Saturday, 2 May 2015

മരിച്ചു കൊണ്ടിരിക്കുന്ന ഈ ലോകം 2

അമിത ഉപഭോഗം :

മുൻപൊരിക്കൽ അമേരിക രൂക്ഷമായ ഒരു വ്യാവസായിക തകര്ച്ചയിലേക്ക് നീങ്ങിയപ്പോൾ അവിടെ കേട്ട ഒരു മുദ്രാവാക്യം ഇതായിരുന്നു 'കൂടുതൽ സാധനങ്ങൾ ഉപയോഗിച്ച് രാജ്യത്തെ രക്ഷിക്കുക' എന്ന്.  വ്യവസായങ്ങൾ തകര്ന്നു പോകാൻ ഒരു കാരണം, മാർകറ്റിൽ വസ്തുക്കൾ കുന്നു കൂടുകയും അത് തിന്നു തീര്ക്കാൻ മാത്രം ആളുകള് ഇല്ലാതിരിക്കുകയും ചെയ്യുന്നത് കൊണ്ടാണ്.  അപ്പോൾ കൂടുതൽ ഉപഭോഗിച്ചു കൊണ്ടു നമുക്ക് വ്യവസായത്തെ താങ്ങി നിർത്താം.  അപ്പോൾ ഇന്നത്തെ അമിതമായ  ഉപഭോഗം , മനുഷ്യനിൽ സൃഷ്ടിച്ചെടുത്ത ഒരു സ്വഭാവം തന്നെയാണ്.  വ്യവാസായങ്ങളുടെ നില നില്പ്പിനു വേണ്ടി അവ തന്നെ ചെയ്തു വച്ച ഒരു കടും കൈ ആണ് അത്.  മുതലാളിത്തം എന്നും അങ്ങനെ ആയിരുന്നു.  അതിന്റെ വളര്ച്ചയ്ക്ക് ഉതകുന്ന രീതിയിൽ മനുഷ്യന്റെ സ്വഭാവം മാറ്റി മറിക്കുകയാണ് എന്നും  അത് ചെയ്തിട്ടുള്ളത്.  മാർകറ്റിൽ സാധനങ്ങൾ കുറഞ്ഞിരുന്ന കാലത്ത്  (മുതലാളിത്തത്തിന്റെ പ്രാരംഭ ഘട്ടത്തിൽ) അവ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്.   മാർകറ്റിൽ ചരക്കുകൾ കുന്നു കൂടാൻ തുടങ്ങിയപ്പോൾ അവ വായ്പകൾ നിയന്ത്രണ രഹിതമാക്കി.


കരുതി കൂടിയുള്ള നശീകരണം

1933 ഇൽ റൂസ് വെൽറ്റ് അമേരിക്കൻ പ്രസിഡന്റ്‌ ആയിരുന്ന വേളയിൽ അന്നത്തെ ഭീകരമായ വില തകര്ച്ചയെ നേരിടാൻ വേണ്ടി അദ്ദേഹം ചെയ്ത ഒരു കാര്യം ധാന്യങ്ങൾ നശിപ്പിച്ചു അവയുടെ വില നില നിർത്തുക എന്നുള്ളതായിരുന്നു.   അമിതോല്പാദനം തടയാൻ വേണ്ടി കൃഷി ഭൂമികൾ കാലിയായി ഇടാനും അദ്ദേഹം നിർദേശിച്ചു. മാർകറ്റിൽ ചരക്കുകൾ കുന്നുകൂടുന്നതിനും അത് മൂലം വില കുറയുന്നതിനും ഉള്ള പ്രതിവിധിയായി മുതലാളിത്തം കണ്ടെത്തിയ മാര്ഗം ഇതാണ്. ഇന്ന്  ഇത്തരം നേരിട്ടുള്ള നശീകരണ പ്രവണത അത് പോലെ തുടരുന്നില്ല എങ്കിലും, ഗുപ്തമായ രീതിയിൽ നശീകരണം തുടരുക തന്നെ ചെയ്യുന്നുണ്ട്.  പോരാത്തതിന് കൃഷി ഭൂമികൾ കാലിയായി നില നിറുത്തുന്ന പ്രവര്ത്തി ഇന്നും ഉണ്ട് .  ആധുനിക മുതലാളിത്തം സ്വീകരിച്ച ഇത്തരം ഗുപ്തമായ നശീകരണ മാര്ഗങ്ങളെ കുറിച്ചാണ് ഇനി ഞാൻ വിവരിക്കാൻ പോകുന്നത്


