Wednesday, 26 December 2018

കലയും കണ്ടീഷനിങ്ങും

പണ്ട് ബംഗാളിൽ ബാലൻ എന്നുപേരായ ഒരു ചിത്രകാരൻ ഉണ്ടായിരുന്നു. ഒരിക്കൽ കൂറ (ചാത്തുവിന്റെ വിളിപ്പേര്) ബംഗാളിൽ പോയപ്പോൾ വഴിവക്കിൽ ചിത്രം വരച്ചു കൊണ്ടിരിക്കുന്ന ബാലനെ കാണാൻ ഇടയായി. ചാത്തു അപ്പോൾ അങ്ങേരോട് ഇങ്ങനെ പറഞ്ഞു.
അല്ല ചങ്ങായീ. ഇങ്ങളുടെ ചിത്രം മനിഷന്മാർക്കു കണ്ടാൽ മനസ്സിലാകുമോ? എനിക്ക് നിന്റെ ചിത്രം കാണുമ്പോൾ നിനക്ക് ഇട്ടു ഒന്ന് പൊട്ടിക്കണം എന്നാണ് തോന്നുന്നത്. ഇപ്പണി ഒഴിവാക്കീട്ടു വേറെ വല്ല പണിക്കും പൊയ്ക്കൂടേ .
അപ്പോൾ ബാലൻ ചിത്രകാരൻ ചൂടായിട്ടു ചാത്തുവിനോട് ഇങ്ങനെ ചോദിച്ചു.
എടാ ഹമുക്കേ .. നിനക്ക് ചൈനീസ് കവിത ഇഷ്ടമാണോ.?
ഇഷ്ടമാകാൻ എനിക്ക് ചൈനീസ് ഭാഷ അറിഞ്ഞിട്ടു വേണ്ടേ.
അപ്പോൾ ഭാഷ പഠിച്ചാൽ കവിത വായിക്കാം എന്ന് അർഥം. അത്രയേ ഉള്ളൂ.
ഈ സംഭാഷണം ഇവിടെ നിർത്തി നമുക്ക് ഇതിനെ കുറിച്ച് താത്വികമായി അവലോകിച്ചു നോക്കാം. ബാലൻ പറയുന്നത് ഭാഷപോലെ പഠിക്കാനുള്ള ഒന്നാണ് കലയുടെ ഭാഷ എന്നാണ്. കവിത വായിക്കാൻ ഭാഷ പഠിക്കണം എന്നാണെങ്കിൽ ചിത്രം വായിക്കാൻ, ചിത്രത്തിന്റെ ഭാഷ പഠിക്കണം എന്ന്. അപ്പോൾ കല എന്നത് പഠിച്ചു ഉണ്ടാക്കി എടുക്കേണ്ട എന്തോ ഒന്നാണ് എന്ന് അർഥം. എന്നെ കുറിച്ച് അവൻ ജന്മനാ ഒരു കവി ആയിരുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ അതിനേക്കാൾ വലിയ ആന മണ്ടത്തരം ഇല്ല എന്ന് അർഥം. ജനിച്ചതിനു ശേഷം ഞാൻ മലയാള ഭാഷ എന്നല്ല ഒരു ഭാഷയും പഠിക്കേണ്ട എന്ന് തീരുമാനിച്ചു മര്യാസ്ഥനായി വീട്ടിലിരുന്നാൽ കവിത പോയിട്ട് ഒരു വാക്കു പോലും ഞാൻ സൃഷ്ടിക്കില്ലായിരുന്നു എന്ന് അർഥം . കവിതയുടെ കാര്യം മാത്രമല്ല കവിതാസ്വാദനത്തിന്റെ കാര്യവും അങ്ങനെ തന്നെ. ഇനി ഈ ഭാഷ എന്നത് എന്താണ്. മനുഷ്യനെ ചില ചിത്രങ്ങൾ കാണിച്ചു, അല്ലെങ്കിൽ ചില ശബ്ദങ്ങൾ തുടർച്ചയായി കേൾപ്പിച്ചു കണ്ടീഷൻ ചെയ്യുന്ന പരിപാടി അല്ലെ. ഭാഷ അറിയാത്ത ഒരു കൊച്ചു കുട്ടിക്ക് "പൂച്ച" എന്ന് കടലാസിൽ എഴുതി കാണിച്ചിട്ടുണ്ട്, മോനെ ഇതാ പൂച്ച എന്ന് പറഞ്ഞാൽ കുട്ടി വിചാരിക്കും മണ്ടോടിക്ക് വട്ടാണ് എന്ന്. പൂച്ചയുടെ ചിത്രം ഇങ്ങനെ ആണോ എന്ന് അവൻ ചോദിക്കും. അങ്ങനെ ചോദിക്കുമ്പോഴേക്കും അവന്റെ ചന്തിക്കു ചൂരൽ കൊണ്ട് അടി വീണിരിക്കും. പഠിക്കെടാ ഇതാണ് പൂച്ച. വായിക്കെടാ . പൂച്ച..... അങ്ങനെ പൂച്ചയുമായിട്ടു പുല ബന്ധം പോലും ഇല്ലാത്ത ഒരു ചിത്രം കാണിച്ചു അതിനെ പൂച്ചയാണ് എന്ന് പറഞ്ഞു പഠിപ്പിക്കുന്ന പരിപാടി ആണ് ഭാഷ. ശരിയായ കണ്ടീഷനിംഗ്. ഈ കണ്ടീഷനിങ്ങിന്റെ തുടർച്ച തന്നെ അല്ലെ എല്ലാ കലകളും . അപ്പോൾ അത് പഠിച്ചെഴുത്തും, പഠിച്ചു ആസ്വദിക്കലും മാത്രമാണ്. പഠിക്കാത്തവന് എഴുത്തും ഇല്ല ആസ്വാദനവും ഇല്ല

ഞാൻ കലയും കണ്ടീഷനിങ്ങും തമ്മിലുള്ള ബന്ധത്തെ കുറിച്ച് എഴുതാൻ ഒരു കാരണം ഉണ്ടായിരുന്നു. ബാലേട്ടൻ ആണ് ഈ ലോകത്തു ആൻഡ്രിയ ബോസെല്ലി എന്ന മഹാനായ ഗായകൻ ഉണ്ട് എന്നും, അങ്ങേരുടെ പാട്ടു നീ കേൾക്കണം എന്നും എന്നോട് പറഞ്ഞത്. ഞാൻ പാട്ടു കേട്ടതിനു ശേഷം ബാലാട്ടനോട് പറഞ്ഞു. ബാലേട്ടാ. ഏതാണ്ട് ഒരു പശു കരയുന്ന ശബ്ദം ആണ് അങ്ങേര്ക്ക് ഉള്ളത്. നമുക്ക് കുയിലിന്റെ ശബ്ദമേ പിടിക്കൂ എന്ന്. അപ്പോൾ ബാലാട്ടൻ പറഞ്ഞു. എടാ മണ്ടൂസ്, പാട്ടു എന്നത് പരിചയത്തിലൂടെ ആണ് ആസ്വദിക്കുന്നത്. പരിചയം കൂടുമ്പോൾ ആസ്വാദന നിലവാരം കൂടും. ഇന്നലത്തെ പശു കരച്ചിൽ നാളത്തെ കുയിൽ നാദം ആകും. അത് കൊണ്ട് നീ ഒരു കാര്യം ചെയ്യുക. ഒരു ദിവസം അഞ്ച് മിനുട്ടു അങ്ങേരുടെ ഏതെങ്കിലും പാട്ടു കേൾക്കുക. പിന്നെ നിർത്തുക. അങ്ങനെ ഒന്നോ രണ്ടോ ആഴ്ച നീ ഈ പരിപാടി തുടർന്നാൽ നിനക്ക് തോന്നും പാട്ടിൽ എന്തോ ഒരു സൗന്ദര്യം ഉണ്ട്. എന്ന്. പണ്ട് ചാത്തുവിന്റെ കഥ നിന്നോട് പറഞ്ഞിട്ടില്ലേ. അവന്റെ ആപ്പീസിൽ കറുത്ത് കരിക്കട്ട പോലെ ഉള്ള ഒരു പെണ്ണ് വന്ന ദിവസം അവൻ എന്നോട് എന്താണ് പറഞ്ഞത്. ഹോ. എന്റെ ബാലാട്ട. എന്റെ അപ്പുറത്തു ഒരു സാധനത്തിനെ കൊണ്ട് വന്നു ഇരുത്തിയിട്ടുണ്ട്. ഇപ്പോൾ ആപ്പീസിൽ പോകാൻ ഒരു താല്പര്യം പോലും ഇല്ലാതായി എന്ന്. പിന്നീട് എന്താണ് സംഭവിച്ചത്. അവൻ അവളെ കെട്ടി. അത് തന്നെ ആണ് ഇവിടെയും സംഭവിക്കുക. കുറെ കഴിഞ്ഞാൽ നിനക്ക് ആ പാട്ടു കേട്ടല്ലാതെ ഉറക്കം വരില്ല എന്ന നില വരും.
ഇന്നലെ ബോസെല്ലിയുടെ, കാന്റോ ഡെല്ലാ ടെറാ എന്ന പാട്ടു പത്തു തവണയാണ് കേട്ടത്. അവസാനത്തെ തവണ അത് കേട്ട് കൊണ്ടിരുന്നപ്പോൾ ഭാര്യ പറഞ്ഞു, നിങ്ങക്ക് ഈ പശു കരയുന്ന പോലെ ഉള്ള പാട്ടെ ഇഷ്ടമാകൂ. നിങ്ങൾ മോഡിയുടെ ആളാണോ എന്ന്. പറഞ്ഞിട്ട് കാര്യമില്ല, അവൾ കണ്ടീഷൻഡ് ആയിട്ടില്ല. അടുക്കള പണിക്കു ഇടയിൽ പാട്ടു കേൾക്കാൻ നേരമില്ലത്ത് കൊണ്ട് ഞാൻ അതിനെ കുറിച്ച് ചിന്തിക്കുന്നു കൂടി ഇല്ല.

Tuesday, 18 December 2018

ആരും താലോലിക്കാത്ത കുഞ്ഞുങ്ങൾ

അക്ബർ ചക്രവർത്തിയെ കുറിച്ച് പണ്ട് കേട്ട ഒരു കഥയാണ്. തണുത്തുറഞ്ഞ വെള്ളത്തിൽ എത്ര നേരം കഴുത്തോളം മുങ്ങി നിൽക്കാൻ ആവുമെന്നതിനു ചക്രവർത്തി ഒരു മത്സരം നടത്തി. ദിവസങ്ങളോളം മുങ്ങി നിന്ന് ചക്രവർത്തിയെ അത്ഭുതപ്പെടുത്തിയ ആളോട് ചക്രവർത്തി ചോദിച്ചു നിനക്ക് ഇതെങ്ങനെ സാധിച്ചു എന്ന്. അപ്പോൾ അയാൾ പറഞ്ഞു, അങ്ങ് ദൂരെ ഉള്ള ഒരു മന്ദിരത്തിൽ സദാ ജ്വലിച്ചു കൊണ്ടിരിക്കുന്ന ആ നെയ് ദീപത്തിലെ ചൂട് കിട്ടിയിട്ടാണ് താൻ അങ്ങനെ കിടന്നതു എന്ന്. മത്സരത്തിൽ വഞ്ചന കാണിച്ചു എന്ന് പറഞ്ഞു ചക്രവർത്തി അവനെ തൂക്കാൻ വിധിച്ചു. അടുത്തു ദിവസം രാവിലെ എഴുന്നേറ്റ ചക്രവർത്തി കണ്ടത്, രാജ കൊട്ടാര വളപ്പിൽ, തീകത്തിച്ചു വെള്ളം ചൂടാക്കുന്ന ബീര്ബലിനെ ആണ്. പത്തടിയോളം ഉയരത്തിൽ കെട്ടി തൂക്കിയ ചട്ടിയിലെ വെള്ളം ആണ് ബീർബൽ ചൂടാക്കി കൊണ്ടിരുന്നത്. തീ, ചട്ടിയുടെ അടുത്തു പോലും എത്താതെ എങ്ങനെ വെള്ളം ചൂടാകും എന്നും, ഇത്തരം മണ്ടത്തരങ്ങൾ കാണിക്കുന്ന നിന്നെ ആണോ ഞാൻ ഉപദേശകൻ ആയി വച്ചിട്ടുള്ളത് എന്നും രാജാവ് ചോദിച്ചപ്പോൾ ബീർബൽ പറഞ്ഞു, ഇതിലും വലിയ മണ്ടത്തരം കാണിക്കുന്ന രാജാവിന് മണ്ടനായ ഉപദേശകൻ മതി എന്ന്. രാജാവിന് കാര്യം മനസ്സിലാക്കുകയും, തൂക്കി കൊല്ലാൻ വിധിക്കപ്പെട്ടവനെ കുറ്റ മുക്തനാക്കുകയും ചെയ്തു എന്ന് കഥ.

ഇപ്പോൾ ഈ കഥ ഓർക്കാൻ കാരണം ഒരു വെള്ള പൈപ്പിന് അടുത്തു വളരുന്ന ഈ ചീര ചെടിയാണ്. വെള്ളപൈപ്പ്‌ മാത്രമല്ല ഈ ചീര ചെടിയും എന്റെ വീട്ടു മതിലിനു പുറത്തു സ്ഥിതി ചെയ്യുന്നു. രണ്ടും എത്രയോ കാലമായി ഞാൻ ശ്രദ്ധിക്കാത്തവ. പുറമ്പോക്കിൽ വളരുന്ന ഈ ചീര ചെടിക്കു ഒരിറ്റു വെള്ളം കിട്ടിയിട്ട് മാസങ്ങൾ എത്രയോ കഴിഞ്ഞു. ഇപ്പോഴും നിങ്ങൾ നോക്കുക. അതിന്റെ തലയെടുപ്പ് എന്തെന്ന്. ചിലപ്പോൾ അടുത്തുള്ള പൈപ്പിലൂടെ അനവരതം ഒഴുകുന്ന വെള്ളം അതിനു ജീവിക്കാൻ ആവേശം പകരുന്നതാവാം. പ്രപഞ്ചത്തിലെ ഓരോ അത്ഭുതങ്ങൾ. രാവിലെ ആറ്റു പുറം വയലിന് നടുവിൽ ഉള്ള റോഡിലൂടെ നടക്കാൻ ഇറങ്ങിയാൽ, അവിടെ ചീര ചെടികൾക്ക് വെള്ളം ഒഴിക്കുന്ന കർഷകരെ കാണാം. ഒരു സെന്ററിൽ വളരുന്ന ചീരക്ക് ഒരു ദിവസം എത്ര വെള്ളം വേണമെന്ന് ചോദിച്ചപ്പോൾ ഒരാൾ പറഞ്ഞു ഉദ്ദേശം നൂറു ലിറ്റർ എന്ന്

ചിത്രത്തിലെ ചീര ചെടിയെ ആരെങ്കിലും സൂക്ഷ്മമായി നിരീക്ഷിച്ചോ എന്ന് അറിയില്ല. ശ്രദ്ധിച്ചിരുന്നു എങ്കിൽ നിങ്ങൾ മറ്റൊരു പ്രധാന കാര്യം കൂടെ അറിയുമായിരുന്നു. ആ ചീര ചെടിയിലെ ഒരു ഇലയിലും ഒരു കീടം പോലും കടിച്ചിട്ടില്ല എന്ന കാര്യം


***************

അടിയിൽ പടരുന്ന പാഴ്ച്ചെടി-
യെന്നോട് ചോദിച്ചു , നീയെന്നെ-
കുറിച്ചൊന്നും പറയാത്തതെന്തേ?

Sunday, 2 December 2018

ചാത്തുവിന്റെ ഭാര്യയെ നരിപിടിച്ചു

ചാത്തു , മെന്റൽ ഡോക്ടർ ബാലന്റെ  വീട്ടു പടിക്കൽ എത്തിയപ്പോൾ അവിടെ ആരും ഇല്ലായിരുന്നു.  ഡോക്ടർ സ്ഥലത്തുണ്ടോ എന്ന് സംശയിച്ചു അവിടെ നിന്നപ്പോൾ,  പൂന്തോട്ടത്തിൽ ഉണ്ടായിരുന്ന പരിചാരകൻ പറഞ്ഞു,  ഡോക്ടർ അകത്തുണ്ട്. വേഗം കടന്നോളൂ എന്ന്.  അകത്തു കടന്നപ്പോൾ ഡോക്ടർ എന്തോ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു.  ചാത്തു കടന്നു വന്നത് അറിഞ്ഞു എങ്കിലും അദ്ദേഹത്തിന്  അങ്ങനെ ഒരു ഭാവം ഇല്ലായിരുന്നു.  ഡോക്ടറോട് ഒന്നും മിണ്ടാതെ,  ചാത്തു അവിടെയുള്ള കസേരയിൽ പതിയെ ഇരുന്നു.  അഞ്ചു മിനുട്ട് നേരത്തെ വായന കഴിഞ്ഞപ്പോൾ ബാലൻ ഡോക്ടർ  പുസ്തകം മാറ്റിവച്ചു ചാത്തുവിനെ ചോദ്യ രൂപത്തിൽ നോക്കി.  എന്തിനാണ് വന്നത് എന്ന അർത്ഥത്തിൽ ആണ് ഡോക്ടർ തന്നെ നോക്കുന്നത് എന്ന് ചാത്തുവിന് മനസ്സിലായി.  അവൻ ഇങ്ങനെ പറഞ്ഞു.

താങ്കള് സ്വപ്നങ്ങൾ അപഗ്രഥിക്കും എന്ന് ഒരു ചങ്ങായി പറഞ്ഞു.  അത് കൊണ്ട് വന്നതാണ്.

സ്വപ്‌നങ്ങൾ ഒക്കെ അപഗ്രഥിക്കും.  പക്ഷെ കുറച്ചു നിലവാരമുള്ള സ്വപ്നം ആയിരിക്കണം. ബസ് സ്റ്റാൻഡിൽ വച്ച് ഒരു പെണ്ണിന്റെ കയ്യിൽ നിന്ന് അടി കൊണ്ട് എന്ന തരത്തിലുള്ള സ്വപ്‌നങ്ങൾ ആണെങ്കിൽ  അത് സ്വപ്നമല്ല,  വെറും ഭാവി പ്രവചനം മാത്രമാണ്.  അത്തരം സ്വപ്നങ്ങളെ ഞാൻ അപഗ്രഥിക്കാറില്ല.

ഇത് അങ്ങനെ ഉള്ള സ്വപ്നം അല്ല ഡോക്ടർ.  ഒരു ഭീകര സ്വപ്നം ആണ്.

അപ്പോൾ സ്വപ്നം കണ്ട് ഞെട്ടി ഉണർന്നു എന്ന് അർഥം.  മുഴുമിപ്പിക്കാത്ത സ്വപ്നം .  പറഞ്ഞോളൂ.

മുഴുമിപ്പിക്കാത്ത സ്വപ്നം അല്ല.  ഞാൻ ഫുൾ കണ്ട്.  സ്വപ്നം ഇങ്ങനെ ആണ്.  ഞാൻ അടുക്കളയിൽ നിന്ന് പുറത്തേക്കു നോക്കുമ്പോൾ ഭാര്യ വസ്ത്രം അലക്കുകയായിരുന്നു.  പെട്ടന്നാണ് ഞാൻ ഞെട്ടിക്കുന്ന ഒരു കാര്യം കാണുന്നത്.  അടുത്ത പറമ്പിന്റെ ഉയരമുള്ള മതിലിനു മുകളിൽ ഒരു നരി ഇരുന്നു കൊണ്ട് ഭാര്യയുടെ പ്രവർത്തി നോക്കി രസിക്കുന്നു.  പെട്ടന്ന് നരി താഴേക്കു ചാടി ഭാര്യയെ കടിച്ചു തിന്നുന്നു.  ഫുൾ ചോര.  തല,  കഴുത്തു, മുല, വയർ, കൈകാലുകൾ എന്നീ ഓർഡറിൽ നരി ഭാര്യയെ  മുഴുവൻ തിന്നു തീർക്കുന്നു.  കുറെ കഴിഞ്ഞു ഉണർന്നപ്പോൾ ഞാൻ ആകെ തളർന്നിരിക്കുകയായിരുന്നു.  എന്താണ് ഡോക്ടർ ഇതിന്റെ അർഥം.

മിസ്റ്റർ ചാത്തൂ. വളരെ സിംപിൾ ആയ സ്വപ്നം ആണ് ഇത് .  ഇത്തരം സ്വപ്‌നങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാത്ത ഭർത്താക്കന്മാർ വിരളമായിരിക്കും.  മനഃശാസ്ത്രജ്ഞർ ഇതിനെ വിഷ് ഫുൾഫിൽമെന്റ് എന്നാണ് പറയുക.  അതായത് ഉണർന്നിരിക്കുമ്പോൾ സാധിക്കാത്തതു സ്വപ്നത്തിൽ പൂർത്തീകരിക്കുന്ന ടെക്നിക്.  ഒരു ശത്രുവിനെ അടിക്കാൻ ധൈര്യമില്ലാത്തവൻ,  അവനെ കൊല്ലുന്നത് സ്വപ്നം കാണുന്നത് പോലെ. പക്ഷെ സാധാരണയായി ഏതു ദുഷ്ടൻ ഭർത്താവും,  ഇത്തരം സ്വപ്ങ്ങൾ മുഴുവൻ കാണാറില്ല.  അതായത് മുഴുവൻ കണ്ടിരിക്കാൻ അവർക്കു ത്രാണി ഉണ്ടാകാറില്ല.  ഞെട്ടി ഉണരും.  പക്ഷെ ചാത്തുവിന്റെ  കാര്യത്തിൽ അത് സംഭവിച്ചില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.  ചാത്തു സ്വപ്നം മുഴുവൻ ആസ്വദിക്കുകയായിരുന്നു.  ഒരിക്കലും ഞെട്ടി ഉണരാൻ തോന്നിയില്ല.  അപ്പോൾ ചാത്തുവിനെ സംബന്ധിച്ചു ഇത് ഭീകര സ്വപ്നമല്ല എന്ന് അർഥം.  അപ്പോൾ എനിക്ക് ഇക്കാര്യത്തിൽ ചാത്തുവിനോട് കൂടുതൽ ഒന്നും പറയാനില്ല.  പറയാനുള്ളത് ചാത്തുവിന്റെ ഭാര്യയോടാണ്.  നാളെ അവരെയും കൂട്ടി ഇവിടെ വരിക.

അത് വേണ്ട ഡോക്ടർ.  പറയാനുള്ളത് ഞാൻ തന്നെ അവളോട് പറയാം.

എന്നാല് ചാത്തു പോയി അവളോട് പറയുക. ജീവനിൽ കൊതിയുണ്ട് എങ്കിൽ വേഗം ഡൈവോഴ്സ് ചെയ്തു വീട്ടിലേക്കു രക്ഷപ്പെടാൻ.

Saturday, 1 December 2018

കവർച്ച ഫാക്ടർ



ഏതൊരാൾക്കും വീട്ടിൽ വച്ച് നടത്താവുന്ന ഒരു പരീക്ഷണം ആണ് ഇത്.  പരീക്ഷണത്തിന്റെ ഉദ്ദേശ്യം ഒന്നാണ് എങ്കിലും കിട്ടുന്ന ഉത്തരം പലതരത്തിൽ ഉള്ളതായിരിക്കും.  വ്യക്തികളുടെ സ്വഭാവം,  മറ്റുള്ളവരുടെ സ്വഭാവം,  കാലാവസ്ഥ,  കയ്യിലുള്ള പറമ്പിന്റെ വിസ്തൃതി  ഇത്യാദി പല കാര്യങ്ങളും പരീക്ഷണത്തെയും തദ്വാരാ കിട്ടുന്ന ഉത്തരത്തെയും വളരെ ഏറെ ബാധിക്കും.  ഇത്രയും പറഞ്ഞു കൊണ്ട് പരീക്ഷണം നടത്തേണ്ടത് എങ്ങനെ ആണ് എന്നുള്ള കാര്യം ഞാൻ വിവരിക്കുകയാണ്.

ആദ്യമായി പത്തു രൂപ എടുത്തു മാർക്കറ്റിൽ പോകുക.  കഴിയുന്നതും നടന്നു പോകുക.  പത്തു രൂപ എടുത്തു മാർക്കറ്റിൽ പോകുന്നവൻ നടന്നല്ലാതെ വിമാനത്തിലാണോ പോകുക എന്ന് നിങ്ങൾ ചോദിക്കാൻ തുടങ്ങുകയാണ് എന്ന് എനിക്കറിയാം.  പക്ഷെ പത്തു രൂപയെടുത്തു ഓട്ടോ പിടിച്ചു മാർക്കറ്റിൽ പോയി,  ഓട്ടോക്ക് പോലും പണം തികയാതെ കടം പറയുന്നവരെ നിങ്ങൾ കണ്ടിരിക്കും എന്ന് എനിക്ക് ഉറപ്പുള്ളത് കൊണ്ടാണ് ഇത്തരം ഒരു അര വിഡ്ഢിത്തം ഞാൻ തുടക്കത്തിലേ പറഞ്ഞത്.  ഇനി അടുത്തതായി വിത്ത് വിൽക്കുന്ന ഒരു പീടികയിൽ പോകുക.  അവിടെ നിങ്ങള്ക്ക് പത്തു രൂപ കൊടുത്താൽ പത്തു തക്കാളി വിത്ത് കിട്ടും എന്ന് ഉറപ്പാണ്.  നേരെ അപ്പുറത്തു ഉള്ള വള പീടികയിൽ കയറി നൂറു രൂപയ്ക്കു വളവും വാങ്ങിക്കുക.  വിളവെടുത്താൽ പണം തരാം എന്ന് പറഞ്ഞാൽ ഏതു വളപ്പീടികക്കാരനും വളം  കടം തരും എന്ന് ഉറപ്പു .  ഇനി നേരെ വീട്ടിലേക്കു നടക്കുക.

