Friday, 24 June 2016

ഭക്ഷണം വിഴുങ്ങുന്ന തലമുറ

ഒരിക്കൽ ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു വന്ന ബാലാട്ടൻ ഇങ്ങനെ പറഞ്ഞു.  അവിടെ പോയാൽ എപ്പോഴും ആളുകള് പുറകിൽ ക്യൂ നിൽക്കും. അതു കൊണ്ട് ഭക്ഷണം വിഴുങ്ങേണ്ടി വരും എന്നു.  അപ്പോൾ ഞാൻ ബാലാട്ടനോട് ഇങ്ങനെ ചോദിച്ചു 'ബാലാട്ടൻ വീട്ടിൽ വച്ചു എങ്ങനെ ആണ് ഭക്ഷണം കഴിക്കാറ്.എന്നു.  അതിനു ബാലാട്ടൻ അല്പം ആലോചിച്ചിട്ടാണ് ഉത്തരം പറഞ്ഞത്.  ഉത്തരം ഇങ്ങനെ 'നീ പറഞ്ഞത് ശരിയാണ്.  ഞാൻ വീട്ടിൽ നിന്നും   ഇപ്പോൾ അങ്ങനെ ഒക്കെ തന്നെ ആണ് ഭക്ഷണം കഴിക്കാറ്. വിഴുങ്ങുക എന്നത് ഇന്നൊരു രീതിയാണ്.  നമ്മൾ ഭക്ഷണം വിഴുങ്ങുന്ന ഒരു തലമുറയായി മെല്ലെ മെല്ലെ മാറി വരികയാണ്.  ഞാൻ ഇപ്പോൾ ആലോചിക്കുന്നത് എന്റെ ചെറുപ്പ കാലത്തു എന്റെ വീട്ടിലെ വലിയവർ ഭക്ഷണം കഴിച്ച രീതിയെ കുറിച്ചാണ്.  അധികം ഭക്ഷണം ഒന്നും അവര് കഴിക്കാറില്ല എങ്കിലും അവര് അതു കഴിക്കാൻ വളരെ ഏറെ സമയം എടുത്തിരുന്നു എന്നാണ് എന്റെ ഓർമ്മ.  അമ്മ പറയാറുള്ളത് പോലെ, പശു ചവയ്ക്കുന്നത് പോലെ ചവച്ചു ചവച്ചു തിന്ന ഒരു തലമുറ.

വായക്ക് നമ്മുടെ ദഹന പ്രക്രിയയിൽ മുഖ്യമായ സ്ഥാനമാണ് എന്നുള്ള കാര്യം നമ്മിൽ പലരും മറന്നു പോയി.  ദഹന കുറവിന് നിങ്ങൾ ഒരു ഡോക്ടറെ കണ്ടാൽ,  നിങ്ങൾ എങ്ങനെ ആണ് ഭക്ഷണം കഴിക്കുന്നത് എന്നു ഒരു ഡോക്ടറും നിങ്ങളോടു ചോദിക്കില്ല.  പക്ഷെ പലപ്പോഴും അതു  മാത്രമായിരിക്കും കാരണം.

വേഗം നമ്മുടെ ഭക്ഷണ രീതിയെ മാറ്റി മറിച്ചിരിക്കുന്നു.  ഇന്ന് ഭക്ഷണം കഴിക്കുന്നതിനു ഒരു ചിട്ടയും ഇല്ല.  വിശപ്പിനും ഭക്ഷണത്തിനും ഇടയിലുള്ള ബന്ധം ഇന്ന് മുറിഞ്ഞു പോയിരിക്കുന്നു .   ഭക്ഷണം എന്നത് ചില പ്രത്യേക സമയങ്ങളിൽ കഴിക്കേണ്ട ഒരു വസ്തുവായി ലഘൂകരിക്ക പെട്ടിരിക്കുന്നു.  ഇന്ന് അതിൽ സമയ ക്രമം മാത്രമേ ഉള്ളൂ. വയറ്റിൽ അസുഖമായി കിടക്കുന്ന ഒരു പുലി തന്റെ മുന്നിലൂടെ പോയ പെട മാനിനെ കാണുക കൂടി ഇല്ല.  പക്ഷെ നാം ഒരു നേരം ഭക്ഷണം കഴിക്കാതാവുമ്പോൾ, നാം മാത്രമല്ല, നമ്മുടെ ചുറ്റിലുള്ളവരും അസ്വസ്ഥരാകുന്നു.  ഭക്ഷണ കാര്യത്തിൽ നാം  മാനസിക അപഭ്രംശം സംഭവിച്ചത് പോലെ പെരുമാറുന്നു.

മാനന്തവാടിയിൽ വച്ചു ഒരിക്കൽ മധു മാഷ് പറഞ്ഞു.  'ഹോട്ടലിൽ നിന്നു മാത്രമേ ഭക്ഷണം കഴിക്കാവൂ.  അതിനു പറ്റിയ വൃത്തിയുള്ള ഹോട്ടൽ കണ്ടു പിടിക്കണം.  വീട്ടിൽ ഭക്ഷണം ഒരു ആചാരമാണ്.  കൃത്യമായ ഇട വേളകളിൽ അവ സൃഷ്ടിക്കപ്പെടുന്നു. നാം അതു കഴിക്കാൻ നിര്ബന്ധിക്ക പ്പെടുന്നു. ഹോട്ടലിൽ ആകുമ്പോൾ അത്തരം നിർബന്ധങ്ങൾ ഒന്നും ഇല്ല.  വിശപ്പു വരുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക എന്നുള്ള രീതി വീട്ടിൽ പ്രായോഗിക മാക്കൻ ബുദ്ധി മുട്ടാണ്.  പക്ഷെ പാകം ചെയ്യുന്ന ഭക്ഷണങ്ങളുടെ കാര്യത്തിൽ മാത്രമേ ഈ ബുദ്ധി മുട്ടുള്ളൂ.  പാകം ചെയ്യാത്ത പച്ചക്കറി കളുടെയോ, പഴങ്ങളുടെയോ കാര്യത്തിൽ അത്തരം പ്രശ്നങ്ങൾ ഇല്ല.

പാകം ചെയ്യാത്ത പച്ചക്കറികളും പഴങ്ങളും ഒരു ശീലമാക്കുക.

