Thursday, 10 November 2016

കള്ളപ്പണത്തെ കുറിച്ചുള്ള ഒരു സാധാരണക്കാരന്റെ നിഗമനങ്ങൾ

മുൻപൊരിക്കൽ ഒരു സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥി എന്നോട് ഇങ്ങനെ ചോദിച്ചു.  വിദേശത്തു നിക്ഷേപിക്കുന്ന കള്ളപ്പണവും നാട്ടിലെ കള്ളപ്പണവും തമ്മിലുള്ള വ്യത്യാസം എന്ത് എന്ന്.  സാമ്പത്തിക ശാസ്ത്രത്തിന്റെ ബാല പാഠം പോലും അറിയാത്ത എന്നോട് ഇങ്ങനെ ഒരു ചോദ്യം ചോദിക്കേണ്ട കാര്യമുണ്ടോ എന്ന മറു ചോദ്യത്തിന് അവൻ ഇങ്ങനെ മറുപടി പറഞ്ഞു. എനിക്ക് അറിയേണ്ടത് സാമ്പത്തിക ശാസ്ത്രഞ്ജന്റെ അഭിപ്രായം അല്ല.  ഒരു സാധാരണക്കാരൻ ആയ നിങ്ങൾ ഇതു എങ്ങനെ മനസ്സിലാക്കി എന്നുള്ളതാണ്.  അപ്പോൾ ഞാൻ എന്റെ മറുപടി ഇങ്ങനെ പറഞ്ഞു.

നാട്ടിലെ കള്ള പണം എന്നത് എന്റെ കയ്യിലെ പണം നാട്ടിലെ മറ്റൊരാളുടെ കയ്യിൽ എത്തുക എന്നുള്ളതാണ്.  നികുതി വെട്ടിപ്പ്, കരിംചന്ത എന്നിങ്ങനെ ഉള്ള പല പേരുകളും നിങ്ങൾ അതിനു കൊടുത്തിട്ടുണ്ടാവും.  പക്ഷെ അതൊന്നും ഞാൻ ശ്രദ്ധിക്കുന്നില്ല.  ഒരു കാര്യം ഇവിടെ വളരെ പ്രസക്തമാണ്.  ക്രിമിനൽ രീതികളിൽ  ഇതു ചെയ്യുന്നത് ശിക്ഷിക്കപ്പെടേണ്ട കുറ്റം തന്നെ ആണ്.  അല്ലാത്ത രീതിയിൽ എന്റെ പണം ഇപ്പോൾ തന്നെ മറ്റുള്ളവരുടെ കീശകളിൽ എത്തുന്നുണ്ട്.  അത് തെറ്റാണ് എങ്കിൽ ഈ സാമ്പത്തിക അസമത്വം എന്ന ഇന്നത്തെ കലാപരിപാടി തന്നെ തെറ്റാണ് എന്ന് പറയേണ്ടി വരും.  മറ്റൊരു കാര്യം കൂടെ ഇവിടെ വളരെ ഏറെ പ്രസക്തമാണ്.  ഇത്തരത്തിൽ ഒരാള് പണം സ്വരൂപിക്കുന്നതിനു പ്രകൃതി ഹനിക്കപ്പെടുന്നു എങ്കിൽ അത് ശരിയായ ക്രിമിനൽ കുറ്റം തന്നെ ആണ്. ഒരു ഉദാഹരണം പറഞ്ഞാൽ , ഒരു ആപ്പീസിൽ നിന്ന് ഒരു സര്ടിഫിക്കറ് കിട്ടുന്നതിന് നീ ഒരാൾക്ക് നൂറു രൂപ കൊടുത്തു എങ്കിൽ അവിടെ പ്രകൃതി നശിപ്പിക്കപ്പെടുന്നില്ല. മറിച്ചു പാലത്തിന്റെ സിമെന്റ് കട്ട് വിറ്റാണ് ആ പണം നിന്റെ കയ്യിൽ എത്തുന്നത് എങ്കിൽ അവിടെ പ്രകൃതി ഹനിക്കപ്പെടുക തന്നെ ചെയ്യുന്നു.

