Friday, 21 October 2016

തെറ്റുകളിലെ സൗന്ദര്യം

കോളേജിൽ പഠിക്കുന്ന കാലത്തു എന്റെ ഒരു സുഹൃത്തിന്റെ ഹോബ്ബി സിനിമയിലെ തെറ്റുകൾ കണ്ട് പിടിക്കൽ ആയിരുന്നു. അവൻ അത് കണ്ട് പിടിക്കും എന്ന് മാത്രമല്ല ആ സംഗതി അന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു സിനിമാ വാരികയിൽ വായനക്കാരുടെ കത്ത് വിഭാഗത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും . അവയൊക്കെ ഏകദേശം ഇങ്ങനെ ആയിരിക്കും. നായിക ഒരു മുറിയിലേക്ക് പോകുമ്പോൾ സാരിയുടെ നിറം പച്ച , തിരിച്ചു വരുമ്പോൾ നിറം ചുവപ്പു എന്നിങ്ങനെ ഉള്ളവ. ഇന്ന് ഇന്റർനെറ്റ് മൂവി ഡാറ്റാ ബേസിലും ഇങ്ങനെ ഒരു വിഭാഗം കാണുന്നുണ്ട് എന്ന് തോന്നുന്നു. ഷൂട്ടിങ്ങിന്റെ സമയത്തോ എഡിറ്റിംഗിന്റെ സമയത്തോ പറ്റി പോകുന്ന ചില്ലറ പ്രമാദങ്ങൾ അവിടെ എഴുതി ചേർത്തത് കാണാം. അവന്റെ കൂടെ കൂടിയത് കൊണ്ടോ എന്ന് അറിയില്ല ചിലപ്പോൾ ഞാനും ദൃശ്യങ്ങളിലെ ഇത്തരം തെറ്റുകളെ അറിയാതെ ശ്രദ്ധിച്ചു പോകും. പക്ഷെ അതിനെ കുറിച്ചല്ല ഞാൻ ഇപ്പോൾ പറഞ്ഞു വരുന്നത്. ഒരിക്കൽ ഒരു സിനിമ കണ്ടപ്പോൾ ഇങ്ങനെ ഒരു തെറ്റ് ഞാൻ ശ്രദ്ധിച്ചു. പക്ഷെ എന്ത് കൊണ്ടോ അത് അബദ്ധത്തിൽ വന്നു പോയ ഒരു തെറ്റാണ് എന്ന് എനിക്ക് തോന്നിയില്ല. ഇപ്പോഴും തോന്നുന്നില്ല. കാരണം ആ രംഗം എന്നെ വല്ലാതെ ആകർഷിച്ച രംഗം ആയിരുന്നു. ഒരു രംഗത്തെ അത്യാകര്ഷകമാക്കാൻ വേണ്ടി സംവിധായകൻ കരുതി കൂട്ടി ഒരു തെറ്റു ചെയ്തത് പോലെ എനിക്ക് തോന്നി. രംഗം ഏകദേശം ഇങ്ങനെ