സിനിമയും ഭാഷയും

വിദേശ ഭാഷയിലെ സിനിമകൾ കാണുന്നവരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അറിയാത്ത ഭാഷ എന്നുള്ള പ്രശ്നം.   ഈ പരിമിതി മറികടക്കാനുള്ള രണ്ട് സംവിധാനങ്ങൾ ആണ് voice  ഡബ്ബിങ്,  സബ് ടൈറ്റിൽ എന്നിവ.  ഒന്നാമത്തേത് സിനിമയുടെ ഭാഷ ഇംഗ്ലീഷിലേക്കോ മറ്റേതെങ്കിലും ഭാഷയിലേക്കോ മാറ്റുക എന്നുള്ളതാണ്. മറ്റേതു സംഭാഷണങ്ങൾ സ്‌ക്രീനിന്റെ അടിയിൽ എഴുതി വെക്കുക എന്നുള്ളതാണ്.  രണ്ടിനും അവയുടേതായ പരിമിതികൾ ഉണ്ട്.

പല സിനിമകളിലും ശബ്ദ ഭാഷ എന്നുള്ളത് വെറും സംഭാഷണങ്ങളിൽ കവിഞ്ഞു പാശ്ചാത്തല സംഗീതത്തിന് ഒരു അകമ്പടി കൂടി ആണ് എന്നാണ് എന്റെ സിനിമ പരിചയത്തിൽ നിന്നു ഞാൻ മനസ്സിലാക്കിയത്.  ഒരു പരിധിവരെ ഭാഷാ ശബ്ദം മറ്റൊരു പാശ്ചാത്തല സംഗീതം തന്നെ ആണ്.  അത്രക്ക് മനോഹരമായാണ് പലപ്പോഴും ഭാഷയിലെ ശബ്ദങ്ങൾ ക്രമപ്പെടുത്തിയിട്ടുള്ളത്.  പരിഭാഷാ ശബ്ദങ്ങൾ കൊണ്ട് അതിനെ പകരം വെക്കുമ്പോൾ ആ ശബ്ദ സൗന്ദര്യം നഷ്ടപ്പെട്ടു പോകാൻ വളരെ ഏറെ സാധ്യതയുണ്ട്. പക്ഷെ സബ് ടൈറ്റിൽ രീതിയിൽ ആ പ്രശ്നം തീരെ ഇല്ല.  നാം ഒറിജിനൽ ഭാഷയുടെ ശബ്ദം അതു പോലെ കേൾക്കുന്നു.  അർത്ഥം താഴെ എഴുതുകയും ചെയ്തിട്ടുണ്ട്.  പക്ഷെ ഇവിടെ മറ്റൊരു പ്രധാന പ്രശ്നം ഉത്ഭവിക്കുന്നു.  ഒരേ സമയം നാം രണ്ട് ദൃശ്യങ്ങളിലേക്കു കണ്ണു പായിക്കേണ്ടി വരുന്നു.  ഒന്നു സിനിമയിലെ ദൃശ്യം. മറ്റൊന്ന് സബ് ടൈറ്റിൽ എന്ന ദൃശ്യം.  സിനിമ ആസ്വാദനത്തിനു അതു വലിയ ഒരു വിലങ്ങു തടി ആകുന്നു.  ഇതിനെ മറികടക്കാൻ ഒരു വഴി മാത്രമേ ഉള്ളൂ.  സിനിമ അനേകം തവണ കാണുക.  അപ്പോൾ ഒരു ഘട്ടത്തിൽ സബ് ടൈറ്റിൽ വായിക്കാതെയും സിനിമ കാണാൻ പറ്റും എന്നുള്ള നില വരും.  പക്ഷെ അത് നടക്കാത്ത കാര്യമാണ്.

ഇതിനിടെ സിനിമ മനസ്സിലാക്കാൻ ഭാഷ തന്നെ ആവശ്യമില്ല എന്നും സിനിമ ഒരു ദൃശ്യ മാധ്യമം മാത്രമാണ് എന്നും മറ്റുമുള്ള  വരട്ടു ന്യായങ്ങൾ പറയുന്നവരെയും കാണാം.  അവര് മനസ്സിലാക്കേണ്ടത്, നിശബ്ദ സിനിമയിൽ നിന്നു ശബ്ദ സിനിമയിലേക്കുള്ള മാറ്റം, വെറും ശബ്ദങ്ങൾ പഴയ കാല സിനിമകളിൽ ചേർത്തു എന്നുള്ളത് മാത്രമല്ല.  ശബ്ദം ഇല്ലാത്ത കാലത്തു ശബ്ദത്തിന്റെ അസാന്നിധ്യം കൊണ്ടുള്ള വിഷമം ഇല്ലാതാക്കാൻ എന്തൊക്കെയോ അധികമായി ദൃശ്യങ്ങളിൽ ചേർക്കേണ്ടി വന്നിട്ടുണ്ട്.  പണ്ട് ഒരു സിനിമയിൽ ഒരു ബോംബ് പൊട്ടുന്നു എങ്കിൽ അതു ഒരു പൊട്ടി തെറിയായി തന്നെ കാണിക്കണം.  അല്ലാതെ പൊട്ടുന്ന ശബ്ദം കാണിക്കാൻ പറ്റില്ല.  പക്ഷെ ഇന്ന് ഒരു ബോംബ് കാണിച്ചാൽ മതി. അല്പം കഴിഞ്ഞു വെറും പൊട്ടുന്ന ശബ്ദം കേൾപ്പിച്ചാൽ , ബോംബ് പൊട്ടി  എന്നു നാം മനസ്സിലാക്കും.  അതായത് പണ്ട് ശബ്ദം ദ്യോതിപ്പിക്കാൻ വേണ്ടി ചേർത്ത അധിക ദൃശ്യങ്ങൾ  ഒന്നും ഇന്നത്തെ ശബ്ദ സിനിമകളിൽ വേണ്ട.  അതായത് അതു കൊണ്ട് മാത്രം പല ദൃശ്യങ്ങളും ഒഴിവാക്കാം എന്നു അർത്ഥം. ഭാഷ കൊണ്ടുള്ള ഗുണം എന്തെന്ന് അപ്പോൾ പ്രത്യേകം പറയേണ്ട കാര്യമില്ല.  ഭാഷ മനസ്സിലാകാത്തത് കൊണ്ടുള്ള പ്രയാസങ്ങളും 