ഇനി വിദേശത്തു സ്വരൂപിക്കപ്പെടുന്ന കള്ളപ്പണം ഏതാണ്ട് ഇങ്ങനെ ഒക്കെ തന്നെ ആണ് എന്ന് ഞാൻ കരുതുന്നു.  എന്റെ കീശയിലുള്ള പണം ഒരു വിദേശിയുടെ കീശയിലേക്കു എത്തുന്നു എന്നുള്ള വ്യത്യാസം മാത്രം.  മേലെ പറഞ്ഞ എല്ലാ നിയമങ്ങളും ഇവിടെയും ബാധകമാണ്. വിശ്വ സ്നേഹം പറഞ്ഞു നടക്കുന്ന ഈ കാലത്തു അത് അങ്ങനെ തന്നെ വേണമല്ലോ.  എന്ത് കൊണ്ട് ഇവ ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകർക്കുന്നു എന്നുള്ള കാര്യം ഒരു സാമ്പത്തിക ശാസ്ത്രജ്ഞൻ ആയ നിങ്ങൾ എനിക്ക് പറഞ്ഞു തരണം എന്ന് അറിയിച്ചു കൊണ്ട് ഞാൻ എന്റെ സംഭാഷണം തുടർന്ന്.

വിദേശത്തു കള്ളപ്പണം കുന്നു കൂടുക എന്നതിന് അർഥം,  നമ്മുടെ പ്രകൃതി വിഭവങ്ങൾ വിദേശത്തേക്ക് കടത്തപ്പെട്ടിരിക്കുന്നു എന്ന് തന്നെ ആണ്.  കയറ്റുമതിയിലും അത് സംഭവിക്കുന്നു എങ്കിലും,  കയറ്റുമതിയിൽ നമുക്ക് തുല്യമായ (?)  വിദേശ നാണയം ലഭിക്കുന്നു എന്ന് പറയാം. അതായത് നമ്മുടെ വിഭവം അങ്ങോട്ട് പോകുമ്പോൾ അവരുടെ വിഭവം ഇങ്ങോട്ടു വരുന്നു എന്ന് അർഥം (നാം അങ്ങോട്ട് കൊടുക്കുന്നതിനു ആനുപാതികമായല്ല ഇങ്ങോട്ടു വരുന്നത് എന്നുള്ളത് പകൽ പോലെ വ്യക്തം. എന്നാലും കുഴപ്പമില്ല എന്ന് വിചാരിക്കുക) പക്ഷെ ഇവിടെ അങ്ങനെ ഒന്ന് ഉണ്ടാകുന്നില്ല എന്നതാണ് സത്യം. അങ്ങോട്ടേക്ക് പോകുക മാത്രം ചെയ്യുന്നു.  ഇങ്ങോട്ടു ഒന്നും കിട്ടുന്നില്ല.

പണ്ട് ഒരു സുഹൃത്ത് പറഞ്ഞ ഒരു കാര്യം ഇവിടെ എഴുതുന്നത് നിങ്ങള്ക്ക് ഞാൻ ഇവിടെ പറഞ്ഞ കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കിത്തരാൻ ഇടയാക്കുമെന്ന് വിചാരിക്കുന്നു.  ഗൾഫിൽ എണ്ണ പാഠങ്ങൾ മുഴുവനും സ്വകാര്യ വ്യക്തികളുടെ കയ്യിലാണ്.  ഒന്നാം ലോകം അവിടെ നിന്ന് എണ്ണ പണം കൊടുത്തു വാങ്ങുന്നു.   നീതി യുക്തമായ വ്യാപാരം.  പക്ഷെ ഈ വിദേശ പണം കിട്ടുന്ന സ്വകാര്യ വ്യക്തി തനിക്കു കിട്ടിയ പണം ഒക്കെ വിദേശ ബാങ്കുകളിൽ തന്നെ നിക്ഷേപിക്കുന്നു എന്ന് വിചാരിക്കുക.  അതായത് തന്റെ കയ്യിൽ നിന്ന് സാധനം വാങ്ങിയ ആളുടെ ബാങ്കിൽ തന്നെ.  കുഴപ്പം ഒന്നുമില്ല .  അത് അനുവദനീയവും ആണ്.  പക്ഷെ എന്നെങ്കിലും ഒരിക്കൽ ഗൾഫിൽ എണ്ണ വറ്റിയാൽ ഈ സ്വകാര്യ വ്യക്തി വിദേശത്തു സ്ഥിരമായി താമസിക്കുമ്പോൾ അവന്റെ പണവും അവന്റെ കൂടെ പോകുന്നു.  മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു വിദേശ രാജ്യം പണം ചിലവാക്കി എന്നത് അത് തങ്ങളുടെ കയ്യിലേക്ക് തിരിച്ചു വരാൻ വേണ്ടി ചെയ്തത് പോലെ ആയി തീരുന്നു. ഒരു രാജ്യം എന്ന നിലയിൽ അവർ ഈ കച്ചവടത്തിന് വേണ്ടി സ്വന്തം കീശയിൽ നിന്ന് ഒന്നും ചിലവാക്കിയില്ല എന്ന് വരുന്നു.

No comments:

Post a Comment