വീട്ടിൽ എത്തിയാൽ മണ്ണ് നിറച്ച ഒരു ഗ്രോ ബാഗിലോ,  അല്ലെങ്കിൽ സാദാ ചട്ടിയിലോ ഈ കൊണ്ടുവന്ന വിത്തുകളെ പാകുക.  യോഗമുള്ളവ  പൊടിക്കട്ടെ എന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.  എല്ലാം പൊടിക്കണം എന്ന് കരുതി രാസ വെള്ളത്തിൽ മുക്കിയാൽ,  ഉള്ളതും പോയി ഉണ്ണിയാമ്മേ എന്ന് പറഞ്ഞത് പോലെ ആകും.  ഏതാനും ദിവസങ്ങൾക്കകം വിത്തുകൾ പൊടിച്ചാൽ , ചെടികൾക്ക് നാല് ഇലകൾ വന്നാൽ അവയെ പറമ്പിൽ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റി കുഴിച്ചിടുക.  അതിനു മുൻപേ മണ്ണിൽ വളം ചേർക്കണം എന്നുള്ള കാര്യം പ്രത്യേകം പറയാത്തത് നിങ്ങൾ തീരെ മണ്ടന്മാർ അല്ല എന്ന ബോധം ഉള്ളത് കൊണ്ടാണ്.  ഇനി ഒന്ന് രണ്ട് ദിവസം ഈ ചെടികളെ കഠിന സൂര്യ പ്രകാശത്തിൽ നിന്ന് മറച്ചു പിടിക്കണം.  നിത്യവും വൈകുന്നേരം വെള്ളം ഒഴിച്ച് കൊടുക്കുകയും വേണം.  മൂന്നാം ദിവസം മുതൽ അവയ്ക്കു നല്ല വെയിൽ കായാം.    അപ്പോൾ പ്രാഥമിക പരിപാടികൾ ഒക്കെ അവസാനിച്ചു എന്ന് പറയാം.  ഇനി അങ്ങോട്ട് നിങ്ങൾക്കു ആകെ ഉള്ള ജോലി ഈ ചെടികൾക്ക് കൃത്യമായി വെള്ളമൊഴിക്കലും,  കോഴി,  കാക്ക,  അയൽക്കാർ എന്നീ ഭീകര ജീവികളിൽ നിന്ന് ഇവയെ കാക്കലും മാത്രമാണ്.  അങ്ങനെ കുറെ ദിവസം ജീവിച്ചു കൊണ്ടിരുന്നാൽ,  നിങ്ങൾ പിടിപ്പിച്ച ചെടികളിൽ ചിലവ ചുരുങ്ങി ഇല്ലാതായത് നിങ്ങള്ക്ക് മനസ്സിലാകും.  എല്ലാം ചുരുങ്ങി പോയി എങ്കിൽ ഒരു വേവലാതിയും കൂടാതെ ഈ പണി മതിയാക്കി മറ്റു പണികളിലും  വ്യാപൃതരാവുക.  മിക്കവാറും അതിനു സാധ്യതയില്ല എന്നാണ് ഞാൻ അനുഭവത്തിൽ നിന്ന് മനസ്സിലാക്കിയത്.  ഒരു അഞ്ചെണ്ണം എങ്കിലും  നിങ്ങളെ കഷ്ടപ്പെടുത്താൻ അവിടെ നില നിൽക്കുക തന്നെ ചെയ്യും

നാലഞ്ചു മാസം  ആകുമ്പോൾ നിങ്ങളുടെ മനം കുളിർപ്പിച്ചു കൊണ്ട് ഈ ചെടികളിൽ പൂവിടുന്നത് കാണാം.  ഈ പൂവുകൾ ആണ് തക്കാളി എന്ന വെജിറ്റബിൾ ആയി രൂപാന്തരം പ്രാപിക്കേണ്ടത്.  പൂവാണെന്നു കരുതി തലയിൽ ചൂടി കളയരുത്.  അങ്ങനെ നിങ്ങൾ വളർത്തിയ അഞ്ചു ചെടികളും പൂവിടുകയും അവയൊക്കെയും മുഴുത്ത തക്കാളികൾ ആയി പരിവർത്തനപ്പെടുകയും ചെയ്താൽ ആ ചെടികളിൽ നിന്ന് കിട്ടുന്ന തക്കാളികൾ മുഴുവനും എത്ര തൂക്കം വരുമെന്ന് അടുത്തുള്ള ഏതെങ്കിലും പീടികയിൽ പോയി തൂക്കി നോക്കുക.  ചിലപ്പോൾ ഈ തൂക്കൽ പരിപാടി  ഒന്നിച്ചു നടത്താൻ പറ്റി എന്ന് വരില്ല.  കാരണം തക്കാളികൾ നമ്മുടെ മക്കളെ പോലെ ആണ്.  പല പല കാലങ്ങളിൽ ആണ് പ്രായപൂർത്തി ആവുക.  അത് കൊണ്ട് പല പല കാലങ്ങളിൽ ആയി ഈ തൂക്കൽ പരിപാടി വ്യാപിപ്പിക്കേണ്ടി വന്നേക്കാം.  പക്ഷെ അവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങൾ തൂക്കം  നോക്കുന്ന വേളകളിൽ പീടികക്കാരന്റെ മുഖത്ത് വിരിയുന്ന പുച്ഛം കലർന്ന ഒരു ചിരിയാണ്.  അതിന്റെ അർഥം നിങ്ങള്ക്ക് ഇപ്പോൾ പിടികിട്ടാൻ ഇടയില്ലാത്ത കൊണ്ട് തൽക്കാലം അത് മൈൻഡ് ചെയ്യേണ്ട.  പിന്നീടത് മനസ്സിലായാൽ അത് കൊണ്ട് നിങ്ങള്ക്ക് പ്രത്യേകിച്ച് ഗുണം ഒന്നും വരാനുമില്ല.

അപ്പോൾ നമ്മുടെ പരീക്ഷണം ഇവിടെ അവസാനിച്ചിരിക്കുന്നു.  ഇനിയുള്ളത് കണക്കുകൾ ആണ് .  അത് സ്വന്തം ചെയ്യാൻ അറിയില്ല എങ്കിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഏതെങ്കിലും കുട്ടിയെ ഏൽപ്പിച്ചാൽ മതി.  ഇപ്പോൾ നിങ്ങളുടെ കയ്യിൽ ഉള്ളത് ഏതാനും ചില അളവുകളും തൂക്കങ്ങളും ആണ്.  തക്കാളി വിത്ത് വാങ്ങാൻ ചിലവാക്കിയ പത്തു രൂപ.  വളത്തിന്റെ വില.  വളം തീർന്നു  പോയപ്പോൾ അത് വീണ്ടും വാങ്ങാൻ ഉപയോഗിച്ച പണം.  നിങ്ങള് ടൂർ പോകുന്ന സമയത്തു, വെള്ളം നനക്കാൻ ഏല്പിച്ച പയ്യന് കൊടുത്ത ഒരു അമ്പതു രൂപ (മിക്കവാറും അത് സംഭവിക്കില്ല.  ടൂറ് പോയിട്ട് കൂട്ടുകാരുടെ കല്യാണത്തിന് പോകാൻ വരെ നിങ്ങള്ക്ക് സമയം കിട്ടി എന്ന് വരില്ല).  ഇതാണ് നിങ്ങളുടെ ആകെ ചെലവ് എന്ന് വേണമെങ്കിൽ നിങ്ങള്ക്ക് സമാധാനിക്കാം.  അതെന്താ ഇങ്ങനെ സമാധാനിക്കാം എന്നൊക്കെ പറഞ്ഞു ആളെ പേടിപ്പിക്കുകയാണോ എന്ന് സംശയം തോന്നുകയാണ് എങ്കിൽ പറയാം.  നിങ്ങൾ ഇത്ര നാളും ഈ തക്കാളിയുടെ മൂട്ടിൽ വെള്ളം ഒഴിച്ചത് കൂലിയിൽ വരേണ്ടതാണ്.  നിങ്ങൾ തക്കാളിയുടെ മുതലാളി ആയതു കൊണ്ട് മാത്രമാണ് അത് കണക്കിൽ വരാത്തത്.  പക്ഷേ അതും കൂടെ വന്നാൽ നിങ്ങൾ ഞെട്ടി തെറിച്ചു പോകാൻ ഇടയുള്ളതു കൊണ്ട് അത് ഇവിടെ ചേർക്കേണ്ട.  ഇനി ഇപ്പോൾ ഇത്രയും പണം ചിലവാക്കിയ നിങ്ങള്ക്ക് കിട്ടിയത് എന്താണ്.  ഒരു മൂന്നു കിലോ തക്കാളി എന്ന് ഒരു ഉദാഹരണത്തിന് വേണ്ടി എടുക്കാം.  മിക്കവാറും അത് പോലും ഉണ്ടാകില്ല എന്നാണ് എന്റെ അനുഭവം പറയുന്നത്.  അപ്പോൾ ഈ ഉദാഹരണത്തിൽ നിങ്ങള്ക്ക് മൂന്ന് കിലോ തക്കാളി കിട്ടാൻ ഉദ്ദേശ്യം നൂറ്റി അമ്പതു രൂപ  ചിലവായതായി കാണാം.  അതായത് ഒരു കിലോ തക്കാളിക്ക് അമ്പതു രൂപ.  ഇനി നേരത്തെ തക്കാളിയുടെ തൂക്കം കാണാൻ  പോയ പീടികയിൽ കയറി അവിടെ ഒരു കിലോ തക്കാളിക്ക് വില എത്രയെന്നു ചോദിക്കുക.  അപ്പോൾ അത് ഏകദേശം ഇരുപതു രൂപ എന്ന് പീടികക്കാരൻ നിങ്ങളോടു പറയും.  (അങ്ങേരു നേരത്തെ നടത്തിയ പുച്ഛ ചിരിയുടെ അർഥം ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായി എന്ന് ഞാൻ കരുതുന്നു.  അതിനെ മറികടക്കാൻ ഒരു ടെക്നിക് ഉണ്ട്.  അത് നമ്മുടെ പൂർവികർ പുരാണ കാലത്തു കണ്ടെത്തിയ ഒരു മഹദ് വാക്യമാണ്.--നയിച്ച് തിന്നുന്നതിന്റെ രുചി ഒന്ന് വേറെയാണ് ---  ഈ വാക്യം മനസ്സിൽ ഉരുവിട്ട് കൊണ്ടിരിക്കുക )

ഇത്രയും കാര്യങ്ങളിൽ നിന്ന് നിങ്ങൾക്ക് മനസ്സിലായത്,  നിങ്ങൾ സ്വന്തം വീട്ടിൽ അമ്പതു രൂപ ചിലവാക്കി ഉണ്ടാക്കിയ തക്കാളി തൊട്ടപ്പുറത്തുള്ള പീടികയിൽ നിന്ന് നിങ്ങൾക്ക് കിട്ടിയത് വെറും ഇരുപതു രൂപയ്ക്കാണ് എന്നുള്ള ഭീകര സത്യമാണ്.  അപ്പോൾ നിങ്ങൾ കൊടുക്കാതിരുന്ന ആ മുപ്പതു രൂപ ശരിക്കും എന്താണ്.  തീർച്ചയായും അത്,  ഇന്ന് ഡൽഹിയിൽ പ്രകടനം നടത്തുന്ന,  ലക്ഷണക്കണക്കിനു കണക്കിന് കർഷകർക്ക് നിങ്ങൾ കൊടുക്കാതിരുന്ന പണം ആണ്.  അതായത് നിങ്ങൾ അവരിൽ നിന്ന് കവർച്ച നടത്തിയ ധനം.  നിങ്ങൾക്ക് എങ്ങനെ അത് സാധിച്ചു എന്നുള്ളത് ഈ ലേഖനത്തിന്റെ വിഷയം അല്ല.  പക്ഷെ നിങ്ങൾ കവർച്ചക്കാർ ആണ് എന്നുള്ള കാര്യം നിങ്ങൾ അംഗീകരിച്ചേ ഒക്കൂ

നിങ്ങൾ ഒരു കിലോ തക്കാളിയുടെ വിലയിൽ നിന്ന് ഇസ്കിയ ഈ മുപ്പതു രൂപയാണ് കവർച്ചാ ഫാക്ടർ 

Sunday, 18 November 2018

മണിമുട്ടി ഓട്ടം (ഒരു പഴങ്കഥ)

പ്രേതോച്ചാടനം ആയിരുന്നു വിഷയം. അതും ഒരു പെണ്ണിൽ കയറി കൂടിയത്. വീട്ടുകാര് അത് വന്നു പറഞ്ഞപ്പോൾ ബാലൻ ഗുരുക്കൾ കോരി തരിച്ചു പോയി. നമ്മൾ ഉച്ചക്ക് മുന്നേ അവിടെ എത്തിക്കോളാം എന്ന വാക്കും ഒപ്പം വാങ്ങിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റും വീട്ടുകാർ വശം കൊടുത്തയച്ചു. അസിസ്റ്റന്റ് ചാത്തുവിനെ , മണിയടക്കമുള്ള പൂജാ വസ്തുക്കൾ സഞ്ചിയിലാക്കാൻ ശട്ടം കെട്ടി.
ആന പിണ്ഡം എന്നായിരുന്നു ആ കുഗ്രാമത്തിന്റെ പേര്. അവിടേക്കുള്ള ഒരേയൊരു ബസ്സു ഒരു മണിക്ക് ആകയാൽ, ഉച്ചക്കുള്ള ചോറും തിന്നു ബാലനും ചാത്തുവും നേരത്തെ പുറപ്പെട്ടു. കൃത്യ സമയത്തു ബസ്സു വന്നു. ആന പിണ്ഡത്തിൽ എത്തിയപ്പോൾ രണ്ട് പേര് ബസ് സ്റ്റോപ്പിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. ചുറ്റും നോക്കിയപ്പോൾ ആകെ കണ്ടത് ഒരു മുറുക്കാൻ കടയും, ഒരു ചായ പീടികയും. വഴികാട്ടികൾ നടന്ന വഴിയിലൂടെ അവരെ പിന്തുടർന്ന് വീട്ടിൽ എത്തി. ഓല മേഞ്ഞ ചെറിയ ഒരു കുടിൽ. മുറ്റത്തു ഗുരുക്കളുടെ വരവും കാത്തു കുറച്ചു പേര് നിൽപ്പുണ്ടായിരുന്നു. അതിൽ രണ്ട് പേര് ഒത്ത തടിയും ജിം ബോഡിയും ഉള്ള പിള്ളേരാണ് എന്ന് ബാലൻ ഗുരുക്കൾ ഞെട്ടലോടെ മനസ്സിലാക്കി. പരിസര പ്രദേശങ്ങൾ ഒക്കെയും ബാലൻ ഒന്ന് അവലോകനം ചെയ്തു. ചാത്തുവും കൂടെ കൂടി. പ്രേതത്തെ ഓടിക്കാനുള്ള വഴികൾ ഏതൊക്കെ എന്ന് ഗുരുക്കൾ പഠിക്കുകയാകാം എന്ന് നാട്ടുകാര് കരുതുന്നുണ്ടാവും. വീട്ടിന്റെ വശത്തുള്ള രണ്ട് ഇടവഴികൾ ചാത്തുവിന് ദൃഷ്‌ടീഭവിച്ചതു ചാത്തു ബോസിനെ അറിയിച്ചു. ബോസ് ഉടനെ ആ വഴി എങ്ങോട്ടു പോകുന്നു എന്ന് നോക്കിവരാൻ ചാത്തുവിനെ അറിയിച്ചു. എന്നിട്ടു പെണ്ണിന്റെ അച്ഛനോട് ഇങ്ങനെ പറഞ്ഞു.
പരിസരം കണ്ടിട്ടു , പ്രേതം കാൽ നടയായി വന്നതാണ് എന്ന് തോന്നുന്നു. കാൽ നടയായി വന്ന പ്രേതം ഭൂമിയിലൂടെ ഓടിക്കൊണ്ട് മാത്രമേ തിരിച്ചു പോകുള്ളൂ. അപ്പോൾ പോകുന്ന വഴിക്കു ബ്ളോക് ഉണ്ടാകാൻ പാടില്ല. ചാത്തു വഴികൾ നോക്കിയിട്ടു വരട്ടെ. അപ്പോൾ ഞാൻ പ്രേത ബാധിതയെ ഒന്ന് കാണട്ടെ.
കട്ടിലിൽ അർദ്ധ മയക്കത്തിൽ കിടന്ന ജാനു എന്ന പ്രേതബാധിതയെ കണ്ട് ബാലൻ വികാരഭരിതനായി. മുപ്പതിനോട് അടുത്തു പ്രായം. സുന്ദരി. തുടുത്തു നിൽക്കുന്ന അവയവങ്ങൾ. പ്രേതത്തെ പുറത്തു ചാടിക്കാൻ കുറച്ചു സമയം എടുക്കും എന്ന് ബാലൻ മനസ്സിൽ പറഞ്ഞു. പൂജ നടത്തേണ്ട മുറിയിൽ കയറി ആ മുറി ആകമാനം ബാലൻ പരിശോദിച്ചു. ജനാലയിൽ വല്ല തുളകളും ഉണ്ടോ എന്നാണ് ആദ്യം നോക്കിയത്. ഇതിനു മുൻപ് ഒരു യുവതിയുടെ പ്രേത ബാധ ഒഴിപ്പിക്കാൻ പോയപ്പോൾ ജനാലയിലെ ചെറിയ തുളയാണ് പ്രശ്നമുണ്ടാക്കിയത്. ഏതോ ഒരു കുരുത്തം കേട്ട ചെക്കൻ അതിലൂടെ ഒളിഞ്ഞു നോക്കി തടവിയൊഴിപ്പിക്കുന്ന പരിപാടിയെ കുറിച്ച് നാട്ടുകാർക്കു വിവരം കൊടുത്തു. അന്ന് കൊണ്ട അടിയുടെ ചൂട് ഇപ്പോഴും മാറിയിട്ടില്ല. അമ്മാതിരി റിസ്ക് ഒന്നും ഇനി എടുക്കാൻ പറ്റില്ല. അപ്പോഴേക്കും പുറത്തു പോയ ചാത്തു തിരിച്ചു വന്നു. വഴിയിൽ തടസ്സങ്ങൾ ഒന്നുമില്ല എന്നും പ്രേതം നേരെ ഓടിയാൽ അങ്ങ് ദൂരെ കടപ്പുറത്തു എത്തുമെന്നും പിന്നെ ഉള്ളത് സുഗമമായ വഴികൾ ആണെന്നും, അവിടെ നിന്ന് പ്രേതത്തിനു രക്ഷപ്പെടാൻ വഴികൾ ഏറെയുണ്ടെന്നും ചാത്തു ധരിപ്പിച്ചു. എളുപ്പ വഴികളെ കുറിച്ച് ഒന്ന് രണ്ട് നാട്ടുകാരോട് ചോദിച്ചു സംഗതി ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്. ഇത്രയും സംഗതി ബോസിനെ ബോധിപ്പിച്ചതിനു ശേഷം ചാത്തു മുറി തൂത്തു വാരാൻ തുടങ്ങി. പൂജാ വസ്തുക്കൾ ഒക്കെയും മുറിയിൽ ഒരുക്കിയതിനു ശേഷം മുറിയിൽ ഒരുക്കിയ ഒരു പായയിൽ ജാനു എന്ന പ്രേത ബാധിതയെ കിടത്താനുള്ള ഒരുക്കങ്ങൾ തുടങ്ങി. പെണ്ണിന്റെ മുറിയിൽ കയറിയപ്പോൾ തന്നെ ചാത്തു ഒന്ന് ഞെട്ടി. തന്റെ ഞെട്ടൽ കണ്ട ബോസിനെ നോക്കി ചാത്തു കണ്ണിറുക്കി. പെണ്ണ് ആ സമയത്തു എന്തൊക്കെയോ അവരെ നോക്കി പറയുന്നുണ്ടായിരുന്നു. ഇടയ്ക്കു എഴുന്നേറ്റു ഓടാനും നോക്കുന്നുണ്ടായിരുന്നു. ചാത്തുവും ബാലനും ബലപൂർവം അവളെ പായയിൽ കിടത്തി. അപ്പോൾ ചാത്തു ബാലനോട് ഇങ്ങനെ പറഞ്ഞു.
കുറച്ചു പ്രയാസപ്പെടേണ്ടി വരും. നല്ല പവർ ഉള്ളത് പോലെ തോന്നുന്നു.
അത് സാരമില്ല. നീ പ്രേതത്തെ ഒഴിപ്പിക്കുമ്പോൾ ഞാൻ പിടിച്ചു വെക്കാം. ഞാൻ ഒഴിപ്പിക്കുമ്പോൾ നീ പിടിച്ചു വച്ചാൽ മതി. നിലവിളിയൊന്നും പ്രശ്നമില്ല. അത് ഏതു പ്രേതബാധയിലും ഉള്ളതാണ് എന്ന് നാട്ടുകാർക്ക് അറിയാം. അപ്പോൾ നീ അവളുടെ അച്ഛനെ വിളിക്കു. എനിക്ക് അയാളോട് കാര്യങ്ങൾ ബോധിപ്പിക്കണം.
ചാത്തു പെണ്ണിന്റെ അച്ഛനെ വിളിച്ചു കൊണ്ട് വന്നപ്പോൾ ബാലൻ ഗുരുക്കൾ അദ്ദേഹത്തോട് ഇങ്ങനെ ചില കാര്യങ്ങൾ ബോധിപ്പിച്ചു.
കാര്യങ്ങൾ നമ്മള് വിചാരിച്ചതു പോലെ അല്ല. നല്ല സ്ട്രോങ്ങ് പ്രേതമാണ്. ഇറക്കാൻ കുറച്ചു പാട് പെടേണ്ടി വരും. മർദ്ദനം പോലെ ഉള്ള കടുത്ത രീതികൾ പ്രയോഗിക്കേണ്ടി വരും. നിലവിളി കേട്ട് ഞെട്ടരുത്. ചിലപ്പോൾ പരിപാടി പാതി രാത്രി വരെ നീണ്ടു പോകും. അത് കൊണ്ട് ആളുകൾ ഇവിടെ തങ്ങി നിൽക്കേണ്ട എന്ന് പറഞ്ഞേക്കു. എന്തിനാണ് എല്ലാവരും ഇവിടെ ഇങ്ങനെ അവനവന്റെ പണിയും മിനക്കെട്ടു പാതി രാത്രിവരെ നിൽക്കേണ്ട കാര്യം
പെണ്ണിന്റെ അച്ഛൻ പുറത്തു പോയി അവിടെ തങ്ങിയ ആളുകളോട് കാര്യം ബോധിപ്പിക്കാൻ പോയപ്പോൾ ചാത്തു പൂജാമുറിയിൽ നിന്ന് പുറത്തിറങ്ങി, നാട്ടുകാരുടെ മുഖഭാവം പഠിച്ചു കൊണ്ടിരിന്നു. ഉള്ളിൽ തിരിച്ചു വന്ന ചാത്തു ബാലൻ ഗുരുക്കളോടു ഇങ്ങനെ പറഞ്ഞു.
ബോസ്. പഹയന്മാര് പിരിഞ്ഞു പോകുന്ന മട്ടൊന്നും ഇല്ല. ആ രണ്ട് ജിം ബോഡി പിള്ളേരെ കണ്ടോ. അവര് അത്ര ശരിയല്ല എന്ന് തോന്നുന്നു. ഇടയ്ക്കു അവരെ നിരീക്ഷിക്കുന്നത് നല്ലതാണ്. ഏതായാലും വാതിൽ അടച്ചു പരിപാടി തുടങ്ങാം. ഇടയ്ക്കു പുറത്തു ഇറങ്ങി നാട്ടുകാരുടെ സംഭാഷണം ശ്രദ്ധിക്കുകയും ചെയ്യാം. ഞാൻ വാതിൽ അടക്കുകയാണ്. പതിവ് പോലെ നമുക്ക് ആദ്യ പടിയായി പ്രേതത്തെ തടവി പുറത്താക്കാൻ നോക്കാം. പെണ്ണ് അധികം ബഹളം ഉണ്ടാക്കുന്നു എങ്കിൽ ആരെങ്കിലും ഒരാള് ഉച്ചത്തിൽ മണി മുട്ടിയാൽ മതി. തടവൽ കഴിഞ്ഞാൽ ഞാൻ കലശ വെള്ളം വീട്ടിനു പുറത്തു തളിക്കാൻ ഇറങ്ങും. അപ്പോൾ ഏതെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അറിയാനും പറ്റും. അങ്ങനെ പൂജാമുറിയുടെ വാതിലുകൾ അടഞ്ഞു. തടവൽ തുടങ്ങി. പെണ്ണ് ബഹളം വെക്കാൻ തുടങ്ങി. മണിമുട്ടൽ തകൃതിയായി നടന്നു. പുറത്തുള്ളവർ നേരിയ ഞരക്കങ്ങൾ മാത്രം കേട്ടിരിക്കണം. ആദ്യ ഘട്ടം കഴിഞ്ഞപ്പോൾ ചാത്തു ഒരു കുടം വെള്ളവുമായി വാതിൽ തുറന്നു പുറത്തിറങ്ങി. തൊടിയിലെ ഇരുട്ടുള്ള ഇടത്തു ജിം പിള്ളാര് എന്തോ കുശു കുശുക്കുന്നു. ചാത്തു അവരെ അറിയാതെ അവരുടെ പിന്നിലുള്ള ചെടികൾക്ക് ഉള്ളിൽ മറഞ്ഞു നിന്ന് അവര് പറയുന്നത് ശ്രദ്ധിച്ചു. അവർ രണ്ടുപേരും പരസ്പരം എന്തോ പറയുകയാണ്.
ആ രാമൻ പിന്നാം പുറത്തു ഭിത്തിയിൽ ഉള്ള തുളയിലൂടെ ഒളിഞ്ഞു നോക്കിയപ്പോൾ അവർ പെണ്ണിനെ തടവുകയാണ് എന്ന് പറഞ്ഞു. പ്രേതത്തെ ഒഴിപ്പിക്കാൻ തടവുകയൊക്കെ വേണോ.
തടവൽ മാത്രമല്ല ചിലപ്പോൾ ചൂരൽ പ്രയോഗം പോലും വേണ്ടി വന്നേക്കും എന്നാണ് കേട്ടത്. പ്രേതോച്ചാടനം നിങ്ങൾ യുക്തിവാദികൾ വിചാരിക്കുന്നത് പോലെ
ഞാൻ എന്റെ രണ്ട് മൂന്നു പിള്ളാരോട് ഇങ്ങോട്ടു വരാൻ പറഞ്ഞിട്ടുണ്ട്. ഗുരുക്കന്മാര് ബാധ ഒഴിപ്പിച്ചു ഇറങ്ങുമ്പോൾ നമ്മള് അവരുടെ ബാധ എന്തായാലും ഒഴിപ്പിക്കും. രണ്ടും കേറി ഇങ്ങോട്ടു വരുമ്പോഴേ എനിക്ക് തോന്നിയിരുന്നു അലവലാതികൾ ആണെന്ന്. ഇന്ന് അവരെ തവിടു പൊടിയാക്കിയിട്ടേ ഞാൻ ഇവിടെ നിന്ന് ഇറങ്ങൂ.
എടാ ഭാർഗവ . നീ പ്രശ്നം ഒന്നും ഉണ്ടാകരുത്. പ്രേതമാണ് ഇവിടത്തെ പ്രശ്നം.
നിങ്ങൾ ഇനിയൊന്നും പറയേണ്ട അപ്പുവേട്ടാ. ഞാൻ എല്ലാം തീരുമാനിച്ചു.
ചെടികൾക്ക് ഇടയിൽ മറഞ്ഞു നിന്ന ചാത്തു ഇതൊക്കെ കേട്ടു ഞെട്ടി വിറച്ചു. ഒന്നും സംഭവിക്കാത്തത് പോലെ കലശവും എടുത്തു പൂജാമുറിയിൽ എത്തിയ ചാത്തു ബാലനോട് ഇങ്ങനെ പറഞ്ഞു.
ബോസ്. മുറിയിൽ നാം കാണാത്ത ഒരു തുളയുണ്ട്. പ്രശ്നം ഗുരുതരം. ഉടനെ ഓടിയില്ല എങ്കിൽ അടി ഉറപ്പു. ഒന്നും നോക്കേണ്ട മണി എടുത്തു ഒരു മന്ത്രം ചൊല്ലി ഇടവഴിയുടെ തുടക്കം വരെ നടന്നു പോകാം. അത് ചിലപ്പോൾ ആരും ശ്രദിച്ചെന്നു വരില്ല. പൂജയുടെ ഭാഗമാണ് എന്ന് കരുതും. ഇടവഴിയിൽ എത്തിയാൽ പിന്നെ ഒരൊറ്റ ഓട്ടമായിരിക്കണം. പിന്നോട്ട് തിരിഞ്ഞു നോക്കരുത്.
പൂജാ മുറിയുടെ വാതിൽ തുറന്നു മണി മുട്ടി മന്ത്രങ്ങൾ ചൊല്ലി കൊണ്ട് ഇപ്പോൾ ഗുരുവും ശിഷ്യനും പതുക്കെ നടന്നു വരികയാണ്. കൂടി നിന്നവർ അവർക്കു പോകാൻ വഴി ഒരുക്കി. കോലായി ഇറങ്ങിയപ്പോൾ ചാത്തു പുറത്തു കൂടി നിന്ന നാലഞ്ചു പേരെ ഇടം കണ്ണിട്ടു നോക്കി. അവരിൽ തല്ക്കാലം ഭാവ ഭേദങ്ങൾ ഒന്നുമില്ല.. ജിമ്മിന്റെ ചങ്ങായിമാർ എത്തിയത് പോലെ ഇല്ല. മെല്ലെ മെല്ലെ നടന്നു ഇടവഴിയുടെ അടുത്തു എത്തിയപ്പോൾ ചാത്തു ബാലാട്ടനോട് ഇങ്ങനെ പറഞ്ഞു.
ഇനി ഒന്നും നോക്കേണ്ട . എല്ലാം വലിച്ചെറിഞ്ഞു ഓടിക്കൂ.
അങ്ങനെ അവർ ഓടാൻ തുടങ്ങി. പിന്നിൽ നാട്ടുകാരും . സ്‌കൂളിൽ പഠിക്കുമ്പോൾ എന്നും ഓട്ടത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ ഗുരുവിനെയും ശിഷ്യനെയും ഓട്ടത്തിൽ തോൽപിക്കാൻ ഏതു നാട്ടുകാർക്ക്‌ കഴിയും. കണ്ട ഊടുവഴികളിലൂടെ ഒക്കെയും അവർ ഓടി. പക്ഷെ നാട്ടുകാര് പുറകെ തന്നു. അപ്പോൾ ബാലൻ ഗുരുക്കൾ ചാത്തുവിനോട് ഇങ്ങനെ ചോദിച്ചു.
എടാ ചാത്തൂ. ഈ നാട്ടുകാർക്ക് മണത്തറിയാനുള്ള വല്ല കഴിവുകളും ഉണ്ട്. നമ്മൾ വളഞ്ഞു പുളഞ്ഞു ഏതൊക്കെയോ ഊടു വഴികളിലൂടെ ഓടിയിട്ടും ഇവന്മാര് നമ്മുടെ പുറകെ തന്നെ ഉണ്ടല്ലോ.
അപ്പോഴാണ് ചാത്തു ഞെട്ടിക്കുന്ന ഒരു സത്യം മനസ്സിലാക്കിയത്. താൻ മണിയും എടുത്തു കൊണ്ടാണ് ഓടുന്നത് എന്ന കാര്യം. മണി ഉടനെ ദൂരേക്ക് വലിച്ചെറിഞ്ഞു. ഇപ്പോൾ നാട്ടുകാരുടെ ആരവം ചുരുങ്ങി ചുരുങ്ങി വരികയാണ്. ഇപ്പോൾ അത് ദൂരെ എവിടെയോ ആണ്

