Thursday, 27 October 2016

ഒരു മാംസ ഭോജിയുടെ പതനം

ഒരു പാവപ്പെട്ട മനുഷ്യൻ വെറുമൊരു സസ്യ ഭോജിയായി പരിണമിച്ച കഥയാണ് ഞാൻ ഇനി പറയാൻ പോകുന്നത്.  എല്ലാ മനുഷ്യരും ജനിക്കുന്നത് പോലെ ഒരു മാംസ ഭോജിയായി തന്നെ ആയിരുന്നു ബാലാട്ടൻ ജനിച്ചത്.  ശിശു ആയിരിക്കുമ്പോൾ അമ്മയുടെ മാംസം വലിച്ചു കുടിച്ചതിനു ശേഷം,  മൽസ്യം, കോഴി, ആട്, പശു എന്നിങ്ങനെ വിവിധ തരങ്ങളായ മാംസങ്ങളിൽ ആര്മാദിച്ചു തന്നെ ആണ് അദ്ദേഹം വളരുകയും ചെയ്തത്.  ഒരു സസ്യ ഭോജിയായി ആയി മാറാൻ മാത്രമുള്ളതൊന്നും ബാലാട്ടന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ടായിരുന്നില്ല.  എന്നിട്ടും ഇതെങ്ങനെ സംഭവിച്ചു എന്നതായിരിക്കും നിങ്ങളുടെ അത്ഭുതത്തോടെ ഉള്ള ചോദ്യം.  അക്കഥ ഞാനിവിടെ ചുരുക്കി കഥിക്കാം

1981 ഒക്ടോബർ 12 ആം തീയതി ആദ്യമായി ബാലാട്ടൻ സ്വന്തം കാലിൽ നിന്നു  .  അതിന്റെ തലേന്ന് ബാലാട്ടൻ  ഒരു ജോലി കിട്ടി ദൂരെ ഉള്ള ഒരു പട്ടണത്തിലേക്കുയാത്രയായി.  താമസിക്കാനൊരു മുറി കണ്ട് പിടിച്ച ബാലാട്ടൻ,  ഇനി അങ്ങോട്ട്  ഹോട്ടൽ ഭക്ഷണത്തിൽ തന്നെ കഴിയാം എന്ന് തീരുമാനിച്ചു ഉറച്ചു.  വേറെ നാട്ടു കാറോ പരിചയക്കാരോ കൂട്ടിനു ഇല്ലാത്ത കാലത്തോളം ഇങ്ങനെ ഒക്കെ മതി എന്ന് തീരുമാനിക്കുകയായിരുന്നു.  ആദ്യത്തെ ദിവസം ഉച്ചക്ക് സ്ഥലത്തുള്ള  പ്രമാണി ഹോട്ടലിൽ കയറി ഇരുന്ന ബാലേട്ടനെ ഹോട്ടൽ മുതലാളി  ഔല്സുഖ്യത്തോടെ നോക്കി.  ഒരു പൂച്ച അതിന്റെ ഇരയെ നോക്കുന്നത് പോലെ.  എന്നിട്ടു ചോറെടുത്തു കൊടുപ്പുകാരൻ പയ്യനെ നോക്കി ഇങ്ങനെ ആർത്തു വിളിച്ചു.

എടാ അവിടെ എന്താണ് വേണ്ടത് എന്ന് ചോദിക്കൂ

പയ്യൻ ഓടി വന്നു ബാലാട്ടന്റെ അടുത്തു വന്നു ഒരൊറ്റ ചോദ്യം.

എന്താ വേണ്ടത്.

ഊണ്.

പൊരിച്ച എന്താ വേണ്ടത്.

ആദ്യം ഊണ് ഇങ്ങോട്ടു എട്.  പൊരിച്ചയുടെ കാര്യം അപ്പോൾ പറയാം.

പയ്യൻ വരുമ്പോൾ വെറും ഊണ് മാത്രമായല്ല വന്നത്.  മഹാ വിഷ്ണുവിനെ പോലെ പല കൈകളിൽ പല സാധനങ്ങളുമായി.  അതിൽ ഒന്ന് പൊരിച്ചയുടെ താലം ആണെന്ന്,  അടുത്തടുത്തു വന്നു കൊണ്ടിരുന്ന മണത്തിൽ നിന്നു ബാലാട്ടൻ മനസ്സിലാക്കി.   വന്ന  ഉടനെ താലം ബാലാട്ടന്റെ മേശയിൽ ലാൻഡ് ചെയ്തു.  പല വിധമായ പൊരിച്ചകൾ.  അവയെ കുത്തി എടുക്കാൻ പാകത്തിൽ ഒരു കൊടിൽ.  വായിൽ ഏതൊക്കെയോ അങ്കലാപ്പുകൾ സംഭവിക്കുന്നത് പോലെ ബാലാട്ടന് തോന്നി.  ഉടനെ മനസ്സിൽ ഇങ്ങനെ വിചാരിച്ചു.  ഒന്നാമത്തെ ദിവസം അല്ലെ. കുറച്ചു നിലവാരത്തിൽ തന്നെ ആയി കളയാം.  ഇവിടെ വച്ച് ബാലാട്ടൻ തന്റെ വിചാരം മുറിക്കുകയും,  അതിനെ പ്രവർത്തിലേക്കു കൊണ്ട് വരികയും ചെയ്തു.  അപ്പോൾ ബാലാട്ടന്റെ ജിഹ്വയിൽ നിന്നു താഴെ പറയുന്ന ഒരു ശബ്ദം പുറത്തു വന്നു.

അയക്കൂറ

ചോറെടുത്തു കൊടുപ്പുകാരൻ പയ്യൻ അത് കേട്ടപാടെ ഒന്നര പ്ളേറ്റ് ചോറ് ബാലാട്ടന്റെ ഇലയിലേക്ക് ഇട്ടു കഴിഞ്ഞു.  അതോടൊപ്പം ഒരു താള് പോലെ ഉള്ള അയക്കൂറ കഷണവും.  അത് രണ്ടും കൂട്ടി നല്ലവണ്ണം തട്ടിയപ്പോൾ വെറും മൂന്നു മിനുട്ടു കൊണ്ട് ചോറ് കാലിയായി.  പക്ഷെ അത്ഭുതം, എന്തെങ്കിലും ചോദിക്കുന്നതിനോ പറയുന്നതിനോ മുൻപ് എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട ചോറെടുത്തു കൊടുപ്പുകാരൻ  പയ്യൻ,  ഒരു ഹാഫ് പ്ലേറ്റ്  ചോറ് ബാലാട്ടന്റെ ഇലയിലേക്ക് തട്ടി കഴിഞ്ഞിരുന്നു

ആ സർവീസ് മാഹാത്മ്യം കണ്ട് ബാലേട്ടൻ തരിച്ചു പോയി എന്ന് പറയാം.  വിളിച്ചാൽ പത്താം ദിവസം വരുന്ന ഫോണിന്റെ ആൾക്കാരും മറ്റുമായിരുന്നു  അന്നേരം ബാലാട്ടന്റെ മനസ്സിൽ മിന്നി മറിഞ്ഞത്.  അത്രയും ചോറ് കൂടെ തട്ടി കഴിഞ്ഞപ്പോൾ അതാ പയ്യൻ വീണ്ടും മുന്നിൽ എത്തിയിരിക്കുന്നു.

