Wednesday, 25 January 2017

ഭക്ഷണം -- പട്ടിണി - ചില വരട്ടു ചിന്തകൾ

വരട്ടു ചിന്തകൾ എന്ന് പറയുമ്പോൾ ചിലരുടെ മനസ്സിൽ വരട്ടിയ കൊഴിയായിരിക്കും  ഉയർന്നു വരിക.  ആ വരട്ടു അല്ല ഈ വരട്ടു.  വരണ്ട ചിന്തകൾ എന്ന ഉദ്ദേശ്യത്തിൽ മാത്രമാണ് ഈ പ്രയോഗം ഇവിടെ ചേർത്തിട്ടുള്ളത്.  ചിന്തിക്കുന്നവർക്ക് ദഹിക്കാത്ത ചില ചിന്തകൾ.

സമീപ കാലത്തു നാട്ടിലെ മുക്കിലും മൂലയിലും (നാട് എന്നാൽ പട്ടണം എന്നാണു അർഥം)  ഉയർന്നു വന്ന ഒരു മുദ്രാവാക്യം ആണ് പട്ടിണി കിടക്കുന്നവന് ഭക്ഷണം കൊടുക്കുക എന്നുള്ളത്.  നിങ്ങൾ ഉപയോഗിച്ച് ബാക്കിയായ ഭക്ഷണങ്ങൾ സ്വീകരിക്കാൻ സന്മനസ്സുള്ള എത്രയോ ചെറുപ്പക്കാർ സ്വയം തയ്യാറായി മുന്നോട്ടു വന്നിരിക്കുന്നു.  അവർ അത് വിശക്കുന്ന വയറുകൾക്കു നേരിട്ടോ, അല്ലാതെയോ എത്തിച്ചു കൊടുക്കുന്നു.  ശ്രെഷ്ടമായ പ്രവർത്തി എന്ന് പറയാം.

പക്ഷെ ഈ പ്രവർത്തി അവിടെ അവസാനിച്ചു പോകുന്നില്ല എന്ന് നാം മനസ്സിലാക്കണം.  ഇതിനെ പ്രോത്സാഹിപ്പിക്കുന്ന പലരും ഉന്നതങ്ങളിൽ ഉണ്ട് എന്നും നിങ്ങൾ മനസ്സിലാക്കണം.  പട്ടിണിയുടെ നിർമാതാക്കൾ തന്നെ , പട്ടിണി നിവാരണത്തിന് വേണ്ടിയുള്ള ഇത്തരം കാര്യങ്ങളെ എന്ത് കൊണ്ട് അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നു എന്നുള്ള കാര്യം നിങ്ങൾ ഒരു നിമിഷം ചിന്തിച്ചു നോക്കേണ്ടതാണ്.

മുൻപൊരിക്കൽ ഒരു ഭിക്ഷക്കാരന് ഞാൻ അഞ്ചു രൂപ കൊടുത്തപ്പോൾ എന്റെ ഒരു സുഹൃത്ത് ഇങ്ങനെ പറഞ്ഞു.  'നീ ഈ ചെയ്യുന്നത് വലിയ ഒരു ചതിയാണ്.  നീ കൊടുക്കുന്ന അഞ്ചു രൂപ അവനിൽ നിന്ന് അവന്റെ പ്രതിഷേധത്തെ എടുത്തു കളയും.  ക്രിയാത്മകമായ ഒരു മാറ്റത്തെ അത് ഇല്ലായ്‌മ ചെയ്യും എന്ന് .   ഞാൻ ഇപ്പോൾ പട്ടിണിയെ കുറിച്ച് ചിന്തിക്കുന്നതും അതെ രീതിയിൽ ആണ്.  നമ്മുടെ നാട്ടിൽ പട്ടിണി ഒരു രാഷ്ട്രീയമാണ്.  അല്ലെങ്കിൽ രാഷ്ട്രീയത്തിന്റെ പാർശ്വ ഉത്പന്നം ആണ്.  അത് ഇല്ലായ്‌മ ചെയ്യാൻ ഒരു വഴിയേ ഉള്ളൂ.  എല്ലാവര്ക്കും ആവശ്യത്തിന് ഭക്ഷണം സൃഷ്ടിക്കുക.  അതിനു ഒരു വഴിയേ ഉള്ളൂ. നമ്മുടെ കാർഷിക മേഖലയെ പുനർ ജീവിപ്പിക്കുക.  അതിൽ കുറഞ്ഞ ഒന്നും ഇതിനു പരിഹാരമല്ല.

നിങ്ങൾ കൂടുതലായി കഴിക്കുന്ന ഭക്ഷണമാണ് രാജ്യത്തിന്റെ പട്ടിണിക്ക് കാരണം എന്ന് പറഞ്ഞു നടക്കേണ്ടത് സ്ഥാപിത താല്പര്യങ്ങളുടെ ആവശ്യമാണ്.  കാരണം അത്തരം ഒരു കാരണം കയ്യിൽ കിട്ടുന്നതോടു കൂടി തങ്ങളുടെ ഉത്തരവാദിത്വം ഒഴിഞ്ഞു കിട്ടി എന്ന് അവർ സമാധാനിക്കുന്നു.  ഇവിടെ പട്ടിണി ഉണ്ടായത്  നിങ്ങൾ സദ്യകളിൽ കൂടുതൽ ഭക്ഷണം വിളമ്പുന്നത് കൊണ്ടോ , അതിൽ കുറെ ഭാഗം പാഴാക്കി കളയുന്നത് കൊണ്ട് ആണെന്നുള്ള ധാരണ അവർ നിങ്ങളുടെ ഇടയിൽ പ്രചരിപ്പിക്കുകയാണ്.  പക്ഷെ ഇരുപതു കോടി ആളുകള് പട്ടിണി കിടക്കാൻ ആ കാരണം പര്യാപ്തമല്ല.

