Wednesday, 28 October 2015

AFTER VIEWING THE FILM 'THE TURIN HORSE'

ആരെങ്കിലും ഒരു കുതിരയെ മർദിക്കുന്നത്‌ കണ്ടത് കൊണ്ടോ, ആ മർദിതയോട് താദാമ്യപ്പെട്ടു അതിനെ ആലിംഗനം ചെയ്തു കരയുന്നത് കൊണ്ടോ ഒരാൾ ഭ്രാന്തനാകുന്നില്ല. പക്ഷെ നീഷേ ഭ്രാന്തനായി മരിച്ചു എന്നത് ഒരു ചരിത്ര സത്യമാണ്.
പക്ഷെ ആ ചരിതമല്ല ഇവിടെ പ്രതിപാദ്യ വിഷയം. ആ സംഭവത്തിന്റെ പ്രാരംഭ ബിന്ദുവായ വൃദ്ധയായ ആ കുതിരയുടെ പില്കാല ചരിത്രം എന്തെന്നാണ്.
വൃദ്ധയായ ആ കുതിര, വണ്ടി വലിച്ചു നടക്കുന്നതും, ചിലപ്പോൾ നടക്കാൻ കൂട്ടാക്കാതിരിക്കുന്നതും, ഭക്ഷണവും വെള്ളവും കഴിക്കുന്നതും, കഴിക്കാതിരിക്കുന്നതും നമ്മൾ സിനിമയിൽ പലപ്പോഴായി കാണുന്നു. കുതിരയുടെ ജോലി ഭാരത്തെ കുറിച്ച് സിനിമയിൽ പ്രതിപാതിക്കപെടുന്നതെ ഇല്ല. പിന്നെ കുതിരയുടെ പ്രശ്നമെന്താണ്? പുരുഷന് തികഞ്ഞ നിസ്സംഗത എങ്കിൽ, സ്ത്രീക്ക് തന്നോട് പരിപൂർണ്ണ സഹതാപം ഉണ്ടെന്നു കുതിരക്കും അറിയാം (!). അവർ ഒരിക്കൽ പറയുക പോലും ചെയ്യുന്നു 'നീ ഇനി എവിടേക്കും പോകണ്ട' . പക്ഷെ കുതിരക്കു അതൊരു സാന്ത്വനമാകുന്നില്ല എന്ന് അതിന്റെ ചേഷ്ടകളിൽ നിന്ന് നാം മനസ്സിലാക്കുന്നു.
കുതിരയുടെ പ്രശ്നം, അതിനോടൊപ്പം ജീവിക്കുന്ന മനുഷ്യരുടെ പ്രശ്നങ്ങളുമായി ഇഴുകി ചേർന്നത്‌ പോലെ തോന്നുന്നു. അത് കൊണ്ടു ഇനി മുതൽ നമ്മൾ ശ്രദ്ധിക്കേണ്ടത് കുതിരയെ അല്ല, അതിന്റെ സഹയാത്രികരായ രണ്ടു മനുഷ്യരെ ആണ്. (സഹായാത്രികൾ എന്നതു ഞാൻ ഇവിടെ കരുതി കൂട്ടി പ്രയോഗിച്ചതാണ്. സിനിമയുടെ അവസാന ഭാഗങ്ങളിൽ ജലക്ഷാമത്തെ തുടർന്ന് തങ്ങളുടെ ഗ്രാമം വിട്ടു പോകാൻ തീരുമാനിച്ചു, വസ്തു വകകൾ ഒക്കെയും പെറുക്കി എടുത്തു വണ്ടിയുമായി നീങ്ങുന്ന നേരം, കുതിര, വണ്ടി വലിക്കുന്ന കുതിര അല്ലാതായി തീരുന്നതാണ് നാം കാണുന്നത്. മനുഷ്യരുടെ ഭാഗധേയം പേറുന്ന ഒരു സഹ യാത്രികനായി തീരുകയാണ് കുതിര.)
ഇനി നാം പരിശോധിക്കേണ്ടത് കുതിരയെ ദുഖിത യാക്കി തീർകുന്ന തരത്തിൽ നമ്മുടെ കഥാപാത്രങ്ങളുടെ ജീവിത രീതിയിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടോ എന്നാണു. നാമ്മലെല്ലാവരും സ്ഥിരമായി ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് അവരും ചെയ്യുന്നത്. രാവിലെ എഴുന്നെൽക്കുന്നു. വീടിനടുത്തുള്ള കിണറിൽ നിന്ന് വെള്ളം കോരുന്നു, വസ്ത്രം മാറ്റുന്നു, കുതിരയെ തീറ്റുന്നു, സ്വയം തിന്നുന്നു, പക്ഷെ എല്ലാദിവസവും ഒരേ ഉരുള കുഴങ്ങു. ഇതൊക്കെയാണ് നാമും ചെയ്യുന്നതെങ്കിലും സിനിമയിൽ എന്ത് കൊണ്ടോ ഇതിനു ഒരു ഭീകര സ്വഭാവം കൈവരുന്നു. നമ്മൾ നമ്മുടെ പ്രവൃത്തികൾ പുറമേ നിന്ന് കൊണ്ടു നോക്കിയാൽ ചിലപ്പോൾ അവ ഭീകരമെന്നു നമുക്ക് തോന്നിയേക്കാം. അതും പോരാതെ വീടിനു പുറത്തു സ്ഥിരമായി വീശി അടിച്ചു കൊണ്ടിരിക്കുന്ന കൊടും കാറ്റ്. ഒരു മരം പോലും ഇല്ലാതെ (പേരിനു ഒരു മരം ഉണ്ട്) അനാഥമായി പരന്നു കിടക്കുന്ന തരിശു ഭൂമി. ഏതോ ഒരു അന്യ ഗ്രിഹത്തിൽ എത്തി പെട്ടത് പോലെ പ്രക്ഷകന് തോന്നിയേക്കും.
പതിവ് തെറ്റാതെ നമ്മുടെ ജീവിതത്തിൽ വന്നു പോകുന്ന ആവർത്തന വിരസത ശരിക്കും ഭീകരം തന്നെയാണ്. ഒരു ജയിലിൽ അടക്കപ്പെടുന്നതിനെ വളരെ ഏറെ ഭയപ്പെടുന്ന നാം, വീടിലെ ഒരു മുറിയിൽ സ്വയം അടച്ചു പൂട്ടി മാസങ്ങളോളം മനുഷ്യ സംസർഗം ഇല്ലാതെ ജീവിക്കുന്നതിൽ ഭീകരമായി ഒന്നും കാണാത്തത് എന്ത് കൊണ്ടു. പുറത്തു കൊടും കാറ്റ് കൂടി ഉണ്ടെങ്കിൽ നമുക്ക് ഈ ജീവിതമാകും കൂടുതൽ ഇഷ്ടം. പക്ഷെ നമ്മുടെ കഥാപാത്രങ്ങൾ കാറ്റിനെ വക വെക്കാതെ പുറത്തു പോകുന്നുണ്ട്.
തുടരും

Monday, 26 October 2015

സാമൂഹ്യ പരീക്ഷണങ്ങളിലെ പരിമിതികൾ

സാമൂഹ്യ പരീക്ഷണങ്ങൾ, നമ്മളിൽ പലരും ധരിക്കുന്നത് പോലെ ഏതെങ്കിലും ഒരു പ്രത്യേക സത്യത്തെ പരീക്ഷണങ്ങളിലൂടെ തെളിയിക്കാനുള്ള ശ്രമങ്ങൾ ആകണമെന്നില്ല.  സ്ഥിതി വിവര കണക്കുകൾ പോലും തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ വേണ്ടി സ്ഥാപിത താല്പര്യങ്ങൾ ഉപയോഗിക്കുന്നു എങ്കിൽ, സാമൂഹ്യ പരീക്ഷണങ്ങളുടെ കാര്യത്തിലും അത് സംഭവിക്കുന്നതിൽ അല്ബുധപ്പെടെണ്ട കാര്യമില്ല.  1974 ഇൽ എയിൽ യുനിവേര്സിടിയിലെ മനശാസ്ത്ര അധ്യാപകനായ സ്റ്റാൻലി മിൽഗ്രം നടത്തിയ ഒരു സാമൂഹ്യ പരീക്ഷണത്തിലേക്കും,  അതിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന ചില ചിന്താ സരണികളുടെ വൈവിധ്യതിലെക്കും ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.  ഒരു ആജ്ഞാ കേന്ദ്രത്തിന്റെ ആജ്ഞകൾ ശിരസാ വഹിക്കാനുള്ള ജന സാമാന്യതിന്റെ വ്യഗ്രതയാണ് ഇവിടെ പരീക്ഷണ വിധേയമാക്കിയത്.  മിൽഗ്രം തന്റെ പരീക്ഷണം ആരംഭിച്ച 1961 എന്നാ വര്ഷത്തിനു ഒരു പ്രത്യേകതയുണ്ട്.  നാസി ഭീകരനായ  അഡോൾഫ് എയിച്ചമാന്റെ വിചാരണ ആരംഭിച്ച സമയമായിരുന്നു അത്.  ഇദ്ദേഹത്തിന്റെ കുറ്റത്തെ ന്യായീകരിക്കാൻ വേണ്ടിയാകുമോ ഇത്തരം ഒരു പരീക്ഷണം നടതപ്പെട്ടിട്ടുള്ളത് എന്ന് ഞാൻ സംശയിക്കുന്നു.  ശക്തിയേറിയ ഒരു കേന്ദ്രം നിങ്ങള്ക്ക് തികച്ചും നീതി രഹിതമായ ആജ്ഞകൾ നൽകുമ്പോൾ ജന സാമാന്യം എങ്ങനെ പ്രതികരിക്കും എന്നുള്ള ചോദ്യത്തിനാണ്,  മില്ഗ്രാമിന്റെ പരീക്ഷണത്തിലും ,  ന്യൂരംബർഗ് വിചാരണയിലും  ഒരു പോലെ ഉത്തരം കാണേണ്ടി ഇരുന്നത്.  ഉത്തരവാദിത്വം ഏറ്റെടുക്കാൻ ശക്തമായ ഒരു കേന്ദ്രം ഉണ്ടെങ്കിൽ,  മനുഷ്യൻ എന്ത് അനീതിയും ചെയ്യാൻ കൂട്ട് നില്ക്കും എന്നാണു ഇവിടെ തെളിയിക്ക പ്പെടാൻ പോകുന്നത്.

പരീക്ഷണം :

മൂന്നു വ്യത്യസ്ത സ്ഥാപനങ്ങളാണ് ഈ പരീക്ഷണത്തിൽ നില കൊള്ളുന്നത്‌.  ആജ്ഞ കൊടുക്കുന്ന ശക്തമായ കേന്ദ്രം,  ആ ആജ്ഞ അനുസരിച്ച് പ്രവര്തിക്കാൻ ബാധ്യസ്ഥനായ ഒരു അദ്ധ്യാപകൻ, പിന്നെ ഇതിന്റെ അനന്തര ഫലങ്ങൾ അനുഭവിക്കേണ്ട വിദ്യാർഥി.  ഈ അജ്ഞാ കേന്ദ്രം, താൻ കൊടുക്കാൻ പോകുന്ന ആജ്ഞ കളെ കുറിച്ചും, അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും ബോധാവാനായിട്ടുള്ള ഒരു വ്യക്തിയാണ്. മാത്രവുമല്ല, തന്റെ പരീക്ഷണങ്ങളുടെയും, അത് കൊണ്ടു ഉണ്ടാകാൻ ഇടയുള്ള അപകടങ്ങളുടെയും പൂര്ണ ഉത്തരവാദി താനാണ് എന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു.   അദ്ധ്യാപകൻ എന്നത് ചോദ്യം ചോദിക്കുകയും ഉത്തരം തെറ്റുമ്പോൾ ശിക്ഷ കൊടുക്കുകയും ചെയ്യേണ്ട ഒരു വ്യക്തിയാണ്.  ശിക്ഷ എന്നത് വൈദ്യുതി ഷോക്ക് അടിപ്പിക്കലാണ്. ആദ്യം വളരെ ചെറിയ രീതിയിൽ തുടങ്ങി അനു നിമിഷം വര്ദ്ധിച്ചു ഒടുവിൽ മാരകമാകുന്ന എലറ്റ്രിക് ഷോക്ക്

പരീക്ഷണത്തിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ചോദ്യം ചോദിക്കുന്ന അധ്യാപകനോ, ഉത്തരം പറയുന്ന വിദ്യാര്തിയോ തമ്മിൽ നേരിട്ടുള്ള ബന്ധം ഇല്ല എന്നുള്ളതാണ്.  അദ്ധ്യാപകൻ ഒരു മൈക്രോ ഫോണിലൂടെ കുട്ടിയോട് ചോദ്യം ചോദിക്കുകയും കുട്ടി ഒരു മൈകിലൂടെ ഉത്തരം പറയുകയും ചെയ്യുന്നു.  അധ്യാപകന്റെ മുന്നില് എലറ്റ്രിക് ഷോക്ക് കൊടുക്കാനുള്ള അനേകം ബട്ടണ്‍ ഉണ്ട്.  ഒന്നിനൊന്നു അധികരിക്കുന്ന എലറ്റ്രിക് ഷോക്ക്.  കുട്ടിയുടെ തെറ്റുകൾ കൂടുമ്പോൾ ഷോക്ക് കൂട്ടാം.  ഏറ്റവും ശക്തമായ ഷോക്ക് കൊടുത്താൽ കുട്ടി മരിച്ചു പോകാൻ പോലും സാധ്യതയുണ്ട്.  പക്ഷെ പേടിക്കേണ്ട . അതിന്റെ ഉത്തരവാദിത്വം ആജ്ഞ കൊടുക്കുന്ന കേന്ദ്രത്തിനാണ്.
പത്ര പരസ്യത്തിലൂടെ ആണ് പരീക്ഷണത്തിൽ പങ്കെടുക്കെണ്ടാവരെ തിരഞ്ഞെടുത്തത്.  ഓരോരുത്തരുടെയും ഡ്യൂട്ടി എന്തെന്ന് ആദ്യം അവരോടു വ്യക്തമായി പറയുന്നു.  ഓരോ ആള്ക്കും ഒരു നിശിത വേതനം നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.  ജീവിതത്തിന്റെ എല്ലാ തുറയിലും പെട്ടവർ പരീക്ഷണത്തിൽ പങ്കെടുത്തു.

പരീക്ഷണം തുടങ്ങുന്നു. അദ്ധ്യാപകൻ ചോദ്യം ചോദിക്കുന്നു. കുട്ടിയുടെ ഉത്തരം തെറ്റുമ്പോൾ അദ്ധ്യാപകൻ കുട്ടിക്ക് ചെറിയ ഒരു ഇലക്ട്രിക്‌ ഷോക്ക് കൊടുക്കുന്നു.  കുട്ടി വേദന കൊണ്ടു ചെറിയ രീതിയിൽ കരയുന്നു.  അടുത്ത ചോദ്യവും അതിനു അടുത്ത ചോദ്യവും വരികയായി.  കുട്ടിയുടെ തെറ്റുകൾ കൂടുമ്പോൾ ഷോക്കിന്റെ ശക്തി കൂടുന്നു. അപ്പുറത്ത് നിന്ന് കുട്ടി നില വിളിക്കുന്നു. ചോദ്യം ചോദിക്കുന്ന അദ്ധ്യാപകൻ അസ്വസ്ഥൻ ആകുകയും ഇനി തുടരണോ എന്ന് ചോദിക്കുകയും ചെയ്യുന്നു.  കുട്ടിയുടെ കാര്യത്തിൽ ആശങ്ക വേണ്ട എന്നും,  അതിന്റെ പൂര്ണ ഉത്തരവാദിത്വം തങ്ങൾക്കു ആണെന്നും, ഇഷ്ടമുണ്ടെങ്കിൽ പരീക്ഷണം തുടരുന്നതിൽ തടസ്സങ്ങൾ ഒന്നും ഇല്ല എന്നും സംഘാടകൻ അറിയിക്കുന്നു.  അദ്ധ്യാപകൻ ചോദ്യവും ശിക്ഷയും തുടരുന്നു. കുട്ടികളുടെ നിലവിളിയിൽ അധ്യാപകര് കൂടുതൽ അസ്വസ്തർ ആകുന്നു എന്ന് കണ്ടാൽ അവര്ക്ക് താഴെ പറയുന്ന രീതിയിൽ ആജ്ഞ കൊടുക്കുന്നു.
1. ദയവു ചെയ്തു തുടരുക
2. നിങ്ങൾ തുടരേണ്ടത് ഈ പരീക്ഷണത്തിന്‌ ആവശ്യമാണ്‌
3. നിങ്ങള് തീര്ച്ചയായും തുടരണം. അല്ലെങ്കിൽ ഈ പരീക്ഷണം വെറുതെ ആകും.
4. വേറെ ഒരു നിവൃത്തിയും ഇല്ല. നിങ്ങൾ തുടരുക തന്നെ വേണം.

ഈ നാല് ആജ്ഞ കൾക്ക് ശേഷവും പരീക്ഷണം തുടരേണ്ട എന്നാണു വ്യക്തിയുടെ തീരുമാനമെങ്കിൽ അവിടെ പരീക്ഷണം നിർത്തുന്നു

(പക്ഷെ പരീക്ഷണത്തിൽ ഭാഘഭാക്ക് ആയവരുടെ ശ്രദ്ധ ക്ഷണിക്കാതെ മിൽ ഗ്രാം ഒരു കാര്യം ചെയ്തിരുന്നു.  ഇവിടെ വിദ്യാർഥി എന്ന ഒരാള് ഇല്ലായിരുന്നു.  അതിനു പകരം അധ്യാപകന്റെ നേരത്തെ തയാറാക്കിയ ചോദ്യങ്ങള്ക്ക് മറുപടി കൊടുത്തത് ഒരു റെക്കോർഡ്‌ പ്ലെയർ ആയിരുന്നു. കുട്ടിയുടെ കരിച്ചിൽ പോലും വെറുതെ റെക്കോർഡ്‌ ചെയ്തവ മാത്രമായിരുന്നു.  ഉത്തരങ്ങൾ തെറ്റിച്ചു മാത്രം കൊടുക്കുന്ന രീതിയിലാണ് റെക്കോർഡ്‌ ചെയ്യപ്പെട്ടത് )

പരീക്ഷണത്തിന്‌ മുൻപ് ഇതിനെ കുറിച്ച് ചില ബുദ്ധി ജീവികളുമായി ചര്ച്ച ചെയ്തപ്പോൾ അവരില ഭൂരി ഭാഗവും പറഞ്ഞത്,  കുട്ടികള്ക്ക് ഒരു പരിധിയിൽ അധികം ഷോക്ക് കൊടുക്കുന്നതിനു ഭൂരിഭാഗം ആളുകളും തുനിയില്ല എന്നും, ഏറ്റവും വലിയ ഷോക്ക് ആരും കൊടുക്കില്ല എന്നും ആണ്.  അവരെല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞത് അങ്ങേ അറ്റം 3.73 ശതാമാനം പേര് മാത്രമേ കുട്ടികളുടെ കരച്ചിൽ കേട്ട് കൊണ്ടു പരീക്ഷ
ണം തുടരുകയുള്ളൂ എന്നാണു.  എന്നാൽ പരീക്ഷനാനന്തരം മിൽഗ്രാമിനു കിട്ടിയ റിസൾട്ട്‌  നോക്കുക.  പങ്കെടുത്തവരിൽ 65 ശതമാനം പേരും അങ്ങെ അറ്റത്തെ ഷോക്ക് വരെ പോയി.  കുട്ടികളുടെ നിലവിളി അവരെ ഒരു പരിധിയിൽ അധികം അസ്വസ്തർ ആക്കിയെങ്കിലും അവർ പരീക്ഷണം തുടർന്ന്.   പക്ഷെ അത്തരത്തിൽ പരീക്ഷണം തുടർന്നവർ ഒക്കെയും പല പല രീതിയിൽ വികാര വിക്ഷുബ്ദാർ ആയിരുന്നു.  ചിലര് വിയർത്തു, ചിലര് വിറച്ചു , ചിലര് ചുണ്ട് കടിച്ചു, ചിലര് കരഞ്ഞു...  എന്നാലും പലരും പരീക്ഷണം തുടർന്ന്.  പരീക്ഷണ ഫലം ക്രോടീകരിച്ചു കൊണ്ടു മിൽഗ്രം എഴുതി.