അല്പം കൂടെ ചോറ് വേണോ സാറേ.  അവന്റെ സ്നേഹ മസൃണമായ ചോദ്യം.  ബാലാട്ടൻ ഇതിന്റെ ഒക്കെ കോരിത്തരിപ്പിൽ അങ്ങനെ കഴിയവേ, പെട്ടന്ന് കോരിത്തരിപ്പുകൾ അവസാനിപ്പിച്ചു കൊണ്ട് ചോറിന്റെ ബില്ല് വന്നു.  കൃത്യം പത്തു രൂപ.  അഞ്ചു രൂപ ചോറിനും, അഞ്ചു രൂപ അയക്കൂറ പൊരിച്ചതിനും.  ആയിരം  രൂപ മാസ ശമ്പളം വാങ്ങുന്നവന്റെ ഒരു നേരത്തെ ഭക്ഷണത്തിനു ചെലവ് രൂപ പത്തു.  ശമ്പളം ഭക്ഷണത്തിനു കൂടെ തികയില്ല എന്ന് അർഥം.  പക്ഷെ സമാധാനമുണ്ട്.  ഈ പൊരിച്ച ഒരു സ്ഥായിയായ സത്യമല്ല എന്ന സത്യം . ഹോട്ടലിൽ ബില്ല് കൊടുത്തു നടക്കവേ ബാലാട്ടൻ ഇങ്ങനെ മനസ്സിൽ പറഞ്ഞു.  ആഴ്ചക്കു ഒരു ദിവസം മാത്രം പൊരിച്ചത്.  കുറെ എണ്ണം തന്റെ പണവും കാത്തു നാട്ടിലും ഉണ്ടല്ലോ. അവർക്കു പുല്ലെങ്കിലും വാങ്ങിച്ചു കൊടുക്കേണ്ടേ.

ദിവസം 2

ബാലാട്ടൻ ഇപ്പോൾ ഹോട്ടലിൽ ഇരിക്കുകയാണ്.  പതിവ് സംഭാഷണങ്ങൾ മാറ്റമില്ലാതെ തുടരുന്നു.  പക്ഷെ ബാലാട്ടൻ പതിവ് തെറ്റിച്ചു.  പൊരിച്ചയുടെ താലം തന്റെ മുന്നിൽ വന്നു ഇറങ്ങിയ ഉടനെ ബാലാട്ടൻ ബോംബ് പൊട്ടിച്ചു

ഇന്ന് എനിക്ക് പൊരിച്ച വേണ്ട.  വയറ്റിൽ അത്ര ശരി പോരാ.

ബാലാട്ടന്റെ വയറ്റിലെ ശരികേട്,  ചോറെടുത്തു കൊടുപ്പുകാരൻ പയ്യന് വളരെ വേഗം മനസ്സിലായി. അവൻ അവന്റെ ചോറ്റു പാത്രത്തിൽ നിന്നു ഒരു പ്ളേറ്റ് ചോറ്,  മനസ്സില്ലാ മനസ്സോടു ബാലാട്ടന്റെ ഇലയിലേക്ക് തട്ടി.  ഇന്നലെ ഉണ്ടായിരുന്ന ഒന്നര പ്ളേറ്റ് ഇന്ന് വെറും ഒരു പ്ലേറ്റ് മാത്രമായി ചുരുങ്ങിയതും ബാലാട്ടൻ ശ്രദ്ധിച്ചു..  ഇലയിൽ ഇത്തിരി പോന്ന ചോറ് വയറ്റിലാക്കിയതിനു ശേഷം പയ്യനെ തിരഞ്ഞ ബാലാട്ടന്, അവിടെ എങ്ങും അവന്റെ പൊടി പോലും കണ്ടെടുത്താൻ സാധിച്ചില്ല.  അവൻ എന്നത്തേക്കുമായി അപ്രത്യക്ഷൻ ആയതു പോലെ

 വൈകുന്നേരം ഓവർ ബറീസ് ഫോളിയിൽ ഇരുന്നു കൊണ്ട് ബാലേട്ടൻ തന്റെ കഥന കഥ മണ്ടോടിയോടു പറഞ്ഞു.  അപ്പോൾ മണ്ടോടി ഇങ്ങനെ പറഞ്ഞു.

ബാലാട്ടാ ചോറ്  ഒരു മാർഗം മാത്രമാണ്.  പൊരിച്ചയാണ് ലക്‌ഷ്യം.

പക്ഷെ ബാലാട്ടൻ ഡെസ്പ് ആകരുത്.  എല്ലാ ചോദ്യങ്ങൾക്കും ഒന്നിലധികം ഉത്തരങ്ങൾ ഉണ്ടാകും..  നിങ്ങളുടെ  ഇപ്പോഴുള്ള പ്രശ്നം പൊരിച്ചയാണ്.  ഒരു പൊരിച്ച ഒരു സാധാരണ മനുഷ്യനെ അധഃകൃതനാക്കുന്ന പ്രശ്നം.  ഒരു പൊരിച്ച കാരണം ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ മുന്നിൽ അപമാനിക്കപ്പെടുന്ന പ്രശ്നം.  അത് ഒഴിവാക്കാൻ ഒരു വഴിയേ ഉള്ളൂ. അവിടം ഒഴിവാക്കി അപ്പുറത്തുള്ള  വെജ് ഹോട്ടലിലേക്ക് ഭക്ഷണം മാറ്റുക.  അവിടെ ആകുമ്പോൾ ഈ പൊരിച്ച വച്ചുള്ള ആക്രമണം ഉണ്ടാകില്ല.  ആകെ കൂടെ ഉണ്ടാക്കുക ഒരു രൂപക്കുള്ള തൈര് മാത്രമായിരിക്കും.  അത് ഇനി എല്ലാദിവസവും ആയാലും വലിയ കുഴപ്പമില്ല .  അത് ശരിയാണ് എന്ന് ബാലാട്ടന് തോന്നി.  അല്ലെങ്കിലും ഈ മാംസ ഭക്ഷണം അത്ര നല്ലതല്ല എന്ന് നമ്മുടെ കുട്ടൻ ഡോക്ടർ എന്നോട് പറഞ്ഞിട്ടും ഉണ്ട്.  രോഗി ഇച്ഛിച്ചതും വൈദ്യം കല്പിച്ചതും പാല് എന്ന് പറഞ്ഞത് പോലെ.  എന്നാൽ ഇനി മുതൽ അങ്ങനെ ആയിക്കളയാം.  അതായിരുന്നു തുടക്കം.

Saturday, 22 October 2016

രാജാവിന് കത്തെഴുതിയ ആത്മഹത്യാ ദാഹി

പണ്ട് ഒരു രാജ്യത്തു ദുഷ്ടനായ ഒരു രാജാവും നല്ലവനായ മന്ത്രിയും ഉണ്ടായിരുന്നു.  ഒരു ദിവസം രാവിലെ മന്ത്രിക്കു ഒരു ഫോൺ വന്നു.  ഫോൺ എടുത്തപ്പോൾ ഒരു പൊട്ടി കരച്ചിലായിരുന്നു മന്ത്രി കേട്ടത്.  മന്ത്രി കാര്യമെന്താണ് എന്ന് ചോദിച്ചപ്പോൾ അപ്പുറത്തു നിന്ന് ഒരു യുവാവ് കരഞ്ഞു കൊണ്ട് ഇങ്ങനെ പറഞ്ഞു.

ഞാൻ മരിക്കുകയാണ്.

നീ മരിക്കരുത്.  ഞാൻ നിന്നോട് സംസാരിക്കും.  അത് വരെ നീ മരിക്കരുത്.

എനിക്കും മരിക്കണം എന്ന് ഇല്ലായിരുന്നു. പക്ഷെ വേറെ നിവൃത്തിയില്ല മന്ത്രീ.

നീ എന്ത് പ്രയാസം ഉണ്ടെങ്കിലും എന്നോട് പറയുക.

ഞാൻ ഇന്നലെ മരിക്കണം എന്ന് തീരുമാനിച്ചതായിരുന്നു.  ഉടനെ ആവേശത്തിന് രാജാവിന് ഒരു കത്തെഴുതി.  ഞാൻ മരിക്കുകയാണ് എന്ന്.  കൂട്ടത്തിൽ രാജാവിനെ കുറെ തെറിയും വിളിച്ചു.  ചാകാൻ തീരുമാനിച്ചവന് ആരെ തെറിവിളിക്കുന്നതിനും എന്താ.  പക്ഷെ ഇന്ന് രാവിലെ എഴുന്നേറ്റപ്പോഴാ എനിക്ക് മരിക്കേണ്ട എന്ന് തോന്നിയത്.  പറഞ്ഞിട്ടെന്താ മന്ത്രീ എല്ലാം കൈ വിട്ടു പോയില്ലേ. അങ്ങേരു ഇപ്പോൾ എന്റെ കത്ത് വായിച്ചു കൊണ്ടിരിക്കുകയാവും.  ഓ കെ  ഗുഡ് ബൈ.