പറഞ്ഞു വരുന്നത് ഇത് മാത്രമാണ്.  പട്ടിണിക്കെതിരെ കുരിശു യുദ്ധം നടത്തുന്ന  നിങ്ങൾ ഓരോരുത്തരും അറിയണം പട്ടിണിയിൽ വ്യക്തമായ രാഷ്ട്രീയം ഉണ്ട് എന്ന്.  നിങ്ങളുടെ ശ്‌ളാഘനീയ ഈ പ്രവർത്തി കൊണ്ട് പട്ടിണിയുടെ ഒരു ചെറിയ ഭാഗം പോലും ഇല്ലാതായി പോകില്ല എന്ന്.

കാരണം ശരിയായ പട്ടിണിയുടെ കാരണം വയലുകൾ ആണ്.  അതിലൂടെ ആണ് പട്ടിണി നിർമാർജ്ഞാനം ചെയ്യപ്പെടേണ്ടത്

പക്ഷെ നമുക്ക് ചെയ്യാൻ പറ്റുന്ന ചെറിയ കാര്യം നാം ചെയ്തു കൊണ്ട് ഇരിക്കുക.  ഭക്ഷണം പാഴാക്കാതിരിക്കുക.  അഥവാ പാഴായി പോകുമെങ്കിൽ അത് ആവശ്യക്കാർക്ക് എത്തിക്കാനുള്ള സംരംഭങ്ങൾ സൃഷ്ടിക്കുക.  അധികമായി കഴിക്കുന്ന ഭക്ഷണം പോലും ഒരു തരത്തിൽ പാഴായി പോകുന്നു എന്ന് മനസ്സിലാക്കി, കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ചുരുക്കുക.  അങ്ങനെ ഉപയോഗിക്കപ്പെടാതെ ബാക്കിയാകുന്ന ഭക്ഷണ ഭാഗം പോലും എവിടെയോ ഉള്ള ഒരു പട്ടിണിക്കാരന് സഹായകമാകും എന്ന് അറിയുക.

അതോടൊപ്പം ഇത് കൊണ്ട് ഈ പ്രശ്നം പരിഹരിക്കപ്പെടില്ല എന്ന ബോധം സൃഷ്ടിക്കുകയും ചെയ്യുക.  കാരണം ഒരു പ്രശ്നത്തിന്റെ യഥാർത്ഥ കാരണം ജനതയിൽ നിന്ന് മറച്ചു പിടിക്കപ്പെടുന്ന കാലത്തോളം ആ പ്രശ്നത്തിന് യഥാർത്ഥ പരിഹാരം കണ്ടെത്താൻ പറ്റില്ല 

Friday, 20 January 2017

ഭൂമധ്യ രേഖയിലൂടെ ഉള്ള ഒരു കിണർ റോഡ്

ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യ ഘട്ടങ്ങളിൽ ഇന്ത്യക്കാര് കണ്ട് പിടിക്കാൻ പോകുന്ന അത്യാധുനികമായ ഒരു യാത്രാ സംവിധാനം ആണ് ഭൂമധ്യ രേഖയിലൂടെ ഉള്ള ഒരു കിണർ റോഡ്.  കിണർ എന്താണ് എന്ന് നിങ്ങള്ക്ക് അറിയാം.  അത് പോലെ റോഡ്‌ എന്താണ് എന്നും.  അപ്പോൾ അത് രണ്ടും ചേർന്നാൽ കിണർ റോഡ് ആയി.  പക്ഷെ ഈ മഹത്തായ സൃഷ്ടിക്കു രണ്ട് രാജ്യങ്ങളുടെ സഹകരണം വേണം.  ഒന്ന് നമ്മുടേത് തന്നെ. മറ്റേതു നമ്മുടെ എതിർ ദിശയിൽ നിൽക്കുന്ന  (അണ്ടിപോഡ്  ANTIPODE) രാജ്യത്തിന്റേതും.  അത് ചിലിയാണ് എന്ന് ആരോ പറഞ്ഞു തന്നിട്ടുണ്ട്.  അപ്പോൾ രണ്ട് രാജ്യങ്ങളും തീരുമാനിച്ചാൽ പിന്നെ പണി തുടങ്ങുകയായി.  ആദ്യം വേണ്ടത് കിണറു കുഴിക്കാനുള്ള സ്ഥാനം കുറ്റിക്കാരനേ കൊണ്ട് നോക്കിക്കുകയാണ്.  ഇവിടെ നമ്മള് മലയാള കുറ്റിക്കാരനേ കൊണ്ട് അത് നോക്കിക്കുമ്പോൾ അവിടെ അവർ ചിലി കുറ്റിക്കാരനേ കൊണ്ട് കിണറ്റിന്റെ സ്ഥാനം തീർച്ചപ്പെടുത്തണം.  സ്ഥാനം തെറ്റുപോകരുതു.  കാരണം നമ്മള് ഇവിടെ നിന്ന് കുഴിച്ചു കുഴിച്ചു ഭൂ മധ്യത്തിൽ എത്തുമ്പോൾ, അവര് അവിടെ നിന്ന് കുഴിച്ചു കുഴിച്ചു ഭൂ മധ്യത്തിൽ  അതെ സ്ഥാനത്തു എത്തണം.  അല്ലെങ്കിൽ നമ്മൾ കൊച്ചിയിലും അവര് കൊയിലാണ്ടിയിലും എത്തിയപോലെ ആവും.  ലൈനടി തെറ്റി പ്പോകരുതു എന്ന് അർഥം.