ഒരു ആജ്ഞാ കേന്ദ്രം നല്കുന്ന ഏതു ആജ്ഞയും ശിരസാ വഹിക്കാൻ ഏതറ്റം വരെയും പോകാൻ ജനങ്ങൾ കാണിക്കുന്ന ഔല്സുഖ്യം ആയിരുന്നു എന്റെ പരീക്ഷണ വിഷയം.  അത് വളരെ ആഴത്തിൽ പരിശോധിക്കപ്പെടെണ്ടാതാണ്.

തങ്ങളുടെ സദാചാര്യ മൂല്യങ്ങൾക്ക് വിരുദ്ധമായ രീതിയിൽ പോലും പ്രതികരിക്കാൻ അത്തരം അവസരങ്ങളിൽ ജനങ്ങള് തയ്യാറാകുന്നു എന്നാണു ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്.

അതായത് ശക്തമായ ഒരു കേന്ദ്രം ആജ്ഞാ പിക്കുകയാനെങ്കിൽ എന്ത് ഹീനതയും ചെയ്യാൻ സാധാരണ ജനങ്ങള് മടി കാണിക്കുക ഇല്ലെന്നും അത് സാമാന്യ നീതിയാണ് എന്ന് ഈ പരീക്ഷണം തെളിയിക്കുനതായി മിൽഗ്രം പറഞ്ഞു.

വര്ഷങ്ങള്ക്ക് ശേഷം എറിക് ഫ്രം , മില്ഗ്രാമിന്റെ ഈ കണ്ടു പിടുത്തത്തെ ഖണ്ഡിച്ചു കൊണ്ടു ഒരു ലേഖനം എഴുതി.  മനുഷ്യന്റെ ആക്രമണ വാസനയുടെ അപഗ്രഥനം എന്ന ഗ്രന്ഥത്തിൽ ആണ് ഈ അപഗ്രഥനം ഉള്കൊള്ളിചിട്ടുള്ളത്.

എറിക് ഫ്രം എഴുതുന്നു.

ബോധ പൂർവവും അബോധ പൂർവവും ആയ മനുഷ്യന്റെ പെരുമാറ്റ വ്യത്യാസങ്ങളുടെ  മികച്ച ഉദാഹരണമാണ് മിൽ ഗ്രാം പരീക്ഷണം. പക്ഷെ ഈ വ്യത്യാസത്തെ കുറിച്ച് പഠിക്കാനുള്ള ഒരു ശ്രമവും അദ്ധേഹത്തിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടായില്ല.  ഒരു മനുഷ്യന്റെ പെരുമാറ്റ രീതി സമൂഹത്തിലെ അവന്റെ വ്യവഹാരങ്ങളിൽ കൂടെ മാത്രമേ പഠിക്കാൻ പറ്റുള്ളൂ. കൃത്രിമമായി സൃഷ്ടിക്കപ്പെട്ട പരിതസ്ഥിതികളിൽ കൂടി അത് സാധ്യമല്ല.

ദൈവം സർവ ശക്തനായി വിരാചിച്ച സമയത്ത് അബ്രഹാമിന്റെ വിശ്വാസം പരീക്ഷിക്കാൻ വേണ്ടി ദൈവം പറഞ്ഞത് സ്വന്തം പുത്രനെ ബലി കൊടുക്കാനാണ്.  ദൈവത്തിന്റെ ആജ്ഞ,  എന്നും ശരിയായിരിക്കും എന്ന് വിചാരിച്ച അബ്രഹാമിന് തന്റെ മകനെ കുരുതി കൊടുക്കുന്നതിൽ കുറ്റ ബൊധമെ ഇല്ലായിരുന്നു.  ഒരു കുഞ്ഞിന്റെ വേദന അദ്ധേഹത്തെ ചലിപ്പിച്ചില്ല.  ഇന്ന് ദൈവത്തിനു പകരം ഇവിടെ ഉള്ളത് ശാസ്ത്രമാണ്.  അങ്ങനെ ഉള്ള ശാസ്ത്രം പറയുന്നതെന്തും മനുഷ്യൻ അനുസരിക്കെണ്ടാതാണ്, അതിൽ കുറ്റ ബോധം തോന്നാൻ ഒന്നുമില്ലെങ്കിൽ.  പക്ഷെ മിൽഗ്രാമിന്റെ പരീക്ഷണത്തിൽ അതല്ല സംഭവിച്ചത്.  പരീക്ഷണം ആരും മുഴുമിപ്പിച്ചില്ല എന്ന് മാത്രമല്ല,   അത് തുടർന്നവർ ഒക്കെയും അത്യധികമായ മാനസിക വിക്ഷൊപതിനു ഇരയായി എന്ന് മിൽഗ്രം തന്നെ പറയുന്നും ഉണ്ട്.  ഒരു പരീക്ഷണത്തിന്‌ വേണ്ടി പോലും തന്റെ സഹജീവിയെ വേദനിപ്പിക്കുന്നതിൽ ഭൂരി ഭാഗം മനുഷ്യരും വിമുഖത കാണിക്കുന്നു എന്ന് തന്നെ ആണ് അതിന്റെ അർഥം.

Wednesday, 21 October 2015

മര മുട്ടിയും പിടിച്ചു നിലക്കുന്നവന്റെ ഏകാന്തത

ഹിഗ്വിടയുടെ വിധിയെ കുറിച്ച് ആരോ എഴുതിയിട്ടുണ്ട്. ഗോൾ വളയത്തിന്റെ ഏകാന്ത തടവിൽ വിമ്മിഷ്ടപ്പെട്ട അദ്ദേഹം ഒരിക്കൽ, തന്റെ ഏകാന്തതയെ ഭഞ്ജിച്ചതു മൈതാന മധ്യത്തിലേക്ക് ബാളുമായി കത്തി കയറിയാണ്. ഒരു ഏകാകിയുടെ എതിരാളി മറ്റൊരു എകാകിയായിരിക്കും എന്നും, ഒരു ആൾക്കൂട്ടത്തെക്കാൾ അവൻ കരുതിയിരിക്കേണ്ടത്, തനിക്കെതിരെ നിൽക്കുന്ന ഈ എകാകിയെ ആണെന്നും ഉള്ള സാമാന്യ തത്വം ഒരു നിമിഷം അദ്ദേഹം മറന്നു പോയി. അതായിരുന്നു അദ്ധേഹത്തിന്റെ പതനം. പക്ഷെ അത് ഒരു പതനം മാത്രമായിരുന്നില്ല ഒരു കണ്ടെത്തൽ കൂടി ആയിരുന്നു.
നെലോതിക്ക പന്ത് വിളയാട്ടത്തിലും (ക്രിക്കറ്റ്) ഇത്തരം ഒരു എകാകിയെ നമുക്ക് കണ്ടെത്താം. ഹിഗ്വിറ്റ ഒരു അപൂർവത ആയിരുന്നെങ്കിൽ ഇവിടെ അതൊരു നിയമം തന്നെ ആയിരുന്നു. വിദൂരതയിൽ നിന്ന് തന്നിലേക്ക് ഓടി അടുത്തു കൊണ്ടിരിക്കുകയും, മറ്റൊരു വിദൂരതയിലെ ലക്ഷമണ രേഖയിൽ വച്ച് തനിക്കെതിരെ ഒളിയമ്പ് എയ്യുകയും ചെയ്യുന്ന ശത്രുവിനെ ഏകനായി കാത്തിരിക്കുന്ന മറ്റൊരു മനുഷ്യൻ. തന്റെ വിധി എന്തെന്ന് അറിയാത്ത ഒരു പാവം മനുഷ്യൻ. മരണത്തിനും ജീവിതത്തിനും ഇടയിൽ ഉള്ള ഒരു ഭീകര നിമിഷം പോലെ. ഏതാനും വാരകൾക്ക് മുൻപിൽ നിന്ന് തൊടുക്കപ്പെടുന്ന തന്റെ വിധിയെ നേരിടാൻ തന്റെ കയ്യിൽ ഒരു മര മുട്ടി എങ്കിലും ഉണ്ട് എന്നുള്ളത് അവനെ ഹിഗ്വിട്ടയെക്കാൾ ഒരു പടി പോലും മുന്നിലാക്കുന്നില്ല. കാരണം ഹിഗ്വിട്ടയെ ഒരു പന്തും ആക്രമിച്ചില്ല. അദ്ദേഹം അതിനെ അങ്ങോട്ട്‌ ആക്രമിക്കുക മാത്രമേ ചെയ്തുള്ളൂ. ഇവിടെ നേര മറിച്ചു ഒരു വാൽ നക്ഷത്രം പോലെ ഉള്ള എന്തോ ഒന്ന് തന്നിലേക്ക് തൊടുത്തു വിടപ്പെട്ടിരിക്കുകയാണ്. ഹിഗ്വിറ്റ ക്ക് തടുക്കേണ്ടത് മനുഷ്യരെ ആയിരുന്നെങ്കിൽ ഇവിടെ തടുക്കേണ്ടത് , ഒരു ജട വസ്തുവിനെ ആണ്. മനുഷ്യനെ നമുക്ക് മുഖ ഭാവത്തിലൂടെ മയക്കി എടുക്കാം. പക്ഷെ ഇവിടെ അതിനു തെല്ലും സാധ്യത ഇല്ല. ഒരു കൂക്ക് വിളി , ഒരു പെണ്ണിന്റെ എത്തി നോട്ടം, ആകാശത്ത് പറക്കുന്ന ഒരു ബലൂണ്‍, അങ്ങനെ തന്റെ ശ്രദ്ധ ആകര്ഷിച്ചു പോകാൻ ഇടയുള്ള എന്തും തന്റെ അന്ത്യമാണ് എന്നും, തനിക്കു മുൻപിൽ ഒരു പൊട്ടു പോലെ നിൽക്കുന്ന ഈ ഗോളം മാത്രമേ ഉള്ളൂ എന്നും അത് മാത്രമാണ് തന്റെ വിധിയെന്നും അറിയുന്നവൻ, ഒരു തരത്തിൽ ആലോചിച്ചാൽ ഭാഗ്യവാൻ തന്നെയാണ്. കാരണം അവനു മറ്റൊന്നിനെയും തടുക്കേണ്ട.
പക്ഷെ എതിരാളി എത്ര ചെറുതാകുന്നോ അവൻ അത്ര മാത്രം അപകടകാരിയും ആകും എന്നുള്ള മഹൽ തത്വം നാം ഇവിടെ അറിയുന്നു.

Tuesday, 20 October 2015

ദാരിദ്ര്യത്തിന്റെ സാമ്പത്തിക ശാസ്ത്രം

തത്വ ശാസ്ത്ര പരമായ ദാരിദ്ര്യം,  തികച്ചും മാന്യമായ അവസ്ഥയാണെന്നു പലരും പറഞ്ഞിട്ടുണ്ട്.  യേശു കൃസ്തുവും കാറൽ മാർക്സും ഒരു പരിധിവരെ ദാരിദ്ര്യത്തിന്റെ ഉപാസകർ തന്നെ ആയിരുന്നു.  മനുഷ്യന്റെ ഏറ്റവും മഹത്തായ അവസ്ഥയായി ദാരിദ്രത്തെ കണ്ട പ്രതിഭാശാലികൾ പലരും ഉണ്ട്.  പക്ഷെ അവരെ സംബന്ദിചെടത്തോളം ദാര്ദ്ര്യം എന്നത് സ്വത്തു ഇല്ലാത്ത അവസ്ഥ മാത്രമായിരുന്നു.  കഷ്ടപ്പാടിനു അവിടെ തെല്ലും സ്ഥാനമുണ്ടായിരുന്നില്ല.

പക്ഷെ ഞാൻ ഇവിടെ സംസാരിച്ചു കൊണ്ടിരിക്കുന്നത്,  കൃസ്തു,  സൂചികുഴയുടെ കഥയിലൂടെ വ്യക്തമാക്കിയ ദാരിദ്യത്തെ കുറിച്ചല്ല. മറിച്ച് കഷ്ടപ്പാടിനെ കുറിച്ച് തന്നെ ആണ്. പ്രധാനമായും തിന്നാൻ ഒന്നുമില്ലാത്ത തരത്തിൽ അധപതിച്ചു പോയ ഒരു സ്ഥിതി വിശേഷത്തെ കുറിച്ച്.  അതായത് മറ്റൊരു തരത്തിൽ പറഞ്ഞാൽ ഞാൻ ഇപ്പോൾ സംസാരിക്കാൻ പോകുന്നത് കാര്ഷിക വൃത്തിയുമായി കേട്ട് പിണഞ്ഞു കിടക്കുന്ന ദാരിദ്ര്യത്തെ കുറിച്ച് മാത്രമാണ്.

ജനസംഖ്യയിൽ അഞ്ചിൽ ഒന്ന്  പട്ടിണിക്കാരായി തുടരുന്ന ഒരിടത്ത് ഈ പട്ടിണിയെ നിവര്തിക്കാൻ തല്ക്കാലം നമ്മുടെ കയ്യിൽ മറു മരുന്നുകൾ ഒന്നുമില്ല എന്ന് വന്നെങ്കിൽ കൂടി,  ഈ സ്ഥിതി വിശേഷത്തിന്റെ അർഥം എന്തെന്ന്, അല്ലെങ്കിൽ ഇതിന്റെ കാരണം എന്തെന്ന് അറിഞ്ഞിരിക്കാൻ നാം ശ്രമിക്കുക എങ്കിലും വേണം.  അപ്പോൾ ഇത് ദാരിദ്ര്യത്തിന്റെ സാമ്പത്തിക ശാസ്ത്രം എന്തെന്നുള്ള ഒരു അന്വേഷണമാണ്.  ഇതിൽ സമകാലീന സാമ്പത്തിക ശാസ്ത്രത്തിലെ കടു കടുപ്പൻ സാങ്കേതിക പദങ്ങൾ ഒന്നും നിങ്ങൾ കണ്ടെത്തിയെന്നു വരില്ല.   കാരണം പട്ടിണിയെ കുറിച്ചു അറിയാൻ ഇത്തരം സംജ്ഞ കളുടെ ആവശ്യം തെല്ലും ഇല്ല.

ശരിക്കും പട്ടിണി ഉണ്ടാകുന്നത് എന്ത് കൊണ്ടാണ്.   അതിന്റെ ഉത്തരം വളരെ ലളിതമാണ്.  പക്ഷെ ലളിതമായ ഉത്തരങ്ങൾ വളരെ ലളിതമാണ്  എന്നുള്ള ധാരണ തെറ്റാണ്.  ലളിതങ്ങളായ ഉത്തരങ്ങളിൽ മിക്കതും കൂടുതൽ ക്ളിഷ്ടങ്ങലായ ചോദ്യങ്ങളെ തൊടുത്തു വിടുന്നു എന്ന് ആരോ പറഞ്ഞിട്ടുണ്ട്.  എന്ത് തന്നെ ആയാലും ഈ ചോദ്യത്തിന്റെ ഉത്തരം പറയാതെ നിവൃത്തിയില്ല.  പട്ടിണി ഉണ്ടാകുന്നത് നമ്മുടെ കാര്ഷിക ഭൂമികളുടെ ഉത്പന്നങ്ങൾ കൊണ്ടു ഇവിടെ ഉള്ള മുഴുവൻ ആളുകളെയും തീറ്റാൻ ആവാതെ വരുമ്പോൾ ആണ്.  ഇവിടെ നാം ആദ്യം തന്നെ മനസ്സിലാക്കേണ്ട ഒരു വൈരുധ്യം ഉണ്ട്.  അത് ഇതാണ്. ഇവിടെ പറഞ്ഞത്, നാം ഇന്ന് ഇവിടെ ഉല്പാദിപ്പിക്കുന്ന കാര്ഷിക വിഭവങ്ങളെ കൊണ്ടു ഇവിടെ ഉള്ള ആളുകളെ മുഴുവൻ തീറ്റാൻ പറ്റുന്നില്ല എന്ന് മാത്രമാണ്. അല്ലാതെ ഇവിടെ ഉള്ള ഉത്പന്നങ്ങൾ കുറവാണ് എന്നല്ല.  അതായത് ഇവിടെ ഉള്ള ആളുകള്ക്ക് വേണ്ടവ മുഴുവൻ സൃഷ്ടിച്ചു വിട്ടാലും ചിലപ്പോൾ പട്ടിണി അത് പോലെ നില നിന്ന് പോകാൻ ഇടയുണ്ട്.  എങ്ങനെ എന്ന് ചോദിച്ചാല, അവ ഇവിടെ ഉള്ള ആളുകളെ കൊണ്ടു തീറ്റിക്കാതിരിക്കുന്നത് കൊണ്ടു.  പല തരത്തിൽ ഇത് സംഭവിക്കാം. താഴെ , പറയുന്ന  കാരണങ്ങളാണ് അവയിൽ പ്രധാനപ്പെട്ടവ

1.  ഭക്ഷണം പാഴാക്കി കളയുക

2. പട്ടിണി കിടക്കുന്നവർ വേണ്ടുവോളം ഉള്ളപ്പോഴും നമ്മുടെ  വിഭവങ്ങൾ മറു നാട്ടിലെ ധനികർക്ക് കുറഞ്ഞ വിലയിൽ എത്തിച്ചു കൊടുക്കുക.

ഇനിയും പല കാരണങ്ങൾ ഉണ്ടാകാമെങ്കിലും ഞാൻ ഇവ രണ്ടിനെ കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളൂ . ഇവയിൽ ആദ്യം പറഞ്ഞത്,  നമ്മുടെ പെരുമാറ്റ രീതിയിലുള്ള ഒരു ചെറിയ മാറ്റം കൊണ്ടു ഇല്ലാതാക്കാവുന്നതെ ഉള്ളൂ.  അത് മാത്രമല്ല,  അത് അത്ര വലിയ ഒരു വ്യാപ്തമായി ഞാൻ കണക്കാക്കുന്നും ഇല്ല.  പക്ഷെ രണ്ടാമതെത്, അതായത് ധാന്യ കയറ്റു മതി പല തരത്തിലും അപകട കാരിയാണ്.  വിദേശ നാണയത്തോട്,  നേർക്ക്‌ നേരെ നിൽക്കുമ്പോൾ വെറും ശുഷ്കമായ നമ്മുടെ രൂപയാണ് ഇവിടെ അപകടം സൃഷ്ടിക്കുന്നത്.  ധാന്യ മേഖല ഏതാണ്ട് മുഴുവനായും സ്വകാര്യ വ്യക്തികളുടെ കയ്യിൽ കിടക്കുന്ന ഒരിടത് അത് തികച്ചും അപകടകരമാണ്.  കാരണം തന്റെ ധാന്യം ആര്ക്ക് കൊടുക്കണം എന്ന് തീരുമാനിക്കുന്നത് അതിന്റെ ഉടമസ്ഥൻ ആണ്.  രാജ്യത്തിന്റെ പുറത്തേക്കു കൊടുക്കുന്നതിനു നിയന്ത്രണങ്ങൾ ഒന്നും ഇല്ല എങ്കിൽ നമ്മുടെ ധാന്യം പുറത്തേക്കു ഒഴുകി പോകാൻ സാധ്യത കൂടുതൽ ആണ്.  പുറത്തേക്കു കൂടുതൽ ഒഴുകുന്ന എന്തും നാട്ടിൽ വില കൂട്ടി വില്ക്കപ്പെടും  എന്ന് ഞാൻ മുൻപ് എഴുതിയ ഒരു കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നു.  വിദേശികൾക്ക് താല്പര്യമുള്ള കൊഞ്ച് എന്ന സ്വാദിഷ്ടമായ വിഭവത്തിനോട് നമുക്ക് ഉണ്ടായിരുന്ന താല്പര്യം കുറഞ്ഞു പോയതിന്റെ കാരണം വിദേശത്തേക്ക് ഉള്ള അതിന്റെ ഒഴുക്ക് തന്നെയാണ്. വിലയുടെ കാര്യത്തിൽ നമുക്ക് സായിപ്പിനോട്‌ കിടപിടിക്കാൻ ആവില്ല.  അവൻ എത്ര ചെറിയ വില കൊടുത്താലും അത് നമ്മുടെ വലിയ വില ആയിരിക്കും.  ഇതിനൊക്കെയും നമ്മള് മനസ്സിലാക്കാത്ത മറ്റൊരു ഭവിഷ്യത്ത് ഉണ്ട്.  കൊഞ്ചിന്റെ ഉദാഹരണത്തിൽ നിന്ന് തന്നെ നമുക്ക് അത് മനസ്സിലാകും.  ഇവിടെ നിന്ന് ചുളുവിൽ അടിച്ചു കൊണ്ടു പോകുന്നത് അവിടെ സൃഷ്ടിച്ചെടുക്കാൻ സായിപ്പിന് തീരെ താല്പര്യം കാണില്ല.  എന്തിനു കഷ്ടപ്പെട്ട് അവിടെ ഉണ്ടാക്കണം,  ഇന്ത്യയിൽ നിന്ന് വെറുതെ കിട്ടുമല്ലോ എന്നാകും ആവന്റെ മനോഭാവം.  അവൻ അവന്റെ കൃഷി ഭൂമികൾ ആപത്തു കാലത്തേക്ക് വേണ്ടി കരുതി വെക്കും.

