ആടിനെ കൊടുത്തു പശുവിനെ വാങ്ങുന്ന ബാർട്ടർ സിസ്റ്റത്തിൽ, സാധനങ്ങൾ സൂക്ഷിച്ചു വച്ച് വിപണനം ചെയ്യാനുള്ള ഗോ ഡൌൺ സംവിധാനങ്ങൾ വരുന്നതോടെ ( അതായത് മാർക്കറ്റ് ) കടലാസു കറൻസി പ്രചാരത്തിൽ വരാനുള്ള സാധ്യതകൾ തെളിഞ്ഞു വരുന്നതായി നമുക്ക് കാണാം. എല്ലാ കാലത്തും വില കല്പിക്കപ്പെട്ട സ്വർണ നാണയങ്ങൾ ആണ് അതിന്റെ തുടക്കക്കാരൻ എന്ന് മൈക് മലാനി പറയുന്നു എങ്കിലും, കടലാസു കറൻസി ആരംഭിക്കുന്നതിനു, സ്വർണ നാണയ വ്യവസ്ഥിതിയിലൂടെ കടന്നു പോകേണ്ട കാര്യമില്ലായിരുന്നു എന്ന് വ്യക്തമാണ് . നിങ്ങൾ നിങ്ങളുടെ കയ്യിലുള്ള നൂറു ആടുകളെ മാർക്കറ്റിലേക്ക് കൊടുക്കുന്നു. മാർക്കറ്റ് നടത്തിപ്പുകാരൻ അതിനു പകരമായി നിങ്ങള്ക്ക് ഒരു രസീതി തന്നേ ഒക്കൂ. അത് രസീതി ആയാൽ മാത്രം പോരാ. നിങ്ങള്ക്ക് ആ രസീതിൽ പൂർണ്ണ വിശ്വാസവും വേണം. അതായത് നാളെ ആ രസീതി തിരിച്ചു കൊടുത്താൽ നിങ്ങള്ക്ക് നൂറു ആടിനെ തിരിച്ചു കിട്ടണം. അതായത് വിശ്വസ്തനായ ഒരാളുടെ കയ്യൊപ്പു ആ രസീതിൽ വേണം. വർത്തമാന കാല കറൻസിയുടെ പ്രാഗ് രൂപമാണ് ഈ രസീതി എന്ന് പറയാറായിട്ടില്ല. തന്റെ കയ്യിലുള്ള ഈ രസീതി നൂറു ആടുകൾക്ക് തുല്യമാണ് എന്ന് സാമാന്യ ജനം മനസ്സിലാക്കിയാൽ, നൂറു ആട്ടിന് പകരമായി, എനിക്ക് ഇന്ന് മുതൽ ഈ രസീതി വിനിമയം നടത്താവുന്നതാണ്. വിനിമയം നടത്തപ്പെട്ട ഈ രസീതി ആണ് പിൽക്കാലത്ത് പേപ്പർ കറൻസി ആയി മാറിയത്. എല്ലാവര്ക്കും സ്വീകാര്യമായ ഈ രസീതി അടിച്ചു മാർക്കറ്റിൽ എത്തിക്കുന്നവനെ നാം ബാങ്കർ എന്ന് വിളിച്ചു.