കരുതികൂട്ടിയുള്ള കാലാഹരണപ്പെടുത്തൽ

എന്റെ ഈ ലേഖനം ആരംഭിച്ച ഇടത്ത് തന്നെ നാം എത്തുകയാണ്.  1984 ഇൽ 20 വര്ഷം കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ നടന്ന ഉപകരണങ്ങളുടെ സ്ഥാനത്ത് ഇന്ന് നമുക്ക് കിട്ടുന്നത്, ദ്രുത ഗതിയിൽ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഉപകരണങ്ങൾ ആണ്.   അതിന്റെ കാരണവും ഞാൻ അവിടെ വിശദമാക്കിയതാണ്.  ഉപഭോക്താവ് എന്ന നിലയിൽ നമുക്കുള്ള ഗുണങ്ങളും ദോഷങ്ങളും ഞാൻ അവിടെ വിശദമാക്കിയത് ഇവിടെ ഒന്ന് കൂടി ആവർത്തിക്കുകയാണ്.  ഒരു വസ്തു അനന്ത കാലം നില നിന്ന് പോയാൽ, ആധുനിക  ശാസ്ത്രം ആ വസ്തുവിൽ ഉണ്ടാക്കിയ ഗുണ പരമായ മാറ്റങ്ങൾ നമുക്ക് അനുഭവിക്കാൻ നാം കുറെ ഏറെ കാത്തിരിക്കേണ്ടി വരും.  ഉദാഹരണത്തിന് ഞാൻ അമ്പതിനായിരം രൂപ കൊടുത്തു ഒരു സാധാരണ ടീ വീ വാങ്ങുകയും  അഞ്ചു വര്ഷം കൊണ്ടു മാർകറ്റിൽ റിമോട്ട് കണ്ട്രോൾ ടീ വീ  വരികയും ചെയ്താൽ, അമ്പതിനായിരം ചിലവാക്കിയ എനിക്ക് ഈ നവീന ഉപകരണം വാങ്ങാൻ പ്രയാസമായിരിക്കും. നേരെ മറിച്ചു ഞാൻ ആദ്യം വാങ്ങിച്ച സാധാരണ ടീ വീ വില കുറഞ്ഞതും ഗുണം കുറഞ്ഞതും , അഞ്ചോ ആറോ വർഷങ്ങൾ മാത്രം നില നില്കുന്നതും ആണെങ്കിൽ അതിന്റെ നാശം എനിക്ക് ഒരു സന്തോഷമാണ്.  കാരണം എനിക്ക് കുറെ കൂടെ സൗകര്യം ഉള്ള പുതിയ ഒരെണ്ണം വാങ്ങാം.  അതായത് കരുതി കൂട്ടിയുള്ള കാലാഹരണപ്പെടുത്തലിനു  ഇങ്ങനെ ഒരു നല്ല വശമുണ്ട്.  പക്ഷെ ആ നല്ല വശം അതോടെ തീരുകയാണ്.  മറ്റുള്ള എല്ലാ തലങ്ങളിലും ഇത് ഉപഭോക്താവിന് വലിയ വലിയ നഷ്ടങ്ങൾ തന്നെ ആണ് ഉണ്ടാക്കുന്നത്.  പക്ഷെ ആ നഷ്ടം ഒരു ലാഭമാക്കുന്ന രീതിയിൽ ആണ് നമ്മുടെ വ്യവസായങ്ങൾ പല പ്രഖ്യാപനങ്ങളും നടത്തുന്നത്.  അതിനു വേണ്ടി മനുഷ്യരിൽ പുതിയ ഒരു മാനസികനില  വളർത്തി എടുക്കാനും മുതലാളിത്തത്തിന് കഴിഞ്ഞു എന്നുള്ളതാണ് നാം ശ്രദ്ധിക്കേണ്ടത്.  ഇത്രയും പറഞ്ഞു കൊണ്ടു ഞാൻ ഫെഷൻ ടെക്നോളജി  എന്ന മാരക ശാസ്ത്രതിലേക്ക് കടക്കുകയാണ്

