുന്നു.  അതിസൃഷ്ടിയോ,  വിരളതയോ കാടുകളിൽ ഒരു പ്രശ്നമാകുന്നില്ല.   അതി ദ്രുതം വര്ധിക്കുന്നവ എന്തും അവിടെ ഭക്ഷണമായി  പരിണമിക്കുന്നു.   അങ്ങനെ അവ പ്രകൃതിക്കു ഏൽപ്പിക്കാൻ ഇടയുണ്ടായിരുന്ന ആഘാതങ്ങളിൽ നിന്ന് പ്രകൃതിയും രക്ഷപ്പെട്ടു പോകുന്നു.  കൊല അവിടെ പരോക്ഷമായി പ്രകൃതി സംരക്ഷണം കൂടി ആയി തീരുന്നു.

മൃഗങ്ങളെ മാത്രം ഭക്ഷിക്കുന്ന ഹിംസ്ര ജന്തുക്കൾ ഒരിക്കലും പ്രകൃതിക്കു  ഭീഷണി ആകുന്നില്ല.  കാരണം അവ ഒരു സസ്യത്തെയും അപകട പ്പെടുത്തുന്നില്ല.  പക്ഷെ ക്രമാതീതമായി വർധിക്കുന്ന സസ്യ ഭോജികൾ ആയ മൃഗങ്ങൾ, ചിലപ്പോൾ പ്രകൃതിയിൽ ആപത്തു വിതച്ചേക്കാം.  ഹിംസ്ര ജന്തുക്കൾ ഒരു പരിധിയിൽ അധികം കുറയുകയോ,  ഉള്ളവ കാഴ്ച ബംഗ്ളാവുകളിൽ തടവിലാക്കപ്പെടുകയോ ചെയ്യുന്ന ഒരിടത്തു,  സസ്യ ഭോജികളുടെ ജന സംഖ്യ ക്രമാതീതമായി വർധിക്കാൻ ഇടയുണ്ട്. ഇന്ന് അവയെ തിന്നു തീർക്കാൻ നരിയും പുലിയും കടുവയും ഇല്ല.  അങ്ങനെ അവ വർധിക്കുമ്പോൾ അവ കാടുകളെ തിന്നു തീർത്തെന്നും വരും