Thursday, 16 January 2014

പരിസരം


(നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് അപ്പപ്പോൾ തോന്നുന്ന അഭിപ്രായങ്ങൾ മാത്രമാണ് ചുവടെ ചേർത്തിട്ടുള്ളത്. പരസ്പര ബന്ധ്മില്ലായ്യ്മ ആരോപിക്ക പെട്ടേക്കാം. ക്ഷമിക്കുക )

ഞങ്ങൾ ടെലിവിഷൻ എന്ന പെട്ടിയിലൂടെ കാണുന്നതൊക്കെയും ആകസ്മികമായി വന്നു പോകുന്നതാണെന്നോ പ്രവർത്തകരുടെ സ്വകാര്യ ജീവിതം അവരറിയാതെ അവരുടെ സമ്മതമില്ലാതെ പകർത്തപ്പെടുന്നതാണെന്നോ വിശ്വസിക്കുന്നതിൽ അർത്ഥമില്ല. നമ്മുടെ സാധാരണ ജീവിതത്തിനു വന്നു ചേർന്ന പൈങ്കിളി സ്വഭാവം നമ്മൾ ടെലിവിഷനിൽ നിന്ന് പകർത്തിയെടുത്തതാണെന്നും ഞാൻ വിശ്വസിക്കുന്നില്ല. മറ്റെന്തെല്ലാമോ കാരണങ്ങൾ കൊണ്ടു ഇങ്ങനെ ആയി തീർന്ന നമുക്ക് വേണ്ടത് എന്തൊക്കെ ആണെന്ന് മനസ്സിലാക്കി കൃത്യമായി പാകപ്പെടുത്തി തരുക മാത്രമേ അവ ചെയ്യുന്നുള്ളൂ. ടെലിവിഷനിലെ അടുക്കളകൾ തന്നെ ആണ് അതിനു ഉത്തമമായ ഉദാഹരണം. നമ്മുടെ ആരോഗ്യം നോക്കിയാണ് അവ അവിടെ പ്രദർശിക്കപ്പെടുന്നത് എന്ന് വിശ്വസിക്കാൻ ന്യായമില്ല. നമ്മുടെ നാട്ടിലെ ഒരു സാധാരണ ഭാര്യ , അവൾ തന്റെ വീട്ടിൽ അടിമയായി ജീവിക്കുകയാണെന്ന കാര്യം അറിയുന്നതെ ഇല്ല. അടിമയായി അവൾ തന്റെ ഗൃഹത്തിൽ സന്തോഷത്തോടെ കഴിയുകയാണ്. എന്നെങ്കിലും തന്റെ അടിമത്തത്തെ കുറിച്ച് അവൾക്കു ബോധം ഉണ്ടാകുന്നു എങ്കിൽ, അവളുടെ ദാമ്പത്യം തകരുക എന്നത് മാത്രമേ സംഭവിക്കുന്നുള്ളൂ എന്ന് നമ്മൾ അനുഭവത്തിലൂടെ അറിയുന്നതാണ്. അടിമത്തത്തെക്കാൾ നല്ലത് അത്തരം ഒരു തകർച്ച ആണെന്ന് വേണമെങ്കിൽ ഒരു വാദത്തിനു വേണ്ടി പറയാം. പക്ഷെ നമ്മുടെ അനുഭവങ്ങൾ പഠിപ്പിക്കുന്നത് മറിച്ചാണ്. എല്ലാ തകർച്ചകളും പോലെ ദാമ്പത്യ തകർച്ചകളും നമ്മളിൽ ഉണ്ടാക്കുന്നത് കരിഞ്ഞു പോകാൻ പ്രയാസമുള്ള ആഴത്തിലുള്ള മുറിവുകൾ ആണ്.

സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം മാത്രമാണോ വര്ദ്ധിച്ചു വരുന്ന വിവാഹ മോചനങ്ങളുടെ കാരണം?. വിദ്യാഭ്യാസത്തിനു അതിൽ എന്തെങ്കിലും പങ്കു ഉണ്ടോ? എന്റെ അനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് , ഉന്നത സാമ്പത്തിക നിലയും വിദ്യാഭ്യാസവും, നല്ല ജോലിയും ഉള്ള സ്ത്രീകളിൽ അതിന്റെ നിരക്ക് കൂടിയിരിക്കുന്നത് പോലെ തീരെ താഴെക്കിടയിലുള്ളവരുടെ ഇടയിലും ഈ നിരക്ക് കൂടുതലാണ് എന്നുള്ളതാണ്.