സിനിമ ------- ദി സ്കിൻ ഐ ലിവ് ഇൻ
സംവിധായകൻ --- പെഡ്രോ ആൽമദോവർ

വീട്ടിൽ ഒരു കൊല നടന്ന അന്ന് , വീട്ടു വേലക്കാരിയായ മറീലിയ, നായികയായ വേരയോട് പഴയ കാലത്തു നടന്ന ചില സംഭവങ്ങൾ വിവരിക്കുകയാണ്. തന്റെ യജമാനന്റെയും ഭാര്യയുടെയും പഴയ കാല കഥകൾ. ആ സ്ത്രീ, ഭർത്താവിന്റെ സഹോദരനിൽ ആകൃഷ്ടയാകുന്നു. ഒരിക്കൽ അവർ ഒരുമിച്ചു ഒരു കാറിൽ പോകവേ കാറിനു തീപിടിച്ചു ആ സ്ത്രീ വെന്തു പോകുന്നു. പക്ഷെ മരിക്കുന്നില്ല. പൊള്ളലേറ്റു വികൃത രൂപിയായ ഭാര്യയെ ജീവിപ്പിക്കുക മാത്രമായിരുന്നു ശാസ്ത്രജ്ഞൻ കൂടി ആയ ഭർത്താവിന്റെ ലക്‌ഷ്യം. ഭാര്യ അവളുടെ ഭീകര രൂപം ഒരിക്കൽ പോലും കണ്ട് പോകരുത് എന്നതിനാൽ ഭർത്താവായ റൊബർട് മുറിയിൽ നിന്ന് എല്ലാ കണ്ണാടികളും മാറ്റി. അങ്ങനെ ജെൽ (ഭാര്യയുടെ പേര്) ഒരു വിധം നടക്കാനായപ്പോൾ, ഒരു ദിവസം തന്റെ മകൾ പൂന്തോട്ടത്തിൽ വച്ച് ഒരു പഴയ പാട്ടു പാടുന്നത് കേട്ടു. തന്റെ ചെറുപ്പ കാലത്തു തന്നെ അത്യധികം ആകർഷിച്ച ഒരു പാട്ടു. അത് കേട്ടപ്പോൾ ജെൽ വികാരാവതിയായി. അവൾ പതുക്കെ പതുക്കെ മുറി തുറന്നു ജനാലക്കു അരികിലേക്ക് നടന്നു. ജനാല തുറക്കവേ അതിന്റെ കണ്ണാടിയിൽ അവൾ തന്നെ ഭീകര രൂപം കണ്ട് ഞെട്ടി. താൻ മനുഷ്യ സ്ത്രീയോ രാക്ഷസിയോ എന്ന് അവൾ ഒരു നിമിഷം സംശയിച്ചു പോയി. ഉടനെ അവൾ ജനാലയിലൂടെ താഴേക്കു ചാടി തന്റെ ജീവിതം അവസാനിപ്പിച്ചു. വര്ഷങ്ങള്ക്കു ശേഷം മകളായ നോർമ്മ 'അമ്മ പോയ അതെ വഴിയേ അമ്മയെ അന്വേഷിച്ചു പോയി . മറ്റൊരു ജനാലയിലൂടെ (ഒരു ആത്മഹത്യയുടെ ദൃക് സാക്ഷി വിവരണം പോലെ എന്ന് അപ്പോൾ എനിക്ക് തോന്നിയില്ല . അതായിരുന്നു ആ രംഗത്തിന്റെ ശക്തി )

നമ്മെ വല്ലാതെ വിമ്മിഷ്ടപ്പെടുത്തുന്ന ഒരു രംഗമാണ് ഇത്. അത് കൊണ്ട് തന്നെ അതിൽ ഉണ്ടെന്നു ഞാൻ നേരത്തെ പറഞ്ഞ പരിക്കുകൾ ആദ്യ ദർശനത്തിൽ നാം ശ്രദ്ധിച്ചു എന്ന് വരില്ല. പക്ഷെ പിന്നീട് ആലോചിക്കുമ്പോൾ നമുക്ക് മനസ്സിലാകും ഈ രംഗം നമ്മുടെ യുക്തിക്കു നിരക്കാത്തതാണ് എന്ന്. പക്ഷെ ഈ യുക്തി രാഹിത്യം പ്രതിഭാ ധനനായ ആൽമദോവർ അറിഞ്ഞിരിക്കുക തന്നെ ചെയ്യും എന്ന് ഞാൻ വിചാരിക്കുന്നു. കാരണം ഇതിനെ മറ്റൊരു തരത്തിൽ അവതരിപ്പിച്ചാൽ ആ രംഗത്തിന്റെ അസാമാന്യമായ സൗന്ദര്യം ചോർന്നു പോകും എന്ന് അദ്ദേഹം കരുതിയിരിക്കാം

No comments:

Post a Comment