Friday, 10 June 2016

ചിറക്കര കണ്ടിയും ഫേസ് ബുക്കും

മോരും മുതിരയും പോലെ ആണെന്ന് ആദ്യത്തെ കേൾവിയിൽ തോന്നുമെങ്കിലും, ഒരു സ്ഥലം ഒരു സ്ഥാപനത്തിന്റെ ആദി രൂപമായി നില കൊള്ളുന്നത്‌ പ്രപഞ്ചത്തിൽ ആദ്യത്തെ തവണ ഒന്നും അല്ല. ഒരു സ്ഥാപനം ഒരു സ്ഥലത്തെ കുറിച്ചുള്ള സ്മൃതികൾ മനസ്സില് ഉണർത്തുന്നതും അസാധാരണമായ ഒരു സംഭവം അല്ല. സിന്തോൾ സോപിന്റെ മണം അടിച്ചാൽ എന്റെ മനസ്സില് നുരഞ്ഞു വരുന്നത് പണ്ടു തിരുവനന്തപുരം തെരുവിലൂടെ നടന്ന കാലമാണ്. നായയെ കണ്ടാൽ ചത്ത്‌ പോയ അച്ഛനെ ഓർമ്മ വരുന്ന മക്കൾ ഇല്ലേ. അപ്പോൾ ഫേസ് ബുക്ക്‌ എന്നിൽ ചിറക്കര കണ്ടി എന്ന പ്രദേശത്തെ കുറിച്ചുള്ള ഓർമ്മകൾ തികട്ടി കൊണ്ടു വന്നു എങ്കിൽ അതിൽ അല്ബുധപ്പെടാൻ ഒന്നുമില്ല.
ചിറക്കര കണ്ടി അഥവാ കണ്ടിക്കൽ :
ചിരക്കരയിൽ നിന്ന് നാരു പോലെ ഉള്ള ഒരു റോഡിൽ കുറെ വലത്തോട്ട് നടന്നാൽ എത്തുന്ന പുഴ തീരമാണ് ചിറക്കര കണ്ടി. റോഡിനു ഇരുപുറവും ചതുപ്പ് പ്രദേശം. മുന്നില് ഇടതു ഭാഗത്തായി ശ്മശാനം. നമ്മുടെ കുടുംബക്കാര് പലരും ഇവിടെയാണ്‌ കിടക്കുന്നത് എന്നതിനാൽ അർദ്ധ രാത്രി പോലും ഇതിലെ ധൈര്യമായി നടന്നു പോകാം. 1960 കാലത്ത് ഇത് തലശേരിയിലെ പ്രധാനപ്പെട്ട കാര്ഷിക മേഖല ആയിരുന്നു. നോക്കെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നെൽ വയലുകൾ. പോകുന്ന വഴിയുടെ ഇരു വശത്തും നല്ല വീതിയിൽ വാഴ കൃഷി. ഒരിക്കൽ ഈ വഴിയിലൂടെ ആപ്പന്റെ വീട്ടിൽ പോകുകയായിരുന്ന ഞാൻ മുന്നില് ഒരു സ്ത്രീയും പുരുഷനും പരസ്പരം സംസാരിച്ചു കൊണ്ടു നടന്നു പോകുന്നത് കണ്ടു. സാധാരണ പകൽ സമയത്ത് പോലും ഇരുട്ട് പിടിച്ച ഈ വഴിയിലൂടെ ഞാൻ അത്ര ധൈര്യപ്പെട്ടു നടക്കാറില്ല. ഇന്ന് പക്ഷെ പേടിക്കാനൊന്നും ഇല്ല. രണ്ടു പേര് മുന്നിലുണ്ട്. അപ്പോഴാണ്‌ ഞാൻ വശത്ത് നിന്ന് ഒരു കുയില് പാടുന്നത് കേട്ടത്. വെറുതെ ശബ്ദത്തിന്റെ ഉറവിടത്തിലേക്ക് കണ്ണ് പായിച്ചു. കുയിലിനെ അവിടെ എങ്ങും കണ്ടില്ല. വീണ്ടും ദൃഷ്ടികൾ നേരെ ആക്കിയപ്പോൾ അത്ഭുദം മുന്നില് നടന്നു നീങ്ങിയ രണ്ടു പേരെയും കാണാനില്ല. ദൈവമേ പിശാചുക്കൾ വല്ലതും ആകുമോ എന്ന് വിചാരിച്ചു ഞാൻ തിരിഞ്ഞോടി. വീട്ടിൽ വന്നു അമ്മയോട് കാര്യം പറഞ്ഞപ്പോൾ അമ്മ പറഞ്ഞു , അവര് വേഗം നടന്നു പോയതായിരിക്കും എന്ന്. സംഗതി നമ്മുടെ സീനിയർ ജയനോട് പറഞ്ഞപ്പോൾ ജയൻ പറഞ്ഞു 'ശെടാ വിഡ്ഢി. നീ ഇങ്ങോട്ട് ഓടി പോരാതെ വാഴ കള്ളിയിൽ പോയി നോക്കണ്ടേ.എന്ന്. ജയൻ വേറെ ഒന്നും പറയാതെ നടന്നു പോയി. ആ രഹസ്യം ഇന്നും ചുരുളഴിയാതെ കിടക്കുന്നു.
ഹോ പറഞ്ഞു പറഞ്ഞു കാട് കയറി പോയി. ഫേസ് ബൂകിനെ കുറിച്ചാണല്ലോ പറയാൻ തുടങ്ങിയത്. അതെ. അതാണ്‌ ഇനി പറയാൻ പോകുന്നത്. സന്ധ്യ മയങ്ങുന്ന വേളയിൽ ചിറക്കര കണ്ടി മുഴുവൻ ഇരുട്ടിനെ പുൽകാൻ കൈ ഉയർത്തി നില്ക്കുന്ന ആ വേളയിൽ ഏതാനും പേര് കൂട്ടമായി ചിറക്കര കണ്ടിയിലെ , ചെറിയ കണ്ടി ലക്ഷ്യമാക്കി നടന്നു നീങ്ങുന്നത്‌ കാണാം. അതാണ്‌ അക്കാലത്തെ ഫേസ് ബുക്ക്‌ ഫ്രണ്ട്സ്. കണ്ടിക്കു മുകളിലെ കോണ്ക്രീറ്റ് തറയിലും, അപ്പുറത്തുള്ള