Wednesday, 4 January 2017

യുക്തിബദ്ധങ്ങൾ ആയ ആചാരങ്ങൾ

(കുറച്ചു കാലത്തിനു ശേഷം ദൈവം അബ്രഹാമിനെ പരീക്ഷിച്ചു.  ദൈവം പറഞ്ഞു 'അബ്രഹാം,  . നീ അത്ര അധികം സ്നേഹിക്കുന്ന, നിന്റെ ഏക പുത്രനായ ഇസഹാക്കിനെയും  കൂട്ടി   മോറിയയിലേക്കു പോകുക.  അവിടെ ഞാൻ കാണിച്ചു തരുന്ന ഒരു മല മുകളിൽ വച്ച് നീ അവനെ ബലി കൊടുക്കുക.

..........................................................................................ഉൽപത്തി : 22


നിങ്ങൾ അമ്പലത്തിലെ വിഗ്രഹത്തിനു മുന്നിൽ കൈ കൂപ്പി പ്രാർത്ഥിക്കുകയാണ്.  നിങ്ങളെ സംബന്ധിച്ചു അത് യുക്തി ഹീനമായ ഒരു പ്രവർത്തി അല്ല .  പക്ഷെ നിങ്ങളുടെ നേരെ അപ്പുറത്തു നിന്ന് ചില ആളുകൾ നിങ്ങളുടെ ഈ പ്രവർത്തിയെ പുച്ഛത്തോടെ നോക്കുന്നുണ്ടാവും.  കാരണം അവരെ സംബന്ധിച്ചു നിങ്ങളുടെ പ്രവർത്തി യുക്തി ഹീനമായ പ്രവർത്തിയാണ്.  അത് കൊണ്ട് നിങ്ങളുടെ തൊഴുതു പിടിച്ച കൈകൾ താണു പോകുന്നില്ല.  ഇനി നേരെ അപ്പുറത്തു നോക്കുക.  കുറെ ആളുകൾ മറ്റൊരു വിഗ്രഹത്തിനു മുന്നിൽ നിന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുകയാണ്.  അവരെ സംബന്ധിച്ചു ഇത് യുക്തി ഹീനമായ ഒരു പ്രവർത്തി അല്ല.  പക്ഷെ അവരുടെ നേരെ അപ്പുറത്തു നിന്നും ചിലർ അവരെ പുച്ഛത്തോടെ നോക്കുന്നത്നിങ്ങള്ക്ക് കാണാം. ഈ നോട്ടത്തിനു ശരവ്യമായിട്ടുള്ളവര് തങ്ങള് തന്നെ ആണെന്ന് അറിഞ്ഞാലും മുദ്രാവാക്യം വിളികൾ നിലച്ചു പോകുന്നില്ല.

യുക്തി, യുക്തി ഹീനത എന്നിവയൊക്കെ തികച്ചും ആപേക്ഷികങ്ങൾ ആയ കാര്യങ്ങൾ ആണെന്നാണ് നാം ഇതിൽ നിന്ന് മനസ്സിലാക്കുന്നത്.  പക്ഷെ ഇവയൊക്കെയും നമ്മളെ കൊണ്ട് ചെയ്യിക്കുന്ന ചില ശക്തികൾ ബാഹ്യ ലോകത്തു ഉണ്ട് എന്നുള്ള അറിവാണ് ഇവിടെ മുഖ്യമായിട്ടുള്ളത്.  അമ്പലങ്ങളിൽ കൈ കൂപ്പി നിൽക്കുന്നവനോ,  അപ്പുറത്തു ഇപ്പോൾ മുദ്രാവാക്യം വിളിച്ചവനോ, ഈ ആചാരങ്ങൾ കൊണ്ടാടുന്നത് അവനിൽ അത്തരം ഇഷ്ടങ്ങൾ എല്ലാകാലത്തും ഉണ്ടായിരുന്നത് കൊണ്ടല്ല.  അവൻ അങ്ങനെ ഒക്കെ ചെയ്തിരിക്കണം എന്ന് ആരൊക്കെയോ തീരുമാനിച്ചത് കൊണ്ടാണ്.  പ്രാചീന മനുഷ്യനെ സംബന്ധിച്ചു പക്ഷെ അത് അങ്ങനെ ആയിരുന്നില്ല എന്ന് ഞാൻ വിചാരിക്കുന്നു.  അവൻ ചില കർമ്മങ്ങളിൽ എത്തിച്ചേർന്നത് ,  അവനും  പ്രകൃതിയുമായുള്ള നേരിട്ടുള്ള ഇടപെടലുകളിൽ കൂടി ആയിരുന്നു.  അവന്റെ പ്രതികരണങ്ങൾക്ക്  ഒരു തരം സ്‌പോൻറെണിറ്റി ഉണ്ടായിരുന്നു എന്ന് പറയാം.  പക്ഷെ ആധുനിക മനുഷ്യൻ തന്റെ ആചാരങ്ങളിൽ എത്തി ചേർന്നത് അങ്ങനെ അല്ല.  അവൻ അവ വായിച്ചോ കേട്ടോ അറിഞ്ഞവ മാത്രമാണ്.  അവൻ അവ ചെയ്യുന്നത് പ്രകൃതി അങ്ങനെ ചെയ്യാൻ അവന്റെ നിർബന്ധിച്ചത് കൊണ്ടല്ല.

