Friday, 9 October 2015

അന്ധനായ ഈഡിപ്പസ്

പാലത്തിന്റെ കൈവരികൾ പിടിച്ചു ഈഡിപ്പസ് പതുക്കെ നടന്നു.  അജ്ഞാതമായ ഈ തീരത്ത്കൂടെ ഉള്ള ഈ അന്ധയാത്ര തന്റെ  പാപങ്ങൾ ഒരു പരിധിവരെ എങ്കിലും തീർത്തു തരുമെന്ന് അദ്ദേഹം ധരിച്ചു.  പിന്നിൽ നിന്ന് ഒരു വിളി കേട്ടത് പോലെ തോന്നി.  കാണാതിരിക്കുന്നവന് ഏതു ശബ്ദവും പിൻ വിളിയായി തോന്നുമായിരുക്കും. അല്ലെങ്കിൽ ഈ അജ്ഞാത ഭൂമിയിൽ തന്നെ  ആര് വിളിക്കാൻ.  നടത്തം തുടർന്നു

ഈഡിപ്പസ്.

അല്ല ശരിക്കും ആരോ വിളിക്കുന്നുണ്ട്.  ആരോ തന്റെ പേര് ചൊല്ലി വിളിക്കുന്നുണ്ട്.  ഇത്രയും ദൂരം താണ്ടി  തന്നെ പിന്തുടരുന്നവൻ ശത്രു  അല്ലാതെ  മറ്റാരാവാനാണ്.  അജ്ഞാതന് വേണ്ടി ഈദിപസ്സ് ഒരു നിമിഷ നേരം കൈവരിയിൽ ചാരി നിന്നു.  എല്ലാറ്റിനെയും  ഒഴിവാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നത് വ്യര്തതയാണ് എന്നല്ലെയോ താൻ എന്റെ ഇത്രയും നാളത്തെ ജീവിതത്തിലൂടെ പഠിച്ചത്. ചുമലിൽ ഒരു കൈ വന്നു പതിച്ചിരിക്കുന്നു.  അപരിചിതമായ കര സ്പർശം.  ഒന്നും വ്യക്തമാവുന്നില്ല.

നീ ആരാണ്. ഇവിടെ ഈ ലോകത്തിന്റെ അകന്ന കോണുകളിൽ അജ്ഞാത വാസം നയിക്കുന്ന തന്നെ ഒരു ശത്രുവിനെ പോലെ പിന്തുടർന്ന നീ ശത്രു തന്നെയോ അല്ലെങ്കിൽ മിത്രമോ.

ഈദിപ്പസ്സെ. ഞാൻ നിന്റെ മിത്രം തന്നെ.  നിന്റെ സൃഷ്ടാവിനെക്കാൾ കൂടുതലായി നിന്നെ കുറിച്ച് ചിന്തിച്ചത് എന്നും ഞാനായിരുന്നു.  നീ ആരെന്നറിയാത്ത ജന ലക്ഷങ്ങളെ കൊണ്ടു നിന്നെ കുറിച്ച് ചിന്തിപ്പിക്കാൻ പഠിപ്പിച്ചതും ഈ ഞാൻ തന്നെ.

നിങ്ങൾ കടം കഥപോലെ ആണ് സംസാരിക്കുന്നത്.  ഒരിക്കലും കേട്ട് പരിചയമില്ലാത്ത ശബ്ദമാണ് നിങ്ങളുടേത്.  ഈ അജ്ഞാത ലോകത്ത് എനിക്ക് ഇങ്ങനെയും ഒരു അഭ്യുദയ കാംക്ഷി ഉള്ള കാര്യം എന്ത് കൊണ്ടു ഞാൻ അറിഞ്ഞില്ല.

ഈദിപ്പസ്സെ . ഞാനാണ് സിഗ്മണ്ട് ഫ്രൊഇദ്.  വരട്ടു സാഹിത്യകാരന്മാരുടെ കയ്യിലെ വെറുമൊരു പാപയായി അസ്തമിച്ചു പോകുമായിരുന്ന നിന്നെ ശാസ്ത്ര ലോകത്തേക്ക് കൈ പിടിച്ചു കയറ്റിയത് ഞാനാണ്. ഓർക്കുന്നുവോ

മനസ്സിലായി. എന്നെ കുറിച്ച് അപഖ്യാതികൾ പറഞ്ഞു പരത്തിയ ഒരു മഹാ മനുഷ്യൻ.  എന്റെ അറിവില്ലായ്മ ഒരു നിത്യ സത്യമെന്ന് പറഞ്ഞു പരത്തിയ മഹാ ക്രൂരൻ.