ആലിൻ തണലിലും ആയി അഞ്ചു പത്തു പേര് അങ്ങനെ ഇരിക്കുകയായി. അവരെ എന്തെങ്കിലും ഒരു പേര് വിളിക്കണം എന്ന് നിര്ബന്ധമാണ് എങ്കിൽ നിങ്ങള്ക്ക് ഇങ്ങനെ വിളിക്കാം. നാട്ടിലെ തൊഴിൽ ഇല്ലാത്ത ചെറുപ്പക്കാർ. അതെ തെക്കും വടക്കും നടക്കുക അല്ലാതെ അവര്ക്ക് മറ്റൊരു തൊഴിലും ഇല്ലായിരുന്നു. അക്കാലത്ത്‌ നാട്ടിൽ ഒരു വര്ത്തമാനം പോലും ഉണ്ടായിരുന്നത് ഇതാണ്. രാജ്യത്തെ തൊഴിലില്ലായ്മയുടെ ആഴം കാണാൻ ചിറക്കര കണ്ടിയിൽ സന്ധ്യക്ക്‌ പോയാൽ മതി എന്ന്. അവിടെ വച്ച് ഞങ്ങൾ ലോകത്തുള്ള എല്ലാ വിഷയങ്ങളെ കുറിച്ചും സംസാരിച്ചു. ശ്മശാനത്തിൽ മരുവുന്ന മരണത്തിനും, റോഡിൽ കറങ്ങുന്ന ജീവിതത്തിനും ഇടയിലുള്ള എല്ലാത്തിനെ കുറിച്ചും. നമ്മൾ അവയെ കുറിച്ച് തര്ക്കിച്ചു. തമ്മിലടിച്ചു. ഒടുവിൽ രാത്രി ആകുമ്പോൾ എല്ലാവരും സംഗതി മതിയാക്കി, തങ്ങളുടെ തർക്കങ്ങൾ കൊണ്ടൊന്നും ലോകം നന്നാകില്ല എന്ന് മനസ്സിലാക്കി മെല്ലെ നടന്നു ചാത്തു ഏട്ടന്റെ ചായ പീടികയിൽ പോയി ഒരു ചായയും ഒരു വടയും കഴിച്ചു വീട്ടിൽ പോയി കിടന്നുറങ്ങും. വര്ഷങ്ങള്ക്ക് ശേഷം ലോകം മുഴുവൻ മറ്റൊരു രീതിയിൽ തങ്ങള് നടത്തിയ ഈ പരിപാടി തുടരും എന്നുള്ളതിനെ കുറിച്ച് സ്വപ്നം പോലും കാണാതെ.
പക്ഷെ എല്ലാ സ്ഥാപനങ്ങൾക്കും ഒരു   അവസാനം ഉണ്ടാകുന്നത് പോലെ നമ്മുടെ ഈ പ്രാചീന ഫേസ് ബുക്ക്‌ കൂട്ടവും ഒരു ആകസ്മികതയിൽ അവസാനിച്ചു പോയി. അതിന്റെ പിന്നിലെ കദന കഥയാണ് ഇവിടെ പറയാൻ പോകുന്നത്. നമ്മുടെ നാട്ടിൽ ഒരു ചന്തു ഉണ്ടായിരുന്നു. കരി നാക്കിന്റെ ആശാൻ. അങ്ങേരു ഒരിക്കൽ എന്റെ മാമനെ നോക്കി 'ഇതെന്തു തടിയാടാ നീ തടിചിരിക്കുന്നത്' എന്ന് പറഞ്ഞതെ ഉള്ളൂ, അടുത്ത ആഴ്ച ആയപ്പോഴേക്കും മാമൻ എല്ലും തോലും ആയി ശോഷിച്ചു പോയി. നമ്മുടെ നാട്ടിലെ ആരോഗ്യമുള്ള പിള്ളാർ ആരും തന്നെ അങ്ങേരുടെ നിഴല് കണ്ടാൽ അടുത്തു പോകില്ല. അങ്ങിനെ ഇരിക്കെ നമ്മള് കുറെ പേര് ചിറക്കര കണ്ടിയിൽ ഇരുന്ന ഒരു നാളിൽ ചന്തു ആ വഴി വന്നു. നമ്മുടെ ആ ഇരിപ്പും സൊറ പറച്ചിലും അങ്ങേർക്കു രസിച്ചില്ല എന്ന് തോന്നുന്നു. അങ്ങേരു എടുത്ത വായിൽ ഇങ്ങനെ ഒരു തട്ട് തട്ടി. 'തൊഴിലില്ലാത്ത കുറെ എണ്ണം വൈകുന്നേരം ആകുമ്പോൾ ഇങ്ങോട്ട് പോരും. നാട് നാറ്റിക്കാൻ' എന്ന്. നമ്മള് പാവങ്ങൾ നാട് നാറ്റിക്കാൻ വേണ്ടി ഒന്നും ചെയ്തില്ല എന്ന് നമുക്ക് നന്നായി അറിയാമായിരുന്നു. പക്ഷെ അങ്ങേരുടെ ശാപം ശരിക്കും നമ്മുടെ ഗ്രൂപിന് ഏറ്റു. അടുത്ത ആഴ്ച എനിക്ക് ജോലി കിട്ടിയതായി കൊണ്ടുള്ള അറിയിപ്പ് വന്നു. സത്യം പറയട്ടെ വെറും ആറു മാസം കൊണ്ടു ചിറക്കര കണ്ടി ഗ്രൂപ്പ് നാമാവശേഷമായി. കുറെ പേര് ഗൾഫിലു, കുറെ പേര് ഗവര്മെന്റില്. അങ്ങനെ. നമ്മുടെ തിരോധാനത്തിനു ശേഷം, ഈ സംഭവം അറിഞ്ഞ കുറെ തൊഴിൽ ഇല്ലാ പിള്ളാർ ചിറക്കര കണ്ടി താവളമാക്കി എല്ലാ ദിവസവും വൈകുന്നേരം ചന്തു ഏട്ടന്റെ വരവും പ്രതീക്ഷിച്ചു നിൽക്കും. പക്ഷെ അങ്ങേരു ഒരിക്കലും ആ വഴി വന്നില്ല. കാത്തു നിന്ന് മടുത്ത അവര് പിന്നെ അവിടെ റമ്മി കളി തുടങ്ങി എന്ന് പിന്നീട് ആരോ പറഞ്ഞു അറിഞ്ഞു.