ഇനി ഈ കിണർ റോഡിന്റെ  ഗുണങ്ങൾ എന്തൊക്കെ ആണെന്ന് നോക്കുക .  ഉദാഹരണമായി ഞാൻ ചിലിയിലേക്കു പോകുകയാണ് എന്ന് വിചാരിക്കുക.  ഞാൻ ഇപ്പോൾ കിണർ റോഡിന്റെ കരയിൽ നിൽക്കുകയാണ്. അപ്പോൾ പിന്നിൽ നിന്ന് ആരോ എന്നെ കിണറ്റിലേക്ക് തള്ളിയിട്ടു എന്ന് കരുതുക. അപ്പോൾ എന്ത്  സംഭവിക്കും.  ഞാൻ അങ്ങ് താഴോട്ടു പോകും.  സയൻസ് അറിഞ്ഞു കൂടാത്ത പൊട്ടന്മാര് വിചാരിക്കും ഞാൻ അപ്പുറത്തു ചിലിയിൽ തെറിച്ചു പുറത്തു വീഴും എന്ന്.  ഇല്ല പൊട്ടന്മാരെ . അങ്ങനെ അല്ല സംഭവിക്കുക.  ഞാൻ താഴേക്കു  വീണു വീണു ഭൂമിയുടെ ഒത്ത നടുവിൽ പോയി നിൽക്കും. ചിലപ്പോൾ ആ വീഴ്ചയിൽ ചിലി ഭാഗത്തേക്ക് കുറച്ചു മൂവ് ചെയ്യാനും സാധ്യതയുണ്ട്.  പക്ഷെ വീണ്ടും തിരിച്ചു വന്നു ഭൂമിയുടെ നടുവിൽ തന്നെ സ്ഥിരമായി നിൽക്കും.   ഇനി അങ്ങോട്ട് കയറ്റമാണ്.  മനസ്സിലായില്ലേ. ഇല്ലെങ്കിൽ പത്താം ക്ലാസിൽ പഠിക്കുന്ന ഏതെങ്കിലും കുട്ടിയോട് ചോദിക്കു.  അതായത് ഇനി ചിലിയിൽ നിന്ന് ഏതെങ്കിലും ഒരുത്തൻ ഒരു കയറിട്ടു തന്നാൽ എനിക്ക് ആ കയറിൽ പിടിച്ചു കയറി ചിലിയിൽ എത്താം. ശരിയല്ലേ.  അപ്പോൾ ഇതിൽ നിന്ന് നമ്മൾ പ്രമാദമായ ഒരു സത്യം മനസ്സിലാക്കുന്നു.  ഞാൻ തലശേരിയിൽ നിന്ന് ഭൂമധ്യ രേഖവരെ വെറുതെ വീഴുകയായിരുന്നു  എന്ന് . ഫ്രീ ഫാൾ.  ഒരു പത്തു പൈസയുടെ എണ്ണ കത്തിക്കേണ്ട.  ഭൂമധ്യ രേഖയിൽ നിന്ന് അങ്ങോട്ട് നിങ്ങള് എന്തെങ്കിലും എലിവേറ്ററോ മറ്റോ വച്ച് എന്നെ പൊക്കി എടുക്കാൻ എണ്ണ കത്തിച്ചു കൊള്ളൂ.  പക്ഷെ പകുതി ദൂരത്തിനു എണ്ണ ലാഭം എന്ന് മനസ്സിലായല്ലോ.

നിങ്ങളുടെ കൂട്ടത്തിൽ ശാസ്ത്രജ്ഞമാരോ , നിങ്ങളുടെ ആരുടെയെങ്കിലും മക്കൾ ശാസ്ത്രഞ്ജന്മാരോ ആണെങ്കിൽ, അവർക്കു എന്റെ ഈ സിദ്ധാന്തം ഫ്രീ ആയി ഉപയോഗിക്കാവുന്നതാണ്.  വല്ല പൈസയും തടയുമ്പോൾ പകുതി ഇങ്ങോട്ടു തന്നാൽ മതി.  സംഗതി ശരിയായാൽ ചിലപ്പോൾ നമുക്ക് രണ്ട് പേർക്കും ഒരു നോവൽ സമ്മാനം വരെ കിട്ടിയേക്കും.

