Wednesday, 21 October 2015

മര മുട്ടിയും പിടിച്ചു നിലക്കുന്നവന്റെ ഏകാന്തത

ഹിഗ്വിടയുടെ വിധിയെ കുറിച്ച് ആരോ എഴുതിയിട്ടുണ്ട്. ഗോൾ വളയത്തിന്റെ ഏകാന്ത തടവിൽ വിമ്മിഷ്ടപ്പെട്ട അദ്ദേഹം ഒരിക്കൽ, തന്റെ ഏകാന്തതയെ ഭഞ്ജിച്ചതു മൈതാന മധ്യത്തിലേക്ക് ബാളുമായി കത്തി കയറിയാണ്. ഒരു ഏകാകിയുടെ എതിരാളി മറ്റൊരു എകാകിയായിരിക്കും എന്നും, ഒരു ആൾക്കൂട്ടത്തെക്കാൾ അവൻ കരുതിയിരിക്കേണ്ടത്, തനിക്കെതിരെ നിൽക്കുന്ന ഈ എകാകിയെ ആണെന്നും ഉള്ള സാമാന്യ തത്വം ഒരു നിമിഷം അദ്ദേഹം മറന്നു പോയി. അതായിരുന്നു അദ്ധേഹത്തിന്റെ പതനം. പക്ഷെ അത് ഒരു പതനം മാത്രമായിരുന്നില്ല ഒരു കണ്ടെത്തൽ കൂടി ആയിരുന്നു.
നെലോതിക്ക പന്ത് വിളയാട്ടത്തിലും (ക്രിക്കറ്റ്) ഇത്തരം ഒരു എകാകിയെ നമുക്ക് കണ്ടെത്താം. ഹിഗ്വിറ്റ ഒരു അപൂർവത ആയിരുന്നെങ്കിൽ ഇവിടെ അതൊരു നിയമം തന്നെ ആയിരുന്നു. വിദൂരതയിൽ നിന്ന് തന്നിലേക്ക് ഓടി അടുത്തു കൊണ്ടിരിക്കുകയും, മറ്റൊരു വിദൂരതയിലെ ലക്ഷമണ രേഖയിൽ വച്ച് തനിക്കെതിരെ ഒളിയമ്പ് എയ്യുകയും ചെയ്യുന്ന ശത്രുവിനെ ഏകനായി കാത്തിരിക്കുന്ന മറ്റൊരു മനുഷ്യൻ. തന്റെ വിധി എന്തെന്ന് അറിയാത്ത ഒരു പാവം മനുഷ്യൻ. മരണത്തിനും ജീവിതത്തിനും ഇടയിൽ ഉള്ള ഒരു ഭീകര നിമിഷം പോലെ. ഏതാനും വാരകൾക്ക് മുൻപിൽ നിന്ന് തൊടുക്കപ്പെടുന്ന തന്റെ വിധിയെ നേരിടാൻ തന്റെ കയ്യിൽ ഒരു മര മുട്ടി എങ്കിലും ഉണ്ട് എന്നുള്ളത് അവനെ ഹിഗ്വിട്ടയെക്കാൾ ഒരു പടി പോലും മുന്നിലാക്കുന്നില്ല. കാരണം ഹിഗ്വിട്ടയെ ഒരു പന്തും ആക്രമിച്ചില്ല. അദ്ദേഹം അതിനെ അങ്ങോട്ട്‌ ആക്രമിക്കുക മാത്രമേ ചെയ്തുള്ളൂ. ഇവിടെ നേര മറിച്ചു ഒരു വാൽ നക്ഷത്രം പോലെ ഉള്ള എന്തോ ഒന്ന് തന്നിലേക്ക് തൊടുത്തു വിടപ്പെട്ടിരിക്കുകയാണ്. ഹിഗ്വിറ്റ ക്ക് തടുക്കേണ്ടത് മനുഷ്യരെ ആയിരുന്നെങ്കിൽ ഇവിടെ തടുക്കേണ്ടത് , ഒരു ജട വസ്തുവിനെ ആണ്. മനുഷ്യനെ നമുക്ക് മുഖ ഭാവത്തിലൂടെ മയക്കി എടുക്കാം. പക്ഷെ ഇവിടെ അതിനു തെല്ലും സാധ്യത ഇല്ല. ഒരു കൂക്ക് വിളി , ഒരു പെണ്ണിന്റെ എത്തി നോട്ടം, ആകാശത്ത് പറക്കുന്ന ഒരു ബലൂണ്‍, അങ്ങനെ തന്റെ ശ്രദ്ധ ആകര്ഷിച്ചു പോകാൻ ഇടയുള്ള എന്തും തന്റെ അന്ത്യമാണ് എന്നും, തനിക്കു മുൻപിൽ ഒരു പൊട്ടു പോലെ നിൽക്കുന്ന ഈ ഗോളം മാത്രമേ ഉള്ളൂ എന്നും അത് മാത്രമാണ് തന്റെ വിധിയെന്നും അറിയുന്നവൻ, ഒരു തരത്തിൽ ആലോചിച്ചാൽ ഭാഗ്യവാൻ തന്നെയാണ്. കാരണം അവനു മറ്റൊന്നിനെയും തടുക്കേണ്ട.
പക്ഷെ എതിരാളി എത്ര ചെറുതാകുന്നോ അവൻ അത്ര മാത്രം അപകടകാരിയും ആകും എന്നുള്ള മഹൽ തത്വം നാം ഇവിടെ അറിയുന്നു.

No comments:

Post a Comment