ഇന്ന് ചിറക്കര കണ്ടി സ്മ്രുതിയിലേക്ക് അതായത് മരണത്തിലേക്ക്  നീങ്ങുകയാണ്.  അതിന്റെ മുഖ മുദ്രയായ നെൽ വയലുകൾ ഇന്ന് അവിടെ ഇല്ല.  ഈ താഴ്വാരം കാൽ ചിലങ്കയായി അണിയുന്ന, പിന്നിലുള്ള മല മുകളിൽ ചിറക്കര കണ്ടിയുടെ മരണത്തിനു ആനുപാതികമായി കെട്ടിടങ്ങൾ വന്നു നിറഞ്ഞു കൊണ്ടെ ഇരുന്നു.

അവിടെ ആയിരുന്നു നമ്മുടെ കാൻസർ വാർഡ്‌

Wednesday, 8 June 2016

കടൽ കടന്നുള്ള അധ്വാനത്തിന്റെ യാത്ര

മൂന്നാം ലോകങ്ങളിൽ നിന്ന് ഒന്നാം ലോകങ്ങളിലെക്കുള്ള കയറ്റുമതി മൂന്നാം ലോകങ്ങളിൽ വിഭവ ദാരിദ്ര്യം സൃഷ്ടിക്കും എന്ന് മാത്രമല്ല,  തങ്ങളുടെ വിഭവങ്ങൾ തുച്ചമായ വിലക്ക് വിദേശി കൈവശ പ്പെടുത്തുന്ന ഒരു സ്ഥിതിവിശേഷം സൃഷ്ടിക്കുകയും ചെയ്യും.  വിദേശ വിനിമയ നിരക്ക് എന്ന പ്രഹേളിക അവയ്ക്ക് ഇടയിൽ കയറി വരികയാൽ സാധാരണ ക്കാരന് അതിന്റെ ആഘാതം പെട്ടന്ന് മനസ്സിലായി എന്ന് വരില്ല.  ഒരു വസ്തു വിദേശത്തേക്ക് കയറ്റി അയക്കുക എന്നതും,  ഒരു വിദേശി ഇങ്ങോട്ട് വന്നു അത് തിന്നുക എന്നുള്ളതും സമാനമായ പ്രക്രിയകൾ തന്നെ ആണ്.  അപ്പോൾ അവര് ഇങ്ങോട്ട് വന്നു തിന്നുന്നത് നമ്മുടെ പ്രകൃതി വിഭവങ്ങൾക്ക് ഭീഷണിയും അതോടൊപ്പം അവര്ക്ക് അത് ചുളു വിലക്ക് കിട്ടാനുള്ള കാരണം ആകുകയും  ചെയ്യുന്നു എങ്കിൽ, കയറ്റു മതിയുടെ കാര്യത്തിലും നിയമം ഇങ്ങനെ തന്നെ ആവും.  ഒരു മാസം 3000 ഡോളർ വരുമാനമുള്ള ഒരു സാദാ അമേരിക്ക കാരന്, അതും കൊണ്ടു ഇവിടെ വന്നാൽ ഒരു വര്ഷം സുഖമായി കഴിയാം.  അതിനര്ത്ഥം  അവന്റെ അവിടുത്തെ ഒരു മാസത്തെ അധ്വാനം  കൊണ്ടു അവനു ഇവിടത്തെ ഒരു വര്ഷത്തെ അധ്വാനം വിലക്ക് വാങ്ങാം എന്നാണു.  അത് പ്രകൃതി വിഭവങ്ങളിലേക്ക് പരിഭാഷ പെടുത്തിയാൽ,  അവൻ അവിടെ ഒരു മാസം തിന്നു തീര്ക്കുന്ന സാധനങ്ങളുടെ പണം കൊണ്ടു അവനു ഇവിടെ ഒരു കൊല്ലം മുഴുവൻ വേണ്ടുന്ന വസ്തുക്കൾ തിന്നാം.  അതായത് അവന്റെ അധ്വാനത്തിന് നാം പന്ത്രണ്ടു ഇരട്ടി വില കൊടുക്കുന്നൂ എന്നോ, അല്ലെങ്കിൽ നമ്മുടെ അധ്വാനത്തിന് അവൻ  1/12 ഭാഗം മാത്രം വില തരുന്നോ എന്നൊക്കെ ആണ് അർഥം.  അധ്വാനത്തിന്റെ ഇറക്കുമതി അവനെ സംബന്ദിച്ചു ലാഭമാണ് എന്നും നമ്മളെ സംബന്ദിച്ചു വലിയ നഷ്ടമാണ് എന്നും ഇതിൽ നിന്ന് കാണാം.  പക്ഷെ നമുക്ക് അത് പ്രശ്നമല്ല.  കാരണം ഇവിടെ അധ്വാനം ആവശ്യത്തിലും അധികമാണ്.  അത് കൊണ്ടു ഈ പൂളിൽ നിന്ന് ആര്ക്കും ആവശ്യമുള്ള അധ്വാനം എടുക്കാം.  അവരുടെ കണക്കുകളിൽ വളരെ തുച്ചമായ വില അല്ലെങ്കിൽ കൂലി.  അത് കൊണ്ടു ഇവിടത്തെ അധ്വാനത്തിന് കടൽ കടന്നു പോകാനുള്ള ആർത്തി കൂടിയിരിക്കും.  അധ്വാനം അധികരിച്ച് നില്കുന്ന ഇടത്ത് അത് കൊണ്ടു അപകടവും ഇല്ല.

Tuesday, 7 June 2016

അധ്വാനവും പട്ടിണിയും

കൃഷിയിൽ  അധിക  പറ്റാകുന്ന അധ്വാനം അടിസ്ഥാന ആവശ്യങ്ങളുടെ സൃഷ്ടിയിലെക്കും അവിടെ അധിക പറ്റാവുന്നവ ആധുനിക സൌകര്യങ്ങളുടെ സൃഷ്ടിയിലെക്കും, അവിടെയും അധിക പറ്റാവുന്നവ ആടംബരങ്ങളുടെ സൃഷ്ടിയിലെക്കും  വഴിമാറി ചലിക്കുന്നു.  പക്ഷെ ഇത് തികച്ചും ഐഡിയൽ ആയ ഒരു സ്ഥിതി വിശേഷം മാത്രമാണ്.

അതി സൃഷ്ടി ഉണ്ടാകുമ്പോൾ മാത്രമേ അധ്വാനം ആ മേഖലയിൽ അധിക പറ്റാകാൻ പാടുള്ളൂ എന്ന സാമാന്യ നീതിക്ക് വിരുദ്ധമായി,  എല്ലാവരെയും ഊട്ടുന്നതിനു മുൻപായി കൃഷിയിലും,  എല്ലാവർക്കും പാർപ്പിടങ്ങൾ ഉണ്ടാകുന്നതിനു മുൻപായി , പാര്പിട മേഖലയിലും,, അത് പോലെ മറ്റിടങ്ങളിലും അധ്വാനം അധിക പറ്റായി പരിവര്ത്തനം ചെയ്യപ്പെടുന്നു.  പക്ഷെ ഒടുവിലത്തെ കണ്ണിയായ സുഖ ഭോഗത്തിൽ , ഇത്തരം അധിക പറ്റുകളുടെ പ്രശ്നം ഉൽഭവിക്കുന്നില്ല.  കാരണം ശക്തന്റെ സുഖ ഭോഗതിനുള്ള ആസക്തി അനന്തമാണ്‌.  ആദ്യത്തെ ശ്രേണിയിലെ ആള് തിന്നില്ലെങ്കിൽ പോലുമോ, രണ്ടാമത്തെ ശ്രേണിയിൽ ഉള്ളവര്ക്ക് മുഴുവൻ കുടിലുകൾ കെട്ടി തീര്ന്നില്ല എങ്കിൽ പോലുമോ,  തന്റെ സുഖ ഭോഗം അഭംഗുരം മുന്നോട്ടു പോകണം എന്ന കാര്യത്തിൽ അവനു നിര്ബന്ധമുണ്ട്.