ഫെഷൻ ടെക്നോളജി എന്ന മാരക ശാസ്ത്രം.

1960 കാലഘട്ടത്തിൽ കാറ് കച്ചവടക്കാരനായ ജനറൽ മോട്ടോർസ് അദ്ധേഹത്തിന്റെ കമ്പനിയിൽ ഒരു പറ്റം ഫെഷൻ ടെക്നോളജിസ്റ്റ് കളെ ജോലിക്കാരായി തിരഞ്ഞെടുത്തപ്പോൾ മറ്റുള്ള കാറ് കച്ചവടക്കാർ അമ്പരന്നു. പൂച്ചക്ക് എന്ത് പൊന്ന് ഉരുക്കുന്നെടത്തു കാര്യം എന്ന് പോലും അവരിൽ പലരും ചോദിച്ചു.  പക്ഷെ 2000 മാണ്ടോട് കൂടി ഫെഷൻ ടെക്നോളജി കാറ് കച്ചവടത്തിനെന്നല്ല മറ്റിതര കച്ചവടങ്ങൾക്കും ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു ഭാഗമായി.  എന്താണ് ഈ ഫെഷൻ ടെക്നോളജി എന്ന ഭീകര ശാസ്ത്രം.  ശരിക്കും പറഞ്ഞാൽ അതിൽ പാതി ഒരു തരം മാനസിക പ്രക്ഷാളനം മാത്രമാണ്.  മറ്റേ പാതി ശാസ്ത്രവും.  മര്യാദക്കു വസ്തുക്കൾ ഉപയോഗിച്ച് ജീവിച്ചു പോകുന്ന മനുഷ്യന് ഒരു സുപ്രാഭാതിൽ താൻ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പ്രവർത്തന ക്ഷമമായ വസ്തുക്കളുടെ നേരെ ഒരു തരം വെറുപ്പ്‌ തോന്നുക. അകാരണമായ ഒരു വെറുപ്പ്‌. ഈ വെറുപ്പിനെ ആണ് നാം ഫെഷൻ ഭ്രമം എന്ന ഓമന പേരിട്ടു വിളിക്കുന്നത്‌.  ഇന്നത്തെ മുതലാളിത്തം ഏറ്റവും അധികം വിലമതിക്കുന്ന ഒരു മാനസിക വൈകല്യം ആണ് ഇത്.  അങ്ങനെ ഉള്ള മാനസിക വൈകല്യത്തിന് അടിപ്പെടുന്ന വ്യക്തി (ഭൂരി ഭാഗം വ്യക്തികളും ഇന്ന് അങ്ങനെ ആയി തീർന്നിരിക്കുന്നു)  തന്റെ മുന്നില് നല്ല നിലയിൽ പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്ന ടീ വീ യോ കാറോ കാലാഹരണ പ്പെട്ടു പോയി എന്നും അതിനാൽ അതിനെ എടുത്തെറിയാൻ സമയമായി എന്നും ചിന്തിക്കാൻ തുടങ്ങുന്നു.  മുതലാളിത്തം ആഗ്രഹിക്കുന്ന നശീകരണ പ്രവണത അങ്ങനെ വ്യക്തിയുടെ സ്വഭാവമായി മാറുന്നു


No comments:

Post a Comment