Sunday, 11 October 2015

കാൻസർ വാർഡുകൾ

എന്റെ വീടിന്റെ ഒന്നാം നിലയിലുള്ള വരാന്തയിൽ ഇരുന്നു കൊണ്ടു ഞാൻ അകലേക്ക്‌ നോക്കുകയാണ്.  നോക്കെത്താത്ത ദൂരത്തു താഴ്വാരം പരന്നു കിടക്കുന്നു.  അവയുടെ ഉള്ളിലെ രഹസ്യങ്ങൾ ഇട തൂർന്നു വളര്ന്നിരിക്കുന്ന പാഴ്ചെടികളും,  ചെറു മരങ്ങളും മറച്ചിരിക്കുന്നു. അകലെ നമ്മുടെ വയലളം കുന്നു.  സൂക്ഷിച്ചു നോക്കിയാൽ അവയിൽ വെളുത്ത ചോര പ്പാടുകൾ കാണാം.

അതെ അതാണ്‌ നമ്മുടെ കാൻസർ വാർഡ്‌

ഒരു കാൻസർ വാർഡിനു ജീവിതത്തിന്റെ കഥകൾ പറയാൻ തീരെയില്ല. മരണത്തിന്റെ കഥകളോ പറയുവാൻ വേണ്ടുവോളം.  ഭീതിയിൽ മനസ്സ് മരവിച്ചു പോയവർ ആണ് അവിടത്തെ അന്തേവാസികൾ, അല്ലെങ്കിൽ ഏതോ ഒരു ദുരന്തം കേൾക്കാൻ കാത്തിരിക്കുന്ന സന്ദർശകർ, അതുമല്ലെങ്കിൽ  മനുഷ്യന്റെ വേദന കണ്ടു അവന്റെ നിലവിളി കേട്ട് മനസ്സ് മരവിച്ചു പോയ വേറൊരു കൂട്ടം മനുഷ്യർ.  ഈ കാൻസർ വാർഡിനും എന്റെ മട്ടുപ്പാവിനും ഇടയിലുള്ള വിശാലമായ ഈ ഭൂവിഭാഗത്തെ ഞങ്ങൾ ഇത്രയും കാലം വിളിച്ചത് 'ആറ്റുപുറം വയൽ' എന്ന്.  ഒരു ശാപം പോലെ തന്റെ യഥാര്ത കര്മം എന്തെന്ന് അറിയാതെ ആ ഊഷര ഭൂമി ഇന്നും ആ പേര് ചുമന്നു നടക്കുന്നു.  ഒരു അപമാനം പോലെ

1960

വീട്ടില് നിന്ന് കുട്ടിമാക്കൂലിലെക്കുള്ള എന്റെ ആപ്പന്റെ വീട്ടിലേക്കു ഞാൻ യാത്രപോകുകയാണ്.  ചിറക്കര കണ്ടി ശ്മാശാനത്തിനു അരികിൽ എത്തുമ്പോൾ എന്റെ കാലുകൾക്ക് വേഗത കുറയുന്നു.  അവിടെ ഞാൻ ഒരു നിമിഷം നില്ക്കുന്നു.  ഇനി അങ്ങോട്ട്‌ ഇരുട്ടിന്റെ ഇടവഴിയാണ്. ഇരു വശവും നെന്ത്രവാഴകളും , നെൽ പാടങ്ങളും, പച്ചക്കറികൾ ചുറ്റി പിണഞ്ഞ വള്ളികളും ആ ഇരുട്ടിനെ വലയം ചെയ്തു നില്ക്കുന്നു.  പ്രേതാങ്ങലെക്കാൾ കൂടുതലായി ഞാൻ  പേടിച്ചത് ഈ ഇരുട്ടിനെ ആയിരുന്നു. കണ്ണുകൾ പാതി അടച്ചു കൊണ്ടു ഒരൊറ്റ ഓട്ടം.  പിന്നെ ഞാൻ ചെന്ന് നില്കുന്നത് അകലെ ഉള്ള ആപ്പന്റെ വീട്ടില്. ശ്മശാനത്തിന് അപ്പുറം പൊടിച്ചു ഉയര്ന്നു നില്ക്കുന്ന ഒരേ ഒരു വീട്. അവിടെ വച്ച് ഞാൻ എന്റെ മിഴികൾ പൂര്ണമായും തുറക്കുന്നു.  അന്ന് ഞാൻ എപ്പോഴും മനസ്സിൽ പറയും . വലുതായാൽ ഈ വഴികളെ ഞാൻ ഭയപ്പെടില്ല.  ഈ വയലുകളെ ഞാൻ സ്നേഹിക്കാൻ പഠിക്കും. എന്നൊക്കെ.  പക്ഷെ ഞാൻ വലുതായപ്പോഴേക്കും, എന്നെ പേടിപ്പിക്കാൻ മാത്രം ഇവിടെ വയലുകൾ ഇല്ലാതായി.  വയലുകൾക്ക് അരികിൽ  ചെറിയ കെട്ടിടങ്ങൾ ഉയരാൻ തുടങ്ങി.

ഞാൻ ഇന്നും ഓർക്കുന്നു . അന്നായിരുന്നു കുന്നിൻ മുകളിൽ   നമ്മുടെ കാൻസർ വാർഡിന്റെ ശിലാസ്ഥാപനം നടന്നത്.

പിന്നെ ആറ്റുപുറം വയലിന് വീതി കുറയുകയും, ആ കുറഞ്ഞ വീതികളിൽ  അത്രയും പുതിയ കെട്ടിടങ്ങൾ വന്നു നിറയുകയും ചെയ്തു കൊണ്ടെ ഇരുന്നു.  അന്നേരമാണ് ഞാൻ ഒരു സത്യം മനസ്സിലാക്കിയത്.  ഇവിടെ വയലിന്റെ വ്യാപ്തി കുറയുന്നതിന് സാമാന്തരികമായി, അവിടെ കുന്നിന്റെ മുകളിൽ കാൻസർ വാർഡുകൾ പടര്ന്നു കയറി കൊണ്ടിരിക്കുകയാണ്.  ആറ്റുപുറം വയൽ മുഴുവൻ വീടുകൾ നിറഞ്ഞു, രാത്രിയും പ്രകാശം ചൊരിയാവുന്ന നിലയില എത്തിയപ്പോഴേക്കും, അങ്ങകലെ നമ്മുടെ കുന്നിന്റെ മുകളിലും പ്രകാശ പ്രളയം തന്നെ ആയിരുന്നു. നമ്മുടെ കാൻസർ വാർഡ്‌ ലോക പ്രശസ്തമായി കഴിഞ്ഞിരുന്നു.

ഇന്ന് കുന്നിന്റെ താഴ്വരയിൽ നിന്ന് നമ്മൾ മുകളിലോട്ടു നോക്കി ഇങ്ങനെ പ്രാർഥിക്കുന്നു.  ദൈവമേ ഒരിക്കലും നമ്മുടെ വിധി ഇതായി പോകരുതേ എന്ന്.

താഴ്വരയിൽ വീടുകൾക്കിടയിൽ ഞെരിഞ്ഞമർന്ന ഏതാനും നെൽ കതിരുകൾ നമ്മുടെ വിലാപം കേട്ട് ഒരു തുള്ളി കണ്ണ് നീർ പൊഴിച്ച്.

No comments:

Post a Comment