സ്വപ്നത്തിൻറെ അർഥം ശരിക്കും ഇങ്ങനെ ഒക്കെ തന്നെയാണോ.

സ്വപ്നത്തിൽ ആണെന്ന് ബാലാട്ടൻ അറിഞ്ഞില്ല.  ഒരു വലിയ സിംഹം മതിലിൽ നിന്ന് താഴെ വസ്ത്രം അലക്കുന്ന തന്റെ ഭാര്യയെ നോക്കുന്നു. ശ്രദ്ധ ക്ഷണിക്കാൻ വേണ്ടി സിംഹം അലറുന്നു.  പക്ഷെ ഭാര്യ ശ്രദ്ധിക്കുന്നില്ല..  ചിലപ്പോൾ ഇന്നലെ കണ്ട സീരിയലിലെ കൊലപാതകത്തെ കുറിച്ച് ആലോചിച്ചു ഒന്നും കേൾക്കാതിരുന്നതാവാം.  സിംഹം ഒന്ന് കൂടെ അലറി.  ഇത് അവസാനത്തേതാണ്. ഇതും കേട്ടിട്ടില്ലെങ്കിൽ ചെയ്യേണ്ടത് എന്താണ് എന്ന് എനിക്കറിയാം. സിംഹം ആത്മഗതം പറഞ്ഞു.  പക്ഷെ ബാലാട്ടന്റെ ഭാര്യയുടെ വിധി  നിർണയിക്ക പ്പെട്ടു കഴിഞ്ഞിരുന്നു.  സിംഹം ചാടി ഇറങ്ങി ഭാര്യയുടെ കഥ കഴിച്ചു.    അതും കഴിഞ്ഞു  ഒരു മണിക്കൂർ കഴിഞ്ഞാണ് ബാലാട്ടൻ ഉണര്ന്നത്.  നേരെ നല്ലവണ്ണം വെളുത്തിരുന്നു.  സിംഹ സ്വപ്നം ഇപ്പോഴും പകൽ പോലെ വ്യക്തമായും മനസ്സില് കാണുന്നുണ്ട്.  പക്ഷെ അന്നേരം ബാലാട്ടൻ ആലോചിച്ചത് മറ്റൊരു കാര്യമാണ്. സാധാരണ ഭീകര സ്വപ്നം കണ്ടാൽ എല്ലാവരും ഞെട്ടി ഉണരും എന്ന് കേട്ടിട്ടുണ്ട്.  പക്ഷെ എനിക്ക് ഉണരാൻ പറ്റിയില്ല.  സിംഹം മുഴുവൻ തിന്നു തീര്ക്കുന്നത് വരേയ്ക്കും ഉള്ള സംഭവങ്ങൾ ഞാൻ മുഴുവനും കണ്ടു.  അതെന്തു കൊണ്ടാ പടച്ച തമ്പുരാനെ ഇങ്ങനെ സംഭവിച്ചത്. എനിക്ക് വല്ല മാനസിക രോഗമോ മറ്റോ ആണോ എന്ന് ചിന്തിച്ചു, അന്ന് തന്നെ മനശാസ്ത്രജ്ഞനെ കാണാമെന്നു കരുതി.

ഫ്രൊഇദിന്റെ വീട്ടില് എന്ത് കൊണ്ടോ അന്ന് തിരക്ക് കുറവായിരുന്നു.  നാട്ടുകാരൊക്കെ വട്ടിൽ നിന്ന് മുക്തി നേടിയോ എന്ന് മനസ്സില് ചിന്തിച്ചു ബാലാട്ടൻ നേരെ ഡോക്ടറുടെ മുന്നിലേക്ക്‌ നടന്നു കയറി.  അവിടെ ഡോക്ടര ഏതോ വായിക്കുകയാണ്.  ബാലാട്ടനെ കണ്ടപ്പോൾ തല ഉയർത്തി ഇരിക്കാൻ പറഞ്ഞു.  എല്ലാം പറഞ്ഞു കൊള്ളൂ എന്ന് അദ്ദേഹം കൈ കൊണ്ടു ആങ്ങ്യം കാണിച്ചു.  രോഗി എന്തെങ്കിലും പറയുമ്പോൾ ഒന്നും തിരിച്ചു ചോദിക്കുന്ന സ്വഭാവം അദ്ദേഹത്തിന് ഇല്ല എന്ന് പറഞ്ഞു കേട്ടിരുന്നു.  എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അദ്ധേഹത്തിന്റെ മുഖത്ത് ഒരു കള്ള ചിരിയായിരുന്നു.  പിന്നെ വന്നത് ഞെട്ടിക്കുന്ന കുറച്ചു വാക്കുകൾ

കണ്ടപ്പോൾ അത്ര ക്രൂരനാണ് എന്ന് തോന്നിയില്ല.  എന്ത് ചെയ്തിട്ടും കാര്യമില്ല.  ഭാര്യയോടു കരുതിയിരിക്കാൻ പറയുക.  ഇനിയും സിംഹം എപ്പഴാണ് വരിക എന്ന് പറയാൻ പറ്റില്ല.

പക്ഷെ ഡോക്ടറെ ഒരു സംശയം.  സാധാരണ ഭീകര സ്വപ്‌നങ്ങൾ കണ്ടാൽ ആളുകള് ഞെട്ടി ഉണരും എന്ന് കേട്ട്.  പക്ഷെ ഞാൻ ഈ ഭീകര സ്വപ്നം കണ്ടിട്ട് ഞെട്ടി ഉണരാഞ്ഞത്‌ എന്താണ്.

ഇത് നിങ്ങള്ക്ക് ഭീകര സ്വപ്നം അല്ലല്ലോ. ആഹ്ലാദ സ്വപ്നം അല്ലെ


ബാലാട്ടൻ ദുഖത്തോടെ വീട്ടിലേക്കു നടന്നു.

Monday, 19 October 2015

ജോലിയും കൂലിയും പിന്നെ ഒരൽപം കൃഷിയെ കുറിച്ചും

തോട്ടം മേഖലയിലും, മറ്റുള്ള തൊഴിൽ മേഖലകളിലും ഇപ്പോഴുള്ള ചുരുങ്ങിയ കൂലി വർദ്ധിപ്പിക്കണം എന്ന് ഒരു വിഭാഗവും അത് അപകടമാണ് എന്ന് മറു വിഭാഗവും ശഠിക്കുന്നു.   ഈ രണ്ടു ചിന്താഗതികളെയും വിശകലനം ചെയ്യുമ്പോൾ നമുക്ക് നമ്മുടെ തൊഴിൽ മേഖല നേരിടുന്ന ഭീകരമായ ഒരു വിപത്തിനെ കുറിച്ചുള്ള ഒരു ഏകദേശ രൂപം കിട്ടും.  കൂലി വര്ധിപ്പിക്കുക എന്നുള്ളത് ന്യായമായ ആവശ്യം തന്നെ ആണ്.  പക്ഷെ അതിനു വേണ്ടി വാദിക്കുന്നവനും, നാളെ ചായപ്പൊടിയുടെയോ തക്കാളിയുടെയോ വില കൂടിയാൽ അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്ക്കും എന്നുള്ളത് മറ്റൊരു കാര്യം.  കൂലി വർധിക്കുമ്പോൾ തീര്ച്ചയായും അത് ഉത്പാദനത്തിന്റെ വിലയെ ബാധിക്കും.  അപ്പോൾ കൂലി വര്ധിപ്പിക്കാൻ ബഹളം കൂട്ടുന്നവൻ വസ്തുക്കളുടെ വില കൂടുന്നതിനെയും അനുകൂലിക്കുന്നവൻ ആണ്. പക്ഷെ ഇതിൽ നമുക്ക് മറ്റൊരു ഗത്യന്തരവും ഇല്ല.

ഇനി മറു ഭാഗത്ത്‌ കൂലി വര്ധിപ്പിച്ചു കൊണ്ടു ഈ വ്യവസായം തുടരാൻ പറ്റില്ല എന്ന് ശാട്യം പിടിക്കുന്ന മുതലാളിയും പരിവാരങ്ങളും.  വ്യവസായം തുടരാൻ പറ്റില്ല എന്നുള്ള അവരുടെ പ്രസ്താവനക്ക് , വ്യവസായം തുടരാൻ പറ്റില്ല എന്നല്ല അർഥം.  വ്യവസായം ഇത് പോലെ തുടരാൻ അവര്ക്കും ഇനിയും സാധിക്കും.  പക്ഷെ അവർ ഉല്പന്നത്തിന്റെ വില , കൂടിയ കൂലിക്ക്  സമാന്തരമായി കൂട്ടും എന്ന് മാത്രമാണ് അതിന്റെ അർഥം.  അവർ എല്ലാ കാലവും അത് തന്നെ ചെയ്തതാണ്. അപ്പോൾ അതിനെ കുറിച്ച് ഇപ്പോൾ പ്രത്യേകമായി എന്തെങ്കിലും പറയേണ്ട കാര്യമില്ല.

അപ്പോൾ ഇതിൽ നിന്ന് മനസ്സിലാകുന്നത്‌ കൂലി വര്ധന ഏതു വിധത്തിലും ബാധിക്കുന്നത് മാർകറ്റിൽ പോയി തക്കാളി വാങ്ങുന്ന എന്നെ ആണ്. അല്ലെങ്കിൽ എന്നെ പോലെ ഉള്ള സാധാരണ ക്കാരനെ ആണ്.  അപ്പോൾ അതിന്റെ യഥാര്ത ഗുട്ടൻസ് പിടി കിട്ടിയിരുന്നു എങ്കിൽ, നമ്മൾ തൊഴിലാളി ഐക്യം സിന്ദാബാദ് വിളിച്ചു അവനെ പിന്തുണക്കുക ഇല്ലായിരുന്നു. പക്ഷെ  അങ്ങനെ ചാടി കയറി അത്തരം ഒരു അഭിപ്രായം പറയുന്നതും ശരിയല്ല. ചിലപ്പോൾ മറ്റുള്ളവര്ക്ക് കൂലി കൂട്ടി കൊടുക്കാൻ വേണ്ടി, നമ്മൾ വില കൂട്ടുക എന്നുള്ള ഒരു ത്യാഗം സഹിച്ചേക്കും.  പക്ഷെ നമ്മള് അത് കൊണ്ടു നിർത്തില്ല. നാളെ എനിക്ക് കിട്ടുന്ന കൂലി കൊണ്ടു എനിക്ക് ജീവിക്കാൻ പറ്റാതാവുമ്പോൾ, ഞാൻ എന്റെ ശമ്പളം കൂട്ടാൻ ബഹളം ഉണ്ടാക്കും. അപ്പോൾ എനിക്കും ശമ്പളം  കൂടും, അത് കൊണ്ടു ഉണ്ടാകുന്ന നാണയ പ്പെരുപ്പം, അങ്ങനെ പലതും കൂട്ടി കിഴിച്ച് കഴിയുമ്പോൾ, പണ്ടു നമ്മുടെ തൊഴിലാളിക്ക് കൂട്ടി കൊടുത്ത കൂലി പോലും വളരെ കുറവാണ് എന്ന സ്ഥിതിയിൽ എത്തും. അപ്പോൾ ഈ വൃത്തം അതിന്റെ അടുത്ത കറക്കം ആരംഭിക്കും.  ചുരുക്കി പറഞ്ഞാൽ ഇത് ഒരിക്കലും അവസാനിക്കാത്ത തിരിയൽ ആണ്.  തൊഴിലാളി കുറഞ്ഞ കൂലി വാങ്ങിക്കുന്ന ആ കുറച്ചു കാലം ഉണ്ടല്ലോ അതാണ്‌ യഥാർത്ഥത്തിൽ മുതലാളിയുടെ സുവർണ കാലം.  അക്കാലം കഴിഞ്ഞാൽ വീണ്ടും കൂടുതൽ കൂലി കൊടുക്കുന്ന 'താരതമ്യേന നഷ്ട' കാലം വരുന്നു. വീണ്ടും സാധനങ്ങളുടെ വില കൂടുന്നു. അങ്ങനെ പോകുന്നു.  അപ്പോൾ ഇതിൽ നിന്ന് മനസ്സിലാകുന്നത്‌ കൂലി കൂടുതൽ എന്നത് ശരിക്കും വളരെ ചെറിയ കാലത്തേക്കുള്ള ഒരു ആശ്വാസം മാത്രമാണ്.

അത് അങ്ങനെ തന്നെ ആയിരിക്കുന്നതാണ് മേലനങ്ങാതെ പണിയെടുക്കുന്ന ഒരു വലിയ വിഭാഗത്തിന് ലാഭം.  കേരളത്തിലെ തൊഴിലാളിയും ഇപ്പോൾ അവനെ കണ്ടു കാര്യങ്ങൾ ഒരു വിധം മനസ്സിലാക്കിയിട്ടുള്ളത് കൊണ്ടു അവനും വലിയ പ്രശ്നമില്ല.  ഉപഭോക്തൃ വില സൂചികയ്ക്ക് സമാന്തരമായി കൂലി കൂട്ടുന്ന ഇന്ത്യയിലെ, അസംഘടിത മേഖലയിലെ ഏക തൊഴിലാളി, മലയാളിയാണ്. അത് കൊണ്ടാണല്ലോ ബംഗാളിയും ബീഹാറിയും ഇവിടെ ഒഴുകി എത്തുന്നത്‌.   പണ്ടു നമ്മള് ഗള്ഫിലേക്ക് പോയതിനു സമാന്തരമായ ഒരു അന്തരീക്ഷമാണ്,  ഇന്ന് ബംഗാളിലും ബീഹാറിലും നിന്ന് കേരളത്തിലേക്ക് കുടി യേറുന്നവന്റെ  കുടുംബങ്ങളിൽ ഉള്ളത്

കൂലി കൂടുന്നത് നല്ലത് തന്നെ.   പക്ഷെ വ്യവസായ മേഖലകളിലെ താഴെ കിടയിൽ ഉള്ള തൊഴിലാളിക്ക് അത് കൊണ്ടു കിട്ടുന്ന മെച്ചം താല്കാലികം മാത്രമാണ്.  സമരങ്ങൾ അവന്റെ സ്ഥിരം സ്വഭാവം ആക്കുന്നതിനു പകരം, ഇക്കാര്യത്തിൽ വ്യക്തമായ ചില നിയമങ്ങൾ ഉണ്ടാകുന്നത് നല്ലതാണ്.   ഗവര്മെന്റ്റ് ഉദ്യോഗസ്ഥന്റെ ഡീ എ പോലെ.

2.
തരിശു ഭൂമിയിൽ ആർക്കും കൃഷി ചെയ്യാമെന്നും, അതിനു ഉടമയുടെ അനുവാദം ചോദിക്കേണ്ട എന്നും, അതിലെ വിഭവങ്ങളിൽ ഉത്പാദകന് പരിപൂർണ അവകാശം ഉണ്ടായിരിക്കും എന്നും ഒരു നിയമം ഉണ്ടാക്കണം. പക്ഷെ അത് കൊണ്ടു ഈ പ്രശ്നം അവസാനിക്കില്ല. കാരണം കൃഷി ചെയ്യാൻ മുന്നോട്ടു വരുന്നവർ വിരലിൽ എണ്ണാവുന്നവർ മാത്രം ആയിരിക്കും. സ്വന്തം പറമ്പത്ത് കൃഷി ചെയ്യാതവനാണോ മറ്റുള്ളവരുടെ പറമ്പത്ത് കൃഷി ചെയ്യാൻ പോകുന്നത്. കൃഷിയോടുള്ള നമ്മുടെ മനോഭാവം അത്ര ഏറെ അപകടകരമാണ്. പക്ഷെ അത് അങ്ങനെ ആയി തീരുന്നതാണ്. ഒരു കിലോ തക്കാളി നമുക്ക് പീടികയിൽ പോയാൽ പത്തോ ഇരുപതോ രൂപയ്ക്കു കിട്ടും. അതെ ഒരു കിലോ തക്കാളി നമ്മുടെ വീട്ടിൽ ഉണ്ടാക്കിയെടുക്കണം എങ്കിൽ അതിൽ ദ്രവ്യം എത്ര ചിലവാകും എന്ന് നമുക്ക് അറിയാം. അപ്പോൾ ആത്യന്തികമായി ഇത് ലാഭ നഷ്ടങ്ങളുടെ പ്രശ്നമാണ്. ഒരു കിലോ തക്കാളി ഉണ്ടാക്കേണ്ട നേരത്ത് എന്തെങ്കിലും കൂലി പണിക്കു പോയാൽ ഇവിടെ ആയിരം രൂപ വരെ കൂലി കിട്ടും. അത് കൊണ്ടു വേണമെങ്കിൽ 50 കിലോ തക്കാളി വരെ വാങ്ങിക്കാം. അപ്പോൾ ഞാനും നിങ്ങളും ഒക്കെ അങ്ങനെ മാത്രമേ ചെയ്യൂ. പിന്നെ വിശ്രമ വേളയിലെ വിനോദം എന്ന രീതിയിൽ ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നത് ഒരു കൃഷിയായി വളരില്ല. പക്ഷെ കണക്കുകൾ ഇങ്ങനെ ഒക്കെ ആയിട്ടും, ആരൊക്കെയോ എവിടെ ഒക്കെയോ നമുക്ക് വേണ്ടി തക്കാളി കൃഷി നടത്തുന്നുണ്ട്. ഇന്ന് അവര് അത് വിഷം ചേർത്ത് തരുന്നത് കൊണ്ടു മാത്രമാണ് നാം ഇവിടെ കൃഷി നടത്തുന്നതിനെ കുറിച്ച് വിലപിക്കുന്നത്. നാളെ അവര് അത് വിഷ മുക്തമാക്കി അഞ്ചു രൂപ കൂട്ടി വിൽക്കുമെങ്കിൽ വീണ്ടും നാം അങ്ങോട്ട്‌ തന്നെ നമ്മുടെ മുഖം തിരിക്കും. കൂലി കൂടുതൽ കിട്ടുന്നവനെ സംബന്ദിച്ചു കൃഷി എന്നും നഷ്ടമായിരിക്കും. അത് കൊണ്ടു തല്ക്കാലം കൂലിയൊന്നും കാര്യമായി വാങ്ങിക്കാതെ നമുക്ക് വേണ്ടി വയലിൽ ഇറങ്ങിയവനെ പൂവിട്ടു പൂജിക്കുക. അവനു ഒരിക്കലും തന്റെ വിധിയെ കുറിച്ച് ബോധം വരല്ലേ പടച്ചോനെ എന്ന് ദിവസവും പ്രാർഥിക്കുക

യൂകിയോ മിഷിമയും ഹരാകിരിയും

ഇരുപതാം നൂറ്റാണ്ടിൽ ജപ്പാനിൽ ജീവിച്ച പ്രതിഭാ ശാലിയായ എഴുത്ത് കാരനായിരുന്നു യൂകിയോ മിശിമ.  മൂന്നു തവണ നോബൽ സമ്മാനത്തിനു അദ്ധേഹത്തിന്റെ പേര് നിർദേശിക്കപ്പെട്ടു എങ്കിലും, അദ്ദേഹത്തിന് അത് ലഭിച്ചില്ല.  പക്ഷെ അദ്ദേഹം ലോകം മുഴുവൻ അറിയപ്പെടുന്നത് സാഹിത്യ ബാഹ്യമായ മറ്റൊരു കാരണത്തിനാണ്. 1970 നവംബറിൽ അദ്ദേഹം നേതൃത്വം കൊടുത്ത ഒരു പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ട ഉടനെ അദ്ദേഹം സമുറായി കളുടെ മതപരമായ ആത്മ ഹത്യയായ ഹരാകീറി ക്ക് വിധേയനായി.

