Thursday, 27 October 2016

ഒരു മാംസ ഭോജിയുടെ പതനം

ഒരു പാവപ്പെട്ട മനുഷ്യൻ വെറുമൊരു സസ്യ ഭോജിയായി പരിണമിച്ച കഥയാണ് ഞാൻ ഇനി പറയാൻ പോകുന്നത്.  എല്ലാ മനുഷ്യരും ജനിക്കുന്നത് പോലെ ഒരു മാംസ ഭോജിയായി തന്നെ ആയിരുന്നു ബാലാട്ടൻ ജനിച്ചത്.  ശിശു ആയിരിക്കുമ്പോൾ അമ്മയുടെ മാംസം വലിച്ചു കുടിച്ചതിനു ശേഷം,  മൽസ്യം, കോഴി, ആട്, പശു എന്നിങ്ങനെ വിവിധ തരങ്ങളായ മാംസങ്ങളിൽ ആര്മാദിച്ചു തന്നെ ആണ് അദ്ദേഹം വളരുകയും ചെയ്തത്.  ഒരു സസ്യ ഭോജിയായി ആയി മാറാൻ മാത്രമുള്ളതൊന്നും ബാലാട്ടന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ടായിരുന്നില്ല.  എന്നിട്ടും ഇതെങ്ങനെ സംഭവിച്ചു എന്നതായിരിക്കും നിങ്ങളുടെ അത്ഭുതത്തോടെ ഉള്ള ചോദ്യം.  അക്കഥ ഞാനിവിടെ ചുരുക്കി കഥിക്കാം

1981 ഒക്ടോബർ 12 ആം തീയതി ആദ്യമായി ബാലാട്ടൻ സ്വന്തം കാലിൽ നിന്നു  .  അതിന്റെ തലേന്ന് ബാലാട്ടൻ  ഒരു ജോലി കിട്ടി ദൂരെ ഉള്ള ഒരു പട്ടണത്തിലേക്കുയാത്രയായി.  താമസിക്കാനൊരു മുറി കണ്ട് പിടിച്ച ബാലാട്ടൻ,  ഇനി അങ്ങോട്ട്  ഹോട്ടൽ ഭക്ഷണത്തിൽ തന്നെ കഴിയാം എന്ന് തീരുമാനിച്ചു ഉറച്ചു.  വേറെ നാട്ടു കാറോ പരിചയക്കാരോ കൂട്ടിനു ഇല്ലാത്ത കാലത്തോളം ഇങ്ങനെ ഒക്കെ മതി എന്ന് തീരുമാനിക്കുകയായിരുന്നു.  ആദ്യത്തെ ദിവസം ഉച്ചക്ക് സ്ഥലത്തുള്ള  പ്രമാണി ഹോട്ടലിൽ കയറി ഇരുന്ന ബാലേട്ടനെ ഹോട്ടൽ മുതലാളി  ഔല്സുഖ്യത്തോടെ നോക്കി.  ഒരു പൂച്ച അതിന്റെ ഇരയെ നോക്കുന്നത് പോലെ.  എന്നിട്ടു ചോറെടുത്തു കൊടുപ്പുകാരൻ പയ്യനെ നോക്കി ഇങ്ങനെ ആർത്തു വിളിച്ചു.

എടാ അവിടെ എന്താണ് വേണ്ടത് എന്ന് ചോദിക്കൂ

പയ്യൻ ഓടി വന്നു ബാലാട്ടന്റെ അടുത്തു വന്നു ഒരൊറ്റ ചോദ്യം.

എന്താ വേണ്ടത്.

ഊണ്.

പൊരിച്ച എന്താ വേണ്ടത്.

ആദ്യം ഊണ് ഇങ്ങോട്ടു എട്.  പൊരിച്ചയുടെ കാര്യം അപ്പോൾ പറയാം.

