Sunday, 1 January 2017

ഉപഭോഗത്തിലെ വടംവലികൾ

ഇരുപതാം നൂറ്റാണ്ടിന്റെ  ഒരു പ്രത്യേകത  എന്തായിരുന്നു എന്ന് വച്ചാൽ ,  ഒന്നാം ലോകം അത്യുപഭോഗത്തിൽ മുങ്ങി കുളിച്ചപ്പോൾ പോലും മൂന്നാം ലോകം ഒരു പരിധിവരെ സംയമനം പാലിച്ചു എന്നുളളതാണ്.  വർദ്ധിതമായ ദാരിദ്ര്യം ഇതിനൊരു കാരണമായി  ചൂണ്ടി കാണിക്കാമെങ്കിലും,  മൂന്നാം ലോകത്തിലെ ധനികൻ പോലും അതി ഭോഗി ആയിരുന്നില്ല എന്ന് നമുക്ക് അനുഭവത്തിൽ നിന്ന് മനസ്സിലാക്കാൻ പറ്റും.  വിഭവ ദാരിദ്ര്യം അതിനു ഒരു കാരണവും ആണ്.  പക്ഷെ ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ മൂന്നാം ലോക മനുഷ്യന്റെ സ്വഭാവത്തിൽ വലിയ ഒരു ഷിഫ്റ്റ് വന്നതായി നമുക്ക് കാണാൻ കഴയും . അവൻ ഉപഭോഗത്തിൽ പാശ്ചാത്യനോട് മത്സരിക്കാൻ തുടങ്ങിയിരിക്കുന്നു.  ഇത് അതിന്റെ പൂർണ രൂപത്തിൽ നാം ദർശിക്കാൻ പോകുന്നത് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന നൂറ്റാണ്ടിൽ ആണ്.  അത് എത്ര മാത്രം അപകടകരമാണ് എന്ന് മാത്രമല്ല നാം ചിന്തിക്കേണ്ടത്.  അത് ആർക്കു കൂടുതൽ അപകടം ചെയ്യും എന്നുള്ളതിന്റെ കുറിച്ച് കൂടിയാണ് .  പ്രകൃതി വിഭവങ്ങൾ അനുദിനം കുറഞ്ഞു വരുന്ന ലോകത്തു ഉത്പാദനവും ഗണ്യമായി കുറയാൻ ഇടയുണ്ട്.  അത്ര ഏറെ പരിമിതമായ പരിതസ്ഥിതിയിൽ ഉത്പാദനം മുൻപെന്ന പോലെ നില നിന്നാലും, ഉപഭോഗത്തിലെ ആധിക്യം കാരണം വിഭവങ്ങൾ പോരാതെ വരും.  ഇന്ന് തന്നെ അത്തരം പോരായ്മകൾ മൂന്നാം ലോകത്തെ ദരിദ്രർ അനുഭവിക്കുന്നുണ്ട്.   ഒരു  വിഭാഗം പട്ടിണി കിടക്കുന്നതിലൂടെ.  ഭക്ഷണ ദാരിദ്ര്യം അനുഭവിക്കുന്നവൻ പക്ഷെ അശക്തനായ മനുഷ്യനാണ്.  അവനു ഉറക്കെ കരയാൻ പോലും അറിയില്ല.  അവന്റെ എതിർപ്പുകൾ വികാരപരമാണ്.  വിശക്കുമ്പോൾ അട്ടഹാസം മുഴക്കുന്നതിനു പകരം അവൻ തൂങ്ങി മരിക്കുകയാണ് ചെയ്യുക.  പക്ഷെ നാവുള്ള മറ്റൊരു വിഭാഗം,  ആഡംബരത്തിൽ ജീവിക്കുന്നവർ ആയിട്ടുണ്ട്.  അവർ തങ്ങളുടെ ഉപഭോഗം അനിയന്ത്രിതമായി കൂട്ടി കൊണ്ടിരിക്കുകയാണ്.   ഒരു ദിവസം വൈദ്യുതി ഇല്ലാതായാൽ അവൻ ബഹളം ഉണ്ടാക്കുക തന്നെ ചെയ്യും.  നമ്മൾ ബൂർഷ്വാസി എന്ന് വിളിക്കുന്ന വിഭാഗത്തിൽ പെടുന്ന അവനാണ് നാളെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ പോകുന്നത് എന്ന് ഞാൻ സംശയിക്കുന്നു.

