വഴിവക്കിൽ വച്ച് കണ്ടു മുട്ടിയ ഒരു ചേരയും മൂർഖനും തമ്മിലുള്ള സംസാരം താഴെ പറയും പ്രകാരം.
മൂർഖൻ: എടോ ചേരേ, താനൊരു പാമ്പാണ് എന്ന് പറഞ്ഞിട്ടെന്താ കാര്യം, ഒരു ഉറുമ്പിനെ എങ്കിലും കൊല്ലാനുള്ള വിഷം തന്റെ കയ്യിലുണ്ടോ.
ചേരേ: വെറുതെ പുളു അടിക്കേണ്ട. ഞാൻ കടിച്ചാലും ചാകേണ്ട ആൾക്കാരു ചാകുക തന്നെ ചെയ്യും.
മൂർഖൻ: എന്നാൽ അതൊന്നു കാണണമല്ലോ.
ചേര: വേണമെങ്കിൽ ഇപ്പോൾ തന്നെ കാണാം. താഴെ വീട്ടിലെ കുഞ്ഞിരാമൻ ഇങ്ങോട്ടേക്കു വരുന്നുണ്ട്. ഞാൻ ഇവിടെ പുല്ലിൽ ഒളിഞ്ഞിരുന്നു കൊണ്ട് അവനെ കടിക്കാം. മുന്നിൽ നിന്ന് കൊണ്ടു നീ അത് നോക്കിക്കോ.
ചേര, വഴിയരികിലെ ഒരു പുൽ പടർപ്പിൽ കുഞ്ഞിരാമനെയും കാത്തു ഒളിഞ്ഞിരിക്കുകയും, തൊട്ടപ്പുറത്ത് നേരെ മുൻപിൽ , എന്താണ് സംഭവിക്കുന്നത് എന്ന് കാണാൻ മൂർഖൻ പത്തി വിരിച്ചു നിൽക്കുകയും ചെയ്തു. ഇരുട്ടിൽ തന്നെ എന്തോ കടിച്ചു എന്ന് അറിഞ്ഞ കുഞ്ഞിരാമൻ ടോർച് അടിച്ചു നോക്കിയപ്പോൾ മുന്നിൽ പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ നില്കുന്നത് കണ്ടു നിലവിളിച്ചു
'അയ്യോ. എന്നെ മൂർഖൻ കടിച്ചേ, രക്ഷിക്കണേ'
രക്ഷിക്കാനൊന്നും കാത്തു നിൽക്കാതെ പുള്ളി നിന്ന നിൽപ്പിൽ തന്നെ വടി ആയി. ഇത് കണ്ടു ചേര മൂർഖനെ നോക്കി ചിരിച്ചു. പൊട്ടൻ മൂർഖനു ഒന്നും മനസ്സിലായില്ല.
അവൻ ചോദിച്ചു.'അതെങ്ങനെ സംഭവിച്ചു, ചേരേ'.
അപ്പോൾ ചേര പറഞ്ഞു ' ഇത് ഒരു വശമേ ആയുള്ളൂ. ഇനി മറ്റേ വശവും കൂടി കാണിച്ചു തരാം. അതാ തെക്കേതിലെ പാച്ചു ഇങ്ങോട്ടേക്കു നടന്നു വരുന്നുണ്ട്. നീ ഇവിടെ പുല്ലിൽ പതുങ്ങി നിന്ന് അവനെ കടിക്കണം. ഞാൻ നേരെ മുൻപിൽ നിന്ന് കൊണ്ടു എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാം.
ഇരുട്ടിൽ തന്നെ എന്തോ കടിച്ചെന്നറിഞ്ഞു പാച്ചു ടോർച് അടിച്ചു നോക്കി. അപ്പോൾ അതാ കിടക്കുന്നു മുൻപിൽ ഒരു ചേര.
അപ്പോൾ പാച്ചു. 'ഓ. വെറും ഒരു ചേരയാ. പ്രശ്നമൊന്നും ഇല്ല. (അതും പറഞ്ഞു പാച്ചു കൂൾ ആയി നടന്നു പോയി. പൊട്ടൻ മൂർഖൻ പിന്നെയും ഇളിഭ്യനായി)
അപ്പോൾ ചേര. 'വേണമെങ്കിൽ ഒരു രണ്ടു ദിവസം അവന്റെ പിന്നാലെ നടന്നു നോക്ക്. അവൻ ചാകുമോ എന്ന് അറിയാൻ.
(മൂർഖൻ രണ്ടു ദിവസം അവിടെയും ഇവിടെയും ഒക്കെ ചുറ്റി നടന്നു നോക്കി. പക്ഷെ പാച്ചുവിന് ഒന്നും പറ്റിയില്ല. അവൻ പതിവ് പോലെ മൂന്നാം ദിവസം രാവിലെ എഴുന്നേറ്റു ഏറ്റിനു പോയി.)
ഗുണ പാഠം : വിശ്വാസം എന്നത് നമ്മള് വിചാരിക്കുന്നത് പോലെ അല്ല. അതിന്റെ ശക്തി അപാരമാണ്. ചാകാൻ സാധ്യതയുള്ളവനെ അത് അനന്ത കാലത്തോളം ജീവിക്കാൻ അനുവദിക്കും. ഒരിക്കലും ചാകാൻ ഇടയില്ലാതവനെ ഞൊടിയിടയിൽ കൊല്ലുകയും ചെയ്യും
No comments:
Post a Comment