പയ്യൻ വരുമ്പോൾ വെറും ഊണ് മാത്രമായല്ല വന്നത്.  മഹാ വിഷ്ണുവിനെ പോലെ പല കൈകളിൽ പല സാധനങ്ങളുമായി.  അതിൽ ഒന്ന് പൊരിച്ചയുടെ താലം ആണെന്ന്,  അടുത്തടുത്തു വന്നു കൊണ്ടിരുന്ന മണത്തിൽ നിന്നു ബാലാട്ടൻ മനസ്സിലാക്കി.   വന്ന  ഉടനെ താലം ബാലാട്ടന്റെ മേശയിൽ ലാൻഡ് ചെയ്തു.  പല വിധമായ പൊരിച്ചകൾ.  അവയെ കുത്തി എടുക്കാൻ പാകത്തിൽ ഒരു കൊടിൽ.  വായിൽ ഏതൊക്കെയോ അങ്കലാപ്പുകൾ സംഭവിക്കുന്നത് പോലെ ബാലാട്ടന് തോന്നി.  ഉടനെ മനസ്സിൽ ഇങ്ങനെ വിചാരിച്ചു.  ഒന്നാമത്തെ ദിവസം അല്ലെ. കുറച്ചു നിലവാരത്തിൽ തന്നെ ആയി കളയാം.  ഇവിടെ വച്ച് ബാലാട്ടൻ തന്റെ വിചാരം മുറിക്കുകയും,  അതിനെ പ്രവർത്തിലേക്കു കൊണ്ട് വരികയും ചെയ്തു.  അപ്പോൾ ബാലാട്ടന്റെ ജിഹ്വയിൽ നിന്നു താഴെ പറയുന്ന ഒരു ശബ്ദം പുറത്തു വന്നു.

അയക്കൂറ

ചോറെടുത്തു കൊടുപ്പുകാരൻ പയ്യൻ അത് കേട്ടപാടെ ഒന്നര പ്ളേറ്റ് ചോറ് ബാലാട്ടന്റെ ഇലയിലേക്ക് ഇട്ടു കഴിഞ്ഞു.  അതോടൊപ്പം ഒരു താള് പോലെ ഉള്ള അയക്കൂറ കഷണവും.  അത് രണ്ടും കൂട്ടി നല്ലവണ്ണം തട്ടിയപ്പോൾ വെറും മൂന്നു മിനുട്ടു കൊണ്ട് ചോറ് കാലിയായി.  പക്ഷെ അത്ഭുതം, എന്തെങ്കിലും ചോദിക്കുന്നതിനോ പറയുന്നതിനോ മുൻപ് എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട ചോറെടുത്തു കൊടുപ്പുകാരൻ  പയ്യൻ,  ഒരു ഹാഫ് പ്ലേറ്റ്  ചോറ് ബാലാട്ടന്റെ ഇലയിലേക്ക് തട്ടി കഴിഞ്ഞിരുന്നു

ആ സർവീസ് മാഹാത്മ്യം കണ്ട് ബാലേട്ടൻ തരിച്ചു പോയി എന്ന് പറയാം.  വിളിച്ചാൽ പത്താം ദിവസം വരുന്ന ഫോണിന്റെ ആൾക്കാരും മറ്റുമായിരുന്നു  അന്നേരം ബാലാട്ടന്റെ മനസ്സിൽ മിന്നി മറിഞ്ഞത്.  അത്രയും ചോറ് കൂടെ തട്ടി കഴിഞ്ഞപ്പോൾ അതാ പയ്യൻ വീണ്ടും മുന്നിൽ എത്തിയിരിക്കുന്നു.

അല്പം കൂടെ ചോറ് വേണോ സാറേ.  അവന്റെ സ്നേഹ മസൃണമായ ചോദ്യം.  ബാലാട്ടൻ ഇതിന്റെ ഒക്കെ കോരിത്തരിപ്പിൽ അങ്ങനെ കഴിയവേ, പെട്ടന്ന് കോരിത്തരിപ്പുകൾ അവസാനിപ്പിച്ചു കൊണ്ട് ചോറിന്റെ ബില്ല് വന്നു.  കൃത്യം പത്തു രൂപ.  അഞ്ചു രൂപ ചോറിനും, അഞ്ചു രൂപ അയക്കൂറ പൊരിച്ചതിനും.  ആയിരം  രൂപ മാസ ശമ്പളം വാങ്ങുന്നവന്റെ ഒരു നേരത്തെ ഭക്ഷണത്തിനു ചെലവ് രൂപ പത്തു.  ശമ്പളം ഭക്ഷണത്തിനു കൂടെ തികയില്ല എന്ന് അർഥം.  പക്ഷെ സമാധാനമുണ്ട്.  ഈ പൊരിച്ച ഒരു സ്ഥായിയായ സത്യമല്ല എന്ന സത്യം . ഹോട്ടലിൽ ബില്ല് കൊടുത്തു നടക്കവേ ബാലാട്ടൻ ഇങ്ങനെ മനസ്സിൽ പറഞ്ഞു.  ആഴ്ചക്കു ഒരു ദിവസം മാത്രം പൊരിച്ചത്.  കുറെ എണ്ണം തന്റെ പണവും കാത്തു നാട്ടിലും ഉണ്ടല്ലോ. അവർക്കു പുല്ലെങ്കിലും വാങ്ങിച്ചു കൊടുക്കേണ്ടേ.

