Tuesday, 18 October 2016

ഫാസിസത്തിന്റെ ചരമഗീതം

1950 കാലഘട്ടത്തിൽ ഫാസിസത്തിന്റെ അതിക്രമം ചിത്രീകരിച്ച സിനിമകൾ മിക്കതും,  യഥാതത്വത്തിന്റെ ഭീകരതയിലൂടെ നമ്മെ ഞെട്ടിച്ചവയാണ്.  അവയിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്നത് ഓഷ്വിറ്റ്സ് തടവറയിലൂടെ ചലിച്ച അലൻ റെനെയുടെ കാമറ ആയിരുന്നു.  ആ സിനിമയെ മനോഹരമോ ഭയാനകമോ ആക്കിയതിൽ മഹാനായ ഹിറ്റ്ലർക്കും പങ്കുണ്ട് എന്നുള്ളതാണ് മറ്റൊരു തമാശ.  ഹിറ്റ്ലർ സ്വകാര്യമായി കണ്ട് ആസ്വദിക്കാൻ വേണ്ടി തടവറയിലെ പല ദൃശ്യങ്ങളും പകർത്തിയത് റെനേ അദ്ദേഹത്തിന്റെ സിനിമയിൽ ഉപയോഗിച്ചു.  ഫാസിസത്തെ ഒരു പൊളിറ്റിക്കൽ സറ്റയർ ആയി അവതരിപ്പിച്ച ചാർളി ചാപ്ലിന്റെ  ഗ്രേറ്റ് ഡിക്റ്റേറ്റർ ആയിരുന്നു എടുത്തു പറയേണ്ട മറ്റൊരു സൃഷ്ടി.  ഇങ്ങനെ വിരലിൽ എണ്ണാവുന്ന ചില ചിത്രങ്ങൾ ഒഴിച്ചാൽ മറ്റുള്ളവ ഒക്കെയും ഒരു സംഭവത്തിന്റെ ഭീകരത നമ്മുടെ മുന്നിൽ അവതരിപ്പിച്ചു നമ്മളെ പേടിപ്പിച്ചു എന്നല്ലാതെ നമ്മെ വല്ലാതെ ആകർഷിക്കുന്ന കാര്യത്തിൽ അത്ര ഏറെ വിജയിച്ചില്ല എന്നാണു ഞാൻ കരുതുന്നത്.

പക്ഷെ ഒരു കച്ചവട സിനിമാ സംവിധായകൻ എന്ന രീതിയിൽ പ്രസിദ്ധനായ  ഡെൽ ടോറോ എന്ന മെക്സിക്കൻ , ഫാസിസത്തെ കുറിച്ച് പറഞ്ഞ കഥ ശരിക്കും പറഞ്ഞാൽ ലോകത്തെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു.  അദ്ദേഹം വ്യവസ്ഥാപിത രീതിയിൽ ആയിരുന്നില്ല ഫാസിസത്തിന്റെ കഥ പറഞ്ഞത്. അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ തന്റെ സിനിമ വലിയവർക്കു വേണ്ടി താൻ സൃഷ്ടിച്ച ഒരു നാടോടി കഥയാണ്. ഭ്രമാത്മകതയും, യഥാതത്വവും സമ്മേളിച്ച ഈ ഉജ്വല സൃഷ്ടിയിൽ അദ്ദേഹം ആധുനിക സിനിമയുടെ സങ്കേതങ്ങളും,  കച്ചവട സിനിമയുടെ ചേരുവകളും ഒക്കെ മനോഹരമായി ചേർത്ത് വച്ചു.  ശരിക്കും പറഞ്ഞാൽ അദ്ദേഹത്തിന്റെ സിനിമ  ക്രൈം, സസ്പെൻസ്,  ഹൊറർ എന്നിവയുടെ കലാപരമായ സമ്മേളനം ആണ്.

പാതാള രാജാവിന്റെ മകളായ മൊയാന ഭൂമിയെ വല്ലാതെ സ്നേഹിച്ചു.  ഒരിക്കൽ കാവൽക്കാരുടെ കണ്ണ് വെട്ടിച്ചു അവൾ ഭൂമിയിൽ എത്തുകയും അവിടെ കിടന്നു മരിക്കുകയും ചെയ്യുന്നു.  തന്റെ മകളുടെ മരണ വാർത്ത അറിഞ്ഞു ദുഖിതനായ  രാജാവ്,  അവളുടെ ആത്മാവ് എന്നെങ്കിലും, ഏതെങ്കിലും ഒരു ലോകത്തു വച്ചു തന്നോട് ഒത്തു ചേരുമെന്ന് വിശ്വസിച്ചു കാത്തിരിക്കുന്നു.  അച്ഛന്റെയും മകളുടെയും പുനസംഗമത്തിനു ഇടയിൽ യഥാർത്ഥ ലോകത്തു നടമാടുന്ന ഭീകരതകൾ ആണ് സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്.  അവിടെ നമുക്ക് കാണാവുന്നത് 1944 കാലഘട്ടത്തിൽ സ്‌പെയിൻ രാജ്യത്തെ ഗ്രസിച്ച ഫാസിസ്റ്റു ഭീകരതയാണ്.  ഫ്രാങ്കോവിന്റെ ഭരണത്തിലെ  അടിച്ചമർത്തലുകളിൽ സഹികെട്ട ജനത പർവ്വതങ്ങളിൽ നിന്ന് നയിക്കുന്ന ഒളിയുദ്ധവും ,  ആർമി കാമ്പിനടുത്തുള്ള പരിത്യക്തമായ ഊടു വഴിയും സിനിമയിലെ പ്രധാന സംഭവങ്ങൾ ആയി വരുന്നു.  മാസ്മര കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്നു.  പുസ്തകങ്ങളിലെ മാന്ത്രിക കഥകളിൽ ദിവസം തള്ളി നീക്കുന്ന ഒഫീലിയ എന്ന കൊച്ചു കുട്ടിയുടെ ഭ്രമാത്മക സങ്കൽപ്പങ്ങൾ ആണ് ഇവയൊക്കെ എന്നുള്ള ബോധം സിനിമയുടെ ഒഴുക്കിൽ നമുക്ക് നഷ്ടപ്പെട്ടു പോകുന്നു.

No comments:

Post a Comment