Sunday, 31 May 2015

വാതിലുകൾ തുറക്കുമ്പോൾ


കിടക്കവിട്ടെഴുന്നേറ്റു
വാതിൽ തുറന്നു ഞാൻ
പുറത്തേക്കിറങ്ങി

ഈ ഹൈകു ആരെഴുതിയതാണ് എന്ന് എനിക്ക് ഓർമ്മയില്ല.  കാഫ്ക തന്റെ  കാമുകിയായ ഫെലിസിനു എഴുതിയ കത്തുകളിലെ ഏതോ ഒരു ഭാഗത്ത്‌ വായിച്ചതാണോ.  ഓർമ്മയില്ല.  പക്ഷെ ഈ വരികൾക്ക് അസാമാന്യമായ ശക്തിയുണ്ട് എന്ന് അത് വായിച്ചപ്പോൾ എനിക്ക് തോന്നി.  ഒരു പുസ്തക ജീവി കിടക്കയിൽ കിടക്കുന്ന ജീവിയാണ്.   അവൻ പുറത്തുള്ള ലോകത്തെയോ , പുറത്തുള്ള ലോകം അവനെയോ അറിയുന്നില്ല.  അടഞ്ഞു കിടക്കുന്ന വാതിലുകൾക്കുള്ളിൽ അവൻ മരിച്ചവനാണ്.

ആദ്യം വാതിലുകൾ തുറന്നിടുക
വായുവും വെളിച്ചവും കടന്നു വരട്ടെ
പിന്നെ പുറത്തിറങ്ങുക
ജീവിതം ഈ തെരുവിലാണ്

                                   ******************************************

വാതിൽ തുറന്നു പുറത്തു വന്നപ്പോൾ
അദ്ദേഹം കണ്ടത് ഒരു കുതിരവണ്ടിക്കാരൻ
ശാട്ട്യ ക്കാരിയായ തന്റെ കുതിരയെ
ചാട്ടവാറു കൊണ്ടു ആഞ്ഞടിക്കുന്നതാണ്
ഓടിച്ചെന്നു കുതിരക്കാരന്റെ കയ്യിൽ
പടിച്ചു തൂങ്ങി നിന്നപ്പോൾ അയാള് അടി നിർത്തി
തദനന്തരം അദ്ദേഹം കുതിരയുടെ കഴുത്തിൽ
കെട്ടി പിടിച്ചു കരഞ്ഞു കൊണ്ടു ഇത്രയും പറഞ്ഞു

                   'അമ്മെ മാപ്പ്'

അതിനു ശേഷം ബോധരഹിതനായി വീണ അദ്ധേഹത്തെ , അദ്ധേഹത്തിന്റെ സുഹൃത്ത്‌ വീട്ടിൽ എത്തിച്ചു.  എന്തൊക്കെ പിച്ചും പേയും പറഞ്ഞു കൊണ്ടിരുന്ന അദ്ദേഹം ഒടുവിൽ ഭ്രാന്തനായി തന്റെ അമ്മയുടെയും പെങ്ങളുടെയും ശുശ്രൂഷയിൽ പത്തു കൊല്ലത്തോളം ജീവിച്ചു . അതിനു ശേഷം അദ്ദേഹം മരിച്ചു.

നീഷേ എന്ന പ്രതിഭാശാലിയുടെ അന്ത്യം ഇങ്ങനെ ആയിരുന്നു. 

അലിഞ്ഞലിഞ്ഞു ഇല്ലാതായ ആ വലിയ കുന്ന്

പണ്ടു പണ്ട് പണ്ടു
വയലളത്തുകാർ
കടലുകാണാൻ
കടൽക്കരയിൽ
പോകാറില്ലായിരുന്നു

മനസ്സിന് വേദന പേമാരി
വെള്ളപ്പോക്കമിവയൊക്കെ
വരുമ്പോൾ നമ്മൾ വരിയായി
വയലുകൾക്ക് പിറകിലെ
വയലളം കുന്നിലേക്ക്
നടന്നു കയറുന്നു.
കേട്ടെടുത്തു മലകയറും
അയ്യപ്പരെ പോലെ

അകലങ്ങളിൽ ശാന്തയായി
സൌമ്യയായി നീല ച്ചവി പൂണ്ട
കരകാണാക്കടൽ
തിരയില്ലാ കടൽ

പക്ഷെ ഇന്ന് നമുക്ക്
വയലളം കുന്നില്ല
കടല് കാണാൻ നമുക്കിനി
കടൽ കരയിൽ പോകണം
കടലിലെ വിഷ വെള്ളത്തിൽ
കാലുകൾ കഴുകണം
അതിലെ തിരകളിൽ
നമ്മുടെ കുഞ്ഞുങ്ങളെ
ബലി കൊടുക്കണം

വേണ്ട വേണ്ടാ
നമുക്കീ കടല് വേണ്ടാ
ആകാശത്തേക്ക്
നടന്നു കയറാൻ
നമുക്കൊരു കുന്നു തരൂ


Saturday, 30 May 2015

സർവാഭരണ ഭൂഷിത

സമ്പത്ത് സ്വരൂപിച്ചു വെക്കുന്നതിനോട് ആർകും പ്രതിഷേധമില്ല. അത് പ്രദർശിപ്പിക്കുന്നതിനോട് മാത്രമേ ഉള്ളൂ. സ്വർണത്തിലൂടെ മാത്രമല്ല നാം സമ്പത്ത് പ്രദർശിപ്പിക്കുന്നത് എന്ന് ഓർക്കുക. നിങ്ങളുടെ വീട്, വീട്ടു ഉപകരണങ്ങൾ, നിങ്ങളുടെ വസ്ത്രങ്ങൾ, നിങ്ങളുടെ ആഘോഷങ്ങൾ അങ്ങനെ എന്തും സമ്പത്ത് പ്രദർശിപ്പിക്കുവാനുള്ള ഉപകരണങ്ങൾ ആണ് എന്ന് ഓർക്കുക. അത്തരത്തിൽ സമ്പത്തിനെ എതിർക്കാൻ തുടങ്ങുമ്പോഴേക്കു നമ്മൾ ദാര്ദ്ര്യം എന്ന ജീവിത രീതിയിലേക്ക് താനേ ഇറങ്ങി ചെല്ലും. ദാനം അവസാനിക്കുന്നത് ഒരാള് ദരിദ്രനായി തീരുമ്പോൾ മാത്രമാണ്. ദാരിദ്ര്യത്തെ മഹത്വവൽകരിച്ച ക്രിസ്തുവും, ദാനത്തെ മഹത്വ വൽക്കരിക്കുന്ന മറ്റു മതങ്ങളും, മുതലിനെ തിരസ്കരിക്കുന്ന കംമ്യുനിസവും, ഒക്കെ പറയുന്നത് ഈ ഒരേ ഒരു കാര്യമാണ്.
ഒരു പരിധി വരെ സമ്പത്ത് എന്നത് വെറും ഒരു മാനസിക സംതൃപ്തി മാത്രമാണ്. മറ്റനേകം പേര് കൈ വശം വെക്കാൻ ഇടയുള്ളതിനെ സ്വന്തമായി സ്വരൂപിച്ചു വെക്കൽ. സ്വന്തം മക്കളെ പോലെ അതിനെ കാത്തു സൂക്ഷിക്കൽ, വളരാൻ സഹായിക്കൽ. നമ്മൾ നമ്മുടെ മക്കളെ നമ്മുടെ സ്വന്തമാണ് എന്ന് ധരിക്കുന്നത് പോലെ നാം സ്വരൂപിച്ച സമ്പത്തും നമ്മുടെതാണ്‌ എന്ന് ധരിക്കുന്നു. പക്ഷെ നമ്മൾ ഭക്ഷിക്കുന്നതല്ലാത്ത മറ്റൊന്നും നമ്മുടെ സ്വന്തം എന്ന പേരിനു അർഹത നേടുന്നില്ല എന്ന് നമുക്ക് അറിയാം. മറ്റുള്ളത് എന്തും നമ്മിൽ നിന്ന് വ്യതിരിക്തമായി നമ്മോടു എതിരിട്ടു നില്ക്കുകയാണ് എന്നും നമുക്ക് അറിയാം. അത് കൊണ്ടു തന്നെ നാം സമ്പത്തിന്റെ കാര്യത്തിൽ അസ്വസ്ഥനും അസൂയ്യാലുവും ആണ്.
പലപ്പോഴും നമ്മൾ സമ്പത്ത് സ്വരൂപിക്കുന്നത് അത് ഉപയോഗിക്കാൻ വേണ്ടി മാത്രമല്ല, മേൽ പറഞ്ഞ മാനസിക സംതൃപ്തിക്കും, അതിന്റെ പ്രദര്ശ്നതിലൂടെ നമുക്ക് ലഭിക്കുന്ന ഗൂഡമായ സന്തോഷത്തിനും വേണ്ടിയാണ്. മറ്റുള്ളവര്ക്ക് ഇത് ഉപയോഗിക്കാൻ കിട്ടുന്നില്ലല്ലോ എന്നുള്ള ഒരു തരം വൃത്തികെട്ട മാനസികോല്ലാസമാണ് അത്.
സമ്പത്തിനോടുള്ള നമ്മുടെ പ്രതിഷേധം ഭാഗികമാണ്. മേലെ ഉള്ളത് പോലെ. ശരിക്കും സമ്പത്ത് എന്ന സ്ഥാപനമാണ്‌ എതിർക്കപ്പെടെണ്ടത്. അല്ലാതെ അതിന്റെ പ്രദർശിത രൂപങ്ങൾ അല്ല. സ്വകാര്യ സമ്പത്ത് ഉള്ള കാലത്തോളം അതിനോടുള്ള മനുഷ്യന്റെ ആർത്തിയും തുടർന്ന് കൊണ്ടെ ഇരിക്കും.
പക്ഷെ അത് എങ്ങനെ ഇല്ലായ്മ ചെയ്യും. നമ്മുടെ സാമ്പത്തിക ശാസ്ത്രങ്ങളെ പലപ്പോഴും പ്രചോദിപ്പിക്കുകയും, എല്ലായ്പോഴും പരാജയപ്പെടുത്തുകയും ചെയ്തിട്ടുള്ള ഒരു സമസ്യാണ് ഇത്. മതങ്ങൾക്ക് കഴിയാത്തത് ആധുനിക സാമ്പത്തിക ശാസ്ത്രത്തിനോ , രാഷ്ട്ര മീമാംസക്കോ കഴിയുമോ എന്നുള്ളത് വളരെ പ്രസക്തമായ ചോദ്യമാണ്.

എല്ലാം പൊതു മേഖലയിലേക്ക് കൊണ്ടു വരിക എന്നുള്ളതായിരുന്നില്ല മാർക്സിന്റെ ഉദ്ദേശ്യം എന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ധേഹത്തിന്റെ ഉദ്ദേശ്യം മനുഷ്യനെ ദരിദ്രൻ ആക്കുക എന്ന് തന്നെ ആയിരുന്നു(ആ അർത്ഥത്തിൽ ഈ പറഞ്ഞത് ശരിയാകാം). തത്വ ചിന്താ പരമായ ഈ ദാരിദ്ര്യത്തെ കുറിച്ച് മാർക്സിനു മുൻപ് തന്നെ പലരും (എക്കാർറ്റ് പോലെ ഉള്ളവർ) പഠിച്ചിട്ടുണ്ട്. മാർക്സിനെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തി യേശു കൃസ്തു തന്നെ ആയിരുന്നു എന്ന് വിശ്വസിക്കാൻ ന്യായമുണ്ട്. ബൈബിളിലെ പല മൊഴികളും മാർക്സ് ഉപയോഗിച്ചിട്ടുണ്ട്. ബൈബിളിലെ ഒട്ടകത്തിന്റെ സാരോപദേശ കഥ മാർക്സിനെ വളരെ ഏറെ ചിന്തിപ്പിചിട്ടുണ്ടായിരിക്കണം.

Wednesday, 27 May 2015

വേൾഡ് ബാങ്ക് , ഐ എം എഫ്

ദാരിദ്ര്യം അഭിമുഖീകരിക്കുന്ന രാജ്യങ്ങൾക്ക് തങ്ങളുടെ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ എന്ന പേരില് കൊടുക്കപ്പെടുന്ന ഇത്തരം വായ്പകൾ ഭൂരി ഭാഗം രാജ്യങ്ങളെയും ദാരിദ്ര്യത്തിൽ തന്നെ നില നില നിർത്തുന്നതായാണ് കണ്ടു വരുന്നത്.  കാരണം വായ്പ സ്വീകരിക്കുന്ന ഓരോ ദരിദ്ര രാജ്യവും അവര് പറയുന്ന മാനദണ്ടങ്ങൾ പാലിക്കെണ്ടിയിരിക്കുന്നു.  കുത്തകകൾക്ക് തദ്ദേശ മാർകറ്റുകൽ തുറന്നു കൊടുക്കുകയും,  സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ മരവിച്ചു പോവുകയും ചെയ്യുന്നതാണ് അതിന്റെ ആത്യന്തിക ഫലം.   ആരോഗ്യം വിദ്യാഭ്യാസം , ദാരിദ്ര്യ നിര്മാജനം, കര്ഷക ക്ഷേമം   എന്നീ മഹത് കാര്യങ്ങൾ, പരിതാപകരമാം വിധം പുറം തള്ള പ്പെട്ടു പോകുന്നു (ഇത് നമ്മുടെ നാട്ടിന്റെ അനുഭവത്തിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാവുന്നതെ ഉള്ളൂ)

വേൾഡ് ബാങ്ക് , ഐ എം എഫ് എന്നിവയുടെ  മുഖ്യ അജണ്ട എല്ലാ സ്ഥാപനങ്ങളെയും സ്വകാര്യ മേഖലയിൽ കൊണ്ടു വരിക എന്നതാണ്.   അതിനു വേണ്ടി ജനങ്ങളുടെ മനസ്സ് പ്രക്ഷാളനം ചെയ്യപ്പെടെണ്ടതുണ്ട് എന്ന് അവര്ക്ക് നന്നായി അറിയാം.  ജനങ്ങള് തന്നെ സ്വകാര്യ മേഖലക്ക് വേണ്ടി പ്രക്ഷോപണം  നടത്തുന്ന ഒരു അവസ്ഥ ആദ്യം ഇവിടെ സൃഷ്ടിക്കണം.  അത് എളുപ്പമാണ് എന്ന് അവര്ക്ക് അറിയാം.  അഴിമതി  സാർവത്രികം ആക്കുകയാണ് അതിനുള്ള എളുപ്പ വഴി. അപ്പോൾ അഴിമതിക്ക് രണ്ടു മുഖങ്ങൾ ഉണ്ട് എന്ന് അർഥം. അത് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ചു അത് രാജ്യത്തെ ദാരിദ്രമാക്കുന്നു. മറ്റൊന്ന് അതിലൂടെ വളരുന്ന ജന രോഷം പ്രധാനമായും തിരിയുന്നത് സർക്കാർ സ്ഥാപനങ്ങള്ക്ക് നേരെ ആകയാൽ , സ്വാകാര്യ മേഖലക്ക് വേണ്ടിയുള്ള ജന  മുന്നേറ്റങ്ങൾ ത്വരിതപ്പെടുന്നു.  ദാരിദ്രമാക്ക പ്പെടുന്ന രാജ്യം , കൂടുതൽ കൂടുതൽ വായ്പകൾ എടുക്കപ്പെടാൻ നിര്ബന്ധിക്ക പ്പെടുകയും, കൂടുതൽ കൂടുതൽ അവയുടെ നീരാളി പിടുത്തങ്ങളിൽ അകപ്പെടുകയും ചെയ്യുന്നു.  സ്വകാര്യവൽക്കരനതിലൂടെയും,  ആഗോള വൽക്കരണ ത്തിലൂടെയും, രാജ്യത്തിന്റെ സമ്പത്ത് വിദേശീയർ കൊള്ള ചെയ്യുന്നത് തുടരുന്നു.

എല്ലാം സ്വകാര്യ മേഖലയിൽ കൊണ്ടു വരുന്നതിന്റെ ആഘാതം എന്തെന്നാൽ ഭരണ കൂടത്തിന്റെ വരുമാന മാർഗങ്ങൾ അടഞ്ഞു പോകുന്നു എന്നുള്ളതാണ്.  സാമൂഹ്യ അസമത്വങ്ങൾക്കു നേരെ പോരാടാൻ ഭരണ കൂടങ്ങൾക്ക് കെല്പില്ലാതായി തീരുന്നു.  കയറ്റു മതി എന്ന ഉദ്ദേശ്യത്തിൽ മാത്രം ഒരു രാജ്യത്തിന് ജീവിച്ചു പോകേണ്ടി വരുന്നു.  കാരണം വായ്പ തിരിച്ചടവ് നിങ്ങൾ കയറ്റി അയക്കുന്ന വസ്തുക്കളിലൂടെ മാത്രമേ പറ്റുകയുള്ളൂ.  അതിന്റെ വില പോലും തീരുമാനിക്കുന്നത് വിദേശ വിനിമയ നിരക്ക് എന്ന ഊതി പെരുപ്പിച്ച സംഖ്യ ആയതിനാൽ നിങ്ങളുടെ വസ്തു വകകകൾ നിങ്ങൾ വളരെ വില കുറച്ചു കൊടുക്കേണ്ട സ്ഥിതി വരുന്നു.  വിദേശ നാണയ വിനിമയ നിരക്കിലെ ദുരൂഹതകൾ  അതിനെ കൊണ്ടു നമ്മുടെ നാട്ടിന് നേരിടേണ്ടി വരുന്ന അത്യാഘാതങ്ങൾ സാധാരണക്കാരന് മനസ്സിലാക്കാൻ പറ്റാത്തത് ആക്കി തീര്ക്കുന്നു .  അമേരികയിൽ നിന്ന് ആയിരം ഡോളർ വരുമ്പോൾ , ഹോ 62000 കിട്ടി എന്ന് നാം ആശ്വസിക്കുമ്പോൾ, അതിന്റെ അടിയിലൂടെ ചോർന്നു പോകുന്നത് നമ്മുടെ വളരെ വിലപ്പെട്ട പ്രകൃതി വിഭവങ്ങള ആണ്. അതും തുച്ചമായ വിലയിൽ.

നിങ്ങൾ ഒരു ബാങ്കിൽ നിന്ന് കുറച്ചു പണം കടമെടുക്കുകയും,  കടം അരിയായി തിരിച്ചു തന്നാൽ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് ബാങ്ക് പ്രഖ്യാപിക്കുകയും ചെയ്താൽ നിങ്ങൾ എന്ത് ചെയ്യും.  അപ്പോൾ എത്ര അരി തന്നാൽ കടം തീരും എന്ന് നിങ്ങൾ ചോദിക്കുകയും,  അത് നമ്മൾ അപ്പപ്പോൾ തീരുമാനിക്കും എന്ന് ബാങ്ക് പറയുകയും ചെയ്താൽ നിങ്ങൾ എന്ത് ചെയ്യും.  തീര്ച്ചയായും ആകാശം നോക്കും.   ഇങ്ങനെ ഉള്ള സമയങ്ങളിൽ നോക്കാനല്ലോ ആകാശം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌.  ഡോളർ നാണയത്തിൽ നാം എപ്പോൾ വാങ്ങിക്കുന്ന കടവും യഥാർത്ഥത്തിൽ ഇങ്ങനെ ആണ്.  നിങ്ങള്ക്ക് ഡോളർ നാണയത്തിൽ മാത്രമേ അത് തിരിച്ചടക്കാൻ പറ്റുകയുള്ളൂ.  അപ്പോൾ അതിനു നിങ്ങളുടെ കയ്യിൽ ഡോളർ വേണം. അത് നിങ്ങള്ക്ക് വിദേശ വ്യാപാരത്തിലൂടെ മാത്രമേ കിട്ടുകയുള്ളൂ.  നിങ്ങൾ നിങ്ങളുടെ കൊഞ്ചും, അരിയും, അധ്വാനവും വിദേശത്തേക്ക് കയറ്റി അയക്കുകയും അതിനു പകരമായി അവർ ഡോളർ തരുകയും ചെയ്യുന്നു. പക്ഷെ അവർ എത്ര തരുന്നു എന്നുള്ള സ്ഥലത്താണ് അപകടം കുടി കൊള്ളുന്നത്‌.  സ്വകാര്യവൽകരണത്തിന്റെ ഏറ്റവും വലിയ അപകടം കുടി കൊള്ളുന്നത്‌ ഇവിടെ ആണ്.  ഒരു ഉദാഹരണം പറഞ്ഞാൽ ഇത് കൂടുതൽ വ്യക്തമാവും.  ഞാൻ ഒരു കയറ്റു മതിക്കാരൻ ആണ്. എല്ലാ വര്ഷവും ഞാൻ ആയിരം കിലോ കപ്പ അമേരികയിലേക്ക് കയറ്റി അയക്കുന്നു.  എനിക്ക് ഈ ആയിരം കിലോവിനു അവർ തരുന്നത് 1000 ഡോളർ എന്ന് കരുതുക.  അപ്പോൾ ഇന്നത്തെ വിനിമയ നിരക്കായ 60 രൂപയിൽ എനിക്ക് 60000 കിട്ടി.  ഞാൻ സുഖമായി ജീവിച്ചു പോകുന്നു.  പക്ഷെ നാളെ ഡോളറിന്റെ വില 70 ലേക്ക് ഉയര്ന്നു എന്ന് വിചാരിക്കുക.  അപ്പോൾ എനിക്ക് മുൻപേ തന്ന 1000 ഡോളർ അമേരിക്കകാരൻ തരികയാണെങ്കിൽ (അവൻ ഇത് വരെ തന്നത് അതാണ്‌. അത് കൊണ്ടു ന്യായമായും അവൻ അത് തരേണ്ടതാണ്)  എന്റെ കയ്യിൽ കിട്ടുന്നത് 70000 രൂപ.  പക്ഷെ അമേരിക്കകാരാൻ അത് തരുന്നില്ല. പകരം തരുന്നത് 858 ഡോളർ മാത്രമാണ്. കാരണം അയാൾക്ക്‌ നമ്മളെക്കാൾ നന്നായി കണക്കു കൂട്ടാൻ അറിയാം എന്നത് തന്നെ.  എന്നെ സംബന്ദിച്ചും വലിയ പ്രശ്നമില്ല. കാരണം എനിക്ക് അറുപതു രൂപ കൂടുതൽ കിട്ടി.  അതായത് മറ്റൊരു തരത്തിൽ പറഞ്ഞാൽ മുൻപ് കിട്ടിയ 1000 ഡോളർ തന്നെ എനിക്ക് കിട്ടേണം എങ്കിൽ  ഇന്ന് ഞാൻ 1000 കിലോക്ക് പകരം 1165 കിലോ കപ്പ കയറ്റി അയക്കണം.  കയറ്റു മതി കൂടി എങ്കിലും വരുമാനം പഴയത് പോലെ.  വായ്പാ തിരിച്ചടവ് കൂട്ടാൻ കയറ്റു മതി കൂടിയത് കൊണ്ടു പറ്റിയില്ല എന്ന് അർഥം

ഒരിക്കൽ ഇതിനെ ഒക്കെ എതിർത്തവർ ഇന്ന് അതിനെ അനുകൂലിച്ചു സംസാരിക്കുന്നത് കാണുമ്പോൾ സാധാരണക്കാരൻ മനസ്സിലാക്കേണ്ടത് തന്റെ നില അപകടത്തിൽ ആണെന്ന് തന്നെയാണ്


Tuesday, 26 May 2015

ഒരു നടന്റെ അല്ലെങ്കിൽ ഒരു ഭ്രാന്തന്റെ ചരിത്രം

(അഭിനയിക്കാൻ വേണ്ടി മാത്രം ജനിച്ചു വീണ ഒരു മനുഷ്യനായിരിക്കണം ക്ലോസ് കിൻസ്കി - എം ടോടി

ഇത് ഒരു നടന്റെ ചരിത്രമാണ്.  ഭ്രാന്തന്റെ ചരിത്രമാണ് എന്നും വേണമെങ്കിൽ പറയാം.  ക്ലോസ് കിൻസ്കി എന്ന നടനെ ഞാൻ ആദ്യമായി കാണുന്നത് കൊപ്പോളയുടെ അപോകാലിപ്സ് നൗ  എന്ന സിനിമയിൽ ആണ്. ആരും ശ്രദ്ധിക്കാത്ത വളരെ ചെറിയ ഒരു റോളിൽ.  പിൽക്കാലത്ത്‌ എന്നെ വളരെ ഏറെ അത്ബുധപ്പെടുതിയതും കൊപ്പോളയുടെ ഈ തിരഞ്ഞെടുപ്പാണ്.  കാരണം അതിനും എത്രയോ മുൻപ് കിൻസ്കി അഖിരയായി നടിച്ചു ലോകത്തെ നടുക്കിയിരുന്നു.  പ്രസ്തുത സിനിമയെ വലിയ ഒരു പരിധി വരെ അനുകരിച്ച കൊപ്പൊള എന്ത് കൊണ്ടു തന്റെ സിനിമയിൽ കിൻസ്കിക്ക്  അത്രയും അപ്രധാനമായ ഒരു വേഷം കൊടുത്തു എന്നും കിൻസ്കി എന്ത് കൊണ്ടു അത് സ്വീകരിച്ചു എന്നും ഉള്ള കാര്യമാണ് എന്നെ  അത്ബുധ പ്പെടുത്തിയത്. പക്ഷെ അതാണ്‌ ക്ലോസ് കിൻസ്കി എന്ന അതുല്യ പ്രതിഭ.

'എന്റെ ഏറ്റവും നല്ല സുഹൃത്ത്‌' എന്ന ഡോകുമെണ്ടരിയിൽ ഹെർസൊഗ് പറയുന്ന കാര്യങ്ങൾ ആണ് ഈ ലേഖനത്തിന് ആധാരം.  മുനിച് ന്റെ പ്രാന്ത പ്രദേശത്തുള്ള ഒരു ദരിദ്ര ഭവനത്തിൽ, സ്വന്തമായി ഒരു മേശ പോലും ഇല്ലാത്ത, മേൽ കൂര മുഴുവനും ദ്രവിച്ചു അതിലൂടെ കരിഞ്ഞ ഇലകൾ വീണു കൊണ്ടിരുന്ന ഒരു വീടിന്റെ മുകളിലത്തെ മച്ചിലായിരുന്നു ക്ലിൻസ്കിയുടെ താമസം.  ഒരു ദിവസം രാവിലെ പോസ്റ്റ്‌ മാൻ ഒരു എഴുത്ത് കൊണ്ടു വന്നു വാതിലിലെ മണി അടിച്ചു.   അല്പം സമയം കഴിഞ്ഞു തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട രൂപം കണ്ടു പോസ്റ്റ്‌ മാൻ ഞെട്ടി പോയി. ക്ലിൻസ്കി പൂർണ്ണ നഗ്നനായിരുന്നു.  പക്ഷെ ഹെർസോഗിന്റെ കൂടെ താമസിച്ചിരുന്ന മൂന്നു മാസ കാലം അദ്ദേഹം മാന്യമായി വേഷം ധരിച്ചിരുന്നു.  പക്ഷെ കുഴപ്പം എന്തെന്നാൽ അദ്ദേഹം എപ്പൊഴും ബാത്ത് റൂം അടച്ചു കുറ്റിയിട്ടു അതിനുള്ളിൽ ആയിരിക്കും.  ഒരിക്കൽ അദ്ദേഹം രണ്ടു പകലും രണ്ടു രാത്രിയും ഇതിനു ഉള്ളിൽ തന്നെ ആയിരുന്നു.  ആ രണ്ടു ദിവസം കൊണ്ടു അദ്ദേഹം ബാത്ത് റൂമിന് ഉള്ളിലെ ഒരു വിധം സാധനങ്ങൾ ഒക്കെ അടിച്ചു തകർത്തു.

