ദാനം എന്നത് നിനക്കു ഉള്ളത്, ഇല്ലാത്തവന് കൊടുക്കുന്ന മഹത്തായ പ്രക്രിയയായി കണക്കാക്കപ്പെടുന്നു. കണക്കാക്കപ്പെടുന്നു എന്ന് എഴുതിയത് കൊണ്ട്, എനിക്ക് അതിൽ എന്തോ ഒരു വിശ്വാസക്കുറവ് ഉള്ളതായി നിങ്ങളിൽ ചിലരെങ്കിലും സംശയിച്ചു പോകുന്നു എങ്കിൽ നിങ്ങളുടെ സംശയം അസ്ഥാനത്തല്ല. ദാനം എന്ന ചിന്താഗതി ഒരു തരം പിന്തിരിപ്പൻ മനസ്ഥിതിയുടെ ഉത്പന്നം ആണ്. എന്താണ് ആ പിൻതിരിപ്പൻ മനസ്ഥിതി എന്ന് ചോദിച്ചാൽ, ഈ പ്രപഞ്ചം നമുക്ക് ഏവർക്കും തുല്യമായിട്ടുള്ളതാണ് എന്ന് ഞാൻ വിചാരിക്കുന്നു. അപ്പോൾ ഈ പ്രപഞ്ചത്തിൽ ഉള്ളതെന്തും നമുക്ക് തുല്യമായി അവകാശപ്പെട്ടിരിക്കുന്നു. അപ്പോൾ പിന്നെ ദാനത്തിനു പ്രസക്തിയെന്ത്. ദാനം ചെയ്യൂ എന്ന് പറയുന്നവൻ, നിന്റെ കയ്യിൽ ഉള്ളത് നിന്റെ അവകാശം ആണ് എന്ന് ധരിച്ചിരിക്കുന്നു. നീ നന്മയുള്ളവൻ ആണ് എന്ന് സ്വയം കരുതുകയാൽ , നീ അതിൽ ഒരു പങ്കു മറ്റൊരാൾക്ക് വെറുതെ കൊടുക്കുന്നു എന്ന ധാരണ ഉണ്ടാക്കുന്നു.
ഇനി നമുക്ക് ദാനം ഒരു ശ്രെഷ്ഠ കർമ്മമായി കണക്കാക്കുന്ന നമ്മുടെ സമൂഹത്തിലേക്ക് തിരിച്ചു വരാം. കുറെ മുൻപ് നിന്ന് തന്നെ തുടങ്ങാം. എന്റെ പറമ്പു. അതിൽ ഒരു മാവ്. അതിൽ ആയിരം മാങ്ങകൾ. എന്റെ വീട്ടിൽ ആകെ മൂന്നു പേര്. എല്ലാ വസ്തുക്കളെയും പോലെ മാങ്ങകളും ഒരു പ്രത്യേക സമയത്തു സൃഷ്ടിക്കപ്പെടുകയും, നമുക്ക് തിന്നാൻ പാകത്തിൽ പഴുക്കുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ എനിക്ക് ഈ ആയിരം മാങ്ങ ഒരു വര്ഷം മുഴുവൻ സൂക്ഷിച്ചു വച്ച് , അത് തിന്നു ജീവിച്ചു പോകാൻ കഴിയുന്നില്ല. കാരണം അവ പാഴായി പോകും. അപ്പോഴാണ് ഞാൻ ആദ്യമായി ദാന ശീലൻ ആകുന്നതു. മാങ്ങയില്ലാത്ത അനേകം വീടുകൾ ചുറ്റും ഉള്ളതിൽ ഓരോന്നിലും കയറി ഇറങ്ങി ഞാൻ എന്റെ ഈ മാങ്ങ വിതരണം ചെയ്യുകയാണ്. മഹത്തായ ഒരു പ്രക്രിയയായി ഇതിനെ നിങ്ങൾ എണ്ണുമെങ്കിലും ഇതിലും കാപട്യത്തിന്റെ ഒരു അംശം ഉള്ളതായി ഞാൻ വിചാരിക്കുന്നു. കാരണം ഈ ദാനം, ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഒരു തിരിച്ചു ദാനത്തിൽ അവസാനിക്കുക തന്നെ ചെയ്യും. പക്ഷെ അന്നത്തെ സാഹചര്യത്തിൽ അത് തികച്ചും സ്നേഹത്തിൽ കുതിർന്ന ഒരു പ്രവർത്തിയാണ് എന്ന് പറയാതെ നിവൃത്തിയില്ല.
ഇത്തരം ദാന പ്രവർത്തികളുടെ തുടർച്ചയായിരുന്നു കച്ചവടം. കച്ചവടം സ്ഥാപനവൽക്കരിക്കപ്പെട്ട ദാനം തന്നെ ആയിരുന്നു. നിങ്ങൾ നിങ്ങൾ സൃഷ്ടിച്ച അനേകം വസ്തുക്കളുമായി ചന്ത എന്ന പൊതു സ്ഥലത്തു എത്തിപ്പെടുന്നു. അവിടെ നിങ്ങൾ, അധികപ്പറ്റായ ഓരോ സാധനങ്ങളും ദാനം ചെയ്യുകയാണ്. മറ്റൊന്ന് പകരം കിട്ടാൻ വേണ്ടിയുള്ള ഈ ദാനമാണ് കച്ചവടം.
ദാനം ഒരു സദ് കർമ്മമായി അംഗീകരിച്ച സമൂഹം, മുതലാളിത്ത ജീവിത രീതി അംഗീകരിച്ച സമൂഹമാണ്. ലോകത്തിന്റെ ഒരു നിശ്ചിത ഭാഗം ചിലർക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന് വിശ്വസിക്കുന്നവർ ആണ്. ദാനം ഒരു ഉത്കൃഷ്ട പ്രവർത്തിയായി നില നിൽക്കണം എന്ന് ആഗ്രഹിക്കുന്ന ജനത, മനുഷ്യനും മനുഷ്യനും ഇടയിലുള്ള തുല്യതയെ നിരാകരിക്കുന്ന ജനതയാണ്. ദാനം സ്വീകരിക്കുന്ന ഞാൻ , നിന്റെ നന്മ കൊണ്ട് മാത്രം ഈ ലോകത്തു ജീവിച്ചു പോകേണ്ടവൻ ആണെന്ന ധാരണ എന്നിൽ ഉണ്ടാക്കുന്നു. അത് തികച്ചും പിന്തിരിപ്പൻ ആയ ഒരു ചിന്താഗതിയാണ് എന്ന് പറയാതെ നിവൃത്തിയില്ല
No comments:
Post a Comment