1970 നവംബര് 25 ആം തീയ്യതി,   മിഷിമയും അദ്ധേഹത്തിന്റെ പാരാ മിലിറ്റരി ട്രൂപ് അംഗങ്ങൾ ആയ നാല് പേരും  പട്ടാള ആസ്ഥാനമായ  ഇചിഗായ ക്യാമ്പ്‌ സന്ദര്ശിച്ചു.  പ്രസ്തുത ആപ്പീസിനെ വളഞ്ഞു വച്ച അവർ അവിടത്തെ കമാണ്ടരെ ബന്ധനസ്ഥനാക്കി.  ക്യാമ്പ്‌ ന്റെ മട്ടുപ്പാവിൽ കയറി നിന്ന് പ്രസംഗിച്ച മിശിമ , പട്ടാളക്കാരോട് പട്ടാള അട്ടിമറി നടത്താൻ  ആഹ്വാനം ചെയ്തു. താഴെ ഇത് കണ്ട പട്ടാളക്കാർ അദ്ധേഹത്തെ കളിയാക്കി കൂക്കി  വിളിച്ചു.  തന്റെ റൊമാന്റിക് വിപ്ലവം പരാജയപ്പെട്ടു എന്ന് അറിഞ്ഞ മിശിമ, പ്രസംഗം മതിയാക്കി കമാണ്ടരുടെ മുറിയിൽ വരികയും അദ്ധേഹത്തിന്റെ മുന്നില് വച്ച് ഹരാ കിരി നടത്തുകയും ചെയ്തു.  പാരാ മിലിറ്റരി ട്രൂപിലെ തന്റെ സുഹൃത്തായ മൊരീറ്റ ഈ ആത്മഹത്യാ കർമത്തിൽ അദ്ധേഹത്തിന്റെ വലം കയ്യായി പ്രവർത്തിച്ചു

ഹരാ കിരി

സെപ്പുകൂ അഥവാ ഹരാ കിരി എന്ന് അറിയപ്പെടുന്നത് ജപ്പാനിലെ അതി പുരാതനമായ ആത്മഹത്യാ രീതിയാണ്.  വയറു പിളര്ന്നു കുടലെടുത്തു പുറത്തിടുന്ന ഈ ഭീകരമായ ആത്മഹത്യാ രീതി ജപ്പാനിലെ അങ്കചെകവന്മാരായ സമുരായിമാരുടെ ഒരു പ്രാചീന ആാചാരമായിരുന്നു.  ശതുക്കളുടെ കരങ്ങളാൽ നിന്ദിക്ക പ്പെട്ടു മരിക്കുന്നതിനേക്കാൾ ഒരു സമുറായ് ആഗ്രഹിക്കുന്നത് ഇങ്ങനെ ആത്മഹത്യ ചെയ്യാനാണ്.  ഇത് കൂടാതെ അപമാനത്തിൽ നിന്ന് മോചനം നേടാനും, ഒരു ശിക്ഷാ രീതിയായി പോലും ഹരാ കിരി അക്കാലത്ത് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.   കാണികളുടെ മുന്നില് വച്ചാണ് സാധാരണ ഹരാ കിരി അനുഷ്ടിക്കുക.  ആത്മഹത്യ ചെയ്യുന്ന ആൾ ഒരു ചെറിയ വാളു കൊണ്ടു വയർ ഇടതു നിന്ന് വലത്തേക്ക് കീറി വയർ പുറത്തെടുക്കുന്നു.  സാധാരണയായി  ഹരാ കിരി നടത്തുന്നതിനു ഒരു സഹായി കൂടെ ഉണ്ടാകും . ഈ സഹായി ഉദരത്തിൽ കിടക്കുന്ന വാളു വലിച്ചു അദ്ധേഹത്തിന്റെ തല അറുക്കുന്നു.  സഹായിയുടെ അഭാവത്തിൽ ഈ രണ്ടു പ്രവർത്തിയും ആത്മ ഹത്യ ചെയ്യുന്ന ആള് തന്നെ ചെയ്യുന്നു.  1600 - 1867 കാലഘട്ടത്തിൽ ശരിക്കും മതപരമായ ഒരു കര്മം പോലെ തന്നെയാണ് ഹരാ കിരി അനുഷ്ടിച്ചത് . കർമത്തിനു  മുൻപേ സമുറായി കുളിച്ചു ശുഭ്ര വസ്തം ധരിക്കുകയും, തനിക്കു ആസ്വാദ്യമായ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു.  അതിനു ശേഷം മരിക്കാനുള്ള കത്തി ഒരു താലത്തിൽ വെക്കുന്നു.   അവസാന നിമിഷങ്ങള്ക്ക് മുൻപേ അദ്ദേഹം  തന്റെ മരണ  കാവ്യം രചിക്കുന്നു.  ക്ഷണിക്കപ്പെട്ട ഏതാനും പേര്ക്ക് മുൻപിൽ അദ്ദേഹം തന്റെ കിമോണോ തുറക്കുകയും ,  തുണിയിൽ പൊതിഞ്ഞ കത്തി തന്റെ വയറ്റിൽ കുത്തി ഇറക്കുകയും ചെയ്യുന്നു.  സമുറായ് യുടെ ഈ പ്രവര്ത്തിക്ക് ശേഷം അദ്ധേഹത്തിന്റെ സഹായി (കൈശാകുനിൻ) അതെ വാളു കൊണ്ടു സമുറായി യുടെ തല അറുക്കുന്നു.  തല അറുക്കുന്നത് ഒരു പ്രത്യേക രീതിയിൽ ആയിരിക്കണം.  തല മുഴുവൻ അറുത്തിടരുത്. ഒരു ചെറിയ കഷണം മാംസം തലയെ ശരീരത്തോട് യോജിപ്പിച്ച് നിർത്തുന്ന രീതിയിൽ മാത്രമേ തല അറുക്കാൻ പാടുള്ളൂ.  അങ്ങനെ ചെയ്യുമ്പോൾ അറ്റ് പോയ തല മുന്നോട്ടു തൂങ്ങി നിൽക്കുകയും ശരീരത്തെ ആലിംഗനം ചെയ്യുന്നത് പോലെ തോന്നിക്കുകയും ചെയ്യും. ഇത്രയും കൃത്യത ഈ കാര്യത്തിന് വേണം എന്നതിനാൽ  അതി വിദഗ്ധനായ ഒരു വാൾ പയറ്റു കാരനെ തന്നെ ആണ് പലപ്പോഴും സഹായിയായി നിർത്തുക

Sunday, 18 October 2015

ബിമാനത്തിന്റെ കണ്ടുപിടുത്തവും, ഇടയ്ക്കു വച്ച് മുറിഞ്ഞു പോയ പരിണാമവും

പണ്ടു അതായത് വളരെ പണ്ടു,  മണ്ടോടി,  വൈദ്യുത ദീപം കണ്ടു പിടിക്കുന്നതിനു മുൻപ്,  മണ്ടോടി തറവാട്ടിൽ,  സീത , ഗീത എന്നീ പേരുള്ള പീഡന പ്രായമെത്തിയ രണ്ടു ബാലികമാർ ജീവിച്ചിരുന്നു.  രണ്ടു പേരും വ്യത്യസ്ത സ്വഭാവക്കാർ.  സീത മരം ചാടി എങ്കിൽ ഗീത തന്റെ വീടിന്റെ നാല് അതിരുകൾക്ക് ഉള്ളിൽ നിന്ന് പുറത്തു പോകാത്തവൾ. അങ്ങനെ ഇരിക്കെ വീട്ടിലെ ഇരിങ്ങൽ മാവ് പൂക്കുകയും പിന്നീട് കായ്ക്കുകയും ചെയ്തു.  തന്റെ മുറിയുടെ ഏകാന്തതയിൽ ഇരുന്നു കൊണ്ടു ഗീത ഇങ്ങനെ ചിന്തിച്ചു.  'എന്റെ കൈകൾക്ക് നീളമുണ്ടായിരുന്നു എങ്കിൽ ഇവിടെ കിടന്നു കൊണ്ടു തന്നെ ആ മാമ്പഴം പറിക്കാമായിരുന്നല്ലോ.  അത്തരം ചിന്തകളുടെ അവാച്യമായ സന്തോഷത്തിൽ മുഴുകി ഗീതയുടെ ദിനങ്ങൾ കൊഴിഞ്ഞു പോയ്ക്കൊണ്ടിരിക്കെ അപ്പുറത്ത് , സീത എവിടെ നിന്നോ സംഘടിപ്പിച്ച ഒരു കമ്പ് കൊണ്ടു മാമ്പഴം മുഴുവൻ പറിക്കാൻ തുടങ്ങിയിരുന്നു.  അങ്ങനെ കാലം കടന്നു പോകവേ നൂറു കണക്കിന്  ദിവസങ്ങള്ക്ക് ശേഷം ഗീത തന്റെ ചിന്തകളിൽ നിന്ന് ഉണര്ന്നു നോക്കിയപ്പോൾ ആ അല്ബുധ  കാഴ്ച കണ്ടു. തന്റെ ഇരുകൈകളും വളര്ന്നു വലുതായിരിക്കുന്നു.  ഇനി ജനാലയിലൂടെ  കൈ ഇട്ടു കൊണ്ടു മാമ്പഴം പറിക്കാ നാവുമല്ലോ എന്ന് കരുതി , ജനാലക്കു അരികിലേക്ക് ഓടി എത്തിയ ഗീത ദുഖകരമായ ആ കാഴ്ച കണ്ടു.  മാവിൽ ഒരു മാമ്പഴം പോലും ബാക്കിയില്ല.   നീണ്ട കരങ്ങളോടെ ഖിന്നയായി മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെട്ടു അവൾ ജീവിച്ചു എങ്കിലും ഗീതയ്ക്കു അറിയാമായിരുന്നു ഇനിയും മാവ് പൂക്കുകയും തളിര്ക്കുകയും ചെയ്യുമെന്നു.

ഏതൊരു ആഗ്രഹവും, അനേകം കാലങ്ങളിൽ മനസ്സിലിട്ടു ധ്യാനിച്ച്‌ കൊണ്ടിരുന്നാൽ നമ്മുടെ ആഗ്രഹ പൂർത്തി വരും എന്നാണു നാം ഇതിൽ നിന്ന് മനസ്സിലാക്കുന്നത്.  മരങ്ങളുടെ ഉച്ചിയിലെ തളിരുകൾ തിന്നു ജീവിച്ചു പോയ ജിറാഫ് എന്ന കൊച്ചു  ജീവി അതിന്റെ മനസ്സില് ധ്യാനിച്ച്‌.  'എന്റെ കഴുത്ത് കുറെ കൂടെ നീണ്ടു വന്നിരുന്നെങ്കിൽ ഈ തളിരുകൾ ഇത്ര ഏറെ പ്രയാസം സഹിക്കാതെ എനിക്ക് തിന്നാമായിരുന്നല്ലോ എന്ന്.  ആ തപസ്യയുടെ അന്ത്യം എന്തായിരുന്നു എന്ന് നമുക്കൊക്കെ അറിയാം

******************************************

അമേരിക്കയിലെ റൈറ്റ് സഹോദരന്മ്മാർ പക്ഷെ ഗീതയുടെയോ സീതയുടെയോ കഥകൾ കേൾക്കാതെ ആണ് വളർന്നത്‌.  കാരണം അക്കാലത്ത് ഈ കഥ കണ്ടു പിടിച്ചിട്ടുണ്ടായിരുന്നില്ല.  നൂറ്റാണ്ടുകൾക്കു ശേഷം ഏതോ ഒരു മണ്ടോടി ആയിരുന്നല്ലോ ഈ കഥ എഴുതിയത് തന്നെ . ഒരു സുപ്രാഭാതത്തിൽ  മാനത്ത് പറക്കുന്ന പറവകളെ നോക്കി അതിൽ ഒരാളായ ലെഫ്റ്റ് സഹോദരൻ പറഞ്ഞു  'എടാ റൈറ്റ് സഹോദരാ, നമുക്ക് ഇങ്ങനെ പറക്കാൻ പറ്റിയെങ്കിൽ എത്ര നന്നായിരുന്നു.  ശരിയാണ് എന്ന് റൈറ്റ് സഹോദരനും ചിന്തിച്ചു.  പക്ഷെ സീതയുടെയോ ഗീതയുടെ കഥ യിലേതു  പോലെ ഇവിടെ സംഭവിച്ചില്ല.  കാരണം ഇരട്ടയായ അവരുടെ ചിന്ത എന്നും ഒരേ വഴിക്ക് തന്നെ ആയിരുന്നു.  പറക്കണം എന്നുള്ള ചിന്ത മനസ്സില് പേറി  യുഗങ്ങളോളം ജീവിക്കാനുള്ള ക്ഷമ ഇരുവരിലും ഇല്ലായിരുന്നു എന്ന് ചുരുക്കം. നാട്ടു വഴിയിലും,  കാട്ടിലും മേട്ടിലും തിരഞ്ഞു കയ്യിൽ കിട്ടിയതെന്തും കൈകളുടെ സ്ഥാനത് കെട്ടിയും,  ഒടുവിൽ പറക്കുന്ന ഒരു പക്ഷിയുടെ രൂപം തന്നെ ഉണ്ടാക്കിയും ഒരു സുപ്രഭാതത്തിൽ, റൈറ്റ് ലെഫ്റ്റ് സഹോദരന്മാർ വിമാനം എന്ന അത്ഭുദം യാതാർത്യമാക്കി

അനന്തമായ മനുഷ്യ പരിണാമത്തിൽ എന്നെങ്കിലും നമുക്ക് ചിറകുകൾ മുളക്കാനുള്ള സാധ്യതകൾ ഉണ്ടായിരുന്നു എങ്കിൽ, അവ ഒക്കെയും ഈ ഒരു സംഭവത്തോടെ ഇല്ലാതായി എന്ന് പറയാം.  

Monday, 12 October 2015

അതി വൈകാരികതയുടെ ചുറ്റുപാടുകൾ

അർത്ഥവത്തായ തൊഴിലുകളിൽ ഏർപ്പെടുക എന്നുള്ളത് ഓരോ വ്യക്തിയുടെയും മാനസിക ആരോഗ്യത്തിനു ആവശ്യമാണ്‌.  ലോകത്തിന്റെ നിർമാണത്തിൽ അവൻ പങ്കാളിയാകുന്നത് അങ്ങനെ ആണ്.  പക്ഷെ ഘന വ്യവസായങ്ങളുടെ കടന്നു കയറ്റത്തോടെ ഇവിടെ അർത്ഥവത്തായ തൊഴിലുകൾ മെല്ലെ മെല്ലെ ഇല്ലാതായി കൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്.  ചിലപ്പോൾ അത് നാം വികസനത്തിന്‌ കൊടുക്കേണ്ടി വരുന്ന വലിയ വിലയായി കണക്കാക്കാം.  മാനസിക വളര്ച്ച മുരടിപ്പിക്കുന്ന പല പല തൊഴിലുകളും എന്തിനു പല പല കളികൾ പോലും നമുക്ക് ഇടയിൽ ഇന്ന് വളര്ന്നു വന്നിരിക്കുന്നു.  മനുഷ്യൻ കൂടുതൽ കൂടുതൽ പാസ്സീവ് ആയി വരികയാണ്.  നമ്മുടെ ഈ മാറ്റം നമ്മുടെ സംഭാഷണങ്ങളിൽ നിന്ന് പോലും വ്യക്തമാവും.  നമ്മുടെ ഒക്കെ ചെറുപ്പ കാലത്ത് നമ്മൾ ഫുട് ബാളിൽ താല്പര്യം ഉണ്ട് എന്ന് പറഞ്ഞാൽ അതിന്റെ അർഥം നമ്മൾ വയലിൽ ഇറങ്ങി ഫുട് ബാൾ കളിക്കുന്നു എന്ന് തന്നെയാണ്.  പക്ഷെ ഇന്ന് അതിന്റെ അർഥം വളരെ മാറി പോയിരിക്കുന്നു.  ഇന്ന് ഒരു കളിയിൽ അമിത താല്പര്യം കാണിക്കുന്ന തലമുറ, ആ കളി കളിക്കുന്നവർ അല്ല. മറിച്ചു ആ കളിയുടെ കാഴ്ചക്കാർ മാത്രമാണ്.   കാഴ്ചക്കാർ എന്നും ഇവിടെ ഉണ്ടായിരുന്നു. പക്ഷെ ഇന്ന് അവരുടെ അംഗ സംഖ്യയിൽ ഭീതിതമായ വളര്ച്ച ഉണ്ടായിട്ടുള്ളത് നാം ശ്രദ്ധിക്കുക തന്നെ വേണം.  കാഴ്ചക്കാരെ മുഴുവൻ കളിക്കളത്തിൽ ഇറക്കുക എന്നുള്ളത് ക്ലിഷ്ടമായ ഒരു വേലയാണ്. പക്ഷെ നാം അതിനു ശ്രമിക്കുകയെങ്കിലും ചെയ്യുക തന്നെ വേണം.

ഇന്ന് ഫേസ് ബുക്ക്‌ പോലെ ഉള്ള സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസരം ചിലരെ എങ്കിലും വ്യാകുല പ്പെടുത്തുന്നത്, അതിൽ തിന്മ വിളയാടുന്നത് കൊണ്ടല്ല. മറിച്ചു ഞാൻ നേരത്തെ പറഞ്ഞ അമിത പാസിവിടി ഇതിൽ വിളയാടുന്നത് കൊണ്ടാണ്.  വിദൂര പ്രേമം നേരിട്ടുള്ള കെട്ടി പിടുത്തതിനോ ചുംബനത്തിനോ പകരം നില്ക്കില്ല എന്ന് നാം അറിയണം. ഒരു സ്ത്രീയുടെ പ്രണയം നാം ശരിക്കും അറിയേണ്ടത് വാക്കുകൾ കൊണ്ടു അവളെ പുണർന്നു കൊണ്ടല്ല, മറിച്ചു ശരിക്കും കരങ്ങൾ കൊണ്ടു പുണർന്നു കൊണ്ടു തന്നെ ആണ്. വാക്കുകൾ അവിടെ വെറും ഒരു അകമ്പടി മാത്രം ആകണം.