Friday, 21 October 2016

തെറ്റുകളിലെ സൗന്ദര്യം

കോളേജിൽ പഠിക്കുന്ന കാലത്തു എന്റെ ഒരു സുഹൃത്തിന്റെ ഹോബ്ബി സിനിമയിലെ തെറ്റുകൾ കണ്ട് പിടിക്കൽ ആയിരുന്നു. അവൻ അത് കണ്ട് പിടിക്കും എന്ന് മാത്രമല്ല ആ സംഗതി അന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു സിനിമാ വാരികയിൽ വായനക്കാരുടെ കത്ത് വിഭാഗത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും . അവയൊക്കെ ഏകദേശം ഇങ്ങനെ ആയിരിക്കും. നായിക ഒരു മുറിയിലേക്ക് പോകുമ്പോൾ സാരിയുടെ നിറം പച്ച , തിരിച്ചു വരുമ്പോൾ നിറം ചുവപ്പു എന്നിങ്ങനെ ഉള്ളവ. ഇന്ന് ഇന്റർനെറ്റ് മൂവി ഡാറ്റാ ബേസിലും ഇങ്ങനെ ഒരു വിഭാഗം കാണുന്നുണ്ട് എന്ന് തോന്നുന്നു. ഷൂട്ടിങ്ങിന്റെ സമയത്തോ എഡിറ്റിംഗിന്റെ സമയത്തോ പറ്റി പോകുന്ന ചില്ലറ പ്രമാദങ്ങൾ അവിടെ എഴുതി ചേർത്തത് കാണാം. അവന്റെ കൂടെ കൂടിയത് കൊണ്ടോ എന്ന് അറിയില്ല ചിലപ്പോൾ ഞാനും ദൃശ്യങ്ങളിലെ ഇത്തരം തെറ്റുകളെ അറിയാതെ ശ്രദ്ധിച്ചു പോകും. പക്ഷെ അതിനെ കുറിച്ചല്ല ഞാൻ ഇപ്പോൾ പറഞ്ഞു വരുന്നത്. ഒരിക്കൽ ഒരു സിനിമ കണ്ടപ്പോൾ ഇങ്ങനെ ഒരു തെറ്റ് ഞാൻ ശ്രദ്ധിച്ചു. പക്ഷെ എന്ത് കൊണ്ടോ അത് അബദ്ധത്തിൽ വന്നു പോയ ഒരു തെറ്റാണ് എന്ന് എനിക്ക് തോന്നിയില്ല. ഇപ്പോഴും തോന്നുന്നില്ല. കാരണം ആ രംഗം എന്നെ വല്ലാതെ ആകർഷിച്ച രംഗം ആയിരുന്നു. ഒരു രംഗത്തെ അത്യാകര്ഷകമാക്കാൻ വേണ്ടി സംവിധായകൻ കരുതി കൂട്ടി ഒരു തെറ്റു ചെയ്തത് പോലെ എനിക്ക് തോന്നി. രംഗം ഏകദേശം ഇങ്ങനെ

സിനിമ ------- ദി സ്കിൻ ഐ ലിവ് ഇൻ
സംവിധായകൻ --- പെഡ്രോ ആൽമദോവർ

വീട്ടിൽ ഒരു കൊല നടന്ന അന്ന് , വീട്ടു വേലക്കാരിയായ മറീലിയ, നായികയായ വേരയോട് പഴയ കാലത്തു നടന്ന ചില സംഭവങ്ങൾ വിവരിക്കുകയാണ്. തന്റെ യജമാനന്റെയും ഭാര്യയുടെയും പഴയ കാല കഥകൾ. ആ സ്ത്രീ, ഭർത്താവിന്റെ സഹോദരനിൽ ആകൃഷ്ടയാകുന്നു. ഒരിക്കൽ അവർ ഒരുമിച്ചു ഒരു കാറിൽ പോകവേ കാറിനു തീപിടിച്ചു ആ സ്ത്രീ വെന്തു പോകുന്നു. പക്ഷെ മരിക്കുന്നില്ല. പൊള്ളലേറ്റു വികൃത രൂപിയായ ഭാര്യയെ ജീവിപ്പിക്കുക മാത്രമായിരുന്നു ശാസ്ത്രജ്ഞൻ കൂടി ആയ ഭർത്താവിന്റെ ലക്‌ഷ്യം. ഭാര്യ അവളുടെ ഭീകര രൂപം ഒരിക്കൽ പോലും കണ്ട് പോകരുത് എന്നതിനാൽ ഭർത്താവായ റൊബർട് മുറിയിൽ നിന്ന് എല്ലാ കണ്ണാടികളും മാറ്റി. അങ്ങനെ ജെൽ (ഭാര്യയുടെ പേര്) ഒരു വിധം നടക്കാനായപ്പോൾ, ഒരു ദിവസം തന്റെ മകൾ പൂന്തോട്ടത്തിൽ വച്ച് ഒരു പഴയ പാട്ടു പാടുന്നത് കേട്ടു. തന്റെ ചെറുപ്പ കാലത്തു തന്നെ അത്യധികം ആകർഷിച്ച ഒരു പാട്ടു. അത് കേട്ടപ്പോൾ ജെൽ വികാരാവതിയായി. അവൾ പതുക്കെ പതുക്കെ മുറി തുറന്നു ജനാലക്കു അരികിലേക്ക് നടന്നു. ജനാല തുറക്കവേ അതിന്റെ കണ്ണാടിയിൽ അവൾ തന്നെ ഭീകര രൂപം കണ്ട് ഞെട്ടി. താൻ മനുഷ്യ സ്ത്രീയോ രാക്ഷസിയോ എന്ന് അവൾ ഒരു നിമിഷം സംശയിച്ചു പോയി. ഉടനെ അവൾ ജനാലയിലൂടെ താഴേക്കു ചാടി തന്റെ ജീവിതം അവസാനിപ്പിച്ചു. വര്ഷങ്ങള്ക്കു ശേഷം മകളായ നോർമ്മ 'അമ്മ പോയ അതെ വഴിയേ അമ്മയെ അന്വേഷിച്ചു പോയി . മറ്റൊരു ജനാലയിലൂടെ (ഒരു ആത്മഹത്യയുടെ ദൃക് സാക്ഷി വിവരണം പോലെ എന്ന് അപ്പോൾ എനിക്ക് തോന്നിയില്ല . അതായിരുന്നു ആ രംഗത്തിന്റെ ശക്തി )

നമ്മെ വല്ലാതെ വിമ്മിഷ്ടപ്പെടുത്തുന്ന ഒരു രംഗമാണ് ഇത്. അത് കൊണ്ട് തന്നെ അതിൽ ഉണ്ടെന്നു ഞാൻ നേരത്തെ പറഞ്ഞ പരിക്കുകൾ ആദ്യ ദർശനത്തിൽ നാം ശ്രദ്ധിച്ചു എന്ന് വരില്ല. പക്ഷെ പിന്നീട് ആലോചിക്കുമ്പോൾ നമുക്ക് മനസ്സിലാകും ഈ രംഗം നമ്മുടെ യുക്തിക്കു നിരക്കാത്തതാണ് എന്ന്. പക്ഷെ ഈ യുക്തി രാഹിത്യം പ്രതിഭാ ധനനായ ആൽമദോവർ അറിഞ്ഞിരിക്കുക തന്നെ ചെയ്യും എന്ന് ഞാൻ വിചാരിക്കുന്നു. കാരണം ഇതിനെ മറ്റൊരു തരത്തിൽ അവതരിപ്പിച്ചാൽ ആ രംഗത്തിന്റെ അസാമാന്യമായ സൗന്ദര്യം ചോർന്നു പോകും എന്ന് അദ്ദേഹം കരുതിയിരിക്കാം

