Friday, 20 January 2017

ഭൂമധ്യ രേഖയിലൂടെ ഉള്ള ഒരു കിണർ റോഡ്

ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യ ഘട്ടങ്ങളിൽ ഇന്ത്യക്കാര് കണ്ട് പിടിക്കാൻ പോകുന്ന അത്യാധുനികമായ ഒരു യാത്രാ സംവിധാനം ആണ് ഭൂമധ്യ രേഖയിലൂടെ ഉള്ള ഒരു കിണർ റോഡ്.  കിണർ എന്താണ് എന്ന് നിങ്ങള്ക്ക് അറിയാം.  അത് പോലെ റോഡ്‌ എന്താണ് എന്നും.  അപ്പോൾ അത് രണ്ടും ചേർന്നാൽ കിണർ റോഡ് ആയി.  പക്ഷെ ഈ മഹത്തായ സൃഷ്ടിക്കു രണ്ട് രാജ്യങ്ങളുടെ സഹകരണം വേണം.  ഒന്ന് നമ്മുടേത് തന്നെ. മറ്റേതു നമ്മുടെ എതിർ ദിശയിൽ നിൽക്കുന്ന  (അണ്ടിപോഡ്  ANTIPODE) രാജ്യത്തിന്റേതും.  അത് ചിലിയാണ് എന്ന് ആരോ പറഞ്ഞു തന്നിട്ടുണ്ട്.  അപ്പോൾ രണ്ട് രാജ്യങ്ങളും തീരുമാനിച്ചാൽ പിന്നെ പണി തുടങ്ങുകയായി.  ആദ്യം വേണ്ടത് കിണറു കുഴിക്കാനുള്ള സ്ഥാനം കുറ്റിക്കാരനേ കൊണ്ട് നോക്കിക്കുകയാണ്.  ഇവിടെ നമ്മള് മലയാള കുറ്റിക്കാരനേ കൊണ്ട് അത് നോക്കിക്കുമ്പോൾ അവിടെ അവർ ചിലി കുറ്റിക്കാരനേ കൊണ്ട് കിണറ്റിന്റെ സ്ഥാനം തീർച്ചപ്പെടുത്തണം.  സ്ഥാനം തെറ്റുപോകരുതു.  കാരണം നമ്മള് ഇവിടെ നിന്ന് കുഴിച്ചു കുഴിച്ചു ഭൂ മധ്യത്തിൽ എത്തുമ്പോൾ, അവര് അവിടെ നിന്ന് കുഴിച്ചു കുഴിച്ചു ഭൂ മധ്യത്തിൽ  അതെ സ്ഥാനത്തു എത്തണം.  അല്ലെങ്കിൽ നമ്മൾ കൊച്ചിയിലും അവര് കൊയിലാണ്ടിയിലും എത്തിയപോലെ ആവും.  ലൈനടി തെറ്റി പ്പോകരുതു എന്ന് അർഥം.

ഇനി ഈ കിണർ റോഡിന്റെ  ഗുണങ്ങൾ എന്തൊക്കെ ആണെന്ന് നോക്കുക .  ഉദാഹരണമായി ഞാൻ ചിലിയിലേക്കു പോകുകയാണ് എന്ന് വിചാരിക്കുക.  ഞാൻ ഇപ്പോൾ കിണർ റോഡിന്റെ കരയിൽ നിൽക്കുകയാണ്. അപ്പോൾ പിന്നിൽ നിന്ന് ആരോ എന്നെ കിണറ്റിലേക്ക് തള്ളിയിട്ടു എന്ന് കരുതുക. അപ്പോൾ എന്ത്  സംഭവിക്കും.  ഞാൻ അങ്ങ് താഴോട്ടു പോകും.  സയൻസ് അറിഞ്ഞു കൂടാത്ത പൊട്ടന്മാര് വിചാരിക്കും ഞാൻ അപ്പുറത്തു ചിലിയിൽ തെറിച്ചു പുറത്തു വീഴും എന്ന്.  ഇല്ല പൊട്ടന്മാരെ . അങ്ങനെ അല്ല സംഭവിക്കുക.  ഞാൻ താഴേക്കു  വീണു വീണു ഭൂമിയുടെ ഒത്ത നടുവിൽ പോയി നിൽക്കും. ചിലപ്പോൾ ആ വീഴ്ചയിൽ ചിലി ഭാഗത്തേക്ക് കുറച്ചു മൂവ് ചെയ്യാനും സാധ്യതയുണ്ട്.  പക്ഷെ വീണ്ടും തിരിച്ചു വന്നു ഭൂമിയുടെ നടുവിൽ തന്നെ സ്ഥിരമായി നിൽക്കും.   ഇനി അങ്ങോട്ട് കയറ്റമാണ്.  മനസ്സിലായില്ലേ. ഇല്ലെങ്കിൽ പത്താം ക്ലാസിൽ പഠിക്കുന്ന ഏതെങ്കിലും കുട്ടിയോട് ചോദിക്കു.  അതായത് ഇനി ചിലിയിൽ നിന്ന് ഏതെങ്കിലും ഒരുത്തൻ ഒരു കയറിട്ടു തന്നാൽ എനിക്ക് ആ കയറിൽ പിടിച്ചു കയറി ചിലിയിൽ എത്താം. ശരിയല്ലേ.  അപ്പോൾ ഇതിൽ നിന്ന് നമ്മൾ പ്രമാദമായ ഒരു സത്യം മനസ്സിലാക്കുന്നു.  ഞാൻ തലശേരിയിൽ നിന്ന് ഭൂമധ്യ രേഖവരെ വെറുതെ വീഴുകയായിരുന്നു  എന്ന് . ഫ്രീ ഫാൾ.  ഒരു പത്തു പൈസയുടെ എണ്ണ കത്തിക്കേണ്ട.  ഭൂമധ്യ രേഖയിൽ നിന്ന് അങ്ങോട്ട് നിങ്ങള് എന്തെങ്കിലും എലിവേറ്ററോ മറ്റോ വച്ച് എന്നെ പൊക്കി എടുക്കാൻ എണ്ണ കത്തിച്ചു കൊള്ളൂ.  പക്ഷെ പകുതി ദൂരത്തിനു എണ്ണ ലാഭം എന്ന് മനസ്സിലായല്ലോ.

നിങ്ങളുടെ കൂട്ടത്തിൽ ശാസ്ത്രജ്ഞമാരോ , നിങ്ങളുടെ ആരുടെയെങ്കിലും മക്കൾ ശാസ്ത്രഞ്ജന്മാരോ ആണെങ്കിൽ, അവർക്കു എന്റെ ഈ സിദ്ധാന്തം ഫ്രീ ആയി ഉപയോഗിക്കാവുന്നതാണ്.  വല്ല പൈസയും തടയുമ്പോൾ പകുതി ഇങ്ങോട്ടു തന്നാൽ മതി.  സംഗതി ശരിയായാൽ ചിലപ്പോൾ നമുക്ക് രണ്ട് പേർക്കും ഒരു നോവൽ സമ്മാനം വരെ കിട്ടിയേക്കും.

No comments:

Post a Comment