Sunday, 3 May 2015

മണ്ടോടിയുടെ ജീവ ചരിത്രം

ഇത് ഒരു തറവാടിന്റെ ചരിത്രമല്ല.  തറവാടിന്റെ ഹൃദയം തൊട്ടറിഞ്ഞ ഒരു വ്യക്തിയുടെ ചരിത്രം മാത്രമാണ്.  മറവി രോഗത്തിന്റെ ആക്രമണത്തിൽ മെല്ലെ മെല്ലെ മനസ്സിൽ നിന്ന് ചരിത്രം മായുന്ന ഈ വേളയിൽ ഇവിടെ കുറിച്ചിടുന്നതൊന്നും പൂർണ്ണമാകില്ല എന്ന് അറിയാമെങ്കിലും ആ അപൂർണതയാകാം ചിലപ്പോൾ ഇതിന്റെ സൌന്ദര്യം

ഒരാള് സ്വന്തം ചരിത്രം എഴുതുന്നതിനെ സാധാരണയായി ആത്മ കഥ എന്നാണു പറയുക.  പിന്നെ ഇതിനെ എന്ത് കൊണ്ടു ജീവ ചരിത്രം എന്ന് വിളിക്കുന്നു എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം വളരെ ലളിതമാണ്. ഞാൻ എഴുതുന്നത്‌ എന്റെ ചരിത്രമല്ല, ഞാൻ ആയി തീര്ന്ന മറ്റൊരു മനുഷ്യന്റെ ചരിത്രമാണ്.  അതിൽ ഒരല്പം ബുദ്ധമത തത്വ ചിന്ത കലർന്നിട്ടുണ്ട് എന്ന് നിങ്ങൾ സംശയിക്കുന്നു എങ്കിൽ അത് സത്യം തന്നെയാണ്.  മാത്രവുമല്ല ഇത് ഒരിക്കലും എന്റെ സമൂല ചരിത്രവും ആയിരിക്കാൻ ഇടയില്ല.  കാരണം എന്റെ ഓർമ്മകൾ വളരെ വളരെ മങ്ങി തുടങ്ങിയിരിക്കുന്നു.  എനിക്ക് ഒരു ചെറുപ്പം ഉണ്ടായിരുന്നോ എന്ന് കൂടി ഞാൻ സംശയിച്ചു തുടങ്ങിയേക്കും എന്ന് ഞാൻ സംശയിക്കുന്നു.  അത് എന്റെ അസ്തിത്വത്തെ പൂര്ണമായും വലയം ചെയ്യുന്നതിന് മുൻപേ ഈ എഴുത്ത് ആരംഭിക്കണം എന്ന് ഞാൻ നിശ്ചയിച്ചതാണ്.  ഇല്ലാത്ത ബാല്യത്തെ കുറിച്ച് ആർക്കും എഴുതാൻ ആവില്ലല്ലോ.

ആരംഭം അഥവാ ജനനം.:

ചരിത്ര പുസ്തകങ്ങളിൽ (എസ് എസ് എൽ സീ ബുക്ക്‌) മണ്ടോടിയുടെ ജനനം 1954 നവംബർ 23 ആണെന്ന് കാണുന്നുണ്ടെങ്കിലും, അദ്ധേഹത്തിന്റെ ജനനത്തെ തുടർന്നു എഴുതപ്പെട്ട ജാതകം എന്ന മറ്റൊരു ചരിത ഗ്രന്ഥത്തിൽ അത് പിൻ വര്ഷം ഓഗസ്റ്റ്‌ മാസം 16 ആണെന്ന് കാണുന്നു.  പ്രസ്തുത വര്ഷത്തെ സ്വാതന്ത്ര്യ ദിന ചിന്തകൾ അസ്തമിച്ചു തളര്ന്നു കിടന്നു പിറ്റേന്ന്  എഴുന്നേറ്റ ജനങ്ങള് ശ്രവിച്ചത് ഇദ്ദേഹത്തിന്റെ ജനനത്തെ കുറിച്ചായിരുന്നു എന്ന് അർഥം..