Sunday, 8 January 2017

വാടക പ്രേക്ഷകർ

സ്റ്റേജിൽ ഒരു പരിപാടി നടക്കുകയാണ്.  അറുബോറു പരിപാടി.  ഇടയ്ക്കു എഴുന്നേറ്റു പോകേണ്ട എന്ന് കരുതിയ മണ്ടോടി,  പരിപാടി ഒന്ന് തീർന്നു കിട്ടാൻ കാത്തിരിക്കുകയാണ്.  അതാ പരിപാടി തീർന്നു കിട്ടിയിരിക്കുന്നു.  മണ്ടോടി എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ ആണ് അത് ശ്രദ്ധിച്ചത്, തന്റെ അടുത്തും  അകലെയും ആയി കുറെ പേര് എഴുന്നേറ്റു നിന്ന് കൈ അടിക്കുകയാണ്.  ആ തള്ളിൽ മണ്ടോടിയോടും കൈ അടിച്ചു പോയി. ഇപ്പോൾ എല്ലാവരും കൈ അടിക്കുകയാണ്. സ്റ്റേജിൽ പരിപാടി നടത്തിയവർ ജനങ്ങളുടെ ഈ ആരവത്തിൽ പുളകിതരായി അവിടെ കൈ കൂപ്പി നിൽക്കുകയാണ്.

വാടക പ്രേക്ഷകരെ സദസ്സിൽ കുത്തി തിരുകുന്നത് ഇന്നത്തെ ഒരു രീതിയാണ്.  ഗുപ്തമായ രീതിയിൽ ഇത് മിക്ക മേഖലകളിലും  നിങ്ങള്ക്ക് കാണാൻ കഴിയും,  വാടക മുദ്രാവാക്യം വിളിക്കാരെ പോലെ,  വാടക പ്രകടനക്കാരെ പോലെ,  വാടക സ്തുതി പാഠകരെ പോലെ.  ചിലപ്പോൾ സദസ്സിൽ  അല്ലാതെ സ്റ്റേജിലും ഇത്തരക്കാരെ ഉപവസിപ്പിച്ചിരിക്കും.

പക്ഷെ ഈ വാടക കൈമുട്ടുകാർ അത്യന്തം അപകട കാരികൾ ആണെന്ന് ഞാൻ മനസ്സിലാക്കിയത് ഈയിടെയാണ്.  ഒരിക്കൽ ഇവിടെ അടുത്തു ഒരു മഹാ ബോറു പരിപാടി കണ്ട് കൊണ്ടിരിക്കെ ഞാൻ നേരത്തെ പറഞ്ഞത് പോലെ പരിപാടി കഴിയാൻ കാത്തു നിന്ന്.  പരിപാടി  കഴിഞ്ഞപ്പോൾ അത്ഭുതകരമായ ഒരു കാര്യം സംഭവിച്ചു.  അന്ന് അവിടെ വാടക കൈമുട്ടുകാർ ഇല്ലായിരുന്നു.  പക്ഷെ ആരെങ്കിലും പരിപാടിയെ കൈ മുട്ടി പ്രോത്സാഹിപ്പിക്കുന്നതിന്  മുൻപേ ആദ്യം കൈ മുട്ടിയത് ഞാനാണ്. ഞാൻ അത്ഭുതത്തോടെ എന്റെ കൈകളെ നോക്കി.  അവ ഇപ്പോൾ എന്റെ നിയന്ത്രണങ്ങൾക്ക്  പുറത്തായി പോയിരിക്കുകയാണ്.  എന്റെ ആജ്ഞ അവഗണിച്ചു കൊണ്ട് അവ മുട്ടി കൊണ്ടേ ഇരിക്കുകയാണ്

സമൂഹത്തെ പടിപടിയായി തറയാക്കുന്ന ഒരു രീതിയാണ് ഇവിടെ പ്രയോഗത്തിൽ കൊണ്ട് വന്നിരിക്കുന്നത് എന്ന് നമുക്ക് കാണാം.  അതിലെ തത്വ ചിന്ത വളരെ സിമ്പിൾ ആണ്.  ഏതെങ്കിലും വിഡ്ഢിത്തങ്ങൾ ചെയ്യുകയോ പറയുകയോ ചെയ്താൽ, അതിനെ താങ്ങുന്ന ഒരു പിടി ആളുകളെ പ്രേക്ഷകരുടെ കൂട്ടത്തിൽ നിരത്തുക.  അവരുടെ കൈ അടിയുടെ ശ്കതിയിൽ,  അതിനെ എതിർക്കുകയോ, അംഗീകരിക്കാതിരിക്കുകയോ ചെയ്യുന്ന ഭൂരി ഭാഗത്തെയും  കൈ മുട്ടാൻ പ്രേരിപ്പിക്കുക.  അങ്ങനെ ഇത് കുറെ കാലം തുടര്ന്നാല്, പിന്നെ അത്തരം വാടക പ്രേക്ഷകർ ഇല്ല എങ്കിൽ, കൂടി, വിഡ്ഢിത്തത്തിനു നേരെ ഉള്ള നമ്മുടെ കൈ മുട്ട് തുടരുക എന്നുള്ള രീതി നമ്മള് ഒരു ശീലമാക്കും.  എല്ലാ വിഡ്ഢിത്തങ്ങളൂം ശരിയെന്നു നമ്മുടെ മനസ്സിന് തോന്നി തുടങ്ങുന്ന മഹാ കാലം

നാം ഓരോരുത്തരും ഇപ്പോൾ അങ്ങനെ ഉള്ള ഒരു മഹാകാലത്തു ജീവിക്കുന്നവർ ആണ് എന്ന് അറിയുക. 

