മോരും മുതിരയും പോലെ ആണെന്ന് ആദ്യത്തെ കേൾവിയിൽ തോന്നുമെങ്കിലും, ഒരു സ്ഥലം ഒരു സ്ഥാപനത്തിന്റെ ആദി രൂപമായി നില കൊള്ളുന്നത് പ്രപഞ്ചത്തിൽ ആദ്യത്തെ തവണ ഒന്നും അല്ല. ഒരു സ്ഥാപനം ഒരു സ്ഥലത്തെ കുറിച്ചുള്ള സ്മൃതികൾ മനസ്സില് ഉണർത്തുന്നതും അസാധാരണമായ ഒരു സംഭവം അല്ല. സിന്തോൾ സോപിന്റെ മണം അടിച്ചാൽ എന്റെ മനസ്സില് നുരഞ്ഞു വരുന്നത് പണ്ടു തിരുവനന്തപുരം തെരുവിലൂടെ നടന്ന കാലമാണ്. നായയെ കണ്ടാൽ ചത്ത് പോയ അച്ഛനെ ഓർമ്മ വരുന്ന മക്കൾ ഇല്ലേ. അപ്പോൾ ഫേസ് ബുക്ക് എന്നിൽ ചിറക്കര കണ്ടി എന്ന പ്രദേശത്തെ കുറിച്ചുള്ള ഓർമ്മകൾ തികട്ടി കൊണ്ടു വന്നു എങ്കിൽ അതിൽ അല്ബുധപ്പെടാൻ ഒന്നുമില്ല.
ചിറക്കര കണ്ടി അഥവാ കണ്ടിക്കൽ :
ചിരക്കരയിൽ നിന്ന് നാരു പോലെ ഉള്ള ഒരു റോഡിൽ കുറെ വലത്തോട്ട് നടന്നാൽ എത്തുന്ന പുഴ തീരമാണ് ചിറക്കര കണ്ടി. റോഡിനു ഇരുപുറവും ചതുപ്പ് പ്രദേശം. മുന്നില് ഇടതു ഭാഗത്തായി ശ്മശാനം. നമ്മുടെ കുടുംബക്കാര് പലരും ഇവിടെയാണ് കിടക്കുന്നത് എന്നതിനാൽ അർദ്ധ രാത്രി പോലും ഇതിലെ ധൈര്യമായി നടന്നു പോകാം. 1960 കാലത്ത് ഇത് തലശേരിയിലെ പ്രധാനപ്പെട്ട കാര്ഷിക മേഖല ആയിരുന്നു. നോക്കെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നെൽ വയലുകൾ. പോകുന്ന വഴിയുടെ ഇരു വശത്തും നല്ല വീതിയിൽ വാഴ കൃഷി. ഒരിക്കൽ ഈ വഴിയിലൂടെ ആപ്പന്റെ വീട്ടിൽ പോകുകയായിരുന്ന ഞാൻ മുന്നില് ഒരു സ്ത്രീയും പുരുഷനും പരസ്പരം സംസാരിച്ചു കൊണ്ടു നടന്നു പോകുന്നത് കണ്ടു. സാധാരണ പകൽ സമയത്ത് പോലും ഇരുട്ട് പിടിച്ച ഈ വഴിയിലൂടെ ഞാൻ അത്ര ധൈര്യപ്പെട്ടു നടക്കാറില്ല. ഇന്ന് പക്ഷെ പേടിക്കാനൊന്നും ഇല്ല. രണ്ടു പേര് മുന്നിലുണ്ട്. അപ്പോഴാണ് ഞാൻ വശത്ത് നിന്ന് ഒരു കുയില് പാടുന്നത് കേട്ടത്. വെറുതെ ശബ്ദത്തിന്റെ ഉറവിടത്തിലേക്ക് കണ്ണ് പായിച്ചു. കുയിലിനെ അവിടെ എങ്ങും കണ്ടില്ല. വീണ്ടും ദൃഷ്ടികൾ നേരെ ആക്കിയപ്പോൾ അത്ഭുദം മുന്നില് നടന്നു നീങ്ങിയ രണ്ടു പേരെയും കാണാനില്ല. ദൈവമേ പിശാചുക്കൾ വല്ലതും ആകുമോ എന്ന് വിചാരിച്ചു ഞാൻ തിരിഞ്ഞോടി. വീട്ടിൽ വന്നു അമ്മയോട് കാര്യം പറഞ്ഞപ്പോൾ അമ്മ പറഞ്ഞു , അവര് വേഗം നടന്നു പോയതായിരിക്കും എന്ന്. സംഗതി നമ്മുടെ സീനിയർ ജയനോട് പറഞ്ഞപ്പോൾ ജയൻ പറഞ്ഞു 'ശെടാ വിഡ്ഢി. നീ ഇങ്ങോട്ട് ഓടി പോരാതെ വാഴ കള്ളിയിൽ പോയി നോക്കണ്ടേ.എന്ന്. ജയൻ വേറെ ഒന്നും പറയാതെ നടന്നു പോയി. ആ രഹസ്യം ഇന്നും ചുരുളഴിയാതെ കിടക്കുന്നു.