Tuesday, 18 October 2016

ഫാസിസത്തിന്റെ ചരമഗീതം

1950 കാലഘട്ടത്തിൽ ഫാസിസത്തിന്റെ അതിക്രമം ചിത്രീകരിച്ച സിനിമകൾ മിക്കതും,  യഥാതത്വത്തിന്റെ ഭീകരതയിലൂടെ നമ്മെ ഞെട്ടിച്ചവയാണ്.  അവയിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്നത് ഓഷ്വിറ്റ്സ് തടവറയിലൂടെ ചലിച്ച അലൻ റെനെയുടെ കാമറ ആയിരുന്നു.  ആ സിനിമയെ മനോഹരമോ ഭയാനകമോ ആക്കിയതിൽ മഹാനായ ഹിറ്റ്ലർക്കും പങ്കുണ്ട് എന്നുള്ളതാണ് മറ്റൊരു തമാശ.  ഹിറ്റ്ലർ സ്വകാര്യമായി കണ്ട് ആസ്വദിക്കാൻ വേണ്ടി തടവറയിലെ പല ദൃശ്യങ്ങളും പകർത്തിയത് റെനേ അദ്ദേഹത്തിന്റെ സിനിമയിൽ ഉപയോഗിച്ചു.  ഫാസിസത്തെ ഒരു പൊളിറ്റിക്കൽ സറ്റയർ ആയി അവതരിപ്പിച്ച ചാർളി ചാപ്ലിന്റെ  ഗ്രേറ്റ് ഡിക്റ്റേറ്റർ ആയിരുന്നു എടുത്തു പറയേണ്ട മറ്റൊരു സൃഷ്ടി.  ഇങ്ങനെ വിരലിൽ എണ്ണാവുന്ന ചില ചിത്രങ്ങൾ ഒഴിച്ചാൽ മറ്റുള്ളവ ഒക്കെയും ഒരു സംഭവത്തിന്റെ ഭീകരത നമ്മുടെ മുന്നിൽ അവതരിപ്പിച്ചു നമ്മളെ പേടിപ്പിച്ചു എന്നല്ലാതെ നമ്മെ വല്ലാതെ ആകർഷിക്കുന്ന കാര്യത്തിൽ അത്ര ഏറെ വിജയിച്ചില്ല എന്നാണു ഞാൻ കരുതുന്നത്.

പക്ഷെ ഒരു കച്ചവട സിനിമാ സംവിധായകൻ എന്ന രീതിയിൽ പ്രസിദ്ധനായ  ഡെൽ ടോറോ എന്ന മെക്സിക്കൻ , ഫാസിസത്തെ കുറിച്ച് പറഞ്ഞ കഥ ശരിക്കും പറഞ്ഞാൽ ലോകത്തെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു.  അദ്ദേഹം വ്യവസ്ഥാപിത രീതിയിൽ ആയിരുന്നില്ല ഫാസിസത്തിന്റെ കഥ പറഞ്ഞത്. അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ തന്റെ സിനിമ വലിയവർക്കു വേണ്ടി താൻ സൃഷ്ടിച്ച ഒരു നാടോടി കഥയാണ്. ഭ്രമാത്മകതയും, യഥാതത്വവും സമ്മേളിച്ച ഈ ഉജ്വല സൃഷ്ടിയിൽ അദ്ദേഹം ആധുനിക സിനിമയുടെ സങ്കേതങ്ങളും,  കച്ചവട സിനിമയുടെ ചേരുവകളും ഒക്കെ മനോഹരമായി ചേർത്ത് വച്ചു.  ശരിക്കും പറഞ്ഞാൽ അദ്ദേഹത്തിന്റെ സിനിമ  ക്രൈം, സസ്പെൻസ്,  ഹൊറർ എന്നിവയുടെ കലാപരമായ സമ്മേളനം ആണ്.

പാതാള രാജാവിന്റെ മകളായ മൊയാന ഭൂമിയെ വല്ലാതെ സ്നേഹിച്ചു.  ഒരിക്കൽ കാവൽക്കാരുടെ കണ്ണ് വെട്ടിച്ചു അവൾ ഭൂമിയിൽ എത്തുകയും അവിടെ കിടന്നു മരിക്കുകയും ചെയ്യുന്നു.  തന്റെ മകളുടെ മരണ വാർത്ത അറിഞ്ഞു ദുഖിതനായ  രാജാവ്,  അവളുടെ ആത്മാവ് എന്നെങ്കിലും, ഏതെങ്കിലും ഒരു ലോകത്തു വച്ചു തന്നോട് ഒത്തു ചേരുമെന്ന് വിശ്വസിച്ചു കാത്തിരിക്കുന്നു.  അച്ഛന്റെയും മകളുടെയും പുനസംഗമത്തിനു ഇടയിൽ യഥാർത്ഥ ലോകത്തു നടമാടുന്ന ഭീകരതകൾ ആണ് സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്.  അവിടെ നമുക്ക് കാണാവുന്നത് 1944 കാലഘട്ടത്തിൽ സ്‌പെയിൻ രാജ്യത്തെ ഗ്രസിച്ച ഫാസിസ്റ്റു ഭീകരതയാണ്.  ഫ്രാങ്കോവിന്റെ ഭരണത്തിലെ  അടിച്ചമർത്തലുകളിൽ സഹികെട്ട ജനത പർവ്വതങ്ങളിൽ നിന്ന് നയിക്കുന്ന ഒളിയുദ്ധവും ,  ആർമി കാമ്പിനടുത്തുള്ള പരിത്യക്തമായ ഊടു വഴിയും സിനിമയിലെ പ്രധാന സംഭവങ്ങൾ ആയി വരുന്നു.  മാസ്മര കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്നു.  പുസ്തകങ്ങളിലെ മാന്ത്രിക കഥകളിൽ ദിവസം തള്ളി നീക്കുന്ന ഒഫീലിയ എന്ന കൊച്ചു കുട്ടിയുടെ ഭ്രമാത്മക സങ്കൽപ്പങ്ങൾ ആണ് ഇവയൊക്കെ എന്നുള്ള ബോധം സിനിമയുടെ ഒഴുക്കിൽ നമുക്ക് നഷ്ടപ്പെട്ടു പോകുന്നു.

