Monday, 7 November 2016

കൊല എന്ന ദാർശനിക പ്രശ്നം

കൊല എന്നും മനുഷ്യനെ മഥിക്കുന്ന ഒരു പ്രശ്നമായിരുന്നു.  മൃഗങ്ങൾ ശത്രുക്കളായി തുടർന്ന കാലത്തോളം മനുഷ്യർക്ക് അവയെ ക്രൂരർ എന്ന ലേബലിൽ നിഗ്രഹിക്കാമായിരുന്നു.  പക്ഷെ അവയിൽ ചിലവയെ അവൻ തന്റെ സ്വാർത്ഥ ലാഭത്തിനു വേണ്ടി എടുത്തു വളർത്തിയപ്പോൾ മുതലാണ് പ്രശ്നങ്ങൾ ഉത്ഭവിക്കാൻ തുടങ്ങിയത്.  അവയിൽ ചിലവയൊക്കെ മനുഷ്യനെ വല്ലാതെ സ്നേഹിക്കാൻ തുടങ്ങി. അവയിൽ മാനുഷികമായ സ്നേഹം ആരോപിച്ച മനുഷ്യനും ചില നേരങ്ങളിൽ അവയുമായി വല്ലാതെ അടുപ്പത്തിൽ ആയി.  അങ്ങനെ ഒരു മാനുഷിക ഭാവം കൈകൊണ്ട മൃഗങ്ങളെ മനുഷ്യന് കൊല്ലാൻ പറ്റാത്ത സ്ഥിതി വിശേഷം സംജാതമായി. തന്നോട് അടുത്തു നിൽക്കുന്ന ഇരയുടെ നേരെ ഉള്ള മനുഷ്യന്റെ മനോഭാവം എന്നും അങ്ങനെ ആയിരുന്നു.  മനുഷ്യൻ അവയുടെ മുന്നിൽ നിസ്സഹായർ ആവുന്നു.  അപ്പോൾ അവയെ തിന്നാൻ വേണ്ടിയെങ്കിലും കൊന്നേ ഒക്കൂ എന്നാകുമ്പോൾ മനുഷ്യന്റെ  മുന്നിൽ ഒരൊറ്റ വഴിയേ ഉള്ളൂ.  അവയെ വീണ്ടും അകറ്റുക.  അതിനു വേണ്ടി അവനെ സഹായിച്ച രണ്ട് വിഭാഗങ്ങൾ ആയിരുന്നു,  സാദാ ശാസ്ത്രവും തത്വ ശാസ്ത്രവും.  സാദാ ശാസ്ത്രം ഒരു മൃഗത്തെ പ്രോട്ടീനുകളും വിറ്റാമിനുകളും മറ്റുമായി തരം തിരിച്ചു അവയെ വെറും ഒരു ഭക്ഷണം മാത്രമാക്കി  അധഃപതിപ്പിച്ചു. അവയെ ജട വസ്തുക്കൾ മാത്രമായി മാറ്റി തീർത്തു.  ഒരു മരം മരിക്കുന്നതിന് സമാനമായ പ്രക്രിയ ആയി തീർന്നു മൃഗ ഹത്യ.  മറ്റൊരു ഭാഗത്തു നിന്ന് തത്വ ശാസ്ത്രം മഹനീയങ്ങളായ വാക്കുകളിലൂടെ മനുഷ്യന്റെ അപ്രമാദിത്വവും, തദ്വാരാ മൃഗങ്ങൾ അവനു വേണ്ടി മാത്രമായി ജീവിക്കേണ്ടവ ആണെന്നും ഉള്ള  അർദ്ധ സത്യം പ്രചരിപ്പിച്ചു.  കൊല ലോക നിയമം ആണെന്നും , അതില്ലാതെ കാട്ടു മൃഗങ്ങൾക്കു പോലും നില നില്പില്ലെന്നും അവ നമ്മളെ പറഞ്ഞു പഠിപ്പിച്ചു.  അങ്ങനെ മൃഗ ഹത്യ ഒരു നിയമമായി തീർന്നു.

പക്ഷെ എന്താണ് കൊലയുടെ തത്വ ശാസ്ത്രം.  കാട്ടു മൃഗങ്ങൾക്കു കൊല ഇല്ലാതെ നില നിൽപ്പില്ല.  അത് പ്രകൃതി തത്വമായി അംഗീകരിക്കുന്ന മനുഷ്യൻ,  കൊലയെ നിഷേധിക്കുന്നതിലൂടെ പ്രകൃതിയെ നിഷേധിക്കുകയാണോ.  കാട്ടു മൃഗങ്ങളുടെ കൊലക്കു ഒരു താളം ഉണ്ടെന്നു ഞാൻ കരുതുന്നു.  അവ ആവശ്യത്തിന് വേണ്ടി മാത്രം കൊല നടത്തുന്നു.  അതിസൃഷ്ടിയോ,  വിരളതയോ കാടുകളിൽ ഒരു പ്രശ്നമാകുന്നില്ല.   അതി ദ്രുതം വര്ധിക്കുന്നവ എന്തും അവിടെ ഭക്ഷണമായി  പരിണമിക്കുന്നു.   അങ്ങനെ അവ പ്രകൃതിക്കു ഏൽപ്പിക്കാൻ ഇടയുണ്ടായിരുന്ന ആഘാതങ്ങളിൽ നിന്ന് പ്രകൃതിയും രക്ഷപ്പെട്ടു പോകുന്നു.  കൊല അവിടെ പരോക്ഷമായി പ്രകൃതി സംരക്ഷണം കൂടി ആയി തീരുന്നു.

മൃഗങ്ങളെ മാത്രം ഭക്ഷിക്കുന്ന ഹിംസ്ര ജന്തുക്കൾ ഒരിക്കലും പ്രകൃതിക്കു  ഭീഷണി ആകുന്നില്ല.  കാരണം അവ ഒരു സസ്യത്തെയും അപകട പ്പെടുത്തുന്നില്ല.  പക്ഷെ ക്രമാതീതമായി വർധിക്കുന്ന സസ്യ ഭോജികൾ ആയ മൃഗങ്ങൾ, ചിലപ്പോൾ പ്രകൃതിയിൽ ആപത്തു വിതച്ചേക്കാം.  ഹിംസ്ര ജന്തുക്കൾ ഒരു പരിധിയിൽ അധികം കുറയുകയോ,  ഉള്ളവ കാഴ്ച ബംഗ്ളാവുകളിൽ തടവിലാക്കപ്പെടുകയോ ചെയ്യുന്ന ഒരിടത്തു,  സസ്യ ഭോജികളുടെ ജന സംഖ്യ ക്രമാതീതമായി വർധിക്കാൻ ഇടയുണ്ട്. ഇന്ന് അവയെ തിന്നു തീർക്കാൻ നരിയും പുലിയും കടുവയും ഇല്ല.  അങ്ങനെ അവ വർധിക്കുമ്പോൾ അവ കാടുകളെ തിന്നു തീർത്തെന്നും വരും 

No comments:

Post a Comment