ഭാഷയില്ലാത്ത ആദ്യ കാലം നമ്മുടെ സ്മൃതി പഥങ്ങൾക്ക് പുറത്താണ്.  ഒരു വയസ്സ് വരെ ഉള്ള ജീവിതം മിക്കവാറും ഒരാളുടെയും ഓർമ്മയിൽ ഉണ്ടാകില്ല.  ഏതൊരാളും തന്റെ ജീവിതത്തിൽ താൻ ഓർമിക്കുന്ന ആദ്യ സംഭവം ഏതെന്നു ഒരിക്കലെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടാകും.  പക്ഷെ സംഭവങ്ങൾ മേൽക്ക്‌ മേൽ കുമിഞ്ഞു നിൽകുന്നു എന്ന് ഇവിടെ നിന്ന് നോക്കിയാൽ നമുക്ക് തോന്നും എന്നതിനാൽ അവയുടെ ക്രമം നമ്മുടെ അറിവിന്‌ പുറത്തായി പോകുന്നു. എന്റെ മനസ്സിലെ അതി പ്രാചീനമായ ഒരു ഓർമ്മ രാജാറാം തിയെട്ടരിൽ അച്ഛനോടൊപ്പം ഏതോ ഒരു സിനിമയ്ക്കു പോയതാണ്. സിനിമ ഏതാണ് എന്ന് പോലും എനിക്ക്  ഓർമ്മയില്ല.  തിയെറ്റർ അമ്പലത്തിനു അടുത്തായിരുന്നു എന്ന് ഇപ്പോഴും ഞാൻ ഓർക്കുന്നു. ഒരിക്കൽ അമ്പലത്തിൽ പോയപ്പോൾ 'പൂജാരീ' എന്ന് ഉറക്കെ വിളിക്കാൻ അച്ഛൻ പറഞ്ഞതും,  ഞാൻ അങ്ങനെ ചെയ്തതും, അകലെ നിന്ന് അർദ്ധ നഗ്നനായ ഒരു മനുഷ്യൻ ഓടി വന്നു എന്നെ വാരി പുണർന്നതും എനിക്ക് കൽക്കണ്ടം തന്നതും, ഞാൻ അത് തിന്നതും, അനന്തമായ ഈ കാല പരപ്പിലെ ആ ചെറിയ ബിന്ദുവിൽ എപ്പോഴോ സംഭവിച്ചതാണ്. സ്നേഹത്തെ കുറിച്ച് പറയുമ്പോൾ എന്നും ആദ്യം എന്റെ മനസ്സില് ഓടി എത്തുന്നത്‌ അതി പ്രാചീനമായ ഈ സംഭവമാണ്.  അക്കാലത്ത് അത്ര ഏറെ ലാളനകൾ അനുഭവിക്കുവാനുള്ള അവസരങ്ങൾ എന്റെ ജീവിതത്തിൽ അധികം ഉണ്ടാകാനിടയില്ലാത്തത് ഇതിനൊരു കാരണമാകാം.

വീടിനു അടുത്തു തന്നെ ആയിരുന്നു നമ്മുടെ സ്കൂൾ.  ഒന്നാമത്തെ ദിവസം എന്നെ അവിടെ ഇരുത്തി തിരിച്ചു പോയ അമ്മയുടെ പുറകെ ഞാൻ കരഞ്ഞു കൊണ്ടു ഓടി പ്പോയത് ഇന്നും ഞാൻ ഓർക്കുന്നു.  പഠനം ആരംഭിച്ചതിനു ശേഷം ഉള്ള ഇത്തരം ഓർമ്മകൾക്ക് ഒരു തരം കൃത്യതയുണ്ട്.  കലണ്ടർ നോക്കി ഗണിച്ചാൽ ആ സമയം പോലും എനിക്ക് കൃത്യമായി കണ്ടെത്താൻ പറ്റും.  പക്ഷെ അത് എന്റെ ഓർമ്മയുടെ ഗുണം കൊണ്ടു എന്നതിനേക്കാൾ,  ജീവിതത്തിലെ ഒരു കാലഘട്ടത്തിന്റെ തുടക്കം എന്ന രീതിയിൽ അത് എന്റെ മനസ്സിൽ സ്ഥാപിക്ക പ്പെട്ടത് കൊണ്ടു മാത്രമാണ്. സ്കൂൾ ജീവിതം എനിക്ക് ഇഷ്ടമായിരുന്നില്ല എന്ന് വേണം കരുതാൻ.  സ്കൂൾ കഴിഞ്ഞാൽ പിന്നെ നമ്മള് അടുത്തുള്ള തോട്ടിലെ മീനുകളെ നോക്കി രസിക്കുകയാവും ചെയ്യുക.  അല്ലെങ്കിൽ അടുത്തുള്ള പറമ്പിലെ ചെറിയ മരത്തിൽ കയറി തൊട്ടു കളിക്കൽ.