Friday, 16 November 2018

കൊച്ചു കവിതകൾ

പഠിച്ചതൊക്കെയും 
പറഞ്ഞു തീർന്നു 
ഇനിവല്ലതും 
വായിക്കണം 
അല്ലെങ്കിൽ 
തെരുവിലിറങ്ങണം

*********************

നാരികൾ തള്ളിയാ-
ലത്  ദുഃഖം
നാറികൾ തള്ളാ-
തിരുന്നാലത്‌ 

മഹാ ദുഃഖം



Friday, 9 November 2018

short notes

ബ്രൂസ്ലി ആക്രമിക്കുമ്പോൾ ഒരു വലിയ കരച്ചിൽ കേൾക്കാം . കേൾക്കുമ്പോൾ വിചാരിക്കും ആരുടെയോ അടികൊണ്ട് ബ്രൂസ്ലി കരയുകയാണ് എന്ന്. പക്ഷെ സംഭവം നേരെ തിരിച്ചായിരിക്കും. അപ്പുറത്തു എതിരാളി നിലത്തു വീണു പുളയുന്നുണ്ടാകും. പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്, ഒരാൾ അയ്യോ എന്ന് കരയുന്നതു കേട്ടാൽ അത് ചിലപ്പോഴെങ്കിലും അവർ അപകടത്തിൽ പെട്ട് എന്നല്ല വെളിവാക്കുന്നത്. മറിച്ചു എതിരാളി വീണു എന്നായിരിക്കും. പണ്ട് സ്പെയിൻ കാരൻ അമേരിക്കയിൽ കയറി കൂടിയപ്പോൾ നമ്മൾ ഈ സ്‌പെയിൻ കാരന്റെ കരച്ചിൽ പലപ്പോഴായി കേട്ടതാണ്. അന്ന് ആ കരച്ചിൽ കേട്ട പലരും വിചാരിച്ചു, അമേരിക്കയിലെ ആദിവാസികൾ ആയ ചുവന്ന ഇന്ത്യക്കാർ ഈ സ്പെയിൻ കാരനെ അമ്പെയ്തു വീഴ്ത്തി കൊന്നു തിന്നു എന്ന്. കുറെ കാലം അതായിരുന്നു ഇവിടത്തെ കഥ. കുറെ കഴിഞ്ഞപ്പോഴാണ് നാം അറിഞ്ഞത്, നിലവിളിച്ചവൻ ആ നാട് കയ്യേറി എന്നും, അമ്പെയ്ത ആക്രമണകാരി ഏകദേശം ഇല്ലാതായി എന്നും . പണ്ട് ബാലാട്ടൻ ഒരു കഥ പറഞ്ഞിട്ടുണ്ട് . ഒരു പറമ്പത്തു കയറി കുറെ പാവങ്ങള് തേങ്ങാ ഇട്ടപ്പോൾ , നാട്ടിലെ ഗുണ്ടകൾ അവരെ തല്ലി ശരിയാക്കി. തല്ലു കൊണ്ടവർ പേടിച്ചു ഓടി പോയി. തല്ലിയവർ തങ്ങളുടെ ഭാഗം കൂടുതൽ സുരക്ഷിതമാക്കാൻ വേണ്ടി ആശുപത്രിയിൽ പോയി കിടന്നു. പക്ഷെ ഗതികേടിനു തല്ലു കൊണ്ട ഒരുവൻ ചത്തുപോയി. പോലീസുകാർക്ക് കൊന്നവനെ തേടി അധികം നടക്കേണ്ടി വന്നില്ല . കാരണം അവരൊക്കെ കിടക്കുകയായിരുന്നല്ലോ

Sunday, 4 November 2018

തൊഴിൽ വിഭജനം

ലോകത്തു രണ്ട് തരം തൊഴിലുകൾ ഉണ്ട്. ഒന്ന് മെയ് അനങ്ങിയുള്ള തൊഴിലുകൾ. മറ്റൊന്ന് തല അനങ്ങിയുള്ള തൊഴിലുകൾ. ഈ മെയ് അനങ്ങിയുള്ള തൊഴിലുകളിൽ , ലൈറ്റ് ആയി മെയ് അനക്കിക്കൊണ്ടുള്ള തൊഴിലുകൾ മുതൽ, ശരിക്കും ബോഡി ആകെ ആട്ടിക്കൊണ്ടുള്ള കഠിന ശാരീരിക ജോലികൾ വരെ ഉണ്ട്. തല അനങ്ങിയുള്ള ജോലികളിൽ, നമ്മളെ പോലെ ഉള്ള സാദാ ക്ളാർക്കുമാരുടെ ജോലി മുതൽ, ഐൻസ്റ്റീൻ പോലെ ഉള്ളവരുടെ കഠിന തല ഇളക്കി ജോലികൾ വരെയുണ്ട്. ഇനി അതിനിടയിൽ ഒരു മധ്യ മാർഗവും ഉണ്ട്. തലയും മെയ്യും ഒരു പോലെ ചില അനുപാതങ്ങളിൽ ഇളക്കി കൊണ്ടുള്ള ജോലികൾ . ആപ്പീസിൽ ക്ളാർക്കുമാറ് സ്വയം ലെഡ്ജറുകൾ ചുമന്നു നടക്കുന്നത് പോലെ ഉള്ള ജോലി. അല്ലെങ്കിൽ ആപ്പീസ് ക്ളാർക് ആയ ഞാൻ മീൻ മുറിക്കുന്നത് പോലെ ഉള്ള ജോലി . എല്ലാ കാലത്തും മുഴു നേരം ബോഡി ആട്ടുന്ന ജോലിക്കു വലിയ മാന്യതയൊന്നും ഉണ്ടായിരുന്നില്ല. തലയാട്ടൽ ജോലി തന്നെ ആയിരുന്നു എന്നും മുഖ്യം. അത് കൊണ്ട് പണി ഒന്നും എടുക്കാതെ വെറുതെ ഇരിക്കുന്നവനും, താൻ തല കൊണ്ട് എന്തൊക്കെയോ ചെയ്യുകയാണ് എന്നുള്ള ഒരു മിഥ്യാ ബോധം മറ്റുള്ളവരിൽ സൃഷ്ടിക്കാൻ എല്ലാ കാലവും ശ്രമിച്ചിരുന്നു. തന്റെ ജോലി, പറമ്പിൽ കൃഷി ചെയ്യുന്ന നിന്റെ ജോലിയെക്കാൾ മേന്മയുള്ള ജോലിയാണ് എന്ന് അവർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അവരിൽ തികച്ചും മൂരാച്ചികൾ ആയ ചിലർ, ബുദ്ധി ഒന്നും ഇല്ല എങ്കിലും, ബുദ്ധിയുള്ള ചിലരെ തങ്ങളുടെ ശിങ്കിടികൾ ആയി വച്ച് കൊണ്ട്, തങ്ങൾ പറയുന്ന വിഡ്ഢിത്തങ്ങൾക്കു ആഴത്തിലുള്ള അർഥങ്ങൾ കണ്ടെത്താൻ അവരെ ശട്ടം കെട്ടിയിരുന്നു. ബുദ്ദൂസ് , കൈകൊണ്ട് തലയിൽ തൊട്ടാൽ , അങ്ങേരു ഉദ്ദേശിച്ചത് ബുദ്ധി ആണ് ലോകത്തു ഏറ്റവും മഹനീയമായ കാര്യം എന്ന് അർഥം കണ്ടെത്തുന്നത് പോലെ. നിങ്ങൾ വെറുതെ വിരലൊന്നു ചൂണ്ടിയാലും അവർ അതിനു ഒരു അർഥം ഉണ്ടാക്കി നാട്ടുകാരുടെ മുന്നിൽ അവതരിപ്പിക്കും . ഇത്തരത്തിൽ തല ജോലികൾ പ്രാമുഖ്യം നേടുന്ന ഇടത്തു, സമൂഹത്തിൽ ശക്തി കൂടുതൽ ഉള്ള വിഭാഗം അത്തരം ജോലികൾ കൈ അടക്കുവാനും, അത്തരം ജോലികൾക്കു മേത്തരം കൂലികൾ നിശ്ചയിക്കാനും സാദ്ധ്യതകൾ ഏറെ ആണ്. അത് കൊണ്ടാണ് തലയും, മെയ്യും ഒന്നിച്ചു ചേർന്ന് നടത്തുന്ന ചില വൃത്തികെട്ട ജോലികൾ ഇന്ന് സിംഹാസനത്തിൽ കരേറിയതു. തലയില്ലാതെ , മെയ് കൊണ്ട് മാത്രം നടത്തുന്ന വൃത്തികെട്ട ജോലികൾ ഇന്നും വൃത്തികെട്ട ജോലികൾ തന്നെ ആണ്. ഓവ് ചാല് വൃത്തിയാക്കുന്നതോ, കക്കൂസ് വൃത്തിയാക്കുന്നതോ തല വേണ്ടാത്ത വെറും മെയ് അഭ്യാസം മാത്രമാണ്. എന്നാൽ ഒരുത്തന്റെ വായിൽ കയ്യിട്ടു അതിലെ ചളി വാരുന്നതോ, ഒരാളുടെ മലദ്വാരത്തിൽ കയ്യിട്ടു അവിടത്തെ വൃത്തികേടുകൾ സഹിച്ചു കൊണ്ട് പരിശോധനകൾ നടത്തുന്നതോ, മെയ് അഭ്യാസത്തെക്കാൾ തലയുടെ അഭ്യാസമാക കൊണ്ട് അവയൊക്കെ ആഢ്യ ജോലികളാണ്

കവർച്ചക്കാരായ പൂച്ചകൾ

ഞാൻ ഒരു പൂച്ച പ്രേമിയാണെന്നും,  എന്റെ പറമ്പിൽ ഇരുപതോളം പൂച്ചകൾ ഉണ്ടെന്നും,  അവയ്‌ക്കൊക്കെ ആവശ്യത്തിന് മീനും ചോറും സപ്ലൈ ചെയുന്നത് ഞാനാണ് എന്നും  ഇവിടെ ഉള്ള പലർക്കും അറിയാം.  ആ അറിവിൽ മുങ്ങി കുളിച്ച നാട്ടുകാരായ ചില ഫേസ് ബുക്ക് സുഹൃത്തുക്കൾ പൂച്ചകളെ എന്റെ പറമ്പിൽ കൊണ്ട് പോയി വിടുന്നത് ഒരു ശീലമാക്കി എന്നും  എനിക്കും അറിയാം.  കഴിഞ്ഞ ആഴ്ച തന്നെ അശരണരായ ചില മാർജാര കുരുന്നുകൾ എന്നെ നോക്കി കരഞ്ഞപ്പോൾ,  ഇത് എന്റെ സുഹൃത്തുക്കളിൽ ആരോ ചെയ്തു വച്ച വേലയാണ് എന്ന് ഞാൻ മനസ്സിലാക്കുകയും ചെയ്തിരുന്നു.   പൂച്ചകൾ പൊതുവെ നായകളെ പോലെ ഡീസന്റ്റ് അല്ല.  ഒരു എല്ലിൻ കഷ്ണം സൂക്ഷിക്കാൻ നായയെ ഏൽപ്പിച്ചാൽ അത് യജമാനൻ വരുന്നത് വരെ അതിനെ പൊന്നുപോലെ കാത്തു കൊള്ളും.  നേരെ മറിച്ച്‌ ഒരു പ്ളേറ്റ് മത്തിക്ക് നിങ്ങൾ ഒരു പൂച്ചയെ കാവൽ ഇരുത്തി നോക്കൂ.  നിങ്ങൾ വരുമ്പോഴേക്കും  അത് നിങ്ങളുടെ മത്തിയും തിന്നു വീട്ടിലെ പാത്രത്തിൽ മൂടി വച്ച പൊരിച്ച ഉണ്ടെങ്കിൽ അതും  കമഴ്ത്തിയിട്ടു തിന്നു സ്ഥലം വിട്ടിരിക്കും.  ആകയാൽ,  എന്ത് മാത്രം സ്നേഹം ഉണ്ടായാലും ഞാൻ മാർജാര വർഗത്തെ വീട്ടിൽ കയറ്റില്ല.  അവർക്കു താമസിക്കാൻ,  ഇവിടെ മൂന്ന് കൂടകൾ പുറത്തുള്ളത് കൊണ്ട് അവരെ ഗൃഹത്തിൽ വസിപ്പിക്കേണ്ട കാര്യത്തെ കുറിച്ച് ഞാൻ ചിന്തിക്കാറേ ഇല്ല.  എന്നാലും അവരിൽ ചിലർക്ക് അത്യന്തം വാശിയാണ്.  ഒരിക്കലെങ്കിലും വീട്ടിൽ കയറി,  ഇതുവരെ തന്നെ കയറ്റാത്തതിന്റെ പ്രതികാരമായി കിടക്കയിൽ തൂറി വച്ചിട്ടേ പോകൂ എന്ന വാശി .  അതും പോരാഞ്ഞു  ചാൻസ് കിട്ടിയാൽ,  അഥവാ കണ്ണ് തെറ്റിയാൽ അടുക്കളയിൽ കയറി വല്ലതും മോഷ്ടിച്ചിട്ടേ പോകൂ എന്ന ശാഠ്യം.  എന്റെ ഭാര്യ പറയുന്നത് പോലെ പൂച്ചയുടെ ബാക്കി തിന്നാൻ വിധിക്കപ്പെട്ട ജീവിതം.

ഇത്രയും പറഞ്ഞത് കൊണ്ട് ഞാൻ ഇവിടെ ഉള്ള പൂച്ചകളെ ഞാൻ തല്ലി ഓടിച്ചു കളയും എന്നൊന്നും സുഹൃത്തുക്കൾ വിചാരിച്ചു കളയരുത്.  പൂച്ചകൾ പറമ്പിലും , ഞാൻ വീട്ടിലും ആയി ഇനിയും കഴിഞ്ഞു കൂടും.  പക്ഷെ മിസ്റ്റർ മണ്ടോടിയെ വീട്ടിൽ പോയി കാണണം എന്ന് ആഗ്രഹിക്കുന്ന ചില ഫേസ് ബുക്ക് ജീവികൾ ഇവിടെ ഉണ്ട് എന്ന് എനിക്കറിയാം.  അവർക്കു വേണ്ടിയുള്ള ഒരു താക്കീതു കൂടി ആണ് ഈ കുറിപ്പ്.  കാരണം അവർ എന്റെ വീട്ടിൽ വന്നു വല്ലതും കഴിക്കുകയാണ് എങ്കിൽ,  മിക്കാവാറും അത് ഈ പറമ്പിലെ ഏതെങ്കിലും പൂച്ചകൾ കഴിച്ചതിന്റെ ബാക്കിയാവാൻ സാധ്യത ഏറെ ആണ്.  പൂച്ചകളുടെ ഉമിനീര് വീണ ഭക്ഷണം കഴിച്ചാൽ ,  റാബീസ് പോലെ ഉള്ള മാരക രോഗങ്ങൾ വരുമെന്ന് നിങ്ങൾക്കേ ഏവർക്കും അറിയാം.  അത് കൊണ്ട് സ്വന്തം ആരോഗ്യം മുൻ നിർത്തി,  വീട്ടിൽ വന്നു കയറുമ്പോൾ, തന്നെ ഞാൻ ചായയോ മറ്റോ പുറത്തു ഒരു വീട്ടിൽ നിന്നും കഴിക്കാറില്ല എന്ന് പ്രഖ്യാപിച്ചാൽ നിങ്ങള്ക്ക് നല്ലതു. 

Thursday, 1 November 2018

സഹകരണത്തിൽ നിന്നു മാത്സര്യത്തിലേക്കു

ഇത് രണ്ട് കാലഘട്ടങ്ങളെ താരത്യപ്പെടുത്താൻ വേണ്ടി എഴുതുന്ന ലേഖനം അല്ല. നാം സഹകരണ കാലഘട്ടത്തിലൂടെ കടന്നു മാത്സര്യ കാലഘട്ടത്തിൽ കാലെടുത്തു കുത്തിയ തലമുറയാണ്. എന്നെ പോലെ ഉള്ള ആളുകൾ ഇതിൽ ഒന്നാമത്തേതിൽ ജീവിച്ചു രണ്ടാമത്തേതിൽ എത്തി. ഇനിയുള്ളവർ രണ്ടാമത്തേതിൽ ജീവിക്കേണ്ടി വരും. ഇപ്പോൾ ഞാൻ പറയാൻ പോകുന്നത് പണ്ട് ജോലിയിൽ ഇരിക്കുന്ന കാലത്തു, നമ്മുടെ സ്വഭാവം പരുവപ്പെടുത്തി എടുക്കാൻ വേണ്ടി, നമ്മളെ പഠിപ്പിച്ച ഒരു കളിയെ കുറിച്ചാണ്. ബിഹേവിയർ സയൻസിന്റെ ഭാഗമായി വരുന്ന കൊച്ചു കളിയാണ് ഇത്. നമ്മൾ എങ്ങനെ എന്ന് നമ്മളെ മനസ്സിലാക്കി തരാനും, ഇനി നമ്മൾ അങ്ങനെ ആയിക്കൂടാ എന്ന് ഉത്ബോധിപ്പിക്കാനും വേണ്ടിയാണു അന്ന് അത്തരം കളികൾ ആസൂത്രണം ചെയ്തത്. ആദ്യമായി ഈ കളി എങ്ങനെ നടത്തുന്നു എന്ന് കാണാം.
ആദ്യം ട്രെയിനിംഗ്‌ ക്‌ളാസിലെ കുട്ടികളെ ഏതാനും ഗ്രൂപ്പുകൾ ആയി തരം തിരിക്കും. ഓരോ ടീമിനും ഒരു ലീഡറെ അവർ തന്നെ തിരഞ്ഞെടുക്കും. കളി ആരംഭിക്കുമ്പോൾ, നാല് ഗ്രൂപ്പുകൾ ഉണ്ട് എന്ന് വിചാരിക്കുക. അവരുടെ മുന്നിൽ പല ഷേപ്പിലും ഉള്ള മരക്കട്ടകൾ ചേർത്ത് ഉണ്ടാക്കിയ നാല് സമചതുരങ്ങൾ അദ്ദേഹം പ്രദർശിപ്പിക്കും. ഇവ പൊട്ടിച്ചിട്ടാൽ നമുക്ക് വേണമെങ്കിൽ വീണ്ടും അവ കൂട്ടി ചേർത്ത് അതെ സമചതുരം ഉണ്ടാക്കാം. പക്ഷെ ഇവിടെ ചെയ്യുന്നത് അതല്ല. ഈ നാല് സമചതുരങ്ങളും പൊട്ടിച്ചു ഇട്ടു, അതിലെ കട്ടകൾ കൂട്ടി കലർത്തുന്നു. എന്നിട്ടു അതിൽ കുറച്ചു ഒരാൾക്ക് എന്നതരത്തിൽ നാലുപേർക്കും വീതിക്കുന്നു. ഇനി ഇവിടെ ഉള്ള ഓരോ ഗ്രൂപ്പും അവരുടെ സമചതുരം പൂർത്തീകരിക്കണം. തീർച്ചയായും അത് പറ്റില്ല. കാരണം അവരുടെ സമചതുരത്തിന്റെ ചില ഭാഗങ്ങൾ മറ്റേ ഗ്രൂപ്പിൽ ആയിരിക്കും. പക്ഷെ ഈ ഗേമിൽ ഒരു നിബന്ധന ഉണ്ട്. എന്തെങ്കിലും ഒരു ഗ്രൂപ്പിലെ ആർക്കെങ്കിലും തങ്ങളുടെ കയ്യിലുള്ള കട്ടകളിൽ ഒന്ന് തങ്ങളുടെ സമചതുരത്തിനു ചേരില്ല എന്ന് തോന്നിയാൽ, അത് ആവശ്യമുള്ള ഗ്രൂപ്പുകൾക്ക് അങ്ങോട്ട് കൊടുക്കാം. അവർ ഇങ്ങോട്ടു ചോദിച്ചാൽ ഫൗൾ ആണ്. അങ്ങോട്ട് കൊടുക്കൽ മാത്രം. ചോദിച്ചു വാങ്ങൽ ഇല്ല.
കളി ആരംഭിച്ചു. കുറെ നേരം കഴിഞ്ഞപ്പോൾ കളി മരവിച്ചു. ആർക്കും തങ്ങളുടെ സമ ചതുരം പൂർത്തീകരിക്കാൻ ആവുന്നില്ല. ബാക്കിയുള്ള കഷണങ്ങൾ കയ്യിൽ വച്ച് ഓരോരുത്തരും വീണ്ടും വീണ്ടും മാറ്റിയും മറിച്ചും സമ ചതുരം വീണ്ടും ഉണ്ടാക്കി കൊണ്ട് ഇരുന്നു. പക്ഷെ അതിനിടയിൽ ഒരു അത്ഭുതം ഉണ്ടായി. ആ ഗ്രൂപുകളിൽ ഒന്നിലെ പയ്യൻ, തന്റെ സമചതുരത്തിനു ആവശ്യമില്ല എന്ന് കണ്ട നാല് കട്ടകൾ എടുത്തു മറ്റുള്ളവരുടെ അടുത്തേക്ക് നടക്കാൻ തുടങ്ങി. എന്നിട്ടു അവൻ തന്നെ അതിനു അപ്പുറത്തുള്ള ഗ്രൂപ്പിലെ ചതുരത്തിൽ വിട്ടു പോയ ഭാഗത്തു തന്റെ കയ്യിലുള്ള കട്ട ചേരുമോ എന്ന് നോക്കി. ഏതാനും നിമിഷങ്ങൾക്ക് ഉള്ളിൽ അവന്റെ കയ്യിലുള്ള നാലു കട്ടകളും, മറ്റുളള ഇടങ്ങളിൽ യോചിപ്പിച്ചു. അത് കണ്ടപ്പോൾ മറ്റുള്ളവരും ഉഷാർ ആയി . അവരും തങ്ങളുടെ കയ്യിൽ ബാക്കിയുള്ള കട്ടകൾ എടുത്തു നടക്കാൻ തുടങ്ങി. അങ്ങനെ പരിപാടി വിജയകരമായി അവസാനിച്ചു. അപ്പോൾ അധ്യാപകൻ കൈ മുട്ടുന്നുണ്ടായിരുന്നു. അദ്ദേഹം ആസമയത്തു സംസാരിച്ചത് ഇതായിരുന്നു. കുട്ടികളെ എത്രയോ തവണ ഈ കളി ഇവിടെ അരങ്ങേറിയിട്ടുണ്ട്. ഇന്നുവരെ ആരും ഈ കളി മുഴുമിപ്പിച്ചിട്ടില്ല. പക്ഷെ ഇന്ന് നിങ്ങളുടെ കൂട്ടത്തിൽ ഒരാളിൽ നിന്നുള്ള പ്രോചോദനം ഉൾക്കൊണ്ടു കൊണ്ട് നിങ്ങൾ സഹകാരികൾ ആയി തീർന്നിരിക്കുന്നു. നമ്മുടെ സമൂഹത്തിനു ഈ രീതിയിൽ മാത്രമേ രക്ഷപെടാൻ പറ്റൂ. അവകാശങ്ങൾ ചോദിച്ചു വാങ്ങുന്നതിനു മുൻപേ, നമ്മൾ ആവശനു വേണ്ടത് അവൻ ചോദിക്കാതെ തന്നെ കൊടുക്കാൻ പഠിക്കണം