ഹോ പറഞ്ഞു പറഞ്ഞു കാട് കയറി പോയി. ഫേസ് ബൂകിനെ കുറിച്ചാണല്ലോ പറയാൻ തുടങ്ങിയത്. അതെ. അതാണ് ഇനി പറയാൻ പോകുന്നത്. സന്ധ്യ മയങ്ങുന്ന വേളയിൽ ചിറക്കര കണ്ടി മുഴുവൻ ഇരുട്ടിനെ പുൽകാൻ കൈ ഉയർത്തി നില്ക്കുന്ന ആ വേളയിൽ ഏതാനും പേര് കൂട്ടമായി ചിറക്കര കണ്ടിയിലെ , ചെറിയ കണ്ടി ലക്ഷ്യമാക്കി നടന്നു നീങ്ങുന്നത് കാണാം. അതാണ് അക്കാലത്തെ ഫേസ് ബുക്ക് ഫ്രണ്ട്സ്. കണ്ടിക്കു മുകളിലെ കോണ്ക്രീറ്റ് തറയിലും, അപ്പുറത്തുള്ള ആലിൻ തണലിലും ആയി അഞ്ചു പത്തു പേര് അങ്ങനെ ഇരിക്കുകയായി. അവരെ എന്തെങ്കിലും ഒരു പേര് വിളിക്കണം എന്ന് നിര്ബന്ധമാണ് എങ്കിൽ നിങ്ങള്ക്ക് ഇങ്ങനെ വിളിക്കാം. നാട്ടിലെ തൊഴിൽ ഇല്ലാത്ത ചെറുപ്പക്കാർ. അതെ തെക്കും വടക്കും നടക്കുക അല്ലാതെ അവര്ക്ക് മറ്റൊരു തൊഴിലും ഇല്ലായിരുന്നു. അക്കാലത്ത് നാട്ടിൽ ഒരു വര്ത്തമാനം പോലും ഉണ്ടായിരുന്നത് ഇതാണ്. രാജ്യത്തെ തൊഴിലില്ലായ്മയുടെ ആഴം കാണാൻ ചിറക്കര കണ്ടിയിൽ സന്ധ്യക്ക് പോയാൽ മതി എന്ന്. അവിടെ വച്ച് ഞങ്ങൾ ലോകത്തുള്ള എല്ലാ വിഷയങ്ങളെ കുറിച്ചും സംസാരിച്ചു. ശ്മശാനത്തിൽ മരുവുന്ന മരണത്തിനും, റോഡിൽ കറങ്ങുന്ന ജീവിതത്തിനും ഇടയിലുള്ള എല്ലാത്തിനെ കുറിച്ചും. നമ്മൾ അവയെ കുറിച്ച് തര്ക്കിച്ചു. തമ്മിലടിച്ചു. ഒടുവിൽ രാത്രി ആകുമ്പോൾ എല്ലാവരും സംഗതി മതിയാക്കി, തങ്ങളുടെ തർക്കങ്ങൾ കൊണ്ടൊന്നും ലോകം നന്നാകില്ല എന്ന് മനസ്സിലാക്കി മെല്ലെ നടന്നു ചാത്തു ഏട്ടന്റെ ചായ പീടികയിൽ പോയി ഒരു ചായയും ഒരു വടയും കഴിച്ചു വീട്ടിൽ പോയി കിടന്നുറങ്ങും. വര്ഷങ്ങള്ക്ക് ശേഷം ലോകം മുഴുവൻ മറ്റൊരു രീതിയിൽ തങ്ങള് നടത്തിയ ഈ പരിപാടി തുടരും എന്നുള്ളതിനെ കുറിച്ച് സ്വപ്നം പോലും കാണാതെ.