വീട്ടിൽ അന്നും ഒരു റേഡിയോ ഉണ്ടായിരുന്നു.  അതിന്റെ പേര്  ഇന്നും ഞാൻ ഓർക്കുന്നു 'പാരന്റ്സ് വർത്ത്' .  അന്ന് പെർഷ്യയിലൊ മറ്റോ ജോലി ഉണ്ടായിരുന്ന നമ്മുടെ അകന്ന ഒരു ബന്ധു വലിയച്ചനു പാരിതോഷികമായി കൊടുത്തതായിരുന്നു അത് എന്നാണു എന്റെ ഓർമ്മ.  നമ്മളൊക്കെ പാട്ട് കേട്ട് വലുതാവുകയും,  വലിയവരൊക്കെ വാര്ത്ത കേട്ട് വയസ്സാവുകയും ചെയ്തത് ഈ യന്ത്രത്തിലൂടെ ആയിരുന്നു.  യുദ്ധ കാലത്ത് വീട്ടിലും യുദ്ധമായിരുന്നു. യുദ്ധത്തിന്റെ വാര്ത്ത കേൾക്കാൻ വിദൂര ദേശങ്ങളിൽ നിന്ന് പോലും ആളുകള് എന്റെ വീട്ടിൽ ഒഴുകി എത്തിയിരുന്നു.  വീടിന്റെ ഇരുണ്ട മുറിയിൽ നാണം കുണുങ്ങി ആയ ഒരു തരുണിയെ പോലെ ഒളിച്ചിരുന്ന നമ്മുടെ റേഡിയോ ആ നേരങ്ങളിൽ മട്ടുപ്പാവിലേക്ക്‌ ഇറങ്ങി വരും.  പലപ്പോഴും റേഡിയോ യിൽ നിന്ന് വിമാനം പോകുന്നത് പോലെ ഉള്ള ഒരു ശബ്ദം കേൾക്കുമായിരുന്നു.  ഒരിക്കൽ ഞാൻ കരുണാട്ടനോട് ചോദിച്ചു 'ഇത് വിമാനം പറക്കുന്ന ശബ്ദം തന്നെ ആണോ ' എന്ന്.  അപ്പോൾ കരുണാട്ടൻ പറഞ്ഞു.  'വിമാനത്തിന്റെ ശബ്ദമൊന്നും റേഡിയോയിലൂടെ കേൾക്കില്ല  മോനെ.  ഈ മുഴക്കം വാർത്ത ജാം ചെയ്യുന്നത് കൊണ്ടു ഉണ്ടാകുന്നതാണ്.  അത് ശത്രുക്കള് ചെയ്യുന്നതാണ്.'.  ആശയ വിനിമയത്തിലെ ഇടംകൊലുകളെ കുറിച്ച് എനിക്ക് അന്നേ അറിയാമായിരുന്നു.