എല്ലാവരെയും ഊട്ടുന്നതിനു മുൻപേ കാര്ഷിക വേദിയിൽ എന്ത് കൊണ്ടു അധിക പറ്റുകൾ സൃഷ്ടിക്കപ്പെടുന്നു.  സ്ഥലവും ജലവും ആവശ്യത്തിൽ അധികം ഉണ്ടെങ്കിൽ അതിനു ഒരു കാരണം മാത്രമേ ഉള്ളൂ.  സ്ഥലം തനിക്കു തോന്നിയ ഉത്പാദനത്തിന് വേണ്ടി മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നുള്ള സ്വാതന്ത്ര്യവും ,  ശാട്യവും.  സ്ഥലം സ്വകാര്യ വ്യക്തികളുടെ കയ്യിൽ നില നില്ക്കുന്ന കാലത്തോളം തരിശു നിലങ്ങൾ ഉണ്ടാകുക തന്നെ ചെയ്യും.  ബാക്കിയുള്ള സ്ഥലങ്ങളിൽ നിന്ന് കിട്ടുന്ന ഉല്പാദനം മാത്രം മതി എന്നുള്ള ചിന്ത കൊണ്ടു മാത്രമല്ല അത്.  ബാക്കിയുള്ള ഭാഗത്തെ സൃഷ്ടി കൊണ്ടു പോലും, തനിക്കു മുഴുവനിൽ സൃഷ്ടി നടത്തുന്നതിനു തുല്യമായ പണം ലഭിക്കുന്നു എന്നുള്ളത് കൊണ്ടു കൂടിയാണ്.  ദരിദ്രനെ ഊട്ടാൻ വില കൂടിയ ധാന്യം കൊണ്ടു പറ്റില്ല. അവനു വേണ്ടി  തന്റെ മുഴുവൻ സ്ഥലവും  ഉപയോഗിക്കാൻ തീരുമാനിച്ചാൽ,  അത് കൊണ്ടു ഉണ്ടാകാൻ ഇടയുള്ള അത്യുല്പാദനവും, വില കുറവും, ദാരിദ്രനോടൊപ്പം , ധനികനും അനുഭവിക്കും.  അപ്പോൾ കൂടുതൽ ഇടങ്ങളിൽ കൃഷി ഇറക്കിയത് കൊണ്ടു മെച്ചമില്ല എന്ന് സാരം.

.....തുടരും ..........

Sunday, 5 June 2016

പരിസ്ഥിതി പ്രേമം - ചില വിയോജന കുറിപ്പുകൾ

ഇന്നലെ പരിസ്ഥിതി ദിനമായിരുന്നു.  വിയോജന കുറിപ്പുകൾ എഴുതുന്നത്‌ അടുത്ത ദിവസം ആകുന്നതാണ് നല്ലത്.  ഒരു ഉത്സവത്തിൽ അപസ്വരങ്ങൾ കേൾപ്പിക്കുന്നത് നല്ലതല്ല.  ഇവിടെ എഴുതാൻ പോകുന്നതിൽ ചില കാര്യങ്ങൾ എങ്കിലും ഞാൻ മുൻപ് ഇവിടെ പ്രസ്താവിച്ചവ ആണ്.  ചെറുപ്പ കാലത്തെ ഒരു സംഭവം പറഞ്ഞു കൊണ്ടു ഞാൻ ആരംഭിക്കുകയാണ്

പത്തു പതിനാലു പേര് അംഗങ്ങൾ ആയുള്ള ഒരു ചെറിയ കൂട്ട് കുടുംബത്തിൽ ആയിരുന്നു എന്റെ ജനനവും ആദ്യ കാല ജീവിതവും.  തൊഴിൽ വിഭജനം കൂട്ട് കുടുംബങ്ങളിലെ കുട്ടികള്ക്ക് ഇടയിൽ സാധാരണയായിരുന്നു.  ഒരാള് അടിച്ചു വാരുക, ഒരാള് വെള്ളം കോരുക, ഒരാള് അലക്കുക ഇങ്ങനെ ഓരോ പ്രവര്ത്തിയും ഒരു ഭീകരന്റെ മേൽ നോട്ടത്തിൽ ഓരോ ആളുടെ മേലെയും ചാർത്തി കൊടുത്ത നല്ല കാലം.  അതിൽ കുട്ടികൾക്ക് വേണ്ടി മാത്രം നീക്കി വച്ച ഒരു ജോലിയുണ്ടായിരുന്നു.  അതായിരുന്നു ക്ലോകിനു വൈന്റു ചെയ്യൽ.  നല്ല വലിപ്പമുള്ള ഒരു സ്ടൂളിൽ (അപ്പി അല്ല ) കയറി ക്ലോക്കിന്റെ  നിലവാരത്തിൽ എത്തി, അത് തുറന്നു, അതിൽ സൂക്ഷിച്ചിരിക്കുന്ന ഒരു ചെറിയ താക്കോൽ,  ക്ലോക്കിന്റെ ഒരു ചെറിയ ദ്വാരത്തിലേക്ക് കടത്തി അഞ്ചോ പത്തോ തവണ ഇടത്തോട്ട്  തിരിക്കുന്ന വളരെ സിമ്പിൾ ആയ ഒരു പ്രക്രിയയായിരുന്നു അത്.  ഒരു ജഡ വസ്തുവിന് ജീവൻ കൊടുക്കുന്ന മഹത്തായ പ്രക്രിയ.  ഒരു ദിവസം പോലും അമാന്തം കാണിച്ചാൽ ഒരു മരണം ഉറപ്പാണ്.  ഒരു അടിയും.  യുഗങ്ങളോളം നമ്മൾ ഈ പ്രക്രിയ തുടർന്ന് വരവേ ഒരു നാൾ നമ്മുടെ ചുമരിൽ സുന്ദരനായ ഒരു ഘടികാരം നില ഉറപ്പിച്ചിരിക്കുന്നത് നമ്മൾ കുട്ടികൾ അല്ബുധതോടെ നോക്കിയിരുന്നു.  ശിശു സഹജമായ ജിജ്ഞാസ യോടെയും അല്പം വാശിയോടെയും നമ്മൾ പ്രഖ്യാപിച്ചു.  ഒന്നാമത്തെ  പ്രാവശ്യം ഇതിനെ വൈണ്ട് ചെയ്യുന്നത് ഞാൻ ആയിരിക്കും എന്ന്.  സാധാരണ ഇത്തരം സംസാരങ്ങലൊ തർക്കങ്ങളോ കേട്ടാൽ അമ്മയിൽ നിന്ന് പുറത്തു വരുന്നത് ഒരു തുറിച്ച നോട്ടം ആയിരുന്നു എങ്കിൽ ഇപ്രാവശ്യം അതിനു പകരം പുറത്തു വന്നത് ഒരു പൊട്ടി ചിരിയാണ്.  ആര്ക്കും ഒന്നും മനസ്സിലാകാതിരുന്ന ആ വേളയിൽ അമ്മയുടെ കനപ്പിച്ച ശബ്ദം കേട്ടു

അതിനെ വൈണ്ട് ചെയ്യേണ്ട ആവശ്യമില്ല.  അത് ബാറ്ററിയിൽ ഓടുന്നതാണ്.

