Wednesday, 22 October 2014

തകർന്നു പോയ ചില പുരാതന സദാചാരങ്ങൾ 1

ഞാൻ ഇനി പറയാൻ പോകുന്നത് ഒരു പരിണാമത്തിന്റെ കഥയാണ്. ഡാർവിന്റെ പരിണാമ കഥയല്ല. വസ്ത്രധാരണവും, സ്ത്രീ കളുടെ അച്ചടക്കവും ഒക്കെ ഇതിൽ വന്നു പോവും.

ചെറുപ്പ കാലത്ത് എന്റെ അമ്മ, ശരീരം ഏകദേശം മൂടിയ ഒരു വസ്ത്രമാണ് ധരിച്ചിരുന്നത്(മാറ് മറക്കാത്ത കാലം എന്റെ ഓർമ്മയിൽ ഇല്ല). ബ്ലൌസ് എന്നത് കയ്യുടെ അറ്റത്തോളം എത്തും. ഒരിക്കൽ കയ്യുടെ നീളം കുറഞ്ഞു പോയതിനു വലിയച്ചൻ അമ്മയെ ശകാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ആഭാസം എന്ന വാക്കാണ്‌ അന്ന് അദ്ദേഹം ഉപയോഗിച്ചത് എന്ന് ഞാൻ ഓർക്കുന്നു. അദ്ധേഹത്തിന്റെ സദാചാരം അങ്ങനെ ആയിരിക്കണം. ഇത് വര്ഷം 1960. അന്ന് നമ്മുടെ പെണ്‍ കുട്ടികൾ ഒക്കെയും നീളത്തിലുള്ള പാവാടകളും അതിലും നീളത്തിലുള്ള ബ്ലൌസുകളും ധരിച്ചിരുന്നു. ചൂരിദാർ, ജീൻസ്... എന്നിവയൊക്കെയും വളരെ കാലത്തിനു ശേഷമാണല്ലോ കണ്ടു പിടിച്ചത്. അന്ന് അല്പമെങ്കിലും നഗ്നത കാണണമെങ്കിൽ നാം പ്രായമായവരെ നോക്കണം. അവർക്ക് മുണ്ടും, ബ്ലൗസും വേഷം. പ്രായമായവർക്ക് അത്രയൊക്കെ സദാചാരം മതി . അത് അന്നും ഇന്നും അങ്ങനെ തന്നെ. അന്യരായ ആണ്‍ കുട്ടികളോ പെണ്‍ കുട്ടികളോ സ്കൂളിൽ വച്ച് മാത്രമേ സംസാരിക്കൂ. അധ്യാപകന്റെ കണ്‍ വെട്ടത്ത് വച്ച് മാത്രം. ഏതെങ്കിലും ഒരു ചെക്കനു ഒരു പെണ്ണിനോട് ഏതെങ്കിലും ഒരു പാടത്തെ കുറിച്ച് സംശയം ചോദിക്കണംഎന്ന് തോന്നിയാൽ അവൻ വീടിന്റെ 100 വാര അകലെ നിന്ന് അവളുടെ അച്ഛനെയോ അമ്മയെയോ വിളിക്കണം. അവർ വന്നു അവന്റെ ആവശ്യം മനസ്സിലാക്കി, പരസ്പരം സംസാരിക്കാൻ ഇട നൽകാതെ സംശയം തീർക്കേണ്ടി ഇരുന്നു.

ഇന്ന് സദാചാരം പ്രസംഗിക്കുന്ന പലരും ഈ വഴിയിലൂടെയാണ് കടന്നു വന്നിട്ടുള്ളത് എന്ന് ഒർമിപ്പിച്ചു കൊണ്ടു ഞാൻ അടുത്ത ചാപ്റ്റർ ആരംഭിക്കുകയാണ്.

1970. കോളേജിലെ ആദ്യത്തെ ദിവസം. കലാലയത്തിന്റെ കവാടത്തിൽ എത്തിയ ഞാൻ തരിച്ചു നിന്ന് പോയി. അവിടെ ഒരു ആണും പെണ്ണും സംസാരിച്ചു നില്ക്കുന്നു. എന്റെ ദൈവമേ ഇതെന്താണ് ഞാൻ ഈ കാണുന്നത്. ലോകം ഇടിഞ്ഞു വീഴാൻ പോകുകയാണോ. അന്ന് വൈകുന്നേരം വീട്ടിൽ എത്തിയ ഞാൻ അമ്മയോട് പറഞ്ഞു 'അമ്മെ. അവിടത്തെ പെണ്‍ കുട്ടികൾ ഒക്കെ മോശമാ.'. നീ അങ്ങനെയൊന്നും ആകേണ്ട' അമ്മ പറഞ്ഞു. പക്ഷെ അഞ്ചു വർഷത്തെ കോളേജ് ജീവിതം കൊണ്ടു ഞാൻ മോശമായി. ഞാൻ പെണ്‍ കുട്ടികളോട് സംസാരിക്കാൻ തുടങ്ങി. പെണ്‍ കുട്ടികൾ ഷോർട്ട് പാവാടകൾ അണിയാൻ തുടങ്ങി. ഒരു പരിധി വരെ അവരും മോശമായി.

എന്റെ കാലഘത്തിൽ ജനിച്ച പലരും ഇത് കണ്ടറിഞ്ഞവരും അനുഭവിച്ചവരും ആണ്. പക്ഷെ ഇതൊന്നും ഇന്നത്തെ അവരുടെ സാദാചാര ബോധത്തിൽ എവിടെയും ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.

പിന്നെ എന്തൊക്കെ വന്നു. എന്തൊക്കെ നമ്മൾ എതിർത്തു. എന്നിട്ടും നമ്മുടെ എതിർപ്പുകളെ ഒക്കെ അവഗണിച്ചു അവ നമുക്ക് ഇടയിൽ നൃത്തമാടാൻ തുടങ്ങി.പക്ഷെ അപ്പോഴേക്കും നമ്മൾ വൃധരായി കഴിയുകയും, മേൽ പറഞ്ഞ മാറ്റങ്ങളൊക്കെ ഒരു പരിണാമ പ്രക്രിയയിലെ മാറ്റങ്ങൾ ആണെന്ന് മനസ്സിലാക്കാനുള്ള ബോധം നമ്മിൽ സ്രിഷ്ടിചെടുക്കുകയും ചെയ്തു.

പക്ഷെ ചിലർക്കെങ്കിലും ഇന്നും അത് മനസ്സിലായില്ലെന്ന് ഞാൻ സംശയിക്കുന്നു.

No comments:

Post a Comment