ഒരിക്കൽ എല്ലാവരും ഭക്ഷണം കഴിക്കുകയായിരുന്നപ്പോൾ കിൻസ്കി മുറിയിലൂടെ ഓടി കിതക്കുകയായിരുന്നു.  പെട്ടന്ന് ബോംബ്‌ പൊട്ടുന്നത് പോലെ ഒരു ശബ്ദം കേട്ടു.  വീടിന്റെ മുൻ വാതിലുകൾ ബിജാഗിരി അടക്കം പൊളിഞ്ഞു താഴെ വീണു. ക്ലിൻസ്കി ഓട്ടത്തിന്റെ ശക്തിയോടെ അതിൽ പോയി ഇടിച്ചതാണ്.  മുഖം വിളറി വെളുത്ത് വായിൽ നിന്ന് നുരയും പതയും വന്ന ക്ലിൻസ്കി ആർത്തു കരയുകയായിരുന്നു.  തന്നെ വാടക വാങ്ങാതെ അവിടെ താമസിപ്പിച്ച വീട്ടുകാരിയായ ക്ലാരയെ അദ്ദേഹം പൊതിരെ ചീത്ത വിളിക്കുന്നതാണ് പിന്നെ അവിടെ കേട്ടത്.

ഒരിക്കൽ ഒരു നാടക നിരൂപകൻ വീട്ടിൽ വന്നു, ക്ലിൻസ്കി അഭിനയിച്ച ഒരു ചെറിയ റോളിനെ കുറിച്ച് അഭിപ്രായം പറയുകയായിരുന്നു.  അദ്ദേഹം നല്ല  നടനാണ്‌ എന്നാണു അഭിപ്രായം പറഞ്ഞത്. അത് കേൾക്കേണ്ട താമസം ക്ലിൻസ്കി അവിടെ ഉണ്ടായിരുന്ന ചുട്ടു പഴുത്ത രണ്ടു ഉരുള കിഴങ്ങുകൾ പാത്രമടക്കം  എടുത്തു അയാളുടെ മുഖത്തേക്ക് എറിഞ്ഞു. താൻ നല്ല നടനല്ല , അസാമാന്യ നടനാണ്‌, യുഗ പ്രതിഭയാണ് എന്നൊക്കെ ക്ലിൻസ്കി വിളിച്ചു കൂവുന്നുണ്ടായിരുന്നു 

Monday, 25 May 2015

ദേവന്മാരും അസുരന്മാരും പിന്നെ വാനരരും

മനുഷ്യ ചരിത്രം ദേവന്മാരുടെയും അസുരന്മാരുടെയും ദേവ പക്ഷത്തേക്ക് ചായേണ്ടി വന്ന വാനരരുടെയും കഥകൾ കൊണ്ടു നിറഞ്ഞിരിക്കുന്നു.  ഞാൻ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് ദേവന്മാരുടെ കഥകൾ അല്ല.  അവരോടു പൊരുതി തോറ്റ അസുരരുടെയും, അവരോടു പൊരുതാതെ അതി ജീവിച്ചു പോയ വാനരരുടെയും കഥയാണ്.

*******************************************************************************************************

വ്യാപാരം തന്നെ ആയിരുന്നു എല്ലാറ്റിന്റെയും തുടക്കം.  വ്യാപാര രംഗങ്ങൾ കയ്യടക്കാൻ യുറോപിയൻ രാജ്യങ്ങൾക്കിടയിൽ ഉണ്ടായ കിട മത്സരങ്ങൾ തന്നെ ആവണം ഏഷ്യ യിലേക്ക് എത്താൻ മറ്റൊരു വഴി കണ്ടെത്തണം എന്നുള്ള ആഗ്രഹം ചില രാജ്യങ്ങളിൽ സൃഷ്ടിച്ചത് എന്ന് വേണം കരുതാൻ.  കൊളംബസിന് സ്പാനിഷ് രാജാവിന്റെ എല്ലാ പിന്തുണകളും ഉണ്ടായിരുന്നു.  1492 ഇൽ പടിഞ്ഞാട്ടേക്ക് ചലിച്ച കൊളംബസിന്റെ നൗക പക്ഷെ എത്തിപ്പെട്ടത് പുതിയ ഒരു ലോകത്തായിരുന്നു. ബഹാമാ ദ്വീപിൽ എത്തി പ്പെട്ട അദ്ദേഹം , അതിനു സാൻ സാൽവഡോർ എന്ന പേര് നൽകി.  താൻ സഞ്ചരിച്ച തീരങ്ങൾ ഓരോന്നും സ്പാനിഷ് രാജാവിന്റെതാണ് എന്ന് പ്രഖ്യാപിക്കപ്പെട്ടു.  വെറും യാത്രകളിലൂടെ മനുഷ്യർ രാജ്യാധികാരികൾ ആയി തീർന്ന കാലം.  അടിമ വ്യാപാരത്തിന്റെ തുടക്കക്കാരനും,  ആദിവാസികളെ കൊന്നൊടുക്കിയതിന്റെ ആദി കാല സൂത്ര ധാരനും കൊളംബസ് ആയിരുന്നെന്നു ചില ചരിത്രകാരന്മ്മാർ എങ്കിലും ചൂണ്ടി കാണിച്ചിട്ടുണ്ട്.  മത പ്രചാരണ ത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ആദ്യ കാല കഥകൾ ആണ് ഇവ. അവ നമുക്ക്  മറക്കാം.

തീര്ച്ചയായും കൊളംബസ് അസാമാന്യനായ ഒരു നാവികൻ തന്നെ ആയിരുന്നു. (അത് ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാം. ഒരിക്കലും കാണാത്ത തീരങ്ങൾ തേടിയുള്ള യാത്രയിൽ അറിവും ധൈര്യവും അവശ്യ ഘടകങ്ങൾ തന്നെ ആണ് ).  ഏഷ്യാ രാജ്യങ്ങൾ മംഗോളിയരുടെ ആധിപത്യത്തിൽ ആയിരുന്ന കാലത്ത് ഏഷ്യ യിലേക്ക് വരാനുള്ള യുരോപിയരുടെ വഴികൾ തുർകികളുടെ മുന്നിൽ കൊൻസ്ടാന്റിനോപ്പിൽ വീണതോടെ അവസാനിച്ചു.  അവര്ക്ക് മറ്റൊരു വഴി കണ്ടെത്താതെ നിവൃത്തിയില്ലെന്ന് വന്നു.  അത് വര്ഷം 1453.   കടൽ വഴികളെ കുറിച്ച് രാജാക്കളെ ബോധിപ്പിച്ച നാവികർ തന്നെ ആയിരുന്നു അക്കാലത്തെ ഉത്തമ പൗരർ.  കൈപ് ഓഫ് ഗുഡ് ഹോപ്‌ എന്ന പേരില് അന്ന് അറിയപ്പെട്ട, അതായത് ഇന്നത്തെ ആഫ്രിക്കയെ ചുറ്റി കൊണ്ടുള്ള ഒരു വഴി കണ്ടെത്തിയത് അങ്ങനെ ആണ്.  പിന്നാമ്പുറ കഥകളും കലഹങ്ങളും വേണ്ടു വോളം ഉണ്ടെങ്കിലും ഇത്തരത്തിലുള്ള ജല യാത്രകൾ പാശ്ചാത്യനെ അമേരിക എന്ന സ്വർണ ഭൂമിയിൽ എത്തിച്ചു എന്നുള്ളത് ചരിത്ര സത്യം.  ഒരു ഉപമ എന്നതിൽ കൂടുതലായി സ്വര്ണം എന്നത് അവരെയൊക്കെയും കർമ നിരതരാക്കിയ ഒരു യാതാര്ത്യം തന്നെ ആയിരുന്നു എന്നും ചരിത്രം വായിച്ചവര്ക്കു അറിയാം.  എൽ ഡോരാടോ എന്നത് ഒരു സ്പയിൻ കാരനെ സംബന്ദിചെങ്കിലും ഭൂമിയിൽ ജീവിക്കുന്ന ഒരു സത്യമായിരുന്നു.  അതിനു വേണ്ടി മാത്രം എത്രയോ ജീവനുകൾ ഹോമിക്കപ്പെട്ടിട്ടുണ്ട്.

അമേരികയിൽ ജനിച്ചു വീണ ആദി മനുഷ്യനായ ചുവന്ന മനുഷ്യൻ ഇന്ന് അമേരികയിലെ ഒരു ന്യൂന പക്ഷമാണ് എന്നുള്ള സത്യത്തിൽ ഊന്നി കൊണ്ടാണ് ഞാൻ ഇത് എഴുതുന്നത്.  1800 ഇൽ അമേരിക്കൻ ജന സംഖ്യയുടെ 15 ശതമാനം ആയിരുന്ന  തദ്ദേശീയർ 1900 ആകുമ്പോഴേക്കു വെറും ഒരു ശതമാനത്തിൽ താഴെ മാത്രമായി പരിണമിച്ചതിന് പല കാരണങ്ങൾ ഉണ്ടാകാം. കൊലപാതകങ്ങൾ അവയിൽ ഒന്ന് മാത്രം.

തദ്ദേശീയരായ ചുവന്നവരെ അടിമകളാക്കി ജോലി ചെയ്യാൻ പ്രയാസമെന്ന് വെളുത്തവൻ മനസ്സിലാക്കിയെങ്കിൽ അതിനർത്ഥം ചുവന്നവൻ(രാക്ഷസൻ) അടിമത്തത്തിന് വഴങ്ങാത്തവൻ ആണെന്നാണ്‌.  അവനെ കൊന്നു തീർക്കുകയും, പണിയെടുക്കാൻ കറുത്തവരെ (മൃഗങ്ങളെ പോലെ പണിയെടുക്കാൻ വിധിക്കപ്പെട്ടവർ)  മറ്റൊരിടത്ത് നിന്ന് കൊണ്ടു വരികയും ചെയ്യുകയായിരുന്നു കൂടുതൽ പ്രായോഗികം.

തദ്ദേശീയർ ന്യൂന പക്ഷമായിരിക്കാം. പക്ഷെ  അവരുടെ ചരിത്രം ജേതാവിന് എന്നും ഒരു ഭീഷണി ആയിരിക്കും.

1848 ഇൽ കാലിഫോർണിയയിലെ താഴ്വരകളിൽ, ജോണ്‍ സ്ലട്ടർ സ്വര്ണ ഖനികൾ കണ്ടു പിടിച്ച അന്ന് മുതൽ വെളുത്തവൻ തദ്ദേശീയർക്കു ഇടയിലൂടെ ഉള്ള തങ്ങളുടെ ജൈത്ര യാത്ര തുടരുക യായിരുന്നു.  1851 ലെ അവിടത്തെ ഗവർണറുടെ കുറിപ്പുകൾ ഇങ്ങനെ ആയിരുന്നു

' ഗോത്രങ്ങൾക്ക് എതിരെ ഉള്ള തങ്ങളുടെ വിശുദ്ധ യുദ്ധം ചുവന്ന ഇന്ത്യക്കാരൻ ഇല്ലാതാകുന്നത് വരെ തുടർന്ന് കൊണ്ടെ ഇരിക്കും എന്ന് പ്രതീക്ഷിക്കാം'.

വെള്ളക്കാർ അമേരിക്കയിൽ എത്തുന്നതിനു മുൻപേ അമേരിക്കയിലെ തദ്ദേശീയരുടെ ജനസംഖ്യ ഒരു കോടി ഇരുപതു  ലക്ഷത്തിനു അടുത്തായിരുന്നത് വെള്ളക്കാരുടെ ആഗമനത്തിന്റെ നാല് നൂറ്റാണ്ട് പിന്നിട്ടപ്പോൾ രണ്ടു ലക്ഷത്തി മുപ്പത്തി ഏഴായിരം ആയി ചുരുങ്ങി.  ലോകത്ത് എങ്ങും ജനവിഭാഗങ്ങളുടെ ജന സംഖ്യ വര്ദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നപ്പോൾ ഇവിടെ ജന സഖ്യ 95 ശതമാനം കുറഞ്ഞ  അത്ബുധ കാഴ്ചയാണ് കണ്ടത്.

1493 ഇൽ കരീബിയയിൽ തിരിച്ചു വന്ന കൊളംബസ് ആദ്യം ചെയ്തത്, റ്റൈനൊ വര്ഗക്കാരെ കൂട്ട കൊല ചെയ്യുകയായിരുന്നു. മൂന്നു വര്ഷം കൊണ്ടു തന്നെ ലക്ഷങ്ങളെ കൊന്നു തീര്ക്കാൻ അദ്ദേഹത്തിന് സാധിച്ചത് ഒരു വലിയ വിജയം തന്നെ ആയിരുന്നു.  കലാപരമായിരുന്നു അന്ന് നടമാടിയ ക്രൂരതകൾ എന്ന്  ലാസ് കാസാസ് എന്ന ചരിത്ര ഗവേഷകൻ എഴുതിയിട്ടുണ്ട്.  ആയിരക്കണക്കിന് എണ്ണങ്ങളെ ഒന്നിച്ചു തൂകിലേറ്റുക,  ചെറിയ കുട്ടികളുടെ ശരീരം കഷണമാക്കി പട്ടികൾക്ക് തിന്നു കൊടുക്കുക ഇത്യാദി കലാപരിപാടികൾ അന്ന് അരങ്ങേറിയിരുന്നു.  ലാസ് കാസാസിന്റെ ഗ്രന്ഥങ്ങൾ അമേരികയിൽ ആരെയും പഠിപ്പിച്ചില്ല.  ഇന്നും കൊളംബസ് പലരുടെയും ഹീറോ തന്നെ ആണ്.

കൂട്ട കൊലകൾ കൊളംബസ് പോയതിനു ശേഷവും അവസാനിച്ചില്ല.  ഇന്ത്യക്കാരെ ഇല്ലായ്മ ചെയ്യുക എന്നുള്ള മുദ്രാവക്യമായിരുന്നു അന്ന് മുഴങ്ങി കേട്ടത്.  അവിടെ അന്ന് അരങ്ങേറിയ ക്രൂരതകൾ കേട്ട് പാവം ഹിട്ലർ പോലും ഞെട്ടി പോയി എന്ന് ആരോ പറഞ്ഞിട്ടുണ്ട്.  സ്വന്തം ജീവിത പരിത സ്ഥിതികളിൽ നിന്ന് അന്യ ദേശങ്ങളിലേക്ക്  കാൽ നടയായി പറിച്ചു നടപ്പെട്ടവർ, അവരുടെ യാത്രയിൽ തന്നെ മരിച്ചു വീഴുകയും മാരക രോഗങ്ങള്ക്ക് അടിപ്പെടുകയും ചെയ്തു.  ശരിക്കും കണക്കു കൂട്ടിക്കൊണ്ടുള്ള കൊലപാതകങ്ങൾ തന്നെ ആയിരുന്നു അവ.  കാലിഫോർണിയയിൽ സ്വര്ണം കണ്ടെത്തിയ 1862 കാലഘട്ടത്തിൽ മാത്രം, അവിടെ ഉള്ള ഇന്ത്യരുടെ ജനസംഖ്യ 2.5 ലക്ഷത്തിൽ നിന്ന് 20000 ആയി ചുരുങ്ങി.

അമേരികൻ പ്രസിഡന്റ്‌ ആയിരുന്ന  അബ്രഹാം ലിങ്കണ്‍ അദ്ധേഹത്തിന്റെ മുൻ ഗാമിയായ  ഹെന്റി ക്ലേ യുടെ ആരാധകനും,  അനുയായിയും ആയിരുന്നു.  ക്ലെയുടെ തത്വ ചിന്തകൾ അദ്ധേഹത്തെ പ്രചൊദിപ്പിചിരുന്നു.  ഒരിക്കൽ ക്ലേ പറഞ്ഞത് എന്താണു എന്ന് അറിയാമോ.

ഒരു വര്ഗം എന്ന നിലയിൽ ഈ ഭൂമുഖത്ത് നിന്ന് ചുവന്ന ഇന്ത്യക്കാരൻ അപ്രത്യക്ഷമായി പോയാൽ ഞാൻ അതിൽ കുണ്ടിതപ്പെടുകയില്ല.  ലോകത്ത് നില നിന്ന് പോകേണ്ട ഒരു വര്ഗമാണ് അത് എന്ന് ഞാൻ കണക്കാക്കുന്നതെ ഇല്ല.

ഇതിൽ കൂടുതൽ ഒന്നും ഹിട്ലർ പറഞ്ഞിട്ടില്ല എന്ന് തോന്നുന്നു.

ആദിവാസികളായ ചീരോക്കികളെ അവർ താമസിക്കുന്ന ടെന്നസ കരോലിന, ജോര്ജിയ  എന്നിവിടങ്ങളിലെ  മലമ്പ്രദേശങ്ങളിൽ നിന്ന്  ഒക്കൊഹാമയിലേക്ക് ആട്ടിയോടിക്കാൻ കാരണമായത്‌ ഈ മനോഭാവമാണ്.  വീടൊഴിഞ്ഞു പോയവരുടെ വീടുകളും ഗ്രാമങ്ങളും ചുട്ടെരിക്കപ്പെട്ടു. 20000 ആളുകളിൽ തുടങ്ങിയ ഈ യാത്രയിൽ 4000 പേര് വഴിയിൽ മരിച്ചു വീണു. പിൽക്കാലത്ത് ഇതിനൊരു ഓമന പേരും കിട്ടി 'കണ്ണീരിന്റെ വഴികൾ'. ഈ കണ്ണീരുകളി ലാണ് പിൽക്കാലത്ത് ബാബേൽ ഗോപുരങ്ങൾ ഉയര്ന്നു വന്നത്

ദരിദ്ര നാരായണരും പട്ടിണിക്കാരും ലിങ്കനു എതിരെ അണി നിരന്നപ്പോൾ അദ്ദേഹം പറഞ്ഞത് ഇതാണ്.  'എല്ലാവരെയും ഇല്ലാതാക്കുക.  അവരെ വെറും മൃഗങ്ങൾ ആയി കണക്കാക്കുക.  അവര്ക്ക് വേണ്ടി ഒരു ഒത്തു തീര്പ്പിനും ഇനി ഞാനില്ല'

ലോകം ഇന്നും  ബഹുമാനത്തോടെ നോക്കി കാണുന്ന ഒരു ലോക നേതാവ്


to be contd.

Saturday, 23 May 2015

ബാലാട്ടന്റെ മരണം

ചന്തിക്കു ചൂട് തട്ടിയപ്പോഴാണ് ബാലാട്ടൻ ഞെട്ടി ഉണർന്നത്. ചുറ്റിലും കുറെ പെണ്ണുങ്ങൾ. എല്ലാം കാണാൻ  കൊള്ളാവുന്നവർ. നേഴ്സ്മാറ് ആയിരിക്കും.  ബാലാട്ടൻ ഓർത്തു. എല്ലാവരും തന്നെ ആശുപത്രിയിലേക്ക് താങ്ങി കൊണ്ടു വന്നത് മാത്രമേ ഓർമ്മയുള്ളൂ. അടിയിൽ ഇപ്പോഴും ചുട്ടു പൊള്ളുന്നത് പോലെ.   ഒരു ഗ്യാസ് ബർണർ അടിയിൽ കത്തിച്ചു വച്ചത് പോലെ. നർസിനെ  വിളിച്ചു ബലാട്ടൻ ഇങ്ങനെ പറഞ്ഞു.

പ്രിയപ്പെട്ട നർസെ. എന്റെ ചന്തി പുകയുന്നു . അടിയിൽ എന്തോ കത്തിക്കുന്നത് പോലെ.

അയ്യോ ഞാൻ നേഴ്സ്  ഒന്നും അല്ല. എന്റെ പേര് രംഭ . അടിയിൽ ഇപ്പോൾ തീയൊന്നും ഇല്ല. അത് നിങ്ങൾക്ക് ഭൂലോകത്തെ കുറിച്ചുള്ള ഓർമ്മ വിട്ടു മാറാത്തത് കൊണ്ടു തോന്നുന്നതാണ്.

ഭൂലൊകമൊ. അപ്പോൾ ഇത് എന്ത് ലോകമാ

ഇതല്ലേ സ്വർഗം. നമ്മള് നിങ്ങളെ നേരെ ഇങ്ങോട്ട് കെട്ടി എടുത്തതല്ലേ.  ഇനി ഇവിടെ പരമ സുഖമാണ്.  ഒരു പണിയും എടുക്കേണ്ട. നമ്മളൊക്കെ ഇവിടെ ഒക്കെ എപ്പോഴും ഉണ്ടാകും.  ആവശ്യമുള്ളപ്പോൾ വിളിച്ചാൽ മതി.

ആ കാണുന്ന വലിയ കസേര എന്താണ്.

അത് ദേവേന്ദ്രന്റെ സീറ്റ്‌ ആണ്.  അങ്ങെർക്കാണ് ഇതിന്റെ ഫുൾ ചാർജ്

അപ്പോൾ ഈ കൃസ്ത്യാനികളും മറ്റു മതക്കാരും ഒക്കെ നരകത്തിൽ തന്നെ ആയിരിക്കുമോ.

വിഡ്ഢിത്തം പറയാതിരിക്കൂ. അവര്ക്കൊക്കെ വേറെ സ്വർഗ്ഗവും വേറെ നരകവും ഉണ്ട്.  അതിന്റെ ചാർജ് വേറെ ആളുകൾക്കാ.

അപ്പോൾ നഴ്സേ , സോറി , രംഭെ, ഈ നരകത്തിൽ തീയാണ് എന്നൊക്കെ കേട്ടത് സത്യമാണോ.  അതിലെ ദുഷ്ടന്മാരെ ഒക്കെ നടത്തിക്കും എന്നുള്ളത് ശരിയാണോ.

എല്ലാം സത്യം.

നരകത്തിലേക്ക് ഇവിടെ നിന്ന് കുറെ ദൂരമുണ്ടോ.

എന്ത് ദൂരം. നരകത്തിൽ നടക്കുന്നതെന്തും ഇവിടെ നിന്ന് നോക്കിയാൽ കാണാം.  പക്ഷെ അവര് ഇങ്ങോട്ട് നോക്കിയാൽ ഒന്നും കാണില്ല. നിങ്ങളുടെ ലോകത്തെ വീടുകളുടെ ജനാലകൾക്കു ഇപ്പോൾ വെക്കുന്ന വണ്‍  സൈഡ് വ്യൂ ഗ്ലാസ്‌ ഇല്ലേ അത് പോലെ.

എന്നാൽ രംഭെ ഒരു സഹായം ചെയ്യുമോ. എന്റെ കൈ ഒന്ന് പിടിക്ക്. ഞാൻ നരകത്തിലേക്ക് ഒന്ന് പാളി നോക്കട്ടെ.

നിങ്ങള് ഇവിടെ വന്നിട്ടും പഴയ സ്വഭാവം ഒന്നും വിട്ടിട്ടില്ലല്ലോ.  നേരെ നടന്നു ചെന്നു നോക്കിയാൽ പോരെ.  അല്ലെങ്കിലും ഇതെന്തിനാ ഇപ്പോൾ നരകം കാണാൻ ഇത്ര വലിയ തിരക്കു

അത് നമ്മുടെ അപ്പുറത്തുള്ള ചാത്തു അവിടെ ഉണ്ടോന്നു നോക്കാനാ.  അവൻ നരകതീയിൽ നടക്കുന്നത് കണ്ടിട്ടു എനിക്ക് മരിച്ചാൽ മതി.

എടൊ ബാലാ  താൻ മരിച്ചിട്ടാണ് ഇങ്ങോട്ട് വന്നത്.  ഇനി രണ്ടാമതും മരിക്കാനൊന്നും ഇവിടെ വന്നാൽ പറ്റില്ല.

ഓ. സോറി മാടം. നാട്ടിലാണ് എന്നു വിചാരിച്ചു പറഞ്ഞു  പോയാതാ

അങ്ങ് ദൂരെ നരകതീയിൽ തന്റെ ശത്രുവായ ചാത്തു വിയര്ത്തോലിച്ചു , കാലുകൾ രണ്ടും പൊള്ളി വീർത്തു ആർത്തനായി നടന്നു പോകുന്നത് ബാലാട്ടൻ  കണ്‍ കുളിർക്കെ കണ്ടു.  മരിച്ചത് നന്നായി എന്ന് ബാലാട്ടന് തോന്നിയത് അപ്പോഴാണ്‌.

Friday, 22 May 2015

ഓട്ടോമാറ്റിക് വാച്ച്

കൈ കൊണ്ടു തിരിച്ചു ജീവൻ കൊടുക്കുന്ന വാച്ചുകൾ എന്റെ വലിയച്ഛന്റെ കയ്യിലാണ് ഞാൻ ആദ്യം കണ്ടത്.  പക്ഷെ അത് ഇന്നത്തെ പോലെ കൈകളിൽ കെട്ടുന്നവ ആയിരുന്നില്ല. വല്യച്ഛന്റെ അരയിലെ ചങ്ങലകളിൽ അത് കേട്ടിയിടപ്പെടുകയാണ് ചെയ്തത്.  വലിയച്ഛന്റെ പണ സഞ്ചിയും അരക്കു ചുറ്റും കെട്ടിയിട്ട ഒരു തുകൽ സഞ്ചിയായിരുന്നു. ഇന്നത്തെ ബെൽറ്റ്‌ പോലെ.  അവയുടെ അറകളിൽ ഏതോ ഒന്നിൽ ഈ സ്പ്രിംഗ് വാച്ച് സ്വസ്ഥമായി ശയിച്ചു പോന്നു.  ചില ആളുകള് അത് കഴുത്തിൽ ഒരു മാല പോലെ തൂക്കിയിടുകയാണ് ചെയ്യുക എന്ന് ഒരിക്കൽ വലിയച്ചൻ എന്നോട് പറഞ്ഞിട്ടുണ്ട്.  അന്ന് സമയം എന്നത് എല്ലാവര്ക്കും കിട്ടാത്ത ഒരു സംഗതി ആയിരുന്നു.  യഥാര്ത സമയം അറിയാൻ വേണ്ടി നാഴികകൾ താണ്ടെണ്ടി വന്ന കാലം.  യഥാര്ത സമയം അറിഞ്ഞിട്ടും വലിയ കാര്യമില്ലാത്ത കാലം.  നാട്ടിൽ ആപ്പീസ് പണിക്കാര് തീരെ ഇല്ലാതിരുന്ന കാലം.  ആകെ കൂടി ഉണ്ടായിരുന്നത് കുറെ പട്ടാളക്കാര് മാത്രം.  അവരെ സംബന്ദിച്ച് സമയം എന്നത് വെടി ഒച്ചകളോ ഗര്ജനങ്ങളോ ഒക്കെ ആയിരുന്നു.  അനേകം ഗര്ജനങ്ങളിലൂടെ അവരുടെ ദിവസങ്ങൾ ഒഴുകി പോയ്കൊണ്ടിരുന്നു.  ചില വെടി ഒച്ചകൾ അവരുടെ സമയം അവസാനിപ്പിക്കുകയും ചെയ്തു കൊണ്ടിരിന്ന കാലം.  വീട്ടില് പക്ഷെ സ്ത്രീകള്ക്ക് സമയം അറിയാൻ റേഡിയോ ഉണ്ടായിരുന്നു.  'ആകാശവാണി വാർത്തകൾ വായിക്കുന്നത് ബോബൻ. ഇപ്പോൾ സമയം രാവിലെ.......  അതോടെ റേഡിയോ ഓഫ്‌ ആകുന്നു. അതിനപ്പുറം ഒന്നും നമ്മുടെ വീട്ടിലെ പെണ്ണുങ്ങൾക്ക്‌ കേൾക്കേണ്ട. കാരണം അവര്ക്ക് അടുക്കളയിൽ തിരക്കാണ്.  ഭക്ഷണത്തിന് കാല താമസം വന്നാൽ വലിയച്ഛന്റെ ഭാഗത്ത്‌ നിന്ന് തെറികൾ ഒന്നും വന്നില്ലായിരുന്നു എങ്കിൽ, നമ്മുടെ പെണ്ണുങ്ങൾക്ക്‌ സമയ ബോധം കൂടി ഉണ്ടാകില്ലായിരുന്നു എന്ന് വേണം കരുതാൻ.