ഫ്രൊഇദ് ഒരു നിമിഷം ചിന്താ മഗ്ദനായി. അതിനു ശേഷം ഇങ്ങനെ തുടർന്നു.

നിന്റെ ജീവിതത്തിൽ സംഭവിച്ചത് ഒക്കെയും  നിന്റെ വിധിയായിരുന്നു.  നിനക്ക് ഒരിക്കലും തടുക്കാൻ കഴിയാത്ത വിധി.നിന്റെ ദുരന്തം നിന്റെ  മാത്രം ദുരന്തമായിരുന്നില്ല. അത് മാനവരാശിയുടെ മൊത്തം ദുരന്തം ആയിരുന്നു..  യുഗ പുരുഷനായ നീ അത് സ്വന്തം ജീവിതത്തിൽ പകർത്തി കാണിച്ചു. സാധാരണക്കാരായ നമ്മളൊക്കെയും അതിൽ നിന്നു പലതും പഠിച്ചു. ലോകത്തിലെ ഓരോ സംഭവങ്ങൾക്കും ഓരോ വ്യങ്ങ്യാർതവും ഉണ്ട്.  ആ വ്യങ്ങ്യാർതത്തെ  ആയിരുന്നു ഞാൻ തിരഞ്ഞത്.

എനിക്ക് ആകെ പറ്റിയ പ്രമാദം അകന്നു പോയപ്പോൾ എനിക്കെന്റെ അമ്മയെയോ അച്ഛനെയോ അറിയാൻ പറ്റിയില്ല എന്നത് മാത്രമായിരുന്നു. ഞാൻ ഭോഗിച്ചത് ഏതോ ഒരു അജ്ഞാത സ്ത്രീയെ ആയിരുന്നു.  യാത്രക്കിടയിൽ ഞാൻ കൊല ചെയ്തതോ, ഏതോ ഒരു വൃദ്ധനെ.  ഏതോ ഒരു ചരിത്ര മുഹൂർത്തത്തിൽ അവർ എന്റെ അച്ഛനും അമ്മയും ആയി പോയത് എന്റെ കുഴപ്പം കൊണ്ടായിരുന്നില്ല.  ഒരു പരിധിവരെ എന്റെ വിധിയുടെ തുടക്കക്കാർ അവര് തന്നെ ആയിരുന്നു.  പക്ഷെ നീ ചെയ്ത ക്രൂരത അതിലും ഭീകരമായിരുന്നു.  എന്റെ അജ്ഞതയെ എന്റെ സ്വഭാവമായി നീ പ്രഖ്യാപിച്ചു.  അമ്മയെ ഭോഗിച്ചതിനെ കുറിച്ച് ചിന്തിച്ചു  എന്നിലുണ്ടായ കുറ്റ ബോധത്തെ കുറിച്ച് നീ ചിന്തിച്ചതെ ഇല്ല. എന്റെ പൊട്ടി ചിതറിയ കണ്ണുകളെ കുറിച്ച് നീ ഒരിക്കലും ദുഖിതനായില്ല.  നിന്റെ ശാസ്ത്രത്തിനു വേണ്ടത് ഞാൻ എന്ന ബലിയാട് മാത്രം ആയിരുന്നു.

ആവേശം കൊള്ളരുത് ഈഡിപ്പസ്.  നിന്റെ കഥ പിന്നീട് ഹാംലറ്റിൽ തുടരുന്നത് നാം കണ്ടതാണ്.  അവന്റെ ദുരന്തത്തെ കുറിച്ചും നീ കേട്ടതാണ്.  അപ്പോൾ ഇത് നിന്റെ മാത്രം പ്രശ്നമല്ല എന്ന് നിനക്ക് മനസ്സിലായല്ലോ.