അപ്പോൾ ഇതിനിടയിൽ കളിച്ച സ്വർണ നാണയത്തിന്റെ സ്ഥാനം എന്താണ്. സ്വർണം നാണയ സ്ഥാനത്തു അവരോധിക്കപ്പെട്ടതോടെ വിനിമയ രംഗത്ത് ചൂഷണം നിലവിൽ വന്നത് നമുക്ക് കാണാം. സ്ഥാപിത താല്പര്യങ്ങൾ തന്നെയാണ്, സ്വർണത്തിനു രാജ പദവി ഉണ്ടാക്കി കൊടുത്തത്. സ്വർണം ഇല്ലായിരുന്നു എങ്കിലും ഈ ലോകത്തിനു കാര്യമായ അപകടങ്ങൾ ഒന്നും വരാനില്ല. വിരളമായിരുന്ന ഈ ലോഹം, രാജാക്കളുടെ ഇഷ്ട ലോഹം ആയി ആദ്യമേ സ്ഥാനാരോഹണം നടത്തി. അതോടെ അത് കയ്യിൽ വരുന്നവൻ ധനികൻ ആയി. ഒരു പണിയും എടുക്കാതെ ധനികൻ ആകാനുള്ള എളുപ്പ വഴി ആയി സ്വർണം. നാണയം എന്ന നിലയിൽ ഈ സ്വർണം സ്ഥാപിതമായതോടു കൂടി ഈ ചിത്രം പൂർത്തി ആയി. കാരണം സ്വർണത്തിനു നാണ്യം എന്ന സ്ഥാപനത്തിന് പുറത്തും വേറിട്ട് നില നില്പുണ്ടായിരുന്നു. വിപണത്തിന്റെ മാധ്യമം എന്ന നിലയിൽ സ്വർണം നില നിന്നതിനു സമാന്തരമായി, അത് വിപണനം ചെയ്യപ്പെടുന്ന ഒരു ചരക്കു കൂടി ആയിരുന്നു . വിപണനത്തിൽ ഉപയോഗിക്കപ്പെടേണ്ട നാണയം തന്നേ വിപണനം ചെയ്യപ്പെടുന്ന അവസ്ഥ പണ്ടേ ഉണ്ടായിരുന്നു എന്ന് അർഥം. സ്വർണം ആയിരുന്നു അതിന്റെ തുടക്കക്കാരൻ. . പക്ഷെ ഒരു വ്യത്യാസം ഉണ്ടായിരുന്നു. അന്ന് നാണയം ആയി ഉപയോഗിക്കപ്പെട്ട സ്വർണത്തിനു എല്ലായിടത്തും ഒരേ വില ആയിരുന്നു. പക്ഷെ ഇന്ന് ഡോളറിന്റ്റെ സ്ഥിതി അങ്ങനെ അല്ല. അതിനു പല ഇടങ്ങളിലും പല വിലയാണ്. അദ്ധ്വാനവുമായി താരതമ്യം ചെയ്താൽ, ഇന്ന് സ്വർണത്തിന്റെ വില പോലും അങ്ങനെ ആണ്. ഓരോ ഇടത്തും ഓരോ വില
പേപ്പർ നാണയത്തിന്റെ അടിസ്ഥാനം സ്വർണം ആണ് എന്നുള്ള ഒരു മിഥ്യ ധാരണ പടർത്തിയത്, ആരംഭകാലത്തു നാണ്യമായി അവരോധിക്കപ്പെടുകയും, അതോടൊപ്പം , വിലയേറിയ ഒരു ചരക്കായി വിപണനം ചെയ്യപ്പെടുകയും ചെയ്ത സ്വർണമാണ് എന്ന് വ്യക്തം. സ്വർണം ലോകത്തു ഇല്ലാതായി പോയാലും ഈ ലോകത്തിനു ഒരു ചുക്കും സംഭവിക്കില്ല എന്നത് സത്യമായിരിക്കെ, ഇന്നും ഒരു രാജ്യത്തിന്റെ നാണ്യ വ്യവസ്ഥയെ താങ്ങി നിർത്താൻ , ഖജനാവിൽ സ്വർണ കട്ടികൾ വേണമെന്ന ധാരണ പടർത്തുന്നത് എന്തിനു വേണ്ടിയാണ്.
(പെട്ടന്ന് തോന്നിയ ചില കാര്യങ്ങൾ എഴുതിയതാണ്. അത് കൊണ്ട് തെറ്റുകൾ ഉണ്ടാവാം. ചൂണ്ടി കാണിച്ചാൽ ധാരണകൾ മാറ്റുന്നതിന് ഒരു പ്രയാസവും ഇല്ല )