ഉത്തമ പ്രവര്ത്തിയുടെ അങ്ങെ തലക്കൽ നിന്ന് നമ്മെ നോക്കുന്നത് വയലുകൾ ആണ്.  ഒരു പരിപൂർണ്ണ പ്രവര്ത്തിയുടെ ആദി രൂപം. രണ്ടു വിരുദ്ധ വികാരങ്ങൾ ആണ് കാര്ഷിക വൃത്തിയിലൂടെ സായൂജ്യം നേടുന്നത്.  ആക്രമണ  വാസനയും,  സൃഷ്ടി വാസനയും.  കൃഷി എന്നത് അക്ഷരാർത്ഥത്തിൽ ഭൂമിയെ ആക്രമിക്കൽ തന്നെയാണ്.  അവളെ ഗര്ഭിണി ആക്കാൻ വേണ്ടിയുള്ള ആക്രമണം.  ലൈങ്ങികതയും ഇതേ രീതിയിൽ നമ്മുടെ രണ്ടു ചോദനകളുടെ  പൂര്തീകരണം തന്നെ അല്ലെ.  അവിടെയും ആക്രമണവും സൃഷ്ടിയും നടക്കുന്നുണ്ട്.  ക്രിയാത്മകമായ സൃഷ്ടിയും ക്രിയാത്മകമായ ആക്രമണവും ആണ് നാം ഇവിടെ കാണുന്നത്.  എന്ന് ഇത് നമ്മുടെ ജീവിതത്തിൽ നിന്ന് വേര്പെട്ടു പോയോ, അന്ന് നാം നമ്മുടെ ആക്രമണ വാസനകൾക്കു പുതിയ പുതിയ മേച്ചിൽ സ്ഥലങ്ങൾ അന്വേഷിച്ചു പോകേണ്ടി വന്നു.  കളികളായിരുന്നു അക്കാര്യത്തിൽ നമ്മെ ഒരു പരിധിവരെ രക്ഷിച്ചു വന്നത്. എല്ലാ കളികളും യുദ്ധവും സമാധാനവും ഒന്നിച്ചു പേറിയ മഹൽ സ്ഥാപനങ്ങൾ ആയിരുന്നു.  പക്ഷെ പാസ്സിവിടി യുടെ  ആധിക്യത്തിൽ നമുക്ക് അതിനുള്ള സാധ്യതകളും തീരെ ഇല്ലാതായി.  ആക്രമണം നമ്മുടെ നിത്യ ജീവിതത്തിൽ നിന്ന് വേര്പെട്ടു ഒരു പ്രത്യേക അസ്തിത്വമായി. നാം തെരുവുകളിൽ ആക്രമണ കാരികൾ ആയി.

മനുഷ്യന്റെ ആക്രമണ സ്വഭാവങ്ങളെ ക്രിയാതമകമായ ഒരു പാതയിലേക്ക് ചലിപ്പിക്കാനുള്ള മാർഗങ്ങൾ മനുഷ്യ വര്ഗം കണ്ടെത്തിയേ  ഒക്കൂ.

അല്ലെങ്കിൽ ഇവിടെ യുദ്ധങ്ങൾ ഉണ്ടായി കൊണ്ടെ ഇരിക്കും 

ഭീതി -- അശാസ്ത്രീയത -- വാര്ത്തകളും കച്ചവടവും

താഴെ പറയുന്നവയൊക്കെയും എന്റെ ധാരണകൾ മാത്രമാണ്.  ശാസ്ത്രീയ മായ ഒരു പഠനം ഇതിന്റെ പുറകിൽ ഉണ്ട് എന്ന് ഞാൻ അവകാശ പ്പെടുന്നില്ല.  ഒരു ഉദാഹരണമായി ഞാൻ താഴെ ഒരു വാർത്ത എഴുതുന്നു.

ഭ്രാന്തൻ പട്ടിയുടെ വിളയാട്ടം. രണ്ടു പേരെ കടിച്ചു.  ആള്ക്കൂട്ടതിലൂടെ പട്ടി ഓടി.  എല്ലാവരും വാക്സിൻ എടുക്കുന്നു.

ഇവിടെ എല്ലാവരും ആരാണ്.  വായിക്കുന്ന സാധാരണക്കാരനെ സംബന്ധിച്ച് ഇത് ആരും ആകാം.  കടിച്ച രണ്ടു പേര്. അല്ലെങ്കിൽ അവരും പട്ടി ഓടുന്ന ഓട്ടത്തിൽ അത് സ്പർശിക്കാൻ ഇടയായ അനേകം പേരും. അവരൊക്കെയും കുത്തി വെപ്പ് എടുപ്പ് എടുക്കേണ്ട കാര്യമില്ല എന്ന് നിങ്ങള്ക്ക് അറിയാം.  അപ്പോൾ സംശയം തീര്ക്കാൻ നിങ്ങൾ ഒരു ഡോക്ടറുടെ അടുത്തേക്ക് പോകുന്നു. അപ്പോൾ അദ്ദേഹം പറയുന്നത് ഇങ്ങനെ ആണെന്ന് കരുതുക.  'സ്പർശിച്ചത് കൊണ്ടു അപകടം ഒന്നും ഇല്ല. പക്ഷെ വായിൽ നിന്ന് ഉമിനീരു വീണത്‌ ദേഹത്തിൽ വീണാൽ അപകടം ആണ്'.  ഇനി എന്റെ ചോദ്യം ഇതാണ്. അങ്ങനെ ഉള്ള സാഹചര്യത്തിൽ നിങ്ങൾ എന്ത് ചെയ്യും.  ഒരൊറ്റ ഉത്തരമേ ഉള്ളൂ. തീര്ച്ചയായും കുത്തും.  അപ്പോൾ എല്ലാവരും വാക്സിൻ എടുക്കുന്നു എന്ന് നേരത്തെ പറഞ്ഞത് അക്ഷരാർത്ഥത്തിൽ സത്യമാകുന്നു.  സത്യം മാത്രം പറഞ്ഞ വാർത്ത.  പക്ഷെ ഈ സത്യം ഒരു സമൂഹത്തിന്റെ മനസ്സിലാണ് വന്നു വീഴുന്നത് എന്ന് നാം മനസ്സിലാക്കണം. എല്ലാ ശാസ്ത്രീയമായ അറിവുകളും ഉള്ള സമൂഹത്തിന്റെ മനസ്സില്.  അവരും  ഇത് മനസ്സിലാക്കുന്നത്‌ ഒരു ഭ്രാന്തൻ പട്ടി നമ്മുടെ ഇടയിൽ ഓടിയാൽ നമ്മൾ ഓരോ ആളും വാക്സിൻ എടുക്കണം എന്ന് തന്നെയാണ്.  അപ്പോൾ ഈ 'പട്ടി എല്ലാവരുടെയും ഇടയിലൂടെ ഓടി'  എന്നുള്ള വാര്ത്താ ശകലം തീരെ നിരുപദ്രവകാരി അല്ല എന്ന് നമുക്ക് മനസ്സിലാകുന്നു. ഞാൻ അത് അവിടെ കരുതി കൂട്ടി ചേർത്തതിനു വളരെ ആഴമേറിയ അര്തമുണ്ട്.

ഇനി ഒരു സംഭവം പറയാം. നമ്മുടെ ബാലാട്ടന്റെ വിക്രിയ.  ഒരിക്കൽ ബാലാട്ടൻ വീണു കാലു മുറിഞ്ഞു  ഡോക്ടറുടെ അടുത്തു പോയി. ഡോക്ടര മുറിവ് കെട്ടി കൊണ്ടിരിക്കെ ബാലാട്ടൻ ഡോക്ടറോട് ഇങ്ങനെ ചോദിച്ചു.  ഡോക്ടറെ രബീസ് വാക്സിൻ എടുക്കണോ. എന്ന്.  എന്തിനു എന്ന് ഡോക്ടര തിരിച്ചു ചോദിച്ചു.  അപ്പോൾ ബാലാട്ടൻ പറഞ്ഞു ഒരു ഭ്രാന്തൻ നായ രാവിലെ ഞാൻ വീണ സ്ഥലത്ത് കൂടെ ഓടിയിരുന്നു.  അത് കഴിഞ്ഞു കുറെ കഴിഞ്ഞാണ് ഞാൻ അവിടെ വീണു മുറിവ് പറ്റിയത്. അതിന്റെ ഉമിനീരു അവിടെ വീണിരുന്നു എങ്കിൽ അപകടം അല്ലെ എന്ന്. ഇതിനു ഡോക്ടർ ഒരു മറുപടിയും പറഞ്ഞില്ല.  അല്ലെങ്കിലും ബാലാട്ടൻ അത് ഡോക്ടറെ ചൊടിപ്പിക്കാൻ വേണ്ടി മാത്രം ചോദിച്ചതാണ്.  അത് ഡോക്ടർ ക്ക് മനസ്സിലായി കാണും

നമുക്ക് ഏതൊരു രോഗത്തെ കുറിച്ചും വേണ്ടത് മുഴുവനായ അറിവാണ്. ഭാകികമായ അറിവല്ല.  പക്ഷെ ഈ മുഴുവൻ അറിവ് എന്നത് ഒരിക്കലും നമ്മിൽ എത്താതിരിക്കാൻ ഒരു വലിയ സ്ഥാപനം ശ്രമിച്ചു കൊണ്ടിരിക്കുന്നു. പൊതു ജനങ്ങളിലും ഒരു വലിയ വിഭാഗം ധരിച്ചിരിക്കുന്നത്‌ നമുക്ക് ആ അറിവ് പാടില്ല എന്നാണു.  (ശ്രീനിവാസൻ കാൻസർ രോഗത്തെ കുറിച്ച് ഒരു ലേഖനം എഴുതിയപ്പോൾ ഒരു മനുഷ്യൻ ചോദിച്ചത് 'ഇയാള് ഇത് പറയാൻ ഡോക്ടർ ആണോ ' എന്ന്. അതായത് ഡോക്ടർ ആകാത്ത നീ രോഗങ്ങളെ കുറിച്ച് ഒന്നും അറിഞ്ഞു പോകരുത് എന്ന്.  അത് കൊണ്ടാണ് മേല പറഞ്ഞത് പോലെ ഉള്ള അർദ്ധ സത്യങ്ങൾ വാര്ത്തകളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്.  ഏതെല്ലാമോ കോണുകളിൽ നിന്ന് അതിനു മൌന സമ്മതവും ഉള്ളത് പോലെ തോന്നുന്നു.

Sunday, 11 October 2015

കാൻസർ വാർഡുകൾ

എന്റെ വീടിന്റെ ഒന്നാം നിലയിലുള്ള വരാന്തയിൽ ഇരുന്നു കൊണ്ടു ഞാൻ അകലേക്ക്‌ നോക്കുകയാണ്.  നോക്കെത്താത്ത ദൂരത്തു താഴ്വാരം പരന്നു കിടക്കുന്നു.  അവയുടെ ഉള്ളിലെ രഹസ്യങ്ങൾ ഇട തൂർന്നു വളര്ന്നിരിക്കുന്ന പാഴ്ചെടികളും,  ചെറു മരങ്ങളും മറച്ചിരിക്കുന്നു. അകലെ നമ്മുടെ വയലളം കുന്നു.  സൂക്ഷിച്ചു നോക്കിയാൽ അവയിൽ വെളുത്ത ചോര പ്പാടുകൾ കാണാം.

അതെ അതാണ്‌ നമ്മുടെ കാൻസർ വാർഡ്‌

ഒരു കാൻസർ വാർഡിനു ജീവിതത്തിന്റെ കഥകൾ പറയാൻ തീരെയില്ല. മരണത്തിന്റെ കഥകളോ പറയുവാൻ വേണ്ടുവോളം.  ഭീതിയിൽ മനസ്സ് മരവിച്ചു പോയവർ ആണ് അവിടത്തെ അന്തേവാസികൾ, അല്ലെങ്കിൽ ഏതോ ഒരു ദുരന്തം കേൾക്കാൻ കാത്തിരിക്കുന്ന സന്ദർശകർ, അതുമല്ലെങ്കിൽ  മനുഷ്യന്റെ വേദന കണ്ടു അവന്റെ നിലവിളി കേട്ട് മനസ്സ് മരവിച്ചു പോയ വേറൊരു കൂട്ടം മനുഷ്യർ.  ഈ കാൻസർ വാർഡിനും എന്റെ മട്ടുപ്പാവിനും ഇടയിലുള്ള വിശാലമായ ഈ ഭൂവിഭാഗത്തെ ഞങ്ങൾ ഇത്രയും കാലം വിളിച്ചത് 'ആറ്റുപുറം വയൽ' എന്ന്.  ഒരു ശാപം പോലെ തന്റെ യഥാര്ത കര്മം എന്തെന്ന് അറിയാതെ ആ ഊഷര ഭൂമി ഇന്നും ആ പേര് ചുമന്നു നടക്കുന്നു.  ഒരു അപമാനം പോലെ

1960

വീട്ടില് നിന്ന് കുട്ടിമാക്കൂലിലെക്കുള്ള എന്റെ ആപ്പന്റെ വീട്ടിലേക്കു ഞാൻ യാത്രപോകുകയാണ്.  ചിറക്കര കണ്ടി ശ്മാശാനത്തിനു അരികിൽ എത്തുമ്പോൾ എന്റെ കാലുകൾക്ക് വേഗത കുറയുന്നു.  അവിടെ ഞാൻ ഒരു നിമിഷം നില്ക്കുന്നു.  ഇനി അങ്ങോട്ട്‌ ഇരുട്ടിന്റെ ഇടവഴിയാണ്. ഇരു വശവും നെന്ത്രവാഴകളും , നെൽ പാടങ്ങളും, പച്ചക്കറികൾ ചുറ്റി പിണഞ്ഞ വള്ളികളും ആ ഇരുട്ടിനെ വലയം ചെയ്തു നില്ക്കുന്നു.  പ്രേതാങ്ങലെക്കാൾ കൂടുതലായി ഞാൻ  പേടിച്ചത് ഈ ഇരുട്ടിനെ ആയിരുന്നു. കണ്ണുകൾ പാതി അടച്ചു കൊണ്ടു ഒരൊറ്റ ഓട്ടം.  പിന്നെ ഞാൻ ചെന്ന് നില്കുന്നത് അകലെ ഉള്ള ആപ്പന്റെ വീട്ടില്. ശ്മശാനത്തിന് അപ്പുറം പൊടിച്ചു ഉയര്ന്നു നില്ക്കുന്ന ഒരേ ഒരു വീട്. അവിടെ വച്ച് ഞാൻ എന്റെ മിഴികൾ പൂര്ണമായും തുറക്കുന്നു.  അന്ന് ഞാൻ എപ്പോഴും മനസ്സിൽ പറയും . വലുതായാൽ ഈ വഴികളെ ഞാൻ ഭയപ്പെടില്ല.  ഈ വയലുകളെ ഞാൻ സ്നേഹിക്കാൻ പഠിക്കും. എന്നൊക്കെ.  പക്ഷെ ഞാൻ വലുതായപ്പോഴേക്കും, എന്നെ പേടിപ്പിക്കാൻ മാത്രം ഇവിടെ വയലുകൾ ഇല്ലാതായി.  വയലുകൾക്ക് അരികിൽ  ചെറിയ കെട്ടിടങ്ങൾ ഉയരാൻ തുടങ്ങി.

ഞാൻ ഇന്നും ഓർക്കുന്നു . അന്നായിരുന്നു കുന്നിൻ മുകളിൽ   നമ്മുടെ കാൻസർ വാർഡിന്റെ ശിലാസ്ഥാപനം നടന്നത്.

പിന്നെ ആറ്റുപുറം വയലിന് വീതി കുറയുകയും, ആ കുറഞ്ഞ വീതികളിൽ  അത്രയും പുതിയ കെട്ടിടങ്ങൾ വന്നു നിറയുകയും ചെയ്തു കൊണ്ടെ ഇരുന്നു.  അന്നേരമാണ് ഞാൻ ഒരു സത്യം മനസ്സിലാക്കിയത്.  ഇവിടെ വയലിന്റെ വ്യാപ്തി കുറയുന്നതിന് സാമാന്തരികമായി, അവിടെ കുന്നിന്റെ മുകളിൽ കാൻസർ വാർഡുകൾ പടര്ന്നു കയറി കൊണ്ടിരിക്കുകയാണ്.  ആറ്റുപുറം വയൽ മുഴുവൻ വീടുകൾ നിറഞ്ഞു, രാത്രിയും പ്രകാശം ചൊരിയാവുന്ന നിലയില എത്തിയപ്പോഴേക്കും, അങ്ങകലെ നമ്മുടെ കുന്നിന്റെ മുകളിലും പ്രകാശ പ്രളയം തന്നെ ആയിരുന്നു. നമ്മുടെ കാൻസർ വാർഡ്‌ ലോക പ്രശസ്തമായി കഴിഞ്ഞിരുന്നു.

ഇന്ന് കുന്നിന്റെ താഴ്വരയിൽ നിന്ന് നമ്മൾ മുകളിലോട്ടു നോക്കി ഇങ്ങനെ പ്രാർഥിക്കുന്നു.  ദൈവമേ ഒരിക്കലും നമ്മുടെ വിധി ഇതായി പോകരുതേ എന്ന്.

താഴ്വരയിൽ വീടുകൾക്കിടയിൽ ഞെരിഞ്ഞമർന്ന ഏതാനും നെൽ കതിരുകൾ നമ്മുടെ വിലാപം കേട്ട് ഒരു തുള്ളി കണ്ണ് നീർ പൊഴിച്ച്.

Friday, 9 October 2015

അന്ധനായ ഈഡിപ്പസ്

പാലത്തിന്റെ കൈവരികൾ പിടിച്ചു ഈഡിപ്പസ് പതുക്കെ നടന്നു.  അജ്ഞാതമായ ഈ തീരത്ത്കൂടെ ഉള്ള ഈ അന്ധയാത്ര തന്റെ  പാപങ്ങൾ ഒരു പരിധിവരെ എങ്കിലും തീർത്തു തരുമെന്ന് അദ്ദേഹം ധരിച്ചു.  പിന്നിൽ നിന്ന് ഒരു വിളി കേട്ടത് പോലെ തോന്നി.  കാണാതിരിക്കുന്നവന് ഏതു ശബ്ദവും പിൻ വിളിയായി തോന്നുമായിരുക്കും. അല്ലെങ്കിൽ ഈ അജ്ഞാത ഭൂമിയിൽ തന്നെ  ആര് വിളിക്കാൻ.  നടത്തം തുടർന്നു

ഈഡിപ്പസ്.

അല്ല ശരിക്കും ആരോ വിളിക്കുന്നുണ്ട്.  ആരോ തന്റെ പേര് ചൊല്ലി വിളിക്കുന്നുണ്ട്.  ഇത്രയും ദൂരം താണ്ടി  തന്നെ പിന്തുടരുന്നവൻ ശത്രു  അല്ലാതെ  മറ്റാരാവാനാണ്.  അജ്ഞാതന് വേണ്ടി ഈദിപസ്സ് ഒരു നിമിഷ നേരം കൈവരിയിൽ ചാരി നിന്നു.  എല്ലാറ്റിനെയും  ഒഴിവാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നത് വ്യര്തതയാണ് എന്നല്ലെയോ താൻ എന്റെ ഇത്രയും നാളത്തെ ജീവിതത്തിലൂടെ പഠിച്ചത്. ചുമലിൽ ഒരു കൈ വന്നു പതിച്ചിരിക്കുന്നു.  അപരിചിതമായ കര സ്പർശം.  ഒന്നും വ്യക്തമാവുന്നില്ല.

നീ ആരാണ്. ഇവിടെ ഈ ലോകത്തിന്റെ അകന്ന കോണുകളിൽ അജ്ഞാത വാസം നയിക്കുന്ന തന്നെ ഒരു ശത്രുവിനെ പോലെ പിന്തുടർന്ന നീ ശത്രു തന്നെയോ അല്ലെങ്കിൽ മിത്രമോ.