Saturday, 15 October 2016

പന്തയ കഥ -- താഥ്വികമായ ഒരു അവലോകനം

ഓവർ ബറീസ് ഫോളിയിൽ മലർന്നു കിടന്നു ആമ സംസാരിക്കാൻ തുടങ്ങി. അപ്പോൾ അറബിക്കടലിലെ ഇളം കാറ്റു അവരെ തഴുകി കൊണ്ട് കടന്നു പോയി. ആ കാറ്റിൽ വേദന ഘനീഭവിച്ചു നിൽക്കുന്നത് പോലെ മുയലിനു തോന്നി. ആമ പറയുന്നത് കേൾക്കാൻ അവൻ ചെവി കൂർപ്പിച്ചു നിന്നു. ആമ പറയാൻ തുടങ്ങി.
ആരാണ് ശരിക്കും ആ പന്തയ കഥ എഴുതിയത്. എന്തായിരുന്നു അതിന്റെ ഉദ്ദേശ്യം. നമ്മോടു സ്നേഹമുള്ള ആർക്കും അത്തരം ഒരു കഥ എഴുതാൻ കഴിയില്ല. ഇഞ്ചിഞ്ചായി നടക്കുന്ന നമ്മെ വിജയി ആക്കാൻ ഉദ്യമിക്കുന്ന ഏതൊരുത്തനും ദുഷ്ടത മനസ്സിൽ പേറി നടക്കുന്നവൻ ആണ്. അതിലൂടെ നമുക്ക് നഷ്ടപ്പെട്ടത് പലതുമാണ് . നമുക്ക് ഓടി ജയിക്കാം എന്നുള്ള ഉള്ള ഒരു വികൃത ബോധം അവർ എല്ലാവരുടെയും മനസ്സിൽ കുത്തി ചെലുത്തി. എനിക്കും നിന്നോട് മത്സരിച്ചു ജയിക്കാം എന്നുള്ള ഒരു മിഥ്യാ ധാരണ സമൂഹ മനസ്സിൽ അടിച്ചു കയറ്റി. പലരും അത് പാടി പ്രചരിപ്പിച്ചു. എന്തിനു ഇവനോട് കരുണ കാണിക്കണം എന്നും, ഇവനും നിന്നോടൊപ്പം ഓടി ജയിക്കട്ടെ എന്നും ഒരു വിഭാഗത്തിന്റെ മുദ്രാവാക്യം ആയി. നീ എല്ലായ്പ്പോഴും ഉറങ്ങി തരില്ല എന്ന കാര്യം അവന്മാർ മറ്റുള്ളവരിൽ നിന്ന് മറച്ച വച്ചു.
മുയലിനു വല്ലാത്ത സങ്കടം തോന്നി. സുഹൃത്ത് പറയുന്നതൊക്കെയും ശരിയാണ്. ഇതിനു എന്ത് മറുപടി പറയും എന്ന് ചിന്തിച്ചു ഒടുവിൽ അത് ഇങ്ങനെ പറഞ്ഞു.
ഒരു കഥ എല്ലാവരും ഒരേ തരത്തിൽ കേൾക്കണം എന്നില്ല. പന്തയകഥയിൽ അവര് ഉദ്ദേശിച്ചതിൽ കവിഞ്ഞ മറ്റൊരു അര്ഥമുള്ളതു ആ കഥ എഴുതിയവൻ പോലും അറിഞ്ഞില്ല എന്ന് തോന്നുന്നു. ശരിക്കും അതായിരുന്നു അതിന്റെ കാതൽ. അതായത് മുയൽ ഉറങ്ങാതെ ആമക്കു ജയിക്കാൻ കഴിയില്ല എന്ന മഹത്തായ സത്യം. ആ സത്യം മറ്റെന്തിനേക്കാളും ഉച്ചത്തിൽ മുഴങ്ങി കേൾക്കുന്നത് പലരും ശ്രദ്ധിച്ചില്ല. പക്ഷെ കേൾക്കേണ്ടവർ അത് കേൾക്കുന്നു. ഇന്നലെ ഞാൻ കേട്ട ഒരു പ്രസംഗം തന്നെ അതിനു ഉദാഹരണമാണ്. അവിടെ പറയപ്പെട്ടത് ഇതാണ്.
വീണു കിടക്കുന്നവനെ ഉയർത്താൻ വേണമെങ്കിൽ ശക്തൻ ഉറങ്ങി കൊടുക്കുക പോലും ചെയ്യണം. അവൻ തനിക്കു ചിലതെങ്കിലും വേണ്ട എന്ന് പറയണം. ആത്യന്തികമായി ഇത് ഒരാളെ ജയിപ്പിക്കുന്ന പ്രശ്നമല്ല. മറിച്ചു ഒരാൾക്ക് തന്നോടൊപ്പം എത്താനുള്ള ഒരു കൈ സഹായം കൊടുക്കൽ മാത്രമാണ്. നമ്മൾ എത്രയോ കാലം ചൊല്ലി പഠിച്ച കരുണ മാത്രമാണ് ഇത്.
അപ്പോൾ ആമ അപ്പുറത്തു കൂർക്കം വലിച്ചു ഉറങ്ങുകയായിരുന്നു.

Monday, 10 October 2016

കൃഷി ഒരു ഉത്തമ ജോലിയായി സമൂഹം പരിഗണിക്കാൻ നാം എന്ത് ചെയ്യണം.

ഒരിക്കൽ ബാലാട്ടൻ ചോദിച്ച ചോദ്യമാണ് ഇത്.  പക്ഷെ ഈ ചോദ്യത്തിന് മുൻപേ ചോദിക്കേണ്ട മറ്റു ചില ചോദ്യങ്ങൾ ഉണ്ടെന്നു തോന്നുന്നു.  അവയിൽ പ്രധാനപ്പെട്ടത് ഇവയാണ്.

1. ഇവിടെ ഇന്നും വലിയ ശതമാനം ആളുകൾ പട്ടിണിയിൽ കഴിയുന്നത് കൃഷി ഭൂമികൾ ആവശ്യത്തിന് ഇല്ലാത്തതിനാൽ ആണോ.

2.  മേൽ പറഞ്ഞ ചോദ്യത്തിന്റെ ഉത്തരം ഇല്ല എന്നാണെങ്കിൽ,  എല്ലാവരെയും പട്ടിണിയിൽ നിന്ന് മുക്തമാക്കാനുള്ള വഴിയെന്തു.

3.  തരിശായി കിടക്കുന്ന നിലങ്ങളിൽ ആർക്കും കൃഷി ചെയ്യാമെന്നും അങ്ങനെ ഉള്ള ഉത്പന്നങ്ങളുടെ പൂർണ അവകാശം കൃഷി ചെയ്യുന്നവന് മാത്രമായിരിക്കും എന്നുള്ള ഒരു നിയമം എത്രമാത്രം പ്രായോഗികമായിരിക്കും

4.  ഭൂമിയുടെ ഉത്പാദന ക്ഷമതക്കു പരിധിയുണ്ടോ.

ഈ ചോദ്യങ്ങൾക്കു വിചിത്രമായ പല ഉത്തരങ്ങളും നമുക്ക് കിട്ടിയേക്കാം.  അതിൽ ഏറ്റവും വിചിത്രമായതു ഇതാണ്.  മറ്റുള്ള നാനാ വിധമായ വളർച്ചകളെ തകിടം മറിച്ചുകൊണ്ടുള്ള കാർഷിക മുന്നേറ്റം വേണ്ട എന്നതാണ് അതിൽ ഏറ്റവും പ്രധാനവും,  ചിലപ്പോൾ ഏറ്റവും യുക്തി ഹീനം ആയതും.  എന്ത് കൊണ്ട് യുക്തി ഹീനം എന്ന് ചോദിച്ചാൽ,  ഈ അഭിപ്രായം പറയുന്നവർ ആരും പട്ടിണി കിടക്കുന്നവർ അല്ല.  അതോടൊപ്പം മറ്റൊന്നും കൂടെ ഉണ്ട്. അവർ ആരും തന്നെ ഭക്ഷ്യ ഉത്പാദകരും അല്ല.  അതായത് മറ്റുള്ളവരിൽ നിന്ന് ഭക്ഷ്യ വസ്തുക്കൾ കവർന്നു ജീവിക്കുന്നവരാണ്,  മറ്റുള്ളവര് പട്ടിണി കിടക്കുന്നതു കൊണ്ട് വലിയ കുഴപ്പവും മറ്റുമില്ല എന്ന് പ്രഖ്യാപിക്കുന്നതു.  ഉത്പാദകർ എന്നെങ്കിലും,  ഇനി നിനക്ക് ഞാൻ തിന്നാൻ തരില്ല എന്ന് പറഞ്ഞാൽ, താൻ കൈയ്യൂക്ക് കൊണ്ട് അത് നിന്നിൽ നിന്ന് വാങ്ങി കൊള്ളാം എന്ന് പ്രഖ്യാപിക്കുന്നതു പോലെ .  തങ്ങളുടെ പ്രസ്താവനയിലെ യുക്തി ഹീനത അവർക്കു ഇപ്പോഴും മനസ്സിലായിട്ടില്ല.

ഇവിടെ ആവശ്യത്തിന് കൃഷി ഭൂമി ഉണ്ടോ എന്ന് എനിക്ക് അറിയില്ല.  പക്ഷെ ആവശ്യത്തിന് കൃഷി ഭൂമി ഉണ്ടായാലും, അവിടങ്ങളിൽ ഒക്കെയും കൃഷി ചെയ്യാൻ മാത്രം ജല സമ്പത്തു ഇവിടെ ഉണ്ടോ എന്നുള്ളതാണ് അതിലും മുഖ്യമായ ചോദ്യം.   സംസ്ഥാനങ്ങൾ ജലത്തിന് വേണ്ടി കടിപിടി കൂടുകയും, അത്തരം കടിപിടികൾ കൂടുതൽ അക്രമാസക്തമാവുകയും ചെയ്യുമ്പോഴും നാം ഈ ജല പ്രശ്നത്തിന്റെ ആഴം മനസ്സിലാക്കിയില്ല എന്നതാണ് അത്ഭുതം.  ഇന്ത്യയെ മൊത്തമായി എടുത്താൽ ഇവിടെ ജല ക്ഷാമം ഉണ്ടാകാൻ പാടില്ല.  എത്രയോ ശുദ്ധ ജല നദികൾ ഇന്ത്യയിൽ ഉടനീളം വ്യാപിച്ചു കിടക്കുന്നു.  അവയിലൊക്കെയും പല കാലങ്ങളിലും വെള്ളപ്പൊക്കം വന്നു വൻ നാശങ്ങൾ ഉണ്ടാകുന്നു.  അതെ നേരം മറ്റുള്ള ഭാഗങ്ങളിൽ ഭീകര വരൾച്ച  അനുഭവപ്പെടുകയും ചെയ്യുന്നു.  ഹോളിസ്റ്റിക് രീതിയിൽ ഈ പ്രശ്നം കൈകാര്യം ചെയ്താൽ നമുക്ക് വരൾച്ചയും വെള്ളപ്പൊക്കവും ഒരേ സമയം ഇല്ലാതാക്കാൻ കഴിയും എന്നതായിരുന്നു, ഗംഗ കാവേരി പ്രോജക്ട്  സ്വപ്നം കണ്ടവർ മുന്നോട്ടു വച്ച തത്വം.  യുദ്ധകാല അടിസ്ഥാനത്തിൽ പ്രാബല്യത്തിൽ കൊണ്ടുവരേണ്ട ഈ പ്രവർത്തി നാം അനാവശ്യമായി വച്ച് താമസിപ്പിച്ചു.  ഇന്നും നാം വെള്ളപ്പൊക്കത്തിലും വരൾച്ചയിലും പെട്ട് ഉഴലുന്നു.