ഞാൻ പുരുഷന്റെ ഭാഗം ചേർന്ന് സംസാരിക്കുന്നതായി ചിലർക്കെങ്കിലും തോന്നിയേക്കാം. പക്ഷെ അങ്ങനെ അല്ല. പുരുഷൻ പരമ പ്രതാപിയായും സ്ത്രീ വെറുമൊരു പാവപ്പെട്ടവളായും ജീവിച്ചിരുന്ന പഴയ കാലത്ത് പോലും വിവാഹ മോചനങ്ങൾ വളരെ കുറവായിരുന്നു. എന്റെ പൂർവ്വികർ ഭാര്യമാരോട് നീരസ പ്പെട്ടപ്പോൾ മറ്റൊന്നിനെ കെട്ടുകയാണ് ചെയ്തത്. ഫലം അവർക്കു രണ്ടോ അതിലധികമോ ഭാര്യമാർ ഉണ്ടായി എന്നത് മാത്രമാണ്. അക്കാലത്തെന്നല്ല പിന്നീടു വളരെ കാലത്തേക്ക് പോലും മധ്യ വർഗത്തിൽ വിവാഹ മോചനങ്ങൾ ഇന്നത്തെ പോലെ ഇല്ലായിരുന്നു എന്നതിൽ തര്ക്കമില്ല. അപ്പോൾ ഇന്നിന്റെ പ്രത്യേകത എന്താണ്?

തായ് ലാൻഡിൽ താമസിക്കുന്ന എന്റെ ഒരു സുഹൃത്ത് ഒരിക്കൽ എന്നോട് പറഞ്ഞു. 'ലൈങ്ങികതക്ക് അപാര സാധ്യതകൾ ഉണ്ടെന്നുള്ള കാര്യം ഇവിടെ നാം അറിയുന്നത് പോണ്‍ സിനിമകളിലൂടെയാണ്‌, അപഥചാരിണികളിലൂടെ ആണ്. ഭാഗ്യത്തിന് നമ്മുടെ നാട്ടിലെ ഭൂരി ഭാഗം ആളുകളും ഇത് അറിയുന്നില്ല. പക്ഷെ അത്തരം സാധ്യതകളെ കുറിച്ച് കൂടുതലായ അറിവുണ്ടായ ഇടങ്ങളിലൊക്കെ ബന്ധങ്ങൾ തകർന്നു പോയിട്ടേ ഉള്ളൂ. പക്ഷെ അതിനെയും നമ്മൾ ഭയപ്പെടേണ്ട കാര്യമില്ല. കുടുംബ ബന്ധങ്ങൾ തകർന്നാൽ ചിലപ്പോൾ അതിനേക്കാൾ ശ്രേഷ്ടമായ മറ്റു ചില ബന്ധങ്ങൾ ഉയർന്നു വന്നേക്കാം'.
ശരി ആയിരിക്കാം. നൂറ്റാണ്ടുകളായി നാം കുടുംബ ബന്ധങ്ങളെ കുറിച്ച് മാത്രമേ അറിയുന്നുള്ളൂ. അങ്ങനെ അല്ലാതെയും മനുഷ്യ വർഗം ജീവിച്ചിരുന്നു എന്നുള്ള ഓർമ്മകൾ പോലും നമ്മളിൽ ബാക്കി കിടക്കുന്നില്ല.
തുടരും......


പുറത്തു പാലം പണി തകൃതിയായി നടക്കുകയാണ്. പാലം പണി ഒരു കലയാണെന്ന് ഒരു എഞ്ചിനീയർ പണ്ടു എന്നോട് പറഞ്ഞിട്ടുണ്ട്. ശരിയാണെന്ന് ചിലപ്പോൾ തോന്നും. തൂണുകൾ അടിച്ചു താഴ്ത്തുന്നതിന്റെ ശബ്ദം പലപ്പോഴും തബല മുട്ടിനെ ആണ് ഒര്മിപ്പിക്കുന്നത്. പക്ഷെ മറ്റു ചില ശബ്ദങ്ങൾ മരിച്ചു കൊണ്ടിരിക്കുന്ന ഒരു പട്ടിയുടെ നിലവിളി പോലെയും തോന്നും. പാലത്തിനു ഉറപ്പു കിട്ടാൻ ഏതെങ്കിലും ഒരുത്തനെ കൊന്നു അവന്റെ ചോര തൂണുകൾക്കടിയിൽ ഒഴിക്കാറു ണ്ടെന്നു കുട്ടിക്കാലത്ത് അമ്മൂമ്മ പറഞ്ഞു തന്നിട്ടുണ്ട്. പാലത്തിനു മുകളിലൂടെ ഇംഗ്ലീഷ് പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്ന ഒരു ഭ്രാന്തൻ നമ്മുടെ കുട്ടിക്കാലത്തെ സ്ഥിരം കാഴ്ച ആയിരുന്നു. പഴയ പാലവും അനുബന്ധ റോഡുകളും ഉണ്ടാക്കിയത് അയാളാണെന്നും പാലം പണിതു കടക്കാരനായപ്പോൾ ഭ്രാന്തു പിടിച്ചതാണെന്നും അമ്മൂമ്മ പറഞ്ഞു തന്നിട്ടുണ്ട്.

