Wednesday, 22 October 2014

തലശേരിയിലെ ഒരു പുരാതന വിപ്ലവം

തല വാചകം കണ്ട ഉടൻ ചുവപ്പൻ വിപ്ലവ കാരികൾ ഇതെടുത്തു വായിച്ചു കളയും എന്ന് എനിക്കറിയാം. അത് കൊണ്ടു ആദ്യമേ മുന്നറിയിപ്പ് തരികയാണ്. വായിക്കരുത്. ഈ വിപ്ലവം നിങ്ങൾ വായിച്ചറിഞ്ഞതോ കേട്ടറിഞ്ഞതോ ആയ മറ്റേ വിപ്ലവമല്ല. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ വിപ്ലവം പോലും അല്ല. ഇത് കേട്ടിട്ടും വായിക്കണം എന്ന് തോന്നുന്നുവെങ്കിൽ വായിക്കുക.
1960
അക്കലത്തൊക്കെയും നമുക്ക് ചുറ്റും, ബഡാ പണക്കാരായ ആൾകാര് കുറെ പേര് ഉണ്ടായിരുന്നു. വേണ്ടു വോളം സ്വത്തും വലിയ വീടുകളും ഒക്കെ ഉള്ളവർ. പക്ഷെ അവരുടെ മക്കൾ ആരും തന്നെ നമ്മുടെ കൂടെ കളിക്കുകയോ നമ്മളോട് ചങ്ങാത്തം കൂടാൻ ശ്രമിക്കുകയോ ചെയ്തതായി ഓർമ്മയില്ല. അന്ന് സ്കൂളിൽ ചേർന്നപ്പോൾ പക്ഷെ നമുക്ക് ഇതൊരു പ്രശ്നമായിരുന്നില്ല. കാരണം അവരുടെ മക്കളൊക്കെ നമുക്കറിയാത്ത ദൂരങ്ങളിൽ എവിടെയോ നമുക്കറിയാത്ത ഏതോ ഭാഷ പഠിക്കുകയായിരുന്നു. നമ്മുടെ കൂടെ സ്ഥലത്തെ ഒരു തുക്കടാ സ്കൂളിൽ പഠിച്ചവർ മിക്കവരും പിൽക്കാലത്ത്‌ ഓട്ടോ , ബസ്‌ പൈലറ്റുമാരും, പിക്കാസ് മൂവർമാരും (പറമ്പ് കൊത്തുന്നവർ) ഒക്കെ ആകുകയായിരുന്നു പതിവ്. ഇത്തരം സാങ്കേതിക ജോലികളിൽ എത്തിപ്പെടാതെ വെറും ആപ്പീസ് തൊഴിലാളികളായി പരിണമിച്ച നമ്മെ പോലെ ഉള്ളവർ ചുരുക്കം.
