ഓവർ ബറീസ് ഫോളിയിൽ മലർന്നു കിടന്നു ആമ സംസാരിക്കാൻ തുടങ്ങി. അപ്പോൾ അറബിക്കടലിലെ ഇളം കാറ്റു അവരെ തഴുകി കൊണ്ട് കടന്നു പോയി. ആ കാറ്റിൽ വേദന ഘനീഭവിച്ചു നിൽക്കുന്നത് പോലെ മുയലിനു തോന്നി. ആമ പറയുന്നത് കേൾക്കാൻ അവൻ ചെവി കൂർപ്പിച്ചു നിന്നു. ആമ പറയാൻ തുടങ്ങി.
ആരാണ് ശരിക്കും ആ പന്തയ കഥ എഴുതിയത്. എന്തായിരുന്നു അതിന്റെ ഉദ്ദേശ്യം. നമ്മോടു സ്നേഹമുള്ള ആർക്കും അത്തരം ഒരു കഥ എഴുതാൻ കഴിയില്ല. ഇഞ്ചിഞ്ചായി നടക്കുന്ന നമ്മെ വിജയി ആക്കാൻ ഉദ്യമിക്കുന്ന ഏതൊരുത്തനും ദുഷ്ടത മനസ്സിൽ പേറി നടക്കുന്നവൻ ആണ്. അതിലൂടെ നമുക്ക് നഷ്ടപ്പെട്ടത് പലതുമാണ് . നമുക്ക് ഓടി ജയിക്കാം എന്നുള്ള ഉള്ള ഒരു വികൃത ബോധം അവർ എല്ലാവരുടെയും മനസ്സിൽ കുത്തി ചെലുത്തി. എനിക്കും നിന്നോട് മത്സരിച്ചു ജയിക്കാം എന്നുള്ള ഒരു മിഥ്യാ ധാരണ സമൂഹ മനസ്സിൽ അടിച്ചു കയറ്റി. പലരും അത് പാടി പ്രചരിപ്പിച്ചു. എന്തിനു ഇവനോട് കരുണ കാണിക്കണം എന്നും, ഇവനും നിന്നോടൊപ്പം ഓടി ജയിക്കട്ടെ എന്നും ഒരു വിഭാഗത്തിന്റെ മുദ്രാവാക്യം ആയി. നീ എല്ലായ്പ്പോഴും ഉറങ്ങി തരില്ല എന്ന കാര്യം അവന്മാർ മറ്റുള്ളവരിൽ നിന്ന് മറച്ച വച്ചു.
മുയലിനു വല്ലാത്ത സങ്കടം തോന്നി. സുഹൃത്ത് പറയുന്നതൊക്കെയും ശരിയാണ്. ഇതിനു എന്ത് മറുപടി പറയും എന്ന് ചിന്തിച്ചു ഒടുവിൽ അത് ഇങ്ങനെ പറഞ്ഞു.
ഒരു കഥ എല്ലാവരും ഒരേ തരത്തിൽ കേൾക്കണം എന്നില്ല. പന്തയകഥയിൽ അവര് ഉദ്ദേശിച്ചതിൽ കവിഞ്ഞ മറ്റൊരു അര്ഥമുള്ളതു ആ കഥ എഴുതിയവൻ പോലും അറിഞ്ഞില്ല എന്ന് തോന്നുന്നു. ശരിക്കും അതായിരുന്നു അതിന്റെ കാതൽ. അതായത് മുയൽ ഉറങ്ങാതെ ആമക്കു ജയിക്കാൻ കഴിയില്ല എന്ന മഹത്തായ സത്യം. ആ സത്യം മറ്റെന്തിനേക്കാളും ഉച്ചത്തിൽ മുഴങ്ങി കേൾക്കുന്നത് പലരും ശ്രദ്ധിച്ചില്ല. പക്ഷെ കേൾക്കേണ്ടവർ അത് കേൾക്കുന്നു. ഇന്നലെ ഞാൻ കേട്ട ഒരു പ്രസംഗം തന്നെ അതിനു ഉദാഹരണമാണ്. അവിടെ പറയപ്പെട്ടത് ഇതാണ്.
വീണു കിടക്കുന്നവനെ ഉയർത്താൻ വേണമെങ്കിൽ ശക്തൻ ഉറങ്ങി കൊടുക്കുക പോലും ചെയ്യണം. അവൻ തനിക്കു ചിലതെങ്കിലും വേണ്ട എന്ന് പറയണം. ആത്യന്തികമായി ഇത് ഒരാളെ ജയിപ്പിക്കുന്ന പ്രശ്നമല്ല. മറിച്ചു ഒരാൾക്ക് തന്നോടൊപ്പം എത്താനുള്ള ഒരു കൈ സഹായം കൊടുക്കൽ മാത്രമാണ്. നമ്മൾ എത്രയോ കാലം ചൊല്ലി പഠിച്ച കരുണ മാത്രമാണ് ഇത്.
അപ്പോൾ ആമ അപ്പുറത്തു കൂർക്കം വലിച്ചു ഉറങ്ങുകയായിരുന്നു.
No comments:
Post a Comment