Friday, 6 January 2017

വളി കഥകൾ

ഇരു മനസ്സാണെങ്കിലും നമ്മളൊറ്റ ബോഡി അല്ലെ എന്ന രീതിയിൽ ആയിരുന്നു അക്കാലത്തു ബാലാട്ടന്റെയും ചാത്തുവിന്റെയും ജീവിതം.  വേർപെരിയാത്ത അടുപ്പം.  ചാത്തുവിനെ എവിടെ കണ്ടാലും കൂടെ ബാലാട്ടൻ ഇല്ലെങ്കിൽ, അതിന്റെ അർഥം ബാലാട്ടൻ ചത്ത് പോയി എന്ന് തന്നെ ആണ്.  അങ്ങനെ ഇരിക്കെ ഒരു ദിവസം,അവർ ഇരുവരും , കൂട്ടിക്കെട്ടിയ മര കമ്പ്  പോലെ  കണ്ണൂർ പ്ലാറ്റുഫോമിലൂടെ നടക്കുകയാണ്.  കോഴിക്കോടേക്ക്‌ പോകേണ്ട പാസഞ്ചർ വണ്ടി ലക്ഷ്യമാക്കിയാണ് അവരുടെ നടത്തം.  ഇഞ്ചോട് ഇഞ്ചു ചേർന്ന് കൊണ്ടുള്ള ആ നടത്തത്തിൽ അവർ ലേഡീസ് കമ്പാർട്മെന്റിന് മുന്നിൽ എത്തിയപ്പോഴാണ് അത് സംഭവിച്ചത്.  ബാലാട്ടൻ ഉച്ചത്തിൽ ഒരു വളിയിട്ടു.   പ്രശ്നം ഒന്നുമില്ലായിരുന്നു. അത് ജൻറ്സ് കംപാർട്മെന്റിന് മുന്നിൽ വച്ചായിരുന്നു സംഭവിച്ചിരുന്നത് എങ്കിൽ.  കാരണം നമ്മൾ പുരഷമാര് ഇത്തരം ബോംബുകൾ എത്രയോ പരിചയപ്പെട്ടതാണ്.  പക്ഷെ സ്ത്രീകൾ അങ്ങനെ അല്ല.  വളി എന്ന പേര്  കേട്ടാൽ തന്നെ അവരിൽ ചിലര് ബോധം കെട്ടു വീണു പോകും. ഒറിജിനൽ വളി ആണെങ്കിൽ പിന്നെ പറയുകയും വേണ്ട.  ഇതല്ലാതെ  ആകസ്മികമായി മറ്റൊന്ന് കൂടെ ഇവിടെ സംഭവിച്ചു.  വളിവിട്ട ബാലാട്ടൻ,  വളി ഇടാത്ത ചാത്തുവിനെ വളരെ ഷാർപ് ആയി ഒന്ന് നോക്കി.  ബാലാട്ടന്റെ ആദ്യത്തെ പ്രവർത്തി മിസ്റ്റർ ചാത്തുവിനെ അത്ര ഏറെ ഏശിയില്ല പക്ഷെ  രണ്ടാമത്തെ പ്രവർത്തി ചാത്തുവിനെ അക്ഷരാർത്ഥത്തിൽ നടുക്കി  കളഞ്ഞു.  കാരണം ഉത്ഭവ സ്ഥാനം ഏതെന്നു ആർക്കും മനസ്സിലാക്കാൻ ആവാത്ത തരത്തിൽ അത്രയും അടുപ്പിച്ചായിരുന്നു തങ്ങളുടെ യാത്ര എന്ന നഗ്ന സത്യം അപ്പോൾ ചാത്തു ഓർത്തു.   നേരെ അപ്പുറത്തു നിന്ന് നാരീ രത്നങ്ങൾ പൊട്ടിച്ചിരിക്കുകയാണ്.  കുറ്റം ചെയ്യാത്ത തന്നെ ആണ് ആ മൂധേവികൾ ഒക്കെ നോക്കുന്നത് എന്ന്, അങ്ങോട്ട് നോക്കാതെ തന്നെ ചാത്തു മനസ്സിലാക്കി.  ഞാനല്ല ഇവനാണ് അതിന്റെ ആള് എന്ന് പറയാൻ നാക്കു പൊങ്ങി എങ്കിലും,  താൻ ചെയ്യാത്ത കുറ്റം ഒന്ന് കൂടെ തന്റെ തലയിൽ ഉറപ്പിക്കാനേ അത് കൊണ്ട് സാധിക്കുകയുള്ളൂ എന്ന് ബുദ്ധി മാനായ ചാത്തു എളുപ്പം മനസ്സിലാക്കി. അപ്പോൾ ബാലാട്ടൻ ഒന്നും അറിയാത്തവനെ പോലെ മുന്നിലെ കംപാർട്മെന്റിൽ കയറി പോകുന്നതാണ് ഖിന്നനായ ചാത്തു കണ്ടത്.  ഓടി ചെന്ന് ബാലാട്ടന്റെ ഒപ്പമെത്തി  ചാത്തു ഇങ്ങനെ കരഞ്ഞു പറഞ്ഞു.

എന്നാലും ബാലേട്ടാ . നിങ്ങൾ ഈ ചതി എന്നോട് ചെയ്യുമെന്ന് കരുതിയില്ല.

എന്ത് ചതിയെ കുറിച്ചാണെടാ ചാത്തൂ നീ പറയുന്നത്.  ഒരു മനുഷ്യൻ ആപത്തിൽ പെടുമ്പോൾ അവനെ സഹായിക്കാനല്ലേ അവന്റെ ചങ്ങാതി.