Wednesday, 31 October 2018

പഴയ കഥകൾ

1981 ഒക്ടോബർ മാസം പന്ത്രണ്ടാം തീയതി ഞാൻ എസ് ബി ടിയിൽ ഒരു ഗുമസ്തൻ ആയി ജോലിയിൽ ചേർന്നു.  അത് വരെ ജോലി ചെയ്ത ടെലികോം ഡിപ്പാർട്മെന്റിനോട് ഞാൻ വിട പറഞ്ഞു തിരുവനന്തപുരത്തേക്ക് യാത്രയായി.  അവിടെ വച്ചായിരുന്നു നമ്മുടെ പ്രാരംഭ ട്രെയിനിങ്.  നഗരത്തിലെ ഒരു വലിയ ഹാളിൽ അഞ്ഞൂറിൽ അധികം പുതിയ ആളുകൾക്ക് ബാങ്കിനെ പരിചയപ്പെടുത്തുക എന്ന കർത്തവ്യം ആയിരുന്നു അന്ന് അവിടെ കൂടിയ ബാങ്ക് മേധാവികൾക്ക് ഉണ്ടായിരുന്നത്.  അവർ ഒരു സ്റ്റേജിൽ ഉപവിഷ്ടരാകും.  താഴെ നമ്മളും.  ആദ്യ ദിവസം നമ്മുടെ സർട്ടിഫിക്കറ്റുകൾ ഒക്കെയും പരിശോധിച്ച് നമ്മൾ ഒറിജിനൽ ആണോ അല്ലയോ എന്ന് മനസ്സിലാക്കും.  അതിനു ശേഷം അഞ്ചു ദിവസം ബാങ്കിലെ കാര്യങ്ങൾ സംക്ഷിപ്തമായി നമുക്ക് മനസ്സിലാക്കി തരും.  അവസാനത്തെ ദിവസം, അതായത് ശനിയാഴ്ചയാണ് ഭാഗ്യക്കുറി ദിവസം.  എല്ലാവരും നിശബ്ദരായി ഇരിക്കുന്ന വേളയിൽ ഓരോ ആളുകളുടെയും പേര് വിളിച്ചു,  നിങ്ങൾ ഇന്നേ ബ്രാഞ്ചിൽ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് അറിയിക്കും.  കൊടുംകാട്ടിൽ പെട്ട് പോയ ചിലര് മുഖമൊക്കെ വല്ലാതായി അവിടെയും ഇവിടെയും നടക്കുന്നത് കാണാം.  പട്ടണങ്ങളിലേക്കു നറുക്കു  വീണവർ ഉത്സാഹത്തോടെ പാഞ്ഞു നടക്കുന്ന്തും കാണാം.  അങ്ങനെ എന്റെ നറുക്കു വീണു.  മാനന്തവാടി.  വലിയ ഞെട്ടൽ ഒന്നും ഉണ്ടായില്ല. വീട്ടിൽ നിന്ന് വെറും എൺപതു കിലോമീറ്റർ അപ്പുറം.  എന്റെ വീട്ടിന്റെ മുന്നിലൂടെ സ്ഥിരമായി മാനന്തവാടി ബസ്സുകൾ പോയി കൊണ്ടിരിക്കുന്നത് ഞാൻ മിക്ക ദിവസങ്ങളിലും കാണുന്നതും  ഉണ്ട്.  അത് കൊണ്ട് അടുത്തുള്ള ഒരിടം പോലെയേ തോന്നിയുള്ളൂ.  അങ്ങനെ അതെ മാസം പത്തൊൻപതാം തീയതി,  രാവിലെ ഏഴു മണിക്കുള്ള ബസ്സിൽ കയറി ഞാൻ യാത്രയാകുന്നു.  എല്ലാ ശനിയാഴ്ചകളിലും കുന്നിറങ്ങി നാട്ടിൽ വന്നു കൊള്ളാം എന്ന്  അമ്മക്ക് വാക്കു കൊടുത്തിട്ടാണ് പടിയിറങ്ങിയത്.  പെരിയ ചുരം കടന്നു,  ചന്ദന തോട് എന്ന ഘോര വനം പിന്നിട്ടു,  വശങ്ങളിൽ ചായ തോട്ടങ്ങളിലെ ചായ മണം ശ്വസിച്ചു ഞാനും ബസ്സും അങ്ങനെ പൊയ്ക്കൊണ്ടേ ഇരുന്നു.  തലപ്പുഴ എത്തിയപ്പോൾ ആണ് ഞാൻ അടുത്തിരിക്കുന്ന ഒരാളോട് ചോദിച്ചത്,  ഈ ചായ തൈകൾ ഒക്കെ ഇത്ര വലിപ്പം വെക്കുമോ.  വളരെ ചെറിയ തൈകൾ ആണ് എന്നാണല്ലോ ഞാൻ വായിച്ചതു എന്ന്.  അപ്പോൾ അയാൾ പറഞ്ഞു നിങ്ങൾ പറഞ്ഞത് ശരിയാണ്.  നിങ്ങൾ ഇപ്പോൾ കാണുന്നത്, കുറെ കാലമായി പൂട്ടി കിടക്കുന്ന ഒരു ടി എസ്റ്റേറ്റ് ആണ്.  അത് ഇനി എന്ന് തുറക്കും എന്ന് അറിയില്ല. തുറന്നാലും ഇവയൊക്കെ മുറിച്ചു മാറ്റിയാലേ തുടർ പരിപാടി നടക്കൂ എന്ന്.

മാനന്തവാടി അന്ന് വളരെ ചെറിയ ഒരു പട്ടണം ആയിരുന്നു.  അതിന്റെ ഒരു വശത്തുകൂടെ മാനന്തവാടി പുഴ ഒഴുകുന്നു. കബനിയുടെ കൈവഴിയായ മാനന്തവാടി  പുഴ.  കബനീ നദി,  അബൂബക്കറിന്റെ ഒരു സിനിമയിലൂടെ ലോക പ്രസക്തി ആർജിച്ച സമയമായിരുന്നു അത്.  പാളിപ്പോയ ഒരു വിപ്ലവത്തിന്റെ കഥ പറഞ്ഞ കബനീ നദി ചുവന്നപ്പോൾ എന്ന സിനിമ.  വർഗീസ് അക്കാലത്തു  പലരുടെയും മനസ്സിൽ നിറഞ്ഞു നിന്ന ഒരു വലിയ മനുഷ്യൻ ആയിരുന്നു.  മാനന്തവാടിയിൽ ജോലിക്കു ചേർന്ന ഉടനെ തന്നെ നമ്മൾ എല്ലാവരും,  വർഗീസിന് വെടിയേറ്റതോ , അല്ലെങ്കിൽ വർഗീസിനെ വെടിവച്ചു കൊന്നതോ ആയ വർഗീസ് പാറ കാണാൻ പോയി.  അവിടെ എത്തിയപ്പോൾ കണ്ടത്,  കുറെ പുഷ്പ ചക്രങ്ങൾ  ആ പാറക്കു  മുകളിൽ സ്ഥിതി ചെയ്യുന്നതാണ്.  ഇന്നും  പലരും അദ്ദേഹത്തെ മനസ്സിൽ കൊണ്ട് നടക്കുന്നു.

വീണ്ടും തുടക്കത്തിലേക്കു വരാം.  ബാങ്കിലെ ആദ്യത്തെ ദിവസത്തെ കുറിച്ച് അവിടെ ഉണ്ടായിരുന്നു ഒരു സുഹൃത്ത് എന്നോട് പറഞ്ഞത് ഇവിടെ എഴുതാം,. 

'ഞാൻ രാവിലെ ബാങ്കിന്റെ കോറിഡോറിൽ ഇരുന്നു പത്രം വായിക്കുമ്പോൾ പെട്ടന്ന് പാൻറ്റ് ഇൻസേർട് ചെയ്തു,  കയ്യിൽ ഒരു വലിയ പെട്ടിയും,  കണ്ണിൽ ഒരു കൂളിംഗ് ഗ്ലാസ്സും ഒക്കെ ആയി ഒരു പയ്യൻ കയറി വരുന്നു. ഞാൻ വിചാരിച്ചു വല്ല സി ഐ ഡി യോ മറ്റോ ആയിരിക്കും എന്ന്.  പയ്യൻ നേരെ മാനേജരുടെ മുറിയിലേക്ക് പോയി.  കുറച്ചു കഴിഞ്ഞു മുറിയിൽ നിന്ന് പുറത്തു വന്നപ്പോൾ കൂളിംഗ് ഗ്ളാസ് കാണാനില്ല .  ഇതൊന്നും ഇവിടെ ചിലവാകില്ല എന്ന് തോന്നിയിരിക്കും.  നേരിട്ട് ഡയലോഗ് തുടങ്ങിയപ്പോൾ ആണ് മനസ്സിലായത്,  കൂളിംഗ് ഗ്ലാസ് വെക്കേണ്ട പ്രായം ആയിട്ടില്ല എന്ന്."

മാനന്തവാടി ടൗണിൽ നിന്ന് കുറച്ചു അപ്പുറത്തുള്ള എരുമത്തെരുവിൽ ആയിരുന്നു നമ്മുടെ വാടക വീട്.  വീടിനു മുൻപിൽ മാരുതി തിയേറ്റർ.  ഇപ്പുറം ഒരു അറവു ശാല.  പിന്നെ ഒന്ന് രണ്ട് അനാദി പീടികകൾ,  ഒന്ന് രണ്ട് ഹോട്ടൽ. ഒരു തയ്യൽ കട.  മുൻപിൽ ഒരു അരിമില്ലു.  അതിന്റെ വശത്ത് കുന്നിറങ്ങി താഴോട്ടു പോകാൻ ഒരു ചെറിയ വഴി.  ആ വഴി താഴെ ഉള്ള വയലിൽ അവസാനിക്കുന്നു.  ആ വയലിന്റെ ഒരു വശത്തു ഒരു കാട്ടു ചോല.  ആ ചോലയിൽ ഈ പരിസരത്തുള്ള ആണും പെണ്ണും കുളിക്കുന്നു.  പെണ്ണുങ്ങൾ കുളിക്കുന്ന ഇടമാണ് എന്ന് കേട്ട ഉടനെ നമ്മൾ കുളി ഇങ്ങോട്ടേക്കു മാറ്റി.  അവിടെ നിന്ന്  നാം ഒരു കാര്യം മനസ്സിലാക്കിയത്,  കുളി നോക്കിയത് കൊണ്ട് ആർക്കും അവിടെ ഇന്നുവരെ അടി കിട്ടിയിട്ടില്ല എന്നാണ്. നല്ല മനുഷ്യർ.  അല്ലെങ്കിൽ ഇതിലൊക്കെ എന്തിരിക്കുന്നു.  ഒരിക്കൽ ആ പാടത്തു കൂടെ ഞാൻ വെറുതെ നടന്നു കൊണ്ടിരിക്കെ,  കുറച്ചു ദൂരെ  വരമ്പിൽ നിന്ന് ഒരു പുരുഷൻ താഴോട്ടു നോക്കി ആരോടോ കുശലം പറയുന്നു.  ദൂരെ നിന്ന് താഴെ ഉള്ളത് ആരാണ് എന്ന് എനിക്ക്  മനസ്സിലായില്ല.  അടുത്തു എത്തിയപ്പോഴാണ് മനസ്സിലായത് അത് ഒരു യുവതിയാണ് എന്നും അവൾ പുരുഷനോട് സംസാരിക്കുന്ന നേരത്തു തൽക്കാലത്തേക്ക് കഴുത്തുവരെ വെള്ളത്തിൽ മുങ്ങി നിൽക്കുകയാണ് എന്നും.  അവൾക്കു വലിയ സങ്കോചം ഉള്ളത് പോലെ തോന്നിയില്ല .  മലയാളത്തിലെ ഒരു ചെറുകഥാകൃത്തു ഒരിക്കൽ എഴുതി.   നമ്മുടെ പെണ്ണുങ്ങൾ നാട്ടു കുളങ്ങളിലും അമ്പല കുളങ്ങളിലും സങ്കോചമേതും ഇല്ലാതെ കുളിച്ചു നടന്ന കാലത്തിലൂടെ നടന്നു വന്നവൻ ആണ് ഞാൻ.  പെണ്ണുങ്ങൾ തങ്ങളുടെ ശരീരത്തെ അത്രയേറെ ഭയപ്പെടാത്ത കാലം.  പിന്നെ എപ്പോഴാണ് അവർ അവരുടെ ശരീരത്തെ ഇത്ര ഏറെ ഭയപ്പെടാൻ തുടങ്ങിയത്.

ആ ഇടയ്ക്കു വള്ളിയൂർ കാവിൽ ഉത്സവം ആയി.  എല്ലാ ദിവസം ഇനി നടത്തം അങ്ങോട്ട്.  വൈകുന്നേരത്തെ അല്ലറ ചില്ലറ പരിപാടികൾ ഒക്കെ കഴിഞ്ഞാൽ നമ്മൾ മാനന്തവാടി  ടൗണിൽ നിന്ന് നേരെ വിടും.  കാവുവരെ ഉള്ള റോഡ്‌ മുഴുവൻ ആളുകൾ ആയിരിക്കും.  അതും രാത്രി മാത്രമല്ല.  രാവുപകൽ. കാവിലേക്കു പോകാൻ വേണ്ടുവോളം ബസ്സുകൾ.  തിരക്കുള്ള ആ ബസ്സുകളിൽ അങ്ങോട്ടും ഇങ്ങോട്ടും പോകുക എന്നത് തന്നെ യുവാക്കളുടെ ഒരു കലാപരിപാടി ആയിരുന്നു.   ഒരിക്കൽ നമ്മൾ ആറു പേര് നടക്കാൻ  തുടങ്ങിയതാണ്.  കുറെ കഴിഞ്ഞപ്പോൾ അതിൽ രണ്ട് പേരെ കാണാനില്ല.  എവിടെ നോക്കിയിട്ടും ആളെ കാണുന്നില്ല.  അപ്പോൾ ഒരാള് പറഞ്ഞു , ഇപ്പോൾ ഇതിലെ പോയ ബസ്സു ഇവിടെ അല്പം സ്ലോ ആക്കിയിരുന്നു. രണ്ടും ചിലപ്പോൾ അതിൽ ചാടി കയറിയിരിക്കും.  കാവിൽ എത്തിയപ്പോൾ അതാ രണ്ടും നമ്മുടെ മുന്നിൽ.  എന്ത് സംഭവിച്ചു എന്ന് ചോദിച്ചപ്പോൾ സോമൻ പറഞ്ഞു.  പെട്ടന്ന് ഒരു ബസ്സു വന്നു നമ്മുടെ മുന്നിൽ നിന്നു.  അതിന്റെ ഉള്ളിലേക്ക് നോക്കിയപ്പോൾ നിയന്ത്രണം വിട്ടു പോയി മോനെ.  ഉടനെ ഒന്നും നോക്കിയില്ല.  നിങ്ങളോട് ഒരു ബൈ പറയാൻ പോലും നേരം കിട്ടിയില്ല. ക്ഷമിക്കണം.


Sunday, 21 October 2018

സ്വാതന്ത്ര്യം എന്ന കുഴഞ്ഞു മറിഞ്ഞ പ്രശ്നം

സ്‌കൂളിലെ ഫിലിം ഷോ കഴിഞ്ഞു വീട്ടിലെത്തിയ ഉണ്ണിക്കുട്ടൻ , അച്ഛൻ ബാലനോട് താഴെ പറയുന്ന അല്ലെങ്കിൽ  താഴെ  കാണുന്ന  ഒരു സംശയം ചോദിച്ചു.

അച്ഛാ.  സിനിമയുടെ അവസാനം,  എല്ലാ കുട്ടികളും കൂടെ ഒരു പക്ഷിക്കൂട് തുറന്നു അതിലുള്ള പ്രാവുകളെ ഒക്കെയും പുറത്തേക്കു വിടുന്നു.  അവ ആകാശത്തു കൂടെ പറക്കുന്നത് കാണിച്ചു സിനിമ തീരുന്നു.  എന്താ അച്ഛാ അതിന്റെ അർഥം.

സ്വാതന്ത്യ്രം.  അതാണ് ആ രംഗം നിങ്ങളോടു പറയുന്നത്.  ഒരു മനുഷ്യനേയോ ഒരു മൃഗത്തെയോ ഒരു പക്ഷിയെയോ കൂട്ടിലടച്ചു വെക്കുന്നത് ക്രൂരതയാണ്.  അവയെ ആകാശത്തു സ്വാതന്ത്ര്യത്തോടെ പറക്കാൻ വിടണം.

ഉണ്ണിക്കുട്ടന് അച്ഛൻ പറഞ്ഞത് മുഴുവൻ മനസ്സിലായത് കൊണ്ട് അവൻ പിന്നീട് ഒന്നും ചോദിച്ചില്ല.  അന്ന് രാത്രി വീടിന്റെ പിൻഭാഗത്തുള്ള ടെറസിൽ ആരും കാണാതെ കയറിയ ഉണ്ണിക്കുട്ടൻ,  അവിടെ സ്ഥിതി ചെയ്തിരുന്ന ലവ് ബേർഡ്സിന്റെ കൂടു തുറന്നു അവയെ ഒക്കെ പുറത്തേക്കു വിട്ടു.  രാത്രിയായത് കൊണ്ട് അവ ആകാശത്തു പറക്കുന്നത് അവനു കാണാൻ പറ്റുമെന്ന് തോന്നുന്നില്ല.  വായനക്കാരായ നിങ്ങളെ സംബന്ധിച്ചു ഉണ്ണിക്കുട്ടനെയും അച്ഛനെയും സംബന്ധിക്കുന്ന ഈ കഥ ഇവിടെ ഏകദേശം അവസാനിക്കുകയാണ് .  അതോടൊപ്പം ആകാശത്തേക്ക് തുറന്നു വിട്ട ലവ് ബേർഡ്സിന്റെ കഥയും കഴിഞ്ഞിരിക്കുമെന്നു നിങ്ങൾക്കേവർക്കും അറിയാമായിരിക്കും.

രാവിലെ മുറ്റത്തു പക്ഷിച്ചിറകുകൾ വിതറി കിടക്കുന്നതു കണ്ട് ബാലൻ ഭാര്യ കാർത്യായിനിയെ വിളിച്ചു ഇങ്ങനെ ചോദിച്ചു.

എടീ കാർത്തി .  ഇതെന്താടി കുറെ തൂവലുകൾ മുറ്റത്തു കിടക്കുന്നതു.

കാർത്തിക്ക് പകരം ഓടി വന്നത് ഉണ്ണിക്കുട്ടനാണ്. വന്നപാടെ അവൻ ഒരൊറ്റ കരച്ചിലാണ്.  അച്ഛൻ പൊട്ടൻ.  അച്ഛൻ പറഞ്ഞിട്ടാണ് ഞാൻ അവയെ തുറന്നു വിട്ടത്.  എല്ലാം ചത്തു.  അച്ഛൻ കുരങ്ങൻ എന്നിങ്ങനെ ഉള്ള ബഹളം കേട്ട്,  അടുക്കളയിൽ കുമ്പളങ്ങാ മുറിച്ചു കൊണ്ടിരുന്ന കാർത്തി ഉമ്മറത്തേക്ക് ഓടി വന്നു ദാരുണമായ ആ ദൃശ്യം നേരിട്ട് കണ്ട് വല്ലാതെ ദുഖിതയായി.  അവൾ ഇങ്ങനെ പറഞ്ഞു.

കുട്ടികളുടെ മുന്നിൽ നിന്ന് വല്ല പൊട്ടത്തരവും പറയുമ്പോൾ ശ്രദ്ധിക്കണം.
 കുട്ടികളാണ്.  അവര് അത് അത്പോലെ വിശ്വസിക്കും.,  ഇപ്പോൾ ഇത് ആരോട് പറയാനാണ്.  അയ്യായിരം രൂപയല്ലേ വെള്ളത്തിലായതു.   ഇനി ഈ പണി ഇവിടെ വേണ്ട.   പക്ഷികൾ ആകാശത്തു പറന്നു കളിക്കട്ടെ.  വീട്ടിൽ തടവിലാക്കേണ്ട

തന്റെ സ്വാതന്ത്ര്യ സിദ്ധാന്തത്തിൽ വന്ന പാളിച്ചകൾ എന്തൊക്കെ ആയിരുന്നുവെന്നാണ് അന്നേരം ബാലാട്ടൻ ചിന്തിച്ചത്.  ഉണ്ണിക്കുട്ടനും അന്നേരം മനസ്സിൽ ചിന്തിച്ചത്, തന്റെ അച്ഛന്റെയും,  ആ സിനിമയിലെയും  മണ്ടൻ സ്വാതന്ത്ര്യ സിദ്ധാന്തങ്ങളെ കുറിച്ച് തന്നെ ആയിരുന്നു.  രാത്രീ തുറന്നു വിട്ട പക്ഷികൾ രാവിലെ തവിടു പൊടി ആയിപ്പോകുന്ന സ്വാതന്ത്ര്യം എന്ത് കുന്തം സ്വാതന്ത്ര്യമാണ്.  രണ്ട് പേരും ഒരേ സമയം മനസ്സിൽ പറഞ്ഞു .

അനുബന്ധം :  സ്വാതന്ത്ര്യം എന്നത് എല്ലാവരും വിചാരിക്കുന്നത് പോലെ ഉള്ള ഒരു പുല്ലു പരിപാടിയല്ല എന്ന് ഇപ്പോൾ എല്ലാവര്ക്കും മനസ്സിലായി കാണും.  എല്ലാറ്റിനും പിടിച്ചു സ്വാതന്ത്ര്യം കൊടുത്താൽ രാവിലെ എണീറ്റ് നോക്കിയാൽ അവ ചിന്നിച്ചിതറി കുളമായതു നിങ്ങൾ തന്നെ കാണേണ്ടി വരും.  അത് കൊണ്ട് തൽക്കാലം നമുക്ക് സ്വാതന്ത്ര്യത്തെ കുറിച്ച് ചിന്തിക്കുന്നത് ഒഴിവാക്കി മറ്റു വല്ലതും ചിന്തിക്കാം.