ദിവസം 2

ബാലാട്ടൻ ഇപ്പോൾ ഹോട്ടലിൽ ഇരിക്കുകയാണ്.  പതിവ് സംഭാഷണങ്ങൾ മാറ്റമില്ലാതെ തുടരുന്നു.  പക്ഷെ ബാലാട്ടൻ പതിവ് തെറ്റിച്ചു.  പൊരിച്ചയുടെ താലം തന്റെ മുന്നിൽ വന്നു ഇറങ്ങിയ ഉടനെ ബാലാട്ടൻ ബോംബ് പൊട്ടിച്ചു

ഇന്ന് എനിക്ക് പൊരിച്ച വേണ്ട.  വയറ്റിൽ അത്ര ശരി പോരാ.

ബാലാട്ടന്റെ വയറ്റിലെ ശരികേട്,  ചോറെടുത്തു കൊടുപ്പുകാരൻ പയ്യന് വളരെ വേഗം മനസ്സിലായി. അവൻ അവന്റെ ചോറ്റു പാത്രത്തിൽ നിന്നു ഒരു പ്ളേറ്റ് ചോറ്,  മനസ്സില്ലാ മനസ്സോടു ബാലാട്ടന്റെ ഇലയിലേക്ക് തട്ടി.  ഇന്നലെ ഉണ്ടായിരുന്ന ഒന്നര പ്ളേറ്റ് ഇന്ന് വെറും ഒരു പ്ലേറ്റ് മാത്രമായി ചുരുങ്ങിയതും ബാലാട്ടൻ ശ്രദ്ധിച്ചു..  ഇലയിൽ ഇത്തിരി പോന്ന ചോറ് വയറ്റിലാക്കിയതിനു ശേഷം പയ്യനെ തിരഞ്ഞ ബാലാട്ടന്, അവിടെ എങ്ങും അവന്റെ പൊടി പോലും കണ്ടെടുത്താൻ സാധിച്ചില്ല.  അവൻ എന്നത്തേക്കുമായി അപ്രത്യക്ഷൻ ആയതു പോലെ

 വൈകുന്നേരം ഓവർ ബറീസ് ഫോളിയിൽ ഇരുന്നു കൊണ്ട് ബാലേട്ടൻ തന്റെ കഥന കഥ മണ്ടോടിയോടു പറഞ്ഞു.  അപ്പോൾ മണ്ടോടി ഇങ്ങനെ പറഞ്ഞു.

ബാലാട്ടാ ചോറ്  ഒരു മാർഗം മാത്രമാണ്.  പൊരിച്ചയാണ് ലക്‌ഷ്യം.

പക്ഷെ ബാലാട്ടൻ ഡെസ്പ് ആകരുത്.  എല്ലാ ചോദ്യങ്ങൾക്കും ഒന്നിലധികം ഉത്തരങ്ങൾ ഉണ്ടാകും..  നിങ്ങളുടെ  ഇപ്പോഴുള്ള പ്രശ്നം പൊരിച്ചയാണ്.  ഒരു പൊരിച്ച ഒരു സാധാരണ മനുഷ്യനെ അധഃകൃതനാക്കുന്ന പ്രശ്നം.  ഒരു പൊരിച്ച കാരണം ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ മുന്നിൽ അപമാനിക്കപ്പെടുന്ന പ്രശ്നം.  അത് ഒഴിവാക്കാൻ ഒരു വഴിയേ ഉള്ളൂ. അവിടം ഒഴിവാക്കി അപ്പുറത്തുള്ള  വെജ് ഹോട്ടലിലേക്ക് ഭക്ഷണം മാറ്റുക.  അവിടെ ആകുമ്പോൾ ഈ പൊരിച്ച വച്ചുള്ള ആക്രമണം ഉണ്ടാകില്ല.  ആകെ കൂടെ ഉണ്ടാക്കുക ഒരു രൂപക്കുള്ള തൈര് മാത്രമായിരിക്കും.  അത് ഇനി എല്ലാദിവസവും ആയാലും വലിയ കുഴപ്പമില്ല .  അത് ശരിയാണ് എന്ന് ബാലാട്ടന് തോന്നി.  അല്ലെങ്കിലും ഈ മാംസ ഭക്ഷണം അത്ര നല്ലതല്ല എന്ന് നമ്മുടെ കുട്ടൻ ഡോക്ടർ എന്നോട് പറഞ്ഞിട്ടും ഉണ്ട്.  രോഗി ഇച്ഛിച്ചതും വൈദ്യം കല്പിച്ചതും പാല് എന്ന് പറഞ്ഞത് പോലെ.  എന്നാൽ ഇനി മുതൽ അങ്ങനെ ആയിക്കളയാം.  അതായിരുന്നു തുടക്കം.

No comments:

Post a Comment