മനുഷ്യ ജീവിതം അനുദിനം സങ്കീർണമായി കൊണ്ടിരിക്കുകയാണെന്ന് നാം പറയാരുടെങ്കിലും , നിത്യ ജീവിതത്തിലെ ആത്മീയ ഭൌതിക വ്യവഹാരങ്ങളിൽ നമ്മുടെ ജീവിതം കൂടുതൽ കൂടുതൽ എളുപ്പമായി കൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം. പല കാര്യങ്ങളിലും ഇന്ന് ഞാൻ മുൻപെന്ന പോലെ ആയാസപ്പെടെണ്ടി വരുന്നില്ല. ഉദാഹരണമായി എന്റെ ചെറുപ്പ കാലവും ഇന്നുമായി താരതമ്യ പ്പെടുത്തുമ്പോൾ എനിക്ക് മനസ്സിലാകുന്നത് ഇതൊക്കെ ആണ്. രാവിലെ ഞാൻ കിണറ്റിൽ നിന്ന് വെള്ളം കോരി കുളിക്കുന്നു, നടന്നു കൊണ്ടു സ്കൂളിൽ പോകുന്നു , പല്ല് തേക്കാൻ വേണ്ടി ഉപ്പും കുരുമുളകും, ചിലപ്പോൾ ഉമിക്കരിയും ചേർത്തുള്ള മിശ്രിതം സ്വയം ഉണ്ടാക്കുകയും, പല്ല് വേദന വന്നാൽ പല്ല് സ്വന്തം കൈ കൊണ്ടോ മറ്റുള്ളവരുടെ സഹായത്തോടെയോ പിഴുതെടുക്കുകയും ചെയ്യുന്നു. പാഠങ്ങൾ സ്ലേറ്റിൽ എഴുതുകയും മായ്ക്കുകയും, പുസ്തകങ്ങൾ തോളിലേന്തി നടക്കുകയും, കണക്കുകൾ കൂട്ടുകയും എല്ലാം ഒര്മ്മിച്ചു വെക്കുകയും ചെയ്യുന്നു. ഇങ്ങനെ നോക്കിയാൽ ആയാസകരമായ ഭൌതിക ആത്മീയ വ്യവഹാരങ്ങളെ കുറിച്ച് പറഞ്ഞാൽ ഒടുങ്ങില്ല. ഇന്നാണെങ്കിൽ ഞാൻ രാവിലെ എഴുന്നേറ്റു ടാപ്പ് തുറന്നാൽ വെള്ളം എന്റെ ശരീരത്തിന്റെ എല്ലാ ഭാഗത്ത് കൂടെയും ഒഴുകി കഴിഞ്ഞു, പല്ല് തേക്കാൻ വേണ്ടി സുന്ദരമായ പ്ലാസ്റ്റിക് കൂടുകളിൽ അടച്ചു വെച്ച ചില വസ്തുക്കൾ പിഴിഞ്ഞെടുക്കാൻ പാകത്തിൽ എന്റെ മുന്നില് പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നു. പല്ല് വേദന വരുമ്പോൾ പല്ല് കളെ പിഴുതെടുക്കാൻ യന്ത്രങ്ങൾ തയ്യാറായി കഴിഞ്ഞു. സ്കൂളിൽ പോകാൻ വേണ്ടി എന്റെ കാലുകൾ ചലിക്കണം എന്നില്ല, അതിനു പകരം ഒരു യന്ത്രം എനിക്ക് വേണ്ടി ചലിച്ചു കൊണ്ടിരിക്കുന്നു. പാഠങ്ങൾ എഴുതിയില്ലെങ്കിലും വലിയ കുഴപ്പമില്ല എന്ന രീതിയിൽ അവ, അച്ചടിക്കപ്പെട്ട ഗൈഡ് കൾ ആയി എന്റെ മുന്നിൽ പരന്നു കിടക്കുന്നു. കണക്കു കൂട്ടാൻ ഇനി നീ പഠിക്കേണ്ട എന്ന് പറയുന്ന വിധം തൊട്ടു കൂട്ടാനുള്ള ഒരു യന്ത്രം എന്നും എന്റെ കീശകളിൽ ഒളിഞ്ഞിരിക്കുന്നു. നിനക്ക് ഓർമ്മയോ, ബോധമോ പോലും ഇല്ലെങ്കിലും ഇനി നിന്നിലെ ഇവ രണ്ടിനെയും ഞാൻ കാത്തു കൊള്ളാം എന്ന രീതിയിൽ എന്റെ മുന്നിൽ കമ്പ്യൂട്ടർ അന്ന അത്ബുധം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. പ്രാചീന മനുഷ്യൻ സ്വപ്നം പോലും കാണാൻ പേടിച്ചിരുന്ന എളുപ്പങ്ങൾ എന്റെ വഴികളിൽ എമ്പാടും പടർന്നു