Sunday, 14 October 2018

ക്ലാസിക്കൽ കണ്ടീഷനിംഗ്

ബിഹേവിയർ സയൻസ് ട്രെയിനിങ് ക്ലാസിൽ വച്ചായിരുന്നു ആദ്യമായി ക്ലാസിക്കൽ കണ്ടീഷനിംഗിനെ കുറിച്ച് കേട്ടത്. പാവ്‌ലോവിന്റെ അതി പ്രശസ്തമായ നായ കഥയോടെ ആണ് തുടക്കം. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് തോന്നുന്നത് പാവ്ലോവ് നായയുടെ ഉദാഹരണം പറഞ്ഞത്, മൃഗങ്ങളിൽ പോലും ക്ലാസിക്കൽ കണ്ടീഷനിങ്ങിന്റെ പ്രാഭവം ഉണ്ട് എന്ന് പറയാൻ വേണ്ടി ആവണം. മനുഷ്യന്റെ കാര്യത്തിൽ ആണെങ്കിൽ അതിന്റെ ഉദാഹരണങ്ങൾ സർവത്ര.
പാവ്ലോവിന്റെ സിദ്ധാന്തം ഏകദേശം ഇങ്ങനെ ആണ്. എല്ലാ ദിവസവും നിങ്ങൾ നിങ്ങളുടെ നായക്ക് ഭക്ഷണം കൊടുക്കുന്ന വേളയിൽ ഒരു പാട്ടു പാടുന്നു. ഒരേ പാട്ടു . ആ പാട്ടു നിങ്ങൾ കുറെ ദിവസം തുടരുകയും അതോടൊപ്പം നായയുടെ മുന്നിൽ ഭക്ഷണം വച്ച് കൊടുക്കുകയും ചെയ്യുന്നു. ഇപ്പോൾ നായയുടെ മനസ്സിൽ ഒരു പ്രത്യേക രീതിയിലുള്ള ഒരു ചേർച്ച രൂപം കൊള്ളുകയാണ്. ഭക്ഷണം എന്ന അർത്ഥവത്തായ ഒരു സംഭവവും, ഭക്ഷണവുമായി പുല ബന്ധമില്ലാത്ത പാട്ടു എന്ന ശബ്ദവും കൂടിച്ചേർന്ന വിചിത്രമായ ഒരു ചേർച്ച. ഇനി അങ്ങോട്ട് നിങ്ങൾ പാടിയ പാട്ടു ഒരു പ്രചോദക ബിന്ദുവായി ആയി പ്രവർത്തിക്കുകയാണ്. ആ പാട്ടു കേൾക്കുമ്പോഴേക്കും നായ ഉഷാറാവുകയാണ്. നായയിൽ ചില ശാരീരിക പ്രക്രിയകൾ നടക്കുകയാണ്. അതിന്റെ വായിൽ ഉമിനീർ വരികയാണ്. പാവ്‌ലോവിന്റെ ഈ കണ്ടെത്തൽ അസാമാന്യമാണ്‌ എന്ന് പറയാതെ നിവൃത്തിയില്ല. ഇന്ന് നായയെ ട്രെയിൻ ചെയ്യുന്നവർക്ക് ഈ സിദ്ധാന്തം അറിയാം. അവർ ഇത് തങ്ങളുടെ നായകളിൽ പ്രയോഗിക്കുന്നു.
അന്ന് ക്ലാസിൽ വന്നത് പ്രശസ്തനായ ഒരു മനഃശാസ്ത്ര ഗവേഷകൻ ആയിരുന്നു. അങ്ങേരു പറഞ്ഞ ഒരു കാര്യം ഇന്നും ഞാൻ ഓർക്കുന്നു. ക്ലാസിക്കൽ കണ്ടീഷനിങ്ങിന്റെ ഉദാഹരണങ്ങൾ മനുഷ്യരായ നമ്മുടെ ചുറ്റിലും എത്രയോ. ഒരു ഉദാഹരണം മാത്രം പറഞ്ഞാൽ നിങ്ങള്ക്ക് അതിന്റെ വ്യാപ്തി മനസ്സിലാകും. ഞാൻ ഇവിടെ ഇരിക്കുന്ന മണ്ടോടിയെ പട്ടി എന്ന് വിളിക്കുകയാണ്. എന്താണ് മിസ്റ്റർ മണ്ടോടിയുടെ പ്രതികരണം. ക്രോധം. എന്നെ അടിക്കണം എന്ന തോന്നൽ. ശരിയല്ലേ. എന്ത് കൊണ്ടാണ് നിങ്ങള്ക്ക് ഈ വാക്കുകൾ കേട്ടപ്പോൾ എന്റെ നേരെ ക്രോധം ഉല്പാദിപ്പിക്കപ്പെട്ടതു. വ്യക്തമാക്കാൻ പറ്റുമോ. അനർത്ഥങ്ങളായ അനേകം ശബ്‍ദങ്ങളെ ആണ് നാം ഭാഷയായി പരിണമിപ്പിച്ചത്. പല ടോണുകളിൽ ഉള്ള പല പല ശബ്ദങ്ങളുടെ അസോസിയേഷൻ. നമ്മുടെ ചുറ്റുപാടുകളിൽ ചേർത്ത് കൊണ്ടാണ് നാം അവക്ക് അർത്ഥങ്ങൾ പ്രദാനം ചെയ്തത്. ശരിയായ കണ്ടീഷനിംഗ് ആണ് അവിടെ നടന്നത്. ചിത്രങ്ങളും വികാരങ്ങളും ശബ്ദവും ഒക്കെ ഇഴ ചേർന്ന് കിടക്കുന്ന ഈ അസാമാന്യ പ്രക്രിയയെ കുറിച്ചായിരുന്നു ഞാൻ എന്റെ ഇതിനു മുൻപുള്ള ഒരു പോസ്റ്റിൽ വ്യക്തമാക്കിയത്. ചിലർക്കെങ്കിലും അത് മനസ്സിലായില്ല എന്ന് ഞാൻ വിചാരിക്കുന്നു
ഒരു നിമിഷം നിങ്ങൾ ഓരോരുത്തരും ചിന്തിച്ചു നോക്കുക. ഇന്ന് നിങ്ങൾ നിങ്ങളുടെ ഭാഷകൾക്ക് നേരെ പ്രതികരിക്കുന്നത് എങ്ങനെ ആണ്. ശരിയായ കണ്ടീഷനിംഗ് തന്നെ അല്ലെ അവിടെ നടക്കുന്നത്. ഭാഷ എന്നത് ചിത്രവും ശബ്ദവും ഒരേ ഇടത്തു സമ്മേളിച്ച ഒരു അത്ഭുത പ്രതിഭാസമാണ്. നിങ്ങൾ അതിനെതിരെ പ്രതികരിക്കുന്നതിനു അർഥം, അനര്ഥമായ ഒരു ചിത്രം കണ്ടോ, അനര്ഥമായ ഒരു ശബ്ദം കേട്ടോ നിങ്ങൾ പ്രതികരിക്കുന്നു എന്നാണ്. ആ ശബ്ദങ്ങൾക്കോ ചിത്രങ്ങൾക്കോ അർഥം ഉണ്ടായത് ചിര പരിചയം കൊണ്ട് തന്നെ ആണ്

ടൈപ്പിസ്റ്റ് ബാലനും പിയാനിസ്റ്റ് ചാത്തുവും

ബി എ എക്കണോമിക്സ് പരീക്ഷ കഴിഞ്ഞ റിലീഫിൽ ബാലനും ചാത്തുവും മണ്ടോടി തറവാടിന്റെ മുറ്റത്തു,  ലോകത്തു ഇനി  വരാനിരിക്കുന്ന സാമ്പത്തിക മാറ്റങ്ങളെ കുറിച്ച് ചിന്തിച്ചു വശായിരിക്കുകയായിരുന്നു.  കോലായിലെ ചാരുകസേരയിൽ വിഷണ്ണനായിരിക്കുകയായിരുന്ന മണ്ടോടി ചാപ്പൻ,  തന്റെ മക്കളെ അരികത്തേക്കു വിളിച്ചു ഇപ്രകാരം പറഞ്ഞു.

എടാ മക്കളെ.  നിങ്ങൾ എൻജിനീയറോ ഡോക്ടറോ ആകണമെന്നുള്ള എന്റെ ആഗ്രഹം നിങ്ങൾ കുളമാക്കി.  ഇന്നത്തെ നിങ്ങളുടെ പോക്ക് കണ്ടിട്ടു  നിങ്ങളു പറഞ്ഞ ആ സാധനവും, - എന്തോന്നാ അത് സാമ്പത്തിക ശാസ്ത്രഞ്ജനോ  -   നിങ്ങൾ ആകുന്ന മട്ടില്ല.  അപ്പോൾ ഇനി ആകെ പ്രതീക്ഷിക്കാനുള്ളത് ഏതെങ്കിലും ആപ്പീസിലെ ക്ളാർക്കിന്റെയോ ടൈപ്പിസ്റ്റിന്റെയോ പണി ആണ്.  ഏതായാലും ഇതുവരെ ഞാൻ നിങ്ങള് പറഞ്ഞത് കേട്ട്.  ഇപ്പോൾ അതിൽ കാര്യമില്ല എന്ന് നിങ്ങൾക്കും  എനിക്കും മനസ്സിലായി .  ഇനി ഞാൻ പറയുന്നത് നിങ്ങള് കേൾക്കു.  ചിറക്കരയിൽ ഒരു കോമൻ ഇന്സ്ടിട്യൂട്ടിൽ ടൈപ്പിംഗ് പഠിപ്പിക്കുന്നുണ്ട്.  റിസൾട്ട് വരുന്നത് വരെ നിങ്ങൾ അവിടെ പോയി വല്ലതും കുത്ത്.  ടൈപ്പ് അറിയാത്തവർക്ക് ആപ്പീസുകളിൽ എന്ത് കാര്യം.  പറഞ്ഞത് മനസ്സിലായോ.

ബാലൻ അത്  കേട്ട ഉടനെ തലകുലുക്കി എങ്കിലും,  ചാത്തുവിൽ നിന്ന് കുലുക്കം പുറത്തേക്കു വന്നില്ല.  അവൻ എന്തോ പറയുകയാണ്.

അച്ഛാ.  പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ടൈപ്പ് റൈറ്റിങ് അറിയുന്നത് നല്ലതു തന്നെ ആണ്.  ബാലൻ അത് പഠിക്കുന്നെങ്കിൽ അതും നല്ലതു തന്നെ.  പക്ഷെ ഞാൻ ആലോചിക്കുന്നത് അതല്ല.  എനിക്ക് പോലീസിൽ ആണ് പണി കിട്ടുന്നത് എങ്കിൽ ടൈപ്പ് റൈറ്റിംഗ് കൊണ്ട് എന്ത് കാര്യം.  എന്റെ ബോഡി ബാലന്റെ എല്ലിസ്‌കി ബോഡി പോലെ അല്ല.  അത് പോലീസ് പണിക്കു ചേർന്ന ബോഡി ആണ്.  അത് കൊണ്ട് എന്റെ തീരുമാനം അതല്ല .  കോമൻ ഇൻസ്റ്റിറ്റിയൂട്ടിന്റെ അപ്പുറത്തു ഒരു രാമൻ ഇസ്റ്റിറ്റിയൂട് ഉള്ളത് അച്ഛൻ ശ്രദ്ധിച്ചോ.  അവിടെ പിയാനോ പഠിപ്പിക്കുന്നുണ്ട് എന്നാണു ഞാൻ അറിഞ്ഞത്.  പോലീസുകാർക്ക് എന്ത് പിയാനോ എന്ന് അച്ഛൻ ചോദിയ്ക്കാൻ വരുന്നത്  ഞാൻ കാണുന്നുണ്ട്.  ചോദ്യം ശരിയും ആണ്. പക്ഷെ പിയാനോ എന്ന യന്ത്രത്തിൽ നിന്ന് ഉയർന്നുവരുന്നത് അലൗകികമായ സംഗീതമാണ്.  റൗഡിക്കും ടൈപ്പിസ്റ്റിനും ജയിൽ ഇരുന്നും, വീട്ടിലിരുന്നും,  നാട്ടിലിരുന്നും,  ഇന്നും നാളെയും ആസ്വദിക്കാൻ ആവുന്ന മഹത്തായ കല.  അങ്ങനെ ഒരാൾ വീട്ടിൽ ഉണ്ടായിരിക്കുന്നത് നല്ലതല്ലേ. അച്ഛൻ പല കാര്യങ്ങളിലും ഡെസ്പ് ആയി ഇരിക്കുന്ന നേരം അടുത്ത മുറിയിൽ നിന്ന് പിയാനോ തരംഗങ്ങൾ ഈ വീട്ടിൽ വന്നു നിറയുന്നത് വെറുതെ ഒന്ന് ചിന്തിച്ചു നോക്കൂ.

ചാത്തു പറയുന്നത് മഹത്തായ ഒരു സത്യമാണ് എന്ന് ചാപ്പനും തോന്നി.  അല്ലെങ്കിലും ലോകത്തു എല്ലാവരും ടൈപ്പിംഗ് പഠിച്ചത് കൊണ്ട് ഈ ലോകത്തിനു എന്ത് കാര്യം.  ടൈപ്പിസ്റ്റുകളെ പോലെ പോലീസിനെയും ഒരു സമൂഹത്തിനു ആവശ്യം തന്നെ അല്ല.  യന്ത്രത്തെ കൈ കൊണ്ട് ഇടിക്കുന്നവരെ പോലെ മനുഷ്യരെ കൈ കൊണ്ട് ഇടിക്കുന്നവരും ഇവിടെ വേണ്ടേ.

അങ്ങനെ ബാലൻ , ചാത്തു എന്നീ മണ്ടോടികൾ, യഥാക്രമം,  കോമൻ, രാമൻ ഇൻസ്റ്റിറ്റിയൂട്ടുകളിലേക്കു ടൈപ്പിംഗ്,  പിയാനോ എന്നീ കലകൾ പഠിക്കാനായി ഇറങ്ങി പുറപ്പെടുന്നു.

പത്തു വർഷത്തിന് ശേഷം.

നഗരത്തിലെ ഒരു ആപ്പീസിൽ ടൈപ്പിസ്റ്റ്  ബാലൻ സീനിയർ ടൈപ്പിസ്റ്റ്  ആയി വിരാചിക്കവേ ഒരിക്കൽ തലശേരി ടൌൺ ഹാളിൽ ഒരു പിയാനോ കച്ചേരി.  ആള് മറ്റാരുമല്ല.  പിയാനിസ്റ്റ് ചാത്തു.  വൈകുന്നേരം അഞ്ചു മണിക്ക് ആപ്പീസ് വിട്ട ബാലൻ,  സഹോദരൻ ചാത്തുവിന്റെ പിയാനോ കച്ചേരി കേൾക്കാൻ പോകുന്നു .  എന്തൊക്കെയോ അപശബ്ദങ്ങൾ കേൾക്കുന്നു എന്നല്ലാതെ ബാലന് മറ്റൊന്നും പിടി കിട്ടിയില്ല.  പക്ഷെ ഓരോ പാട്ടു (മണിമുട്ടൽ എന്ന് പറയുന്നതാവും ഉചിതം)  കഴിയുമ്പോഴും നാട്ടുകാരുടെ കൈ അടി.  ഇവർ എന്ത് പുല്ലു കേട്ടിട്ടാണ് കൈ  മുട്ടുന്നത് എന്ന് ബാലൻ മനസ്സിൽ പറഞ്ഞു.  പരിപാടി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ പിയാനിസ്റ്റ് ചാത്തു എന്ന തന്റെ ശത്രു  അവിടെ കോലായിൽ  ഇരുന്നു അച്ഛൻ ചാപ്പനോട് പിയാനോ വിശേഷങ്ങൾ ചൊല്ലുകയായിരുന്നു.  വീട്ടിലേക്കു കയറി വന്ന ടൈപ്പിസ്റ്റിനെ ആരും മൈൻഡ് ചെയ്തില്ല.  അപ്പോൾ ബാലന് ചൂടായി  താഴെ പറയുന്ന ഒരു പ്രസംഗം വച്ച് കാച്ചി.

അച്ഛാ. അച്ഛൻ ഓർക്കുന്നോ പത്തു വർഷത്തിന് മുൻപുള്ള ആ കാലം.  ഞാൻ ടൈപ്പ് റൈറ്റിങ്ങിനും,  ചാത്തു പിയാനൊക്കും ചേരുന്നു.  ടൈപ് റൈറ്റിംഗ് ഒരു മാസം പിന്നിട്ട എന്നെ കുറിച്ച്,  അന്ന് ടൈപ്പിംഗ് ടീച്ചർ പറഞ്ഞത് എന്തായിരുന്നു.  ഇവൻ വെറും ഒരു മാസം കൊണ്ട് ഹയർ സ്പീഡിൽ എത്തി.  ഇവന്റെ കഴിവ് അപാരം തന്നെ എന്ന്.  അല്ലെ.  ഓർമ്മയുണ്ടോ.  എന്നാൽ അപ്പുറത്തു പിയാനോ പഠിച്ചു കൊണ്ടിരുന്ന ചാത്തുവിനെ കുറിച്ച് മാഷ് പറഞ്ഞത് എന്താണ്.  ഒരു മാസമല്ല ഒരു കൊല്ലം കഴിഞ്ഞാലും,  ഇവൻ ഒരു മണി പോലും മുട്ടാൻ പഠിക്കില്ല എന്നല്ലേ.  അതും ഓർമ്മയില്ലേ. ഞാൻ നന്നായി പഠിച്ചു പാസായി ഒടുവിൽ ഒരു ആപ്പീസിൽ ഹൈ സ്പീഡിൽ ടൈപ്പ് റൈറ്റിങ് യന്ത്രത്തിൽ മുട്ടാൻ തുടങ്ങി.  ഇവൻ ആമയെ പോലെ നടന്നു രണ്ട് കൊല്ലം കൊണ്ട് എന്തെല്ലാമോ അപശബ്ദങ്ങൾ ഉണ്ടാക്കാൻ പഠിച്ചു .  അച്ചനോടു  ഞാൻ ഒന്ന് ചോദിക്കട്ടെ.  ഈ ടൈപ് റൈറ്റിംഗും പിയാനോ വായനയും തമ്മിൽ എന്താണ് വ്യത്യാസം.  രണ്ടും ഒരു കടലാസിൽ നോക്കി കുറെ കട്ടകളിൽ മുട്ടുന്ന പരിപാടി തന്നെ അല്ലെ.  ഒന്നിൽ നിന്ന് കുറെ ചിത്രങ്ങൾ പുറത്തു വരുന്നു.  മറ്റേതിൽ നിന്ന് കുറെ അപശബ്ദങ്ങളും.  ചിത്രം കാണുന്നതിനേക്കാൾ അച്ഛന് ഇഷ്ടം കൂക്ക് വിളി കേൾക്കുന്നതാണോ.  പറയൂ അച്ഛാ.  പിന്നെ ഇവൻ എങ്ങനെ ആണ് എന്നെക്കാൾ മേലെ ആവുന്നത്.

പക്ഷെ ബാലാ. അവന്റെ യന്ത്രത്തിൽ നിന്ന് പുറത്തു വരുന്നത് സംഗീതമല്ലേ.  നിന്റേതിൽ നിന്ന് പുറത്തു വരുന്നത് ആറു ബോറൻ കത്തുകൾ അല്ലെ.

ഹഹഹ.  അത് കത്തുകൾ നോക്കി അടിക്കുന്നത് കൊണ്ടല്ലേ.  സുകുമാർ  അണ്ടലൂരിന്റെ കവിത നിങ്ങൾ എനിക്ക് ടൈപ്പ് ചെയ്യാൻ തരൂ.  അപ്പോൾ ടൈപ്പ് റൈറ്ററിൽ  നിന്ന് പുറത്തു വരുന്നത് കവിത തന്നെ ആകും. അത് കൊണ്ട് നിങ്ങൾ എന്നെ കവി എന്ന് വിളിക്കുമോ. പ്രതിഭാശാലി എന്ന് വിളിക്കുമോ. ആരോ എഴുതി കൊടുത്തതു നോക്കിയടിക്കാൻ,  കുറച്ചു ട്രെയിനിങ് കിട്ടിയ ആർക്കും പറ്റും.  ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് പോലും .  അവൻ അങ്ങനെ ഞെളിയേണ്ട.

മണ്ടോടി ചാപ്പൻ ഒന്നും പറയാതെ ആകാശം നോക്കിയിരുന്നു 

Monday, 13 August 2018

മിൽഗ്രാമും, നിഴൽ കുത്തും

ഒരു സാമൂഹ്യ പരീക്ഷണവും (milgram experiment) ഒരു സിനിമയും എന്ത് കൊണ്ട് ഒരേ വേദിയിൽ ചർച്ചചെയ്യപ്പെടുന്നു എന്ന് ചിലപ്പോൾ നിങ്ങൾ സംശയം ചോദിച്ചേക്കും. മുൻപ് എനിക്കും ഇതേ സംശയം ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ തോന്നുന്നത്, ഗുപ്തമായ ചില തന്തുക്കൾ ഇവയെ പരസ്പരം ബന്ധിപ്പിക്കുന്നു എന്നാണു.
ന്യുറംബർഗ് വിചാരണ വേളകളിൽ ആണ് മിൽഗ്രാം തന്റെ സാമൂഹ്യ പരീക്ഷണങ്ങൾ നടത്തിയത്. തന്റെ പരീക്ഷണങ്ങൾ ന്യുറംബർഗ് വിചാരണകളെ സ്വാധീനിക്കണം എന്ന് മിൽഗ്രാം ആഗ്രഹിച്ചിരുന്നോ എന്ന് എനിക്ക് അറിയില്ല. എന്ത് തന്നെ ആയാലും മിൽഗ്രാം തന്റെ പരീക്ഷണങ്ങളിൽ നിന്ന് എത്തിച്ചേർന്ന നിഗമനം ഇതായിരുന്നു. നിങ്ങൾ ചെയ്യുന്ന ക്രൂരതകളുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ, അതി ശക്തമായ ഒരു അതോറിറ്റി മുകളിൽ നില കൊള്ളുന്നു എങ്കിൽ നിങ്ങൾ എന്ത് ക്രൂരതയും ചെയ്യാൻ ബാധ്യസ്ഥരാണ് . ഒരു ആജ്ഞ കിട്ടിയാൽ നിങ്ങൾ അത് സുഗമമായി നിർവഹിക്കും. അതിൽ നിങ്ങളുടെ നീതി ബോധത്തിന് തെല്ലും സ്ഥാനമില്ല എന്ന്. സന്ദര്ഭ വശാൽ ഹോളോകാസ്റ്റിലും സംഭവിച്ചത് ഇത് തന്നെ ആണ്. മുകളിൽ ഹിറ്റ്ലർ എന്ന ഭീകരൻ ആജ്ഞകൾ കൊടുത്തുകൊണ്ടേ ഇരിക്കുന്നു. താഴെ ഉള്ളവർ അനുസരിച്ചു കൊണ്ടേ ഇരിക്കുന്നു. മിൽഗ്രാമിന്റെ വാദം അനുസരിച്ചു താഴെ ഉള്ളവർ നിസ്സഹായർ ആണ്. അവരുടെ കുറ്റത്തിന്റെ ഉത്തരവാദിത്വം താങ്ങാൻ മുകളിൽ ഒരാൾ ഉള്ളത് കൊണ്ട് അവർ കുറ്റക്കാർ അല്ലാതാകുന്നു എന്ന്. പക്ഷെ ന്യുറംബർഗ് ഈ വാദങ്ങൾ അംഗീകരിച്ചില്ല എന്നതാണ് സത്യം. (ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാൽ ന്യുറംബർഗ് വിചാരണ വേളയിൽ മുകളിൽ ഇരിക്കുന്ന യഥാർത്ഥ കുറ്റവാളി ഇഹലോക വാസം വെടിഞ്ഞിരുന്നു എന്നുള്ളതായിരുന്നു. അതായത് ബാക്കി ഉള്ളത് കുറെ നിസ്സയായർ മാത്രം. )
പിൽക്കാലത്തു തന്റെ അതി പ്രശസ്തമായ ഒരു ഗ്രന്ഥത്തിൽ (anatomy of human destructiveness) എറിക് ഫ്രം മിൽഗ്രാമിന്റെ വാദങ്ങളെ ഒക്കെ ഖണ്ണിക്കുകയാണ്. അസ്വാഭാവികമായി സൃഷ്ടിക്കപ്പെടുന്ന ഒരു പരിതസ്ഥിതിയിൽ വച്ച് നടത്തപ്പെടുന്ന സാമൂഹ്യ പരീക്ഷണങ്ങൾ യഥാർത്ഥ ജീവിതത്തിന്റെ പകർപ്പുകൾ ആകണം എന്നില്ല. മിൽഗ്രാം പരീക്ഷണങ്ങളിൽ തന്നെ മനുഷ്യൻ അതോറിറ്റിയെ നിരാകരിക്കുന്നതിന്റെ തെളിവുകൾ ഉണ്ടെന്നു ഫ്രം യുക്തി യുക്തം സമര്ഥിക്കുകയാണ്. സൈദ്ധാന്തിക തലത്തിലുള്ള ഈ തർക്കങ്ങളിൽ നിന്ന് മാറി ഒരു നിമിഷം നമുക്ക് ജീവിതത്തിലേക്ക് നോക്കാം. അവിടെ എന്ത് സംഭവിക്കുന്നു എന്ന്.
ഞാൻ ഒരു ബാങ്ക് ഉദ്യോഗസ്ഥൻ ആയിരുന്നു. സാമാന്യ നീതി ബോധം ഒക്കെ ഉള്ള ഒരു ബാങ്ക് ഉദ്യോഗസ്ഥൻ. പക്ഷെ എന്റെ ബാങ്ക് ജീവിതത്തിൽ എന്നെങ്കിലും എനിക്ക് ഈ നീതി ബോധം ഉപയോഗിക്കാൻ പറ്റിയിട്ടുണ്ടോ എന്ന് സംശയമാണ്. ഒരു ദരിദ്രയായ സ്ത്രീ എന്റെ മുന്നിൽ വായ്പക്ക് വരുന്നു. എന്റെ ഉള്ളിലുള്ള നീതി ബോധം എന്നോട് പറയുന്നത് അവർ വായ്പക്ക് അർഹയാണ് എന്നാണു. പക്ഷെ ഇവിടെ എന്റെ ഈ നീതി ബോധത്തിന് ഒരു പ്രസക്തിയും ഇല്ല. മുകളിൽ ഉള്ള ശക്തമായ അതോറിറ്റി ഞാൻ എങ്ങനെ പ്രതികരിക്കണം എന്നുള്ളത് അനേകം നിയമങ്ങൾ ആയി എന്റെ മുന്നിൽ എഴുതി വച്ചിട്ടുണ്ട്. ഈ നിയമങ്ങൾ വച്ച് ഞാൻ ചെയ്യുന്ന കാര്യങ്ങൾക്കൊക്കെ മുകളിൽ നിന്ന് പൊട്ടക്ഷൻ കിട്ടും. മറ്റുള്ളവയ്ക്കൊന്നും ഇല്ല താനും. ദരിദ്രയായ സ്ത്രീ നിസ്സഹായയായി തിരിച്ചു പോകുന്നു.
ഇതിന്റെ ഏറ്റവും എക്സ്ട്രീം ആയ ഉദാഹരണം ആണ് നിഴൽ കുത്ത് എന്ന സിനിമയിൽ അവതരിക്കപ്പെട്ടിട്ടുളളത്. വിശ്വ സിനിമയിൽ പോലും അതി വിരളമായി മാത്രം കണ്ട് കിട്ടുന്ന അവസാന രംഗം. കൊലക്കുറ്റം ആരോപിക്കപ്പെട്ട ഒരു നിസ്സഹായൻ . അവൻ നിരപരാധിയാണ് എന്ന് പൂർണ ബോധമുള്ള ആരാച്ചാർ അവനെ കഴുമരത്തിലേറ്റാൻ പോകുകയാണ്. മിൽഗ്രാമിന്റെ പരീക്ഷണത്തിലെ നിസ്സഹായനായ ഒരു തൊഴിലാളി. മിൽഗ്രാം പറയുന്നത് അയാൾക്ക്‌ മറ്റൊരു തിരഞ്ഞെടുപ്പിന് സാധ്യത ഇല്ല എന്നാണു. അയാളുടെ നീതി ബോധത്തിന് ഇവിടെ പ്രസക്തി ഇല്ല എന്നാണു. ഇവിടെ നിങ്ങള്ക്ക് പറയാം മിൽഗ്രാം പറഞ്ഞത് ശരിയോ തെറ്റോ എന്ന്. നിങ്ങൾ എന്ത് പറയും എന്ന് എനിക്ക് നന്നായി അറിയാം. അത് ഞാൻ ഇവിടെ പറയുന്നില്ല. ഒരു പക്ഷെ പടക്കളത്തിൽ ഒരു പടയാളിയും ഇതേ മനോഭാവം ഉള്ളവൻ ആയിരിക്കും. കാരണം തെറ്റ് ഒരിടത്തു മാത്രമേ ഉണ്ടാകൂ. അത് കൊണ്ട് നീതിയും. അപ്പോൾ അടൂരിന്റെ സിനിമയിൽ നമ്മൾ കാണുന്നത് രണ്ട് നിസ്സഹായരെ ആണ്. ഒന്ന് കുറ്റം ചെയ്യാതെ കഴുമരത്തെ അഭിമുഖീകരിക്കുന്ന ഒരു നിസ്സഹായൻ. മറ്റേതു കുറ്റം ചെയ്യാത്തവനെ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട ഒരു ആരാച്ചാർ.
പക്ഷെ ആരാച്ചാരുടെ നീതി ബോധം, സ്വയം മരണത്തിനു കീഴടങ്ങിക്കൊണ്ടു പ്രതിഷേധിക്കുകയാണ്. ഒരു പക്ഷെ ഫ്രം പറഞ്ഞതും ഒരു പരിധിവരെ ശരിയാണ്എന്ന് ഈ രംഗം തെളിയിക്കുകയാവാം