പട്ടണത്തിലെ സ്കൂളിൽ ഉപരി പഠനത്തിനു എത്തിയപ്പോൾ സംഗതി മാറി. അവിടെ ദരിദ്രർ ന്യൂന പക്ഷമായി. പിൽക്കാലത്ത്‌ ഓടോ, ബസ്‌ എന്നീ യന്ത്രങ്ങൾ നിയന്ത്രിക്കെണ്ടവനും, പികാസ് എന്ന ഉപകരണം നയിക്കെണ്ടവനും ഒക്കെ നാട്ടിലെ തുക്കട സ്കൂളിൽ തന്നെ പഠിത്തം നിർത്തിയിരുന്നു. പക്ഷെ സ്കൂളുകളിൽ എങ്കിലും സമത്വം പാലിക്കണം എന്ന് അക്കാലത്ത് നിർബന്ധം ഉണ്ടായിരുന്നത് കൊണ്ടു വലിയവർ യൂനീഫോം എന്ന ഒരു വസ്തു കണ്ടു പിടിച്ചിരുന്നു. പക്ഷെ അവിടെ വസ്ത്രങ്ങളുടെ നിറം മാത്രമേ ഒരു പോലെ ആയിരുന്നുള്ളൂ. ഗുണം പഴയത് പോലെ. പള പള മിന്നുന്ന ബോസ്കി, റയോണ്‍ കുപ്പായങ്ങൾ ഇട്ട വലിയ ഒരു വിഭാഗവും, കോറ, തറി ഇത്യാദി റേഷൻ തുണികൾ ധരിച്ച ദരിദ്ര വിഭാഗവും ഒരിക്കലും ഏറ്റുമുട്ടാതെ രണ്ടു വിഭാഗമായി തികച്ചും സമാധാനത്തോടെ പക്ഷെ മാനസിക വ്യഥയോടെ അവിടെ കഴിഞ്ഞു പോന്നു. ഏതൊരു പൊട്ടൻ അധ്യാപകനും നേരെ നോക്കിയാൽ അറിയാമായിരുന്നു തന്റെ മുന്നില് ഇരിക്കുന്ന പിള്ളാർ ഓരോരുത്തരുടെയും വീടിന്റെ വണ്ണം എത്രയെന്നു. പക്ഷെ പള പള മിന്നുന്ന വസ്ത്രങ്ങളിൽ കുടുങ്ങി നിന്ന ചെറു ബാലൻമ്മാർ നല്ലവർ തന്നെ ആയിരുന്നു. തങ്ങളുടെ ഗൃഹങ്ങളുടെ വലുപ്പം തങ്ങള് പോലും അറിയാത്ത രീതിയിലായിരുന്നു അവർ മിക്കവരും പെരുമാറിയത്. അവരിൽ ഒരുത്തനായ റാഫിയുടെ വീട്ടില് വർഷങ്ങൾക്ക് ശേഷം എത്താൻ ഇടയായപ്പോൾ ഞാൻ ചോദിച്ചു.
എടാ ഈ കൊട്ടാരത്തിൽ തന്നെയായിരുന്നോ നീ പണ്ടെ താമസം
അതെ.
പിന്നെ എന്ത് ധൈര്യത്തിലാടാ നീ എന്റെ തോളിൽ കയ്യിട്ടു നടന്നത്.
ആ കാലത്ത് എപ്പോഴാ ആണ് ഗൾഫ്‌ കണ്ടു പിടിച്ചത്. കൃത്യമായി പറഞ്ഞാൽ ഗൾഫിൽ നമ്മൾ എണ്ണ കണ്ടു പിടിച്ചത്. നാലാം ക്ലാസിൽ പഠിപ്പ് നിർത്തിയ രാമനും കോമനും ഒരു ഉൾവിളിയാൽ എന്ന വണ്ണം ഒരു നാൾ ഒരു ഉരുവിൽ കയറി നാട് വിടുകയും, കുറെ നാൾ കാണാതിരിക്കുകയും ചെയ്തതിനു ശേഷം ഒടുവിൽ ഒരു നാൾ അവർ കേരളക്കരയിൽ പ്രത്യക്ഷപ്പെടുന്നു, കൈ നിറയെ പണവുമായി.
നിനക്കെന്താടാ പണി ' പണം കണ്ടു കണ്ണ് മഞ്ഞളിച്ച ചാത്തു കൊമനോട് ചോദിച്ചു.
ഞാൻ ഗൾഫിലാ ' കോമൻ മറുപടി പറഞ്ഞു.
ഗൾഫ് എന്നത് ഒരു ജോലിയുടെ പേരാണെന്ന് അങ്ങനെയാണ് നമ്മുടെ നാട്ടുകാർ അറിഞ്ഞത്. പിന്നീട് കേട്ട ചില സംഭാഷണങ്ങളിലൂടെ അതെനിക്ക് കൂടുതൽ വ്യക്തമാവുകയും ചെയ്തു.