വലിയച്ചൻ എന്നും രാവിലെ വാച്ചിലെ സ്ക്രൂ തിരിച്ചു കൊണ്ടു അതിനു ജീവൻ കൊടുക്കും.  ഇക്കാര്യത്തിലെ ഒരു ചെറിയ പാക പിഴ സമയ നദിയുടെ ഒഴുക്കിനെ അലങ്കോല പെടുത്താൻ മാത്രം  ഭീകരമായിരിക്കും എന്ന് അറിയാവുന്ന വലിയച്ചൻ, മറ്റെന്തു സംഭവിച്ചാലും ഈ തിരിപ്പ് മുടക്കാറില്ലായിരുന്നു.  വീട്ടില് അത് കൊണ്ടു എല്ലാ ദിനങ്ങളിലും ഭക്ഷണം കൃത്യ  സമയങ്ങളിൽ തന്നെ ഉത്പാദിപ്പിക്കപ്പെട്ടിരുന്നു.

വലിയച്ഛന്റെ മരണം യഥാർത്ഥത്തിൽ ഒരു കാലഘട്ടത്തിന്റെ മരണമായിരുന്നു.  തിരിപ്പ് വാച്ചുകളുടെ കാലഘട്ടം വലിയച്ഛന്റെ മരണത്തോടെ അവസാനിച്ചു എന്ന് പറയാം.  പൂര്ണമായി മരിച്ചു എന്നും പറയാൻ പറ്റില്ല.  കാരണം പഴയ പാരമ്പര്യത്തിന്റെ ഓര്മ്മ കുറിപ്പുകൾ പിന്നീട് വരുന്നവന്റെ മനസ്സിലും, അവൻ ഉപയോഗിക്കുന്ന വസ്തുക്കളിലും ഒരു അഴുക്കു പോലെ പറ്റി പിടിച്ചു കൊണ്ടിരിക്കും, പറിച്ചു മാറ്റാൻ പറ്റാത്ത ഒരു ഓര്മ്മ പോലെ.  പക്ഷെ അപ്പോഴേക്കും ഓട്ടോ മാറ്റിക് വാച്ചുകൾ നാട്ടിൽ തല ഉയര്ത്താൻ തുടങ്ങിയിരുന്നു.  മനുഷ്യന്റെ അലസതയുടെ ആദ്യ പ്രതീകം പോലെ അത് നമ്മുടെ ഇടയിൽ വിലസാൻ തുടങ്ങി. ഇനി ഒട്ടും തിരിച്ചില്ലെങ്കിലും സമയം സമയത്തിന്റെ പാട്ടിനു  പോയിക്കൊള്ളും എന്ന നില വന്നു.  മുൻപ് തിരിക്കാൻ ഉപയോഗിച്ച സ്ക്രൂ ഇനി മുതൽ ക്രമം തെറ്റുന്ന സമയത്തെ നേർ വഴിക്ക് നടത്താൻ വേണ്ടി മാത്രമായി ഉപയോഗിക്കപ്പെടും.  ഓട്ടോമടിക് വാച്ച് അങ്ങനെ ഫേഷൻ ആയി.

ഒന്നാം ക്ലാസ് മുതൽ മൂന്നാം ക്ലാസ് വരെ സ്ലേറ്റ്‌ പെൻസിലും,  അതിനു ശേഷം നാല് മുതൽ പത്തു വരെ ഒരൊറ്റ മഷി പെന്നും കൊണ്ടു ജീവിച്ച എനിക്കും എന്റെ സതീത്യർക്കും, ഓട്ടോ മാറ്റിക് വച്ച് എന്നത് താങ്ങാൻ പറ്റാത്ത ഒരു ആഗ്രഹമായിരുന്നു.  പക്ഷെ നാം ആഗ്രഹിച്ചു കൊണ്ടെ ഇരുന്നു.  എന്നെങ്കിലും  ഒരു ദിവസം  ആകാശത്തിലെ മന്ന പോലെ ഒരു ഓടോമടിക് വാച് നമ്മുടെ മുന്നില് വന്നു വീഴുമെന്നു.  പക്ഷെ അതിനു ഞാൻ (ഞാൻ മാത്രം.  മറ്റുള്ളവരിൽ പലർക്കും വീണ്ടും എത്രയോ കാത്തിരിക്കേണ്ടി വന്നു ) എസ എസ് എസ് എൽ സീ ഒന്നാം ക്ലാസിൽ പാസ്സാകെണ്ടിയിരുന്നു.  ഒരു വൈകുന്നേരം തന്റെ പതിവ് അടുക്കള പണിക്കിടയിൽ മണ്ടോടി കൌസു ഇങ്ങനെ പ്രഖ്യാപിച്ചതാണ് 'ഫസ്റ്റ് ക്ലാസ്സിൽ പാസായാൽ നിനക്കു ഒരു വാച്ച് .  അതിന്റെ അർഥം എന്തായാലും നിനക്കു ഒരു വാച്ച് വാങ്ങിച്ചു തരും എന്ന് തന്നെ ആയിരുന്നു. കാരണം ബുദ്ധിമാനായ മണ്ടോടി രമേശന് ഫസ്റ്റ് ക്ലാസ് എന്നത് ഒരു പ്രശ്നമേ അല്ല എന്ന് എന്റെ അമ്മക്ക് അറിയാമായിരുന്നു.

കോളേജിൽ ഒന്നാമത്തെ ദിവസം ഓട്ടോ മടിക് വാച്ച് അണിഞ്ഞു എത്തിയ  എന്നെ അത്ബുധപ്പെടുതിയത് ഞാൻ അവിടെ ഒരു അത്ബുധ ജീവിയല്ല എന്ന കണ്ടു പിടുത്തമായിരുന്നു.  ഒട്ടു മിക്കവരുടെയും കയ്യിൽ ഓടോമടിക് വാച്ച്.  എന്റെ കയ്യിലെ വാച്ച് എറിഞ്ഞു കളഞ്ഞാൽ എന്തെന്ന് കൂടി ഞാൻ ചിന്തിച്ചു പോയ നിമിഷം.  പക്ഷെ ഒരു സമാധാനമുണ്ടായിരുന്നു.  എന്റേത് കുറച്ചു മുന്തിയ സൈക്കോ എന്ന സാധനമായിരുന്നു.  (മുന്തിയതാണ് എന്ന് ഞാൻ സ്വയം തീരുമാനിച്ചതാണ്.  കാരണം കാര്യമായി ആരുടെ കയ്യിലും അത് കണ്ടില്ല.  ചിലപ്പോൾ ഏറ്റവും മോശം ആയിരിക്കാനും  ഇടയുണ്ട്.  ഏറ്റവും നല്ലത് കിട്ടാൻ പ്രയാസമായിരിക്കുന്നതു പോലെ, ഏറ്റവും ചീത്ത ജനങ്ങള് ഒഴിവാക്കുകയും ചെയ്യുന്ന രീതി അന്നും പ്രചാരത്തിൽ ഉണ്ടായിരുന്നു). വാച്ചുകൾ അന്ന് തുടിക്കുന്ന അസ്തിത്വമായി നമ്മുടെ കരങ്ങളിൽ നില നിന്നു. അത് ഇല്ലാത്തവൻ രണ്ടാം കിട പൌരനായി അധകൃതനായി  നിത്യ  ദുഃഖത്തിൽ കഴിഞ്ഞു പോന്നു.  പക്ഷെ നമ്മൾ എന്നും സന്മനസ്സുള്ളവർ ആയിരുന്നു. ഇല്ലാത്തവൻ എപ്പോൾ ചോദിച്ചാലും സമയം പറഞ്ഞു കൊടുക്കുന്നതിൽ നമ്മൾ ഒരു പിശുക്കും കാണിച്ചില്ല. സ്നേഹമാണല്ലോ ചെറിയ കുട്ടികളെ വലിയവരിൽ നിന്നു വ്യതസ്തരാക്കുന്നത്.

വലിയച്ഛന്റെ ജീവിതാന്ത്യത്തോടെ സ്പ്രിംഗ് വാച്ചിന്റെ യുഗം അവസാനിച്ചത്‌ പോലെ നമ്മുടെ കോളേജ് ജീവിതാന്ത്യത്തോടെ ഓട്ടോ മാറ്റിക് വാച്ചിന്റെ ജീവിതവും അവസാനിച്ചു എന്ന് പറയാം.  ബാറ്ററി കൊണ്ടു പ്രവര്ത്തിക്കുന്ന എലെക്ട്രോണിക്ക്  വാച്ചുകളുടെ പ്രളയം ആയിരുന്നു പിന്നെ.  രൂപം മാറിയും മറിഞ്ഞും അത് ഇന്നും തുടരുകയാൽ അത് ഈ ലേഖനത്തിന്റെ വിഷയം അല്ല.

നമ്മുടെ കാലഘട്ടത്തിലെ ഈ ഓട്ടോ മടിക് വാച് എന്ത് കൊണ്ടും മനുഷ്യന് വളരെ ഏറെ ഉപകാരം ഉണ്ടാക്കിയ ഒരു കണ്ടു പിടുത്തം തന്നെ ആയിരുന്നു. അതിനു വേണ്ടി നാം കാര്യമായി ഒന്നും ചെയ്യേണ്ടായിരുന്നു.  വെറുതെ കയ്യിൽ അണിഞ്ഞു നടന്നാൽ മാത്രം ചലിച്ചു കൊണ്ടിരുന്നു ഒരു അപൂർവ കണ്ടു പിടുത്തം.  പക്ഷെ പിന്നീട് മനുഷ്യന്റെ ധാരാളിത്തം ഈ അപൂർവ ജന്മത്തെ കൊന്നു കളഞ്ഞത് എന്ത് കൊണ്ടു എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്.  അതില്ലാതായത് കൊണ്ടു ഇന്ന് നമുക്ക് സമയം അറിയുക എന്നുള്ളത് കുറെ കൂടെ ചെലവ് കൂടിയ ഒരു എർപ്പാടായി പരിണമിച്ചു എന്ന് മാത്രം.  ശാസ്ത്രം ചിലപ്പോൾ മനുഷ്യനെ പുറകോട്ടും നടത്താറുണ്ട്‌ എന്ന് ഒരിക്കൽ എല്യാസ് കാനേറ്റി ആണ് പറഞ്ഞത് എന്ന് തോന്നുന്നു 

പുല്ലു തിന്നുന്ന മനുഷ്യരും അന്തകനും

ഞാനും കുറെ കാലം ഇങ്ങനെ പച്ചകറി ഒക്കെ തിന്നു ജീവിച്ച മനുഷ്യനാണ്. അങ്ങനെ ഇരിക്കെ ഒരു സുപ്രഭാതത്തിൽ (വൈകുന്നേരമാണോ എന്നും ഓർമ്മയില്ല) ഒരു ഭീകര ജീവി എന്റെ വീടിന്റെ മുൻ വാതിലിലൂടെ കയറി വന്നു എന്റെ കിടക്കക്കരികിൽ ഇരിപ്പുറപ്പിച്ചു.  എനിക്ക് പേടിയൊന്നും തോന്നിയില്ല. കാരണം ഇമ്മാതിരി ഭീകര ജീവികളെ ഞാൻ സ്ഥിരമായി സ്വപ്നത്തിലും, ചില സിനിമകളിലും ഒക്കെ കണ്ടു പരിചയിച്ചതാണ്.  കുറച്ചു നേരം ഒന്നും ഉരിയാടാതെ  നിന്ന ആ ജീവിയോടു ഞാൻ ചോദിച്ചു.

ആരാണ്.

ഒരു ഭീകര ജീവിയാണ്.

എന്താണ് പേര്

വ്യര്തത എന്നാണു പൊതുവെ എല്ലാവരും വിളിക്കുക. നിങ്ങളും എന്നെ അങ്ങനെ വിളിച്ചാൽ മതി.

എന്തിനാ വന്നത്.

അല്ല നിങ്ങള്. മീനും ഇറച്ചിയും, ബെകറി സാധനങ്ങളും മറ്റും ഒഴിവാക്കി ഒരു സാത്വികനെ പോലെ ജീവിക്കുകയാണെന്ന് കേട്ട്. നിങ്ങളുടെ ഉദ്ദേശ്യം എന്താണ്.

അത് ചോദിക്കാൻ നിങ്ങളാരാണ്‌.

ആരുമല്ല.  സ്നേഹം കൊണ്ടു ചോദിച്ചു എന്ന് മാത്രം.  ഞാൻ ചിലപ്പോൾ അന്തകന്റെ കൂടെ ഒക്കെ ചുറ്റി കറങ്ങാരുണ്ട്. ഒരു ദിവസം അങ്ങേരു പറഞ്ഞു 'അങ്ങ് താഴെ കുറെ എണ്ണം വെറും പച്ചക്കറിയും മറ്റും  തിന്നു ജീവിക്കാൻ തുടങ്ങിയിട്ടുണ്ട്. അവന്റെ ഒക്കെ ധാരണ അങ്ങനെ എന്നെ ഒഴിവാക്കാമെന്നാണ്. വിഡ്ഢികൾ. സത്യം പറയാലോ. എനിക്ക് അതൊരു സൌകര്യമാണ്.  ഇപ്പൊ ഉള്ളതിനെ കെട്ടി പൊക്കി ഇങ്ങോട്ടേക്കു എടുക്കാൻ തന്നെ ഞാൻ പെടുന്ന പാടു നിനക്ക് അറിയാമല്ലോ. ആകെ ഇതിനൊക്കെ കൂടി ഒരു സ്റ്റാഫ് മാത്രമാ ഉള്ളത്. ഒരു നാലഞ്ച് എണ്ണത്തിനെ പോസ്റ്റ്‌ ചെയ്യാൻ ആ യൂസ്ലെസ്സിനോട് പറഞ്ഞിട്ട് മൈൻഡ് ചെയ്യുന്നില്ല. ഇങ്ങനെ കുറെ എണ്ണം പച്ചകറി തിന്നു കിട്ടിയാൽ ഇവിടത്തെ തിരക്ക് തല്ക്കാലത്തേക്ക് കുറക്കാമായിരുന്നു. പക്ഷെ എനിക്ക് വേണ്ടത് ഒരു പെർമനനന്റ് സൊലൂഷൻ ആയിരുന്നു.  അതിനു ഈ പച്ചക്കറി പരിപാടി കൊണ്ടു കാര്യമില്ല.  ആകെ കൂടെ ഒരു രണ്ടോ മൂന്നോ കൊല്ലം അങ്ങോട്ടേക്ക് മാറ്റാമെന്നല്ലാതെ.

എന്തായാലും ഒരു ഒന്നോ രണ്ടോ കൊല്ലം മുന്നോട്ടേക്ക് ആക്കാനെങ്കിലും ഇത് കൊണ്ടു പറ്റുമല്ലോ. എന്താ അത് പോരെ.

പക്ഷെ മിസ്റ്റർ മണ്ടോടി.  നിങ്ങൾ ഒന്ന് ആലോചിച്ചു നോക്ക്.  രാവിലെ എണീക്കുമ്പോൾ നിങ്ങള്ക്ക് എല്ലാ ദിവസവും തല വേദനയാണ് എന്ന് എനിക്കറിയാം. രോഗമൊന്നും അല്ല. മാനസിക പിരി മുറുക്കം കൊണ്ടു വരുന്ന ഒരു തരം വേദന.  പിന്നെ ഈ റോഡിലൂടെ ഒക്കെ വണ്ടി എടുത്തു പോകുമ്പോൾ ഉണ്ടാകുന്ന കുലുക്കം കൊണ്ടു ഉണ്ടാകുന്ന മാറ്റൊരു വേദന.  അതായത് സ്വന്തം നാടിന്റെ പരിതാപകരമായ സ്ഥിതി ആലോചിച്ചിട്ടുള്ള വേദന. പിന്നെ അപ്പുറത്തും ഇപ്പുറത്തും നിന്നുള്ള ദീന വിലാപം കേൾക്കുമ്പോഴുള്ള മറ്റൊരു വേദന.  ഞാൻ ഇപ്പോൾ പറഞ്ഞു വരുന്നത് വെറും മാനസിക വേദനകളെ കുറിച്ച് മാത്രം.  ശാരീരിക വേദനകളെ കുറിച്ച് ഞാൻ പറയാൻ തുടങ്ങിയിട്ടില്ല. കഴിഞ്ഞ മാസം നിങ്ങള് ഒരു രണ്ടു ദിവസം വയറു വേദന കൊണ്ടു പിടച്ചതും, പടച്ചോനെ എന്നെ അങ്ങോട്ട്‌ എടുത്തു തരണമേ എന്ന് കരഞ്ഞതും ഞാൻ കേട്ടതാണ്.  പിന്നെ എന്തൊക്കെ വേദനകൾ. ഇതൊക്കെ സഹിച്ചു കൊണ്ടു വീണ്ടും ജീവിതം ഒന്നോ രണ്ടോ കൊല്ലം കൂട്ടാനാണോ നിങ്ങളുടെ പരിപാടി.  അത് നിങ്ങള് എന്ത് വേണമെങ്കിലും ആയിക്കോ.  പക്ഷെ ഇനി മുതൽ പടച്ചോനെ എന്നെ അങ്ങോട്ടേക്ക് കെട്ടി എടുത്തോ എന്നുള്ള രീതിയിലുള്ള വിലാപങ്ങൾ എന്ന് കേട്ടാലും അന്ന് നിങ്ങളെ അങ്ങോട്ടേക്ക് കെട്ടി എടുക്കും എന്നാണു ശ്രീമാൻ അന്തകൻ പറഞ്ഞിട്ടുള്ളത്.  പച്ചകറി തിന്നുന്ന മനുഷ്യനാണ്.  സാത്വികനാണ് എന്നൊന്നും അപ്പോൾ പറഞ്ഞിട്ട് കാര്യമില്ല.  അത് കൊണ്ടു ഏതെങ്കിലും ഒരു കാര്യം ഇപ്പോൾ തീരുമാനിക്കണം.  പച്ചകറി തിന്നു ഇനിയും ഒരു രണ്ടോ മൂന്നോ കൊല്ലം ഇതൊക്കെ സഹിച്ചു ജീവിക്കണോ, അല്ലെങ്കിൽ കോഴിയും നായിയും പട്ടയും ഒക്കെ കഴിച്ചു അടി പോളിയയായി ഒന്ന്  രണ്ടു ദിവസം ജീവിച്ചു ചാകണോ.
തീരുമാനിക്കേണ്ടത് നിങ്ങളാണ്.

തീ കൊള്ളക്കാരൻ യവന പുരാണങ്ങളിലെ മാവേലി

യവന പുരാണങ്ങളിലും ഹിന്ദു പുരാണങ്ങളിലെത്  പോലെ ദേവഗണങ്ങൾക്കു എതിരെ യുദ്ധം ചെയ്ത അസുരരെ കാണാൻ പറ്റും.  പ്രോമാത്യൂസ് അത്തരത്തിൽ ഒരു അസുരനായിരുന്നു.  നാളെ എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് ദത്ത ശ്രദ്ധനായി അതിനെ കുറിച്ച് മനനം ചെയ്തു  ജീവിച്ച ഒരു രാക്ഷസൻ. അദ്ധേഹത്തിന്റെ അനുജനായ എപ്പിമാത്യൂസ് നേരെ മറിച്ച് ഇന്നലെ കളെ കുറിച്ച് മനനം  ചെയ്തു ജീവിക്കുകയായിരുന്നു ചെയ്തത്

ദേവ നഗരിയായ ഒളിമ്പസ് ഗിരി നിരകളിലെ മേഘ സമൂഹത്തിനിടയിൽ തന്റെ ജീവിതം ഹോമിക്കാൻ പ്രൊമാത്യൂസ്‌ തയ്യാറല്ലായിരുന്നു.  തങ്ങളുടെ മൃദു തല്പങ്ങളിൽ ദേവഗണങ്ങൾ സുഖലോലുപരായി ജീവിതം കഴിക്കുകയായിരുന്നപ്പോൾ , പ്രൊ മാത്യൂസ്‌  മാനവ രാശിക്ക് വേണ്ടി സ്വർഗ്ഗ തുല്യമായ ഒരു ലോകം നെയ്തു എടുക്കേണ്ടത് എങ്ങനെ എന്ന് കണക്കു കൂട്ടുകയായിരുന്നു.

ആകാശങ്ങളിൽ നിന്ന് ഇറങ്ങി വന്നു താഴെ ജനങൾക്ക് ഒപ്പം ജീവിച്ച പ്രൊ മാത്യൂസ്‌ നു മനസ്സിലായി അവർ എത്രമാത്രം ദുഖിതരാണെന്ന്. രാക്ഷസ രാജാവായ ക്രോനോസ് ഭരിക്കുന്ന വേളയിൽ ഇവരൊക്കെയും വളരെ ഏറെ സന്തുഷ്ടരായിരുന്നല്ലോ എന്നും അദ്ദേഹം ഓർത്തു. കാട്ടു പ്രദേശങ്ങളിലെ ഗുഹകളിലും പൊത്തുകളിലും ജീവിക്കേണ്ടി വന്ന മനുഷ്യരൊക്കെയും അതി ശൈത്യത്തിലും വന്യ മൃഗ ഭയത്തിലും വിറച്ചു ജീവിക്കുകയായിരുന്നു. കാരണം അവിടെ തീ ഇല്ലായിരുന്നു.

ഒരിറ്റു തീ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു ' പ്രൊ മാത്യൂസ്‌ ആലോചിച്ചു. അൽപ നേരം തീ കായുകയും, അത് കൊണ്ടു ഭക്ഷണം പാകം ചെയ്യുകയും, അത് ഉലയാക്കി പണി ആയുധങ്ങൾ നിര്മിച്ച് കൊണ്ടിരിക്കുകയും ചെയ്താൽ മാത്രമല്ലോ ഈ മനുഷ്യ കുലത്തിനു ഉയര്ച്ചയുണ്ടാകുകയുള്ളൂ എന്ന് പ്രതിഭാ ധനനായ അദ്ദേഹത്തിന് അറിയാമായിരുന്നു.

ദേവേന്ദ്രനായ സീയൂസിന്റെ അടുത്തു പോയി പ്രൊ മാത്യൂസ്‌ കേണപേക്ഷിച്ചു.  പക്ഷെ ഒരിറ്റു തീ പോലും മനുഷ്യർക്ക്‌ കൊടുക്കില്ലെന്നും,  അങ്ങനെ ചെയ്താൽ അവർ തങ്ങളെ തങ്ങളുടെ സിംഹാസനങ്ങളിൽ നിന്ന് ആട്ടിപ്പായിക്കാനുള്ള കരുത്തു നേടുമെന്നും ദേവേന്ദ്രൻ ഗര്ജിച്ചു.  താഴെ ഉള്ള ഇവരെ മുകളിലുള്ള നമ്മള് ഭരിക്കുന്നതാണ് ഈ ലോകത്തിനു നല്ലത് എന്നും സീയൂസ് ഓര്മിപ്പിച്ചു.

പക്ഷെ പ്രൊ മാത്യൂസ്‌ ന്റെ തീരുമാനം ഉറച്ചതായിരുന്നു.  എന്ത് വന്നാലും ഒരിറ്റു തീയും കൊണ്ടു മാത്രമേ ഇനി ലോകത്തേക്ക് തിരിച്ചു പോകുകയുള്ളൂ എന്ന് തീരുമാനിച്ച പ്രൊ മാത്യൂസ്‌ , സീയൂസിന്റെ സ്വന്തം മിന്നൽ പിണരിൽ നിന്ന് ഒരിറ്റു തീ കവര്ന്നു ആ  കവര്ച്ച ചെയ്ത ഒരു തരി തീയുമായി  മനുഷ്യ ലോകത്തേക്ക് ഗമിച്ചു.  ലോകത്ത് തീജ്വാലകൾ പടരാനും ജനങ്ങള് സഹിച്ച ശൈത്യത്തിന്റെ കാഠിന്യം കുറയാനും തുടങ്ങി.

ഒരു നനഞ്ഞ വൈകുന്നേരം വൈകുണ്ഡത്തിലെ  തന്റെ ജനാലയിലൂടെ താഴേക്ക്‌ നോക്കുകയായിരുന്നു സീയൂസ് അങ്ങ് താഴെ ആ കാഴ്ച കണ്ടു.  ലോകം മുഴുവൻ മിന്നാമിനുങ്ങിൻ കൂട്ടം പോലെ തീ ജ്വാലകൾ പടര്ന്നു പിടിച്ചിരിക്കുന്നു.  ആരാണ് അതിന്റെ ഉത്തരവാദിയെന്ന് അദ്ദേഹം ക്ഷിപ്രം മനസ്സിലാക്കി.

പ്രൊ മാത്യൂസ്‌ നെ നിത്യ നരകത്തിലേക്ക് തള്ളിവിടാൻ ദേവേന്ദ്രൻ തീരുമാനിച്ചു.  കാക്കസസ് മലയിടുക്കിലെ ഒരു പാറക്കൂട്ടത്തിൽ ബന്ധനസ്ഥനായ പ്രൊമാത്യൂസ്‌ അനന്ത കാലത്തോളം അവിടെ കഴിയാൻ ശപിക്കപ്പെട്ടു.  അവിടെ എന്നും രാവിലെയും വൈകുന്നേരവും അദ്ധേഹത്തിന്റെ കരൾ ഒരു കഴുകനാൽ ഭക്ഷിക്കപ്പെട്ടു.  പക്ഷെ ദീര്ഘാ യുഷ്മാനായ അദ്ധേഹത്തിന്റെ കരൾ ഓരോ രാത്രിയിലും പുനർസൃഷ്ടിക്കപ്പെട്ടു.