നമ്മുടെ ചുറ്റും നിന്ന് അനവരതം നാം കേട്ട് കൊണ്ടിരിക്കുന്ന പലതും നമ്മളെ കൊണ്ട് എന്തും ചെയ്യിച്ചു കളയും എന്നാണു നാം മനസ്സിലാക്കേണ്ടത്.  ഒരു തരത്തിലുള്ള മസ്തിഷ്ക പ്രക്ഷാളനമാണ് നമ്മുടെ ചുറ്റുമുള്ള വിചാര ധാരകൾ നമ്മിൽ വരുത്തി വെക്കുന്നത്.  അവിടെ യുക്തി എന്ന് പറയുന്ന വാക്കിനു വലിയ പ്രസക്തി ഇല്ല.  കൊല്ലൂ എന്ന് ഒരു ശക്തി  നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ അത് ചെയ്‌തേക്കും.  ആകെ വേണ്ടത് ആ ശക്തി  നിങ്ങൾക്ക് തടുക്കാൻ ആവാത്ത ശക്തി ആയിരിക്കണം എന്നുള്ളതാണ്.  അത് സർവ സമ്മതനായ ശക്തി ആയിരിക്കണം എന്നുള്ളത് മാത്രമാണ്.  ഹോളോകാസ്റ്റിന്റെ സമയത്തു ക്രൂരതയിൽ അഴിഞ്ഞാടിയവർ ഒക്കെയും ക്രൂരർ ആയിരുന്നു എന്ന് നിങ്ങൾ കരുതി എങ്കിൽ അത് നിങ്ങളുടെ തെറ്റ്.  അവർക്കു ആജ്ഞ കൊടുക്കാൻ അപ്രതിരോധ്യമായ ഒരു  ശക്തിയുണ്ടായിരുന്നു എന്ന് നിങ്ങൾ മറന്നു പോയി.  നിങ്ങൾ മാത്രമല്ല അത് മറന്നത് ന്യുറംബർഗിലെ വിചാരകരും കൂടി ആയിരുന്നു. അന്ന് അവര് പറഞ്ഞത് യുക്തി ഹീനമായ ഒരു ആജ്ഞയും സുബോധമുള്ള മനുഷ്യര് നടപ്പിലാക്കരുത്.  ക്രൂരത നടത്തുമ്പോൾ മനസ്സാക്ഷിയുടെ വിളി കേൾക്കണം എന്ന്.

പക്ഷെ പിന്നീട് അനാവശ്യ യുദ്ധങ്ങളിൽ പങ്കെടുക്കുന്ന ഒരു പാവം പട്ടാളക്കാരനും ഇതേ രീതിയിൽ പ്രതികരിക്കണം എന്ന് പറയാൻ ഒരു ന്യുറംബർഗും ഉണ്ടായില്ല 

No comments:

Post a Comment