പണ്ടത്തെ വെള്ള പൊക്കത്തിൽ നാണു ഏട്ടൻ ഒഴുക്കിൽ പെട്ട് പോയപ്പോൾ പഴയ പാലത്തിന്റെ കൈവരികൾ പിടിച്ചാണ് രക്ഷപ്പെട്ടത്. അക്കരെ നിന്ന് കൊണ്ടു അന്ന് ഞാൻ ഈ സംഭവം ഉദ്യെഗത്തോടെ കാണുകയായിരുന്നു. ചൂളയിൽ രാമൻ തെങ്ങിന്റെ മണ്ടയിൽ കയറി രക്ഷപ്പെട്ടത് അതെ ദിവസമായിരുന്നു. രാമനെ താഴെ ഇറക്കാൻ വേണ്ടി ശ്രമിക്കുമ്പോളത്രെ നാണു ഏട്ടന്റെ കൈ വിട്ടു പോയത്. പിന്നീടൊരിക്കൽ അക്കരെ കുടിലിൽ താമസിക്കുന്ന പൊക്കന്റെ കുട്ടി മരിച്ചതറിഞ്ഞ് പൊക്കൻ പാലത്തിന്റെ മേലെ കൂടെ കരഞ്ഞു കൊണ്ടു ഓടിയതും, താള് പോലെ ഉള്ള കുട്ടിയെ ചുമലിൽ എടുത്തു, കരഞ്ഞു കൊണ്ടു പൊക്കൻ ശ്മാശാനത്തെക്ക് നടന്നതും, സ്വന്തം കൈ കൊണ്ടു തന്നെ പൊക്കൻ കുട്ടിയെ ചിതയിൽ വച്ചതും ഒക്കെ ഇന്നും എന്നെ വേദനിപ്പിക്കുന്ന ഓർമ്മകൾ ആണ്. മറ്റൊരിക്കൽ നാട് കടത്താൻ വേണ്ടി എന്റെ കയ്യിൽ ഒരു ചാക്കിൽ കെട്ടി അമ്മ തന്നയച്ച പൂച്ചയെ ചാക്കടക്കം പുഴയിലേക്ക് തള്ളിയിട്ടതും ഈ പാലത്തിന്റെ മുകളിൽ നിന്നായിരുന്നു. വെള്ളത്തിൽ മുങ്ങിയും പൊങ്ങിയും കൊണ്ടിരുന്ന ആ ചാക്ക് ഇപ്പോഴും എന്റെ ഉറക്കം കെടുത്തുന്ന ഒരു ദുസ്വപ്നമാണ്‌. അന്ന് അത് ചെയ്യാനുള്ള പ്രേരണ എന്തെന്ന് എനിക്ക് ഇപ്പോഴും ഒര്മ്മിചെടുക്കാൻ പറ്റുന്നില്ല. അന്നും എനിക്ക് പൂച്ചകളെ ഇഷ്ടമായിരുന്നു.