റോഡരികിലെ ഒരു ചെറിയ വീടായിരുന്നു നമ്മുടെ പാഠശാല. ഒന്ന് മുതൽ നാല് വരെ ഉള്ള ക്ലാസ്സുകൾ.  എല്ലാം പഠിപ്പിക്കുന്ന നാല് അധ്യാപകർ.  (ആരും ഇന്ന് ജീവനോടെ ഇരിക്കാൻ സാധ്യത ഇല്ല).  ഒരിക്കൽ ക്ലാസ്സിൽ ഇരിക്കെ ഭയങ്കര വയറു വേദന.  'ടീച്ചറെ എനിക്ക് തൂറാൻ മുട്ടുന്നു' . ടീച്ചര് എന്നെ കൈ പിടിച്ചു അടുത്ത വീട്ടിലെ കുഴി കക്കൂസിലേക്ക് കൊണ്ടു പോയി.  (അന്നത്തെ കക്കൂസുകളുടെ ദൈന്യാവസ്ഥയെ കുറിച്ച് അറിയാൻ ഈ ലേഖകന്റെ താഴെ പറയുന്ന ചെറു കഥ വായിക്കുക.http://remeshmantoddy.blogspot.in/2013/10/blog-post.html)  കക്കൂസിൽ കയറി എന്റെ നിലവിളി കേട്ട് ടീച്ചര് ഓടി വന്നു.  എന്റെ അവസ്ഥ കണ്ടു ടീച്ചര് പൊട്ടി ചിരിച്ചു.  ഞാനാണെങ്കിൽ ഭീതി കൊണ്ടു വിറക്കുകയായിരുന്നു.  എന്റെ വയറ്റിൽ നിന്ന് മൂന്നു കാള സർപ്പങ്ങൾ പുറത്തേക്കു വന്നിരിക്കുന്നു. ഞാൻ കരയാൻ തുടങ്ങി.  'കരയേണ്ട മോനെ. അത് വെറും ഇരയല്ലേ.  അത് പോയില്ലേ . ഇപ്പൊ വയറു വേദനയൊക്കെ പോയില്ലേ'  (ഇന്നത്തെ കുട്ടികളോടെ ടീച്ചര് മാറ് ഇങ്ങനെ ഒക്കെ പെരുമാരുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല.  അന്ന് നമ്മുടെ ക്ലാസ്സ്‌ ടീച്ചര് കുട്ടികളെ ഒക്കെ എടുത്തു താലോലിക്കുന്നത് എനിക്ക് ഇന്നും ഓർമ്മയുണ്ട്)

1965 കാലഘട്ടത്തിൽ നമ്മുടെ കുടുംബം ധനിക ജീവിതത്തിന്റെ ധാരാളിത്തത്തിൽ നിന്ന് ദാരിദ്ര്യത്തിന്റെ ഇല്ലായ്മയിലേക്ക്‌ കൂപ്പു കുത്താൻ തുടങ്ങിയിരുന്നു.  തോന്നിയത് പോലെ ജീവിച്ച നമ്മുടെ വലിയച്ചന്മാർ ഈ വീഴ്ചക്ക് ആക്കം കൂട്ടി.  കൃഷി ഭൂമികൾ നമ്മെ കൈ വിട്ടു പോകാൻ തുടങ്ങി.  എട്ടാം ക്ലാസ് മുതൽ മദ്യപിക്കുന്ന അനാന്തിരവന്മാർ ഇവിടെ ജനിച്ചു വീഴാൻ തുടങ്ങി.   എല്ലാ കുടുംബങ്ങളിലും ആപത്തു വിതക്കുന്ന മദ്യം ഇവിടെയും ആപത്തു വിതക്കാൻ തുടങ്ങി.  സ്ത്രീകളും കുഞ്ഞുങ്ങളും അതിന്റെ ആഘാതങ്ങൾ ഏറ്റു വാങ്ങാൻ തുടങ്ങി.  ബഹളങ്ങൾ അന്ന് മുതൽ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി.  ചിലപ്പോൾ അത് ഒരു മദ്യപാനിയുടെ സാധാരണ ചീത്ത വിളികൾ ആയിരുന്നെങ്കിൽ ചിലപ്പോൾ അവ മർദനങ്ങളെ തുടർന്നുള്ള നിലവിളികൾ ആയിരിക്കും.  മണ്ടോടി സ്ത്രീകളും ചീത്ത പറയുന്നതിൽ പുരുഷരെ കടത്തി വെട്ടും എന്ന് അന്നെനിക്ക് മനസ്സിലായി.  പക്ഷെ കയ്യാംകളിയിൽ ആജാന ബാഹുക്കളായ ആ പുരുഷരോട് എതിരിടാൻ അവർക്ക് ആവില്ലായിരുന്നു.  മര്ധനങ്ങൾ ഏറ്റു വാങ്ങി ദുഖിതരായി അവർ തങ്ങളുടെ  പഴയ വീടിന്ലെ ആൾക്കൂട്ടത്തിൽ ജീവിതം തള്ളി നീക്കി.  ആ ആൾക്കൂട്ടം ആയിരുന്നു എന്നും അവരുടെ സാന്ത്വനം.  പരസ്പരം പാര വെക്കാത്ത സ്ത്രീകള് അവിടെ ദുഖം പങ്കിടുന്നതിന് ഒരു ചെറിയ ബാലൻ എന്ന നിലയിൽ ഞാൻ പലപ്പോഴും ദൃഖ് സാക്ഷിയായിരുന്നു.