പാരമ്പര്യമായി നമ്മൾ കുട്ടികൾ കൊണ്ടു നടന്നിരുന്ന ഒരു ജോലി അങ്ങനെ നമ്മുടെ തറവാട്ടിൽ അന്ത്യ ശ്വാസം വലിച്ചു.  അമർത്തി ഇരുന്നു ചിന്തിച്ചപ്പോൾ അതിൽ വലിയ കുഴപ്പമൊന്നും ഇല്ല എന്ന് തോന്നി.  ഇനിയും സ്ടൂളിൽ കയറി ഉരുണ്ടു വീഴേണ്ട.  മറന്നു പോകുക എന്നുള്ള പേടിയെ വേണ്ട.  ആകെ വേണ്ടിയിരുന്നത് അതിൽ സ്ഥാപിച്ചിരുന്ന ബാറ്ററി എന്നാ കൊച്ചു പെട്ടി വർഷത്തിൽ ഒരിക്കലോ രണ്ടോ പ്രാവശ്യം മാറ്റുക എന്നുള്ളത് മാത്രമായിരുന്നു.  അതാണെങ്കിൽ വലിയവരുടെ ജോലിയും ആയിരുന്നു.  അന്ന് വരെയും ഒരു വസ്തുവെ ജ്വലിപ്പിച്ചു നിർത്താൻ വേണ്ടിയിരുന്ന ജോലിയുടെ   2/365 ഭാഗം ജോലി   മാത്രമേ ഇനി  വേണ്ടു എന്നുള്ള സ്ഥിതി വന്നു.  നമ്മൾ ജോളി ആയി ജീവിച്ചു, ജോളിയായി സമയം അറിഞ്ഞു.  അങ്ങനെ സ്വരൂപിക്കപ്പെട്ട , അല്ലെങ്കിൽ ലാഭിച്ച  363/365 ഭാഗം അധ്വാനം കൊണ്ടു ഇനി നമുക്ക് പലതും ചെയ്യാമല്ലോ എന്ന് കൂടി നാം സമാധാനിച്ചു.

പക്ഷെ ഇവിടെ അവിചാരിതമായി സംഭവിച്ച ചില കാര്യങ്ങൾ നാം അന്നേരം അറിയാതെ പോയി.  നമ്മൾ ഇവിടെ സ്വരൂപിച്ചെടുത്ത അധ്വാനത്തിന്റെ ഒരു അംശം  അങ്ങ് എവിടെയോ ഈ ബാറ്ററി എന്ന വസ്തു സൃഷ്ടിക്കുന്ന മനുഷ്യനിലേക്ക് സ്ഥാന മാറ്റം ചെയ്യപ്പെട്ടു.  അയാള് ആ അധ്വാനം കൊണ്ടു ഉണ്ടാക്കിയെടുക്കുന്ന ബാറ്ററി എന്ന ചെറിയ പെട്ടി, ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയാനുള്ളതാണ്.   അപ്പോൾ ഇവിടെ നമ്മൾ ഒരു തിരിക്കലിൽ നിന്ന് രക്ഷ നേടുമ്പോൾ, അവിടെ അത് ഒന്നിലധികം കാര്യങ്ങൾ ആയി പരിണമിക്കുന്നത് നാം അല്ബുധതോടെ മനസ്സിലാക്കി . അതിൽ ഒന്ന് അധ്വാനം തന്നെയും മറ്റൊന്ന് മാലിന്യവും ആണെന്ന് നാം വേദനയോടെ അറിഞ്ഞു.

അധ്വാന ലാഭം മാലിന്യ സൃഷ്ടിക്കു കാരണമാകാം എന്നാണു നാം ഈ സംഭവത്തിൽ നിന്ന് മനസ്സിലാക്കുന്നത്.  കാള വണ്ടിയിൽ നിന്ന് കാറിൽ എത്തുമ്പോൾ ചാട്ടവാർ അടിക്കേണ്ട ഗതികേടിൽ നിന്ന് മുക്തി നേടി, വലയം പിടിക്കുക എന്ന അനായാസതയിലേക്ക് എത്തുമ്പോഴേക്കും അന്തരീക്ഷം പുക കൊണ്ടു മൂടുന്നതും നമ്മൾ കണ്ടതാണ്.  അപ്പോൾ മാലിന്യം എന്നത്  അധ്വാന ലാഭത്തിനു  നാം കൊടുക്കേണ്ട വിലയാണ് എന്ന് അർഥം.

പരിസ്ഥിതിക്ക് വേണ്ടി വിലപിക്കുന്ന ആരും തന്നെ ഈ അധ്വാന ലാഭം നമുക്ക് വേണ്ട എന്ന് പറയാൻ ധൈര്യം കാണിക്കുമെന്നു തോന്നുന്നില്ല.  കാരണം നമ്മുടെ ആഗ്രഹങ്ങൾ അനന്തമാണ്‌.  ലാഭിക്കപ്പെടുന്ന ഓരോ ഭാഗം അധ്വാനവും നാം നമ്മുടെ സുഖ ഭോഗങ്ങൾ വര്ധിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്നു.  നമ്മുടെ വൈണ്ടിംഗ് ക്ലോക്ക് തിരിച്ചു തരൂ,  നാം കഴിയുന്നേടത്തോളം നടന്നു കൊള്ളാം എന്നീ വാചകങ്ങൾ നമ്മുടെ ദൈനം ദിന ജീവിതത്തിൽ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്.