Wednesday, 11 July 2018

ചികിത്സയെ കുറിച്ചുള്ള എന്റെ ചില മാർക്സിയൻ അന്ധവിശ്വാസങ്ങൾ

മഴയത്തു കൊണ്ട് പോയി ഇട്ട കുട്ടി മഴയിൽ തണുപ്പിൽ രോഗത്തിൽ പെട്ട് മരിക്കും എന്ന് നമുക്ക് അറിയാം.  കുരങ്ങിൽ നിന്ന് പരിണമിച്ചു വന്ന ആദ്യത്തെ കുട്ടിക്കും മഴ ഒരു ശത്രു തന്നെ ആയിരിക്കാം.  പക്ഷെ അവനോ, അവളോ,  അല്ലെങ്കിൽ അവരിൽ പലരോ,  മഴയെ അതിജീവിച്ചു.  അങ്ങനെ അല്ലായിരുന്നു  എങ്കിൽ നാം ഇന്ന് ഉണ്ടാകുമായിരുന്നില്ല.  ആദിയിലെ അർദ്ധ മൃഗ കുട്ടിക്ക് തന്റെ പിതാവിന്റെയോ മാതാവിന്റെയോ,  പ്രതിരോധ  ശക്തികൾ അതെ പോലെ പകർന്നു കിട്ടിയിട്ടുണ്ടാകും എന്ന് കരുതാം.  ഇവിടെ ഒരാൾ എഴുതിയതു പോലെ,  ആധുനിക ലോകത്തു മാത്രമല്ല രോഗങ്ങൾ ഉണ്ടായിരുന്നത്.  അതി പ്രാചീന കാലത്തും ഇവിടെ രോഗങ്ങൾ പതിവുപോലെ ഉണ്ടായിരുന്നു.  പ്ളേഗും വസൂരിയും അന്നുമുണ്ടാകാം.  അല്ലെങ്കിൽ അതിന്റെ മറ്റു രൂപങ്ങൾ.   പക്ഷെ അന്നും അവയ്ക്കു ആദി മനുഷ്യനെ കൊന്നു തീർക്കാൻ പറ്റിയില്ല .  ആദിമനുഷ്യന്റെ മുൻഗാമിയായ കുരങ്ങനെ ഇത്തരം രോഗങ്ങൾ വേവലാതി പെടുത്തിയിരുന്നോ എന്നും നമുക്ക് അറിയില്ല.  മൃഗങ്ങളിൽ നിന്ന് പകർച്ച വ്യാധികൾ മനുഷ്യനിലേക്ക് പകരുന്നത് പോലെ , മനുഷ്യനിൽ നിന്ന് പകർച്ചവ്യാധികൾ മൃഗങ്ങളിലേക്കു പകരുന്നുണ്ടോ.  വൈറസുകൾ മൃഗങ്ങളെയും ഭീഷണിപ്പെടുത്തുന്നുണ്ടോ.  ഇല്ലെങ്കിൽ ആദി മനുഷ്യൻ ആയി ജനിച്ചു വീണ അവനെയും,  വൈറസുകൾ അലോസരപ്പെടുത്തിയിരിക്കാൻ ഇടയില്ല

വിഗ്രഹങ്ങളെ കുറിച്ച് മാർക്സ് പറഞ്ഞ ഇടത്തു,  മാർക്സ് പറഞ്ഞു എന്ന് എനിക്ക് തോന്നിയ ഒരു കാര്യം ഇവിടെ എഴുതാം.  മനുഷ്യന്റെ പരിപൂര്ണതയിലേക്കുള്ള വളർച്ചയിൽ അവനു പ്രതിബന്ധമായി നിൽക്കാൻ വിഗ്രഹങ്ങൾക്ക് കഴിയും എന്ന്.  മാർക്സ് പറഞ്ഞ വിഗ്രഹം എന്നത്,  അമ്പലത്തിന്റെ മുന്നിൽ വച്ച വിഗ്രഹം മാത്രമല്ല.  അതിൽ മനുഷ്യനെ അകപ്പെടുത്താനിടയുള്ള പല പല വിഗ്രഹങ്ങൾ ഉണ്ട്. വിഗ്രഹങ്ങൾ എന്നത് കൊണ്ട് മാർക്സ് ഉദ്ദേശിച്ചത്,  തന്നിലെ കഴിവുകൾ ഓരോന്നും സമാഹരിച്ചു വച്ച ഒരു ബാഹ്യ വസ്തു ആണ്.  തന്നിൽ നിന്ന് ബാഹ്യമായ  ഒന്ന്. ഓർമ്മ ശക്തിയുടെ ബാഹ്യ വൽക്കരിച്ച രൂപം കമ്പ്യൂട്ടർ ആയിരിക്കുന്നത് പോലെ,  നിന്റെ ശക്തിയുടെയും,  നന്മയുടെയും , മറ്റും മറ്റും ബാഹ്യവൽക്കരിക്കപ്പെട്ട രൂപമായ ദൈവ  വിഗ്രഹം നിലകൊള്ളുന്നു .  പക്ഷെ ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം നിന്റെ കമ്പ്യൂട്ടറിലേക്ക് നീ കൈമാറ്റം ചെയ്തിരിക്കുന്നത് നിന്നിലെ കഴിവുകൾ ആയ ഓർമ്മയും,  കണക്കു കൂട്ടാനുള്ള കഴിവും മറ്റുമാണ്.  അതായത് ഈ രണ്ടോ മൂന്നോ ഗുണങ്ങൾ ഇനി നിന്നിൽ നിന്ന് ഒഴിഞ്ഞു പോകുകയാണ്.  ഇനി നിനക്ക് അവ വേണം എന്നില്ല.  അവയുടെ ആവശ്യം വരുമ്പോൾ നീ ഈ കമ്പ്യൂട്ടറിന്റെ മുന്നിൽ കുനിഞ്ഞു നിന്നാൽ മതി.  ഒരു ദൈവ വിഗ്രഹത്തിനു മുന്നിൽ കുനിഞ്ഞു നിൽക്കുന്നത് പോലെ.  മാർക്സിന്റെ മഹത്തായ ഒരു വചനത്തിന്റെ അര്ത്ഥം നാം ഇവിടെ മനസ്സിലാക്കുന്നു.  വിഗ്രഹങ്ങൾ ശക്തിയാർജ്ജിക്കുമ്പോൾ മനുഷ്യൻ ദുർബലമാകുന്നു.  കമ്പ്യൂട്ടർ ശക്തി പ്രാപിക്കുമ്പോൾ എനിക്ക് ഓർമ്മ കുറഞ്ഞു കുറഞ്ഞു വരുന്നു.  പത്താം ക്ലാസിലെ കുട്ടിക്ക് ഒന്ന് കൂട്ടണം ഒന്ന് എത്രയെന്നു  അറിയാൻ ,  ഇനി അങ്ങോട്ട്,  തന്റെ മനന ശക്തി കൂട്ടിനില്ല.  അവന്റെ തൊട്ടു കൂട്ടുന്ന യന്ത്രം തന്നെ വേണം.  ഇതാണ് യന്ത്രങ്ങളുടെ വൈരുധ്യം.  അങ്ങനെ പറഞ്ഞാൽ പോരാ. വിഗ്രഹങ്ങളുടെ വൈരുധ്യം.  മനുഷ്യന് ഒരു സഹായിയായി വരുന്ന എന്തിനും,  മനുഷ്യ ജീവിതത്തിൽ ഈ രീതിയിൽ ഒരു വില്ലന്റെ റോൾ ഉണ്ട്.  അത് മനുഷ്യന്റെ വളർച്ചക്ക് പരിമിതി നിർണയിക്കുന്നു.  ആ പരിമിതി അത് ബാഹ്യ വസ്തുക്കളിലൂടെ പൂർത്തീകരിക്കുന്നു.  നിങ്ങൾ കുറെ കാലം പറക്കാൻ ആഗ്രഹിച്ചിരുന്നു എങ്കിൽ നിങ്ങള്ക്ക് ചിറകുകൾ മുളച്ചേനെ.  പക്ഷെ പറക്കുന്ന ഒരു യന്ത്രം കണ്ട് പിടിച്ചതോടെ കൂടെ, അത്തരം ഒരു ആഗ്രഹം നിങ്ങളിൽ നിന്ന് അറുത്തു മാറ്റപ്പെട്ടു.  ഇനിയൊരിക്കലും നിങ്ങള്ക്ക് ചിറകുകൾ മുളക്കാൻ സാധ്യത ഇല്ല.

അപ്പോൾ ഇനി ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യത്തിലേക്കു വരാം.  മനുഷ്യൻ സ്വാഭാവിക പ്രതിരോധ ശക്തിയോടെ ഈ ലോകത്തു ജനിച്ചു വീണു എങ്കിൽ,  അവനു രോഗങ്ങളെ തടുക്കാനുള്ള ആയുധങ്ങൾ അവന്റെ തന്നെ ശരീരത്തിൽ പ്രകൃതി നൽകിയിരിക്കണം. ഓർമ്മ ശക്തി പോലെ ഉള്ള ഒരു കഴിവ് എന്ന് വിചാരിക്കാം.  ഓർമ്മ ശക്തിക്കു കമ്പ്യൂട്ടർ പകരം നിൽക്കുകയും അന്ന് മുതൽ,  മനുഷ്യനിൽ സ്വത സിദ്ധമായി ഉണ്ടായിരുന്നു ഓര്മ ശക്തിക്കു പരിക്കേൽക്കുകയും   ചെയ്തു എങ്കിൽ അതിനു അർഥം,  ശരീരത്തിന്റെ സ്വയം ചികിത്സാ സാമഗ്രികൾക്കും പകരം നിൽക്കാൻ ബാഹ്യമായ വിഗ്രഹങ്ങൾ നടപ്പിൽ വരുന്നതോടു കൂടി, അവനിൽ നിലനിന്ന സ്വാഭാവിക പ്രതിരോധത്തിനും പരിക്കേൽക്കും.

ഈ ഒരു കാര്യമാണെന്ന് തോന്നുന്നു ഇവിടത്തെ പ്രകൃതി ചികിത്സകർ എല്ലാകാലവും പറഞ്ഞു കൊണ്ടിരുന്നത് എന്ന് ഞാൻ വിചാരിക്കുന്നു. ആധുനിക വൈദ്യവും ഇന്ന് ഇത് ഒരു പരിധിവരെ അംഗീകരിച്ചിരിക്കുന്നു.

യന്ത്രങ്ങൾ , ബാഹ്യ വസ്തുക്കൾ എന്നിവ  മനുഷ്യന്റെ നീട്ടി വച്ച കൈകളുടെ സ്ഥാനം അലങ്കരിക്കുന്ന കാലത്തോളം അതിൽ അപകടങ്ങൾ ഇല്ല.  പക്ഷെ എന്ന് അവ നമ്മുക്ക് ആരാധിക്കാനായുള്ള വിഗ്രഹങ്ങൾ ആയി തീരുന്നോ, അന്ന് മുതൽ അവ  മനുഷ്യനെ നിയന്ത്രിക്കാൻ തുടങ്ങും.  മനുഷ്യൻ തന്റെ തന്നെ സൃഷ്ടിയുടെ അടിമയായി തീരും.

Sunday, 8 July 2018

എലികളുടെ അവകാശികൾ ശരിക്കും ആരാണ് പൂച്ചകളോ പാമ്പുകളോ ?

അനാദി കാലം മുതൽ, അതായത്, പൂച്ചകളും പാമ്പുകളും എലികളും ഉണ്ടായ കാലംമുതൽ നില നിൽക്കുന്ന ഒരു തർക്കമാണിത്. ഇന്ന് വീടുകളുടെ പറമ്പുകളിലും ചിലപ്പോൾ മുറ്റങ്ങളിലും ഈ തർക്കം തുറന്ന യുദ്ധങ്ങളിൽ കലാശിക്കുന്നു.

രാവിലെ മുറ്റത്തിറങ്ങിയപ്പോൾ ഒരു ഫുട്ബാളിന് ചുറ്റും പത്തോളം പൂച്ചകൾ . അഞ്ചു പൂച്ചകൾ അപ്പുറത്തും ഇപ്പുറത്തും ഉള്ള ഫൈവ്സ് ഫുട്ബാൾ പരിപാടിയാണോ എന്ന് സംശയിച്ചു ഞാൻ കളികാണാൻ നിന്നു. അപ്പോൾ ഫുട്ബാൾ ഉരുളുന്നതും , അതിനു രണ്ട് തലകളുള്ളതും ഞാൻ കാണുന്നു. രണ്ട് തലയുള്ള ഏതോ ജീവി ഒരു ഫുട്ബാൾ പോലെ സ്വയം ചുരുട്ടി കൂട്ടിയിരിക്കുന്നു. പൂച്ചകളുടെ ഫോർവേഡ് ഇപ്പോൾ ബാളിൽ തട്ടുകയാണ്. ഒരു സുന്ദരിപ്പെണ്ണിന്റെ തിരുമുടിക്കെട്ടു അഴിഞ്ഞു വീഴുന്നത് പോലെ ഇപ്പോൾ ബാൾ തകർന്നിരിക്കുകയാണ്. രണ്ട് തലകൾ ഇരുതലകളുള്ള ജീവിയുടേതല്ലെന്നും, പ്രത്യേകം പ്രത്യേകം തലകളും ബുദ്ധിയുമുള്ള രണ്ട് ജീവികളുടേതാണ് എന്നും ഇപ്പോൾ വ്യക്തമാവുകയാണ്. ഒന്ന് നീർക്കോലി എന്ന ചേരയും, മറ്റേതു മാർജാരരുടെ സ്ഥിര ശത്രുക്കളെന്നു കേൾവികേട്ട എലിയും. അപ്പോൾ പ്രശ്നം എന്തെന്ന് വ്യക്തമായല്ലോ. ഒരാളുടെ ടെറിട്ടറിയിൽ കയറി മറ്റെയാൾ കളിച്ചു എന്ന് വ്യക്തം. ഓഫ് സൈഡ്. എലി ചാടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മാർജാരരിൽ ഒരുവൻ അതിനെ തട്ടിയെടുത്തു ഓടി രക്ഷപ്പെട്ടു. ഇത്രയും നേരത്തെ പ്രയത്നം വ്യർത്ഥമായി എന്ന് മനസ്സിലാക്കിയ പാമ്പ് വിഷണ്ണനായി കിടക്കുന്നു. ഞാൻ സമാധാനിപ്പിച്ചു. ഇതൊക്കെ ലോക നീതിയാണ് പാമ്പേ. തല്ക്കാലം എലിയുടെ മണമെങ്കിലും അനുഭവിക്കാൻ പറ്റിയല്ലോ. ഇരുപതു പൂച്ചകൾ ജീവിക്കുന്ന ഇവിടെ വച്ച് അതെങ്കിലും സാധിച്ചല്ലോ എന്ന് ചിന്തിച്ചു നിർവൃതിയടയുക.

പാമ്പ് താങ്ക്സ് പറഞ്ഞു കൊണ്ട് അടുത്ത പറമ്പുകളിൽ കുറ്റിച്ചെടികൾക്കു ഇടയിലേക്ക് മറയുകയാണ്. ഗുഡ് ബൈ

Friday, 15 June 2018

മിൽഗ്രാമിന്റെ പരീക്ഷണം

1980 കാലഘട്ടത്തിൽ ആയിരുന്നു നമ്മൾ ട്രാൻസാക്ഷണൽ അനാലിസിസിനെ കുറിച്ച് കേട്ടത്. തോമസ് ആന്റണി ഹാരിസ് എഴുതിയ I AM OK, YOU ARE OK എന്ന പുസ്തകം അന്ന് നമുക്കിടയിൽ ഒരു കൾട്ട് ആയിരുന്നു . എറിക് ബേണിന്റെ സിദ്ധാന്തം, ചുരുക്കി പഠിപ്പിച്ച ഈ ഗ്രന്ഥത്തിൽ ആയിരുന്നു ഞാൻ ആദ്യമായി മിൽഗ്രാം പരീക്ഷണത്തെ കുറിച്ച് വായിച്ചത്. അധികാര കേന്ദ്രങ്ങളുടെ ആജ്ഞകളെ ശിരസ്സാവഹിക്കുന്ന അടിയാളന്മാരെ കുറിച്ചുള്ള ഒരു പഠനമായിരുന്നു മിൽഗ്രാം ഉദ്ദേശിച്ചത്. അധികാര കേന്ദ്രങ്ങളെ അനുസരിക്കുന്ന കാര്യത്തിൽ പൗരന്റെ മനസ്സാക്ഷി നിശ്ചേഷ്ടമാണ് എന്നത്രെ മിൽഗ്രാം തെളിയിക്കാൻ ശ്രമിച്ചത്. ഏതു ക്രൂരതയും ചെയ്യാൻ ആജ്ഞ സ്വീകരിക്കുന്നവർ ഒരുങ്ങേണ്ടി വരുന്നു . മുകളിൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഒരാൾ വേണമെന്ന് മാത്രം. ഒരളവുവരെ മിൽഗ്രാമിന്‌ ഇക്കാര്യത്തിൽ മുൻവിധി പോലും ഉണ്ടായിരിക്കാനിടയുണ്ട് എന്ന് ഞാൻ വിചാരിക്കുന്നു . ന്യൂറം ബർഗ് വിചാരണ വേളയിൽ ആയിരുന്നു മിൽഗ്രാമിന്റെ ഈ പരീക്ഷണം എന്നുള്ളത് അതിന്റെ രാഷ്ട്രീയ പ്രാധാന്യം വർധിക്കുന്നു. ഒരു തരത്തിൽ ന്യൂറം ബർഗിലും ഉയർന്നു വന്ന ഒരു ചോദ്യം ഇതായിരുന്നു. ഹിറ്റ്ലറുടെ ആജ്ഞ അതെ പോലെ ശിരസ്സാവഹിച്ച അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥർ അത് കൊണ്ട് മാത്രം കുറ്റവാളികൾ ആകുന്നുണ്ടോ. അവർ നിസ്സഹായർ അല്ലെ എന്ന ചോദ്യം.
കുട്ടികളുടെ പഠനത്തിൽ ശിക്ഷ എത്ര മാത്രം ഗുണം ചെയ്യും എന്നറിയാൻ വേണ്ടിയുള്ള പഠനം എന്ന രീതിയിൽ ആണ് മിൽഗ്രാം തന്റെ ഈ സാമൂഹ്യ പരീക്ഷണം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. പരീക്ഷണത്തിൽ പങ്കെടുക്കുന്നവർ കുറെ പേര് അധ്യാപകരും, മറ്റു കുറെ പേര് വിദ്യാർത്ഥികളും ആയിരിക്കും. (വിദ്യാർത്ഥികളുടെ തിരഞ്ഞെടുപ്പ് മിൽഗ്രാം നേരത്തെ തന്നെ നടത്തി. ഇനി അധ്യാപകർ മാത്രമേ വേണ്ടൂ). ജീവിതത്തിന്റെ നാനാ തുറയിൽ ഉള്ളവരെ അധ്യാപകർ ആയി തിരഞ്ഞെടുക്കുന്നു. പരീക്ഷണം ഇങ്ങനെ. അധ്യാപകനും ചോദ്യം സ്വീകരിക്കുന്ന വിദ്യാർത്ഥിയും ഒരിക്കലും പരസ്പരം കാണാത്ത വിധത്തിൽ രണ്ട് മുറികളിൽ, മൈക്രോ ഫോണിലൂടെ മാത്രം പരസ്പരം ബന്ധപ്പെടുന്നു. അധ്യാപകന്റെ മുന്നിൽ ചോദ്യ പേപ്പറും, പോരാതെ കുട്ടിക്ക് ഇലക്ട്രിക് ഷോക് കൊടുക്കാൻ ഒരു ഉപകരണവും ഉണ്ട്. അദ്ധ്യാപകൻ ചോദ്യം ചോദിച്ചു കുട്ടി ഉത്തരം തെറ്റിച്ചാൽ അദ്ധ്യാപകൻ കുട്ടിക്ക് ഷോക് കൊടുക്കുന്നു. ഷോക് ഒന്ന് മുതൽ , രണ്ട് മൂന്നു എന്നിവ കടന്നു മുപ്പതു സ്വിച്ചുകളിൽ എത്തുന്നു. വളരെ നേരിയ പതിനഞ്ചു വോൾട് മുതൽ അത്യപകടകരമായ 450 വാട് ഷോക് വരെ കൊടുക്കാവുന്ന സ്വിച്ചുകൾ അതിൽ ഉണ്ട്. മിൽഗ്രാമിന്‌ അറിയേണ്ടത് ഇത് മാത്രമായിരുന്നു. കുട്ടികളെ അതി ക്രൂരമായി ശിക്ഷിക്കുന്ന കാര്യത്തിൽ ഈ അദ്യാപകർ ഏതു പരിധിവരെ പോകും. പരീക്ഷണത്തിൽ എന്ത് അപകടം സംഭവിച്ചാലും അതിന്റെ പൂർണ ഉത്തരവാദിത്വം തനിക്കു മാത്രമാവും എന്ന് ആദ്യമേ പ്രഖ്യാപിക്കപ്പെടുന്നു. പരീക്ഷണം തുടങ്ങിയപ്പോൾ അദ്ധ്യാപകൻ ചോദിച്ച ചോദ്യങ്ങൾ ഒക്കെയും വിദ്യാർത്ഥി തെറ്റിച്ചു മറുപടി പറയുന്നു . (മിൽഗ്രാം കരുതി കൂട്ടി ചെയ്ത ഒരു കാര്യം. മൈക്രോ ഫോണിലൂടെ കേട്ട വിദ്യാർത്ഥിയുടെ നിലവിളിയോ, പിന്നീടുള്ള അലർച്ചയോ, യഥാർത്ഥത്തിൽ റെക്കോർഡ് ചെയ്യപ്പെട്ടവ മാത്രമായിരുന്നു. അവിടെ ഒരു വിദ്യാർത്ഥി പോലും ഉണ്ടായിരുന്നില്ല ). അദ്ധ്യാപകൻ കുട്ടിയെ ഷോക് കൊടുത്തു ശിക്ഷിക്കുന്നു. വീണ്ടും തെറ്റിക്കുന്നു, കൂടിയ ഷോക് കൊടുക്കുന്നു. അദ്ധ്യാപകൻ തുടരാൻ മടിക്കുമ്പോൾ മിൽഗ്രാം അധ്യാപകന് നാല് ആജ്ഞകൾ കൊടുക്കും. അതായത് നിങ്ങൾ തുടരേണ്ടത് ഈ പരീക്ഷണത്തിന് ആവശ്യമാണ് എന്ന് ബോധ്യപ്പെടുത്താനുള്ള ആജ്ഞകൾ . അദ്ധ്യാപകൻ എല്ലാം നിരാകരിച്ചാൽ പരീക്ഷണം അവസാനിപ്പിക്കും.
പരീക്ഷണം കഴിഞ്ഞപ്പോൾ കിട്ടിയ റിസൾട്ട് ഇങ്ങനെ. 65 ശതമാനം പേരും, വിദ്യാർത്ഥിയെ കൊല്ലാൻ പോലും സാധ്യതയുള്ള ഷോക് കൊടുത്തു. ബാക്കിയുള്ള മുഴുവൻ പേരും 300 വോൾട്‌വരെ എത്തി. മിൽഗ്രാമിന്റെ കണ്ടെത്തൽ ഇങ്ങനെ. തങ്ങൾക്കു മുകളിൽ ഇരിക്കുന്ന ആളുടെ ആജ്ഞ, വ്യവസ്ഥാപിത നിയമമാണ് എങ്കിൽ, അധികാര കേന്ദ്രത്തിന്റെ നിയമ സാധുത ചോദ്യം ചെയ്യപ്പെടാത്തതാണ് എങ്കിൽ, അതിനെ താൻ അനുസരിക്കേണ്ടവനാണ് എങ്കിൽ, എന്ത് നികൃഷ്ടമായ ക്രൂരതയും ചെയ്യാൻ പൗരൻ തുനിയും. മിൽഗ്രാമിന്റെ കാര്യത്തിൽ ശാസ്ത്രമായിരുന്നു ആ അധികാര കേന്ദ്രം. അത് പറയുന്നത് എന്തും ശരിയെന്നു കരുതുന്ന ജന വിഭാഗം. അവർ എന്ത് ക്രൂരതയും ചെയ്യുമെന്ന് സാരം.
1973 ഇൽ എറിക് ഫ്രം , തന്റെ 'അനാട്ടമി ഓഫ് ഹ്യൂമൻ ഡിസ്ട്രക്ടീവ്നെസ്സ്' എന്ന പുസ്തകത്തിലെ ഒരു ലേഖനത്തിൽ മിൽഗ്രാമിന്റെ എല്ലാ വാദങ്ങളെയും ഖണ്ണിക്കുകയാണ്. ഒരു പരീക്ഷണാന്തരീക്ഷത്തിൽ സംഭവിക്കുന്നതൊന്നും ജീവിതത്തിൽ അതുപോലെ ആയിരിക്കണമെന്നില്ല. അബ്രഹാമിന്റെ ദൈവത്തിനു സമാനമാണ് ആധുനിക ലോകത്തു ശാസ്ത്രം. അബ്രഹാം തന്റെ മകനെ കുരുതി കൊടുക്കാൻ ദൈവം ആജ്ഞാപിച്ചപ്പോൾ ഒരു മനസ്സാക്ഷി കുത്തും ഇല്ലാതെ അതിനു മുതിരുന്നു. എന്നാൽ മിൽഗ്രാം പരീക്ഷണത്തിൽ (ശാസ്ത്രം എന്ന ആധുനിക ദൈവത്തിന്റെ മുന്നിൽ) സംഭവിച്ചത് അതല്ല. പരീക്ഷണത്തിൽ മുപ്പത്തി അഞ്ചു ശതമാനം പേര് ഏതൊക്കെയോ ഘട്ടത്തിൽ മുന്നോട്ടു പോകാൻ വിസമ്മതിച്ചു. മുന്നോട്ടു പോയവർ തന്നെ വളരെ ഏറെ വികാര വിക്ഷുബ്ധർ ആയിരുന്നു. എല്ലാവരിലും ഒരു പരിധിയിൽ അധികം കുറ്റബോധം തളിരിട്ടിരുന്നു. തീർച്ചയായും ഈ മനുഷ്യർ അബ്രഹാമിനെക്കാൾ മേന്മ ഉള്ളവര് തന്നെ ആണ്.
രണ്ട് മഹാരഥന്മാർ അഭിപ്രായം പറഞ്ഞ ഇടത്തു ഇനി ഞാൻ കയറി വല്ലതും പറയുന്നത് അധിക പറ്റാവുമെന്നു അറിയാം. എന്നാലും പറയാം. അബ്രഹാമിന് ദൈവത്തോട് തോന്നിയ അതെ വികാരം ആധുനിക മനുഷ്യന് ശാസ്ത്രത്തോടു ഉണ്ടോ. ആധുനിക മനുഷ്യൻ കുറെ കൂടെ SCEPTIC അല്ലെ. അത് ഒരു വശം. എന്റെ മറ്റൊരു വാദഗതി അവതരിപ്പിക്കാൻ ഞാൻ വീണ്ടും നിഴൽ കൂട്ടത്തിലെ ആരാച്ചാരെ കൂട്ട് പിടിക്കുകയാണ്. എന്ത് കൊണ്ടാണ് ആരാച്ചാർ അനീതിക്കെതിരെ ആക്റ്റീവ് ആയി പ്രതിഷേധിക്കാതിരുന്നത്. അതിനു പകരം ഒരു വികാര ജീവിയായി മരണത്തിനു കീഴടങ്ങിയത്. തീവണ്ടി തടയാൻ പോയവർ തീവണ്ടിയെ അഭിമുഖീകരിച്ചത് പോലെ ആണ് ആരാച്ചാരുടെ സ്ഥിതി. അദ്ദേഹം പൂർണമായും നിസ്സഹായനാണ്. ആ നിസ്സഹായത അയാളുടേത് മാത്രമല്ല. ഒരു സമൂഹത്തിന്റേതു മുഴുവനും ആണ്. ഞാനും നീയും ഒക്കെ ആ നിസ്സഹായത പേറുന്നവർ ആണ്.

