Sunday, 13 November 2016

ഇക്കളി നമ്മളോട് വേണ്ട അഥവാ സാഹോദര്യം നീണാൾ വാഴട്ടെ

മാർക്കറ്റിൽ മീൻ വാങ്ങാൻ പോയപ്പോൾ, മാർക്കറ്റിന്റെ മൂലയിൽ നിന്ന് നാലഞ്ചു പേര് എന്നെ തന്നെ നോക്കുന്നു.  അതിൽ ഒരാള് എന്നെ വല്ലാതെ ചൂഴ്ന്നു നോക്കുന്നു.  അവര് എന്നെ കുറിച്ച് എന്തോ പറയുകയാണ്.  ആകെ ഒരു പന്തികേടുള്ളത് പോലെ എനിക്ക് തോന്നി.  ഇങ്ങനെ ഉള്ള പന്തികേടുകൾ എന്തെങ്കിലും തോന്നിയാൽ മുന്നിലും പിന്നിലും നോക്കാതെ ഒരൊറ്റ ഓട്ടം ഓടിയാൽ മതി എന്നാണു പണ്ട് ബാലാട്ടൻ എന്നെ ഉപദേശിച്ചത്.  പക്ഷെ അത് രാത്രിയിലെ കാര്യം. ഈ പട്ടാപ്പകൽ അങ്ങനെ ഓടുന്നത് മോശമല്ലേ എന്ന് കരുതി ഞാൻ പ്രതിമ പോലെ അവിടെ നിന്ന്.  ഒരു പ്രതിമയാണ് എന്ന് വിചാരിച്ചു അവര് മാറിപ്പോകട്ടെ എന്ന് കരുതി. പക്ഷെ രക്ഷയില്ല . അവര് എന്റെ അടുത്തേക്ക് നടന്നു വരികയാണ്.  എന്റെ മുന്നിൽ എത്തിയ ഉടനെ കൂട്ടത്തിൽ ഗുണ്ടയെ പോലെ തോന്നിച്ച ഒരുവൻ എന്റെ മുഖത്ത് നോക്കി ഇങ്ങനെ ചോദിച്ചു

നിങ്ങൾ എന്തിനാ ഇവിടെ വന്നത്.

ഒരു വിധം ധൈര്യം സംഭരിച്ചു ഞാൻ  ഇങ്ങനെ പറഞ്ഞു.  'ഞാൻ എവിടെ പോകുന്നു എന്ന് ചോദിക്കാൻ നിങ്ങൾ ആരാണ്. ഞാൻ എവിടെയും പോകും.

ഗുണ്ടയുടെ ഭാവം അല്പം ഒന്ന് മയപ്പെട്ടതു പോലെ തോന്നി. അയാള് ഇങ്ങനെ പറഞ്ഞു

അല്ല മറ്റൊന്നും വിചാരിക്കരുത്.  നിങ്ങൾ എന്ത് വാങ്ങിക്കാനാണ് വന്നത് എന്ന് ചോദിച്ചതാണ്.

മാർക്കറ്റിൽ പിന്നെ ആനയെ മേടിക്കാൻ വരുമോ.  ഇതെന്തു ചോദ്യമാ ഗുണ്ടേ നീ ചോദിക്കുന്നത്. ഞാനും വിട്ടു കൊടുത്തില്ല.  അവന്റെ മയപ്പെടൽ എന്നെ ഒരു തരം ഗുണ്ടയാക്കി പരിണമിച്ചിരുന്നു.  അപ്പോൾ അയാള് വീണ്ടും മയപ്പെട്ടു ഇങ്ങനെ ചോദിച്ചു.

നിങ്ങൾക്കു മൽസ്യം അല്ലാതെ മറ്റു വല്ലതും വേണോ.

തേങ്ങാ വേണം.  വെളിച്ചെണ്ണ വേണം. അങ്ങനെ ചിലതൊക്കെ

അപ്പോൾ നിങ്ങള്ക്ക് രണ്ടായിരം രൂപയുടെ എങ്കിലും സാധനം വേണമെന്ന് അർഥം. അല്ലെ.

അതെ ഏകദേശം അത് തന്നെ

ഞാൻ അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവിടെ കേട്ടത് ഒരു ആരവമാണ്.   ആ കൂട്ടത്തിലുള്ള എല്ലാവരും,  തങ്ങളുടെ ടീമു ഗോൾ അടിക്കുന്നത് കണ്ട് കാണികള് ബഹളം ഉണ്ടാക്കുന്നത് പോലെ ഉള്ള ഒരു ആരവം പ്രകടിപ്പിക്കാൻ തുടങ്ങി. അപ്പോൾ ഗുണ്ടാ ഇങ്ങനെ പറഞ്ഞു

എന്നാൽ നിങ്ങളും കൂടെ ഇവിടെ നമുക്കരികിൽ ചേർന്ന് നിന്നോളൂ. നമ്മുടെ അന്വേഷണം നമുക്ക് തുടരാം.