ആകാശങ്ങളിലേക്ക് ഉയർത്തി പിടിച്ച മുഷ്ടി ഏതോ ഒരു രാഷ്ട്രീയ പാർടിയുടെയും ഒപ്പം സ്വാതന്ത്ര്യത്തിന്റെയും പ്രതീകമാണ്.  മുഷ്ടികൾ അയയുന്നതോടെ നമ്മുടെ സ്വാതന്ത്ര്യവും സ്വാതന്ത്ര്യ ബോധവും ഒരു പോലെ അയഞ്ഞു പോകുന്നതായി നാം മനസ്സിലാക്കണം.

മനുഷ്യന്റെ ആവശ്യങ്ങൾ അനന്തതയിലേക്ക് വളര്ന്നു കൊണ്ടിരിക്കുന്ന ഒരിടത്ത് മാലിന്യങ്ങൾ ജീവിതത്തിന്റെ ഭാഗമായി തുടരുക തന്നെ ചെയ്യും.  മാലിന്യം ഉണ്ടാക്കുന്നവർ അത് എവിടെ എങ്കിലും നിക്ഷേപിച്ചേ ഒക്കൂ.  അഗ്നി പോലും സ്വീകരിക്കാൻ മടി കാണിക്കുന്നതോ, ഭൂമി പോലും വലിച്ചെടുക്കാൻ വിമുഖത കാണിക്കുന്നതോ ആയ മാലിന്യങ്ങൾ ആയിരിക്കും ഇനി നമ്മുടെ അസ്തിത്വത്തിനു ഭീഷണി.  ഇനി അങ്ങോട്ട്‌ നാം അത്തരം മാലിന്യങ്ങളുടെ സൃഷ്ടിയിൽ നിന്ന് പിന്തിരിയാൻ നിര്ബന്ധിക്കപെട്ടെക്കും.

എല്ലാം വേണമെന്ന് പറയുന്ന ഇന്നത്തെ നിലയിൽ നിന്ന് , ഒന്നും വേണ്ടെന്നു പറയുന്ന ഒരു നല്ല സ്ഥിതിയിലേക്ക് നാം എടുത്തു എറിയപ്പെട്ടെക്കും.



ഭാഷയെ കുറിച്ച് ചിലത്

ഹെരൊദൊട്ടസ് എഴുതിയ ചരിത്രം എന്ന ഗ്രന്ഥത്തിൽ താഴെ പറയുന്ന ഒരു കഥ ഉണ്ട്.

ജനിച്ചു വീണ രണ്ടു  ചെറിയ കുട്ടികളെ പോറ്റാൻ ആട്ടിടയരെ ഏല്പ്പിച്ചു.  ഒരിക്കൽ പോലും അവരുടെ മുന്നിൽ നിന്ന് ഒരു വാക്ക് പോലും ഉച്ചരിച്ചു പോകരുത് എന്ന് ശട്ടം കെട്ടി.  ഭാഷ അറിയാതെ ആ പൈതങ്ങൾ രണ്ടു കൊല്ലം വളര്ന്ന വേളയിൽ ഒരു ദിവസം വാതില് തുറന്നു കുട്ടികളുടെ  നേരെ ചെന്ന അവര്ക്ക് നേരെ കൈകൾ ഉയർത്തി പാഞ്ഞു വന്ന കുട്ടികൾ രണ്ടു പേരും താഴെ പറയുന്ന വാക്ക് ഉച്ചരിച്ചു.

ബികോസ് (becos)

ബികോസ് എന്ന  വാക്ക്  ഫിർജിയൻ ഭാഷയിൽ ഭക്ഷണത്തിന് പറയുന്ന പേരാണ്.  ആദി ഭാഷ ഫിർജിയൻ ഭാഷയാണ്‌ എന്ന് ചിലര് കണക്കാക്കിയത് അത് കൊണ്ടാണ്.

എല്ലാ വസ്തുക്കൾക്കും അതിൽ ഉൾ ചേർന്നതായ ഒരു പേര്‌ ഉണ്ടോ.  ഒരു വസ്തുവെ കണ്ടാൽ അങ്ങനെ വിളിച്ചു പോകാൻ പാകത്തിൽ. ബൈബിളിൽ സർവ ശക്തൻ എല്ലാറ്റിനെയും സൃഷ്ടിക്കുന്നത് അവയ്ക്ക് പേരുകൾ നൽകി കൊണ്ടാണ്.  ദൈവം നാമ ദാതാവ് കൂടിയാണ്.  ആദിയിൽ വചനമുണ്ടായി എന്ന് പറയുന്നത് ഭാഷയെ സംബന്ദിച്ചു ശരിയാണ് എന്ന് ഞാൻ കരുതുന്നു.  കാരണം ആദി മനുഷ്യൻ ചിത്രത്തിനേക്കാൾ മുൻപേ അറിയുന്നത് ശബ്ദമാണ്.  ശബ്ദം അവനു ചുറ്റുമുണ്ട്.  പക്ഷികളുടെ കള കൂജനത്തിൽ, കാട്ടാറ് കളുടെയും , ഇളം കാറ്റ് കളുടെയും രവത്തിൽ,  ഹിംസ്ര ജീവികളുടെ ഗര്ജനത്തിൽ ........  അങ്ങനെ എവിടെയും.  അവയൊക്കെയും വ്യവചെദിചു അറിയാൻ മനുഷ്യൻ ആദ്യമേ പഠിച്ചിരിക്കണം.  അപ്പോൾ ഭാഷയുടെ ഓടിക് അംശം പ്രാകൃതികമാണ്. അതിന്റെ ചിത്രാംശം മനുഷ്യൻ പിന്നീട് കണ്ടു പിടിച്ചതാവാം.

പ്രാകൃതിക ശബ്ദങ്ങൾ വികലമായ രീതിയിൽ അനുകരിക്കാവുന്ന ജിഹ്വയും അവ മാത്രം വ്യവചെദിചു അറിയാൻ വേണ്ട ശ്രവണ ഇന്ദ്രിയങ്ങളും മാത്രമേ അന്ന് അവനു ഉണ്ടായിരിക്കുകയുള്ളൂ .  സാന്ദ്രത വ്യത്യാസപ്പെടുത്തി ഉള്ള ലക്ഷ കണക്കിന് ശബ്ദങ്ങൾ സൃഷ്ടിക്കാൻ ഉതകുന്ന രീതിയിൽ നാവു വളഞ്ഞതോ, അവയൊക്കെയും മനസ്സിലാക്കാനാവുന്ന വിധത്തിൽ ശ്രവണ ഇന്ദ്രിയങ്ങൾ പാകപ്പെട്ടു വന്നതോ , വളരെ ദീര്ഘാ കാലം നീണ്ടു നിന്ന പരിണാമത്തിന്റെ ഫലം ആയിരിക്കാം.

in bible , the omnipotent is an audio presence.  sound plays a major role in creation.  god creates everything by calling their names