Wednesday, 4 January 2017

യുക്തിബദ്ധങ്ങൾ ആയ ആചാരങ്ങൾ

(കുറച്ചു കാലത്തിനു ശേഷം ദൈവം അബ്രഹാമിനെ പരീക്ഷിച്ചു.  ദൈവം പറഞ്ഞു 'അബ്രഹാം,  . നീ അത്ര അധികം സ്നേഹിക്കുന്ന, നിന്റെ ഏക പുത്രനായ ഇസഹാക്കിനെയും  കൂട്ടി   മോറിയയിലേക്കു പോകുക.  അവിടെ ഞാൻ കാണിച്ചു തരുന്ന ഒരു മല മുകളിൽ വച്ച് നീ അവനെ ബലി കൊടുക്കുക.

..........................................................................................ഉൽപത്തി : 22


നിങ്ങൾ അമ്പലത്തിലെ വിഗ്രഹത്തിനു മുന്നിൽ കൈ കൂപ്പി പ്രാർത്ഥിക്കുകയാണ്.  നിങ്ങളെ സംബന്ധിച്ചു അത് യുക്തി ഹീനമായ ഒരു പ്രവർത്തി അല്ല .  പക്ഷെ നിങ്ങളുടെ നേരെ അപ്പുറത്തു നിന്ന് ചില ആളുകൾ നിങ്ങളുടെ ഈ പ്രവർത്തിയെ പുച്ഛത്തോടെ നോക്കുന്നുണ്ടാവും.  കാരണം അവരെ സംബന്ധിച്ചു നിങ്ങളുടെ പ്രവർത്തി യുക്തി ഹീനമായ പ്രവർത്തിയാണ്.  അത് കൊണ്ട് നിങ്ങളുടെ തൊഴുതു പിടിച്ച കൈകൾ താണു പോകുന്നില്ല.  ഇനി നേരെ അപ്പുറത്തു നോക്കുക.  കുറെ ആളുകൾ മറ്റൊരു വിഗ്രഹത്തിനു മുന്നിൽ നിന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുകയാണ്.  അവരെ സംബന്ധിച്ചു ഇത് യുക്തി ഹീനമായ ഒരു പ്രവർത്തി അല്ല.  പക്ഷെ അവരുടെ നേരെ അപ്പുറത്തു നിന്നും ചിലർ അവരെ പുച്ഛത്തോടെ നോക്കുന്നത്നിങ്ങള്ക്ക് കാണാം. ഈ നോട്ടത്തിനു ശരവ്യമായിട്ടുള്ളവര് തങ്ങള് തന്നെ ആണെന്ന് അറിഞ്ഞാലും മുദ്രാവാക്യം വിളികൾ നിലച്ചു പോകുന്നില്ല.

യുക്തി, യുക്തി ഹീനത എന്നിവയൊക്കെ തികച്ചും ആപേക്ഷികങ്ങൾ ആയ കാര്യങ്ങൾ ആണെന്നാണ് നാം ഇതിൽ നിന്ന് മനസ്സിലാക്കുന്നത്.  പക്ഷെ ഇവയൊക്കെയും നമ്മളെ കൊണ്ട് ചെയ്യിക്കുന്ന ചില ശക്തികൾ ബാഹ്യ ലോകത്തു ഉണ്ട് എന്നുള്ള അറിവാണ് ഇവിടെ മുഖ്യമായിട്ടുള്ളത്.  അമ്പലങ്ങളിൽ കൈ കൂപ്പി നിൽക്കുന്നവനോ,  അപ്പുറത്തു ഇപ്പോൾ മുദ്രാവാക്യം വിളിച്ചവനോ, ഈ ആചാരങ്ങൾ കൊണ്ടാടുന്നത് അവനിൽ അത്തരം ഇഷ്ടങ്ങൾ എല്ലാകാലത്തും ഉണ്ടായിരുന്നത് കൊണ്ടല്ല.  അവൻ അങ്ങനെ ഒക്കെ ചെയ്തിരിക്കണം എന്ന് ആരൊക്കെയോ തീരുമാനിച്ചത് കൊണ്ടാണ്.  പ്രാചീന മനുഷ്യനെ സംബന്ധിച്ചു പക്ഷെ അത് അങ്ങനെ ആയിരുന്നില്ല എന്ന് ഞാൻ വിചാരിക്കുന്നു.  അവൻ ചില കർമ്മങ്ങളിൽ എത്തിച്ചേർന്നത് ,  അവനും  പ്രകൃതിയുമായുള്ള നേരിട്ടുള്ള ഇടപെടലുകളിൽ കൂടി ആയിരുന്നു.  അവന്റെ പ്രതികരണങ്ങൾക്ക്  ഒരു തരം സ്‌പോൻറെണിറ്റി ഉണ്ടായിരുന്നു എന്ന് പറയാം.  പക്ഷെ ആധുനിക മനുഷ്യൻ തന്റെ ആചാരങ്ങളിൽ എത്തി ചേർന്നത് അങ്ങനെ അല്ല.  അവൻ അവ വായിച്ചോ കേട്ടോ അറിഞ്ഞവ മാത്രമാണ്.  അവൻ അവ ചെയ്യുന്നത് പ്രകൃതി അങ്ങനെ ചെയ്യാൻ അവന്റെ നിർബന്ധിച്ചത് കൊണ്ടല്ല.