Sunday, 13 May 2018

പോൺ

കുപ്പായമിടാത്ത പെണ്ണുങ്ങളുടെ ചിത്രമായിരുന്നു നമ്മുടെ ചെറുപ്പ കാലത്തെ പോൺ. ഡെൽ ടോറോവിന്റെ പ്രേത ചിത്രത്തിലെ കുട്ടികൾ ഇത്തരം ചിത്രങ്ങൾ പരസ്പരം പങ്കിടുന്നത് കണ്ടപ്പോൾ ഞാൻ നമ്മുടെ പഴയ കാലം ഓർത്തു പോയി. അന്ന് പുസ്തക താളുകൾക്കിടയിൽ മറച്ചു വച്ച ഈ ചിത്രം നോക്കി കൊണ്ടിരുന്ന ബാലനെ മാഷ് പിടിച്ചു തല്ലിയത് ഞാൻ ഇന്നും ഓർക്കുന്നു. സ്‌കൂളിനടുത്തുള്ള വണ്ടി പീടികയിൽ ഇത്തരം പുസ്തകങ്ങൾ വാങ്ങാൻ കിട്ടുമായിരുന്നു. അതിൽ ചെറു കഥകളും ഉണ്ടാകും. മഞ്ഞ പുസ്തകങ്ങൾ എന്ന പേരിൽ പ്രസിദ്ധിയാര്ജിച്ച ആ പുസ്തകങ്ങളെ ഇന്ന് പലരും മറന്നു. വീടിനടുത്തുള്ള ലൈബ്രറി നടത്തിയത് എന്റെ വകയിൽ ഒരു മാമൻ ആയിരുന്നു. ഡിറ്റക്ടീവ് നോവലുകൾ ആയിരുന്നു എനിക്ക് പ്രിയം. ഒരു ദിവസം നോവലുകൾ തിരയുന്നതിനു ഇടയിൽ രതി സാമ്രാജ്യം എന്ന പുസ്തകം. മാമൻ അറിയാതെ ഞാൻ ആ പുസ്തകം ചൂണ്ടി. പക്ഷെ വാതിലിനു മുന്നിൽ വച്ച് മാമൻ എന്നെ കയ്യോടെ പിടിച്ചു. അന്ന് മാമൻ നോക്കിയ ആ നോട്ടം ഞാൻ ഒരിക്കലും മറക്കില്ല. പക്ഷെ മാമൻ അതിനപ്പുറം പോയില്ല. മാമന് ഇംഗ്ളീഷ് അറിയാത്തതു കൊണ്ട് ആ ഇടയ്ക്കു ഞാൻ എടുത്തു വായിച്ച ചില നോവലുകൾ ഒക്കെയും അതിലും തറയായിരുന്നു എന്ന കാര്യം അറിയാനും പറ്റിയില്ല . മാമൻ തട്ടിപ്പറിച്ചു തിരിച്ചു കൊണ്ട് പോയത് കൊണ്ടാവാം, രതി സാമ്രാജ്യം ഒരിക്കലും എനിക്ക് വായിക്കാൻ തോന്നിയില്ല. കോളേജിൽ എത്തിയപ്പോൾ പോൺ കുറച്ചു കൂടെ നിലവാരം ഉള്ളതായി. നല്ല നിലവാരമുള്ള ഫോട്ടോകൾ സംഘടിപ്പിക്കാൻ കഴിവുള്ളവർ ആയിരുന്നു, ചിലർ. അങ്ങനെ അനേകം മദാമ്മമാർ കുപ്പായമില്ലാതെ നമ്മുടെ മുന്നിൽ നിരങ്ങി. കൂട്ടത്തിൽ അവരുടെ കാമ കേളികളും . ആയിടക്ക് ഒരു പയ്യൻ, ഒരു പഴയ കാല ചിത്രം എടുത്തു കൊണ്ട് വന്നപ്പോൾ നമുക്ക് അതിനോട് അറപ്പു തോന്നിയത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. നമ്മൾ ആ നിലയൊക്കെ കഴിഞ്ഞു ഇപ്പോൾ മുകളിൽ എത്തിയ കാര്യം നമ്മൾ അവനെ ഓർമിപ്പിച്ചു. ഡിഗ്രി പഠിക്കുന്നവർക്ക് ഒന്നാം ക്ലാസിലെ പുസ്തകം വായിക്കാൻ കൊടുക്കരുത് എന്നാണു ബാലാട്ടൻ അന്നവനോട് പറഞ്ഞത്. അപ്പോഴേക്കും എ സിനിമകളും, അവക്കിടയിൽ ബിറ്റുകളും പ്രചാരം നേടിയിരുന്നു. ഒരു അഞ്ചു മിനുട്ട് ക്ലിപ്പിനു വേണ്ടി കുട്ടികൾ സിനിമാ കോട്ടയുടെ മുന്നിൽ തമ്പടിച്ചു നിന്നു. ചിലര് ടിക്കറ്റ് കിട്ടാതെ മടങ്ങി. അക്കാലത്തു സെക്കൻഡ് ഷോക്കായിരുന്നു ഡിമാൻഡ് കൂടുതൽ. ചില ബിറ്റ് സിനിമകളെ പോലീസ് പിടിച്ചു എന്നും പറയുന്നത് കേൾക്കാറുണ്ട്. പിന്നെ പിന്നെ നല്ല നിലവാരമുള്ള എ സിനിമകൾ ഇറങ്ങാൻ തുടങ്ങി. ഒരിക്കൽ ബാലാട്ടൻ ഓടി വന്നു എന്നോട് പറഞ്ഞു. എടാ മണ്ടോടി. ലൈംഗിക രോഗങ്ങളെ കുറിച്ചുള്ള ഒരു എഡ്യൂക്കേഷണൽ സിനിമ ഉണ്ട്. ഒന്ന് പോയി നോക്കാം. വിഷയം അതായത് കൊണ്ട് വല്ലതും തടയാതിരിക്കില്ല. ശരിയാണ് എന്ന് എനിക്കും തോന്നി. സിനിമ കണ്ടപ്പോൾ തോന്നി വലിയ കുഴപ്പമില്ല എന്ന്. സിനിമ കഴിഞ്ഞു ഇറങ്ങുമ്പോൾ ബാലാട്ടൻ ഇങ്ങനെ പറഞ്ഞു. ഇങ്ങനത്തെ സിനിമകൾ കുറെ ഇറങ്ങിയിരുന്നു എങ്കിൽ വീട്ടുകാരോട് ചോദിച്ചു തന്നെ പോയി സിനിമ കാണാമായിരുന്നു. പക്ഷെ അത്തരത്തിലുള്ള സിനിമകൾ പിന്നെ ഇറങ്ങിയില്ല. മറ്റൊരിക്കൽ ഒരു സിനിമയുടെ പോസ്റ്റർ കണ്ട് നമ്മള് രണ്ട് പേരും തിയേറ്ററിലേക്ക് ഓടി. സിനിമ ഒക്കെ കഴിഞ്ഞപ്പോൾ ബാലാട്ടൻ പറഞ്ഞു, എടാ മണ്ടോടി. കള്ളന്മാര് നമ്മളെ പറ്റിച്ചു കളഞ്ഞല്ലോ. പോസ്റ്ററിൽ ഉള്ള സീൻ സിനിമയിൽ ഇല്ലല്ലോ എന്ന്. അപ്പോൾ ഞാൻ പറഞ്ഞു . പോസ്റ്ററിൽ ഉള്ള സീൻ സിനിമയിൽ ഉണ്ട്. അത് ഒരു കടപ്പുറത്തു ഒരു പെണ്ണ് നിന്ന രംഗമാണ്. ആ രംഗം വന്നപ്പോൾ ബാലാട്ടൻ കോട്ടുവാ ഇടുകയായിരുന്നു. കോട്ടുവാ ഇട്ടു കഴിഞ്ഞപ്പോഴേക്കും രംഗം കഴിഞ്ഞു. സ്റ്റിൽ ഫോട്ടോഗ്രാഫ് വിശ്വസിക്കാൻ കൊള്ളില്ല എന്ന് പിന്നീട് റോളണ്ട് ബാർതേസ് പറഞ്ഞത് , നമ്മളൊക്കെ പണ്ടേ മനസ്സിലാക്കിയിരുന്നു.
ശാസ്ത്രവും കലയും വളരുന്നതിന് സമാന്തരമായി പോൺ കലയും വളരുന്നു . ഇന്റർനെറ്റ് പോൺ കലയെ ഒരു വലിയ വ്യവസായമായി വളർത്തി. അത് നമ്മുടെ സമൂഹത്തെ ഏതു തരത്തിൽ ബാധിക്കുന്നു എന്നുള്ളത് നല്ലൊരു ചർച്ചക്കുള്ള വിഷയമാണ്.

Monday, 30 April 2018

BURNING IN EFFIGY

പേടിക്കേണ്ട. ഒരു വെയിറ്റ് കിട്ടാൻ വേണ്ടി എഴുതി എന്നെ ഉള്ളൂ. സംഗതി കോലം കത്തിക്കൽ തന്നെ. പരിപാവനമായ ഒരു പ്രതിഷേധ മാർഗം എന്ന് പറയാം. എന്ത് കൊണ്ട് പരിപാവനം എന്ന് ചോദിച്ചാൽ പ്രതിഷേധം ഉള്ളവൻ ചില വസ്തുക്കൾ കരിച്ചു കളയുന്നു എന്നല്ലാതെ അത് കൊണ്ട് വ്യക്തികൾക്ക് ശാരീരിക ആഘാതങ്ങൾ ഒരു തുള്ളി പോലും ഏൽപിക്കുന്നില്ല. എന്റെ കോലം ഉണ്ടാക്കി നിങ്ങൾ കത്തിച്ചത് കൊണ്ട് എനിക്ക് ഒരു ചുക്കും സംഭവിക്കുന്നില്ല. അത് കൊണ്ട് നിങ്ങള്ക്ക് എന്നെ കൊന്നു എന്നുള്ള സംതൃപ്തി കരഗതമായി എങ്കിൽ ഞാൻ എന്തിനു അതിനു എതിര് നിൽക്കണം. എന്റെ പോയിന്റ് മനസ്സിലായല്ലോ.

കോലം കത്തിക്കൽ പല രൂപങ്ങളിൽ പല ഭാവങ്ങളിൽ :-
എതിരാളിയെ തറപറ്റിച്ചു എന്നുള്ള ബോധം എന്നിൽ ഉണ്ടാകാൻ എതിരാളിയുടെ കോലം കത്തിക്കണം എന്ന് നിർബന്ധം ഇല്ല. കോലം ഒരു പ്രതീകം മാത്രമാണ്. കുറെ കൂടെ കലാപരമായ പല വഴികളും അതെ ലക്ഷ്യത്തിൽ എത്താൻ വേണ്ടി മനുഷ്യൻ കണ്ടു പിടിച്ചിട്ടുണ്ട് എന്നാണു വർത്തമാന കാലത്തെ ചില സംഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത്.

റീത്തു സമർപ്പണം:-.
കോലം കത്തിക്കലിന്റെ മറ്റൊരു വക ഭേദമാണ് ഇത്. കോലം കത്തിക്കലിനേക്കാൾ മഹത്തരമാണ് ഈ രീതി. കാരണം ഇവിടെ ഒന്നും കത്തിച്ചു നശിപ്പിക്കുന്നില്ല . വെറുതെ ഒരു റീത്തു ഭൂമിയിൽ ഒരിടത്തു വെക്കുന്നു. അത്ര മാത്രം. ഒരു പ്രാർത്ഥന പോലെ ഉള്ള പ്രവർത്തി. ഒന്ന് രണ്ട് പേര് റീത്തിനു ചുറ്റും നിന്ന് മുദ്രാവാക്യം വിളിച്ചാൽ സംഗതി ഉഷാർ ആയി.

ആപ്പീസുകൾക്കു കല്ലെറിയൽ:-
കുറെ കൂടി വിപ്ലവകരമായ ഒരു രീതിയാണ് ഇത്. ഒരു ഭരണ കൂടത്തിനോട് വിരോധം ഉണ്ടെങ്കിൽ അവര് നടത്തുന്ന സ്ഥാപനങ്ങൾ ഓരോന്നിനും കല്ലെറിയുന്ന രീതി. കുറെ കണ്ണാടികൾ പൊട്ടി ചിതറുന്നു എന്നല്ലാതെ ആർക്കും ശാരീരിക അപകടങ്ങൾ ഉണ്ടാകുന്നില്ല. എറിയുന്നത് കാണാൻ കണ്ണാടിയുടെ അടുത്തു പോയി നിൽക്കാതിരുന്നാൽ മതി . പക്ഷെ ഈ രീതിക്കുള്ള ഏറ്റവും വലിയ ഒരു കുഴപ്പം എന്തെന്നാൽ, അനുകൂലിയും എതിരാളിയും ഒക്കെ കല്ലെറിയുന്നത് ഒരേ ഒരു വസ്തുവിന് നേരെ ആണ് എന്നുള്ളത് മാത്രം. ആ വസ്തുവിന് ചിരിക്കാൻ അറിയാമായിരുന്നു എങ്കിൽ അപ്പുറവും ഇപ്പുറവും ഉള്ളവർ ഇങ്ങനെ എന്നെ ഒരുത്തനെ തന്നെ കല്ലെറിയുന്നത് എന്തിനു എന്ന് ആലോചിച്ചു പൊട്ടിച്ചിരിച്ചേനെ

വാഹനം തല്ലി പൊളിക്കൽ:-.
പഴകിയ വാഹനങ്ങൾ തല്ലിപ്പൊളിക്കുന്ന പരിപാടി അല്ല ഇവിടെ ഉദ്ദേശിക്കുന്നത്. അത് വേറെ സെക്ഷൻ ആണ്. ഇത് വേറെ. ഉദാഹരണ സഹിതം വിവരിച്ചാൽ നിങ്ങള്ക്ക് മനസ്സിലാകും. നിങ്ങളുടെ നാട്ടിൽ ഒരു ബസ്സു ചാത്തുയേട്ടനെ ഇടിച്ചു തെറിപ്പിച്ചു എന്ന് വിചാരിക്കുക. അപ്പോൾ നിങ്ങൾ കാണുന്നത് ഇടിച്ച ബസ്സു ശരം വിട്ടത് പോലെ പായുന്നതാണ്. നാട്ടുകാരിൽ ഒരു ഭാഗം ചത്തുയേട്ടനെ ആശുപത്രിയിൽ കൊണ്ട് പോകാൻ വാഹനം പിടിക്കുന്നു. മറു ഭാഗം ശരംപോലെ വിട്ട ബസ്സിനെ പിടിക്കാൻ കാറ് പിടിക്കുന്നു. ഒരു ഭാഗം ആശുപത്രി പിടിക്കുന്നു. മറുഭാഗം ബസ്സു പിടിക്കുന്നു. പിടിച്ചു കഴിഞ്ഞാൽ അവർ ആദ്യം ചെയ്യുക ബസ്സിലെ കണ്ടക്ടർ, ഡ്രൈവർ , ക്ളീനർ എന്നിവരെ തിരയുകയാണ്. മിക്കവാറും അവരുടെ പൊടി പോലും ബസ്സിൽ ഉണ്ടാകില്ല. അപ്പോൾ അടുത്ത പരിപാടി ബസ്സു തല്ലി പൊളിക്കൽ ആണ്. അതിനു വേണ്ട ആയുധങ്ങൾ ഒക്കെ മുന്നേ ശേഖരിച്ചു കൊണ്ട് മാത്രമേ നാട്ടുകാര് ബസ്സിനെ പുറകെ ഓടി വരാറുള്ളൂ എന്നാണു ചരിത്ര പുസ്തകങ്ങളിൽ നിന്ന് നാം മനസ്സിലാക്കുന്നത്. ഇവിടെയും കുറെ കണ്ണാടികൾ പൊട്ടി തകരുന്നു എന്നല്ലാതെ വ്യക്തികൾക്ക് അപകടങ്ങൾ ഒന്നും ഉണ്ടാകുന്നില്ല.
ജട വസ്തുക്കളെ മനുഷ്യന് പകരം ഇടിച്ചു പഞ്ചർ ആക്കുന്നവർ, പല്ലി മുറിച്ചിട്ട വാലിനെ തട്ടിക്കളിച്ചും, കടിച്ചു വലിച്ചും പ്രതികാരം തീർക്കുന്ന പൂച്ചയെ പോലെ ആണ് എന്ന് ബാലാട്ടൻ പറഞ്ഞത് എത്ര മാത്രം ശരിയാണ് എന്ന് അറിയില്ല

Sunday, 1 April 2018

ഒരു ഏപ്രിൽ ഫൂൾ കഥ.


ബാലാട്ടൻ ചാത്തുവിനെ ഏപ്രിൽ ഫൂൾ ആക്കാൻ തീരുമാനിച്ചു. രാത്രി പറമ്പത്തെ ഒരു വാഴ വെട്ടി ചാത്തു വാതിലടക്കാൻ കാത്തിരുന്നു. വാതിലടച്ചു എല്ലാവരും ഉറങ്ങി എന്ന് ഉറപ്പു വരുത്തിയപ്പോൾ വലിയ വാഴ കൈ കൊണ്ട് പോയി, ചാത്തുവിന്റെ പൂമുഖ വാതിലിൽ ചാരി വച്ച്. ചാത്തു രാവിലെ എണീക്കുമ്പോൾ സംഗതി പരമ രസമായിരിക്കും. വെളുക്കും മുൻപേ ചാത്തു ഏപ്രിൽ ഫൂൾ ആകുന്നതു ചിന്തിച്ചു ചിരിച്ചു ബാലാട്ടൻ ഉറങ്ങാൻ കിടന്നു.
പുലർച്ചക്കു ഒരു നില വിളി കേട്ടാണ് ബാലാട്ടൻ ഉണർന്നത്. അടുത്ത വീട്ടിൽ നിന്നാണ് . എന്ത് പറ്റി ഭഗവാനെ. ചെവി കൂർപ്പിച്ചപ്പോൾ കേട്ടത് ഇതാണ്. അയ്യോ എന്റെ ചാത്തുവേട്ടൻ പോയെ എന്ന്. ഈ പഹയൻ ഏപ്രിൽ ഫൂൾ ആകാതെ ചത്തോ എന്ന് മനസ്സിൽ പറഞ്ഞു, ബാലാട്ടൻ ഓടി. . വീട്ടിന്റെ നടുത്തളത്തിൽ വാഴ കൈ മുകളിൽ വീണു ചാത്തു കിടക്കുന്നതു കണ്ട് ബാലാട്ടൻ ഇടിവെട്ടേറ്റതു പോലെ നിന്ന്. എന്നിട്ടു മാനസിക സമനില വരുത്തി ഇങ്ങനെ ചോദിച്ചു.
എന്താ പറ്റിയത്, ജാനു അമ്മെ.
അതൊന്നും പറയേണ്ട ബാലാ. ഏതോ നായിന്റെ മോൻ വാതിലിൽ ഈ വാഴ ചാരി വച്ചതാ. അങ്ങേരു വാതില് തുറന്നപ്പോൾ അത് നേരെ മേലെ വീണു. അയ്യോ എന്ന ഒരു വിളി മാത്രമേ കേട്ടുള്ളൂ. പിന്നെ ഇങ്ങനെ ആണ്. നീ വേഗം വണ്ടി പിടിക്കൂ.
ബാലാട്ടൻ പൾസ് നോക്കിയപ്പോൾ ആള് വടിയായിട്ടില്ല. ഉടനെ ഓട്ടോ പിടിച്ചു ആശുപത്രിയിൽ . ഡോക്ടർ പരിശോധിച്ചപ്പോൾ കാര്യമായി ഒന്നും പറ്റിയില്ല. പെട്ടന്ന് ഉള്ള ഷോക് കൊണ്ട് പറ്റിയതാണ് എന്ന് പറഞ്ഞു. അപ്പോൾ ഡോക്ടർ ജാനു അമ്മയോട് ചോദിച്ചു.
ഏതു യൂസ് ലെസ്സ് ആണ് ഈ പണി എടുത്തത്.
പക്ഷെ മറുപടി പറഞ്ഞത് ബാലാട്ടൻ ആണ്.
അതെ അതാണ് ഞാനും ചോദിക്കുന്നത്. ആ യൂസ് ലെസ്സ് എന്റെ വാഴയും വെട്ടി.