Tuesday, 19 May 2015

അധിനിവേശക്കാരനും തദ്ദേശ വാസിയും ഒരു പോലെ അപകടകാരികൾ ആവുന്ന ചില നേരങ്ങൾ

മുൻപ് ഒരിടത്ത് ഞാൻ ഇങ്ങനെ പറഞ്ഞതായി  ഓർക്കുന്നു. തദ്ദേശ വാസിയുടെ നിക്ഷേപങ്ങളെക്കാൾ നാം ഭയപ്പെടേണ്ടത് അധിനിവേശക്കാരന്റെ നിക്ഷേപങ്ങൾ ആണ്, എന്തെന്നാൽ,  അധിനിവേശ ക്കാരൻ ലാഭം കൊയ്യുന്നത് തന്റെ നാടിനു വേണ്ടി എങ്കിൽ, തദ്ദേശ വാസി അത് ചെയ്യുന്നത് തന്റെ നാട്ടിന് വേണ്ടിയാണ്.  വസ്തുക്കൾ മറ്റൊരു രാജ്യത്തേക്ക്  ഒഴുകുന്നത്‌ ഇത് മൂലം ഉണ്ടാകുന്നില്ല. സാമൂതിരി പണ്ടു പറഞ്ഞ തത്വങ്ങൾ ഒന്നും ഇവിടെ അധിനിവേശ ക്കാരന്റെ അടുത്തു വില പോവില്ല.  സാമൂതിരി എന്താണ്  പറഞ്ഞത് എന്ന് ഓർമ്മയുണ്ടോ. നിങ്ങൾക്ക് വെറ്റില കൊടികൾ മാത്രമേ കൊണ്ടു പോകാൻ  പറ്റൂ , തിരുവാതിര ഞാറ്റു വേല കൊണ്ടു പോകാൻ പറ്റില്ല എന്ന്. പക്ഷെ ഇന്ന് അധിനിവേശ ക്കാരൻ പറയുന്നത് എന്താണ്.  നിങ്ങള് വെറ്റില കൊടി അവിടെ തന്നെ ഉണ്ടാക്കിക്കോ. നാം അത് വന്നു എടുത്തോളാം.  തിരുവാതിര ഞാറ്റു വേലയൊക്കെ ആര്ക്ക് വേണം എന്ന്.  (വേണമെന്നുണ്ടെങ്കിൽ അതും നാം ഇവിടെ സൃഷ്ടിക്കും)

പക്ഷെ തദ്ദേശ വാസി എന്നും  നിരുപദ്രവിയായി തുടരുമോ.  ഇല്ല എന്നാണു ഉത്തരം.  അഴിമതിക്കാരായ തദ്ദേശ വാസികൾക്ക്‌ അഭയം കൊടുക്കാൻ അധിനിവേശക്കാരന്റെ നാടുകൾ എന്നും തയ്യാറായിരുന്നു എന്ന് നാം ശ്രദ്ധിക്കണം.  കുടിയേറ്റം എന്നത് ഇത്തരം തദ്ദേശ വാസികളുടെ അഭയ സ്ഥാനം തന്നെ ആണ്.

തുടരും 

മാളിൽ കടന്നു ചെല്ലുന്ന മനുഷ്യന്റെ സ്വാതന്ത്ര്യം.

തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നത് മനുഷ്യന്റെ അവകാശം തന്നെയാണ്.  മനുഷ്യൻ അത് അകമഴിഞ്ഞ് ആസ്വദിക്കുകയും ചെയ്യുന്നതായി സമ്മതി ദാന ദിവസത്തെ മനുഷ്യ നിരയിൽ നിന്ന് നാം മനസ്സിലാക്കുന്നു.  അപ്പോൾ നാം ആ സ്വാതന്ത്ര്യം ശരിയായ രീതിയിൽ ഉപയോഗിക്കുന്നുണ്ടോ എന്നതാണ് പ്രശ്നം.

നിരക്ഷരായ മനുഷ്യർ നടത്തുന്ന ഏതു തിരഞ്ഞെടുപ്പും പരിപൂർണ സ്വാതന്ത്ര്യത്തിന്റെ ബഹിര്സ്പുരണമായി കണക്കാക്കാൻ കഴിയില്ല എന്ന് പണ്ടൊക്കെ നാം കേട്ടിരുന്നു.  പണ്ടു സത്യമായി നാം അറിഞ്ഞതൊക്കെ , കാല പ്രവാഹത്തിൽ അസത്യമായി പരിണമിക്കുന്നത് നാം കാണുന്നതാണ്.  അന്ന് നിരക്ഷരന്റെ തിരഞ്ഞെടുപ്പ് ഒരു തരം വ്യര്തമായ തിരഞ്ഞെടുപ്പ് ആയിരുന്നെങ്കിൽ ഇന്ന് നാം ഇവിടെ കാണുന്നത് അക്ഷര ജ്ഞാനിയുടെ  വ്യർഥമായ തിരഞ്ഞെടുപ്പുകൾ ആണ്.

അക്ഷര ജ്ഞാനം ഒരിക്കൽ അടിച്ചമര്തപ്പെട്ടവന്റെ കയ്യിലെ  ആയുധമായിരുന്നെങ്കിൽ ഇന്നത്‌ ഉടമയുടെ കയ്യിലെ ആയുധമായി പരിണമിച്ചിരിക്കുന്നു.

ഭാഷ അറിയുന്നവനെ ചൂഷണം ചെയ്യുവാൻ ഇന്ന് വളരെ എളുപ്പമാണ്.  ഇന്നത്തെ ഏറ്റവും വലിയ ചൂഷണോപാധിയായ പരസ്യം കൊണ്ടു അക്ഷര ജ്ഞാനമുള്ളവനെ മാത്രമേ വലയിൽ വീഴ്ത്തുവാൻ കഴിയുള്ളൂ എന്ന് ഉടമക്ക് നന്നായി അറിയാം.  അപ്പോൾ അടിമയുടെ ആവശ്യമായ ഭാഷ ഇന്ന് ഉടമയുടെയും ആവശ്യമായി തീര്ന്നിരിക്കുന്നു.

ഒരു മാൾ ഒരു വർണ്ണ പ്രപഞ്ചമാണ്‌.  അതിൽ അകപ്പെടുന്ന മനുഷ്യന് താൻ സ്വർഗത്തിൽ അകപ്പെട്ടതായ ഒരു പ്രതീതി ഉണ്ടാകുന്നത് സ്വാഭാവികമാണ്.  അവിടെ വച്ചുള്ള അവന്റെ ഏതൊരു തിരഞ്ഞെടുപ്പും തീരുമാനിക്കുന്നത് അവനിൽ നിന്ന് ബാഹ്യമായ മറ്റെന്തൊക്കെയോ ആണ്.

മനുഷ്യന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് വസ്തുക്കൾ നിർമ്മിച്ച്‌ വിട്ട ആ പഴയ കാലം അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു.  ഇന്ന് വസ്തുക്കൾ ആദ്യം സൃഷ്ടിക്കപ്പെടുകയും,  ആവശ്യങ്ങൾ പിന്നീട് സൃഷ്ടിക്കപ്പെടുകയും ആണ്.  സ്വന്തം ആവശ്യങ്ങൾ എന്തെന്ന് പോലും വ്യക്തമായി അറിയാത്ത ഒരു തലമുറയായി നാം മാറി കഴിഞ്ഞു.

മുദ്രാവാക്യങ്ങളും പ്രതീകങ്ങളും സത്യമെന്ന് ധരിച്ചു വശായ ഒരു തലമുറയാണ് നാം.  'ഭീകരൻ' എന്ന വാക്ക് പോലെ നമ്മെ ഭയപ്പെടുത്തുന്ന മറ്റൊരു വാക്കാണ്‌ 'കീടാണൂ'.  വസ്തുക്കൾ ചിലവാക്കാൻ ഈ രണ്ടു വാക്കുകളും നാം വേണ്ടുവോളം ഉപയോഗിക്കുന്നു.  ഒന്ന് അന്താരാഷ്‌ട്ര തലത്തിലും മറ്റേതു പ്രാദേശിക തലത്തിലും.

പഞ്ചാര വാക്കുകൾ കൊണ്ടു മയക്കപ്പെട്ട ഒരു തലമുറയ്ക്ക് സ്വാതന്ത്ര്യം എന്നത് ഒരു മരീചികയാണ്.

ഇനി ഒരു മാളിൽ കയറി സാധനം വാങ്ങുമ്പോൾ ആലോചിക്കുക.  അവിടെ പള പള മിന്നുന്ന കടലാസ് പെട്ടികളിൽ നിന്ന് നമ്മെ വിളിക്കുന്ന അസംഖ്യം സാധനങ്ങൾക്ക് മുന്നിൽ നാം ഒറ്റക്കാണ്.  നമ്മെ വളചെടുക്കാനുള്ള അതിന്റെ ശക്തി അപാരമാണ്. കാരണം അതിന്റെ നിർമിതിക്കു പിന്നിൽ ബുദ്ധി ജീവികളുടെ ഒരു നിര തന്നെ ഉണ്ട്.  അവിടെ നിന്റെ മനശാസ്ത്രം കലക്കി കുടിച്ച ഒരു ബുദ്ധി ജീവി ഉള്ളത് പോലെ,  നിനക്ക് ഇതൊക്കെ ആവശ്യമാണെന്ന് നിന്നെ പരസ്യങ്ങളിലൂടെ തെറ്റി ധരിപ്പിച്ച മറ്റൊരു ബുദ്ധി ജീവിയും,  അങ്ങനെ ഉടമ വാടകയ്ക്ക് എടുത്ത അനേകം ബുദ്ധി ജീവികൾ ഉണ്ടെന്നും നീ അറിയുക.

ഒരു ഉപഭോക്താവ് എന്ന നിലയിൽ നീ നിസ്സഹായനാണ്

THE FAILURE OF LANGUAGE AS A BETTER WAY OF COMMUNICATION - NOTES ON FACEBOOK

i am somewhat a facebook addict. the total time that i expend in front of my computer will be somewhere near 6 hours.  better with respect to my official days where it was more than seven or eight hours.

a generation, passive to its extreme will be a dangerous generation because of many reasons. for the first part , it is a generation which expends much of its time in unreality, in a world populated by two dimensional figures and expressing its feelings through printed language.  the incapability of language in bridging the gap between two, is particularly evident from the number of likes that we obtain for language communication versus picture communications.  when a piece of philosophy that i insert in these pages fetch a meager ten or twenty likes, the photograph of my little one evokes much responses , ending in a  huge bundle of likes, which sometimes go beyond hundred or two hundred. why man is finding it difficult to decipher the simple code of a language and why he prefers picture images which are much more direct.  why man wants to return to his primordial state of ignorance.

there are chances that our next generation will be devoid of literature and the sole mode of entertainments will be films, reality shows ..and the likes.


Monday, 18 May 2015

അഭിപ്രായം എന്നാൽ ഇരുമ്പുലക്കയല്ല

സുഹൃത്തുക്കളെ . ഞാൻ ഇത്ര കാലവും വച്ച് പുലർത്തിയ  പല അഭിപ്രായങ്ങളും താഴെ പറയും പ്രകാരം മാറ്റിയിരിക്കുന്നു.  കഴിഞ്ഞ കുറെ ദിവസങ്ങളിൽ ഞാൻ നടത്തിയ ചില അഗാധ പഠനങ്ങളുടെ ഫലമായാണ് ഇത്തരം മാറ്റങ്ങൾ ഉണ്ടായത്.

1. പെട്രോളിന്റെ വില ലിറ്റരിനു ആയിരം രൂപ എങ്കിലും ആക്കണം. എന്നാൽ മാത്രമേ കണ്ട അണ്ടനും അറകൊടനും മത്തി മേടിക്കാൻ കാറെടുത്ത് പോകുന്നത് ഒഴിവാക്കാൻ പറ്റുകയുള്ളൂ.  (വില കുറഞ്ഞ വസ്തു എന്ന അർത്ഥത്തിൽ ആണ് മത്തി എന്ന വാക്ക് ഉപയോഗിച്ചത്.  പുല്ല് എന്ന വാക്കായിരുന്നു ആദ്യം ഉപയോഗിക്കാൻ തീരുമാനിച്ചത്.  അപ്പോൾ അമ്മ പറഞ്ഞു പുല്ലിനു ഇപ്പോൾ തീ വിലയാണ് എന്ന്.  വില കുറഞ്ഞത്‌ എന്ന വാക്കിനു സമാനമായ മറ്റൊരു പദം കണ്ടെത്തുക എന്നുള്ളത് തന്നെ ഇന്ന് വലിയ ബുദ്ധിമുട്ടാണ്. അത് കൊണ്ടു ഉപമകൾ ഒഴിവാക്കുന്നതാവും നല്ലത് എന്ന് ചിലപ്പോൾ തോന്നും )

2.  നമ്മുടെ റോഡുകൾ കുണ്ടും കുഴികളും ആയി തുടരുന്നതാവും നല്ലത്.  കാരണം കഴിഞ്ഞ ഏതാനും വർഷങ്ങളിലെ പഠനങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കിയത്, തലശേരിയിൽ ഏറ്റവും അപകടങ്ങൾ കുറഞ്ഞ റോഡു എന്റെ വീടിന്റെ മുന്നിലെ റോഡ്‌ ആണെന്നത്രേ.  അതിനു ഒരൊറ്റ കാരണം മാത്രമേ ഉള്ളൂ എന്ന് ഞാൻ എന്റെ പഠനത്തിൽ നിന്ന് മനസ്സിലാക്കി.  അതാണ്‌ സ്പീഡ്.  ഇത്രയും വേഗത കുറച്ചു വാഹനം ഓടിക്കുന്ന ഒരു റോഡ്‌ ലോകത്ത് ഒരിടത്തും ഇല്ല എന്ന് സ്ഥിരമായി വിദേശ യാത്ര നടത്തുന്ന എന്റെ സുഹൃത്ത്‌ പറഞ്ഞു.  വാഹന അപകടങ്ങൾ കൂടുതൽ ഉള്ള രാജ്യങ്ങൾ, നമ്മുടെ കുണ്ടു കുഴി റോഡുകൾ ഒന്ന് പരീക്ഷിച്ചു നോക്കെണ്ടതാണ്

3.  കൃഷി എന്ന തമാശ നമ്മൾ പൂർണമായും ഒഴിവാക്കി പ്രസ്തുത ഭൂമികൾ മുഴുവൻ നാം വ്യവസായത്തിന് വേണ്ടി ഉപയോഗിക്കണം.  നമ്മുടെ കുട്ടികളൊക്കെ ഇപ്പോൾ തന്നെ പല തരത്തിലുള്ള പ്ലാസ്ടിക്കുകൾ തിന്നു പരിശീലിച്ചിരിക്കുന്നു.  ഉപ്പും മുളകും മസാലയും പഞ്ചസാരയും ചേർത്താൽ ഏതു അപ്പിയും കഴിക്കുന്നതിനു പ്രയാസമുണ്ടാകില്ല എന്നും അവ കൊണ്ടു ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനാനല്ലോ ഡോക്ടർ എന്ന വര്ഗത്തെ ഇവിടെ സൃഷ്ടിച്ചു വിട്ടിട്ടുള്ളത് എന്നും പ്രശസ്ത ഡോക്ടർ ചാത്തു പറഞ്ഞത് ഞാൻ ഇത്തരുണത്തിൽ സ്മരിക്കുന്നു.

4.  കൈക്കൂലി, അഴിമതി, ബലാൽസംഗം എന്നിവയൊക്കെ നിയമ വിധേയമാക്കണം.  അനാവശ്യങ്ങളായ അനേകം വ്യവഹാരങ്ങൾ അത് കൊണ്ടു തന്നെ ഒഴിവാക്കാം.  ഒരാളുടെ കീശയിൽ കിടക്കുന്ന പണം മറ്റൊരാളുടെ കീശയിലേക്ക്‌ പോകുന്നതിനെ അല്ലെ നാം കൈക്കൂലി, അഴിമതി എന്നൊക്കെ പറയുന്നത്.  പട്ടി പോലും തിരിഞ്ഞു നോക്കാത്ത ഒരു സാധനം, ഇനി ആരുടെ കീശയിൽ കിടന്നാൽ നമുക്കെന്താ.  കല്യാണം കഴിച്ചാൽ നാം ചെയ്യുന്ന ഒരു പ്രവൃത്തിയെ, കല്യാണം കഴിച്ചില്ല എന്നുള്ള ഒരൊറ്റ കാരണത്താൽ ഇങ്ങനെ അവഹേളിക്കുന്നത് ശരിയാണോ.

(ഞാൻ എന്റെ പഠനം തുടരുകയാകയാൽ ഇനിയും അഭിപ്രായങ്ങൾ പലതും മാറിവരാനും  ആയതിനാൽ ഈ പേജു അനന്ത കാലത്തോളം തുടർന്ന് പോകാനും ഇടയുണ്ട്.)



Sunday, 17 May 2015

കുടിയേറ്റവും അധിനിവേശവും

നമ്മുടെ മലമ്പ്രദേശങ്ങൾ മുഴുവൻ കുടിയേറ്റക്കാരാണ്.  ജീവിതത്തിൽ വളരെ ചെറിയ ഒരു കാലഘട്ടം അവരുടെ ഇടയിൽ ജീവിച്ചപ്പോൾ എനിക്ക് അവരെ ബഹുമാനിക്കാൻ മാത്രമേ തോന്നിയിട്ടുള്ളൂ.  മണ്ണിനോട് മുഴുവൻ സമയവും പട പൊരുതുന്ന മനുഷ്യര്. മണ്ണ് അല്ലാതെ അവര്ക്ക് മറ്റൊരു ജീവിതം ഇല്ല.  നമ്മെ ഊട്ടാൻ  പാടു പെടുന്ന ഒരു കൂട്ടം മനുഷ്യര്.  മാനന്ത വാടിയിൽ താമസിക്കുന്ന സമയത്ത് നാടുകാരനായ ജോസ് എന്നോട് പറഞ്ഞു . ഇവിടെ കുടിയേറ്റക്കാരും അധിനിവേശക്കാരും ഉണ്ട്.  ഈ കാണുന്ന ക്രിസ്ത്യാനികൾ ഒക്കെയും ഇവിടത്തെ കുടിയേറ്റ ക്കാർ ആണ്. ചിലപ്പോൾ ഞാനും അങ്ങനെ ആയിരിക്കാം.  ഇവരെ നമ്മൾ ഒരിക്കലും വെറുത്തിട്ടില്ല. കാരണം ഇവർ എന്നും നമ്മുടെ കൂടെ ജീവിക്കുകയും , ഇവിടെ വീട് പണിയുകയും, ഇവിടത്തെ അന്യ മതസ്ഥരിൽ ചിലരെ എങ്കിലും വിവാഹം കഴിക്കുകയും ചെയ്തു ഇവിടത്തെ ഒരാളായി ജീവിച്ചു പോയ മനുഷ്യരാണ്.  പക്ഷെ അവിടെ നോക്കൂ. അത് നിങ്ങളുടെ നാട്ടുകാരാണ്.  ഇവിടത്തെ കച്ചവടക്കാർ. എല്ലാ തിങ്കളാഴ്ച രാവിലെയും അവർ ഇവിടെ എത്തും. ആറാമത്തെ ദിവസം എല്ലാം പെറുക്കി എടുത്തു കുന്നിറങ്ങും.  അവര്ക്ക് ഇവിടെ വീടുകളിൽ ഇല്ല. കച്ചവട സ്ഥലങ്ങൾ മാത്രമേ ഉള്ളൂ. അവർ നമ്മെ ഊറ്റി കുടിക്കുന്നവർ ആണ്. നമ്മുടെ ശത്രുക്കൾ

അടിസ്ഥാനപരമായി കുടിയേറ്റത്തിനും, അധിനിവേശത്തിനും , മേലെ പറഞ്ഞ വ്യത്യാസങ്ങൾ ഉണ്ട്.   പക്ഷെ അധിനിവേശക്കാരൻ, പിൽക്കാലത്ത്‌ കുടിയേറ്റ ക്കാരൻ ആയ ചരിത്രവും ഇവിടെ ഉണ്ട്.  ചൂഷകന്റെയും, നാട്ടുകാരന്റെയും ദ്വന്ദ സ്വഭാവം മനസ്സില് പേറുന്ന മനുഷ്യർ.  അതോടൊപ്പം , കുടിയേറ്റ ക്കാരൻ പ്രാദേശികനെ വക വരുത്തിയ ചരിത്രങ്ങളും നാം കേട്ടിട്ടുണ്ട്. പക്ഷെ അത് അധിനിവേശക്കാരനായി വന്നു പിൽക്കാലത്ത് വേഷം മാറി കുടിയേറ്റക്കാർ ആയവരുടെ സ്വഭാവം മാത്രമായിരുന്നു എന്ന് എനിക്ക് തോന്നുന്നു.  മണ്ണിനോട് പ്രെമമില്ലാതെ, മണ്ണിനെ വെറും ചൂഷനോപാധിമാത്രം ആയി കാണുന്നവന് , മണ്ണിന്റെ മക്കളോട്  അറുപ്പ് തോന്നുന്നത് സ്വാഭാവികം.

ജനിച്ചു വീണ മണ്ണിൽ നിന്ന് തൂത്തെറിയപ്പെട്ടവൻ കർക്കശൻ ആയിരിക്കും.  ആയുധം എടുത്തു മണ്ണിനോട് പടവെട്ടുമ്പോൾ അവനിലെ കാർക്കശ്യം കൂടുമായിരിക്കും.  പക്ഷെ ആ കാർക്കശ്യം ഇറച്ചി വെട്ടു കാരനിൽ കാണുന്ന കാര്ക്കശ്യം അല്ല.   അത് സ്നേഹത്തിൽ കുതിര്ന്ന ഒരു തരം കാർക്കശ്യം ആണ്. അവനെ നാം ഭയപ്പെടെണ്ടതില്ല.

Saturday, 16 May 2015

പാലസ്തീനിന്റെ വേദന

പാലസ്തീനിൽ ഇസ്രായേലിന്റെ പട്ടാളം കടന്നു കയറ്റം നടത്തിയതാണെന്നും,  തദ്ദേശ വാസികൾ അതിനെ ചെറുക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്നും ലോക ജനതയ്ക്ക് നന്നായി അറിയാം.  ഇന്നത്തെ ഇസ്രായേലിൽ പോലും ഇന്ന് തിങ്ങി നിറഞ്ഞു നില്ക്കുന്നത്, ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ  പീഡിപ്പിക്കപ്പെട്ട ജൂതന്മാർ ആണെന്നും ലോക ജനതയ്ക്ക് നന്നായി അറിയാം.  ജെർമനിയിൽ പീഡിപ്പിക്കപ്പെട്ട തദ്ദേശ വാസികളായ ജൂത ജനതയെ പോലും ലോകത്തിന്റെ മറ്റൊരു ഭാഗത്ത്‌ പുനരധിവസിപ്പിക്കാൻ സഖ്യ കക്ഷികൾ തുനിഞ്ഞത് എന്തിനായിരുന്നു.  മധ്യ പൂർവ ദേശത്തെ ഈ അസ്വസ്ഥത സൃഷ്ടിക്കപ്പെട്ടതിനു സാമ്പത്തിക കാരണങ്ങൾ പലതും ഉണ്ടെന്നു പല പ്രശസ്തരും ചൂണ്ടി കാണിച്ചിട്ടുണ്ട്. ഗൾഫിൽ  എണ്ണ വറ്റുന്നത് വരെ മാത്രമേ ഈ പ്രശ്നം ഉണ്ടാകൂ എന്ന് ബാലാട്ടനും പറയുന്നു.(ഈ പ്രശ്നം ഇത്രയും വഷളാക്കിയത് യാസർ അരാഫത്ത് ആണെന്ന് പാലസ്തീനിയൻ വംശജനായ എദ്വെർദ് ഡബ്ലു സൈദ്‌ തന്റെ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്.  വാര്ഷിക ബജറ്റിന്റെ രണ്ടു ശതമാനം മാത്രമേ  അരാഫത്ത് വികസന പ്രവർത്തനങ്ങൾക്ക് ചിലവാക്കിയുള്ളൂ  എന്നും ബാക്കിയുള്ളതൊക്കെ അദ്ധേഹത്തിന്റെ സുരക്ഷക്കും മറ്റുമായി ചിലവിട്ടു പോകുകയായിരുന്നെന്നും  സൈദ്‌ ആരോപിക്കുന്നു.  ഒരു വര്ഷം 400 മില്യണ്‍ യു എസ് ഡോളർ, കണക്കിൽ പെടാതെ കാണാതായ ചരിത്രവും അവിടെ ഉണ്ട്.)

ഡിജിറ്റൽ ക്യാമറയും മനുഷ്യന്റെ നാവും

വിഡ്ഢിത്തരങ്ങൾ പറയുന്നവരെ എനിക്ക് വളരെ ഇഷ്ടമാണ്.  കാരണം ഞാനും പലപ്പോഴും പല പല വിഡ്ഢിത്തങ്ങളും പറയാറുള്ള മനുഷ്യനാണ്.  ഒരു നല്ല മനുഷ്യൻ എന്ന നിലയിൽ ഞാനോ നിങ്ങളോ ചെയ്യേണ്ടത് ഇത്രമാത്രമാണ്.  ആരെങ്കിലും എന്റെയോ നിങ്ങളുടെയോ വിഡ്ഢിത്തങ്ങൾ ചൂണ്ടി കാണിച്ചാൽ അത് അങ്ങീകരിക്കുകയും യാതാര്ത്യം എന്തെന്ന് ചോദിച്ചു മനസ്സിലാക്കുകയും ചെയ്യുക..  പക്ഷെ നല്ലവരായ ആളുകള് ആരും തന്നെ നമ്മുടെ വിഡ്ഢിത്തങ്ങൾ ചൂണ്ടി കാണിക്കുകയില്ല എന്നതാണ് സത്യം.  കാരണം നാം പറയുന്ന വിഡ്ഢിത്തങ്ങൾ നാളെ സത്യമായേക്കാം എന്ന് അവർ ഭയപ്പെടുന്നു.   ഭൂമി ഉരുണ്ടതാണ് എന്ന് പറഞ്ഞ മനുഷ്യനെ കൂക്കി വിളിച്ചു അക്കിടി പറ്റിയതിനു ശേഷം ഇവിടെ ഉള്ള ബുദ്ധി ജീവികൾ അങ്ങനെ ആണ്. എല്ലാറ്റിനോടും ഒരു തരം സംശയ മനോഭാവം. പരമമായ സത്യം പറഞ്ഞ ഒരു മനുഷ്യനെ നമ്മുടെ പൂർവികര്  ഒരു വിഡ്ഢിയെ എന്ന പോലെ കുരിശിൽ ഏറ്റി കൊല്ലുകയും ചെയ്തിട്ടുണ്ട്.  ഇനി അത്തരം അബദ്ധങ്ങൾ ഒന്നും വരാതെ നോക്കേണ്ടത് നമ്മുടെ ബുദ്ധി ജീവികളുടെ കടമയാണ് .  അപ്പിള് എല്ലാ കാലവും താഴേക്കു വീഴണം എന്നില്ല എന്നും ചിലപ്പോൾ ചിലവ മേലോട്ടെക്ക് പൊയെക്കാമെന്നും നിങ്ങൾ പറഞ്ഞാൽ , അത് പോലും അവർ തലകുലുക്കി സമ്മതിച്ചു തരും.  കാരണം സാധ്യതാ ശാസ്ത്രം അവരെ പഠിപ്പിച്ചത് ഒരു സത്യത്തിനും നൂറു ശതമാനം സാധ്യത ഇല്ല എന്നാണു.   അപ്പോൾ നാം ഇന്ന് പറയുന്ന വിഡ്ഢിത്തങ്ങൾ അവരെ ചോടിപ്പിക്കുന്നില്ല.  പക്ഷെ ഇത് ഞാൻ ഇവിടെ പറയുന്നതിന് മുൻപ് തന്നെ നമ്മുടെ ഒരു കവി ഇത്തരത്തിൽ എന്തോ പാടിയതായി ഇത്തരുണത്തിൽ ഞാൻ ഓർക്കുന്നു. പണ്ടു കാലത്തും എന്നെ പോലെ ചിന്തിക്കുന്ന മനുഷ്യർ ഉണ്ടായിരുന്നു എന്ന അറിവ് എന്നെ ഹര്ഷ പുളകിതനാക്കുന്നു.