കയറുകയും, എന്നെ വരിഞ്ഞു മുറുക്കുകയും ചെയ്തിരിക്കുന്നു. ഞാൻ അലസനായ ഒരു മനുഷ്യനായി എന്റെ ചാര് കസേരയിൽ കിടന്നാൽ മതി എന്ന നിലയിൽ കാര്യങ്ങൾ എത്തി ചേർന്നിരിക്കുന്നു. പക്ഷെ മനുഷ്യ പരിണാമം പഠിച്ച എനിക്കറിയാം, ഉപയോഗ ശൂന്യമായ എന്തും മനുഷ്യ ശരീരത്തിൽ നിന്ന് കാല ക്രമേണ അപ്രത്യക്ഷമാവും എന്ന്. നടക്കാതിരുന്നാൽ എനിക്ക് ശേഷം വരുന്നവൻ കാലുകൾ ഇല്ലാതെയും, ചിന്തിക്കാതിരുന്നാൽ എനിക്ക് ശേഷം വരാനിരിക്കുന്നവൻ ബുദ്ധി ഇല്ലാതെയും ജനിക്കേണ്ടി വരും. അപ്പോൾ എനിക്ക് നടന്നെ പറ്റൂ. ചിന്തിച്ചേ പറ്റൂ. പക്ഷെ ഇവിടെ നടക്കാൻ വേണ്ട കാരണമോ, ചിന്തിക്കാൻ വേണ്ട ചിന്തകളോ ഇല്ല. അപ്പോൾ ഇനി അങ്ങോട്ട് ഞാൻ നടക്കാൻ കാരണങ്ങളും, ചിന്തിക്കാൻ ചിന്തകളും കണ്ടെത്തേണ്ടി ഇരിക്കുന്നു. ഇന്ന് മനുഷ്യന്റെ ജീവിതം കുറെ ഏറെ അത്തരത്തിൽ തന്നെ ആയി പരിണമിച്ചിരിക്കുന്നു. കുറെ പേര് ബസ്സുകൾ ഉണ്ടാക്കുകയും കുറെ പേര് അത് എറിഞ്ഞു ഉടക്കുകയും ചെയ്യുന്നത് ഇത്തരത്തിലുള്ള കാരണങ്ങൾ ഉണ്ടാക്കലിന്റെ മാതൃകയായി എനിക്ക് തോന്നുന്നു. കുറെ പേര് വേലി ഉണ്ടാക്കുകയും, കുറെ പേര് അത് പൊളിച്ചു മാറ്റുകയും ചെയ്യുന്നത് പോലെ, ഇത്തരം സൃഷ്ടിയിലൂടെയും സംഹാരത്തിലൂടെയും നാം നമ്മെ കർമ്മ നിരതരാക്കി നിർത്തുന്നു. ആത്മീയ തലത്തിൽ നാം ദിറ്റക്റ്റിവ് ഗെമുകൾ കണ്ടു പിടിച്ചു അവ നിർദ്ധാരണം ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. നാം മനുഷ്യ ജീവിതത്തിൽ ഇന്ന് ഉണ്ടെന്നു പറയുന്ന സങ്കീർണത ഇപ്പറഞ്ഞ രീതിയിലുള്ള സങ്കീർണതയാണ്. നടത്തം മറന്നു പോകുന്നവൻ വ്യായാമത്തിന് വേണ്ടി നടക്കാൻ തുടങ്ങുകയും, അതിനെ വീണ്ടും സങ്കീർണ്ണമാക്കാൻ വീട്ടിലെ ആറടി ഭൂമിയിൽ നടക്കാനുതകുന്ന രീതിയിൽ ഉള്ള നടപ്പ് യന്ത്രം കണ്ടു പിടിക്കുകയും ചെയ്തത് പോലെ ഉള്ള സങ്കീർണത . ഇനി മുതൽ അവൻ നടത്തതെക്കാൾ കൂടുതൽ വേവലാതി പെടുന്നത് ഇടയ്ക്കിടെ പണി മുടക്കുന്ന തന്റെ നടപ്പ് യന്ത്രത്തെ കുറിച്ചായിരിക്കും. ഇനി മുതൽ അവന്റെ ഉറക്കം നഷ്ടപ്പെടുത്തുന്നത് അവന്റെ ചിന്തകളും, ഓർമ്മകളും സ്വരൂപിച്ചു വച്ചിട്ടുള്ള അവന്റെ ബുദ്ധി യന്ത്രന്തിന്റെ ബുദ്ധി യാദ്രിചികമായി നഷ്ടപ്പെട്ടു പോയത് തിരിച്ചു കിട്ടാൻ വല്ല വഴിയും ഉണ്ടോ എന്ന ആലോചനയിൽ ആയിരിക്കും. എളുപ്പമായി ജീവിച്ചു പോകുന്ന മനുഷ്യന്റെ ജീവിതം കൂടുതൽ കൂടുതൽ സങ്കീർണ്ണമാവുന്നത് ഇങ്ങനെ ഒക്കെ ആണ്
No comments:
Post a Comment