Wednesday, 5 October 2016

ചിന്തയിലെ ഡയനാമിസം.

ചിന്തയിലെ ഡയനാമിസത്തിനു പറ്റിയ ഒരു ഉദാഹരണം കമ്പ്യൂട്ടർ ആണെന്ന് തോന്നുന്നു.  കമ്പ്യൂട്ടർ കണ്ടു പിടിച്ചത് ആരാണ് എന്ന് ചോദിച്ചാൽ വിക്കിയിൽ നിന്ന് വ്യക്തമായ ഉത്തരം കിട്ടി എന്ന് വരില്ല.  കാരണം അവിടെ തുടക്കക്കാരൻ മാത്രമേ ഉള്ളൂ. ഒടുക്കക്കാരൻ ഇല്ല.  കമ്പ്യൂട്ടർ ഒരു സ്ഥിര ബിന്ദു അല്ല.  അത് ഒരു അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രോസസ്സ് മാത്രമാണ്.  അസംഖ്യം മനുഷ്യരുടെ അനേകം സദുദ്ദേശ പ്രവർത്തികളിലൂടെ അത് ആരംഭിച്ച ഇടത്തു നിന്ന് മറ്റേതൊക്കെയോ ഇടങ്ങളിൽ എത്തപ്പെട്ടു.  അപ്പോഴും നാം തുടക്കക്കാരെ നോക്കി ഇങ്ങനെ പറയുന്നു.

മഹാത്മാക്കളെ നിങ്ങളുടെ ഈ തുടക്കം നമ്മെ നല്ലൊരു നിലയിൽ എത്തിച്ചു എന്ന്.

ഇന്ന് ഈ തുടക്കക്കാരിൽ ഒരാള്ക്ക് പോലും ഭൂമിയിൽ തിരിച്ചു വന്നു താൻ തുടക്കം കുറിച്ച വസ്തുവിന്റെ ഇന്നത്തെ സ്ഥിതി കണ്ടാൽ അത് താൻ തുടക്കം കുറിച്ച വസ്തു ആണെന്ന് പോലും മനസ്സിലാകുകയേ ഇല്ല.  അതാണ് ഈ ഡയനാമിസത്തിന്റെ പ്രത്യേകത.

ചിന്തകൾ അങ്ങനെ ആണ്
അത് വെള്ളം കെട്ടി കിടക്കുന്ന തടാകം പോലെ അല്ല
അത് അനുസൃതം ഒഴുകുന്ന നദിയാണ്

വീണ്ടും ഞാൻ കമ്പ്യൂട്ടർ എന്ന എന്റെ ഉദാഹരണത്തിലേക്കു തിരിച്ചു വരികയാണ്.  ഒരു ഗതികേടിനു, ഈ കണ്ട് പിടുത്തം അതിന്റെ ശൈശവ ദശയിൽ നിശ്ചലമായി പോയി എന്ന് വിചാരിക്കുക.  അങ്ങനെ എങ്കിൽ ഇന്നും ആ യന്ത്രം നമ്മുടെ മ്യുസിയത്തിൽ പ്രാചീന മനുഷ്യന്റെ പ്രാകൃത ബുദ്ധിയുടെ ഓർമ്മ കുറിപ്പായി നില കൊള്ളും.   മനുഷ്യന് ഒരു ആവശ്യവും ഇല്ലാത്ത ഒരു വസ്തുവായി അത് അവിടെ വിസ്മരിക്കപ്പെടും.  പക്ഷെ ഭാഗ്യത്തിന് അത് സംഭവിച്ചില്ല.   നമ്മൾ അതിനെ എടുത്തു പെരുമാറി കൊണ്ട് ഇരുന്നു.  നമ്മൾ അതിനോട് പ്രതികരിച്ചു കൊണ്ട് ഇരുന്നു.  യുഗങ്ങളിലൂടെ കടന്നു അത് നമ്മെ എല്ലാ തരത്തിലും പരിപോഷിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാ സംഭവം ആയി മാറി.  ഇനിയും അത് മാറി കൊണ്ട് ഇരിക്കും

തത്വ ശാസ്ത്രങ്ങളുടെ കാര്യത്തിൽ മാത്രം ഇത് മറ്റൊരു തരത്തിൽ ആയി പോകുന്നില്ല.  മാർക്സ് ഒരു തുടക്കക്കാരൻ മാത്രമാണ്.  (ശരിക്കും പറഞ്ഞാൽ അതുമല്ല.  അദ്ദേഹവും ചിന്തയിലെ ഒരു തുടർച്ച മാത്രമായിരുന്നു ) . നേരത്തെ പറഞ്ഞ കമ്പ്യൂട്ടർ ഉദാഹരത്തിലേതു പോലെ അദ്ദേഹത്തിന്റെ തത്വ ചിന്തയും നിന്ന നിലയിൽ നിശ്ചലമായി പോയി എങ്കിൽ അത് അദ്ദേഹത്തിന്റെ കുഴപ്പമല്ല.  പിന്നാലെ വന്ന നമ്മുടെ കുഴപ്പമാണ്.  നമ്മൾ അതിനോട് ക്രിയാത്മകമായി പ്രതികരിച്ചില്ല എന്ന് അർഥം.  നമ്മൾ അതിൽ നിന്ന് മുന്നോട്ടു നടന്നില്ല എന്ന് അർഥം.

മാർക്സിസത്തിനു ഒരു നവീന ഭാഷ്യം ചമക്കാൻ മാർക്സ് പുനർ ജനിക്കണം എന്ന് പറയുന്നതിൽ അർഥം എന്താണ് ഉള്ളത് 