എന്താ നിങ്ങളുടെ പരിപാടി

അത് ഒരു ചെറു കഥപോലെ പറയാം.  ഇവിടെ ഉള്ള ഈ അഞ്ച് പേര് ഉണ്ടല്ലോ . അവരും രണ്ടായിരക്കാർ ആണ്.  അവരും  ഏകദേശം രണ്ടായിരം രൂപയുടെ സാധനം വാങ്ങാൻ വന്നവരാണ്.  പക്ഷെ സംഗതി ബാലി കേറാ മാലയാണ് എന്ന് ഇപ്പോഴാ മനസ്സിലായത്.  അത് കൊണ്ട് നമ്മൾ ആളുകളെ ചാക്കിട്ടു പിടിക്കാൻ നിൽക്കുകയാണ്. എന്തിനു എന്ന് ചോദിച്ചാൽ,  സമാന മനസ്കരോ, ഏകദേശം സമാന മനസ്കരോ ആയ ഒരു പത്തു പേരെ കിട്ടിയാൽ നമുക്ക് സാധനങ്ങൾ കൂട്ടമായി വാങ്ങാം. അതായത് നിങ്ങൾ രണ്ടായിരം രൂപയ്ക്കു മീൻ വാങ്ങുന്നു. ഞാൻ അത്രയും പൈസക്ക് പച്ചക്കറി, പിന്നെ അയാൾ രണ്ടായിരത്തിനു തേങ്ങാ.  അങ്ങനെ അങ്ങനെ ഓരോ ആളും ഓരോ സാധനം.  ഒടുവിൽ അതൊക്കെ നമുക്ക് അങ്ങ് ഭാഗിക്കാം.

അങ്ങനെ ഞാൻ രണ്ടായിരം രൂപ കൊടുത്തു അഞ്ചു കിലോ അയക്കൂറ വാങ്ങി. ഒരു കിലോ ഞാൻ എടുത്തു. ബാക്കി അവർക്കു കൊടുത്തു.  അവര് അത് കൃത്യമായി എണ്ണൂറു ഗ്രാം ആക്കി ഭാഗിച്ചു .  ഇനി എനിക്ക്  ആയിരത്തി അറുനൂറു കിട്ടണം. അപ്പോൾ ഞാൻ അതി വിപ്ളാവാകരമായ ഒരു അഭിപ്രായം പാസാക്കി. എനിക്ക് നൂറു രൂപയുടെ പച്ചക്കറി മതി.  അപ്പോൾ എന്റെ പണം അഞ്ഞൂറ് രൂപ ആയി.  ബാക്കിയുള്ള പണമായ ആയിരത്തി അഞ്ഞൂറ് നിങ്ങള് പഴയ നോട് ആയി തന്നാൽ മതി.  വീണ്ടും ഹർഷാരവം. അതാ വരുന്നു എന്റെ ബാക്കി പഴഞ്ചൻ ആയിരത്തി അഞ്ഞൂറ്.  എന്തായാലും നാളെ രാവിലെ ബാങ്കിൽ പോയി വൈകുന്നേരം തിരിച്ചെത്താനുള്ളതാണ്. ഒരു രണ്ട് നോട് കൂടിയത് കൊണ്ട് എന്ത് പ്രശ്നം എന്ന് മനസ്സിൽ കരുതി, ഞാൻ അവരെവരെയും പരിചയപ്പെടാൻ തുടങ്ങി.

ഈ കാര്യത്തിൽ വ്യക്തമായ അറിവില്ലാതെ ആണ് നിങ്ങൾ

സംസാരിക്കുന്നതു.

ബാലാട്ടൻ രണ്ടായിരം  രൂപയുടെ അയല വാങ്ങിച്ചു.   നാട്ടുകാർക്ക് വേണ്ടിയാണ്.  ഇനി ഇപ്പോൾ ഓരോ വീട്ടിലും കൊണ്ട് പോയി കൊടുക്കണം.  നാളെ മുതൽ നേരിട്ട് ചോമ്പാലയിൽ പോയി രണ്ടായിരം രൂപയ്ക്കു മീൻ വാങ്ങിയാലോ എന്ന് ബാലാട്ടൻ ആലോചിക്കുന്നു.  ചിലപ്പോൾ ഇത് ഒരു പുതിയ കച്ചവടത്തിന്റെ തുടക്കം ആയേക്കാം.

No comments:

Post a Comment