വടക്കേതിലെ കല്യാണി അമ്മ ഒരു ദിവസം വേലിക്കരികിൽ വന്നു അമ്മയോട് പറഞ്ഞു.
എടീ കൌസു, എന്റെ ശോഭയ്ക്ക് ഒരു നല്ല അന്വേഷണം വന്നിട്ടുണ്ട്.
കൌ: പയ്യനെന്താ ജോലി
ക: എടീ ഓൻ ഗൾഫിലാ
കൌ : എന്നാ ഇഞ്ഞി രക്ഷപ്പെട്ടല്ലോ എന്റെ കല്യാണി
സത്യമായിരുന്നു. കല്യാണി രക്ഷപ്പെടുക തന്നെയാണ് ചെയ്തത്. നാലാം ക്ലാസും ഗുസ്തിയും മാത്രം പഠിച്ച കോമൻ എന്ന ആ കോമരം പോലത്തെ ചെക്കൻ കല്യാണിയുടെ സുന്ദരി കുട്ടിക്ക് കൊടുത്തത് 20 പവന്റെ സ്വർണ മാല. കല്യാണിയുടെ പത്തിൽ പഠിക്കുന്ന , പഠിക്കാത്ത ചെക്കനു ഒരു ടേപ്പ് റെക്കോർഡ്‌ , ഒപ്പം അവൻ ഒരു ഗുളിക ആണോഎന്ന് സംശയിച്ചു പോയ അബ്ബയുടെ കാസറ്റ് . കല്യാണിയുടെ വീട്ടില് പിന്നെ ഇംഗ്ലീഷ് പാട്ട് മാത്രമേ നാട്ടുകാര് കേട്ടിട്ടുള്ളൂ.
പഴയകാല ജന്മി കോരൻ മുതലാളിയുടെ ഒരേക്കർ പുരയിടം അഡ്വാൻസു പോലും കൊടുക്കാൻ കാത്തു നില്ക്കാതെ കോമൻ പറഞ്ഞ വിലക്ക് വാങ്ങി കളഞ്ഞു.
'എന്നെക്കാളും വലിയ ഒരു പൈസക്കാരനൊ ഇവിടെ' കോരൻ അത്ബുധതോടെ മനസ്സില് ചോദിച്ചു. കോരൻ മുതലാളിയുടെ മതിലിനു അപ്പുറത്ത് പോലും നിൽക്കാൻ ഒരു കാലത്ത് ഭയപ്പെട്ടിരുന്ന കോമൻ, കോരൻ മുതലാളിയുടെ വീട്ടിലെ കോലായിലെ വലിയ കസേരയിൽ ഇരുന്നു , അദ്ധേഹത്തിന്റെ ഭാര്യ ചിരുതമ്മയോടു ഗൾഫ്‌ വിശേഷങ്ങൾ പറഞ്ഞു.
പക്ഷെ ഞാൻ ഇന്നും ഓർക്കുന്നു. പഴയ കോരൻ മുതലാളിയെ പോലെയായിരുന്നില്ല ഈ പറഞ്ഞ കൊമനൊ അവന്റെ പിന്തുടർച്ചക്കാരായ മറ്റനേകം കൊമാന്മാരോ. അവർ അന്നും കൂലി പണിക്കാരൻ ചാത്തുവിന്റെ തോളിൽ കയ്യിട്ടു നടന്നു, വരമ്പത്തെ കള്ളുഷാപ്പിൽ കയറി കള്ളു മോന്തി, ചില സമയങ്ങളിൽ, ഷാപ്പിലെ പ്രജകളായ സർവതിനും തങ്ങളുടെ സ്വന്തം ചിലവിൽ കള്ളു വാങ്ങിച്ചു കൊടുത്തു ആഘോഷിക്കുകയായിരുന്നു.