ഒരാൾ പറയുന്ന അനേക വിഡ്ഢിത്തങ്ങളും ഒരാൾ ഡിജിറ്റൽ ക്യാമറയിൽ പകര്ത്തുന്ന അനേകം ഫോട്ടോകളും ഒരു പോലെ ആണ്.  നിങ്ങൾ പറയുന്ന അനേകം വിഡ്ഢിത്ത ങ്ങളിൽ ഏതെങ്കിലും ഒന്ന് പരമമായ സത്യം ആയി തീരാൻ ഇടയുണ്ട്.  ഒരു ബടുക്കൂസ് തന്റെ ഡിജിറ്റൽ ക്യാമറയിൽ എടുക്കുന്ന ആയിരക്കണക്കിനു ഫോട്ടോകളിൽ ഒന്ന് വിശ്വോത്തര ഫോട്ടോ ആകാൻ സാധ്യത ഉള്ളത് പോലെ.

അപ്പോൾ ഒരു ഡിജിറ്റൽ ക്യാമറ കയ്യിലുള്ളവൻ കണ്ട പോത്തിന്റെയും പൂച്ചയുടെയും ആയിരക്കണക്കിന് ചിത്രങ്ങൾ ഒരു ചിലവും ഇല്ലാതെ എടുത്തു കൊണ്ടിരിക്കുന്നത് പോലെ, നമ്മളും നമ്മളാൽ കഴിയുന്ന വിഡ്ഢിത്തങ്ങൾ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കണം.  അതിലേതെങ്കിലും  ഒന്ന് എപ്പോഴാണ് ഒരു മഹദ് വചനം  ആകുന്നതു എന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ.

Friday, 15 May 2015

ദരിദ്രനും സ്വർഗ്ഗവും

അഴിമതി എന്നത് സ്വത്തു സമ്പാദിക്കലുമായി  ബന്ധപ്പെട്ടു  കിടക്കുകയാൽ , പൌരനു  സ്വത്തു ആർജിക്കുവാനുള്ള അവകാശമുള്ളിടത്തോളം  കാലം  അഴിമതി ഉണ്ടായിക്കൊണ്ടേ  ഇരിക്കും .  മനുഷ്യന്റെ സത്ഗുണങ്ങളിൽ മാത്രം വിശ്വസിച്ചു കൊണ്ടു മനുഷ്യനെ സംസ്കാര സമ്പന്നനായി ഉയർത്തി കൊണ്ടു വരാൻ പറ്റില്ല. അവനു അതിനു വേണ്ട ഭൌതിക സാഹചര്യങ്ങളും ഒരുക്കി കൊടുക്കണം.  അതായത് അവനെ ഒന്നും ഇല്ലാത്തവൻ ആക്കണം. മനുഷ്യനെ ദാരിദ്ര്യത്തിൽ നില നിർത്തി കൊണ്ടു മാത്രമേ അവനെ നല്ല മനുഷ്യനാക്കി എടുക്കാൻ പറ്റൂ അന്ന് ഉറച്ചു വിശ്വസിക്കുന്ന മനുഷ്യനാണ് ഞാൻ.  പക്ഷെ എങ്ങനെ അത് സാധിചെടുക്കും എന്നുള്ളതായിരുന്നു യേശു ക്രിസ്തു മുതൽ ഇങ്ങോട്ടുള്ള എല്ലാ തത്വ ചിന്തകരും നേരിട്ട പ്രധാന പ്രശ്നം.  സ്വത്തുക്കൾ മുഴുവൻ സ്റ്റെറ്റിന്റെ അധീനത്തിൽ കൊണ്ടു വന്നു കൊണ്ടു നാം നടത്തിയ പരീക്ഷണങ്ങൾ ഒക്കെ അതി ദയനീയമായി പരാജയപ്പെടുന്നതാണ് നാം കണ്ടത്.  പക്ഷെ അത് കൊണ്ടു അത് എന്നും  പരാജയപ്പെടണം എന്നില്ല.  ഒന്ന് കൂടി ആ പരീക്ഷണത്തിന്‌ മുതിരാൻ ആരും തുനിയുമെന്നു തോന്നുന്നില്ല.  കാരണം തിന്മയിൽ ആമഗ്നരായ മനുഷ്യ വർഗത്തെ അത്തരമൊരു പരീക്ഷണത്തിന്‌ നിന്ന് കൊടുക്കാൻ ഇനി കിട്ടി എന്ന് വരില്ല.

പർവതങ്ങളുടെ മുകളിൽ ഇരുന്നു ചിന്തിക്കുന്ന ഒരു പ്രതിഭയെ ആണ് നമുക്ക് ഇന്ന് ആവശ്യം. പൊതു ജനങ്ങളുടെ ഇടയിൽ അവരുടെ തോളിൽ കയ്യിട്ടു നടക്കുന്ന നേതാവിനെ അല്ല.  ജനത്തിന് ഇന്ന് ആവശ്യം കൈപ് നിറഞ്ഞ മരുന്നുകൾ തന്നെയാണ്.  അവൻ അത് കുടിക്കാൻ തയാറായില്ലെങ്കിൽ,  കാലും കയ്യും കെട്ടിയിട്ടു അവനെ അത് കുടിപ്പിക്കാൻ ത്രാണിയുള്ള ഭരണകൂടം ആണ് നമുക്ക് വേണ്ടത്.  പക്ഷെ അതിനു തുനിയുമ്പോൾ വീണ്ടും ആയുധങ്ങൾ പ്രാമുഖ്യം നേടും.

കഥ വീണ്ടും പഴയത് പോലെ തുടരും 

Thursday, 14 May 2015

ഭക്ഷണം - ചില വരട്ടു ചിന്തകൾ

അമ്പലത്തിന്റെയോ പള്ളിയുടെയോ നിർമ്മാണം ദരിദ്രന്റെ ഭക്ഷണം ഇല്ലാതാക്കുന്നത് എങ്ങനെ എന്നത് സാമ്പത്തിക ശാസ്ത്രത്തിലെ ചോദ്യമാണ്. അവ നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ ഒന്നും തന്നെ ദരിദ്രന്റെ ഭക്ഷണത്തിൽ വരുന്നില്ല. പിന്നെ എങ്ങനെ അത് സംഭവിക്കുന്നു

പക്ഷെ അത് സംഭവിക്കുന്നുണ്ട് എന്ന് നമുക്ക് അറിയാം. പക്ഷെ എങ്ങനെ എന്നാണു അറിയാത്തത്. മറിച്ചു വിശ്വസിക്കുന്നതിനാണ് ഇവിടെ ന്യായങ്ങൾ കൂടുതൽ ഉള്ളത്. ഉദാഹരണത്തിന് അമ്പലത്തിന്റെ നിർമ്മാണത്തിലൂടെ അനേകം ദരിദ്രർക്ക് ജോലി കിട്ടുകയും അതിലൂടെ അവരുടെ ദാരിദ്ര്യ നിര്മാജനത്തിനുള്ള ഒരു സാധ്യത തെളിയുകയും ചെയ്യുന്നു.  അപ്പോൾ നാം അത്തരത്തിലുള്ള നിർമാണങ്ങൾ പ്രോല്സാഹിപ്പിക്കുകയാണല്ലോ ചെയ്യേണ്ടത്.

പക്ഷെ മദ്യ കമ്പനിയെ കുറിച്ചു  നമ്മൾ ഇത്തരം ആരോപണങ്ങൾ ഒന്നും ഉന്നയിക്കുന്നില്ല എന്നതാണ് വാസ്തവം.  മദ്യം നിറുത്തണം എന്ന് പറഞ്ഞപ്പോഴേക്കും പലരും പടവാൾ ഓങ്ങിയതും നമ്മൾ കണ്ടതാണ്.  മദ്യ കമ്പനി ഉണ്ടാക്കുന്ന പണം കൊണ്ടു കുറച്ചു ദരിദ്രർക്ക് ഭക്ഷണം  കൊടുത്തു കൂടെ എന്ന ചോദ്യം കുറച്ചു പേരെങ്കിലും ചോദിക്കേണ്ടതായിരുന്നു.  പക്ഷെ പ്രശ്നം എന്തെന്നാൽ നമ്മുടെ ചോദ്യങ്ങൾ അവിടെ അവസാനിച്ചു പോകില്ല എന്നതാണ്.  നമ്മൾ ചോദ്യങ്ങൾ ചോദിച്ചു ചോദിച്ചു ഒടുവിൽ കൃഷി എന്ന പ്രാഥമിക ആവശ്യത്തിൽ എത്തി ചേരുകയും,  സംസ്കാരത്തിന്റെ കഥ തുടങ്ങിയേടത്തു തിരിച്ചെത്തുകയും ചെയ്യും.   അതായത് എല്ലാവരെയും ഊട്ടി മിച്ചം വരുന്ന ഭക്ഷണം കൊണ്ടു മാത്രം സംസ്കാരം സൃഷ്ടിച്ചാൽ മതിയെന്ന നമ്മുടെ അതി പുരാതനമായ തീരുമാനം.

ഇവിടെ വളരെ വിചിത്രമായ ഒരു കാര്യം നിങ്ങൾക്ക് കാണാം.  പണ്ടൊരിക്കൽ എല്ലാവരും ഭക്ഷിച്ചു കഴിഞ്ഞു ബാക്കി വന്ന മിച്ച ഭക്ഷണം തന്നെയാണ് സംസ്കാരം ഉണ്ടാക്കിയത്.  അത് നമ്മള് എട്ടാം ക്ലാസിൽ പഠിച്ചതാണ്.  പക്ഷെ  എട്ടാം ക്ലാസിനു ശേഷം നമ്മുടെ സംസ്കാരത്തിന് എന്തോ സംഭവിച്ചു.  നമ്മളാരും നിരീക്ഷിക്കാത്ത എന്തോ ഒന്ന് .  എല്ലാവരെയും ഊട്ടി കഴിഞ്ഞു കിട്ടുന്ന മിച്ച ഭക്ഷണം കൊണ്ടു സംസ്കാരത്തെ സൃഷ്ടിക്കാൻ നോക്കിയാൽ അതിന് കാല താമസം വരും എന്നും, ആയതു കൊണ്ടു കുറെ പേരെ ഊട്ടാതെ  മിച്ച ഭക്ഷണം ഉണ്ടാക്കി (അതായത് കുറെ പേരെ വയലുകളിൽ പണിയെടുക്കാൻ വിടാതെ , കഥ എഴുതാനോ,  വിമാനം ഉണ്ടാക്കാനോ , വിട്ടു കൊണ്ടു) സംസ്കാരത്തിന്റെ വളര്ച്ച ത്വരിത പ്പെടുത്താൻ പറ്റുമെന്ന് നമ്മിൽ ആരോ ഒരുത്തൻ കണ്ടു പിടിച്ചു. ഈ കണ്ടു പിടുത്തത്തോട് കൂടിയാണ് ദരിദ്രൻ ദരിദ്രനായി നില നിൽക്കേണ്ടത് നമ്മുടെ സംസ്കാരത്തിന് ആവശ്യമാണെന്ന മഹാ സത്യം നാം മനസ്സിലാക്കിയത്.

പക്ഷെ അപ്പോൾ നിങ്ങൾ പല പല സംശയങ്ങളും ചോദിച്ചു എന്നെ വീർപു മുട്ടിചെക്കാം.  ഉദാഹരണമായി നിങ്ങളുടെ കൂട്ടത്തിലെ ഒരു ബുദ്ധി ജീവി ഇങ്ങനെ ചോദിക്കാൻ ഇടയുണ്ട്.  ഇവിടെ വേണ്ടു വോളം ആളുകള് പണിയെടുക്കാൻ തയ്യാറായി നിൽക്കുന്നുണ്ട്.  ഇവിടെ വേണ്ടു വോളം തരിശു ഭൂമികളും ഉണ്ട്.  കുറച്ചു വെള്ളം കൂടെ ഉണ്ടെങ്കിൽ നമ്മുടെ ഭക്ഷണ നിര്മ്മാണ പ്രക്രിയ മേലെ പറഞ്ഞ ക്രൂരതകൾ   ഒന്നും ഇല്ലാതെ ഒരു മുട്ടും ഇല്ലാതെ  മുന്നോട്ടു കൊണ്ടു പോകാമല്ലോ .   ശരിയാണല്ലോ.   തെണ്ടി തിരിയുന്ന എല്ലാറ്റിനെയും പിടിച്ചു ഈ ഭൂമികളിലേക്ക് കുറച്ചു വിത്തും കൊടുത്തു പറഞ്ഞു വിട്ടാൽ പോരെ.  വെള്ളത്തിന്‌ എന്തെങ്കിലും സംവിധാനങ്ങൾ ഉണ്ടാക്കുകയും വേണം.  സംഗതി വളരെ എളുപ്പം തന്നെയാണ്.  പിന്നെ ആരും എന്തെ അതിനു മുതിരാത്തത്.  അതിനെ കൊണ്ടു ആര്ക്കെങ്കിലും എന്തെങ്കിലും നഷ്ടം ഉണ്ടാകാൻ ഇടയുണ്ടോ.

ഉണ്ട്. തീര്ച്ചയായും ഉണ്ട്.  ഇരന്നു നടക്കുന്ന ചാത്തുവിനെയും ചീരുവിനെയും കൊണ്ടു കൃഷി പണി എടുപ്പിച്ചാൽ അനിവാര്യമായ ഒരു ആഘാതം നമ്മുടെ കാര്ഷിക മേഖലയിൽ വന്നു പോകും.  അതായത് കാര്ഷിക വസ്തുക്കൾ ചന്തയിൽ നിറയുമ്പോൾ അതിന്റെ വില അങ്ങ് താണ് പാതാളത്തിൽ എത്തി പോകും. നമ്മള് ഇന്ന് കഷ്ടപ്പെട്ട് നാല്പത് രൂപയ്ക്കു വില്ക്കുന്ന അരി ഇരുപതിലേക്ക് താണാൽ ചാത്തുവിനു പിന്നെ ആര് കൂലി കൊടുക്കും. അപ്പോൾ മറ്റൊരു ബുദ്ധി ജീവി അതിനൊരു വഴി കണ്ടു പിടിച്ചു.  അതായത് ചാത്തുവിനും ചീരുവിനും ഇനി പഴയത് പോലെ കൂലി കൊടുക്കേണ്ട.  പണ്ടു നൂറു കൊടുത്തെങ്കിൽ അന്ന് അരിക്ക് 40 ആയിരുന്നു. ഇന്ന് അരിക്ക് 20 ആയാൽ കൂലി അമ്പതിൽ നിറുത്തണം.  ശരിയാണ്.  അവിടെ ന്യായമുണ്ട്.  ബുദ്ധി ജീവികൾ പറയുന്നതിലും കാര്യമുണ്ട്.  അപ്പോൾ ആരാണ് ഇതിനെ ഒക്കെ ഭയപ്പെടുന്നത്.

ഒരാൾക്ക്‌ ഭക്ഷണം കിട്ടുന്നില്ല എന്നതിന്റെ അർഥം, അയാൾക്ക്‌ വേണ്ട ഭക്ഷണം ഈ ഭൂമിയിൽ ഉലപാദിപ്പിക്കുന്നില്ല എന്നാണു.  എന്ത് കൊണ്ടു അത് ഉത്പാദിപ്പിക്കപ്പെടുന്നില്ല എന്നുള്ള ചോദ്യത്തിന്റെ ഉത്തരമാണ് നേരത്തെ പറഞ്ഞത്.  അനേകം ഭൂമികൾ ഉപയൊഗിക്കപെടുന്നില്ല എന്നത്.  എന്ത് കൊണ്ടു അങ്ങനെ സംഭവിക്കുന്നു എന്നും മുകളിൽ പറഞ്ഞു.  പക്ഷെ ഇതിന്റെ മറ്റൊരു വശം നോക്കുക.  ഇന്നുള്ള നല്ല മനുഷ്യർ, അതായത് നല്ലവണ്ണം ഭക്ഷണം കഴിക്കുന്ന മനുഷ്യർ ,  പെട്ടന്നുള്ള ഒരു വെളിപാട് കൊണ്ടു വർമ്മാജിയുടെ ശിഷ്യരായി പോയി എന്ന് ധരിക്കുക.  അവരെല്ലാവരും രാത്രി ഭക്ഷണം ത്യജിക്കുകയും മറ്റുള്ള നേരങ്ങളിലെ ഭക്ഷണങ്ങൾ പരിമിത പ്പെടുത്തുകയും അതിലൂടെ കൂടുതൽ ആരോഗ്യവാന്മാർ ആവുകയും ചെയ്യുന്നു എന്ന് വിചാരിക്കുക.  അങ്ങനെ വന്നാൽ തിന്നാൻ കിട്ടാത്ത കുറെ എണ്ണത്തിന് തിന്നാൻ കിട്ടും എന്നുള്ള പരിതസ്ഥിതി ഉണ്ടാവേണ്ടതാണ്.  പക്ഷെ അതല്ല ഇവിടെ സംഭവിക്കുന്നത്‌.  സാമൂഹ്യമായ അസ്വസ്ഥതയാണ്.  ഇറച്ചി പീടികകൾ പൂട്ടിയിടുമ്പോൾ അവിടെ പണി എടുക്കുന്നവൻ തന്റെ വാളും എടുത്തു തെരുവിൽ ഇറങ്ങുന്നു.  ആളില്ലാത്ത മത്സ്യ മാർകറ്റിൽ നിന്ന് തിരണ്ടി വാലുകളും മറ്റും എടുത്തു പുറത്തിറങ്ങുന്ന തൊഴിലാളികൾ ആരെയൊക്കെയോ ആക്രമിക്കുന്നു.  അപ്പോൾ നമ്മുടെ ബുദ്ധി ജീവി പറയുന്നത് എന്താണ്.  സാരമില്ല ഇതൊക്കെ വെറും താല്കാലികമായ ചില പ്രതിഭാസങ്ങൾ മാത്രമാണ് എന്ന്.  ആദ്യത്തെ ഈ കലക്ക് വെള്ളം ഒന്നും ക്ലിയർ ആയാൽ പ്രശ്നങ്ങൾ എല്ലാം തീരും എന്ന്.  പക്ഷെ എന്റെ ബുദ്ധി ജീവീ,   ഞാനും നീയും ചത്ത്‌ കഴിഞ്ഞിട്ട് ഇതൊക്കെ ക്ലിയർ ആയിട്ട് നമുക്കെന്തു കാര്യം.

നമ്മുടെ സാമ്പത്തിക ശാസ്ത്രം വളരെ വളരെ സിമ്പിൾ ആകുമ്പോഴും അത് വളരെ കൊമ്പ്ളികെട്ടട്  ആയി പരിണമിക്കുന്നു എന്നാണു നാം ഇതിൽ നിന്ന് മനസ്സിലാക്കുന്നത്.  കാരണം ഇതിൽ ഒരിടത്തും ജീ ഡീ പീ, സീ ഡീ ആർ, എക്സ്ചേഞ്ച്, സ്റോക്ക് മാർകറ്റ്‌.........ഇത്യാദി ഭീകരങ്ങളായ പദങ്ങൾ ഒന്നും തന്നെ ഞാൻ ഉപയോഗിച്ചില്ല എന്ന് നിങ്ങൾക്ക് കാണാവുന്നതാണ്.  അത് ഉപയോഗിക്കാതിരുന്നപ്പോഴും ഒരു ചെറിയ കാലത്തേക്ക് വാളു,  തിരണ്ടിവാൽ എന്നെ ആയുധങ്ങൾ മനുഷ്യ പീടനത്തിനായി തെരുവിലേക്ക് ഇറങ്ങി വന്നത് നമ്മൾ കണ്ടു.

ദരിദ്രനെ ഊട്ടുക എന്നത് വളരെ വളരെ സിമ്പിൾ ആയ ഒരു കാര്യമാണെങ്കിലും പ്രായോഗിക തലത്തിൽ എത്തുമ്പോൾ അതിൽ പല പല ബുദ്ധി മുട്ടുകളും ഉണ്ടെന്നു ഇപ്പോൾ നമുക്ക് മനസ്സിലായി.  അത്തരം ബുദ്ധി മുട്ടുകളൊക്കെ വെറുതെ നമ്മുടെ തലയിൽ ഇടേണ്ട കാര്യമുണ്ടോ.  അവൻ അങ്ങനെ അര പട്ടിണിയുമായി ഒന്നും ചോദിക്കാതെ കഴിഞ്ഞാൽ പോരെ.  അവൻ ഊട്ടാൻ  തുനിഞ്ഞാൽ അത് കൊണ്ടു ഉണ്ടാകുന്ന ആഘാതങ്ങൾ അതിലും ഭീകരമായിരിക്കും.

അത് കൊണ്ടു പ്രിയപ്പെട്ട ദാരിദ്രാ.  നീ നിന്റെ ഇന്നത്തെ സ്ഥിതിയിൽ എന്നെന്നും വാഴുക. നമുക്ക് മാത്രമല്ല നിനക്കും അത് തന്നെയാണ് നല്ലത് .  ദരിദ്രന് മാത്രമേ  സ്വർഗ്ഗ രാജ്യത്തിൽ പ്രവേശനമുള്ളൂ എന്ന് മറ്റേ ചങ്ങായി പറഞ്ഞതും നിനക്ക് അറിയാമല്ലോ.  നമ്മള് ഇങ്ങനെ അതി ഭോഗത്തിൽ ജീവിച്ചു നരകത്തീയിൽ എടുത്തെറിയാൻ വിധിക്കപ്പെട്ട പാവങ്ങളാണ്.  നമ്മളോട് ക്ഷമിക്കുക 

Sunday, 10 May 2015

കിരീടവും ചെങ്കോലും ആയി ജനിച്ച ബാലനും ഡിടക്റ്റീവ് മണ്ടോടിയും

ആന പുറത്തേക്കുള്ള ബസ്സിൽ നല്ല തിരക്കായിരുന്നു.  പക്ഷെ മണ്ടോടി ഒരു ഇരിപ്പിടം തരപ്പെടുതിയിരുന്നു.  പുറപ്പെടാൻ നേരത്ത് കൈകുഞ്ഞുമായി ഒരു തള്ള കയറി വന്നപ്പോൾ താനടക്കമുള്ള യാത്രക്കാർ   പുറത്തുള്ള പ്രകൃതി ദ്രിശ്യങ്ങൾ ആസ്വദിക്കുകയായിരുന്നതിനാൽ ഈ സങ്കട ദൃശ്യം ആരും  കണ്ടതെ ഇല്ല.  തള്ള നിന്ന് കൊണ്ടു തന്നെ തന്റെ യാത്ര പൂർത്തിയാക്കേണ്ടി വരും.

ആനപുറം കവലയിൽ ബസ് നിർത്തിയപ്പോൾ പാര്ശ്വ ഭാഗത്തുള്ള ഒരു നിരത്തിലൂടെ അനേകമനേകം ആളുകള് നടന്നു പോകുന്നത് മണ്ടോടി ശ്രദ്ധിച്ചു.
അടുത്തെവിടെയോ ഒരു ഉത്സവം ഉണ്ടെന്നു തോന്നുന്നു. മണ്ടോടി മനസ്സിൽ പറഞ്ഞു.  ബസ്സിറങ്ങി ആദ്യം കണ്ട നാട്ടുകാരനോട് ചോദിച്ചു.

ദിവ്യ ജനനം എവിടെയാണ്.

ഓ. ഈ പോകുന്നവരു മുഴുവൻ അങ്ങോട്ട്‌ തന്നെയാണ്.

കാണാൻ പറ്റുമോ.

നൂറു രൂപയാ നിരക്ക്.  ഉള്ളിലേക്ക് പത്തുപേരെ ഒന്നിച്ചു കടത്തി വിടും.  വെറും അഞ്ചു മിനുട്ട് കൊണ്ടു പുറത്തേക്കു വരണം.

അവതാരത്തിന്റെ മുന്നിൽ എത്തിയപ്പോൾ മണ്ടോടി ശ്രദ്ധിച്ചത് ഇതൊക്കെ ആണ്.  തലയിലെ  കിരീടം എന്നത് നേരിയ ഒരു പ്ലാസ്റ്റിക് തൊപ്പിയാണ്‌.  പണ്ടെന്നോ കണ്ടു മറന്ന ഒരു തൊപ്പി പോലെ.  എന്താണ് എന്ന് എത്ര ഓർത്തിട്ടും പിടി കിട്ടുന്നില്ല.  ചെങ്കോൽ എന്നത് ഒരു മരകമ്പോ അല്ലെങ്കിൽ ഒരു വലിയ തീപ്പെട്ടി കൊള്ളിയോ പോലെ തോന്നി.

ആശുപത്രിയിലായിരുന്നു പ്രസവിചിരുന്നത് എങ്കിൽ ഡോക്ടർ മാരോട് ചോദിച്ചാൽ സത്യം അറിയാമായിരുന്നു.  പക്ഷെ ഈ കുഗ്രാമത്തിൽ അത്തരം പതിവുകൾ ഒന്നും ഇല്ല. എല്ലാം സ്ഥലത്തെ പേറ്റിച്ചിയാണത്രെ ചെയ്യുന്നത്.  അവരുടെ വീട് ലക്ഷ്യമാക്കി മണ്ടോടി നടന്നു.  വീട് എന്ന് പറഞ്ഞാൽ ഒരു ചെറിയ കുടിൽ മാത്രമായിരുന്നു.

അമ്മാ, അമ്മക്ക് അതിനു ഭാഗ്യമുണ്ടായല്ലോ.

