Monday, 10 October 2016

കൃഷി ഒരു ഉത്തമ ജോലിയായി സമൂഹം പരിഗണിക്കാൻ നാം എന്ത് ചെയ്യണം.

ഒരിക്കൽ ബാലാട്ടൻ ചോദിച്ച ചോദ്യമാണ് ഇത്.  പക്ഷെ ഈ ചോദ്യത്തിന് മുൻപേ ചോദിക്കേണ്ട മറ്റു ചില ചോദ്യങ്ങൾ ഉണ്ടെന്നു തോന്നുന്നു.  അവയിൽ പ്രധാനപ്പെട്ടത് ഇവയാണ്.

1. ഇവിടെ ഇന്നും വലിയ ശതമാനം ആളുകൾ പട്ടിണിയിൽ കഴിയുന്നത് കൃഷി ഭൂമികൾ ആവശ്യത്തിന് ഇല്ലാത്തതിനാൽ ആണോ.

2.  മേൽ പറഞ്ഞ ചോദ്യത്തിന്റെ ഉത്തരം ഇല്ല എന്നാണെങ്കിൽ,  എല്ലാവരെയും പട്ടിണിയിൽ നിന്ന് മുക്തമാക്കാനുള്ള വഴിയെന്തു.

3.  തരിശായി കിടക്കുന്ന നിലങ്ങളിൽ ആർക്കും കൃഷി ചെയ്യാമെന്നും അങ്ങനെ ഉള്ള ഉത്പന്നങ്ങളുടെ പൂർണ അവകാശം കൃഷി ചെയ്യുന്നവന് മാത്രമായിരിക്കും എന്നുള്ള ഒരു നിയമം എത്രമാത്രം പ്രായോഗികമായിരിക്കും

4.  ഭൂമിയുടെ ഉത്പാദന ക്ഷമതക്കു പരിധിയുണ്ടോ.

ഈ ചോദ്യങ്ങൾക്കു വിചിത്രമായ പല ഉത്തരങ്ങളും നമുക്ക് കിട്ടിയേക്കാം.  അതിൽ ഏറ്റവും വിചിത്രമായതു ഇതാണ്.  മറ്റുള്ള നാനാ വിധമായ വളർച്ചകളെ തകിടം മറിച്ചുകൊണ്ടുള്ള കാർഷിക മുന്നേറ്റം വേണ്ട എന്നതാണ് അതിൽ ഏറ്റവും പ്രധാനവും,  ചിലപ്പോൾ ഏറ്റവും യുക്തി ഹീനം ആയതും.  എന്ത് കൊണ്ട് യുക്തി ഹീനം എന്ന് ചോദിച്ചാൽ,  ഈ അഭിപ്രായം പറയുന്നവർ ആരും പട്ടിണി കിടക്കുന്നവർ അല്ല.  അതോടൊപ്പം മറ്റൊന്നും കൂടെ ഉണ്ട്. അവർ ആരും തന്നെ ഭക്ഷ്യ ഉത്പാദകരും അല്ല.  അതായത് മറ്റുള്ളവരിൽ നിന്ന് ഭക്ഷ്യ വസ്തുക്കൾ കവർന്നു ജീവിക്കുന്നവരാണ്,  മറ്റുള്ളവര് പട്ടിണി കിടക്കുന്നതു കൊണ്ട് വലിയ കുഴപ്പവും മറ്റുമില്ല എന്ന് പ്രഖ്യാപിക്കുന്നതു.  ഉത്പാദകർ എന്നെങ്കിലും,  ഇനി നിനക്ക് ഞാൻ തിന്നാൻ തരില്ല എന്ന് പറഞ്ഞാൽ, താൻ കൈയ്യൂക്ക് കൊണ്ട് അത് നിന്നിൽ നിന്ന് വാങ്ങി കൊള്ളാം എന്ന് പ്രഖ്യാപിക്കുന്നതു പോലെ .  തങ്ങളുടെ പ്രസ്താവനയിലെ യുക്തി ഹീനത അവർക്കു ഇപ്പോഴും മനസ്സിലായിട്ടില്ല.

ഇവിടെ ആവശ്യത്തിന് കൃഷി ഭൂമി ഉണ്ടോ എന്ന് എനിക്ക് അറിയില്ല.  പക്ഷെ ആവശ്യത്തിന് കൃഷി ഭൂമി ഉണ്ടായാലും, അവിടങ്ങളിൽ ഒക്കെയും കൃഷി ചെയ്യാൻ മാത്രം ജല സമ്പത്തു ഇവിടെ ഉണ്ടോ എന്നുള്ളതാണ് അതിലും മുഖ്യമായ ചോദ്യം.   സംസ്ഥാനങ്ങൾ ജലത്തിന് വേണ്ടി കടിപിടി കൂടുകയും, അത്തരം കടിപിടികൾ കൂടുതൽ അക്രമാസക്തമാവുകയും ചെയ്യുമ്പോഴും നാം ഈ ജല പ്രശ്നത്തിന്റെ ആഴം മനസ്സിലാക്കിയില്ല എന്നതാണ് അത്ഭുതം.  ഇന്ത്യയെ മൊത്തമായി എടുത്താൽ ഇവിടെ ജല ക്ഷാമം ഉണ്ടാകാൻ പാടില്ല.  എത്രയോ ശുദ്ധ ജല നദികൾ ഇന്ത്യയിൽ ഉടനീളം വ്യാപിച്ചു കിടക്കുന്നു.  അവയിലൊക്കെയും പല കാലങ്ങളിലും വെള്ളപ്പൊക്കം വന്നു വൻ നാശങ്ങൾ ഉണ്ടാകുന്നു.  അതെ നേരം മറ്റുള്ള ഭാഗങ്ങളിൽ ഭീകര വരൾച്ച  അനുഭവപ്പെടുകയും ചെയ്യുന്നു.  ഹോളിസ്റ്റിക് രീതിയിൽ ഈ പ്രശ്നം കൈകാര്യം ചെയ്താൽ നമുക്ക് വരൾച്ചയും വെള്ളപ്പൊക്കവും ഒരേ സമയം ഇല്ലാതാക്കാൻ കഴിയും എന്നതായിരുന്നു, ഗംഗ കാവേരി പ്രോജക്ട്  സ്വപ്നം കണ്ടവർ മുന്നോട്ടു വച്ച തത്വം.  യുദ്ധകാല അടിസ്ഥാനത്തിൽ പ്രാബല്യത്തിൽ കൊണ്ടുവരേണ്ട ഈ പ്രവർത്തി നാം അനാവശ്യമായി വച്ച് താമസിപ്പിച്ചു.  ഇന്നും നാം വെള്ളപ്പൊക്കത്തിലും വരൾച്ചയിലും പെട്ട് ഉഴലുന്നു.

No comments:

Post a Comment