Tuesday, 4 October 2016

കച്ചവടത്തിന്റെ രീതികൾ

കോളേജിൽ പഠിക്കുന്ന കാലത്തു എന്നോ  ഒരിക്കൽ ഏതോ ഒരു പത്രത്തിൽ ഒരു വാർത്ത വന്നു.  'തലശേരിയിൽ കാക്കകൾക്ക് ഭ്രാന്തു' എന്ന്.  വൈകുന്നേരം വീട്ടിലേക്കു വരുന്ന വഴിയിൽ ഞാൻ തലശേരി വെറ്റിനറി ആശുപത്രിയിലെ ഡോകറ്ററുടെ അടുത്തു ഈ വാർത്തയുടെ നിജാവസ്ഥ എന്തെന്ന് അന്വേഷിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞത് ഏതാണ്ട് ഇങ്ങനെ ആണ് 'എല്ലാ ജീവികൾക്കും റാബീസ് വരാമെന്നു പറയുമെങ്കിലും, മാമലുകൾക്കു മാത്രമേ അവ വരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. മാമലുകളിൽ തന്നെ എലി അണ്ണാൻ എന്നിവക്ക് ഈ രോഗം വന്നതായി എവിടെയും വായിച്ചിട്ടില്ല.  പക്ഷെ പക്ഷി വർഗത്തിൽ പെട്ട  രക്ത ദാഹി വവ്വാൽ  ഈ രോഗത്തിന്റെ വാഹകർ ആണ്' .. ഇത്രയും പറഞ്ഞു അദ്ദേഹം എന്നോട് തിരിച്ചു ഒരു ചോദ്യം കൂടെ ചോദിച്ചു.  ഏതു മൃഗത്തിന്റെ കടി ഏറ്റാലും റാബീസ് വാക്സിൻ കുത്തി വെക്കണം എന്ന് പറയുന്നവർ , പാമ്പ് കടി ഏറ്റാലും അത് തന്നെ പറയുമോ എന്ന്.  അതായത് നേരത്തെ പറഞ്ഞ വാർത്തക്ക് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവും ഇല്ല എന്ന് അർഥം.  അടുത്ത ദിവസം ഞാൻ ഈ കാര്യം,  ഒരു അധ്യാപകനും , മനഃശാസ്ത്ര വിദഗ്ധനും ആയ ഒരു മനുഷ്യനോട് പറഞ്ഞപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് വിചിത്രമായ ഒരു കാര്യമാണ്.  അത് ഏകദേശം ഇങ്ങനെ ആയിരുന്നു എന്ന് ഞാൻ ഓർക്കുന്നു.   'പിഴവുകൾ എന്നോ, ശുദ്ധ അസംബന്ധങ്ങൾ എന്നോ തോന്നുന്ന വാർത്തകൾ, പലപ്പോഴും പിഴവുകളിലൂടെ ഉത്ഭവിക്കുന്നവ  ആവണം എന്നില്ല.  ചില കണക്കുകൂട്ടലുകൾ അവയുടെ പിന്നിൽ ഉണ്ടാകാം.  കാരണം ഒരു തരം ഭീതി പരത്തുക മാത്രമാവും അവയുടെ ഉദ്ദേശ്യം.  ഭീതി,  സാധനങ്ങൾ ചിലവാക്കാനുള്ള നല്ല ഒരു മാർഗമാണ് എന്ന് മനുഷ്യൻ മനസ്സിലാക്കി വരികയാണ്.  നിങ്ങൾ ഇപ്പോൾ പറഞ്ഞ ഉദാഹരണത്തിന് കാര്യം തന്നെ നോക്കുക.  ഇതിന്റെ അശാസ്ത്രീയതയെ കുറിച്ച് ഇത് കേട്ട നിങ്ങള് മാത്രമേ അന്വേഷിക്കുകയുള്ളൂ. മറ്റുള്ളവരിൽ  ഭൂരിഭാഗം പേരുടെയും മനസ്സ് ഇത് അങ്ങനെ തന്നെ വിഴുങ്ങുകയാണ്. എന്നെങ്കിലും ഒരിക്കൽ ഒരു കാക്ക കൊത്തുമ്പോൾ അവർക്കു മറ്റൊരു നിവൃത്തി ഇല്ലാതെ  വരും.  നിഷ്കളങ്കം എന്ന് വിചാരിക്കുന്ന പല വാർത്തകളും അങ്ങനെ അല്ല.

പരസ്യങ്ങൾ മാത്രമല്ല,  വാർത്തകളും , മനുഷ്യന്റെ മസ്തിഷ്ക പ്രക്ഷാളനത്തിനു ഉപകരിക്കാം എന്നാണു എന്റെ അദ്ധ്യാപകൻ എന്നോട് പറഞ്ഞത്.  അദ്ദേഹം അന്ന് പറഞ്ഞ ഈ വാക്കുകൾക്കു ഒരു തരം പ്രവചന സ്വഭാവം  ഉണ്ടായിരുന്നു എന്ന് ഞാൻ ഇന്ന് മനസ്സിലാക്കുന്നു.  കാരണം ഇന്ന് അത് ഒരു രീതി ആയി തീർന്നു.  കീടാണു എന്ന ഭീകരൻ നമ്മെ വിടാതെ പിന്തുടരുന്നതും,  എത്രയോ കോടി രൂപയുടെ കച്ചവടത്തിന് കാരണം ആകുന്നതും അത് കൊണ്ടാണ്.

മുലപ്പാല് എല്ലാ കാലത്തും ബേബി ഫുഡ് നിർമാതാക്കളുടെ തലവേദന ആയിരുന്നു.  വളരെ വര്ഷങ്ങള്ക്കു മുൻപ് വന്ന ഒരു പത്ര വാർത്ത ഞാൻ ഇത്തരുണത്തിൽ ഓർക്കുന്നു.  അതിൽ പറഞ്ഞത് ഏതോ ഒരാള് തന്റെ ഗവേഷണങ്ങളിലൂടെ,  മുലപ്പാലിൽ ഏതോ ഒരു തരം വിഷ അംശം ഉണ്ട് എന്ന് കണ്ടെത്തിയിരിക്കുന്നു എന്ന്.  പക്ഷെ അത് എത്ര ഏറെ വിലപ്പോയില്ല എന്ന് ഞാൻ വിചാരിക്കുന്നു.  മുലപ്പാലിനെതിരെ ഭീതി പടർത്താനുള്ള ശ്രമങ്ങൾ പിന്നെയും നടന്നിട്ടുണ്ട് എന്ന് ഞാൻ വിചാരിക്കുന്നു. (ഒരിക്കൽ ബാലാട്ടൻ  പറഞ്ഞു.  മുലപ്പാല് നമുക്ക് ഭീഷണിആകുന്നു  എങ്കിൽ  അത് വറ്റിക്കാനുള്ള  മാർഗങ്ങളും  നമ്മള് കണ്ടെത്തും) . ഇതെന്തിനാണ് അങ്ങ് ദൂരെ പോകുന്നത്. നമ്മുടെ സ്വന്തം,  വെളിച്ചെണ്ണയുടെ കാര്യം തന്നെ ഓർത്താൽ പോരെ.  ശാസ്ത്രത്തിന്റെ പേരിൽ എന്തൊക്കെ പറഞ്ഞു പരത്തി എന്നുള്ളത് നമുക്ക് ഏവർക്കും അറിയാവുന്നതാണല്ലോ.  പിന്നീട് കുത്തകകൾ വെളിച്ചെണ്ണയുടെ അവകാശവും കരസ്ഥമാക്കിയപ്പോൾ വെളിച്ചെണ്ണ സിംഹാസനത്തിൽ അരങ്ങേറിയതും നമ്മള് കണ്ടതാണ്.

കച്ചവടത്തിന്റെ രീതികൾ തികച്ചും വിചിത്രമാണ്.  അവിടെ മൂല്യങ്ങൾക്ക് തീരെ സ്ഥാനമില്ല.  ലാഭത്തിനു മാത്രമേ പ്രസക്തിയുള്ളൂ

Sunday, 2 October 2016

സമ ലിംഗ വിവാഹങ്ങൾ മുതൽ മൃഗ ഭോഗം വരെ

വിവാഹ തുല്യതാ നിയമം,  അമേരിക്കയിലെ എൽ ജി ബീ ടീ വിഭാഗങ്ങൾക്ക് കിട്ടിയ ഒരു സ്വാതന്ത്ര്യം എന്ന രീതിയിൽ ഇവിടെ ആഘോഷിക്കപ്പെട്ടു.  ആ നിയമം കൊണ്ടുള്ള ഗുണം എന്തൊക്കെ ആണെന്ന് ഇത് വരെ എനിക്ക് മനസ്സിലാക്കാൻ പറ്റിയിട്ടില്ല.  ഏതോ ഒരു ഫെമിനിസ്റ്റ് പ്രവർത്തക പറഞ്ഞത് പോലെ,  സമൂഹം ഇന്നും  അവരെ മറ്റൊരു വിഭാഗമായി കണക്കാക്കുന്നു എങ്കിൽ,  ഈ നിയമം കൊണ്ട് വലിയ കാര്യമൊന്നുമില്ല.  സാധാരണ വിവാഹങ്ങള് പോലും ക്ഷിപ്രം പൊട്ടി തകർന്നു പോകുന്ന ഒരു രാജ്യത്തെ ഈ പുതിയ രീതി അത്ര ഏറെ ആഘോഷിക്കപ്പെടേണ്ടതാണോ.

