Wednesday, 25 January 2017

ഭക്ഷണം -- പട്ടിണി - ചില വരട്ടു ചിന്തകൾ

വരട്ടു ചിന്തകൾ എന്ന് പറയുമ്പോൾ ചിലരുടെ മനസ്സിൽ വരട്ടിയ കൊഴിയായിരിക്കും  ഉയർന്നു വരിക.  ആ വരട്ടു അല്ല ഈ വരട്ടു.  വരണ്ട ചിന്തകൾ എന്ന ഉദ്ദേശ്യത്തിൽ മാത്രമാണ് ഈ പ്രയോഗം ഇവിടെ ചേർത്തിട്ടുള്ളത്.  ചിന്തിക്കുന്നവർക്ക് ദഹിക്കാത്ത ചില ചിന്തകൾ.

സമീപ കാലത്തു നാട്ടിലെ മുക്കിലും മൂലയിലും (നാട് എന്നാൽ പട്ടണം എന്നാണു അർഥം)  ഉയർന്നു വന്ന ഒരു മുദ്രാവാക്യം ആണ് പട്ടിണി കിടക്കുന്നവന് ഭക്ഷണം കൊടുക്കുക എന്നുള്ളത്.  നിങ്ങൾ ഉപയോഗിച്ച് ബാക്കിയായ ഭക്ഷണങ്ങൾ സ്വീകരിക്കാൻ സന്മനസ്സുള്ള എത്രയോ ചെറുപ്പക്കാർ സ്വയം തയ്യാറായി മുന്നോട്ടു വന്നിരിക്കുന്നു.  അവർ അത് വിശക്കുന്ന വയറുകൾക്കു നേരിട്ടോ, അല്ലാതെയോ എത്തിച്ചു കൊടുക്കുന്നു.  ശ്രെഷ്ടമായ പ്രവർത്തി എന്ന് പറയാം.

പക്ഷെ ഈ പ്രവർത്തി അവിടെ അവസാനിച്ചു പോകുന്നില്ല എന്ന് നാം മനസ്സിലാക്കണം.  ഇതിനെ പ്രോത്സാഹിപ്പിക്കുന്ന പലരും ഉന്നതങ്ങളിൽ ഉണ്ട് എന്നും നിങ്ങൾ മനസ്സിലാക്കണം.  പട്ടിണിയുടെ നിർമാതാക്കൾ തന്നെ , പട്ടിണി നിവാരണത്തിന് വേണ്ടിയുള്ള ഇത്തരം കാര്യങ്ങളെ എന്ത് കൊണ്ട് അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നു എന്നുള്ള കാര്യം നിങ്ങൾ ഒരു നിമിഷം ചിന്തിച്ചു നോക്കേണ്ടതാണ്.

മുൻപൊരിക്കൽ ഒരു ഭിക്ഷക്കാരന് ഞാൻ അഞ്ചു രൂപ കൊടുത്തപ്പോൾ എന്റെ ഒരു സുഹൃത്ത് ഇങ്ങനെ പറഞ്ഞു.  'നീ ഈ ചെയ്യുന്നത് വലിയ ഒരു ചതിയാണ്.  നീ കൊടുക്കുന്ന അഞ്ചു രൂപ അവനിൽ നിന്ന് അവന്റെ പ്രതിഷേധത്തെ എടുത്തു കളയും.  ക്രിയാത്മകമായ ഒരു മാറ്റത്തെ അത് ഇല്ലായ്‌മ ചെയ്യും എന്ന് .   ഞാൻ ഇപ്പോൾ പട്ടിണിയെ കുറിച്ച് ചിന്തിക്കുന്നതും അതെ രീതിയിൽ ആണ്.  നമ്മുടെ നാട്ടിൽ പട്ടിണി ഒരു രാഷ്ട്രീയമാണ്.  അല്ലെങ്കിൽ രാഷ്ട്രീയത്തിന്റെ പാർശ്വ ഉത്പന്നം ആണ്.  അത് ഇല്ലായ്‌മ ചെയ്യാൻ ഒരു വഴിയേ ഉള്ളൂ.  എല്ലാവര്ക്കും ആവശ്യത്തിന് ഭക്ഷണം സൃഷ്ടിക്കുക.  അതിനു ഒരു വഴിയേ ഉള്ളൂ. നമ്മുടെ കാർഷിക മേഖലയെ പുനർ ജീവിപ്പിക്കുക.  അതിൽ കുറഞ്ഞ ഒന്നും ഇതിനു പരിഹാരമല്ല.

