Saturday, 16 May 2015

ഡിജിറ്റൽ ക്യാമറയും മനുഷ്യന്റെ നാവും

വിഡ്ഢിത്തരങ്ങൾ പറയുന്നവരെ എനിക്ക് വളരെ ഇഷ്ടമാണ്.  കാരണം ഞാനും പലപ്പോഴും പല പല വിഡ്ഢിത്തങ്ങളും പറയാറുള്ള മനുഷ്യനാണ്.  ഒരു നല്ല മനുഷ്യൻ എന്ന നിലയിൽ ഞാനോ നിങ്ങളോ ചെയ്യേണ്ടത് ഇത്രമാത്രമാണ്.  ആരെങ്കിലും എന്റെയോ നിങ്ങളുടെയോ വിഡ്ഢിത്തങ്ങൾ ചൂണ്ടി കാണിച്ചാൽ അത് അങ്ങീകരിക്കുകയും യാതാര്ത്യം എന്തെന്ന് ചോദിച്ചു മനസ്സിലാക്കുകയും ചെയ്യുക..  പക്ഷെ നല്ലവരായ ആളുകള് ആരും തന്നെ നമ്മുടെ വിഡ്ഢിത്തങ്ങൾ ചൂണ്ടി കാണിക്കുകയില്ല എന്നതാണ് സത്യം.  കാരണം നാം പറയുന്ന വിഡ്ഢിത്തങ്ങൾ നാളെ സത്യമായേക്കാം എന്ന് അവർ ഭയപ്പെടുന്നു.   ഭൂമി ഉരുണ്ടതാണ് എന്ന് പറഞ്ഞ മനുഷ്യനെ കൂക്കി വിളിച്ചു അക്കിടി പറ്റിയതിനു ശേഷം ഇവിടെ ഉള്ള ബുദ്ധി ജീവികൾ അങ്ങനെ ആണ്. എല്ലാറ്റിനോടും ഒരു തരം സംശയ മനോഭാവം. പരമമായ സത്യം പറഞ്ഞ ഒരു മനുഷ്യനെ നമ്മുടെ പൂർവികര്  ഒരു വിഡ്ഢിയെ എന്ന പോലെ കുരിശിൽ ഏറ്റി കൊല്ലുകയും ചെയ്തിട്ടുണ്ട്.  ഇനി അത്തരം അബദ്ധങ്ങൾ ഒന്നും വരാതെ നോക്കേണ്ടത് നമ്മുടെ ബുദ്ധി ജീവികളുടെ കടമയാണ് .  അപ്പിള് എല്ലാ കാലവും താഴേക്കു വീഴണം എന്നില്ല എന്നും ചിലപ്പോൾ ചിലവ മേലോട്ടെക്ക് പൊയെക്കാമെന്നും നിങ്ങൾ പറഞ്ഞാൽ , അത് പോലും അവർ തലകുലുക്കി സമ്മതിച്ചു തരും.  കാരണം സാധ്യതാ ശാസ്ത്രം അവരെ പഠിപ്പിച്ചത് ഒരു സത്യത്തിനും നൂറു ശതമാനം സാധ്യത ഇല്ല എന്നാണു.   അപ്പോൾ നാം ഇന്ന് പറയുന്ന വിഡ്ഢിത്തങ്ങൾ അവരെ ചോടിപ്പിക്കുന്നില്ല.  പക്ഷെ ഇത് ഞാൻ ഇവിടെ പറയുന്നതിന് മുൻപ് തന്നെ നമ്മുടെ ഒരു കവി ഇത്തരത്തിൽ എന്തോ പാടിയതായി ഇത്തരുണത്തിൽ ഞാൻ ഓർക്കുന്നു. പണ്ടു കാലത്തും എന്നെ പോലെ ചിന്തിക്കുന്ന മനുഷ്യർ ഉണ്ടായിരുന്നു എന്ന അറിവ് എന്നെ ഹര്ഷ പുളകിതനാക്കുന്നു.

ഒരാൾ പറയുന്ന അനേക വിഡ്ഢിത്തങ്ങളും ഒരാൾ ഡിജിറ്റൽ ക്യാമറയിൽ പകര്ത്തുന്ന അനേകം ഫോട്ടോകളും ഒരു പോലെ ആണ്.  നിങ്ങൾ പറയുന്ന അനേകം വിഡ്ഢിത്ത ങ്ങളിൽ ഏതെങ്കിലും ഒന്ന് പരമമായ സത്യം ആയി തീരാൻ ഇടയുണ്ട്.  ഒരു ബടുക്കൂസ് തന്റെ ഡിജിറ്റൽ ക്യാമറയിൽ എടുക്കുന്ന ആയിരക്കണക്കിനു ഫോട്ടോകളിൽ ഒന്ന് വിശ്വോത്തര ഫോട്ടോ ആകാൻ സാധ്യത ഉള്ളത് പോലെ.

അപ്പോൾ ഒരു ഡിജിറ്റൽ ക്യാമറ കയ്യിലുള്ളവൻ കണ്ട പോത്തിന്റെയും പൂച്ചയുടെയും ആയിരക്കണക്കിന് ചിത്രങ്ങൾ ഒരു ചിലവും ഇല്ലാതെ എടുത്തു കൊണ്ടിരിക്കുന്നത് പോലെ, നമ്മളും നമ്മളാൽ കഴിയുന്ന വിഡ്ഢിത്തങ്ങൾ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കണം.  അതിലേതെങ്കിലും  ഒന്ന് എപ്പോഴാണ് ഒരു മഹദ് വചനം  ആകുന്നതു എന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ.

No comments:

Post a Comment