Wednesday, 22 October 2014

ദ്രവിച്ചു പോയ ദൈവ സങ്കൽപം :

ചെറുപ്പ കാലത്ത് വലിയമ്മ രാമായണം വായിക്കുമ്പോൾ മാത്രമാണ് ഞാൻ രാമന്റെ പേര് കേൾക്കാറ്. വലിയമ്മയും അതിനപ്പുറം രാമനെ വിളിച്ചതായി ഞാൻ ഓർക്കുന്നില്ല. അവർക്ക് ദൈവത്തോട് പറയാൻ മാത്രം ആവശ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ ആവശ്യം പറഞ്ഞു നിവൃതിക്കാൻ പ്രേരിപ്പിക്കേണ്ട ദൈവത്തെ അവർക്ക് വിശ്വാസമില്ലായിരുന്നു. ഒരിക്കൽ വലിയമ്മ പറഞ്ഞു 'ദൈവം എല്ലാം അറിഞ്ഞു ചെയ്യേണ്ടവനാണ്. അത് കൊണ്ടാണല്ലോ അവൻ ദൈവമായത് '.
ഇന്ന് ദൈവം ദുർബലനായി തീർന്നിരിക്കുന്നു. കണ്ണുകൾക്ക്‌ കാഴ്ച ശക്തി കുറഞ്ഞിരിക്കുന്നു. അമ്പലങ്ങളിലെ വിഗ്രഹങ്ങളിൽ താൻ വെച്ച വീഡിയോ ക്യാമറ കളുടെ പരിധിക്കു അപ്പുറതുള്ളതോന്നും അദ്ദേഹത്തിന് കാണാനാവുന്നില്ല. സമൂഹത്തിലെ തിന്മകൾ തന്നെയും ബാധിച്ചതായി അദ്ദേഹം അറിയുന്നു. വെറുതെ അനുഗ്രഹങ്ങൾ ചൊരിയുന്ന പഴയ സ്വഭാവങ്ങൾ ഒക്കെയും അദ്ധേഹതോട് മറന്നു പോയിരിക്കുന്നു. പക്ഷെ അനുഗ്രഹത്തിന്റെ വിലകളിൽ അദ്ദേഹം ഇന്നും കൃത്യത പാലിക്കുന്നു. ലക്ഷങ്ങളിൽ നിന്ന് താഴെ വന്നു വെറും ഒരു രൂപയിൽ അവസാനിക്കുന്ന അനുഗ്രഹങ്ങൾ പല തരത്തിൽ അദ്ദേഹം വിൽകുന്നു. എല്ലാ സാമ്പത്തിക നിലയിൽ ഉള്ളവനും യോചിച്ച രീതിയിൽ അനുഗ്രഹങ്ങൾ , മാരുതി കാറുകൾ പോലെ.
ദൈവത്തെ കുറിച്ചുള്ള മനുഷ്യന്റെ ധാരണ തകരുമ്പോൾ യഥാർത്ഥത്തിൽ തകരുന്നത് മനുഷ്യന് മനുഷ്യനെ കുറിച്ചുള്ള ധാരണ കളാണ് എന്തെന്നാൽ മനുഷ്യൻ ദൈവത്തെ അവന്റെ രൂപത്തിൽ ആണല്ലോ സൃഷ്ടിച്ചത്. അവന്റെ രൂപത്തിൽ സൃഷ്ടിക്കപ്പെട്ട അവൻ കൈകൂലി കാരൻ ആകുന്നുവെങ്കിൽ കൈകൂലി അവൻ ഒരു നന്മയായി അംഗീകരിച്ചു എന്നാണു അർഥം. അവനു കാഴ്ച ശക്തി കുറഞ്ഞു പോയെങ്കിൽ , അവൻ കാണാത്തിടത്തു വച്ച് നമുക്ക് എന്ത് തോന്ന്യവാസവും കളിക്കാമെന്ന് അർഥം.
ദൈവത്തിനു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്ന ഒരു മദ്യപാനി എന്റെ വീടിനു അടുത്തുണ്ട്. എല്ലാ തിന്മകളുടെയും ഉറവിടമായ മൻഷ്യൻ. ഒരിക്കൽ ഞാൻ അയാളോട് ഒന്ന് അമ്പലത്തിൽ പോയി തൊഴുതു കൂടെ എന്ന് ചോദിച്ചു. അപ്പോൾ അയാള് പറഞ്ഞു. 'തൊഴണമെന്ന് ഉണ്ടായിരുന്നു, പക്ഷെ എന്നെ നേരെ മുൻപിൽ കിട്ടിയാൽ അങ്ങേര് അപ്പൊ തന്നെ എന്റെ കഥ തീർത്തു കളയും'.
ഈ വിശ്വാസം എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ അമ്പലങ്ങളിലെ തിരക്ക് ഒരു പരിധി വരെ ഒഴിവാക്കാമായിരുന്നു.

No comments:

Post a Comment