നിങ്ങൾ കൂടുതലായി കഴിക്കുന്ന ഭക്ഷണമാണ് രാജ്യത്തിന്റെ പട്ടിണിക്ക് കാരണം എന്ന് പറഞ്ഞു നടക്കേണ്ടത് സ്ഥാപിത താല്പര്യങ്ങളുടെ ആവശ്യമാണ്.  കാരണം അത്തരം ഒരു കാരണം കയ്യിൽ കിട്ടുന്നതോടു കൂടി തങ്ങളുടെ ഉത്തരവാദിത്വം ഒഴിഞ്ഞു കിട്ടി എന്ന് അവർ സമാധാനിക്കുന്നു.  ഇവിടെ പട്ടിണി ഉണ്ടായത്  നിങ്ങൾ സദ്യകളിൽ കൂടുതൽ ഭക്ഷണം വിളമ്പുന്നത് കൊണ്ടോ , അതിൽ കുറെ ഭാഗം പാഴാക്കി കളയുന്നത് കൊണ്ട് ആണെന്നുള്ള ധാരണ അവർ നിങ്ങളുടെ ഇടയിൽ പ്രചരിപ്പിക്കുകയാണ്.  പക്ഷെ ഇരുപതു കോടി ആളുകള് പട്ടിണി കിടക്കാൻ ആ കാരണം പര്യാപ്തമല്ല.

പറഞ്ഞു വരുന്നത് ഇത് മാത്രമാണ്.  പട്ടിണിക്കെതിരെ കുരിശു യുദ്ധം നടത്തുന്ന  നിങ്ങൾ ഓരോരുത്തരും അറിയണം പട്ടിണിയിൽ വ്യക്തമായ രാഷ്ട്രീയം ഉണ്ട് എന്ന്.  നിങ്ങളുടെ ശ്‌ളാഘനീയ ഈ പ്രവർത്തി കൊണ്ട് പട്ടിണിയുടെ ഒരു ചെറിയ ഭാഗം പോലും ഇല്ലാതായി പോകില്ല എന്ന്.

കാരണം ശരിയായ പട്ടിണിയുടെ കാരണം വയലുകൾ ആണ്.  അതിലൂടെ ആണ് പട്ടിണി നിർമാർജ്ഞാനം ചെയ്യപ്പെടേണ്ടത്

പക്ഷെ നമുക്ക് ചെയ്യാൻ പറ്റുന്ന ചെറിയ കാര്യം നാം ചെയ്തു കൊണ്ട് ഇരിക്കുക.  ഭക്ഷണം പാഴാക്കാതിരിക്കുക.  അഥവാ പാഴായി പോകുമെങ്കിൽ അത് ആവശ്യക്കാർക്ക് എത്തിക്കാനുള്ള സംരംഭങ്ങൾ സൃഷ്ടിക്കുക.  അധികമായി കഴിക്കുന്ന ഭക്ഷണം പോലും ഒരു തരത്തിൽ പാഴായി പോകുന്നു എന്ന് മനസ്സിലാക്കി, കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ചുരുക്കുക.  അങ്ങനെ ഉപയോഗിക്കപ്പെടാതെ ബാക്കിയാകുന്ന ഭക്ഷണ ഭാഗം പോലും എവിടെയോ ഉള്ള ഒരു പട്ടിണിക്കാരന് സഹായകമാകും എന്ന് അറിയുക.

അതോടൊപ്പം ഇത് കൊണ്ട് ഈ പ്രശ്നം പരിഹരിക്കപ്പെടില്ല എന്ന ബോധം സൃഷ്ടിക്കുകയും ചെയ്യുക.  കാരണം ഒരു പ്രശ്നത്തിന്റെ യഥാർത്ഥ കാരണം ജനതയിൽ നിന്ന് മറച്ചു പിടിക്കപ്പെടുന്ന കാലത്തോളം ആ പ്രശ്നത്തിന് യഥാർത്ഥ പരിഹാരം കണ്ടെത്താൻ പറ്റില്ല 

No comments:

Post a Comment