മനുഷ്യന്റെ ലൈംഗിക വളർച്ച കുട്ടിയിൽ നിന്ന് തുടങ്ങുന്നു.  എല്ലാവരും സ്ത്രീകൾ ആയി ജനിക്കുന്നു എന്നും,  ഗർഭ പാത്രത്തിനു ഉള്ളിൽ വച്ച് ഈ സ്ത്രീ സ്വഭാവങ്ങൾ അടിച്ചമർത്തപ്പെട്ടവർ പുരുഷന്മാർ ആയും, ബാക്കി ഉള്ളവര് സ്ത്രീകള് ആയും പരിണമിക്കുന്നു എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്.  അതിന്റെ നേരെ തിരിച്ചിട്ടു രൂപമാണ് ശരി എന്ന് കരുതുന്നവരും ഉണ്ട്.  അതായത് എല്ലാവരും പുരുഷൻ ആയി ജനിക്കുന്നു എന്നതിൽ തുടങ്ങുന്നത്.  ജനിച്ചു കഴിഞ്ഞാലും കുട്ടിയിലെ ശാരീരികൾ ലൈംഗിക വളർച്ചകൾ തുടരുകയാണ്.  പക്ഷെ ഇത് എല്ലാവരിലും ഒരു പോലെ ആകണം എന്നില്ല.  ശരീര ഭാഗങ്ങളുടെ കാര്യവും അങ്ങനെ തന്നെ ആണ്. ബുദ്ധിയുടെ കാര്യം അങ്ങനെ ആണ്.  സ്വഭാവങ്ങളുടെ കാര്യം പോലും.  ഇവ ഒക്കെയും ഏതെങ്കിലും ഘട്ടങ്ങളിൽ വെറുങ്ങലിച്ചു അതെ ഘട്ടത്തിൽ തന്നെ ഫിക്സ് ആയി നില നിന്ന് പോകാൻ ഇടയുണ്ട്.  ശാരീരിക കാര്യത്തിൽ ഇത്തരം ഒരു കാര്യം നടന്നാൽ നാം അതിനെ വൈകല്യം ആയി കണക്കാക്കുന്നു.  എന്തെങ്കിലും ഒരു കുട്ടിയുടെ ഒരു കാലിന്റെ വളർച്ച, ബുദ്ധിയുടെ വളർച്ച നിലച്ചു പോയാൽ, നാം അത് സ്വാഭാവിക വളർച്ചയായി കണക്കാക്കുന്നില്ല.    ലൈംഗിക പെരുമാറ്റങ്ങളുടെ വളർച്ചയും അത്തരം നിയമങ്ങൾക്കു വിധേയം ആയിരുന്നു.  നാം ആത്മ കാമത്തിൽ തുടങ്ങി, സമ ലിംഗ കാമത്തിലൂടെ കടന്നു,  പര ലിംഗ കാമത്തിൽ അവസാനിക്കുന്നു.  പക്ഷെ എല്ലാവരിലും ഇത് അങ്ങനെ തന്നെ ആകണം എന്നില്ല.  ചിലർ ചില ഘട്ടങ്ങളിൽ ഫിക്സ് ചെയ്യപ്പെടുന്നു.  അത് ഒരു തരാം മാനസിക വൈകല്യമായി ഇത്ര നാളും കണക്കാക്കി പോന്നു.  പക്ഷെ ആധുനിക യുഗത്തിൽ, ലൈംഗികതയും, സൃഷ്ടിയും തമ്മിലുള്ള ബന്ധം നേർത്തു വരുന്നതിനു സമാന്തരമായി, ഇത്തരം നിർവചനങ്ങളും മാറി മറയാൻ തുടങ്ങി.  ഇന്ന് വിവാഹവും (സ്ത്രീ പുരുഷ ബന്ധം) പ്രാഥമികമായും സൃഷ്ടിക്കു വേണ്ടിയുള്ള ഒരു കൂടി ചേരൽ അല്ല.  പല ഇടങ്ങളിലും, പല സമയങ്ങളിലും  സൃഷ്ടി, സ്ത്രീ പുരുഷ സംസർഗത്തിനു കാരണം പോലും അല്ല.  അങ്ങനെ ഉള്ള ഒരു സ്ഥിതിയിൽ,  അതായത് ലൈംഗികത വെറും ഒരു ആസ്വാദനം മാത്രമായി, അധപതിച്ചു (?) പോകുമ്പോൾ,  അത്തരം ആസ്വാദനങ്ങൾക്കു പുതിയ തരം നിർവ്വചനങ്ങൾ ഉണ്ടാകുന്നതിനു സാധ്യതകൾ ഏറെ ആണ്.

നമുക്ക് ഒരു ജന്മം മാത്രമേ ഉള്ളൂ എന്നും,  ആയതു കൊണ്ട് അനുഭവിക്കേണ്ടതൊക്കെ ഇവിടെ വച്ച് ഇപ്പോൾ തന്നെ അനുഭവിച്ചു കൊള്ളണം എന്നും മനുഷ്യൻ മനസ്സിലാക്കിയിരിക്കുന്നു.  ഹെഡോണിസം ലോകം മുഴുവൻ അതിന്റെ ജൈത്ര യാത്ര തുടങ്ങിയിട്ട് കുറച്ചു കാലം ആയി.  ഒന്നും ആസ്വദിക്കാതെ വിട്ടു പോകരുത് എന്നാണു പാശ്ചാത്യന്റെ മുദ്രാവാക്യം.  അപ്പോൾ സാധ്യമായ ഏതു രീതിയിലും നമ്മുടെ ആസ്വാദനം മുന്നേറുക തന്നെ ചെയ്യും.  അതിനു വിലങ്ങു തടിയായി നിൽക്കുന്ന നിയമങ്ങൾ ഒക്കെ മാറ്റി മറിക്കപ്പെടുക തന്നെ ചെയ്യും.  ഏതോ ഒരു  എൽ ജി ബി ടീ പ്രവർത്തക പറഞ്ഞത് പോലെ, വിവാഹ തുല്യത വെറും ഒരു തുടക്കം മാത്രമാണ്.  ആത്യന്തികമായി നമ്മുടെ ലക്‌ഷ്യം,  വിവാഹമെന്ന സ്ഥാപനം തന്നെ തകർക്കുക എന്നതായിരിക്കണം എന്ന്.  തികച്ചും യുക്തി ഗതമായ ഒരു പ്രസ്താവനയാണ് ഇത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

വിവാഹ തുല്യതയെ ഇരു കയ്യും നീട്ടി സ്വീകരിച്ച ഒരു ഇന്ത്യൻ ബുദ്ധി ജീവി, ഇതിൽ അത്തരം ഒരു അപകടം ഉള്ളത് മുൻ കൂട്ടി കണ്ടില്ല എന്ന് ഞാൻ വിചാരിക്കുന്നു.  ആസ്വാദനം പരമ പ്രധാനമായ  ഇടത്തു , ഇന്നത്തെ മോണോഗാമി സമ്പ്രദായത്തിന് ആയുസ്സു തീരെ ഇല്ല.   ഇപ്പോൾ തന്നെ നോക്കുക . കാനഡയിൽ മൃഗ ഭോഗം നിയമ വിധേയമാക്കിയത് ഇവിടെ മാധ്യമങ്ങൾ ചർച്ച ചെയ്തതെ ഇല്ല.  ആരും പടക്കം പൊട്ടിച്ചു ആഘോഷിച്ചില്ല.  എന്തിനു,  ഈ വിവാഹ തുല്യതക്കു മുന്നേ തന്നെ അമേരിക്കയിൽ നില നിന്ന ഒരു തരം ലൈംഗിക സ്വാതന്ത്ര്യം ഉണ്ടല്ലോ. അത് പോലും ഒരു പരിധിയിൽ കൂടുതൽ അംഗീകരിക്കാൻ പറ്റാത്തവൻ ആണ് ഒരു ശരാശരി ഇന്ത്യക്കാരൻ. അങ്ങനെ ഉള്ളവൻ എങ്ങനെ ആണ് അത്യാവേശത്തോടെ വിവാഹ തുല്യതാ  നിയമത്തെ വരവേറ്റത് എന്നത്  ഞാൻ അത്ഭുതത്തോടെ ആണ് കാണുന്നത്.