മൂന്നാം ലോകത്തെ ബൂർഷ്വാസിയുടെ ഉപഭോഗം,  ഒന്നാം ലോകത്തുള്ളവന്  ഭീഷണിയാകാൻ അധിക നാളുകൾ ഒന്നും വേണ്ട.  ഇപ്പോൾ തന്നെ അതിന്റെ ലാഞ്ചനകൾ ലോകത്തു കണ്ട് തുടങ്ങിയിരിക്കുന്നു.  ലോകത്തിന്റെ വിദൂര കോണുകളിൽ എവിടയേയും ഉള്ള അത്യുപഭോഗം , ശക്തനായ ഒന്നാം ലോകക്കാരനെ വേവലാതി പെടുത്താൻ തുടങ്ങിയിരിക്കുന്നു എന്നാണു എന്റെ വിശ്വാസം.  രണ്ട് തരത്തിൽ ആണ് അവന്റെ വേവലാതികൾ.  അതി വ്യവസായ വത്കൃതമായ തന്റെ ദേശത്തുള്ള വ്യവസായങ്ങൾക്ക് ഇനി അങ്ങോട്ട് മൂന്നാം ലോകത്തിലെ വിഭവങ്ങൾ അത്യന്താപേക്ഷിതമാണ്.  ഇനി അങ്ങോട്ട് അതിനു വല്ല തടസ്സങ്ങളും നേരിടുമോ എന്നുള്ള ഭയം.  മറ്റൊന്ന് മൂന്നാം  ലോകം അതി ജനസംഖ്യയിൽ ഉഴലുന്ന ഒരു ലോകമാണ്.  ഈ അതി ജനസംഖ്യയിൽ അത്യുപഭോഗം കൂടെ ഉണ്ടായാൽ,  ഇന്ന് തനിക്കു അവിടങ്ങളിൽ നിന്ന് കയറ്റുമതിയായി, ചുരുങ്ങിയ വിലയിൽ കിട്ടുന്ന പലതിനും തടസ്സങ്ങൾ നേരിടുമെന്ന്   അവൻ ഭയപ്പെടുന്നു.  ആവനാഴിയിൽ അമ്പുകൾ ഉണ്ട് എന്നുള്ളതാണ് അപ്പോൾ അവന്റെ സമാധാനം.

പറഞ്ഞു വരുന്നത് മൂന്നാം ലോകത്തിലെ വർധിച്ചു വരുന്ന ഉപഭോഗം ഒന്നാം ലോകക്കാരനു ഭീഷണിയാണ് എന്നതാണ്.  അപ്പോൾ അവന്റെ ഉപഭോഗം പരിമിതപ്പെടുത്താൻ ശക്തൻ ശ്രമിക്കും എന്നുള്ളത് തർക്കമറ്റ സംഗതിയാണ്.

വിഭവങ്ങൾ ഉണ്ടായിട്ടും അത് വാങ്ങാൻ പറ്റാത്ത സ്ഥിതിയിലേക്ക് മൂന്നാം ലോകക്കാരൻ എത്തിപ്പെടുന്നു എങ്കിൽ ഒന്നാം ലോകം വളരെ ഏറെ സന്തോഷിക്കും.  ഇവിടെ ഉള്ള മാർക്കറ്റ് മാന്ദ്യം കയറ്റുമതിയുടെ നേരെയാക്കുന്നതു അവനു ഇഷ്ടമായിരിക്കും.  കാരണം എന്നും മൂന്നാം ലോകത്തു നിന്നുള്ള കയറ്റുമതി അവനെ സംബന്ധിച്ചു സാധനങ്ങൾ വെറുതെ കിട്ടുന്നതിന് തുല്യമായിരുന്നു.

No comments:

Post a Comment