നമ്മുടെ ചുറ്റും നിന്ന് അനവരതം നാം കേട്ട് കൊണ്ടിരിക്കുന്ന പലതും നമ്മളെ കൊണ്ട് എന്തും ചെയ്യിച്ചു കളയും എന്നാണു നാം മനസ്സിലാക്കേണ്ടത്.  ഒരു തരത്തിലുള്ള മസ്തിഷ്ക പ്രക്ഷാളനമാണ് നമ്മുടെ ചുറ്റുമുള്ള വിചാര ധാരകൾ നമ്മിൽ വരുത്തി വെക്കുന്നത്.  അവിടെ യുക്തി എന്ന് പറയുന്ന വാക്കിനു വലിയ പ്രസക്തി ഇല്ല.  കൊല്ലൂ എന്ന് ഒരു ശക്തി  നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ അത് ചെയ്‌തേക്കും.  ആകെ വേണ്ടത് ആ ശക്തി  നിങ്ങൾക്ക് തടുക്കാൻ ആവാത്ത ശക്തി ആയിരിക്കണം എന്നുള്ളതാണ്.  അത് സർവ സമ്മതനായ ശക്തി ആയിരിക്കണം എന്നുള്ളത് മാത്രമാണ്.  ഹോളോകാസ്റ്റിന്റെ സമയത്തു ക്രൂരതയിൽ അഴിഞ്ഞാടിയവർ ഒക്കെയും ക്രൂരർ ആയിരുന്നു എന്ന് നിങ്ങൾ കരുതി എങ്കിൽ അത് നിങ്ങളുടെ തെറ്റ്.  അവർക്കു ആജ്ഞ കൊടുക്കാൻ അപ്രതിരോധ്യമായ ഒരു  ശക്തിയുണ്ടായിരുന്നു എന്ന് നിങ്ങൾ മറന്നു പോയി.  നിങ്ങൾ മാത്രമല്ല അത് മറന്നത് ന്യുറംബർഗിലെ വിചാരകരും കൂടി ആയിരുന്നു. അന്ന് അവര് പറഞ്ഞത് യുക്തി ഹീനമായ ഒരു ആജ്ഞയും സുബോധമുള്ള മനുഷ്യര് നടപ്പിലാക്കരുത്.  ക്രൂരത നടത്തുമ്പോൾ മനസ്സാക്ഷിയുടെ വിളി കേൾക്കണം എന്ന്.

പക്ഷെ പിന്നീട് അനാവശ്യ യുദ്ധങ്ങളിൽ പങ്കെടുക്കുന്ന ഒരു പാവം പട്ടാളക്കാരനും ഇതേ രീതിയിൽ പ്രതികരിക്കണം എന്ന് പറയാൻ ഒരു ന്യുറംബർഗും ഉണ്ടായില്ല 

Sunday, 1 January 2017

ഉപഭോഗത്തിലെ വടംവലികൾ

ഇരുപതാം നൂറ്റാണ്ടിന്റെ  ഒരു പ്രത്യേകത  എന്തായിരുന്നു എന്ന് വച്ചാൽ ,  ഒന്നാം ലോകം അത്യുപഭോഗത്തിൽ മുങ്ങി കുളിച്ചപ്പോൾ പോലും മൂന്നാം ലോകം ഒരു പരിധിവരെ സംയമനം പാലിച്ചു എന്നുളളതാണ്.  വർദ്ധിതമായ ദാരിദ്ര്യം ഇതിനൊരു കാരണമായി  ചൂണ്ടി കാണിക്കാമെങ്കിലും,  മൂന്നാം ലോകത്തിലെ ധനികൻ പോലും അതി ഭോഗി ആയിരുന്നില്ല എന്ന് നമുക്ക് അനുഭവത്തിൽ നിന്ന് മനസ്സിലാക്കാൻ പറ്റും.  വിഭവ ദാരിദ്ര്യം അതിനു ഒരു കാരണവും ആണ്.  പക്ഷെ ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ മൂന്നാം ലോക മനുഷ്യന്റെ സ്വഭാവത്തിൽ വലിയ ഒരു ഷിഫ്റ്റ് വന്നതായി നമുക്ക് കാണാൻ കഴയും . അവൻ ഉപഭോഗത്തിൽ പാശ്ചാത്യനോട് മത്സരിക്കാൻ തുടങ്ങിയിരിക്കുന്നു.  ഇത് അതിന്റെ പൂർണ രൂപത്തിൽ നാം ദർശിക്കാൻ പോകുന്നത് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന നൂറ്റാണ്ടിൽ ആണ്.  അത് എത്ര മാത്രം അപകടകരമാണ് എന്ന് മാത്രമല്ല നാം ചിന്തിക്കേണ്ടത്.  അത് ആർക്കു കൂടുതൽ അപകടം ചെയ്യും എന്നുള്ളതിന്റെ കുറിച്ച് കൂടിയാണ് .  പ്രകൃതി വിഭവങ്ങൾ അനുദിനം കുറഞ്ഞു വരുന്ന ലോകത്തു ഉത്പാദനവും ഗണ്യമായി കുറയാൻ ഇടയുണ്ട്.  അത്ര ഏറെ പരിമിതമായ പരിതസ്ഥിതിയിൽ ഉത്പാദനം മുൻപെന്ന പോലെ നില നിന്നാലും, ഉപഭോഗത്തിലെ ആധിക്യം കാരണം വിഭവങ്ങൾ പോരാതെ വരും.  ഇന്ന് തന്നെ അത്തരം പോരായ്മകൾ മൂന്നാം ലോകത്തെ ദരിദ്രർ അനുഭവിക്കുന്നുണ്ട്.   ഒരു  വിഭാഗം പട്ടിണി കിടക്കുന്നതിലൂടെ.  ഭക്ഷണ ദാരിദ്ര്യം അനുഭവിക്കുന്നവൻ പക്ഷെ അശക്തനായ മനുഷ്യനാണ്.  അവനു ഉറക്കെ കരയാൻ പോലും അറിയില്ല.  അവന്റെ എതിർപ്പുകൾ വികാരപരമാണ്.  വിശക്കുമ്പോൾ അട്ടഹാസം മുഴക്കുന്നതിനു പകരം അവൻ തൂങ്ങി മരിക്കുകയാണ് ചെയ്യുക.  പക്ഷെ നാവുള്ള മറ്റൊരു വിഭാഗം,  ആഡംബരത്തിൽ ജീവിക്കുന്നവർ ആയിട്ടുണ്ട്.  അവർ തങ്ങളുടെ ഉപഭോഗം അനിയന്ത്രിതമായി കൂട്ടി കൊണ്ടിരിക്കുകയാണ്.   ഒരു ദിവസം വൈദ്യുതി ഇല്ലാതായാൽ അവൻ ബഹളം ഉണ്ടാക്കുക തന്നെ ചെയ്യും.  നമ്മൾ ബൂർഷ്വാസി എന്ന് വിളിക്കുന്ന വിഭാഗത്തിൽ പെടുന്ന അവനാണ് നാളെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ പോകുന്നത് എന്ന് ഞാൻ സംശയിക്കുന്നു.