2.നേരത്തെ ഉള്ള അറിവുകളോ ആവശ്യത്തിൽ കവിഞ്ഞുള്ള അറിവുകളോ നമ്മളെ പലപ്പോഴും അസ്വസ്ഥരാക്കുന്നുണ്ട്‌.. രോഗങ്ങൾ നേരത്തെ അറിയുന്നത് കൊണ്ടുള്ള അപകടങ്ങളെ കുറിച്ച് ഈ പംക്തിയിൽ എത്രയോ തവണ ഞാൻ എഴുതിയിട്ടുണ്ട്. മൊബൈലുകൾ ആരംഭിച്ചിട്ടില്ലാത്ത കാലത്ത് വിദേശത്ത് താമസിക്കുക യായിരുന്ന ഒരു സുഹൃത്ത് എന്നോട് ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ട്. 'ഗ്രിഹാതുരത്വം ചിലപ്പോൾ ഞങ്ങളെ വിഷമിപ്പിക്കാരുന്റെങ്കിലും ഞങ്ങൾ ഒരു തരത്തിൽ ഭാഗ്യവാന്മ്മരാന്. അവിടെ നടക്കുന്നതൊന്നും നാം ഉടനെ അറിയുന്നില്ല, അറിയുമ്പോഴേക്കും പലപ്പോഴും ആപത്തുകൾ കയ്യൊഴിഞ്ഞു പോകുകയോ, എല്ലാ മുറിപ്പാടുകളും ഏല്പ്പിച്ചു കൊണ്ടു ആപത്തുകൾ കടന്നു പോകുകയോ ചെയ്തു കഴിഞ്ഞിരിക്കും. എല്ലാ വേദനകളും നിങ്ങൾ അറിയുമ്പോൾ, ഞങ്ങൾ അതിന്റെ പകുതി മാത്രമേ അറിയുന്നുള്ളൂ' എന്ന്. ശരിയാണ്, അടുത്തു നിൽക്കുന്നവനു വേവലാതി കൂടുതൽ അനുഭവിക്കേണ്ടി വരുന്നു. അകന്നു നിൽക്കുന്നവർ ഒരു തരത്തിൽ ഭാഗ്യവാന്മ്മാർ തന്നെ ആണ്. സ്വാമിമാർ പ്രചരിപ്പിക്കുന്ന പരമാനന്ദം ഇതുമായി ബന്ധപ്പെട്ട എന്തോ ഒന്നാണ്. അവർ എല്ലാറ്റിൽ നിന്നും അകന്നു നിൽക്കുന്നവർ ആണല്ലോ.

ഒരിക്കൽ, മകള് മരിച്ച ഒരു സുഹൃത്തിന്റെ അടുത്ത് ഞാൻ നിൽക്കുകയായിരുന്നപ്പോൾ അവൻ എന്നോട് ചോദിച്ചു 'എങ്ങനെ ആടാ ഞാൻ ഈ വേദനയിൽ നിന്ന് കര കയറുക' എന്ന് .
അപ്പോൾ ഞാൻ പറഞ്ഞത് ഇത് മാത്രമാണ് 'വേദനയിൽ നിന്ന് കര കയറാൻ ശ്രമിക്കാതിരിക്കുക. വേദനയിൽ മുഴുകി, കഴിയുമെങ്കിൽ കരഞ്ഞു കൊണ്ടു എത്ര കാലം ജീവിക്കാൻ പറ്റുമോ അത്രയും കാലം ജീവിക്കുക. അതല്ലാതെ വേറെ വഴിയില്ല. ഇക്കാര്യത്തിലെങ്കിലും സ്ത്രീകളെ മാതൃക ആക്കുക. കുറെ കഴിയുമ്പോൾ വേദനക്കും മടുക്കും'.
പക്ഷെ അതിനു മുൻപേ ആ സുഹൃത്ത് മരിച്ചു പോയി. പ്രതീക്ഷിക്കാത്ത നേരം അദ്ധേഹത്തിന്റെ ഹൃദയം നിലച്ചു പോയെങ്കിലും, ഞാൻ അതൊരു ആത്മഹത്യയായി മാത്രമേ കണക്കാക്കിയിട്ടുള്ളൂ. മരിക്കാൻ തീരുമാനിച്ചവന് വിഷം കഴിക്കാതെയും തീവണ്ടിക്കു ചാടാതെയും മരിക്കാനുള്ള അവസരങ്ങൾ ശരീരം തന്നെ ഉണ്ടാക്കി തരും. അതിജീവനത്തിൽ ശരീരം മനസ്സിനെ ധിക്കരിക്കുന്നു എന്ന് പറയുന്നത് തെറ്റാണ്. മനസ്സ് തീരുമാനിച്ചാൽ ശരീരം പിന്നെ തടുക്കില്ല. ഏതൊരു രോഗത്തെ കുറിച്ചും പഠിക്കുമ്പോൾ അത്തരം ഒരു സാധ്യതയെ കുറിച്ചും പഠിക്കേണ്ടതാണ്. (കാൻസർനെ കുടിച്ചു പഠനം നടത്തിയ ഒരു പറ്റം ഡോക്ടർമാർ മുൻപ് ഇത്തരം ഒരു അഭിപ്രായം പറഞ്ഞതായി ഞാൻ ഓർക്കുന്നു..)

No comments:

Post a Comment