ഈദിപ്പസ്സെ. ഞാൻ നിന്റെ മിത്രം തന്നെ.  നിന്റെ സൃഷ്ടാവിനെക്കാൾ കൂടുതലായി നിന്നെ കുറിച്ച് ചിന്തിച്ചത് എന്നും ഞാനായിരുന്നു.  നീ ആരെന്നറിയാത്ത ജന ലക്ഷങ്ങളെ കൊണ്ടു നിന്നെ കുറിച്ച് ചിന്തിപ്പിക്കാൻ പഠിപ്പിച്ചതും ഈ ഞാൻ തന്നെ.

നിങ്ങൾ കടം കഥപോലെ ആണ് സംസാരിക്കുന്നത്.  ഒരിക്കലും കേട്ട് പരിചയമില്ലാത്ത ശബ്ദമാണ് നിങ്ങളുടേത്.  ഈ അജ്ഞാത ലോകത്ത് എനിക്ക് ഇങ്ങനെയും ഒരു അഭ്യുദയ കാംക്ഷി ഉള്ള കാര്യം എന്ത് കൊണ്ടു ഞാൻ അറിഞ്ഞില്ല.

ഈദിപ്പസ്സെ . ഞാനാണ് സിഗ്മണ്ട് ഫ്രൊഇദ്.  വരട്ടു സാഹിത്യകാരന്മാരുടെ കയ്യിലെ വെറുമൊരു പാപയായി അസ്തമിച്ചു പോകുമായിരുന്ന നിന്നെ ശാസ്ത്ര ലോകത്തേക്ക് കൈ പിടിച്ചു കയറ്റിയത് ഞാനാണ്. ഓർക്കുന്നുവോ

മനസ്സിലായി. എന്നെ കുറിച്ച് അപഖ്യാതികൾ പറഞ്ഞു പരത്തിയ ഒരു മഹാ മനുഷ്യൻ.  എന്റെ അറിവില്ലായ്മ ഒരു നിത്യ സത്യമെന്ന് പറഞ്ഞു പരത്തിയ മഹാ ക്രൂരൻ.

ഫ്രൊഇദ് ഒരു നിമിഷം ചിന്താ മഗ്ദനായി. അതിനു ശേഷം ഇങ്ങനെ തുടർന്നു.

നിന്റെ ജീവിതത്തിൽ സംഭവിച്ചത് ഒക്കെയും  നിന്റെ വിധിയായിരുന്നു.  നിനക്ക് ഒരിക്കലും തടുക്കാൻ കഴിയാത്ത വിധി.നിന്റെ ദുരന്തം നിന്റെ  മാത്രം ദുരന്തമായിരുന്നില്ല. അത് മാനവരാശിയുടെ മൊത്തം ദുരന്തം ആയിരുന്നു..  യുഗ പുരുഷനായ നീ അത് സ്വന്തം ജീവിതത്തിൽ പകർത്തി കാണിച്ചു. സാധാരണക്കാരായ നമ്മളൊക്കെയും അതിൽ നിന്നു പലതും പഠിച്ചു. ലോകത്തിലെ ഓരോ സംഭവങ്ങൾക്കും ഓരോ വ്യങ്ങ്യാർതവും ഉണ്ട്.  ആ വ്യങ്ങ്യാർതത്തെ  ആയിരുന്നു ഞാൻ തിരഞ്ഞത്.

എനിക്ക് ആകെ പറ്റിയ പ്രമാദം അകന്നു പോയപ്പോൾ എനിക്കെന്റെ അമ്മയെയോ അച്ഛനെയോ അറിയാൻ പറ്റിയില്ല എന്നത് മാത്രമായിരുന്നു. ഞാൻ ഭോഗിച്ചത് ഏതോ ഒരു അജ്ഞാത സ്ത്രീയെ ആയിരുന്നു.  യാത്രക്കിടയിൽ ഞാൻ കൊല ചെയ്തതോ, ഏതോ ഒരു വൃദ്ധനെ.  ഏതോ ഒരു ചരിത്ര മുഹൂർത്തത്തിൽ അവർ എന്റെ അച്ഛനും അമ്മയും ആയി പോയത് എന്റെ കുഴപ്പം കൊണ്ടായിരുന്നില്ല.  ഒരു പരിധിവരെ എന്റെ വിധിയുടെ തുടക്കക്കാർ അവര് തന്നെ ആയിരുന്നു.  പക്ഷെ നീ ചെയ്ത ക്രൂരത അതിലും ഭീകരമായിരുന്നു.  എന്റെ അജ്ഞതയെ എന്റെ സ്വഭാവമായി നീ പ്രഖ്യാപിച്ചു.  അമ്മയെ ഭോഗിച്ചതിനെ കുറിച്ച് ചിന്തിച്ചു  എന്നിലുണ്ടായ കുറ്റ ബോധത്തെ കുറിച്ച് നീ ചിന്തിച്ചതെ ഇല്ല. എന്റെ പൊട്ടി ചിതറിയ കണ്ണുകളെ കുറിച്ച് നീ ഒരിക്കലും ദുഖിതനായില്ല.  നിന്റെ ശാസ്ത്രത്തിനു വേണ്ടത് ഞാൻ എന്ന ബലിയാട് മാത്രം ആയിരുന്നു.

ആവേശം കൊള്ളരുത് ഈഡിപ്പസ്.  നിന്റെ കഥ പിന്നീട് ഹാംലറ്റിൽ തുടരുന്നത് നാം കണ്ടതാണ്.  അവന്റെ ദുരന്തത്തെ കുറിച്ചും നീ കേട്ടതാണ്.  അപ്പോൾ ഇത് നിന്റെ മാത്രം പ്രശ്നമല്ല എന്ന് നിനക്ക് മനസ്സിലായല്ലോ.

മിസ്റ്റർ ഫ്രൊഇദ് . അവിടെയും നിങ്ങൾ കള്ളം പറയുകയാണ്‌.  ഹാംലറ്റിന്റെ കഥയിൽ അവന്റെ പിതാവ് എവിടെയും വരുന്നില്ല. കാരണം അയാള് മുൻപേ മരിച്ചു പോയിരുന്നു. പിന്നെ ബാക്കിയായത് അമ്മയുടെ കാമുകൻ മാത്രമായിരുന്നു.  അവനെ നിങ്ങൾ നിങ്ങളുടെ സൌകര്യത്തിനു വേണ്ടി പിതൃ സ്ഥാനീയനാക്കി.  അച്ഛനോടുള്ള ക്രോധം അങ്ങനെ താങ്കള് മറ്റൊരു വ്യക്തിയിലേക്ക് ആവേശിച്ചു. അല്ലെ.

ഞാൻ പിതാവ് എന്നത് കൊണ്ടു ഉദ്ദേശി ക്കുന്നത് അമ്മക്ക് എതിര് നില്ക്കുന്ന ഇതൊരു പുരുഷനെയും ആണ്.  അത് സ്വന്തം പിതാവ് തന്നെ ആകണം എന്നില്ല എന്ന് ഞാൻ വ്യക്തമാക്കിയതാണ്.

ഹ ഹ ഹ. വല്ലാത്ത ന്യായം.  ഈ  ന്യായം എന്റെ കഥയിൽ എത്തുമ്പോൾ നിങ്ങൾ പൂര്ണമായും മറക്കുന്നു.  ഞാൻ കൊന്ന എന്റെ പിതാവ് എന്റെ പിതൃ സ്ഥാനത് ജീവിച്ചവൻ അല്ല എന്ന് പൂര്ണ ബോധത്തോടെ തന്നെ ആണ് നിങ്ങൾ നിങ്ങളുടെ സിദ്ധാന്തം ചമച്ചത്.  എന്റെ അമ്മ എന്നത് എന്റെ മാതൃ സ്ഥാനത് മരുവുന്നവളല്ല എന്നതും താങ്കള് തൽക്കാലത്തേക്ക് മറന്നു.

ശാസ്ത്രത്തിൽ അത്തരത്തിലുള്ള നീക്ക് പോക്കുകൾ എപ്പോഴും ആവശ്യമാണ്‌.  അല്ലായിരുന്നെങ്കിൽ നിങ്ങൾ അത്ര ഏറെ ശ്രദ്ധിക്കാ പ്പെടില്ലായിരുന്നു.  നിങ്ങളുടെ വിധി നിങ്ങളോ ഞാനോ വിചാരിച്ചാൽ മാറ്റാൻ ആവില്ല.  പക്ഷെ നിങ്ങളുടെ വിധിയിലൂടെ മാനവരാശി അവരുടെ വിധിയെ കുറിച്ച് പഠിച്ചു എന്ന് ഓർത്തു നിങ്ങൾ സന്തോഷിക്കുകയല്ലേ വേണ്ടത്.

ഇല്ല ഫ്രൊഇദ് . ഞാൻ നിങ്ങള്ക്ക് മാപ്പ് തരില്ല.  മനസ്സില് പോലും സ്വന്തം അമ്മയുടെ നേരെ കാമം തോന്നാത്ത എന്നെ അത്തരം ഒരു നികൃഷ്ടനായി ചിത്രീകരിച്ച നിങ്ങള്ക്ക് ഞാൻ മാപ്പ് തരില്ല.  നിങ്ങളുടെ ശിഷ്യ ഗണങ്ങളിൽ ആരെങ്കിലും എന്റെ പേര് നിങ്ങളുടെ ചരിത്ര പുസ്തകങ്ങളിൽ നിന്നു എടുത്തു മാറ്റും  എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.  ശാസ്ത്രത്തിന്റെ ഭാഗമായി ഒരു അസത്യമായി ജീവിക്കുനതിനേക്കാൾ എനിക്ക് ഇഷ്ടം കലയുടെ ഭാഗമായ അർദ്ധ സത്യമാകാനാണ്.

ഈഡിപ്പസ് , ഫ്രൊഇദിനെ ശ്രദ്ധിക്കാതെ നടന്നു നീങ്ങി.

വെളിച്ചത്തിനോടുള്ള ഗൃഹാതുരത്വം. (nostalgia for the light)

പാറ്റ്രിഷിയൊ ഗുസ്മാൻ സംവിധാനം ചെയ്ത അസാധാരണമായ ഒരു വാര്ത്താ ചിത്രത്തിന്റെ പേരാണ് ഇത്.  സാധാരണ വാര്ത്ത ചിത്രങ്ങൾ സംഭവങ്ങളുടെ യഥാതഥങ്ങളായ അവതരണങ്ങൾ മാത്രമാണെങ്കിൽ ഗുസ്മാൻ ഇവിടെ വ്യത്യസ്തങ്ങളും പരസ്പര ബന്ധമൊന്നും പ്രഥമ ദൃഷ്ട്യാ തോന്നാത്തതും ആയ രണ്ടു സംഭവങ്ങളെ  അസാധാരണ മായ രീതിയിൽ സംയോജിപ്പിക്കുകയാണ്.  ജ്യോതി ശാസ്ത്രവും,  സ്വെചാധിപ്ത്യവും തമ്മിൽ നേരിട്ട് ബന്ധങ്ങൾ ഒന്നും ഇല്ല.  പക്ഷെ ചിലിയിലെ നേർത്ത ആകാശങ്ങളും അതിനോട് ജ്യോതി ശാസ്ത്രം കാണിച്ച അസാമാന്യമായ അടുപ്പവും,  അതിലൂടെ തന്റെ നാട് ഒരിക്കൽ കടന്നു പോയ ഭീകരമായ രാത്രികളെ പുന സൃഷ്ടിക്കാൻ ഗുസ്മാനെ പ്രേരിപ്പിക്കുന്നു.

അകാമാ മരുഭൂമിയിലൂടെ നടന്നു പോകുന്ന ഗുസ്മാൻ ആദ്യമായും നമ്മോടു പറയുന്നത് ചിലിയിലെ നിർമലമായ ആകാശങ്ങളെ കുറിച്ചും,  അതിനോട് ലോക ജ്യോതി ശാസ്ത്ര സമൂഹം കാണിച്ച അസാമാന്യമായ അടുപ്പത്തെ കുറിച്ചും  ആണ്.  പ്രതലത്തിൽ ഒരു തരി പോലും നീരാവിയില്ലാത്ത ഈ മരുഭൂമി ചൊവ്വയുടെ ഉപരിതലത്തിനു സമാനമാണ് എന്ന് ഗുസ്മാൻ പറയുന്നു.  മൃഗങ്ങളുടെയും, മത്സ്യങ്ങളുടെയും ഫോസിലുകളും,  ഇന്ത്യൻ ആദി മനുഷ്യരുടെ കരവിരുതുകളും എന്തിനു മമ്മിയായി രൂപാന്തര പെട്ടുപോയ പുരാതന മനുഷ്യ ശരീരങ്ങളും ഒക്കെ അദ്ധേഹത്തിന്റെ സിനിമയുടെ വിഷയങ്ങൾ ആണ്.

ഒരു ജ്യോതി ശാസ്ത്രജ്ഞന് ഇന്നും നാളെയും ഇല്ല. ഇന്നലെകൾ മാത്രമേ ഉള്ളൂ.   ആകാശങ്ങളുടെ അനന്തതയിലേക്ക് അവൻ ഊളിയിടുന്നതു ഇന്നിന്റെ യാതാര്ത്യങ്ങളെ തേടിയല്ല.  മറിച്ചു മരിച്ചു പോയ ഇന്നലെ കളെ തേടിയാണ്.  അവിടെ ഇന്നിന്റെ യാതാര്ത്യമായി നില കൊള്ളുന്ന താരങ്ങൾ ഒക്കെയും എത്രയോ പ്രകാശ വര്ഷങ്ങള്ക്ക് മുൻപേ മരിച്ചു പോയവയാണ്.  പക്ഷെ അവ നമ്മെ സംബന്ദി ചെടത്തോളം ഇന്നിന്റെ യാതാര്ത്യമാണ്.  അപ്പോൾ ഇന്ന് എന്നത് മിത്യയാണ്. ഇന്നലെ എന്നത് മാത്രമാണ് യാതാര്ത്യം.

പക്ഷെ ഗുസ്മാൻ പറയുന്നത് ആകാശങ്ങളുടെ കഥ മാത്രമല്ല.  അവിടെ ആകാമ മരുഭൂമിയിൽ ഒരു പറ്റം സ്ത്രീകൾ  ഭൂതത്തെ തിരയുകയാണ്.  ഇത് പിനോഷെ  എന്ന ഭീകര ഭൂതം  കഴിഞ്ഞ കാലങ്ങളിൽ തങ്ങളുടെ ദേശത്തോട് ചെയ്ത ക്രൂരതയെ കുറിച്ചുള്ള അന്വേഷണമാണ്.  അവിടെ ഈ മരുഭൂമിയിൽ എവിടെയെല്ലാമോ തങ്ങളുടെ പ്രിയപ്പെട്ടവരുടെ എല്ലിൻ കഷണങ്ങൾ വിതറ പ്പെട്ടിട്ടുണ്ട് എന്ന് ചരിത്ര പുസ്തകങ്ങളിലൂടെ   അവർ അറിയുന്നു.  തങ്ങളുടെ പ്രിയപ്പെട്ടവരുടെ ബാക്കിയായി പോയ ആ ശരീര ഭാഗങ്ങള്ക്കു വേണ്ടിയുള്ള ഈ തിരച്ചിൽ ഏതാനും സ്ത്രീകൾ തങ്ങളുടെ കര്മത്തിന്റെ ഭാഗം ആക്കിയിരിക്കുകയാണ്.  ശരിക്കും ഗുസ്മാൻ പറയുന്നത് അവരുടെ വേദനയാണ്.

ചകബുകോ തടവറയിൽ നിന്ന് രക്ഷപ്പെട്ട  ലൂയിസ് ഹെന്രിക്സ് പറയുന്നു.  തടവറയിലെ പകൽ സമയങ്ങളിൽ ഡോക്ടര ആള്വാരസ് നമുക്ക് സൗരയൂഥതെ കുറിച്ചുള്ള ജ്ഞാനം പകര്ന്നു തന്നു. രാതികാലങ്ങളിൽ നാം നക്ഷത്ര സമൂഹങ്ങളെ  പിന്തുടർന്നു. ഓരോ  നക്ഷത്ര സമൂഹത്തെയും വേർ തിരിച്ചറിയാൻ നാം അവിടെ നാടൻ ഉപകരണങ്ങൾ ഉണ്ടാക്കി.  ബാഹ്യ ലോകത്ത് നക്ഷത്രങ്ങളെ പ്രണയിച്ചു അവയെ എന്നെന്നും പിന്തുടർന്നു കൊണ്ടിരുന്ന കോടാനു കോടി മനുഷ്യരുമായുള്ള ഒരു തരം ആശയ വിനിമയം  തന്നെ ആയിരുന്നു അത്.  ഒരേ വസ്തുക്കളിലേക്ക്‌ നോക്കിയിരുന്നു കൊണ്ടു അവർ തങ്ങളുടെ വേദനകൾ പുറം ലോകത്തേക്ക് പ്രസരിപ്പിച്ചു.  അകലങ്ങളിൽ ഇരുന്നു കൊണ്ടു നാം അവരുടെ വേദനകൾ അറിഞ്ഞു.

മരുഭൂമിയിൽ ഇരുന്നു കൊണ്ടു ദുഖിതയായ ഒരു സ്ത്രീ ഗാസ്പർ ഗാലാസ് എന്ന ജ്യോതി ശാസ്ത്രജ്ഞനോട് പറഞ്ഞു.  ആകാശങ്ങളുടെ ആഴങ്ങളിലേക്ക് തിരിച്ചു വച്ച നിങ്ങളുടെ ദൂര ദര്ശിനി ഇനി അൽപ നേരം ഭൂമിയുടെ ആഴങ്ങളിലേക്ക് തിരിച്ചു പിടിക്കൂ.  അവിടെ ഉറങ്ങുന്ന ചരിത്രം എന്തെന്ന് നമ്മൾ അറിയട്ടെ.

എല്ലാം ഓർത്തു കൊണ്ടിരിക്കുന്നവർക്ക്  തകര്ന്നു കൊണ്ടിരിക്കുന്ന  വർത്തമാനത്തിൽ ജീവിക്കാനെങ്കിലും പറ്റും. അതും  ഇല്ലാത്തവർക്ക് ജീവിതം പോലും ഇല്ല.  നക്ഷത്രങ്ങളെ പോലെ ജീവിതവും ഒരു തുടര്ച്ചയാണ്.  നശിച്ചു എന്ന് ധരിച്ചവ ഒക്കെയും, ഈ അനന്ത കാലത്തിൽ പുനർ ജനിച്ചു കൊണ്ടെ ഇരിക്കുന്നു.  മനുഷ്യൻ ജീവിച്ചു കൊണ്ടെ ഇരിക്കുന്നു.