പക്ഷെ എല്ലാ സ്ഥാപനങ്ങൾക്കും ഒരു അവസാനം ഉണ്ടാകുന്നത് പോലെ നമ്മുടെ ഈ പ്രാചീന ഫേസ് ബുക്ക് കൂട്ടവും ഒരു ആകസ്മികതയിൽ അവസാനിച്ചു പോയി. അതിന്റെ പിന്നിലെ കദന കഥയാണ് ഇവിടെ പറയാൻ പോകുന്നത്. നമ്മുടെ നാട്ടിൽ ഒരു ചന്തു ഉണ്ടായിരുന്നു. കരി നാക്കിന്റെ ആശാൻ. അങ്ങേരു ഒരിക്കൽ എന്റെ മാമനെ നോക്കി 'ഇതെന്തു തടിയാടാ നീ തടിചിരിക്കുന്നത്' എന്ന് പറഞ്ഞതെ ഉള്ളൂ, അടുത്ത ആഴ്ച ആയപ്പോഴേക്കും മാമൻ എല്ലും തോലും ആയി ശോഷിച്ചു പോയി. നമ്മുടെ നാട്ടിലെ ആരോഗ്യമുള്ള പിള്ളാർ ആരും തന്നെ അങ്ങേരുടെ നിഴല് കണ്ടാൽ അടുത്തു പോകില്ല. അങ്ങിനെ ഇരിക്കെ നമ്മള് കുറെ പേര് ചിറക്കര കണ്ടിയിൽ ഇരുന്ന ഒരു നാളിൽ ചന്തു ആ വഴി വന്നു. നമ്മുടെ ആ ഇരിപ്പും സൊറ പറച്ചിലും അങ്ങേർക്കു രസിച്ചില്ല എന്ന് തോന്നുന്നു. അങ്ങേരു എടുത്ത വായിൽ ഇങ്ങനെ ഒരു തട്ട് തട്ടി. 'തൊഴിലില്ലാത്ത കുറെ എണ്ണം വൈകുന്നേരം ആകുമ്പോൾ ഇങ്ങോട്ട് പോരും. നാട് നാറ്റിക്കാൻ' എന്ന്. നമ്മള് പാവങ്ങൾ നാട് നാറ്റിക്കാൻ വേണ്ടി ഒന്നും ചെയ്തില്ല എന്ന് നമുക്ക് നന്നായി അറിയാമായിരുന്നു. പക്ഷെ അങ്ങേരുടെ ശാപം ശരിക്കും നമ്മുടെ ഗ്രൂപിന് ഏറ്റു. അടുത്ത ആഴ്ച എനിക്ക് ജോലി കിട്ടിയതായി കൊണ്ടുള്ള അറിയിപ്പ് വന്നു. സത്യം പറയട്ടെ വെറും ആറു മാസം കൊണ്ടു ചിറക്കര കണ്ടി ഗ്രൂപ്പ് നാമാവശേഷമായി. കുറെ പേര് ഗൾഫിലു, കുറെ പേര് ഗവര്മെന്റില്. അങ്ങനെ. നമ്മുടെ തിരോധാനത്തിനു ശേഷം, ഈ സംഭവം അറിഞ്ഞ കുറെ തൊഴിൽ ഇല്ലാ പിള്ളാർ ചിറക്കര കണ്ടി താവളമാക്കി എല്ലാ ദിവസവും വൈകുന്നേരം ചന്തു ഏട്ടന്റെ വരവും പ്രതീക്ഷിച്ചു നിൽക്കും. പക്ഷെ അങ്ങേരു ഒരിക്കലും ആ വഴി വന്നില്ല. കാത്തു നിന്ന് മടുത്ത അവര് പിന്നെ അവിടെ റമ്മി കളി തുടങ്ങി എന്ന് പിന്നീട് ആരോ പറഞ്ഞു അറിഞ്ഞു.
ഇന്ന് ചിറക്കര കണ്ടി സ്മ്രുതിയിലേക്ക് അതായത് മരണത്തിലേക്ക് നീങ്ങുകയാണ്. അതിന്റെ മുഖ മുദ്രയായ നെൽ വയലുകൾ ഇന്ന് അവിടെ ഇല്ല. ഈ താഴ്വാരം കാൽ ചിലങ്കയായി അണിയുന്ന, പിന്നിലുള്ള മല മുകളിൽ ചിറക്കര കണ്ടിയുടെ മരണത്തിനു ആനുപാതികമായി കെട്ടിടങ്ങൾ വന്നു നിറഞ്ഞു കൊണ്ടെ ഇരുന്നു.
അവിടെ ആയിരുന്നു നമ്മുടെ കാൻസർ വാർഡ്
No comments:
Post a Comment