ഹോ. എന്റെ മോനെ, തലയിൽ കിരീടം കണ്ടപാടെ എന്നോട് പ്രാർഥിച്ചു പോയി. കയ്യിൽ കോലും കൂടെ കണ്ടപ്പോൾ എല്ലാം മുഴുവനായി.  ഏതോ അവതാരം തന്നെ.  ഞാൻ അമ്പലത്തിൽ പോയി പൂജാരിയോട് സംഭവം പറഞ്ഞത് മുതൽ ഇവിടെ ആൾ കൂട്ടമാണ്‌.  ആളുകളെ നിയന്ത്രിക്കാൻ പൂജാരി പറഞ്ഞ വിദ്യയാണ് നൂറു രൂപ. എന്നിട്ടും എന്ത്  നിയന്ത്രണം.  വെളിച്ചപ്പാടിനോട് ചോദിച്ചു നോക്കിയാൽ കൂടുതൽ വിവരം കിട്ടും.  കുറച്ചു വടക്കോട്ട്‌ പോയാൽ അങ്ങേരെ കാണാം.

വെളിച്ചപ്പാടിനെ നോക്കി വടക്കോട്ടേക്ക് നടന്നു.  അദ്ദേഹം ഓഫീസ്  വസ്ത്രത്തിൽ തന്നെ ആയിരുന്നു.  മണ്ടോടിയെ കണ്ടപാടെ ഉറഞ്ഞു തുള്ളാൻ തുടങ്ങി.

എന്തെ വന്നത്.

അവതാരത്തെ കുറിച്ച് അറിയാൻ വന്നതാ.

എന്താ അറിയേണ്ടത്

എല്ലാം സത്യമാണോ.

വിശ്വാസിക്ക് എല്ലാം സത്യം . വിശ്വാസമില്ലാതവന് എല്ലാം അസത്യം.

മറ്റൊന്നും പറയാനില്ലേ മിസ്റ്റർ വെളിച്ചപ്പാടെ.

ആഴങ്ങളിൽ നഷ്ടപ്പെട്ടു പോയവ, കമ്പ് കൊണ്ടു എടുക്കാൻ തുനിഞ്ഞാൽ ചിലപ്പോൾ നിന്റെ കമ്പ് പോലും നഷ്ടപ്പെട്ടു പോകും. പക്ഷെ ദിവ്യ ജനന സമയത്ത് നിനക്ക് നഷ്ടപ്പെട്ടതോക്കെയും തിരിച്ചു കിട്ടും.

അർത്ഥമില്ലാത്ത കുറെ ജല്പനങ്ങൾ.  മോണ്ടോടി അടുത്ത ബസ്സ് കയറി നാട്ടിലേക്ക് തിരിച്ചു പോന്നു.  ബസ് ഇറങ്ങിയ പാടെ വന്നു പെട്ടത് ബാലാട്ടന്റെ മുന്നിൽ

എന്താടോ  ഡിറ്റക്റ്റീവെ , താൻ പോയ കാര്യം എന്തായി.  വല്ലതും പിടി കിട്ടിയോ.

എന്ത് പിടി കിട്ടാൻ.  ഒരു പ്ലാസ്റിക് തൊപ്പി തലയിലും, കയ്യിൽ ഒരു കമ്പും.

ആരെങ്കിലും അതൊക്കെ ഫിറ്റ്‌ ആക്കി കൊടുത്തതായിരിക്കും.

അങ്ങനെ തോന്നിയില്ല.  ഒരു തമാശക്ക് വെളിച്ചപ്പാടിന്റെ അടുത്തു പോയപ്പോൾ വെളിച്ചപ്പാട് പറഞ്ഞത് ഇതാണ്.

ആഴങ്ങളിൽ നഷ്ടപ്പെട്ടു പോയവ, കമ്പ് കൊണ്ടു എടുക്കാൻ തുനിഞ്ഞാൽ ചിലപ്പോൾ നിന്റെ കമ്പ് പോലും നഷ്ടപ്പെട്ടു പോകും. പക്ഷെ ദിവ്യ ജനന സമയത്ത് നിനക്ക് നഷ്ടപ്പെട്ടതോക്കെയും തിരിച്ചു കിട്ടും.

കേട്ടപാടെ ബാലാട്ടൻ ഒരു പൊട്ടി ചിരിയായിരുന്നു.

എടാ. പൊട്ടൻ ഡിറ്റക്റ്റീവെ. വെളിച്ചപ്പാടിനു സംഗതി പിടി കിട്ടിയിരിക്കുന്നു.  പൊട്ടിയ നിരോധിന്റെയും അതെടുക്കാൻ വേണ്ടി ഇട്ട കമ്പ് അവിടെ നഷ്ടപ്പെട്ടു പോയതിന്റെയും കഥ ഞാൻ മുൻപെന്നോ കേട്ടിരുന്നു.  പക്ഷെ അവ കിരീടവും ചെങ്കോലും ആയി തിരിച്ചു വന്നെക്കാമെന്നു ഞാൻ സംശയിച്ചതെ ഇല്ല.

Thursday, 7 May 2015

സങ്കീർണ്ണമായ മനുഷ്യജീവിതം

മനുഷ്യ ജീവിതം അനുദിനം സങ്കീർണമായി കൊണ്ടിരിക്കുകയാണെന്ന് നാം പറയാരുടെങ്കിലും , നിത്യ ജീവിതത്തിലെ ആത്മീയ ഭൌതിക വ്യവഹാരങ്ങളിൽ നമ്മുടെ ജീവിതം കൂടുതൽ കൂടുതൽ എളുപ്പമായി കൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം.  പല കാര്യങ്ങളിലും ഇന്ന് ഞാൻ മുൻപെന്ന പോലെ ആയാസപ്പെടെണ്ടി വരുന്നില്ല.   ഉദാഹരണമായി എന്റെ ചെറുപ്പ കാലവും ഇന്നുമായി താരതമ്യ പ്പെടുത്തുമ്പോൾ എനിക്ക് മനസ്സിലാകുന്നത്‌ ഇതൊക്കെ ആണ്.  രാവിലെ ഞാൻ കിണറ്റിൽ നിന്ന് വെള്ളം കോരി കുളിക്കുന്നു, നടന്നു കൊണ്ടു സ്കൂളിൽ പോകുന്നു , പല്ല് തേക്കാൻ വേണ്ടി ഉപ്പും കുരുമുളകും, ചിലപ്പോൾ ഉമിക്കരിയും ചേർത്തുള്ള മിശ്രിതം സ്വയം ഉണ്ടാക്കുകയും,  പല്ല് വേദന വന്നാൽ പല്ല് സ്വന്തം കൈ കൊണ്ടോ മറ്റുള്ളവരുടെ സഹായത്തോടെയോ പിഴുതെടുക്കുകയും ചെയ്യുന്നു.  പാഠങ്ങൾ സ്ലേറ്റിൽ എഴുതുകയും മായ്ക്കുകയും, പുസ്തകങ്ങൾ തോളിലേന്തി നടക്കുകയും, കണക്കുകൾ കൂട്ടുകയും എല്ലാം ഒര്മ്മിച്ചു വെക്കുകയും ചെയ്യുന്നു.  ഇങ്ങനെ നോക്കിയാൽ  ആയാസകരമായ ഭൌതിക ആത്മീയ വ്യവഹാരങ്ങളെ കുറിച്ച് പറഞ്ഞാൽ ഒടുങ്ങില്ല.  ഇന്നാണെങ്കിൽ ഞാൻ രാവിലെ എഴുന്നേറ്റു ടാപ്പ്‌ തുറന്നാൽ വെള്ളം എന്റെ ശരീരത്തിന്റെ  എല്ലാ ഭാഗത്ത്‌ കൂടെയും ഒഴുകി കഴിഞ്ഞു,  പല്ല് തേക്കാൻ വേണ്ടി സുന്ദരമായ പ്ലാസ്റ്റിക് കൂടുകളിൽ അടച്ചു വെച്ച  ചില വസ്തുക്കൾ പിഴിഞ്ഞെടുക്കാൻ പാകത്തിൽ എന്റെ മുന്നില് പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നു.  പല്ല് വേദന വരുമ്പോൾ പല്ല് കളെ പിഴുതെടുക്കാൻ യന്ത്രങ്ങൾ തയ്യാറായി കഴിഞ്ഞു. സ്കൂളിൽ പോകാൻ വേണ്ടി എന്റെ കാലുകൾ ചലിക്കണം എന്നില്ല, അതിനു പകരം ഒരു യന്ത്രം എനിക്ക് വേണ്ടി ചലിച്ചു കൊണ്ടിരിക്കുന്നു.  പാഠങ്ങൾ എഴുതിയില്ലെങ്കിലും വലിയ കുഴപ്പമില്ല എന്ന രീതിയിൽ അവ, അച്ചടിക്കപ്പെട്ട ഗൈഡ് കൾ ആയി എന്റെ മുന്നിൽ പരന്നു കിടക്കുന്നു. കണക്കു കൂട്ടാൻ ഇനി നീ പഠിക്കേണ്ട എന്ന് പറയുന്ന വിധം തൊട്ടു കൂട്ടാനുള്ള ഒരു യന്ത്രം എന്നും എന്റെ കീശകളിൽ ഒളിഞ്ഞിരിക്കുന്നു.  നിനക്ക് ഓർമ്മയോ, ബോധമോ പോലും ഇല്ലെങ്കിലും  ഇനി നിന്നിലെ ഇവ രണ്ടിനെയും ഞാൻ കാത്തു കൊള്ളാം എന്ന രീതിയിൽ എന്റെ മുന്നിൽ കമ്പ്യൂട്ടർ അന്ന അത്ബുധം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. പ്രാചീന മനുഷ്യൻ സ്വപ്നം പോലും കാണാൻ പേടിച്ചിരുന്ന എളുപ്പങ്ങൾ എന്റെ വഴികളിൽ എമ്പാടും  പടർന്നു കയറുകയും, എന്നെ വരിഞ്ഞു മുറുക്കുകയും ചെയ്തിരിക്കുന്നു.  ഞാൻ അലസനായ ഒരു മനുഷ്യനായി എന്റെ ചാര് കസേരയിൽ കിടന്നാൽ മതി എന്ന നിലയിൽ കാര്യങ്ങൾ എത്തി ചേർന്നിരിക്കുന്നു.   പക്ഷെ മനുഷ്യ പരിണാമം പഠിച്ച എനിക്കറിയാം,  ഉപയോഗ ശൂന്യമായ എന്തും മനുഷ്യ ശരീരത്തിൽ നിന്ന് കാല ക്രമേണ അപ്രത്യക്ഷമാവും എന്ന്.  നടക്കാതിരുന്നാൽ എനിക്ക് ശേഷം വരുന്നവൻ കാലുകൾ ഇല്ലാതെയും, ചിന്തിക്കാതിരുന്നാൽ എനിക്ക് ശേഷം വരാനിരിക്കുന്നവൻ ബുദ്ധി ഇല്ലാതെയും ജനിക്കേണ്ടി വരും. അപ്പോൾ എനിക്ക് നടന്നെ പറ്റൂ. ചിന്തിച്ചേ പറ്റൂ. പക്ഷെ ഇവിടെ നടക്കാൻ വേണ്ട കാരണമോ, ചിന്തിക്കാൻ വേണ്ട ചിന്തകളോ ഇല്ല.  അപ്പോൾ ഇനി അങ്ങോട്ട്‌ ഞാൻ നടക്കാൻ  കാരണങ്ങളും, ചിന്തിക്കാൻ ചിന്തകളും കണ്ടെത്തേണ്ടി ഇരിക്കുന്നു.   ഇന്ന് മനുഷ്യന്റെ ജീവിതം കുറെ ഏറെ അത്തരത്തിൽ തന്നെ ആയി പരിണമിച്ചിരിക്കുന്നു.  കുറെ പേര് ബസ്സുകൾ ഉണ്ടാക്കുകയും കുറെ പേര് അത് എറിഞ്ഞു ഉടക്കുകയും ചെയ്യുന്നത് ഇത്തരത്തിലുള്ള കാരണങ്ങൾ ഉണ്ടാക്കലിന്റെ മാതൃകയായി എനിക്ക് തോന്നുന്നു. കുറെ പേര് വേലി ഉണ്ടാക്കുകയും, കുറെ പേര് അത് പൊളിച്ചു മാറ്റുകയും ചെയ്യുന്നത് പോലെ, ഇത്തരം സൃഷ്ടിയിലൂടെയും സംഹാരത്തിലൂടെയും നാം നമ്മെ കർമ്മ നിരതരാക്കി നിർത്തുന്നു.   ആത്മീയ തലത്തിൽ നാം ദിറ്റക്റ്റിവ് ഗെമുകൾ കണ്ടു പിടിച്ചു അവ നിർദ്ധാരണം ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.  നാം മനുഷ്യ ജീവിതത്തിൽ ഇന്ന് ഉണ്ടെന്നു പറയുന്ന സങ്കീർണത ഇപ്പറഞ്ഞ രീതിയിലുള്ള സങ്കീർണതയാണ്.  നടത്തം മറന്നു പോകുന്നവൻ വ്യായാമത്തിന് വേണ്ടി നടക്കാൻ തുടങ്ങുകയും,  അതിനെ വീണ്ടും സങ്കീർണ്ണമാക്കാൻ  വീട്ടിലെ ആറടി ഭൂമിയിൽ നടക്കാനുതകുന്ന രീതിയിൽ ഉള്ള നടപ്പ് യന്ത്രം കണ്ടു പിടിക്കുകയും ചെയ്തത്  പോലെ ഉള്ള സങ്കീർണത .  ഇനി മുതൽ അവൻ നടത്തതെക്കാൾ കൂടുതൽ വേവലാതി പെടുന്നത് ഇടയ്ക്കിടെ പണി മുടക്കുന്ന തന്റെ നടപ്പ് യന്ത്രത്തെ കുറിച്ചായിരിക്കും.  ഇനി മുതൽ അവന്റെ ഉറക്കം നഷ്ടപ്പെടുത്തുന്നത് അവന്റെ ചിന്തകളും, ഓർമ്മകളും സ്വരൂപിച്ചു വച്ചിട്ടുള്ള അവന്റെ ബുദ്ധി യന്ത്രന്തിന്റെ ബുദ്ധി യാദ്രിചികമായി നഷ്ടപ്പെട്ടു പോയത് തിരിച്ചു കിട്ടാൻ വല്ല വഴിയും ഉണ്ടോ എന്ന ആലോചനയിൽ ആയിരിക്കും.  എളുപ്പമായി ജീവിച്ചു പോകുന്ന മനുഷ്യന്റെ ജീവിതം കൂടുതൽ കൂടുതൽ സങ്കീർണ്ണമാവുന്നത് ഇങ്ങനെ ഒക്കെ ആണ് 

Monday, 4 May 2015

unity

ഉല്പത്തി കഥയിൽ ദൈവം വസ്തുക്കളെ പേര് ചൊല്ലി വിളിച്ചപ്പോൾ വസ്തുക്കൾ ഉണ്ടായി എന്ന് പറയുന്നു.  ദൈവം ഏതു ഭാഷയിൽ എന്ത് പേര് ചൊല്ലിയാണ് വിളിച്ചത് എന്ന് എനിക്ക് അറിയില്ല.  വസ്തുക്കൾക്ക്  അവയിൽ ഉൾചേർന്നതായ ഒരു പേര് ഉണ്ടോ.  ഏതൊരു വസ്തുവും അതിനെ ഇന്നേ പേരില് വിളിക്കണം എന്ന ബോധം പ്രാചീന മനുഷ്യനിൽ ഉണ്ടാക്കിയോ.

ദ്രിശ്യങ്ങൾക്ക് അവയിൽ ഉൾചേർന്നതായ ഒരു സംഗീതം ഉണ്ടോ.  സംഗീത സംവിധായകൻ പ്രസ്തുത സംഗീതം തന്റെ മനസ്സില് അറിയുന്നുണ്ടോ. എലിനിയുടെയോ  പ്രിസ്നരുടെയോ സംഗീതം വ്യവസ്ഥാപിതമായ ലാവണ്യ നിയമങ്ങൾക്കു വിധേയമായി സൃഷ്ടിക്ക പ്പെട്ടതല്ല എന്ന് പറയപ്പെടുന്നു.  പ്രിസ്നർ സംഗീതം പഠിക്കുക പോലും ചെയ്തില്ല എന്നും കേൾക്കുന്നു.  പക്ഷെ ആ സംഗീതം നമ്മുടെ ഉള്ളിൽ എവിടെയോ ഉണ്ട്.  അത് കൊണ്ടായിരിക്കാം അത് നമ്മളെ പ്രകമ്പനം കൊള്ളിക്കുന്നത്‌.  അവരെയൊക്കെ ഞാൻ അറിയുന്നത് പോലെ അവരൊക്കെ എന്നെയും അറിയുന്നു.  ഏതെല്ലാമോ തലങ്ങളിൽ പ്രേക്ഷകന്റെയും സൃഷ്ടാവിന്റെയും മനസ്സുകൾ ഒന്നായി തീരുന്നു.  ബ്ലൂ എന്ന സിനിമയിൽ തെരുവ് ഗായകന്റെ പുല്ലാം കുഴലിലൂടെ നാം കേട്ടത്,  എത്രയോ നാളുകളായി നമ്മുടെ നായിക ചിട്ടപ്പെടുത്തു എടുത്തിയ അതെ സംഗീതം തന്നെ ആയിരുന്നു.  ഓരോ ആളും എങ്ങനെ ഒക്കെയോ മറ്റുള്ളവരുമായി ഐക്യപ്പെടുന്നു.

Sunday, 3 May 2015

മണ്ടോടിയുടെ ജീവ ചരിത്രം

ഇത് ഒരു തറവാടിന്റെ ചരിത്രമല്ല.  തറവാടിന്റെ ഹൃദയം തൊട്ടറിഞ്ഞ ഒരു വ്യക്തിയുടെ ചരിത്രം മാത്രമാണ്.  മറവി രോഗത്തിന്റെ ആക്രമണത്തിൽ മെല്ലെ മെല്ലെ മനസ്സിൽ നിന്ന് ചരിത്രം മായുന്ന ഈ വേളയിൽ ഇവിടെ കുറിച്ചിടുന്നതൊന്നും പൂർണ്ണമാകില്ല എന്ന് അറിയാമെങ്കിലും ആ അപൂർണതയാകാം ചിലപ്പോൾ ഇതിന്റെ സൌന്ദര്യം

ഒരാള് സ്വന്തം ചരിത്രം എഴുതുന്നതിനെ സാധാരണയായി ആത്മ കഥ എന്നാണു പറയുക.  പിന്നെ ഇതിനെ എന്ത് കൊണ്ടു ജീവ ചരിത്രം എന്ന് വിളിക്കുന്നു എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം വളരെ ലളിതമാണ്. ഞാൻ എഴുതുന്നത്‌ എന്റെ ചരിത്രമല്ല, ഞാൻ ആയി തീര്ന്ന മറ്റൊരു മനുഷ്യന്റെ ചരിത്രമാണ്.  അതിൽ ഒരല്പം ബുദ്ധമത തത്വ ചിന്ത കലർന്നിട്ടുണ്ട് എന്ന് നിങ്ങൾ സംശയിക്കുന്നു എങ്കിൽ അത് സത്യം തന്നെയാണ്.  മാത്രവുമല്ല ഇത് ഒരിക്കലും എന്റെ സമൂല ചരിത്രവും ആയിരിക്കാൻ ഇടയില്ല.  കാരണം എന്റെ ഓർമ്മകൾ വളരെ വളരെ മങ്ങി തുടങ്ങിയിരിക്കുന്നു.  എനിക്ക് ഒരു ചെറുപ്പം ഉണ്ടായിരുന്നോ എന്ന് കൂടി ഞാൻ സംശയിച്ചു തുടങ്ങിയേക്കും എന്ന് ഞാൻ സംശയിക്കുന്നു.  അത് എന്റെ അസ്തിത്വത്തെ പൂര്ണമായും വലയം ചെയ്യുന്നതിന് മുൻപേ ഈ എഴുത്ത് ആരംഭിക്കണം എന്ന് ഞാൻ നിശ്ചയിച്ചതാണ്.  ഇല്ലാത്ത ബാല്യത്തെ കുറിച്ച് ആർക്കും എഴുതാൻ ആവില്ലല്ലോ.

ആരംഭം അഥവാ ജനനം.:

ചരിത്ര പുസ്തകങ്ങളിൽ (എസ് എസ് എൽ സീ ബുക്ക്‌) മണ്ടോടിയുടെ ജനനം 1954 നവംബർ 23 ആണെന്ന് കാണുന്നുണ്ടെങ്കിലും, അദ്ധേഹത്തിന്റെ ജനനത്തെ തുടർന്നു എഴുതപ്പെട്ട ജാതകം എന്ന മറ്റൊരു ചരിത ഗ്രന്ഥത്തിൽ അത് പിൻ വര്ഷം ഓഗസ്റ്റ്‌ മാസം 16 ആണെന്ന് കാണുന്നു.  പ്രസ്തുത വര്ഷത്തെ സ്വാതന്ത്ര്യ ദിന ചിന്തകൾ അസ്തമിച്ചു തളര്ന്നു കിടന്നു പിറ്റേന്ന്  എഴുന്നേറ്റ ജനങ്ങള് ശ്രവിച്ചത് ഇദ്ദേഹത്തിന്റെ ജനനത്തെ കുറിച്ചായിരുന്നു എന്ന് അർഥം..

ഭാഷയില്ലാത്ത ആദ്യ കാലം നമ്മുടെ സ്മൃതി പഥങ്ങൾക്ക് പുറത്താണ്.  ഒരു വയസ്സ് വരെ ഉള്ള ജീവിതം മിക്കവാറും ഒരാളുടെയും ഓർമ്മയിൽ ഉണ്ടാകില്ല.  ഏതൊരാളും തന്റെ ജീവിതത്തിൽ താൻ ഓർമിക്കുന്ന ആദ്യ സംഭവം ഏതെന്നു ഒരിക്കലെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടാകും.  പക്ഷെ സംഭവങ്ങൾ മേൽക്ക്‌ മേൽ കുമിഞ്ഞു നിൽകുന്നു എന്ന് ഇവിടെ നിന്ന് നോക്കിയാൽ നമുക്ക് തോന്നും എന്നതിനാൽ അവയുടെ ക്രമം നമ്മുടെ അറിവിന്‌ പുറത്തായി പോകുന്നു. എന്റെ മനസ്സിലെ അതി പ്രാചീനമായ ഒരു ഓർമ്മ രാജാറാം തിയെട്ടരിൽ അച്ഛനോടൊപ്പം ഏതോ ഒരു സിനിമയ്ക്കു പോയതാണ്. സിനിമ ഏതാണ് എന്ന് പോലും എനിക്ക്  ഓർമ്മയില്ല.  തിയെറ്റർ അമ്പലത്തിനു അടുത്തായിരുന്നു എന്ന് ഇപ്പോഴും ഞാൻ ഓർക്കുന്നു. ഒരിക്കൽ അമ്പലത്തിൽ പോയപ്പോൾ 'പൂജാരീ' എന്ന് ഉറക്കെ വിളിക്കാൻ അച്ഛൻ പറഞ്ഞതും,  ഞാൻ അങ്ങനെ ചെയ്തതും, അകലെ നിന്ന് അർദ്ധ നഗ്നനായ ഒരു മനുഷ്യൻ ഓടി വന്നു എന്നെ വാരി പുണർന്നതും എനിക്ക് കൽക്കണ്ടം തന്നതും, ഞാൻ അത് തിന്നതും, അനന്തമായ ഈ കാല പരപ്പിലെ ആ ചെറിയ ബിന്ദുവിൽ എപ്പോഴോ സംഭവിച്ചതാണ്. സ്നേഹത്തെ കുറിച്ച് പറയുമ്പോൾ എന്നും ആദ്യം എന്റെ മനസ്സില് ഓടി എത്തുന്നത്‌ അതി പ്രാചീനമായ ഈ സംഭവമാണ്.  അക്കാലത്ത് അത്ര ഏറെ ലാളനകൾ അനുഭവിക്കുവാനുള്ള അവസരങ്ങൾ എന്റെ ജീവിതത്തിൽ അധികം ഉണ്ടാകാനിടയില്ലാത്തത് ഇതിനൊരു കാരണമാകാം.

വീടിനു അടുത്തു തന്നെ ആയിരുന്നു നമ്മുടെ സ്കൂൾ.  ഒന്നാമത്തെ ദിവസം എന്നെ അവിടെ ഇരുത്തി തിരിച്ചു പോയ അമ്മയുടെ പുറകെ ഞാൻ കരഞ്ഞു കൊണ്ടു ഓടി പ്പോയത് ഇന്നും ഞാൻ ഓർക്കുന്നു.  പഠനം ആരംഭിച്ചതിനു ശേഷം ഉള്ള ഇത്തരം ഓർമ്മകൾക്ക് ഒരു തരം കൃത്യതയുണ്ട്.  കലണ്ടർ നോക്കി ഗണിച്ചാൽ ആ സമയം പോലും എനിക്ക് കൃത്യമായി കണ്ടെത്താൻ പറ്റും.  പക്ഷെ അത് എന്റെ ഓർമ്മയുടെ ഗുണം കൊണ്ടു എന്നതിനേക്കാൾ,  ജീവിതത്തിലെ ഒരു കാലഘട്ടത്തിന്റെ തുടക്കം എന്ന രീതിയിൽ അത് എന്റെ മനസ്സിൽ സ്ഥാപിക്ക പ്പെട്ടത് കൊണ്ടു മാത്രമാണ്. സ്കൂൾ ജീവിതം എനിക്ക് ഇഷ്ടമായിരുന്നില്ല എന്ന് വേണം കരുതാൻ.  സ്കൂൾ കഴിഞ്ഞാൽ പിന്നെ നമ്മള് അടുത്തുള്ള തോട്ടിലെ മീനുകളെ നോക്കി രസിക്കുകയാവും ചെയ്യുക.  അല്ലെങ്കിൽ അടുത്തുള്ള പറമ്പിലെ ചെറിയ മരത്തിൽ കയറി തൊട്ടു കളിക്കൽ.