Wednesday, 7 October 2015

വിവാഹ ധൂര്ത്തിനെ കുറിച്ചുള്ള ചില വ്യത്യസ്ത ചിന്തകൾ

വിവാഹ ധൂർത്ത് ദരിദ്രനെ തകര്ത് കളയുന്നു എന്ന് നാം പൊതുവെ പറയുന്നതാണ്.  പക്ഷെ അത് എല്ലാ തരത്തിലും ശരിയാണ് എന്ന് ഞാൻ കരുതുന്നില്ല.  ദരിദ്രൻ ധനികനെ അനുകരിക്കുമ്പോൾ മാത്രമേ അത് അപകടം ആകുന്നുള്ളൂ.  അത് അങ്ങനെ തന്നെ ആണല്ലോ എന്നാണു നിങ്ങളുടെ വാദം എങ്കിൽ അത് വിവാഹത്തിന് പുറത്തുള്ള മറ്റു കാര്യങ്ങളിലും അങ്ങനെ തന്നെ ആണല്ലോ എന്നാണു എന്റെ മറു വാദം.  വിവാഹ ധൂർത്ത് എന്നത് എന്തൊക്കെ ആണെന്ന് നമുക്ക് പരിശോധിക്കാം.  വീട്ടിലെ ചമയങ്ങൾ,  വധുവിന്റെ വസ്ത്രങ്ങൾ, ആഭരണങ്ങൾ,  പിന്നെ ഭക്ഷണം .  ഇതിൽ ഭക്ഷണം ആളുകള് കഴിച്ചു പോകുന്ന സ്ഥിതിക്ക് അത് ധൂർത്ത് എന്ന് പറയാൻ പറ്റില്ല.  വീട്ടില് കഴിക്കാതിരിക്കുന്നതു കല്യാണ പന്തലിൽ കഴിക്കുന്നു എന്ന് മാത്രം.  ഒരു ഷിഫ്റ്റ്‌ മാത്രം.  അത് സാമൂഹിക നഷ്ടം ആയി കണക്കാക്കാൻ പറ്റില്ല.  പിന്നെ സ്വർണത്തിന്റെ കാര്യം.  ധനികൻ സ്വർണത്തിൽ നിക്ഷേപിക്കുന്ന ഭീമമായ തുക അവന്റെ സമ്പാദ്യമായി കിടക്കുകയാണ്.  അത് ഒരു തരത്തിലും ഉപഭോഗത്തിൽ വരുന്നില്ല.  ഞാൻ എന്റെ സമ്പാദ്യം മുഴുവൻ സ്വര്ണം വാങ്ങാൻ ഉപയോഗിച്ചാൽ അത് കൊണ്ടു സമൂഹത്തിനു നഷ്ടമില്ല. കാരണം ഞാൻ എന്റെ മറ്റു ആവശ്യങ്ങൾ (ഭക്ഷണം അടക്കം) കുറച്ചു കൊണ്ടാണ് അത് ചെയ്യുന്നത്.  അപ്പോൾ ഞാൻ ഒഴിവാക്കിയ ഉപഭോഗ വസ്തുക്കൾ മറ്റുള്ളവര്ക്ക് ഉപയോഗിക്കാം.  പിന്നെ ചമയങ്ങൾ . അത് ഏതാനും കലാകാരന്മാരുടെ ഉപജീവന മാര്ഗം ആകയാൽ അതും ഒരു സാമൂഹിക നഷ്ടമായി കണക്കാക്കാൻ പറ്റില്ല.

Sunday, 4 October 2015

പെണ്‍ ശിശു വധം

മാഹിയിൽ ചികിത്സക്ക് വന്ന ഒരു ഫ്രഞ്ച് കാരൻ ഒരിക്കൽ എന്റെ ഒരു സുഹൃത്തിനോട്‌ ചോദിച്ചു.

ഇവിടെ പത്രങ്ങളിൽ പെണ്‍ ശിശുവിനെ രക്ഷിക്കുക എന്നുള്ള പരസ്യം പലപ്പോഴായി കണ്ടിട്ടുണ്ട്.  ഇവിടെ നിങ്ങൾ പെണ്‍ ശിശുക്കളുടെ സുരക്ഷയെ കുറിച്ച് മാത്രം ചിന്തിക്കുന്നത് എന്ത് കൊണ്ടാണ് .  ആണ്‍ ശിശുക്കൾക്കും സുരക്ഷ വേണ്ടേ

എന്റെ സുഹൃത്ത്‌ ചിരിക്കുക മാത്രം ചെയ്തു. കാരണം ജനിച്ച പെണ്‍ കുഞ്ഞുങ്ങളെ   പാലിൽ മുക്കി കൊല്ലുന്ന കഥകളെ കുറിച്ച് പറഞ്ഞാൽ സായിപ്പിന് മനസ്സിലാകില്ല.

പെണ്‍ ശിശു ഹത്യ ഒരു സാർവ ലൌകിക പ്രതിഭാസമാണ്.  പ്രാക്രുതർക്ക് ഇടയിൽ മാത്രം പ്രചരിച്ച ഒരു രീതിയാണ് ഇത് എന്നാ ധാരണ തെറ്റാണ്.  പരിഷ്കൃത സമൂഹങ്ങളിലും, ഗര്ഭാസ്ഥ ശിശു പെണ്ണാണ് എന്ന്  നേരത്തെ അറിഞ്ഞാൽ അതിനെ ഇല്ലായ്മ ചെയ്യാനുള്ള പ്രവണത കൂടി വന്നത് കൊണ്ടാണ് നേരത്തെ ശിശു നിര്ണയം നടത്തുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കിയത്.  ഇന്ന് നമ്മുടെ രാജ്യത്ത് പെണ്‍ ശിശു ഹത്യ നിര്ബാധം തുടരുന്നതായി ഞാൻ കരുതുന്നു.  മറ്റനേകം പ്രാകൃത സ്വഭാവങ്ങൾക്കു ഇടയിൽ ഈ പ്രാകൃതത്വം നാം തുടരുന്നു എന്ന് മാത്രം. 1990 ഇൽ അമര്ത്യാ സെൻ എഴുതിയത്, ഏഷ്യ ഭൂഖണ്ണത്തിൽ  മാത്രം ഇന്ന് ഉള്ള സ്ത്രീകളുടെ എണ്ണം യഥാർത്ഥത്തിൽ ഉണ്ടായിരിക്കേണ്ട എണ്ണ തിനേക്കാൾ പത്തു കോടിയോളം കുറവാണ് എന്നത്രെ.  എങ്ങനെ ഇത് സംഭവിക്കുന്നു എന്നതിനെ കുറിച്ചുള്ള പഠനം നമ്മെ കൊണ്ടെത്തിക്കുന്നത് സ്ത്രീകളുടെ നേരെ നാം കാണിക്കുന്ന  മനോഭാവങ്ങളുടെ ആകെ തുകയിലെക്കാണ്. അമർത്യാ സെനിന്റെ ഈ പ്രസ്താവന തികച്ചും തെറ്റാണ് എന്ന് പ്രസ്താവിച്ചവർ ഒക്കെയും ഇപ്പോൾ യാതാര്ത്യം മനസ്സിലാക്കി വരികയാണ്.

ഉത്തരെന്തിയയിൽ സതി എന്ന ദുരാചാരം പ്രച്ചരിതമായ കാലഘട്ടത്തെ കുറിച്ച് പഠനം നടത്തിയ ചിലരൊക്കെ പറഞ്ഞത് വളരെ വിചിത്രമായ ഒരു  കാര്യമാണ്.  അന്ന് സ്ത്രീ സമുദായത്തിൽ ചിലരെങ്കിലും സതി ഒരു അനുഗ്രഹമായി കണക്കാക്കിയിരുന്നു എന്ന്.  ഭര്ത്താവ് മരിച്ച സ്ത്രീ ശരിക്കും മരിച്ചു ജീവിക്കുക എന്ന് പറഞ്ഞത് പോലെ ആയിരുന്നു.  സ്ത്രീകള്ക്ക് നേരെ ഉള്ള ഭീകരമായ അടിച്ചമര്തലുകൾ നില നില്ക്കുന്ന ഒരു സമൂഹത്തിൽ മരണം പോലും സ്തീകൾക്ക് ആശ്വാസമായിരുന്നു എന്ന്.  രാജാ രാം മോഹൻ റോയി ഇത് ശരിക്കും മനസ്സിലാക്കിയിരുന്നു. സ്ത്രീകളുടെ സ്ഥിതി മെച്ചപ്പെടുതാതെ സതി നിർത്തൽ ചെയ്തത് കൊണ്ടു കാര്യമില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് അദ്ദേഹം വിധവാ വിവാഹം പ്രോത്സാഹിപ്പിക്കാൻ കിണഞ്ഞു പരിശ്രമിച്ചത്.

ഇന്ത്യയിൽ ഇന്നത്തെ പെണ്‍ ശിശു ഹത്യക്ക് മുഖ്യ കാരണം സ്ത്രീധനം തന്നെയാണ്.  ഐക്യ രാഷ്ട്ര സഭയുടെ 2012 ലെ റിപ്പോർട്ട്‌ പ്രകാരം ഇന്ത്യയിൽ ഒരു വയസ്സിനും അഞ്ചു വയസ്സിനും ഇടയിലുള്ള ശിശുക്കളുടെ മരണ സാധ്യത അതെ പ്രായ നിലയിലെ   ആണ്‍ ശിശുക്കളുടെതിനേക്കാൾ 75 ശതമാനം കൂടുതൽ ആണ്.  പെണ്‍ ശിശുക്കൾക്ക് ഏറ്റവും അപകടകരമായ ഒരു രാജ്യമാണ് ഇന്ത്യ എന്നും പ്രസ്തുത റിപ്പോർട്ടിൽ പറയുന്നു.  ക്രൈ എന്ന സംഘടനയുടെ കണക്കു പ്രകാരം ഇന്ത്യയിൽ ഒരു വര്ഷം ജനിക്കുന്ന 120 ലക്ഷം പെണ്‍ കുട്ടികളിൽ 10 ലക്ഷം പേരും ഒന്നാമത്തെ വര്ഷം തന്നെ മരിച്ചു പോകുന്നു. 

Thursday, 1 October 2015

ഒളിച്ചോട്ടക്കാർ

ആകാംക്ഷയും, ഭീതിയും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. അരക്ഷിതാവസ്ഥ ഒരു കാലഘട്ടത്തിൻറെ സ്വഭാവമാണ്.  നമ്മെ ചൂഴ്ന്നു നില്ക്കുന്ന ശക്തമായ എന്തിനെയോ നാം ഭയപ്പെടുന്നുണ്ട്.  നാം പലപ്പോഴും അതിനെ എതിരിടാൻ നില്ക്കാതെ അതിൽ നിന്ന് ഓടി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്.  ചെറിയ കുട്ടികളിൽ പോലും നമുക്ക് ആ സ്വഭാവം ദർശിക്കാൻ പറ്റും.  ക്ലാസിൽ കയറിയാൽ അവസാന ബെഞ്ചിൽ കയറി ഇരിക്കാൻ തിടുക്കം കൂട്ടുന്ന കുട്ടി,  ശക്തമായ ഒരു കേന്ദ്രത്തിൽ നിന്ന് ദൂരെ ഇരിക്കാൻ ആഗ്രഹിക്കുന്നവൻ ആണ്.  ദൂരം കൂട്ടി കൊണ്ടു അവൻ ആ ശക്തി കേന്ദ്രത്തിന്റെ ശ്രദ്ധയിൽ നിന്ന് രക്ഷപ്പെടുവാൻ ശ്രമിക്കുകയാണ്.  പോലീസിനെ കാണുമ്പോൾ പതുങ്ങി പതുങ്ങി കടന്നു പോകുന്ന ഒരു പാവത്തെ പോലെ.  ലോകത്ത് മനുഷ്യന്റെ അംഗ സഖ്യ കൂടുന്നതിന് സാമാന്തരികമായി അവൻ ഒറ്റപ്പെട്ടു കൊണ്ടെ ഇരിക്കുന്നു. അവനെ ഒരു സമൂഹം ശ്രധിക്കാതാവുന്നു.  അവനിൽ വരുന്ന പ്രമാദങ്ങൾ നേരെ മറിച്ച് സമൂഹത്തിന്റെ ശ്രദ്ധയിൽ പെടുകയും ചെയ്യുന്നു.  അത് കൊണ്ടു അവൻ എപ്പോഴും ശിക്ഷയെ ഭയന്ന് കൊണ്ടു ജീവിക്കുന്നു.  കാഫ്കയുടെ 'വിചാരണ' യിലെ ജോസഫ് കെ യുടെ അതെ വിധി.  അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു, പക്ഷെ പരോളിലും ആണ്എന്ന്  പറഞ്ഞത് പോലെ ഉള്ള സ്ഥിതി.  ഒടുവിൽ പ്രതീക്ഷിക്കാത്ത ഒരു നേരം,  ഒരു പട്ടിയെ പോലെ വെട്ടി കൊല്ലപ്പെടുകയും ചെയ്യുന്ന വിധി.

മദ്യവും ഒരു തരത്തിൽ നമ്മെ മറ്റുള്ളവരുടെ മുന്നില് അപ്രത്യക്ഷൻ ആക്കുന്നു.  രൂപത്തിലല്ല ഈ അപ്രത്യക്ഷമാകൽ , ഭാവത്തിലാണ്.  മദ്യപിച്ചു തളര്ന്നിരിക്കുന്നവർ ബഹളം വെക്കുന്ന നേരത്ത് പോലും നിസ്സഹായനാണ്.  അവന്റെ ആ നിസ്സഹായാവസ്ഥ അവനെ അദൃശ്യനാക്കുന്നതായി അവനു തോന്നുന്നു.  പാറി പറക്കുന്ന ആ സ്ഥിതി വിശേഷത്തിൽ അവനു ഒന്നിനെയും ഭയപ്പെടാൻ കഴിയുന്നില്ല.  കാരണം അവൻ ചെറുതായി ചെറുതായി ഒന്നുമില്ലതായി മറ്റുള്ളവര്ക്ക് കാണാൻ പറ്റാതവനായി പരിണമിചതായി അവൻ ഉള്ളില അറിയുന്നു.  ഒരു കേന്ത്രീകൃത ശക്തിയിൽ നിന്ന് രക്ഷപ്പെട്ടു കളയാനുള്ള എളുപ്പ വഴി ഇതാണ് എന്ന് അവൻ മനസ്സിലാക്കുന്നു.  ഇവിടെ തന്റെ ഏതു കുറ്റങ്ങളും പൊറുക്ക പ്പെടും എന്നും അവൻ അറിയുന്നു.

കൊലപാതകങ്ങളുടെ തത്വ ശാസ്ത്രം

ലോകത്ത് മനുഷ്യനും മൃഗവും രണ്ടു ചേരിയിൽ നില്ക്കുകയാണ്.  (ഇത് പൊതുവായ ഒരു ഭാവന മാത്രമാണ്.  കാരണം മനുഷ്യനിൽ തന്നെ ഒരു വിഭാഗം മൃഗങ്ങളെ തങ്ങളിൽ നിന്ന് വ്യതിര്ക്തമായി കാണുവാൻ ആഗ്രഹിക്കാത്തവർ ആണ്. അവര് ഒരു ന്യൂന പക്ഷം ആണെങ്കിൽ കൂടി അങ്ങനെ ഒരു വിഭാഗം ഉണ്ട് എന്നുള്ളത് നാം മനസ്സിലാക്കണം).  മനുഷ്യനെ മൃഗത്തിൽ നിന്ന് വേര് തിരിച്ചു  കാണാൻ ആഗ്രഹിക്കുന്ന ഈ വിഭാഗം കണക്കാക്കുന്നത് മൃഗങ്ങൾ തങ്ങളുടെ ആവശ്യങ്ങൾ പൂര്തീകരിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഒരു ജന്മമാണ് എന്നത്രെ.  ആ ഒരൊറ്റ കാരണം കൊണ്ടു അവയുടെ ഭാഗധേയം നിർണയിക്കേണ്ടത് തങ്ങള് ആണെന്ന ബോധം മനുഷ്യനിൽ ഉണ്ടാകുന്നു.   മൃഗ സ്നേഹികൾ  എന്ന് നാം ധരിച്ചിരിക്കുന്ന പലരും കൊതികിനെ കൊല്ലുന്നത് അത് കൊണ്ടു മാത്രമാണ് എന്ന് ഞാൻ ധരിക്കുന്നു.   കുറച്ചു കൂടെ വിപുലമായി ചിന്തിച്ചാൽ മനുഷ്യനിൽ സർവ ചരാചര സ്നേഹം മാത്രമേ ഉള്ളൂ എന്ന് നമുക്ക് കാണാൻ പറ്റും.  പക്ഷെ ഈ സർവ ചരാച്ചരങ്ങളിൽ ഒരു വിഭാഗത്തെ മനുഷ്യൻ എന്തെല്ലാമോ കാരണങ്ങൾ കൊണ്ടു ചില നേരങ്ങളിൽ മാറ്റി നിർത്തുകയാണ്.. തന്നില് കുമിയുന്ന അപാരമായ സ്നേഹത്തിന്റെ പരിധിയിൽ നിന്ന് മനുഷ്യൻ അവയെ ഒക്കെയും മാറ്റി നിർത്തുകയാണ്.  അതായത് അവയൊക്കെയും ഒരു പ്രത്യേക നിമിഷത്തിൽ വെറും ഒരു ജട വസ്തുവിനെ പോലെ ആയി തീരുകയാണ്.  അവയെ നശിപ്പിക്കുന്നതിൽ ഒരു തരിമ്പു പോലും കുറ്റ ബോധം മനുഷ്യനിൽ ഉണ്ടാകാതിരിക്കുന്നു.  ഇത് നാം നമ്മുടെ ചുറ്റും കാണുന്നതാണ്.  നമ്മളിൽ പലരും ധരിക്കുന്നത് പോലെ അത് മനുഷ്യൻ തന്റെ സഹ ജീവികളോടു മാത്രം കാണിക്കുന്ന ഒരു വികാരം ആകണം എന്നില്ല.  ദൂരെ ഉള്ള തന്റെ അയൽ രാജ്യതുള്ളവൻ മനുഷ്യനാണ് എന്ന് അറിയുമ്പോഴും, അവനെ നിഗ്രഹിക്കാനുള്ള അവാച്യമായ ഒരു വാഞ്ച ഒരു സാധാരണ മനുഷ്യനിൽ ചില നേരങ്ങളിലെങ്കിലും ഉണ്ടാകുന്നു.  എന്തിനു ദൂരെ പോകുന്നു. അത്യന്തം കിരാതത്വം കാണിക്കുന്ന ഒരു മനുഷ്യന് നേരെ നമ്മിൽ ചില നേരങ്ങളിൽ ഉയര്ന്നു വരുന്ന വികാരവും ഹിംസ യിൽ കുതിര്ന്നത് തന്നെയാണ്.  എന്താണ് ഇതിന്റെ മനശാസ്ത്രം. കൊലപാതക വാസന മനുഷ്യനിൽ നിര്ലീനമായിട്ടുളത് തന്നെയാകുമോ.

തീര്ച്ചയായും കൊല്ലാനുള്ള വാസന മനുഷ്യനിൽ സഹജമായി ഉള്ളത് തന്നെയാണ്.  ഇരയെ കൊന്നു തിന്നുക എന്നുള്ളത് അവന്റെ തന്തയുടെ ഒരു കാലത്തെ സ്വഭാവം തന്നെ ആയിരുന്നു.  കവര്ച്ചക്കാരനായി നടന്ന നേരത്ത് അവന്റെ എതിരാളിയെയും  അവൻ കൊല കത്തിക്ക് ഇരയാക്കിയിട്ടുണ്ട്.  അപ്പോൾ മനുഷ്യൻ തന്റെ കൊലപാതക സ്വഭാവം സർവ ചരാചരങ്ങളുടെ നേരെയും ഇന്നത്തെ പോലെ എന്നും പ്രയോഗിച്ചിരുന്നു എന്ന് കാണാം.  അല്ലെങ്കിൽ മറ്റൊരു തരത്തിൽ പറഞ്ഞാല മനുഷ്യന്റെ കൊലപാതക സ്വഭാവം ഒരു വലിയ തുടര്ച്ച ആണെന്ന് പറഞ്ഞാല പോലും തെറ്റാവില്ല.  കാരണം കൊലപാതകം ഒരിക്കലും നമുക്ക് കൂട്ടിനു ഇല്ലാതിരുന്നിട്ടില്ല.