ഒരിക്കൽ ടൌണിൽ നിന്ന് വരികയായിരുന്ന ഒരു ഓടോ എന്റെ അടുത്തു നിർത്തി അതിൽ നിന്ന് നമ്മുടെ ഗൾഫ്‌ മൊയ്തു ഒരു സഞ്ചിയും പിടിച്ചു ഇറങ്ങി വരുന്നത് കണ്ടു. ഇറങ്ങിയ പാടെ ഓടോ കാരനോട് ഇങ്ങനെ ചോദിച്ചു. 'എത്രയാ മോനെ ഇന്റ പൈസ' 'ഒരു നാല് രൂപ തന്നേക്ക്‌' ഓടോ കാരൻ പറഞ്ഞു. കീശയിൽ നിന്ന് പത്തിന്റെ ഒരു നോട്ട് മൊയ്തു എടുത്തു പുറത്തു വച്ചപ്പോഴേക്കും ഒടോകാരൻ ബാക്കി ചില്ലറക്ക് അവന്റെ കീശയിൽ പരതവേ ഒരു ഗർജനം കേട്ടു.
'ബാക്കിയൊന്നും തിരയേണ്ട മോനെ. അതവിടെ വച്ചോ.' ഒടോകാരൻ രാമു ഒരു നിമിഷം തരിച്ചു നിന്ന് പോയി. ജീവിതത്തിൽ ആദ്യമായി ചോദിച്ചതിനു പകരം ചീത്ത തരുന്നതിനു പകരം, ചോദിച്ചതിൽ കൂടുതൽപണം തന്ന ആ മനുഷ്യ ദൈവത്തെ കണ്ടു രാമു വികാര വിജ്രുംഭിതനായി. നമ്മളാരും കാണാത്ത ഒരു നവീന വിപ്ലവം കേരളത്തിന്റെ ആകാശങ്ങളിൽ ഉരുക്കൂടി വരികയാണെന്ന് ഓടോ കാരൻ രാമുവിന് മനസ്സിലായി.
പിന്നെ മത്സ്യ മാർകറ്റുകളിൽ, തൊഴിലാളികളിൽ, അങ്ങനെ പല പല ഇടങ്ങളിൽ നമ്മൾ അവന്റെ സ്നേഹ മസൃണമായ ധാരാളിത്തം അനുഭവിക്കുകയായിരുന്നു. വഴിയെ പോകുന്ന കല്ല്‌ ചെത്തുകാരൻ വെറുതെ ഒന്ന് ചിരിച്ചാൽ, അവനു യൈറ്റി ട്വന്റി, അല്ലെങ്കിൽ ബ്രൂട്ട്, അതുമല്ലെങ്കിൽ അവന്റെ ഭാര്യക്ക് ഒരു സിൽക്ക് സാരി, അങ്ങനെ അങ്ങനെ അവൻ പഴയ കാല പൈസക്കാരെ മുഴുവൻ അവന്റെ സ്നേഹത്തിന്റെ അപാരതയിൽ നാറ്റി കളഞ്ഞു. ദരിദ്രന്റെ വേദന ശരിക്കും അറിഞ്ഞ ഒരു മനുഷ്യൻ അന്ന് മലയാള കരയിൽ ജനിച്ചു വീഴുകയായിരുന്നു. അതിന്റെ ആഘാതങ്ങൾ പഴയ കാല ഭൂസ്വാമിമാർ പോലും താങ്ങേണ്ടി വന്നു.
അന്നൊരിക്കൽ നമ്മുടെ കോരൻ മുതലാളിയുടെ മോൻ രമണൻ പറയുന്നത് കേട്ടു.