Monday, 26 March 2018

അസഹനീയമായ ചില ചിന്തകൾ

ഒരിക്കൽ ട്രെയിനിൽ കൂടെ ഉണ്ടായിരുന്ന ഒരു മനുഷ്യൻ അത്രയും നേരത്തു എന്നോട് സംസാരിച്ചത് മോണോഗാമിയുടെ  പതനത്തെ കുറിച്ചാണ്.  അദ്ദേഹം വിവാഹ മോചിതനും,  ഇപ്പോൾ അനിയന്ത്രിത ജീവിതം നയിക്കുന്നവനും ആണെന്ന് അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്ന് മനസ്സിലായി.  ടോൾസ്റ്റോയിയുടെ ഏതോ കഥയിലെ ഒരു കഥാപാത്രത്തെ പോലെ,  ദാമ്പത്യ തകർച്ചയെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഞാൻ കേട്ട് കൊണ്ട് ഇരുന്നു. അതിന്റെ രത്ന ചുരുക്കം താഴെ പറയും പ്രകാരമാണ്.

ഉന്നത വർഗങ്ങളിൽ മോണോഗാമി മെല്ലെ മെല്ലെ തകരുകയാണ് .  പട്ടണത്തിൽ ഇരുന്നാൽ അതെനിക്ക് വ്യക്തമായും കാണാം.  പക്ഷെ അതിനെ കുറിച്ചല്ല ഞാൻ പറയുന്നത്.  ആ തകർച്ചയിൽ നിന്ന് രക്ഷപ്പെടാനുള്ള തുരുത്തുകൾ ഒരു ന്യൂന പക്ഷം കണ്ടെത്തിയിരിക്കുന്നു.  പട്ടണങ്ങളിൽ ചില ഇടങ്ങളിൽ എങ്കിലും സ്ത്രീക്കും പുരുഷനും ഇടയിൽ വിചിത്രമെന്നു തോന്നുന്ന ചില ബന്ധങ്ങൾ ഉടലെടുത്തിരുന്നു.  വിവാഹ മോചനം  ഇന്ന് വളരെ ഏറെ കൂടിവരുന്നതിനു കാരണം സ്ത്രീയോ പുരുഷനോ എന്ന് ചോദിച്ചാൽ,  ഞാൻ അധികം ആലോചിക്കാതെ മറുപടി പറയും സ്ത്രീ എന്ന്.  സ്ത്രീ പക്ഷക്കാരെ അത് ചൊടിപ്പിക്കുമെങ്കിലും ഞാൻ ഇനി പറയുന്ന കാര്യം അവർക്കു മനസ്സിലാകുമെന്നു തോന്നുന്നു.  എല്ലാകാലവും പുരുഷൻ സ്ത്രീയോട് ധാർഷ്ട്യത്തോടെ തന്നെ ആണ് പെരുമാറിയത്.  അത് ഇവിടെ ഒരു രീതി ആയിരുന്നു.  പക്ഷെ അത് കൊണ്ടോന്നും മുൻ കാലങ്ങളിൽ ഇവിടെ വിവാഹ ബന്ധങ്ങൾ തകർന്നില്ല.  അത് ഒരു നല്ല കാര്യമായി എണ്ണുകയല്ല.  നടന്ന ഒരു കാര്യം പറഞ്ഞു എന്ന് മാത്രം.  ഇന്ന് അതിന്റെ തുടർച്ച തന്നെ ആണ് നാം ഇവിടെ കാണുന്നത്. പക്ഷെ ഇന്ന്  വിവാഹ മോചനങ്ങളുടെ  ശതമാനം  കൂടിയിരിക്കുന്നു.  അതിനു കാരണം ഈ അടുത്ത കാലത്തായി സ്ത്രീയിൽ ഉയർന്നു വന്ന സ്വാതന്ത്ര്യ ബോധവും,  അത് ഉത്പാദിപ്പിച്ച സാമ്പത്തിക സുരക്ഷിതത്വവും തന്നെ ആയിരുന്നു.  ഉന്നത വർഗങ്ങളിൽ ആണ് വിവാഹമോചനത്തിന്റെ ആധിക്യവും ഉള്ളത്.  അതിനിടയിൽ ഈ വ്യവസ്ഥിതി നില നിർത്താനുള്ള ശ്രമങ്ങളും  ഒരു ചെറിയ വിഭാഗത്തിൽ കാണുന്നു.

പട്ടണങ്ങളിൽ വൈഫ് സ്വാപ്പിങ് മെല്ലെ മെല്ലെ വ്യാപിക്കുന്നു എന്നൊരു പരാതി മുൻപ് ഒരാള് ഉന്നയിച്ചിട്ടുണ്ട്.  അതിനെ കുറിച്ച് എന്റെ അഭിപ്രായം ഈ പുതിയ രീതിയുടെ മുന്നണി പോരാളികൾ സ്ത്രീകൾ ആണ് എന്നത്രെ.  സ്ത്രീ സ്ത്രീ സുഹൃത് ബന്ധങ്ങളിലൂടെ അത്തരം ഒരു രീതി വ്യാപിക്കാൻ എളുപ്പമുണ്ട് എന്നാണു ഞാൻ മനസ്സിലാക്കിയത്. പുരുഷന്റെ ഇങ്ങിതമാണ്‌  താൻ നടപ്പാക്കുന്നത് എന്ന് അവൾക്കു അറിയാം.  പുരുഷന് അത് നടപ്പാക്കുന്നതിന് പ്രയാസങ്ങൾ ഏറെയുണ്ട് എന്നും അവൾക്കു അറിയാം.  സ്വയം ബലിയാടായി കൊണ്ട് തനിക്കു ഇത് മുന്നോട്ടു നടത്താൻ ആവുമെന്നും അവൾക്കു അറിയാം. ഇത്തരം കാര്യങ്ങളിൽ സ്ത്രീകളുടെ മനസ്സാണ് ആദ്യമറിയേണ്ടത് എന്നും അവൾക്കറിയാം.  അപ്പോൾ അതിനു വേണ്ട ഒരു ഭൂമിക ഒരുക്കേണ്ടത്  സ്ത്രീകളിൽ ആണെന്നും അവൾക്കറിയാം.  പുരുഷന്റെ കാര്യത്തിൽ ഇതിൽ എതിർപ്പുകൾ വരാൻ ഇടയില്ല എന്നും അവൾ അറിയുന്നു.  ഇത് വളരെ ഏറെ വ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന പ്രക്രിയ അല്ല തന്നെ.  അങ്ങനെ ഒന്ന് നടക്കുന്നു എന്ന് ഓർമിപ്പിച്ചു എന്ന് മാത്രം.  ഇന്ന് വിരളമായി ഉന്നതങ്ങളിൽ മാത്രം നടക്കുന്നത് നാളെ സാധാരണക്കാരന്റെ ഇടയിലേക്ക് ഇറങ്ങി വരിക തന്നെ ചെയ്യും.    മോണോഗാമിയെ അതിന്റെ ആസന്ന പതനത്തിൽ നിന്ന് രക്ഷിക്കാൻ ഈ താൽക്കാലിക തുരുത്തിനു ഒരു പരിധിവരെ കഴിഞ്ഞേക്കും.  കാരണം മോണോഗാമിക്ക് ഏറ്റവും വലിയ വില്ലൻ ദാമ്പത്യ ജീവിതത്തിലെ വിരസതയാണ്.  വിവാഹ ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ദമ്പതികൾ അത് അറിയുന്നില്ല എന്ന് മാത്രം.  മധ്യവിധു ,  അതിനു ശേഷം കുട്ടികൾ .  ആദ്യത്തെ പത്തു വര്ഷം കൊണ്ട് സൃഷ്ടി കർമം അവസാനിച്ചു.  പിന്നെ അവരെ ഒരു നിലയിൽ ആക്കാനുള്ള ശ്രമമാണ്.  പത്തിരുപതു കൊല്ലം കൊണ്ട് അതും അവസാനിച്ചു.   മധ്യവയസ്സിൽ എത്തുന്നതോടെ പിന്നെ വിരസത ദാമ്പത്യത്തിൽ നുഴഞ്ഞു കയറുകയാണ്.  പണ്ടാരോ പറഞ്ഞത് പോലെ മനസ്സിൽ ചെകുത്താൻ കൂടു കിട്ടുന്നതിന് ഈ വിരസത കാരണമായേക്കാം.  അതിനെ ചെകുത്താൻ ആയി എല്ലാവരും കണക്കാക്കണം എന്നുമില്ല

ഈ രീതിക്കു വല്ല മെച്ചവും ഉണ്ടോ എന്ന് ചോദിച്ചാൽ,  എന്റെ ബാങ്കോക്ക് കാരൻ ബന്ധു അതിനു മറുപടി പറയും.  ഭർത്താവ് വേശ്യയെ പ്രാപിക്കുന്നത് അവിടെ ഒരു അനീതി ആയി കണക്കാക്കുന്നില്ല അത്രേ.  എന്ത് കൊണ്ട് എന്ന് അന്വേഷിച്ചപ്പോൾ അവനു മനസ്സിലായത്.  ഭർത്താവിന് മറ്റൊരു കീപ് ഉണ്ടാകുന്നതിനേക്കാൾ നല്ലതു അയാള് ഇടയ്ക്കു വേശ്യയെ പ്രാപിക്കുന്നതാണ്  എന്ന് അവിടത്തെ ഒരു പതിവ്രത കണക്കാക്കുന്നു എന്ന്.  ഒരു പ്രാക്ടിക്കൽ തത്വം.  അതെ തത്വം ഇവിടെയും ബാധകമാണ്.  ഇവിടെ തങ്ങൾക്കിടയിൽ രഹസ്യാത്മകത ഇല്ല എന്ന ഒരു കാര്യം ഒരു സൗകര്യമായി കണക്കാക്കിയാൽ ,  അതിനു മറ്റുള്ള ബാധ്യതകൾ ഒന്നും തന്നെ ഇല്ല എന്ന ഒരു ഗുണവും ഉണ്ട്.  മോണോഗാമി മോണോഗാമി ആയി തുടരുകയും,  അതോടൊപ്പം ആസക്തിയുടെ ഒരു പുതിയ ലോകം സൃഷ്ടിക്കുകയും ചെയ്യുന്നു.  എല്ലാവര്ക്കും സന്തോഷം.  ഇത് ഒരു രീതി ആയില്ല എങ്കിലേ എനിക്ക് അത്ഭുതം ഉള്ളൂ  

Wednesday, 21 March 2018

മോണോഗാമി - പെട്ടന്നുള്ള പ്രതിവിധികൾ

ഞാൻ മുൻപ് എഴുതിയ ഒരു പോസ്റ്റിന്റെ തുടർച്ചയാണ് ഇത്.  വർത്തമാന കാലത്തു മോണോഗാമി അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ  ആയിരുന്നു ആ പോസ്റ്റിലെ വിഷയം.  മോണോഗാമിയുടെ തകർച്ച പാശ്ചാത്യ രാജ്യങ്ങളിൽ വളരെ പ്രകടമാണ് എന്നും,  ഇന്ത്യയിൽ അതിന്റെ ലാഞ്ചനകൾ കണ്ടിട്ടു നാളുകൾ ഏറെ ആയി എന്നും ഞാൻ അവിടെ എഴുതിയിരുന്നു.  അടിക്കടിയുള്ള വിവാഹ മോചനങ്ങൾ,  വ്യക്തി പരാജയങ്ങൾ എന്നതിൽ ഉപരി ഒരു വ്യവസ്ഥയുടെ തകർച്ചയുടെ സൂചനയാണ് എന്നും ഞാൻ അവിടെ എഴുതിയതായി ഓർക്കുന്നു .  എന്റെ സുഹൃത്തായ ബാലാട്ടൻ ഒരിക്കൽ എന്നോട് പറഞ്ഞു.  വിവാഹം,  വിവാഹ മോചനം,  വീണ്ടും വിവാഹം, വീണ്ടും വിവാഹ മോചനം എന്ന രീതി അതിരു കടക്കുമ്പോൾ,   വിവാഹവും വേശ്യാവൃത്തിയും തമ്മിലുള്ള അതിർവരമ്പ് നേർത്തു വരും എന്ന് .  (വിവാഹം നിയമാനുസൃതമായ വേശ്യാവൃത്തിയാണ് എന്ന് പറഞ്ഞവരും ഉണ്ട്).  വളരെ വ്യാപകമായില്ല  എങ്കിലും നമ്മുടെ സമൂഹവും അത്തരം ഒരു പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്.  കൂടുതൽ ആത്മാർത്ഥതയോടെ ഇത്തരം പ്രശ്നങ്ങളെ നോക്കി കാണണമെന്ന് അഭിപ്രായമുള്ളവർ ഇന്ന് വർധിച്ചു വരികയാണ്.

സ്വത്തു വ്യവസ്ഥയിൽ പിതൃത്വം സംശയ ലേശമെന്ന്യേ  തീരുമാനിക്കണം  എന്ന പുരുഷ ചിന്തയെ തുടർന്ന് ചാരിത്ര്യവും,  അതിനെ തുടർന്ന് മോണോഗാമിയെന്ന ഏക ഭാര്യാ ഭർതൃ രീതിയും ഉയർന്നു വന്നു എന്ന്  ഞാൻ ഒരിടത്തു എഴുതിയപ്പോൾ,  അതിനു ഒരാൾ എഴുതിയ വളരെ ഏറെ പ്രസക്തമായ ഒരു അഭിപ്രായം ഇതായിരുന്നു.   പുരുഷന് തന്റെ പിതൃത്വം സംശയ ലേശമെന്ന്യേ  തീരുമാനിക്കാനുള്ള കാലങ്ങൾ ഇന്ന് വളരെ തുച്ഛമാണ്.  ദാമ്പത്യത്തിന്റെ ആദ്യ നാളുകളിൽ മാത്രമാണ് ഇന്ന് പുനഃസൃഷ്ടി ഉണ്ടാകുന്നത്.  അതിനു ശേഷം കുട്ടികളുടെ ഉത്പാദനം ദമ്പതികൾ നിർത്തി വെക്കുകയാണ്.  അതായത് വെറും ഒരു ആസ്വാദനം എന്ന നിലയിൽ മാത്രം അതിനു ശേഷം ലൈംഗികത തുടരുകയാണ്.  ഇവിടെ ഇനി അങ്ങോട്ട് പിതൃത്വം  തെളിയിക്കേണ്ട ആവശ്യമില്ല.  അത്തരം ഒരു പരിത സ്ഥിതി മോണോഗാമിക്ക് വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം..  വളരെ പ്രസക്തമായ ഒരു ചോദ്യമാണ് ഇത്.  അത്തരത്തിലുള്ള ഒരു പരിതസ്ഥിതിയിൽ മോണോഗാമിയുടെ ഭാവി എന്തായിരിക്കും എന്ന് നാം ചിന്തിക്കേണ്ടതാണ്.   ആസ്വാദനത്തിനു മാത്രമുള്ള ഒരു വേദി ആയി നില നിൽക്കുന്ന ഒരു വ്യവസ്ഥയെ ,  മനുഷ്യൻ കൂടുതൽ ആസ്വാദ്യകരമാക്കാൻ ശ്രമിക്കുമെന്ന് ഒരിക്കൽ ബാലാട്ടൻ പറഞ്ഞത് ഓർക്കുന്നു

മധ്യവയസ്കരായ രണ്ട് പേര് വിവാഹ മോചനം നടത്തുന്നു.  അവർ രണ്ട് പേരും പുനർവിവാഹിതരാകുകയും ചെയ്യന്നു.  ഒന്നാമത്തെ ആൾ മറ്റേ ആളുടെയും,  രണ്ടാമത്തെ ആൾ,  ആദ്യത്തെ ആളുടെയും  ,  വിവാഹ മോചനം ചെയ്ത ഭാര്യമാരെ ആണ് വിവാഹം കഴിക്കുന്നത് എങ്കിൽ നാമതിനെ സമൂഹ സമ്മതത്തോടു കൂടിയ വൈഫ് സ്വാപ്പിങ് എന്ന് വിളിക്കുന്നു.  ഇതിൽ നിന്ന് രജിസ്റ്റർ ആപ്പീസിനെ ഒഴിവാക്കിയാൽ പിന്നെ അത് സാദാ വൈഫ് സ്വാപ്പിങ് ആയി.  അതായത് ഇന്നത്തെ വിവാഹ രീതിയിൽ നിന്ന് , വൈഫ് സ്വാപ്പിങ് എന്ന രീതിയിലേക്ക് എളുപ്പം നടന്നെത്താൻ പറ്റുമെന്ന് ചുരുക്കം.  എന്റെ പോസ്റ്റിനു നേരെ വളരെ കൃത്യമായ ഒരു അഭിപ്രായം പറഞ്ഞ ആൾക്ക് എന്റെ ഈ മറുപടി ഇഷ്ടപ്പെടുമെന്നു ഞാൻ കരുതുന്നു.  ഇന്നത്തെ രീതിയിൽ നാം അത്ര ദൂരെ അല്ലാത്ത  ഭാവിയിൽ അത് ജീവിത രീതി ആക്കുക തന്നെ ചെയ്യും.  കാരണം ആസ്വാദനം മാത്രം ഉദ്ദേശ്യമായിട്ടുള്ള ഒരു സ്ഥാപനത്തെ നാം കൂടുതൽ ആസ്വാദ്യമാക്കാൻ ശ്രമിക്കുമെന്ന് ബാലാട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്.  ദാമ്പത്യം ഒരു വശത്തു  നിന്ന് അഭിമുഖീകരിക്കുന്ന വിരസതയിൽ നിന്ന് മോചനം നേടാൻ ഭാവി മനുഷ്യൻ ഈ വഴിയിലൂടെ നടക്കുക തന്നെ ചെയ്യും.  അതിൽ നഷ്ടപ്പെടാൻ ഒന്നുമില്ല എന്ന്  അവനു തോന്നിയെങ്കിൽ പ്രത്യേകിച്ചും.  നാം ശ്രദ്ധിക്കാത്ത മറ്റൊരു രീതിയിൽ അത് മോണോഗാമി എന്ന സ്ഥാപനത്തെ സഹായിക്കുകയും ചെയ്യുന്നുണ്ട്.   കാരണം,  മോണോഗാമിയെന്ന തകർന്നു കൊണ്ടിരിക്കുന്ന വ്യവസ്ഥയെ അതിന്റെ  തകർച്ചയിൽ നിന്ന് താൽക്കാലികമായി രക്ഷിക്കാൻ  ഈ രീതി സഹായകമാകും.  കാലാകാലങ്ങളായി സ്ഥിതി ചെയ്ത വ്യവസ്ഥിതി തകർന്നു പോകാതിരിക്കാൻ സമൂഹം വലിയ വിട്ടു വീഴ്ചകൾ ചെയ്യും.  മതങ്ങൾ അതിന്റെ അടിസ്ഥാന തത്വങ്ങളിൽ നിന്ന് പോലും വ്യതിചലിച്ചു ജനങൾക്ക് ആസ്വാദ്യമായ രീതിയിൽ അതിന്റെ മാറ്റി എടുക്കുന്നത് നാം കാണുന്നതാണ് . എന്തിനു വേണ്ടി.  നില നിന്ന് പോകാൻ വേണ്ടി മാത്രം.


Tuesday, 20 March 2018

രണ്ട് ചിരികൾ

ദേവീ വിഗ്രഹത്തിൽ കാർക്കിച്ചു തുപ്പുന്ന വെളിച്ചപ്പാട് ഒരിക്കൽ മലയാളിയെ ഞെട്ടിച്ച ഒരു കഥാപാത്രമാണ്. ഒരു പക്ഷെ ആ കാർക്കിച്ചു തുപ്പലിനേക്കാൾ പ്രസിദ്ധമായത് അതെ വെളിച്ചപ്പാടിന്റെ ചിരിയാണ്. ജീവിതത്തിൽ താൻ താലോലിച്ച വിശ്വാസങ്ങൾ ഓരോന്നും തന്നെ മുന്നിൽ തകർന്നു വീഴുന്നത് കണ്ട് , ഖിന്നനായി, വെളിച്ചപ്പെടാൻ നടന്നു പോകുന്ന ആ മനുഷ്യൻ വഴിയിൽ കാണുന്ന തന്റെ പരിചയക്കാരോട് ചിരിക്കുന്ന ആ ലോഹ്യ ചിരി മലയാളിയെ കുറിച്ചൊന്നുമല്ല വേദനിപ്പിച്ചത്. പക്ഷെ ഞാൻ ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നത് ആ ചിരിയെ കുറിച്ചല്ല. അതിനെ കുറിച്ച് നാം എത്രയോ പറഞ്ഞു കഴിഞ്ഞതാണ്. ഞാനായിട്ട് കൂടുതൽ ഒന്നും പറയുന്നില്ല. പക്ഷെ അതിനേക്കാൾ എത്രയോ കൂടുതൽ എന്നെ ഞെട്ടിച്ച മറ്റൊരു ചിരി മലയാള സിനിമ പ്രേക്ഷകർ അത്രയൊന്നും ശ്രദ്ധിച്ചില്ല എന്ന് എനിക്ക് തോന്നി. അതിനെ കുറിച്ച് വളരെ ഏറെ എഴുതപ്പെട്ടിട്ടില്ല എന്നും തോന്നി. അത് കൊണ്ട് ഞാനെങ്കിലും അതിനെ കുറിച്ച് വല്ലതും എഴുതിയില്ല എങ്കിൽ ആ മഹത്തായ കലാകാരനോട് ചെയ്യുന്ന അനീതി ആണ് എന്ന് തോന്നുകയാൽ വളരെ വൈകിയ ഈ വേളയിൽ ഞാൻ അതിനെ കുറിച്ച് എഴുതുകയാണ് . ഇന്ന് എന്റെ ചുറ്റും കാണുന്ന പലതും എന്നെ കൊണ്ട് അങ്ങനെ എഴുതിപ്പിച്ചു എന്ന് പറയുന്നതാവും കൂടുതൽ ശരി
ആരാച്ചാരുടെ ചിരി
ആരാച്ചാരുടെ പൊട്ടിച്ചിരി എന്നായിരുന്നു പറയേണ്ടത്. നിഴൽക്കൂത്തിലെ ആരാച്ചാർ ശരിക്കും പറഞ്ഞാൽ മദ്യപിച്ചു പൊട്ടിച്ചിരിക്കുക തന്നെ ആണ്. അതി മനോഹരമായ ഒരു കഥകേട്ടാണ് അദ്ദേഹം ചിരിക്കുന്നത്.നിരപരാധിയായ ഒരു മനുഷ്യനെ തൂക്കി കൊല്ലാൻ പോകുന്നതിനു മുൻപേ, ഉള്ള പുരാവൃത്തം . എങ്ങനെ ആ പാവം ഈ കെണിയിൽ അകപ്പെട്ടു എന്നുള്ള കഥ മറ്റുള്ളവർ ആരാച്ചാരോട് പറയുമ്പോൾ ആരാച്ചാർ പൊട്ടിച്ചിരിക്കുകയാണ് . മറ്റുള്ളവരും ഒപ്പം പൊട്ടിച്ചരിക്കുകയാണ്. അനീതിയെ ഒരു ആഘോഷമാക്കുകയാണ് അവർ എന്ന് നമുക്ക് തോന്നി എങ്കിൽ നിങ്ങള്ക്ക് തെറ്റി. അടുത്തതായി ആരാച്ചാർ തളരുകയാണ്. ഇനി വയ്യ എന്ന് പറഞ്ഞു വീഴുകയാണ്. ഒരു തിരിച്ചു വരവില്ലാത്ത രീതിയിൽ .. ഇത്രയും പറഞ്ഞതിൽ നിന്ന് നിങ്ങള്ക്ക് വല്ലതും മനസ്സിലായി എന്ന് ഞാൻ കരുതുന്നില്ല. പക്ഷെ ചുറ്റും നോക്കിയാൽ ചിലപ്പോൾ നിങ്ങൾക്ക് ഞാൻ പറഞ്ഞതിന്റെ സ്വാരസ്യം പിടി കിട്ടി എന്ന് വരും. അനീതിയെ എതിർക്കാൻ ത്രാണിയില്ലാത്ത സമൂഹം. അവർക്കു ആകെ ചെയ്യാവുന്നത് എല്ലാ അനീതിയുടെയും പ്രേക്ഷകർ ആയിരിക്കുകയാണ്. അനീതിക്കെതിരെ പടപൊരുതുന്ന നിഷ്കളങ്കരായ മനുഷ്യർ ഏതെങ്കിലും തരത്തിൽ അകപ്പെടുന്നത് കാണുമ്പോൾ, ഈ ജനത പൊട്ടി ചിരിക്കുകയാണ്. അപ്പോൾ നിങ്ങൾ കരുതും അവർ അനീതിയോടു ഒപ്പമാണ് എന്ന്. അല്ല സുഹൃത്തേ അവര് അനീതിയോടു ഒപ്പമല്ല. അവർ ഇന്ന് ചിരിക്കുന്ന ചിരി ആരാച്ചാരുടെ അതെ ചിരി ആണ്. നിസ്സഹായന്റെ പൊട്ടി ചിരി. ഇനി അവൻ വീഴാൻ പോകുകയാണ്.