മിസ്റ്റർ ഫ്രൊഇദ് . അവിടെയും നിങ്ങൾ കള്ളം പറയുകയാണ്‌.  ഹാംലറ്റിന്റെ കഥയിൽ അവന്റെ പിതാവ് എവിടെയും വരുന്നില്ല. കാരണം അയാള് മുൻപേ മരിച്ചു പോയിരുന്നു. പിന്നെ ബാക്കിയായത് അമ്മയുടെ കാമുകൻ മാത്രമായിരുന്നു.  അവനെ നിങ്ങൾ നിങ്ങളുടെ സൌകര്യത്തിനു വേണ്ടി പിതൃ സ്ഥാനീയനാക്കി.  അച്ഛനോടുള്ള ക്രോധം അങ്ങനെ താങ്കള് മറ്റൊരു വ്യക്തിയിലേക്ക് ആവേശിച്ചു. അല്ലെ.

ഞാൻ പിതാവ് എന്നത് കൊണ്ടു ഉദ്ദേശി ക്കുന്നത് അമ്മക്ക് എതിര് നില്ക്കുന്ന ഇതൊരു പുരുഷനെയും ആണ്.  അത് സ്വന്തം പിതാവ് തന്നെ ആകണം എന്നില്ല എന്ന് ഞാൻ വ്യക്തമാക്കിയതാണ്.

ഹ ഹ ഹ. വല്ലാത്ത ന്യായം.  ഈ  ന്യായം എന്റെ കഥയിൽ എത്തുമ്പോൾ നിങ്ങൾ പൂര്ണമായും മറക്കുന്നു.  ഞാൻ കൊന്ന എന്റെ പിതാവ് എന്റെ പിതൃ സ്ഥാനത് ജീവിച്ചവൻ അല്ല എന്ന് പൂര്ണ ബോധത്തോടെ തന്നെ ആണ് നിങ്ങൾ നിങ്ങളുടെ സിദ്ധാന്തം ചമച്ചത്.  എന്റെ അമ്മ എന്നത് എന്റെ മാതൃ സ്ഥാനത് മരുവുന്നവളല്ല എന്നതും താങ്കള് തൽക്കാലത്തേക്ക് മറന്നു.

ശാസ്ത്രത്തിൽ അത്തരത്തിലുള്ള നീക്ക് പോക്കുകൾ എപ്പോഴും ആവശ്യമാണ്‌.  അല്ലായിരുന്നെങ്കിൽ നിങ്ങൾ അത്ര ഏറെ ശ്രദ്ധിക്കാ പ്പെടില്ലായിരുന്നു.  നിങ്ങളുടെ വിധി നിങ്ങളോ ഞാനോ വിചാരിച്ചാൽ മാറ്റാൻ ആവില്ല.  പക്ഷെ നിങ്ങളുടെ വിധിയിലൂടെ മാനവരാശി അവരുടെ വിധിയെ കുറിച്ച് പഠിച്ചു എന്ന് ഓർത്തു നിങ്ങൾ സന്തോഷിക്കുകയല്ലേ വേണ്ടത്.

ഇല്ല ഫ്രൊഇദ് . ഞാൻ നിങ്ങള്ക്ക് മാപ്പ് തരില്ല.  മനസ്സില് പോലും സ്വന്തം അമ്മയുടെ നേരെ കാമം തോന്നാത്ത എന്നെ അത്തരം ഒരു നികൃഷ്ടനായി ചിത്രീകരിച്ച നിങ്ങള്ക്ക് ഞാൻ മാപ്പ് തരില്ല.  നിങ്ങളുടെ ശിഷ്യ ഗണങ്ങളിൽ ആരെങ്കിലും എന്റെ പേര് നിങ്ങളുടെ ചരിത്ര പുസ്തകങ്ങളിൽ നിന്നു എടുത്തു മാറ്റും  എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.  ശാസ്ത്രത്തിന്റെ ഭാഗമായി ഒരു അസത്യമായി ജീവിക്കുനതിനേക്കാൾ എനിക്ക് ഇഷ്ടം കലയുടെ ഭാഗമായ അർദ്ധ സത്യമാകാനാണ്.

ഈഡിപ്പസ് , ഫ്രൊഇദിനെ ശ്രദ്ധിക്കാതെ നടന്നു നീങ്ങി.

No comments:

Post a Comment