മൂന്നാം ലോകത്തെ ബൂർഷ്വാസിയുടെ ഉപഭോഗം,  ഒന്നാം ലോകത്തുള്ളവന്  ഭീഷണിയാകാൻ അധിക നാളുകൾ ഒന്നും വേണ്ട.  ഇപ്പോൾ തന്നെ അതിന്റെ ലാഞ്ചനകൾ ലോകത്തു കണ്ട് തുടങ്ങിയിരിക്കുന്നു.  ലോകത്തിന്റെ വിദൂര കോണുകളിൽ എവിടയേയും ഉള്ള അത്യുപഭോഗം , ശക്തനായ ഒന്നാം ലോകക്കാരനെ വേവലാതി പെടുത്താൻ തുടങ്ങിയിരിക്കുന്നു എന്നാണു എന്റെ വിശ്വാസം.  രണ്ട് തരത്തിൽ ആണ് അവന്റെ വേവലാതികൾ.  അതി വ്യവസായ വത്കൃതമായ തന്റെ ദേശത്തുള്ള വ്യവസായങ്ങൾക്ക് ഇനി അങ്ങോട്ട് മൂന്നാം ലോകത്തിലെ വിഭവങ്ങൾ അത്യന്താപേക്ഷിതമാണ്.  ഇനി അങ്ങോട്ട് അതിനു വല്ല തടസ്സങ്ങളും നേരിടുമോ എന്നുള്ള ഭയം.  മറ്റൊന്ന് മൂന്നാം  ലോകം അതി ജനസംഖ്യയിൽ ഉഴലുന്ന ഒരു ലോകമാണ്.  ഈ അതി ജനസംഖ്യയിൽ അത്യുപഭോഗം കൂടെ ഉണ്ടായാൽ,  ഇന്ന് തനിക്കു അവിടങ്ങളിൽ നിന്ന് കയറ്റുമതിയായി, ചുരുങ്ങിയ വിലയിൽ കിട്ടുന്ന പലതിനും തടസ്സങ്ങൾ നേരിടുമെന്ന്   അവൻ ഭയപ്പെടുന്നു.  ആവനാഴിയിൽ അമ്പുകൾ ഉണ്ട് എന്നുള്ളതാണ് അപ്പോൾ അവന്റെ സമാധാനം.

പറഞ്ഞു വരുന്നത് മൂന്നാം ലോകത്തിലെ വർധിച്ചു വരുന്ന ഉപഭോഗം ഒന്നാം ലോകക്കാരനു ഭീഷണിയാണ് എന്നതാണ്.  അപ്പോൾ അവന്റെ ഉപഭോഗം പരിമിതപ്പെടുത്താൻ ശക്തൻ ശ്രമിക്കും എന്നുള്ളത് തർക്കമറ്റ സംഗതിയാണ്.

വിഭവങ്ങൾ ഉണ്ടായിട്ടും അത് വാങ്ങാൻ പറ്റാത്ത സ്ഥിതിയിലേക്ക് മൂന്നാം ലോകക്കാരൻ എത്തിപ്പെടുന്നു എങ്കിൽ ഒന്നാം ലോകം വളരെ ഏറെ സന്തോഷിക്കും.  ഇവിടെ ഉള്ള മാർക്കറ്റ് മാന്ദ്യം കയറ്റുമതിയുടെ നേരെയാക്കുന്നതു അവനു ഇഷ്ടമായിരിക്കും.  കാരണം എന്നും മൂന്നാം ലോകത്തു നിന്നുള്ള കയറ്റുമതി അവനെ സംബന്ധിച്ചു സാധനങ്ങൾ വെറുതെ കിട്ടുന്നതിന് തുല്യമായിരുന്നു.