Wednesday, 8 January 2014

കോളേജ് കഥകൾ

CH3-COONA അഥവാ സോഡിയം അസട്ടെറ്റ്‌ അഥവാ കെമിസ്ട്രി മാഷുടെ അകാല മരണം 

ഗോപാലൻ മാഷ്‌ സോഡിയം അസട്ടെട്ടിന്റെ പാഠം എടുക്കുമ്പോൾ ആയിരുന്നു ചാത്തു   ക്ലാസ്സിന്റെ മുന്നില് എത്തിയത് . കാലങ്ങൾക്ക് മുൻപ് ഒരു ബെഞ്ച്‌ അടിച്ചെടുക്കാൻ വേണ്ടി ഇവിടെ വന്നതിനു ശേഷം പിന്നീട് ഇവിടേയ്ക്ക് കയറുന്നത് ഇന്നാണ്. കാലം വരുത്തുന്ന ഓരോരോ മാറ്റങ്ങളെ കുറിച്ച് ഓർത്തോർത്തു ക്ലാസ്സിന്റെ പടി വാതിലിൽ നിന്ന ചാത്തുവിനോട്‌  മാഷ്‌ ചോദിച്ചു 'എന്താടാ, മറ്റവൻ (സുഹൃത്തും സഹപാഠിയും ആയ പാച്ചുവിനെ ഉദ്ദേശിച്ചാണ് ചോദിച്ചത്) ചത്ത്‌ പോയോ? മറുപടി ഒന്നും കിട്ടാഞ്ഞപ്പോൾ മാഷ്‌ പറഞ്ഞു 'കയറി ഇരിക്ക് . ഇനിയെങ്കിലും വരാൻ നോക്ക് . തല നല്ല കടുപ്പത്തിൽ ആട്ടികൊണ്ടു ചാത്തു  ക്ലാസിൽ കയറി. താൻ എന്തിനാണ് ഇപ്പോൾ ഇവിടേയ്ക്ക് വന്നത് എന്നായിരുന്നു അപ്പോഴും ചാത്തു  ആലോചിച്ചത്. ആ തുരപ്പൻ ശങ്കു അച്ഛനോട് പലതും പറഞ്ഞു കൊടുത്തതിനു താൻ ഇങ്ങനെ പ്രതികരിക്കേണ്ട കാര്യമുണ്ടോ? ശങ്കുവിന് നല്ലവണ്ണം രണ്ടു പൂശി അവനെ കൊണ്ടു മറ്റൊരു കള്ളം അച്ഛനോട് പറയിക്കുകയായിരുന്നു ഇതിലും നല്ലതും, ഇതിലും എളുപ്പവും. മാഷ്‌ അവിടെ നിന്ന് പറയുന്നതൊന്നും ഒരു അക്ഷരം പോലും തനിക്കു മനസ്സിലാകുന്നില്ല. എന്തൊക്കെയോ അപശബ്ദങ്ങൾ കേൾക്കുന്നുണ്ട്. എങ്കിലും എല്ലാം മനസ്സിലാകുന്നത്‌ പോലെ അവിടെ തരിച്ചിരുന്നു. അവസാനത്തെ വരിയിൽ താൻ പൊക്കിയ ബെഞ്ചിന്റെ ഭാഗം ഇപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുന്നു. അതിൽ ഇരിക്കാൻ മാത്രം ക്ലാസ്സിൽ കുട്ടികൾ ഇല്ലാത്തത് കൊണ്ടു ആരും അത് ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. ജീവനുള്ള കുട്ടികളെ തന്നെ ശ്രദ്ധിക്കാൻ ഇവിടെ ആരുമില്ല, പിന്നെയാണോ ജീവനില്ലാത്ത ബെഞ്ചിന്റെ കാര്യം. അപ്പോഴാണ്‌ ഗോപാലൻ മാഷുടെ ശബ്ദം കേട്ടത് 'ഇനി ആർക്കെങ്കിലും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കുക. ഉത്തരം പറയാൻ വിഷമമുള്ള ചോദ്യങ്ങൾ ചോദിക്കാൻ പടിപ്പിക്കുന്നവനാണ് ഉത്തമ അദ്ധ്യാപകൻ എന്ന ഒരു ചൊല്ലുണ്ട്. അത് കൊണ്ടു എന്ത് വിഷമം പിടിച്ച ചോദ്യങ്ങളും ചോദിക്കാൻ മടിക്കേണ്ട  '. കുറെ കാലത്തിനു ശേഷം ക്ലാസ്സിൽ വന്നതല്ലേ, എന്തെകിലും ഒരു സംശയം ചോദിക്കാതിരുന്നാൽ മോശമല്ലേ' ഇത്രയും മനസ്സിൽ കരുതി ചാത്തു  എഴുന്നേറ്റു നിന്നു. മാഷ്‌ മറ്റേ ഭാഗത്തേക്ക് നോക്കുകയാൽ അദ്ദേഹം അത് കണ്ടില്ല. മാഷുടെ ശ്രദ്ധ ക്ഷണിക്കാൻ വേണ്ടി അടുത്തിരുന്ന രാമൻ ഉച്ചത്തിൽ പറഞ്ഞു 'മാഷെ ചാത്തു  എണീറ്റിനു'. മാഷ്‌ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ചാത്തു  നില്ക്കുന്നത് കണ്ടു ഇങ്ങനെ പറഞ്ഞു 'എന്താ മോനെ നിന്റെ സംശയം. എല്ലാവരും കേൾക്കേ ഉച്ചത്തിൽ പറയൂ.

അപ്പോൾ ചാത്തു  മുൻപിലുള്ള ബ്ലാക്ക്‌ ബോർഡ്‌ നോക്കി താഴെ പറയും പ്രകാരം തന്റെ സംശയം ഉരുവിട്ടു

മാഷെ ഈ സീ എച്ച് ത്രീ കൂന എന്ന് പറയുന്നത് എന്താണ്?

മാഷ്‌ ഒരു നിമിഷം ചാത്തുവിനെ  തറപ്പിച്ചു നോക്കി. ഒരു നിമിഷം മാഷുടെ ദൃഷ്ടി മുകളിലേക്ക് പോകുന്നതായി തോന്നി. അടുത്ത നിമിഷം മാഷ്‌ പിന്നിലേക്ക്‌ മറിഞ്ഞു വീണു. ഓടി വന്ന രാമൻ, മാഷുടെ കയ്യിൽ പിടിച്ചു പൾസു നോക്കി ഇങ്ങനെ പറഞ്ഞു 'മാഷ്‌ ചത്ത്‌ പോയി'

No comments:

Post a Comment