ചെറിയ കുട്ടികളുടെ കൊലപാതക കഥകൾ വായിച്ചു അത്യന്തം ദുഖിതനായ ഐവാൻ കരമസോവ് തന്റെ അച്ഛന്റെ കൊലക്കു കൂട്ട് നിന്ന് എന്നുള്ള  വേദനിപ്പിക്കുന്ന സത്യം പറഞ്ഞ ദെസ്റ്റൊവിസ്കി യഥാർത്ഥത്തിൽ പറയുന്നതും മനുഷ്യന്റെ ഉള്ളിൽ സ്ഥായിയായി വസിക്കുന്ന ഈ കിരാതത്വത്തെ കുറിച്ച് തന്നെയാണ്.  സാത്വികനായ അല്ല്യോശ്യ പോലും ഐവാന്റെ വാചക പ്രളയത്തിനു ഇടയ്ക്കു ഒരിക്കൽ അറിയാതെ പറഞ്ഞു പോകുന്നത് 'അവരെ ഒക്കെ കൊന്നു കളയണം' എന്നാണു.  ആ പറഞ്ഞത് ശുദ്ധ അസംബന്ധം ആയി പോയി എന്ന് അല്ല്യോഷക്ക് അടുത്ത നിമിഷം തോന്നി എങ്കിലും,  ആ അസംബന്ധതിലാണ് നമ്മുടെ ജീവിതത്തിന്റെ ഭാഗധേയം തീരുമാനിക്കപ്പെടുന്നത് എന്ന് നാം മനസ്സിലാക്കണം.   ഇവിടെ വളരെ പ്രസക്തമായ ഒരു ചോദ്യം ഇതാണ് പശുവിനെ പോലും കൊല്ലാൻ ആവാതവന് ഒരു മനുഷ്യനെ ഇത്ര അനായാസം കൊല്ലാൻ പറ്റുന്നത് എന്ത് കൊണ്ടു. ഈ വൈരുദ്ധ്യത്തെ കുറിച്ചാണ് ഞാൻ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്

കൊലപാതകത്തിൽ നമ്മുടെ മനസ്സിന്റെ സ്ഥാനം എവിടെയാണ്.  പണ്ടൊരു സിനിമയിൽ കണ്ട ഒരു മനോഹരമായ ഉദാഹരണം ഇത്തരുണത്തിൽ ഇവിടെ എടുത്തു ചേര്ക്കുന്നത് നല്ലതായിരിക്കും എന്ന് എനിക്ക് തോന്നുന്നു.  ഒരു പട്ടാളക്കാരനായ ബാളിന്ദ് ഫാബിയാൻ തോക്ക് കൊണ്ടു എത്രയോ എണ്ണത്തിനെ കുരുതി കൊടുത്തിട്ടുണ്ട്‌. യാതൊരു കുറ്റ ബോധവും ഇല്ലാതെ. പക്ഷെ ഒരിക്കൽ ശത്രു നിരക്ക് അടുത്തു എത്തിപ്പെട്ട ഫാബിയന്റെ മേലെ ഒരു ശത്രു പയ്യന് ചാടി വീഴുന്നു. മറ്റൊരു ഗത്യന്തരമില്ലാതെ ഫാബിയാൻ അവനെ ബയനട്ട് കൊണ്ടു കുത്തി കൊല്ലുന്നു. പക്ഷെ മരിച്ചു വീണു കൊണ്ടിരുന്ന ആ പയ്യന്റെ മുഖം ഫാബിയനെ തന്റെ ജീവിത കാലം മുഴുവൻ വേട്ടയാടുകയാണ്.  പിന്നീടൊരിക്കൽ ഫാബിയാൻ ആത്മ ഹത്യ ചെയ്യാൻ അതും ഒരു കാരണമായി.  അനേകം പേരെ തോക്ക് കൊണ്ടു കൊന്ന ഫാബിയനിൽ ഒരു മരണം മാത്രം കുറ്റ ബോധം ഉണ്ടാക്കുന്നത് എന്ത് കൊണ്ടു.  ഉത്തരം വളരെ വ്യക്തമാണ് . ഇത്ര നാളും ഫാബിയാൻ തന്റെ ഇരയിൽ നിന്ന് അകലെ ആയിരുന്നു.  ഇരയുടെ വേദനകൾ , അതിന്റെ കരച്ചിലുകൾ ഒന്നും ഒരു തരിമ്പു പോലും ഇങ്ങോട്ട് കടന്നു വരാൻ ആവത്തത്ര അകലെ.  പക്ഷെ ഇവിടെ ദുഃഖം തന്റെ നേരെ മുന്നില് മരിച്ചു വീഴുകയാണ്. അതായിരുന്നു ഫാബിയനെ അസ്വസ്ഥനാക്കിയത്.  അപ്പോൾ തന്റെ ഇരയിൽ നിന്നുള്ള അകല്ച്ചയാണ് ഒരു കൊല പാതകിയിൽ ഉള്ള കുറ്റ ബോധത്തിന്റെ അളവ് നിശ്ചയിക്കുന്നത്.

പക്ഷെ നിങ്ങള്ക്ക് നിങ്ങളുടെ ഇരയിൽ നിന്ന് അകലെ ആവാൻ നാനാവിധമായ മാർഗങ്ങൾ ഉണ്ട് എന്ന് നിങ്ങൾ അറിയണം.  നിങ്ങൾ ശരീരം കൊണ്ടു മാത്രമല്ല നിങ്ങളുടെ ഇരയിൽ നിന്ന് അകലെ ആകുന്നതു . മനസ്സ് കൊണ്ടു കൂടിയാണ്.  ശരീരം കൊണ്ടു അകലെ ആകാൻ നിങ്ങള്ക്ക് ഇരയെ ഒരു ബോംബ്‌ എറിഞ്ഞോ, ഒരു തോക്കെടുത്തോ കൊന്നാൽ മതി.  പക്ഷെ മാനസികമായി നിങ്ങളുടെ ഇരയിൽ നിന്ന് അകലാൻ മാർഗങ്ങൾ അനവധിയുണ്ട്.  നിങ്ങളുടെ നേരെ മുന്നില് നില്ക്കുന്ന ഈ ശത്രുവിനെ ഒരു തരാം മാനസിക് പ്രക്ഷാളനതിലൂടെ നിങ്ങളിൽ നിന്ന് വളരെ അകലെ ആക്കാൻ ഇന്ന് മാർഗങ്ങൾ ഉണ്ട്.  ആ മാർഗങ്ങൾ മുഴുവൻ ഭാഷയിൽ അധിഷ്ടിതമാണ്.

കൊല്ലപ്പെടേണ്ട ജീവി ആദ്യം നമ്മുടെ മനസ്സിലാണ് കൊല്ലപ്പെടുന്നത് എന്ന് ഒരു മനശാസ്ത്രജ്ഞൻ (erich fromm) പറഞ്ഞിട്ടുണ്ട്. ജീവി എന്ന സംജ്ഞയിൽ അദ്ദേഹം മനുഷ്യനെയും കൂടെ പെടുത്തിയിട്ടുണ്ട്. മിക്ക ജീവികൾക്കും (മനുഷ്യൻ അടക്കം) നമ്മുടെ മനസ്സില് മാനുഷികമായ ഒരു നില നില്പ്പുണ്ട്. അത്തരം നില നില്പിൽ നിന്ന് പുറത്തായി പോകുന്ന ജീവികളാണ് ഇവിടെ കൊല്ലപ്പെടുന്നത്. എന്തു കൊണ്ടു ഇങ്ങനെ കുറെ ജീവികൾ നമ്മുടെ മനസ്സിലെ മാനുഷിക പരിഗണനകളിൽ നിന്ന് പുറത്തായി പോകുന്നു എന്ന് ചോദിച്ചാൽ അതിനു വളരെ അധികം കാരണങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടത് ജീവികളുടെ ഉപയോഗ ക്ഷമതയെ കുറിച്ചുള്ള നമ്മുടെ ധാരണകൾ ആണ്. ഉദാഹരണമായി ഒരു ജീവി ഭക്ഷ്യ യോജ്യമാണ് എന്ന് ഞാൻ തീരുമാനിച്ചു കഴിഞ്ഞാൽ, ആ ജീവിക്ക് ഒരു ജീവി എന്നുള്ള നിലയിൽ ഉള്ള നില നില്പ്പ് എന്റെ മനസ്സില് ഇല്ലാതായി തീരുന്നു. എന്നെ പോലെ ജീവിക്കാൻ അര്ഹതപ്പെട്ട ജീവിയാണ് അത് എന്നുള്ള ധാരണ എന്റെ മനസ്സിൽ നിന്ന് നിഷ്കാസിതമാവുകയും, വെറും ഒരു ജട വസ്തുവിനെ പോലെ ആണ് അത് എന്ന തോന്നൽ എന്നിൽ ഉണ്ടാവുകയും ചെയ്യുന്നു. ഇനി അങ്ങോട്ട്‌ യാതൊരു കുറ്റ ബോധവും ഇല്ലാതെ എനിക്ക് ആ ജീവിയെ കൊല്ലാം.
പക്ഷെ ഭക്ഷണം എന്ന രീതിയിൽ മാത്രമല്ല ഒരു ജീവി (മനുഷ്യൻ അടക്കം) നമ്മുടെ മനസ്സിൽ നിന്ന് ഇത്തരത്തിൽ നിഷ്കാസനം ചെയ്യപ്പെടുന്നത്. നമ്മുടെ അസ്തിത്വത്തിനു അപകടം ഉണ്ടാക്കുന്ന ജീവി എന്ന രീതിയിലും നമ്മുടെ മനസ്സ് ഒരു ജീവിയെയോ മനുഷ്യനെയോ, അതിന്റെ മാനുഷിക അസ്തിത്വത്തിനു നേരെ നമ്മുടെ മനസ്സിന്റെ വാതിലുകൾ കൊട്ടി അടക്കുന്നു. ഒരു ഭ്രാന്തു പിടിച്ച പട്ടിയോ, നാട്ടിൽ അപകടം വിതറുന്ന ഒരു വന്യ മൃഗമോ അത്തരത്തിൽ നമ്മുടെ മനസ്സിൽ നിന്ന് നിഷ്കാസനം ചെയ്യപ്പെട്ടവ ആണ്. അവയെയും നമുക്ക് കുറ്റ ബോധമില്ലാതെ കൊല്ലാൻ പറ്റുന്നു. ഒരു ജീവി അത്തരത്തിൽ നമ്മുടെ മനസ്സിൽ നിന്ന് പുറത്താക്കാ പെടുന്നതിനു ആ ജീവി യഥാർത്ഥത്തിൽ അങ്ങനെ ആയിരിക്കണം എന്ന് കൂടി ഇല്ല. ഉദാഹരണത്തിന് വഴിയെ നടന്നു പോകുന്ന ഒരു പാവം നായയെ ഏതെങ്കിലും ഒരാള് ഭ്രാന്തൻ നായ എന്ന് വിളിച്ചു പറഞ്ഞാൽ പോലും അതിന്റെ വിധി നിർണയിക്കപ്പെട്ടു കഴിഞ്ഞു. നമുക്ക് ഇത് വരെ അതിനോട് തോന്നിയ സഹതാപം പോലും ഒരു വാക്ക് പ്രയോഗത്തിൽ നഷ്ടപ്പെട്ടു പോകുന്നു. ഇത് മനുഷ്യന്റെ കാര്യത്തിൽ നാംപലപ്പോഴും പ്രാവർത്തിക മാക്കുന്നു എന്ന് നമുക്ക് അനുഭവത്തിൽ അറിയാം.

contd

വൃത്തിയും പട്ടിണിയും

വൃത്തി ഒരു ജീവിത രീതിയുടെ ഭാഗമാണ്.  അതിനു ഭക്ഷണം ഒരു അവശ്യ ഘടകമാണ്.  ഞാൻ പറയുന്നത് ഒരു വിഡ്ഢിത്തമാണ് എന്ന് ചിലര്ക്കെങ്കിലും തോന്നിയേക്കും.  അവർ അങ്ങനെ തന്നെ വിശ്വസിക്കുക. ഒരു നേരം മാത്രം ഭക്ഷണം കഴിച്ചു പോകുന്നവന് അവന്റെ പരിസരത്തെ കുറിച്ച് ചിന്തിക്കാൻ നേരം കിട്ടില്ല.  അപ്പോൾ ബല പൂർവമുള്ള നമ്മുടെ വൃത്തി പ്രചാരങ്ങൾ കൊണ്ടു ഗുണം ഉണ്ടാകുന്നത് മൂന്നു നേരവും ഭക്ഷണം കഴിച്ചു പോകുന്നവന് ഇടയിൽ മാത്രമാണ്.  അവൻ പോലും അവന്റെ ഏറ്റവും സമീപമായ ഇടങ്ങൾ ആരുടേയും പ്രേരണ ഇല്ലാതെ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യും.  ആരാൻറെ തെന്നു അവൻ കരുതുന്ന റോഡുകളും ഊടു വഴികളും മറ്റും മറ്റും മാത്രമാണ് അവൻ മലിനമാക്കുന്നതു.  അവന്റെ വൃത്തികേടാണ് ശരിക്കും സാമൂഹ്യ ബോധം ഇല്ലാത്ത വൃത്തികെട്.  പട്ടിണി കിടക്കുന്നവന്റെ വൃത്തികെട് പട്ടിണിയുടെ പാര്ശ്വ ഫലം മാത്രമാണ്.  ഇന്ന് നമ്മുടെ റെയിൽവേ ട്രാക്കുകൾ വൃത്തി ഹീനമായി കിടക്കുന്നത് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രം എന്നാ നിലയില  നമുക്ക് വളരെ ഏറെ നാണക്കേട്‌ ഉണ്ടാക്കുന്നു.  നമ്മൾ മറ്റെന്തിനെക്കാളും മുൻ ഗണന കൊടുക്കേണ്ട വിഷയമായിരുന്നു അത്. പക്ഷെ നാം അതിനെ കുറിച്ച് ചിന്തിക്കുന്നില്ല.   പണ്ടു ഒരു ആപ്പീസ് തൊഴിലാളി എന്നോട് ദുഖത്തോടെ പറഞ്ഞ ഒരു കാര്യം ഞാൻ ഇപ്പോൾ ഓര്ക്കുന്നു.  എടൊ കൌണ്ടറിൽ മുഴുവനും കമ്പ്യൂട്ടർ.  നീ ഇവിടെ ഉള്ളിൽ വന്നു നോക്കുക.  കക്കൂസിന്റെ അടുത്തു ഒരു മേശ ഇട്ടാണ് ഞാൻ ഭക്ഷണം കഴിക്കുന്നത്‌. അത് ശരിയാക്കാൻ ആര്ക്കും താല്പര്യം ഇല്ല. കാരണം അത് നാട്ടുകാര് കാണാത്ത ഇടതായി പോയി.  ഇത്തരത്തിലുള്ള വിൻഡോ ഡ്രസ്സ്‌ രീതിയിലുള്ള പുരോഗമനമാണ് ചിലപ്പോഴെങ്കിലും ഇവിടെ സംഭവിക്കുന്നത്‌.  നമ്മുടെ പുരോഗമനം ലോക രാജ്യങ്ങളെ കാണിക്കാൻ വേണ്ടിയുള്ള പുരോഗമനം ആകരുത്.  അത് ഇവിടെ ഉള്ള ഓരോ മനുഷ്യനെയും ഉദ്ദേശിച്ചു കൊണ്ടുള്ളത് തന്നെ ആവണം.  അശരീരികൾ ലോകത്തിന്റെ ഏതു കോണിലും സൃഷ്ടിച്ചെടുക്കാൻ ബഹുരാഷ്ട്ര കുത്തകകൾക്ക് പറ്റിയേക്കും.  പക്ഷെ ദരിദ്രന്റെ പട്ടിണി മാറ്റാൻ നമുക്ക് മാത്രമേ പറ്റുകയുള്ളൂ.  അതിൽ നാം ഒരു വിട്ടു വീഴ്ചക്കും തയ്യാറാകാൻ പാടില്ല. കാരണം അത് വളരെ വലിയ ക്രൂരതയായി ഞാൻ കണക്കാക്കും.  ഇവിടെ കേരളത്തില ജീവിക്കുന്ന ഒരു സാധാരണക്കാരന് പട്ടിണി എന്താണ് എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി മുട്ടാണ്. കാരണം അവൻ എല്ലാ ദിനവും കാണുന്നതു മൂന്നു നേരമോ അതിലധികമോ ഭോജനം വെട്ടി വിഴുങ്ങുന്ന ഒരു പുരുഷാരത്തെയാണ്. സ്വാഭാവികമായും അവരില ചിലരെങ്കിലും ധരിക്കുന്നത് ഇവിടെ പട്ടിണി നാമ മാത്രമാണ് എന്നത്രെ.  എന്നാൽ അവരുടെ അറിവിലേക്ക് വേണ്ടി പല സംഘടനകളുടെയും പഠനത്തിന്റെ ഫലത്തിൽ ഞാൻ ഉറക്കെ പറയുകയാണ്‌. ഇവിടെ പട്ടിണി കിടക്കുന്ന ആളുകള് 20 കോടിയിൽ അധികമാണ് എന്ന് യു എൻ പറയുന്നു. മറ്റു ചില പഠനങ്ങളിൽ അത് അതിലും കൂടുതൽ ആണ്. ലോകത്ത് ആകെ 82 കോടി പട്ടിണിക്കാർ ഉള്ളതിറെ മൂന്നിൽ ഒന്നും ഇന്ത്യയിൽ ആണ് എന്ന് മറ്റൊരു പഠനത്തിൽ വായിച്ചിട്ടുണ്ട്.  ഇനി ഇപ്പോൾ പറഞ്ഞ ഈ 20 കോടി തന്നെ ആണ് ശരി എന്ന് കരുതിയാലും അത് എത്ര ഭീമമായ ഒരു സംഖ്യയാണ് എന്ന് നാം ചിന്തിച്ചിട്ടുണ്ടോ.  പട്ടിണി കിടക്കുന്നവൻ എന്ന് പറഞ്ഞാല അതിനർത്ഥം, ഭക്ഷണം കിട്ടാതവാൻ എന്ന് മാത്രമാണ്.  പ്രാഥമികമായ മറ്റു ആവശ്യങ്ങള നിവർതിക്കാനാവാത കോടികൾ വേറെയും ഉണ്ട് എന്ന് അർഥം.  ഇത് നമ്മെ അഭിമാന പുളകിതർ ആക്കേണ്ട വിഷയം അല്ല എന്നത് അതിന്റെ വ്യാപ്തിയിൽ നിന്ന് തന്നെ നാം മനസ്സിലാക്കണം.  അത് കൊണ്ടു പട്ടിണിയെ കുറിച്ച് സംസാരിക്കുന്നവരെ,  തികഞ്ഞ പിന്തിരിപ്പന്മാരായി കണക്കാക്കുന്ന പ്രവണത ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.  ഒരാൾക്ക്‌ ഭക്ഷണം കിട്ടാതിരിക്കുന്നതും ഒരാൾക്ക്‌ കാറ് വാങ്ങാൻ പറ്റാതിരിക്കുന്നതും നാഴികകളോളം അകലെ നില്ക്കുന്ന രണ്ടു പ്രശ്നങ്ങള ആണ് എന്ന് നാം മനസ്സിലാക്കണം.  ഒരാള് മരണതോടാണ് യുദ്ധം ചെയ്യുന്നത് മറ്റെയാൾ സ്വപ്നങ്ങലോടും.  യാതാര്ത്യവും അയതാര്ത്യവും തമ്മിലുള്ള ഈ യുദ്ധത്തിൽ നാം യാതാര്ത്യത്തിന്റെ ഭാഗത്ത്‌ തന്നെ നില ഉറപ്പിക്കേണം.  എല്ലാവര്ക്കും സ്വപ്നം കാണാനുള്ള അവകാശമുണ്ട്‌. പക്ഷെ അത് പട്ടിണിക്കാരന്റെ ശവത്തിൽ ചവിട്ടി നിന്ന് കൊണ്ടാവരുത്.

വളര്ച്ചയുടെ ഏതു ഘട്ടത്തിലും നാം സംസ്കൃതിയുടെ വളര്ച്ചയുടെ പ്രാഥമിക തത്വം ഓർത്തു കൊണ്ടെ ഇരിക്കണം.  വയലേലകളിൽ സൃഷ്ടിക്കപ്പെടുന്ന അധിക ഭക്ഷണമാണ് സംസ്കാരം വളര്തുന്നത്. എന്നും  അത് അങ്ങനെ തന്നെ ആവണം.