'മീൻ മാർകറ്റിൽ പോയിട്ട്, മാപ്പളക്ക് ഞമ്മളെ ഒരു ബെലയുമില്ല. അഞ്ചുരുപ്പിയക്ക്‌ മത്തി വേണംന്ന് പറഞ്ഞപ്പ അയാൾക്ക്‌ അത് രസിച്ചില്ലാന്നു തോന്നുന്നു. അപ്പുറത്ത് നിന്ന് ആ തുരപ്പൻ കോമൻ ഒരു ഫുൾ അയക്കൂറ അയാളെ കൊണ്ടു മുറിപ്പിക്കുന്ന തെരക്കിലായിരുന്നു. അഞ്ചാം ക്ലാസിൽ തോറ്റൊൻ അറബീന്റെ എച്ചില് വാരി ഇണ്ടാക്കിയ പൈസെന്റെ ജുലുമാ ഓന്.
അടി മുടി ജാടയിൽ കുളിച്ച പഴയ കാല ധനികനെ, ദരിദ്രൻ ടെക്നിക്ക് കൊണ്ടു പരാജയ പ്പെടുത്തുന്ന ഒരു മഹാ വിപ്ലവത്തെ കുറിച്ചാണ് രമണന്റെ വാക്കുകൾ സൂചിപ്പിച്ചത്.
നാട്ടിലെ പറമ്പുകൾ മിക്കതും അഞ്ചും പത്തും ഇരുപതും സെന്റു കളായി ഗൾഫ്‌ കാരൻ തോന്നിയ വിലക്ക് വാങ്ങി കൊണ്ടിരിക്കെ ഒരിക്കൽ , അന്നത്തെ പഴയകാല ബൂര്ഷ്വ ആയ മാധവൻ പറഞ്ഞു. 'പൈസ ഉണ്ടായിട്ടെന്താ കാര്യം, ഒരുത്തനും പുത്തി ഇല്ല. കഴിഞ്ഞ കൊല്ലം ഞാൻ ആയിരം വില പറഞ്ഞ പറമ്പ് ഇക്കൊല്ലം ഓൻ മൂവായിരത്തിനാണ് എടുത്തത്‌. അത് കൊണ്ടു ഞമ്മളെ കുടുംബം രക്ഷപ്പെട്ടു' എന്ന്. പക്ഷെ മാധവന്റെ കുടുംബം അത് കൊണ്ടു രക്ഷപ്പെട്ടു എന്നുള്ളത് മാധവന്റെ തോന്നൽ മാത്രമായിരുന്നു എന്ന് കാലം തെളിയിച്ചു. ഇരുപതു കൊല്ലത്തിനു ശേഷം മാധവന്റെ മോളെ കെട്ടിയ പയ്യന് നാട്ടിൽ ഒരു പത്തു സെന്റു ഭൂമി വേണമെന്ന് പറഞ്ഞപ്പോൾ, മാധവൻ നമ്മുടെ കോമന്റെ അടുത്തു പോയി താൻ പണ്ടു തന്ന ഭൂമിയിൽ ഒരു പത്തു സെന്റു തരാമോ എന്ന് നമ്മുടെ കൊമാനോട് ചോദിച്ചപ്പോൾ കോമൻ പറഞ്ഞത് എന്താണെന്നോ. 'ഇപ്പൊ പറമ്പിനു വില പഴയത് പോലെ അല്ല. 3 ലക്ഷ മാ ഞാൻ ചോദിക്കുന്നത്. പിന്നെ ഇങ്ങളായത് കൊണ്ടു സെന്റിന് രണ്ടെ എമ്പെനു തരാം. മാധവൻ ആകാശം നോക്കി പോയി. താൻ അന്ന് 50 സെന്റു വിറ്റു കിട്ടിയ 150000 ഇന്നും ബാങ്കിൽ അത് പോലെ കിടക്കുന്നുണ്ട്. അത് കൊണ്ടു ഒരു സെന്റു പോലും വാങ്ങാൻ കിട്ടില്ല എന്ന നിലയിലേക്ക് ലോകം തകർന്നു പോയ കാര്യം മാധവൻ അറിയില്ലായിരുന്നു.

No comments:

Post a Comment