Wednesday, 22 October 2014

സ്ത്രീകളുടെ നഗ്നതയെ കുറിച്ച് വല്ലാതെ വേവലാതി പ്പെടുന്ന ആരും തന്നെ പുരുഷന്മ്മാരുടെ നഗ്നത എങ്ങനെ സ്ത്രീകളെ ബാധിക്കുന്നു എന്നതിനെ കുറിച്ച് അന്വേഷിക്കാറില്ല. സ്ത്രീകൾക്ക് അത് ഒരു പ്രശ്നമല്ല എന്നാണു നമ്മളെല്ലാവരും ധരിച്ചിരിക്കുന്നത്‌. അത് കൊണ്ടാണല്ലോ ഞാൻ വീട്ടിൽ ഒരു ട്രൌസർ മാത്രം ഇട്ടു നടക്കുന്നത് (ഇവൻ ഒന്നും ഇടാതെ നടന്നാൽ സ്ത്രീകള് ഓടി രക്ഷപ്പെട്ടു കളയും എന്ന ഒരു പരിഹാസം നിങ്ങളുടെ മുഖത്ത് നിഴലിക്കുന്നുണ്ട്. സാരമില്ല). ഏതു റോഡിലൂടെ പോയാലും അർദ്ധ നഗ്നനായ ഒരു പുരുഷനെഎങ്കിലും കാണാൻ പറ്റും. സ്ത്രീയുടെ നഗ്നത കാണുമ്പോൾ നമുക്ക് ഉണ്ടാകുന്ന ഒരു ഇത് സ്ത്രീകൾക്ക് ഇല്ല എന്നാണോ പറയുന്നത്. ഇനി അഥവാ അത് ശരിയാണെങ്കിൽ സ്ത്രീകൾ അത് കാലക്രമേണ വളർത്തിയെടുത്ത ഒരു സ്വഭാവം ആയിരിക്കാനാണ്‌ സാധ്യത. അങ്ങനെ എങ്കിൽ പുരുഷന്മ്മാര്ക്കും സ്ത്രീ ശരീരത്തോട് അത്തരം ഒരു നിസ്സംഗത വളര്ത്തി എടുക്കാൻ പറ്റേണ്ടതാണ്‌. അത് പറ്റാത്തത് നമ്മുടെ കുഴപ്പമാകാം. ഇനി അഥവാ ഈ പറഞ്ഞത് ശരിയല്ല എന്ന് തന്നെ കണക്കു കൂട്ടുക. ഞാൻ നേരത്തെ പറഞ്ഞ ഒരു ഇത് സ്ത്രീകൾക്കും ഉണ്ടെന്നു വിചാരിക്കുക. അങ്ങനെ എങ്കിൽ നമ്മുടെ സ്ത്രീ നഗ്നതാ ഞെട്ടുകാർ* പുരുഷൻ നഗ്നനാകുന്നതിനെ കുറിച്ചും വേവലാതി പെടെണ്ടതാണ്. വീട്ടിൽ ഷർട്ട്‌ അഴിച്ചിട്ടു നടക്കുക, തെരുവിൽ വെറും ട്രൌസർ ഇട്ടു നടക്കുക. ജട്ടിയിട്ട്‌ നീന്തൽ മത്സരത്തിൽ പങ്കെടുക്കുക (സ്ത്രീകൾ സാരിയുടുത്തു നീന്തൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനെ കുറിച്ച് ഇപ്പോൾ തന്നെ ചിന്തിച്ചു തുടങ്ങി എന്നാണു കേട്ടത്) എന്നിവ കർശനമായും ഇല്ലായ്മ ചെയ്യേണ്ടതാണ്.

*ഇപ്പോൾ കണ്ടു പിടിച്ച വാക്കാണ്‌ . സ്ത്രീകളുടെ നഗ്നത കണ്ടാൽ ഞെട്ടുന്നവർ എന്ന് അർഥം.

No comments:

Post a Comment