വീട്ടിൽ അന്നും ഒരു റേഡിയോ ഉണ്ടായിരുന്നു.  അതിന്റെ പേര്  ഇന്നും ഞാൻ ഓർക്കുന്നു 'പാരന്റ്സ് വർത്ത്' .  അന്ന് പെർഷ്യയിലൊ മറ്റോ ജോലി ഉണ്ടായിരുന്ന നമ്മുടെ അകന്ന ഒരു ബന്ധു വലിയച്ചനു പാരിതോഷികമായി കൊടുത്തതായിരുന്നു അത് എന്നാണു എന്റെ ഓർമ്മ.  നമ്മളൊക്കെ പാട്ട് കേട്ട് വലുതാവുകയും,  വലിയവരൊക്കെ വാര്ത്ത കേട്ട് വയസ്സാവുകയും ചെയ്തത് ഈ യന്ത്രത്തിലൂടെ ആയിരുന്നു.  യുദ്ധ കാലത്ത് വീട്ടിലും യുദ്ധമായിരുന്നു. യുദ്ധത്തിന്റെ വാര്ത്ത കേൾക്കാൻ വിദൂര ദേശങ്ങളിൽ നിന്ന് പോലും ആളുകള് എന്റെ വീട്ടിൽ ഒഴുകി എത്തിയിരുന്നു.  വീടിന്റെ ഇരുണ്ട മുറിയിൽ നാണം കുണുങ്ങി ആയ ഒരു തരുണിയെ പോലെ ഒളിച്ചിരുന്ന നമ്മുടെ റേഡിയോ ആ നേരങ്ങളിൽ മട്ടുപ്പാവിലേക്ക്‌ ഇറങ്ങി വരും.  പലപ്പോഴും റേഡിയോ യിൽ നിന്ന് വിമാനം പോകുന്നത് പോലെ ഉള്ള ഒരു ശബ്ദം കേൾക്കുമായിരുന്നു.  ഒരിക്കൽ ഞാൻ കരുണാട്ടനോട് ചോദിച്ചു 'ഇത് വിമാനം പറക്കുന്ന ശബ്ദം തന്നെ ആണോ ' എന്ന്.  അപ്പോൾ കരുണാട്ടൻ പറഞ്ഞു.  'വിമാനത്തിന്റെ ശബ്ദമൊന്നും റേഡിയോയിലൂടെ കേൾക്കില്ല  മോനെ.  ഈ മുഴക്കം വാർത്ത ജാം ചെയ്യുന്നത് കൊണ്ടു ഉണ്ടാകുന്നതാണ്.  അത് ശത്രുക്കള് ചെയ്യുന്നതാണ്.'.  ആശയ വിനിമയത്തിലെ ഇടംകൊലുകളെ കുറിച്ച് എനിക്ക് അന്നേ അറിയാമായിരുന്നു.

റോഡരികിലെ ഒരു ചെറിയ വീടായിരുന്നു നമ്മുടെ പാഠശാല. ഒന്ന് മുതൽ നാല് വരെ ഉള്ള ക്ലാസ്സുകൾ.  എല്ലാം പഠിപ്പിക്കുന്ന നാല് അധ്യാപകർ.  (ആരും ഇന്ന് ജീവനോടെ ഇരിക്കാൻ സാധ്യത ഇല്ല).  ഒരിക്കൽ ക്ലാസ്സിൽ ഇരിക്കെ ഭയങ്കര വയറു വേദന.  'ടീച്ചറെ എനിക്ക് തൂറാൻ മുട്ടുന്നു' . ടീച്ചര് എന്നെ കൈ പിടിച്ചു അടുത്ത വീട്ടിലെ കുഴി കക്കൂസിലേക്ക് കൊണ്ടു പോയി.  (അന്നത്തെ കക്കൂസുകളുടെ ദൈന്യാവസ്ഥയെ കുറിച്ച് അറിയാൻ ഈ ലേഖകന്റെ താഴെ പറയുന്ന ചെറു കഥ വായിക്കുക.http://remeshmantoddy.blogspot.in/2013/10/blog-post.html)  കക്കൂസിൽ കയറി എന്റെ നിലവിളി കേട്ട് ടീച്ചര് ഓടി വന്നു.  എന്റെ അവസ്ഥ കണ്ടു ടീച്ചര് പൊട്ടി ചിരിച്ചു.  ഞാനാണെങ്കിൽ ഭീതി കൊണ്ടു വിറക്കുകയായിരുന്നു.  എന്റെ വയറ്റിൽ നിന്ന് മൂന്നു കാള സർപ്പങ്ങൾ പുറത്തേക്കു വന്നിരിക്കുന്നു. ഞാൻ കരയാൻ തുടങ്ങി.  'കരയേണ്ട മോനെ. അത് വെറും ഇരയല്ലേ.  അത് പോയില്ലേ . ഇപ്പൊ വയറു വേദനയൊക്കെ പോയില്ലേ'  (ഇന്നത്തെ കുട്ടികളോടെ ടീച്ചര് മാറ് ഇങ്ങനെ ഒക്കെ പെരുമാരുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല.  അന്ന് നമ്മുടെ ക്ലാസ്സ്‌ ടീച്ചര് കുട്ടികളെ ഒക്കെ എടുത്തു താലോലിക്കുന്നത് എനിക്ക് ഇന്നും ഓർമ്മയുണ്ട്)

1965 കാലഘട്ടത്തിൽ നമ്മുടെ കുടുംബം ധനിക ജീവിതത്തിന്റെ ധാരാളിത്തത്തിൽ നിന്ന് ദാരിദ്ര്യത്തിന്റെ ഇല്ലായ്മയിലേക്ക്‌ കൂപ്പു കുത്താൻ തുടങ്ങിയിരുന്നു.  തോന്നിയത് പോലെ ജീവിച്ച നമ്മുടെ വലിയച്ചന്മാർ ഈ വീഴ്ചക്ക് ആക്കം കൂട്ടി.  കൃഷി ഭൂമികൾ നമ്മെ കൈ വിട്ടു പോകാൻ തുടങ്ങി.  എട്ടാം ക്ലാസ് മുതൽ മദ്യപിക്കുന്ന അനാന്തിരവന്മാർ ഇവിടെ ജനിച്ചു വീഴാൻ തുടങ്ങി.   എല്ലാ കുടുംബങ്ങളിലും ആപത്തു വിതക്കുന്ന മദ്യം ഇവിടെയും ആപത്തു വിതക്കാൻ തുടങ്ങി.  സ്ത്രീകളും കുഞ്ഞുങ്ങളും അതിന്റെ ആഘാതങ്ങൾ ഏറ്റു വാങ്ങാൻ തുടങ്ങി.  ബഹളങ്ങൾ അന്ന് മുതൽ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി.  ചിലപ്പോൾ അത് ഒരു മദ്യപാനിയുടെ സാധാരണ ചീത്ത വിളികൾ ആയിരുന്നെങ്കിൽ ചിലപ്പോൾ അവ മർദനങ്ങളെ തുടർന്നുള്ള നിലവിളികൾ ആയിരിക്കും.  മണ്ടോടി സ്ത്രീകളും ചീത്ത പറയുന്നതിൽ പുരുഷരെ കടത്തി വെട്ടും എന്ന് അന്നെനിക്ക് മനസ്സിലായി.  പക്ഷെ കയ്യാംകളിയിൽ ആജാന ബാഹുക്കളായ ആ പുരുഷരോട് എതിരിടാൻ അവർക്ക് ആവില്ലായിരുന്നു.  മര്ധനങ്ങൾ ഏറ്റു വാങ്ങി ദുഖിതരായി അവർ തങ്ങളുടെ  പഴയ വീടിന്ലെ ആൾക്കൂട്ടത്തിൽ ജീവിതം തള്ളി നീക്കി.  ആ ആൾക്കൂട്ടം ആയിരുന്നു എന്നും അവരുടെ സാന്ത്വനം.  പരസ്പരം പാര വെക്കാത്ത സ്ത്രീകള് അവിടെ ദുഖം പങ്കിടുന്നതിന് ഒരു ചെറിയ ബാലൻ എന്ന നിലയിൽ ഞാൻ പലപ്പോഴും ദൃഖ് സാക്ഷിയായിരുന്നു.

മണ്ടോടി നന്നായി പഠിക്കും എന്നുള്ളത് സത്യം തന്നെ ആയിരുന്നു.  അത് കൊണ്ടാണ് ഉന്നത പഠനത്തിനു (അഞ്ചാം ക്ലാസ്) ഇവനെ ടൌണിൽ ഉള്ള വലിയ സ്കൂളിൽ കൊണ്ട് പോയി വിടണം എന്ന് എന്റെ ടുഷൻ മാഷ്‌ പറഞ്ഞത്.  പക്ഷെ ലോകത്ത് ആദ്യമായി പ്രവേശന പരീക്ഷ കണ്ടു പിടിച്ച വിദ്യാലയമായിരുന്നു അത്.  മണ്ടോടി പരീക്ഷ എഴുതി. പാസായി.  പക്ഷെ പിന്നീടാണ് അറിഞ്ഞത് പരീക്ഷ എഴുതിയ എല്ലാവരും പാസായി എന്നത്.  ഇന്നത്തെ പോലെ ഉള്ള ഓൾ പാസ് ആയിരുന്നില്ല അത്. എല്ലാവരും പാസ് ആകെണ്ടവർ തന്നെയാണ് . പുതിയ കലാലയത്തിലെ എന്റെ ഏറ്റവും വലിയ ശത്രുക്കൾ നല്ല പഠിപ്പിസ്റ്റുകൾ ആയിരുന്നു.  എന്റെ ഒന്നാം സ്ഥാനം തട്ടിയെടുക്കുന്നവരെ ഞാൻ തമാശയാക്കി തോല്പ്പോക്കും.

അച്ഛന്റെ മരണം

മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിച്ചത്.  കാരണമെന്തെന്നു ആർക്കും അറിയില്ല.  കുളിക്കാൻ പോകുന്നതിനിടയിൽ അച്ഛൻ എന്നെ തല്ലി. ഞാൻ അച്ഛനെ ശപിച്ചു. ഉടൻ അച്ഛൻ ബോധ രഹിതനായി വീണു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആശുപത്രിയിൽ മരിച്ചു.  അന്ന് ഒരാള് മരിക്കുന്നതിനു കാരണം മരണം തന്നെയായിരുന്നു.  അത്രമാത്രം രോഗങ്ങൾ ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് മരണത്തിനു കാരണങ്ങൾ തേടി വൈദ്യന്മ്മാർ അത്ര അധികം അലയാറില്ലായിരുന്നു.  മരണ  ദിവസം നടന്ന ഒരു സംഭവം എനിക്ക് ഇന്നും ഓർമ്മയുണ്ട്.  അച്ഛന്റെ വീട്ടില് കിടത്തിയ ശവ ശരീരത്തിന് അരികിൽ വന്നു നാട്ടിലെ ദാദയായ എന്റെ വലിയച്ചൻ ഇങ്ങനെ പ്രഖ്യാപിച്ചു.  'ഈ ശരീരം നമ്മൾ എടുക്കുകയാണ്'. കുറച്ചു നേരം ശവത്തിനു വേണ്ടിയുള്ള വാക്ക് തർക്കം നടന്നു. ഒടുവിൽ ശവം അച്ഛന്റെ വീട്ടുകാര്ക്ക് തന്നെ അവകാശപ്പെട്ടതാണ് എന്ന് എല്ലാവരും തീരുമാനിച്ചു.  ലോട്ടസ് ശ്മാശനത്തിൽ കുതിര വണ്ടിയിൽ കയറിയാണ് നമ്മള് പോയത്.  തികച്ചും വിജനമായ വീഥികൾ.  കുതിരയുടെ കുളമ്പടി ഒച്ച മാത്രം.  വഴിയരികിൽ അനേകം കുടിലുകൾ. അവയ്ക്ക് ഇടയിൽ നിന്ന് ഞാൻ ആ പാട്ട് കേട്ടു 'തളിരിട്ട കിനാക്കൾ തൻ താമര മാല വാങ്ങാൻ വിളിച്ചിട്ടും വന്നില്ല വിരുന്നുകാരൻ' . അന്ന് അമ്മക്ക് മുപ്പതിനടുത്തായിരിക്കണം പ്രായം.

ശാന്തമായ ഒരു അന്തരീക്ഷത്തിലായിരുന്നു  അച്ഛൻ ബോധ രഹിതനായി വീണത്‌.  ഏതൊരാളും മരിക്കാൻ ആഗ്രഹിച്ചു പോകുന്ന പരിപാവനമായ ശാന്തത. ആശുപത്രിയിൽ എത്തിയപ്പോൾ പക്ഷെ അന്തരീക്ഷത്തിലെ  ശാന്തത മാഞ്ഞു പോയിരുന്നു  .   അന്നേരം ചിലപ്പോൾ അച്ഛൻ മരിക്കാതിരിക്കാൻ ആഗ്രഹിച്ചിരിക്കാം. പക്ഷെ മരിക്കാൻ വേണ്ടി നാം എടുക്കുന്ന ഏതു തീരുമാനവും അർജുനൻ തന്റെ ആവനാഴിയിൽ നിന്ന് വിട്ട അമ്പ്‌ പോലെ ആണ്. അത് ലക്ഷ്യത്തിലെത്താതെ തിരിച്ചു വരില്ല. അല്ലെങ്കിൽ അതിനു മറ്റൊരു ലക്‌ഷ്യം നാം കാണിച്ചു കൊടുക്കണം.  ഒരു നിരപരാധിയെ ക്രൂശിക്കേണ്ട എന്ന് കരുതിയിട്ടാവാം, അതിനു മറ്റൊരു ലക്‌ഷ്യം കാണിച്ചു കൊടുക്കാൻ അച്ഛൻ തുനിഞ്ഞതെ ഇല്ല. അച്ഛൻ സ്വയം മരണം സ്വീകരിച്ചു.

അച്ഛന്റെ മരണം നമ്മളെ അത്ര അധികം തളർത്തിയില്ല. കാരണം നമ്മള് ആ നേരങ്ങളിൽ ഒരു പരിധിയിൽ അധികം തളർന്നിരിക്കുകയായിരുന്നു.  നെയ്തു ജോലി എന്നത് അന്ന് അത്ര വലിയ ഒരു വരുമാന മാര്ഗം ഒന്നും ആയിരുന്നില്ല.  ഞാൻ ചിലപ്പോഴൊക്കെ ആലോചിക്കാറുണ്ട്.  ഒരു ദാദയും,  ഭൂസ്വാമിയും,  കരാറ് കാരനും , ഒരു വിധം നല്ല സാമ്പത്തിക നിലയും  ഉണ്ടായിരുന്ന വലിയച്ചൻ അദ്ധേഹത്തിന്റെ മകളെ ഒരു സാധാരണ തൊഴിലാളിക്ക് എങ്ങനെ കെട്ടിച്ചു കൊടുത്തു എന്ന്.  അതിനു വല്ല പിന്നാമ്പുറ കഥകളും ഉണ്ടായിരിക്കാൻ ഇടയുണ്ടോ.  പക്ഷെ ഞാൻ അതൊന്നും ഒരിക്കലും അന്വേഷിച്ചില്ല.  ഒരു സമ്പന്ന ഗൃഹത്തിൽ നമ്മൾ ദരിദ്രരായി കഴിഞ്ഞു. എല്ലാ സൌകര്യങ്ങളും അന്നും അവിടെ ഉണ്ടായിരുന്നു. മറ്റെവിടെയും ഇല്ലാതിരുന്ന റേഡിയോ, എലറ്റ്രിക് ഇസ്തിരി പെട്ടി, ഫാൻ എന്നിവയൊക്കെ വീട്ടില് ഉണ്ടായിരുന്നു.  എന്റെ കൂടെ പഠിക്കുന്നവരൊക്കെ ഫാനും ഇസ്തിരി പെട്ടിയും കാണാൻ എന്റെ വീട്ടിലായിരുന്നു വരാറ്.  നാട്ടിലെ ചുരുക്കം ചില ഓടിട്ട വീടുകളിൽ ഒന്നായിരുന്നു നമ്മുടേത്‌.

ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് നാട്ടിൽ ബസ്സുകൾ കുറവായിരുന്നു. ഉള്ളവയോക്കെയും ദൂര യാത്രക്കുള്ളവ.  വീരാജപ്പെട്ടയിലേക്ക് പോകുന്ന ഒരു മൂക്ക് നീണ്ട ബസ്സ് ഓടിച്ചിരുന്നത് നമ്മുടെ അടുത്ത വീട്ടിലെ അനന്തൻ ഡ്രൈവർ ആയിരുന്നു.  ഞാൻ ആദ്യമായി കയറിയ ബസ്സും അത് തന്നെ. ഏതോ ഒരു ഓഗസ്റ്റ്‌ 15 നു അനന്തൻ ഡ്രൈവർ തലശ്ശേരി റെയിൽവേ സ്റ്റെഷൻ മുതൽ   വീടുവരെ ബസ്സിൽ സഞ്ചരിക്കാൻ നമ്മെ അനുവദിച്ചു.  അന്ന് പക്ഷെ നാട്ടിൽ കുതിര വണ്ടികൾ വേണ്ടുവോളം ഉണ്ടായിരുന്നു.  ബസ്സുകൾ കണ്ടു പിടിച്ചത് കൊണ്ടു രക്ഷപ്പെട്ടു പോയത് കുതിരകൾ ആയിരിക്കണം.  അവയ്ക്ക് ഇനി മുതൽ നമ്മെ താങ്ങേണ്ട എന്നുള്ള നില വന്നു.

അന്ന് തീവണ്ടി കുളം വളരെ വിശാലമായ കുളമായിരുന്നു.  തലശ്ശേരി പഴയ ബസ്‌ സ്റ്റാൻഡിൽ നിന്ന് സദാനന്ദ പൈ വളവിൽ എത്തുമ്പോൾ റോഡ്‌ തിരിഞ്ഞു റെയിൽവേ ഗെറ്റിനു അടുത്തേക്ക് പോകും. അത് അവിടെ നിന്ന് വീണ്ടും തിരിഞ്ഞു ടീ സീ മുക്കിൽ ഇതും. അര കിലോമീടർ കൂടുതൽ യാത്ര.  അത് കൊണ്ടു നമ്മളൊക്കെ തീവണ്ടി കുളം മുറിച്ചു കടക്കുകയായിരുന്നു പതിവ്.  തീവണ്ടി കുളം വിശാലമായിരുന്നു എങ്കിലും ആഴമില്ലാത്ത കുളമായിരുന്നു.  മഴ ഇല്ലാത്ത കാലങ്ങളിൽ കുളം കുളമല്ലാതാകും. സുഖമായി നടന്നു പോകാം. മഴക്കാലത്ത് വെള്ളം നിറഞ്ഞു കഴിഞ്ഞാൽ, അത് നമ്മുടെ അരയോളം വരും. എന്നിരുന്നാലും നമ്മള് ആണ്‍കുട്ടികളും,  കോണ്‍ വെന്റിലെ പെണ്‍ കുട്ടികളും ഒക്കെ ആ പ്രളയ ജലത്തിൽ തീവണ്ടി കുളം മുറിച്ചു കടക്കാൻ തന്നെയായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. വെള്ളം എന്നും നമ്മെ വല്ലാതെ ആകർഷിച്ച ഒരു പ്രകൃതി ദ്രാവകം ആയിരുന്നു.  കുടിക്കാനും നീന്താനും,  ചിലർക്ക് മരിക്കാനും വെള്ളം തന്നെ വേണമായിരുന്നു.  അക്കാലത്ത് തൂങ്ങി മരണങ്ങലെക്കാൾ കൂടുതൽ ജല മരണങ്ങൾ ആയിരുന്നു.  അതും എന്റെ ചെറുപ്പ കാലത്ത് ആകെ രണ്ടോ മൂന്നോ എണ്ണങ്ങൾ മാത്രം.  ഏതോ ഒരു നാണുവിന്റെ ശവം പുഴയിലൂടെ ഒഴുകി പോയത് ഇന്നും എനിക്ക് ഓർമ്മയുണ്ട്.  ശവമാണ്‌ എന്ന് പറഞ്ഞിട്ടും എനിക്കത് മനസ്സിലായില്ല.  എന്തോ ഒരു തേങ്ങാ തൊണ്ട് പോലെ ഉള്ള  തല മാത്രമേ പുറത്തു കാണാൻ ഉണ്ടായിരുന്നുള്ളൂ.

നാട്ടിലെ ആദ്യത്തെ ഓട്ടോ റിക്ഷ രാഗൂട്ടി എട്ടന്റെത് ആയിരുന്നു.  ഞാൻ ജനിക്കുന്നത് മുൻപ് തന്നെ രാഗൂട്ടി ഏട്ടൻ ഓട്ടോ റിക്ഷ കണ്ടുപിടിച്ചിരുന്നു.  അന്ന് തലശേരിയിൽ അമ്പതിൽ അധികം ഓട്ടോ റിക്ഷകൾ ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു.  വൈകുന്നേരം സ്കൂൾ വിട്ടു വന്നാൽ ഞാനും മോഹനും സുധീറും വീടിന്റെ മുന്നിലെ റോഡിൽ ഇരിക്കും. അവിടെ ഇരുന്നാൽ വലതു വശത്ത് കെ ടീ പീ മുക്ക് വരെയും, ഇടതു വശത്ത് ചോനാടം കയറ്റം വരെയും കാണാം.  അന്ന് നമ്മുടെ പ്രധാനപ്പെട്ട ഒരു കളി ഓട്ടോ രിക്ഷയുടെ നമ്പര് പറയൽ ആയിരുന്നു.  കെ ടീ പീ മുക്കിൽ നിന്നോ ചോനാടം വളവിൽ നിന്നോ ഒരു പൊട്ടു പോലെ തല ഉയർത്തി വരുന്ന ഏതു ഓട്ടോ റിക്ഷ കണ്ടാലും എനിക്ക് അറിയാം അതിന്റെ പേര് എന്താണ്, അതിന്റെ നമ്പര് എത്രയാണ് എന്നൊക്കെ.  അത് പറയൽ  തന്നെ ആയിരുന്നു നമ്മുടെ അന്നത്തെ ക്വിസ് .

പട്ടണത്തിലെ സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ ചേർന്ന് പഠനം തുടര്ന്ന ഞാൻ എല്ലാ ക്ലാസ്സിലും ഒന്നാമനായിരുന്നു.  ക്ലാസ്സിൽ ഒന്നാമാനാകുന്ന കുട്ടി സർവ കലാ വല്ലഭൻ ആയിരിക്കും എന്നുള്ള അന്ധ വിശ്വാസം പുലർത്തിയിരുന്ന അധ്യാപകരായിരുന്നു നമ്മുടെ സ്കൂളിൽ ഉണ്ടായിരുന്നത്.  അതിന്റെ ആഘാതം ഏല്ക്കേണ്ടി വന്നത് എന്നെ പോലെ ഉള്ള പാവം തരുണന്മാരും. സംഗീതം നാടനും ശാസ്ത്രീയവും,  പദ്യ പാരായണം, പ്രസംഗം,  ഷോട്ട് പുട്ട്, ഓട്ടം, ചാട്ടം, എന്നിങ്ങനെ ഉള്ള നൂറു കണക്കിന് ഇനങ്ങളിൽ ആയിരുന്നു ഞാൻ മത്സരിക്കേണ്ടി ഇരുന്നത്.  ഷോട്ട് പുട്ടിന്റെ ഉണ്ട വെറുതെ ഒന്ന് എടുത്തു ഉയർത്തി നോക്കിയപ്പോൾ എനിക്ക് മനസ്സിലായി അത് എനിക്ക് പറ്റിയതല്ല എന്ന്. ഉടനെ ടീച്ചറോട് ഞാൻ ഇങ്ങനെ പറഞ്ഞു

ടീച്ചർ, എനിക്ക് ഷോട്ട് പുട്ട് എറിയാൻ പറ്റില്ല.

നീ എന്താ രമേശാ പറയുന്നത്. എറിയാൻ പറ്റില്ല എന്നോ.  ഒന്നാം റാങ്ക് കിട്ടുന്ന കുട്ടികൾ  ഷോട്ട് പുട്ട് ഉണ്ട മാത്രമല്ല , എന്തും എടുത്തു എറിയാൻ പഠിച്ചിരിക്കണം.

പാട്ട് മത്സരത്തിനു സ്റെജിന്റെ പുറകിൽ നിന്നപ്പോൾ സ്റെജിൽ സുധീരൻ പാടുകയായിരുന്നു.  നല്ല സുന്ദരമായ പാട്ട്.  എന്റെ പാട്ടിനെ കുറിച്ച് ചിന്തിച്ചപ്പോൾ എന്റെ സപ്ത നാടികളും തളർന്നു പോയി. എന്തും വരട്ടെ എന്ന് വിചാരിച്ചു ഒരൊറ്റ ഓട്ടം വച്ച് കൊടുത്തു. പക്ഷെ അധികം ഓടുന്നതിന് മുൻപേ ഗെറ്റിനു മുന്നില് വച്ച് അപ്പു മാഷ്‌ കയ്യോടെ പിടിച്ചു.

എവിടെയാടാ ഓടുന്നത്.

പാട്ടിൽ നിന്ന് രക്ഷപ്പെടാനാ.

നീ എന്ത് വിഡ്ഢിത്ത മാടാ രമേശാ പറയുന്നത്.  ഈ ലോകം തന്നെ രക്ഷപ്പെട്ടു പോകുന്നത് പാട്ടിലൂടെയും കവിതയിലൂടെയും ഒക്കെ അല്ലെ . അതൊന്നും ഇല്ലായിരുന്നെങ്കിൽ നമ്മളൊക്കെ പണ്ടെ തൂങ്ങി മരിച്ചിട്ടുണ്ടാകുമായിരുന്നു.  പോയി ധൈര്യമായി പാടൂ.

സ്റെജിൽ കയറി ഞാൻ ധൈര്യമായി പാടി. അന്നത്തെ ഹിറ്റ്‌ .

പെരിയാറെ പെരിയാറെ പാർവത നിരയുടെ പനിനീരെ......................................

ആരും കൂക്കി വിളിച്ചില്ല.  കാരണം അതിനു ധൈര്യമുള്ള ഒരുത്തനും അവിടെ ഇല്ലായിരുന്നു.  അഥവാ ഒന്ന് വെറുതെ ചിരിച്ചു പോയാലും അടുത്ത ദിവസം അച്ഛനെയും കൂട്ടി വരേണ്ട സ്ഥിതിയായിരുന്നു നമ്മുടെ കലാലയത്തിൽ

വെള്ളപൊക്കം

കൊല്ലമൊന്നും കൃത്യമായി ഓർമ്മയില്ല. ഞാൻ എട്ടാം ക്ലാസ്സിലോ മറ്റോ പഠിക്കുന്ന കാലത്താണ് എന്ന് തോന്നുന്നു.  നിർത്താത്ത മഴ.  എരഞ്ഞോളി പുഴയുടെ ക്ഷമ നശിച്ചു.  അത് കരകവിഞ്ഞൊഴുകി.  പ്രാന്ത പ്രദേശത്തുള്ള വയലുകളിലെക്കും,  വീട്ടു മുറ്റങ്ങളിലേക്കും പുഴ ജലമായി വ്യാപിക്കാൻ തുടങ്ങി.  തീരത്ത് പോയി പുഴയെ കണ്ടിരുന്നവർ ,  പുഴ തങ്ങളുടെ  വീട്ടു മുറ്റത്ത്‌ എത്തിയത് കണ്ടു ഞെട്ടിത്തരിച്ചു.  വീടുകളിലെ ഓവ് ചാലുകൾ ആഴങ്ങളായി.  അവയിൽ വീണാലും  കുട്ടികൾ മരിക്കും എന്നായി.  പുഴയോടൊപ്പം ഭീതിയും  എല്ലായിടത്തും വ്യാപിച്ചു.

വീടോട് അടുത്ത വന്ന പുഴയെ വീടിന്റെ പറമ്പത്ത് നിന്ന് കൊണ്ടു മണ്ടോടി രമേശൻ വീക്ഷിക്കുകയായിരുന്നു.  ഇന്ന് വരെ പുഴക്കരയിൽ അല്ലാതിരുന്ന നമ്മുടെ വീട് ഇപ്പോൾ പുഴക്കരയിൽ ആയി തീർന്നിരുന്നു.  പണ്ടൊരിക്കൽ ക്ലാസ്സിലെ ചങ്ങാതിയോട്‌ വീട് പുഴക്കരയിലാണ് എന്ന് പറഞ്ഞപ്പോൾ, തുരപ്പൻ ശങ്കു ഇടയിൽ കയറി പറഞ്ഞത് എന്തായിരുന്നു 'അവൻ ബടായി അടിക്കുന്നതാണേ.  പുഴ അവന്റെ വീടിന്റെ ഒരു പറമ്പ് അപ്പുറത്താണ്'. അന്ന് ഞാൻ വല്ലാതെ ചൂളി പോയതാണ്.  ഇന്ന് ആ തുരപ്പൻ ശങ്കു  ഇവിടെയോ മറ്റോ ഉണ്ടായിരുന്നെങ്കിൽ ഇതൊന്നു കാണിച്ചു കൊടുക്കാമായിരുന്നു.  എന്നും ഇങ്ങനെ ആയിരുന്നെങ്കിൽ,  ഇനി വീടിന്റെ പറമ്പത്ത് ഇരുന്നു കൊണ്ടു തന്നെ എനിക്ക് പുഴയിലേക്ക് ചൂണ്ട ഇടാമായിരുന്നു.

പുഴയിലൂടെ വെള്ളം വല്ലാത്ത ശക്തിയോടെ ഒഴുകി കൊണ്ടിരിക്കുകയാണ്.  അതിൽ വീണു പോയാൽ പിന്നെ ശവം കടലിൽ മാത്രമേ പൊന്തുകയുള്ളൂ എന്ന് വലിയമ്മ ആ ഒഴുക്ക് കണ്ടപ്പോൾ പറഞ്ഞു.  വലിയമ്മ വെറുതെ പറഞ്ഞതാണ്. അതിന്റെ പിറ്റേ നാൾ അവിടെ നിന്ന് ഒഴുകി പോയ ബാബുവിന്റെ ശവം തൊട്ടടുത്തുള്ള കനാലിന്റെ ചീപ്പിൽ തങ്ങിയിരുന്നു.

ബാബുവും ചങ്ങാതിമാരും റോഡിലൂടെ ഒഴുകുന്ന പുഴയുടെ സൌന്ദര്യം കണ്ടു അതിലൂടെ പുഴ മുറിച്ചു കടന്നു കളയാം എന്ന് വിചാരിച്ചതാണ്.  നമ്മള് ഇത്ര നാളും നടന്ന വഴിയല്ലേ, ഇവിടെ കടന്നു വരാൻ പുഴയാര് എന്ന  ഭാവമായിരുന്നു അവരുടെ മുഖത്ത്.  പക്ഷെ പുഴയുടെ ഭാവം മാറിയിരുന്നു എന്നുള്ള കാര്യം അവർ ഓർത്തതേ ഇല്ല.  ചങ്ങാതിമാര് പക്ഷെ എലറ്റ്രിക് പോസ്റ്റിലും മറ്റും പിടിച്ചു രക്ഷപ്പെട്ടപ്പോൾ ഒന്ന് നിലവിളിക്കാൻ പോലും സമയം കിട്ടാതെ  ബാബു ച്ചുഴികളിലൂടെ നദീ ദേവതയുടെ കൊട്ടാരത്തിന്റെ  ആഴത്തിലേക്ക് അപ്രത്യക്ഷനായി.  അടുത്ത ദിവസം കിട്ടിയ ബാബുവിന്റെ ശവത്തിൽ നിന്ന് അവന്റെ വാച് കാണാതായിരുന്നു.  ശരീരം ചീർത്തു വീര്ത്തപ്പോൾ വാച്ച് പൊട്ടി തെറിച്ചു പോയതാവാം

1982 കാലത്ത് എല്ലാ സന്ധ്യാ നേരങ്ങളിലും, അമ്പുകുത്തി കുന്നിന്റെ നെറുകയിൽ കിടന്നു ഞാൻ ആകാശത്തേക്ക് നോക്കും.  കൂട്ടിനു ആരും ഇല്ലാത്ത നേരങ്ങളിൽ ആ അനന്തമായ പ്രപഞ്ചത്തിൽ ഞാൻ ഒറ്റക്കാകും.  അസംഖ്യം നക്ഷത്രങ്ങളിൽ ഒന്നിന്റെ പോലും പേരറിയാൻ ഞാൻ ഇന്ന് വരെ ശ്രമിച്ചിട്ടില്ല.  ക്ഷിപ്രം കടന്നു പോയ ഒരു വാഹനത്തിലെ പേരറിയാത്ത ഏതോ  സുന്ദരിയുടെ മുഖം പോലെ അത് എന്നെ അനുഗമിച്ചു കൊണ്ടെ ഇരിക്കുന്നു. എനിക്ക്  ഒന്നും അറിയേണ്ട.  ഒന്നും ഓർമ്മയിൽ നിൽക്കേണ്ട.  കുന്നിന്റെ താഴ്വരയിൽ കാൽ  പന്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികലോക്കെയും തങ്ങളുടെ വീടുകളിലേക്ക് തിരിച്ചു പോയിരുന്നു.  ചന്തയിൽ വാഴ തണ്ട് തിന്നാൽ പോയ കാലികൾ ഒക്കെയും കുന്നു മുറിച്ചു കടന്നു താന്താങ്ങളുടെ കുടികളിലേക്ക് തിരഞ്ഞു നടക്കുകയാണ് .

എനിക്കും പോകാൻ  സമയമായി.  കുന്നിറങ്ങുമ്പോൾ ആരോ കൂടെ ഉണ്ടായിരുന്നു. ഒന്നും മിണ്ടാതെ കൂടെ നടക്കുന്ന  ആരോ . പക്ഷെ ഒന്നും ചോദിച്ചില്ല . ശ്മാശാനതെക്കുള്ള വളവിൽ വച്ച് അയാള്ളുടെ മണം അറിയാതായി.

Saturday, 2 May 2015

മരിച്ചു കൊണ്ടിരിക്കുന്ന ഈ ലോകം 2

അമിത ഉപഭോഗം :

മുൻപൊരിക്കൽ അമേരിക രൂക്ഷമായ ഒരു വ്യാവസായിക തകര്ച്ചയിലേക്ക് നീങ്ങിയപ്പോൾ അവിടെ കേട്ട ഒരു മുദ്രാവാക്യം ഇതായിരുന്നു 'കൂടുതൽ സാധനങ്ങൾ ഉപയോഗിച്ച് രാജ്യത്തെ രക്ഷിക്കുക' എന്ന്.  വ്യവസായങ്ങൾ തകര്ന്നു പോകാൻ ഒരു കാരണം, മാർകറ്റിൽ വസ്തുക്കൾ കുന്നു കൂടുകയും അത് തിന്നു തീര്ക്കാൻ മാത്രം ആളുകള് ഇല്ലാതിരിക്കുകയും ചെയ്യുന്നത് കൊണ്ടാണ്.  അപ്പോൾ കൂടുതൽ ഉപഭോഗിച്ചു കൊണ്ടു നമുക്ക് വ്യവസായത്തെ താങ്ങി നിർത്താം.  അപ്പോൾ ഇന്നത്തെ അമിതമായ  ഉപഭോഗം , മനുഷ്യനിൽ സൃഷ്ടിച്ചെടുത്ത ഒരു സ്വഭാവം തന്നെയാണ്.  വ്യവാസായങ്ങളുടെ നില നില്പ്പിനു വേണ്ടി അവ തന്നെ ചെയ്തു വച്ച ഒരു കടും കൈ ആണ് അത്.  മുതലാളിത്തം എന്നും അങ്ങനെ ആയിരുന്നു.  അതിന്റെ വളര്ച്ചയ്ക്ക് ഉതകുന്ന രീതിയിൽ മനുഷ്യന്റെ സ്വഭാവം മാറ്റി മറിക്കുകയാണ് എന്നും  അത് ചെയ്തിട്ടുള്ളത്.  മാർകറ്റിൽ സാധനങ്ങൾ കുറഞ്ഞിരുന്ന കാലത്ത്  (മുതലാളിത്തത്തിന്റെ പ്രാരംഭ ഘട്ടത്തിൽ) അവ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്.   മാർകറ്റിൽ ചരക്കുകൾ കുന്നു കൂടാൻ തുടങ്ങിയപ്പോൾ അവ വായ്പകൾ നിയന്ത്രണ രഹിതമാക്കി.


കരുതി കൂടിയുള്ള നശീകരണം

1933 ഇൽ റൂസ് വെൽറ്റ് അമേരിക്കൻ പ്രസിഡന്റ്‌ ആയിരുന്ന വേളയിൽ അന്നത്തെ ഭീകരമായ വില തകര്ച്ചയെ നേരിടാൻ വേണ്ടി അദ്ദേഹം ചെയ്ത ഒരു കാര്യം ധാന്യങ്ങൾ നശിപ്പിച്ചു അവയുടെ വില നില നിർത്തുക എന്നുള്ളതായിരുന്നു.   അമിതോല്പാദനം തടയാൻ വേണ്ടി കൃഷി ഭൂമികൾ കാലിയായി ഇടാനും അദ്ദേഹം നിർദേശിച്ചു. മാർകറ്റിൽ ചരക്കുകൾ കുന്നുകൂടുന്നതിനും അത് മൂലം വില കുറയുന്നതിനും ഉള്ള പ്രതിവിധിയായി മുതലാളിത്തം കണ്ടെത്തിയ മാര്ഗം ഇതാണ്. ഇന്ന്  ഇത്തരം നേരിട്ടുള്ള നശീകരണ പ്രവണത അത് പോലെ തുടരുന്നില്ല എങ്കിലും, ഗുപ്തമായ രീതിയിൽ നശീകരണം തുടരുക തന്നെ ചെയ്യുന്നുണ്ട്.  പോരാത്തതിന് കൃഷി ഭൂമികൾ കാലിയായി നില നിറുത്തുന്ന പ്രവര്ത്തി ഇന്നും ഉണ്ട് .  ആധുനിക മുതലാളിത്തം സ്വീകരിച്ച ഇത്തരം ഗുപ്തമായ നശീകരണ മാര്ഗങ്ങളെ കുറിച്ചാണ് ഇനി ഞാൻ വിവരിക്കാൻ പോകുന്നത്


കരുതികൂട്ടിയുള്ള കാലാഹരണപ്പെടുത്തൽ

എന്റെ ഈ ലേഖനം ആരംഭിച്ച ഇടത്ത് തന്നെ നാം എത്തുകയാണ്.  1984 ഇൽ 20 വര്ഷം കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ നടന്ന ഉപകരണങ്ങളുടെ സ്ഥാനത്ത് ഇന്ന് നമുക്ക് കിട്ടുന്നത്, ദ്രുത ഗതിയിൽ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഉപകരണങ്ങൾ ആണ്.   അതിന്റെ കാരണവും ഞാൻ അവിടെ വിശദമാക്കിയതാണ്.  ഉപഭോക്താവ് എന്ന നിലയിൽ നമുക്കുള്ള ഗുണങ്ങളും ദോഷങ്ങളും ഞാൻ അവിടെ വിശദമാക്കിയത് ഇവിടെ ഒന്ന് കൂടി ആവർത്തിക്കുകയാണ്.  ഒരു വസ്തു അനന്ത കാലം നില നിന്ന് പോയാൽ, ആധുനിക  ശാസ്ത്രം ആ വസ്തുവിൽ ഉണ്ടാക്കിയ ഗുണ പരമായ മാറ്റങ്ങൾ നമുക്ക് അനുഭവിക്കാൻ നാം കുറെ ഏറെ കാത്തിരിക്കേണ്ടി വരും.  ഉദാഹരണത്തിന് ഞാൻ അമ്പതിനായിരം രൂപ കൊടുത്തു ഒരു സാധാരണ ടീ വീ വാങ്ങുകയും  അഞ്ചു വര്ഷം കൊണ്ടു മാർകറ്റിൽ റിമോട്ട് കണ്ട്രോൾ ടീ വീ  വരികയും ചെയ്താൽ, അമ്പതിനായിരം ചിലവാക്കിയ എനിക്ക് ഈ നവീന ഉപകരണം വാങ്ങാൻ പ്രയാസമായിരിക്കും. നേരെ മറിച്ചു ഞാൻ ആദ്യം വാങ്ങിച്ച സാധാരണ ടീ വീ വില കുറഞ്ഞതും ഗുണം കുറഞ്ഞതും , അഞ്ചോ ആറോ വർഷങ്ങൾ മാത്രം നില നില്കുന്നതും ആണെങ്കിൽ അതിന്റെ നാശം എനിക്ക് ഒരു സന്തോഷമാണ്.  കാരണം എനിക്ക് കുറെ കൂടെ സൗകര്യം ഉള്ള പുതിയ ഒരെണ്ണം വാങ്ങാം.  അതായത് കരുതി കൂട്ടിയുള്ള കാലാഹരണപ്പെടുത്തലിനു  ഇങ്ങനെ ഒരു നല്ല വശമുണ്ട്.  പക്ഷെ ആ നല്ല വശം അതോടെ തീരുകയാണ്.  മറ്റുള്ള എല്ലാ തലങ്ങളിലും ഇത് ഉപഭോക്താവിന് വലിയ വലിയ നഷ്ടങ്ങൾ തന്നെ ആണ് ഉണ്ടാക്കുന്നത്.  പക്ഷെ ആ നഷ്ടം ഒരു ലാഭമാക്കുന്ന രീതിയിൽ ആണ് നമ്മുടെ വ്യവസായങ്ങൾ പല പ്രഖ്യാപനങ്ങളും നടത്തുന്നത്.  അതിനു വേണ്ടി മനുഷ്യരിൽ പുതിയ ഒരു മാനസികനില  വളർത്തി എടുക്കാനും മുതലാളിത്തത്തിന് കഴിഞ്ഞു എന്നുള്ളതാണ് നാം ശ്രദ്ധിക്കേണ്ടത്.  ഇത്രയും പറഞ്ഞു കൊണ്ടു ഞാൻ ഫെഷൻ ടെക്നോളജി  എന്ന മാരക ശാസ്ത്രതിലേക്ക് കടക്കുകയാണ്

ഫെഷൻ ടെക്നോളജി എന്ന മാരക ശാസ്ത്രം.

1960 കാലഘട്ടത്തിൽ കാറ് കച്ചവടക്കാരനായ ജനറൽ മോട്ടോർസ് അദ്ധേഹത്തിന്റെ കമ്പനിയിൽ ഒരു പറ്റം ഫെഷൻ ടെക്നോളജിസ്റ്റ് കളെ ജോലിക്കാരായി തിരഞ്ഞെടുത്തപ്പോൾ മറ്റുള്ള കാറ് കച്ചവടക്കാർ അമ്പരന്നു. പൂച്ചക്ക് എന്ത് പൊന്ന് ഉരുക്കുന്നെടത്തു കാര്യം എന്ന് പോലും അവരിൽ പലരും ചോദിച്ചു.  പക്ഷെ 2000 മാണ്ടോട് കൂടി ഫെഷൻ ടെക്നോളജി കാറ് കച്ചവടത്തിനെന്നല്ല മറ്റിതര കച്ചവടങ്ങൾക്കും ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു ഭാഗമായി.  എന്താണ് ഈ ഫെഷൻ ടെക്നോളജി എന്ന ഭീകര ശാസ്ത്രം.  ശരിക്കും പറഞ്ഞാൽ അതിൽ പാതി ഒരു തരം മാനസിക പ്രക്ഷാളനം മാത്രമാണ്.  മറ്റേ പാതി ശാസ്ത്രവും.  മര്യാദക്കു വസ്തുക്കൾ ഉപയോഗിച്ച് ജീവിച്ചു പോകുന്ന മനുഷ്യന് ഒരു സുപ്രാഭാതിൽ താൻ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പ്രവർത്തന ക്ഷമമായ വസ്തുക്കളുടെ നേരെ ഒരു തരം വെറുപ്പ്‌ തോന്നുക. അകാരണമായ ഒരു വെറുപ്പ്‌. ഈ വെറുപ്പിനെ ആണ് നാം ഫെഷൻ ഭ്രമം എന്ന ഓമന പേരിട്ടു വിളിക്കുന്നത്‌.  ഇന്നത്തെ മുതലാളിത്തം ഏറ്റവും അധികം വിലമതിക്കുന്ന ഒരു മാനസിക വൈകല്യം ആണ് ഇത്.  അങ്ങനെ ഉള്ള മാനസിക വൈകല്യത്തിന് അടിപ്പെടുന്ന വ്യക്തി (ഭൂരി ഭാഗം വ്യക്തികളും ഇന്ന് അങ്ങനെ ആയി തീർന്നിരിക്കുന്നു)  തന്റെ മുന്നില് നല്ല നിലയിൽ പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്ന ടീ വീ യോ കാറോ കാലാഹരണ പ്പെട്ടു പോയി എന്നും അതിനാൽ അതിനെ എടുത്തെറിയാൻ സമയമായി എന്നും ചിന്തിക്കാൻ തുടങ്ങുന്നു.  മുതലാളിത്തം ആഗ്രഹിക്കുന്ന നശീകരണ പ്രവണത അങ്ങനെ വ്യക്തിയുടെ സ്വഭാവമായി മാറുന്നു


Friday, 1 May 2015

മരിച്ചു കൊണ്ടിരിക്കുന്ന ഈ ലോകം

1984 ഇൽ ഞാൻ വാങ്ങിയ കറുത്ത ടീ വീ വെറും മൂന്നു കൊല്ലം കൊണ്ടു എനിക്ക് മാറ്റേണ്ടി വന്നു. കാരണം അത് കറുത്തതായിരുന്നു എന്നുള്ള ഒരൊറ്റ കാരണം കൊണ്ടു (ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് ടീ വീ എന്ന ഒരു ജീവി ഇവിടെ ജീവിച്ചിരുന്നു എന്നുള്ള കാര്യം തന്നെ പല കുട്ടികള്ക്കും അറിയില്ല) . പക്ഷെ ആ ടീ വീ വീണ്ടും ഒരു 18 വർഷക്കാലം യാതൊരു കുഴപ്പവും ഇല്ലാതെ നടന്നു പോയി എന്നുള്ള കാര്യം ഞാൻ അത് കൊടുത്ത മനുഷ്യനിൽ നിന്ന് അറിയാൻ കഴിഞ്ഞു. പക്ഷെ ആ പതിനെട്ടു വര്ഷ കാലത്തിനിടക്ക് എനിക്ക് മറ്റു രണ്ടു ടീ വീ കൾ വാങ്ങേണ്ടി വന്നു എന്നതാണ് സത്യം. രെഫ്രിജെരെടരുകളുടെ കാര്യവും അങ്ങനെ തന്നെ. 1995 ഇൽ എന്റെ പെങ്ങൾ വാങ്ങിയ ഈ വസ്തു ഇന്നും കേടു കൂടാതെ നിൽക്കുമ്പോൾ, ഞാൻ 2006 ഇൽ വാങ്ങിയ അതെ വസ്തു കഴിഞ്ഞ കൊല്ലം താറുമാറായി. നാം നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങൾക്കും ഇതേ കഥകൾ തന്നെ പറയാനുണ്ടാകും. നമ്മള് മനുഷ്യന്മ്മാര് പറയുന്നത് പോലെ. എന്റെ അച്ഛൻ നൂറു വയസ്സ് വരെ ജീവിച്ചു ഞാൻ എഴുപതു കടക്കില്ല, എന്റെ മകൻ അൻപതും. യന്ത്രങ്ങളും മനുഷ്യരും ആയുസ്സിന്റെ കാര്യത്തിൽ ഒരേ പാതയിലൂടെ മുന്നോട്ടു പോകുകയാണെന്ന് തോന്നുന്നു.
വ്യവസായങ്ങളുടെ പ്രതിസന്ധി :
മേൽ പറഞ്ഞ ഉദാഹരണത്തിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന പ്രധാനപ്പെട്ട രണ്ടു നിരീക്ഷണങ്ങൾ ഇവയാണ്. 1984 ഇൽ ഉപയോഗ യോഗ്യമായ ഒരു വസ്തു ഒഴിവാക്കാൻ ഞാൻ നിര്ബന്ധിക്കപ്പെടുന്നു. പിന്നീടങ്ങോട്ട് ഉപയോഗ യോഗ്യമായ വസ്തുക്കൾ വളരെ വേഗം ഉപയോഗ ശൂന്യമാകുന്നു. ഇതിൽ ആദ്യത്തേത് മനുഷ്യൻ നേരിടുന്ന പ്രതി സന്ധിയും മറ്റേതു വ്യവസായങ്ങൾ നേരിടുന്ന പ്രതിസന്ധിയിൽ നിന്ന് ഉയിരെടുത്ത മറ്റൊരു പ്രതിസന്ധി ആണെന്നും  വ്യക്തം.
ഉപകരണങ്ങൾ അനന്ത കാലത്തോളം നില നിന്ന് പോയാൽ ഞാൻ ഇന്നും റിമോട്ട് ഇല്ലാത്ത ടീ വീ ഉപയോഗിക്കാൻ നിർബന്ധിക്കപ്പെടുകയോ, അല്ലെങ്കിൽ അതിനെ വലിച്ചെറിയാൻ നിര്ബന്ധിക്കപ്പെടുകയോ ചെയ്യുമായിരുന്നു. മറു വശത്ത് തണുപ്പിക്കുക എന്ന കര്മ്മം മാത്രം ചെയ്യുന്ന ഈ ഫ്രിഡ്ജ് , വളരെ വേഗം ഇല്ലാതായി പോയാൽ ഞാൻ അതിന്റെ സാമ്പത്തികബാധ്യത ഏറ്റെടുക്കുകയും വേണം. ടീ വീ പത്തു വര്ഷം മാത്രം നില നില്ക്കുകയും, ഫ്രിഡ്ജ് ഇരുപതു വര്ഷം നില നില്ക്കുകയും ചെയ്തിരുന്നു എങ്കിൽ എത്ര നന്നായിരുന്നു എന്ന് എനിക്ക് ചിലപ്പോൾ തോന്നാറുണ്ട്. പക്ഷെ അത് കൊണ്ടു പ്രശ്നം തീരുമോ. ഇല്ല എന്നാണു നമ്മുടെ വര്ത്തമാന കാല അനുഭവങ്ങൾ കാണിക്കുന്നത്

പൂരിതമാകുന്ന മാർകറ്റ്‌
നൂറു പേര് മാത്രം ജീവിക്കുന്ന ഒരു ലോകം ആലോചിക്കുക. അവിടെ ഒരു ഫ്രിജ് കമ്പനി ഉണ്ടെന്നും ധരിക്കുക. ഓരോ ഫ്രിജും ഇരുപതു കൊല്ലം നില നില്ക്കും എന്നും കമ്പനി ഒരു വര്ഷം അമ്പതു ഫ്രിജ് ഉത്പാദിപ്പിക്കും എന്നും ധരിക്കുക. അപ്പോൾ രണ്ടാം വര്ഷം അവസാനത്തോടെ എല്ലാവര്ക്കും ഫ്രിജ് എന്ന വസ്തു കിട്ടി കഴിഞ്ഞു. ഇനി അടുത്ത ഇരുപതു വർഷക്കാലം കമ്പനി അടച്ചിടാം. അല്ലെങ്കിൽ വെറും റിപ്പയർ എന്ന തൊഴില് കൊണ്ടു മാത്രം ജീവിച്ചു പോകണം. കോടികൾ മുടക്കിയത് ഇരുപതു കൊല്ല കാലത്തേക്ക് വെറുതെ ഇടണം എന്ന് അർഥം. അപ്പോൾ നിങ്ങള്ക്ക് എന്തൊക്കെ പരിഹാരങ്ങൾ നിർദേശിക്കാം. അതെ പലതും നിർദേശിക്കാം. ലോകത്തിനു പുറത്തു മറ്റൊരു ലോകം ഉണ്ടെന്നു അന്വേഷിച്ചു അവിടെ ഈ ഫ്രിജ് ചിലവാക്കാൻ ശ്രമിക്കാം(പുതിയ മാർകറ്റ്‌ കണ്ടെത്തൽ). ഒരാളോട് തന്നെ ഒന്നിലധികം ഫ്രിജ് ഉപയോഗിക്കാൻ പറയാം (അത്യുപയോഗം). ഫ്രിജ് ഉണ്ടാക്കുകയും മറ്റൊരു വശത്ത് നശിപ്പിക്കുകയും ചെയ്യൽ (കരുതി കൂട്ടിയുള്ള നശീകരണം. ഇത് പോലും ലോകത്ത് നടന്നിട്ടുണ്ട്). ഏറ്റവും പ്രധാനമായ മറ്റൊന്ന് കാലാഹരണപ്പെടുത്തൽ.(കരുതികൂട്ടിയുള്ള കാലാഹര പ്പെടുത്തൽ എന്നത് എല്ലാ വ്യവസായങ്ങളും പ്രാവർത്തിക മാക്കുന്ന ഒരു നശീകരണ പ്രക്രിയയാണ് )

മേൽ പറഞ്ഞ എല്ലാ പ്രക്രിയകളും പല പല രൂപങ്ങളിൽ ഇന്ന് നമ്മുടെ സമൂഹത്തിൽ നില നിന്ന് പോകുന്നു എന്നുള്ളത് സത്യമാണ്.  ഘന വ്യവസായങ്ങൾ അതെ പടി നില നിന്ന് പോകണമെങ്കിൽ ഇത്തരം ഒരു വിട്ടു വീഴ്ചക്ക് മാനവകുലം കൂട്ട് നില്ക്കേണ്ടി വരുന്നു എന്നുള്ളത് വേദനാ ജനകമായ ഒരു പരമാർത്ഥം ആണ് .

പുതിയ മാർകറ്റുകൾ :-
ആമസോണ്‍ കാടുകളിലെ ആദി വാസികൾക്കിടയിൽ ഫ്രിജ് ചിലവാക്കുന്നതിനെ കുറിച്ച് പോലും നമ്മുടെ വ്യവസായങ്ങൾ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് ഞാൻ സംശയിക്കുന്നു. അവർക്ക് അതിനു വേണ്ട വാങ്ങൽ കഴിവ് സൃഷ്ടിക്കാൻ മാത്രം പ്രകൃതി വിഭവങ്ങൾ അവിടെ ഉണ്ടെന്നും അവ അടിച്ചെടുക്കാൻ അവരുടെ പുതിയ പുതിയ ആഗ്രഹങ്ങൾ തങ്ങളെ സഹായിക്കും എന്നും വ്യവസായ ബുദ്ധി ജീവികൾക്ക് നന്നായി അറിയാം. അപ്പോൾ ആകെ വേണ്ടത് അവരിൽ പുതിയ ആഗ്രഹങ്ങൾ സൃഷ്ടിചെടുക്കുകയാണ്. ഓരോരുത്തന്റെയും വീട്ടിൽ ഓരോ ടീ വീ വെറുതെ കൊടുത്താൽ ആ പ്രശ്നം എളുപ്പം പരിഹരിക്കാം.