മണ്ടോടി നന്നായി പഠിക്കും എന്നുള്ളത് സത്യം തന്നെ ആയിരുന്നു.  അത് കൊണ്ടാണ് ഉന്നത പഠനത്തിനു (അഞ്ചാം ക്ലാസ്) ഇവനെ ടൌണിൽ ഉള്ള വലിയ സ്കൂളിൽ കൊണ്ട് പോയി വിടണം എന്ന് എന്റെ ടുഷൻ മാഷ്‌ പറഞ്ഞത്.  പക്ഷെ ലോകത്ത് ആദ്യമായി പ്രവേശന പരീക്ഷ കണ്ടു പിടിച്ച വിദ്യാലയമായിരുന്നു അത്.  മണ്ടോടി പരീക്ഷ എഴുതി. പാസായി.  പക്ഷെ പിന്നീടാണ് അറിഞ്ഞത് പരീക്ഷ എഴുതിയ എല്ലാവരും പാസായി എന്നത്.  ഇന്നത്തെ പോലെ ഉള്ള ഓൾ പാസ് ആയിരുന്നില്ല അത്. എല്ലാവരും പാസ് ആകെണ്ടവർ തന്നെയാണ് . പുതിയ കലാലയത്തിലെ എന്റെ ഏറ്റവും വലിയ ശത്രുക്കൾ നല്ല പഠിപ്പിസ്റ്റുകൾ ആയിരുന്നു.  എന്റെ ഒന്നാം സ്ഥാനം തട്ടിയെടുക്കുന്നവരെ ഞാൻ തമാശയാക്കി തോല്പ്പോക്കും.

അച്ഛന്റെ മരണം

മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിച്ചത്.  കാരണമെന്തെന്നു ആർക്കും അറിയില്ല.  കുളിക്കാൻ പോകുന്നതിനിടയിൽ അച്ഛൻ എന്നെ തല്ലി. ഞാൻ അച്ഛനെ ശപിച്ചു. ഉടൻ അച്ഛൻ ബോധ രഹിതനായി വീണു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആശുപത്രിയിൽ മരിച്ചു.  അന്ന് ഒരാള് മരിക്കുന്നതിനു കാരണം മരണം തന്നെയായിരുന്നു.  അത്രമാത്രം രോഗങ്ങൾ ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് മരണത്തിനു കാരണങ്ങൾ തേടി വൈദ്യന്മ്മാർ അത്ര അധികം അലയാറില്ലായിരുന്നു.  മരണ  ദിവസം നടന്ന ഒരു സംഭവം എനിക്ക് ഇന്നും ഓർമ്മയുണ്ട്.  അച്ഛന്റെ വീട്ടില് കിടത്തിയ ശവ ശരീരത്തിന് അരികിൽ വന്നു നാട്ടിലെ ദാദയായ എന്റെ വലിയച്ചൻ ഇങ്ങനെ പ്രഖ്യാപിച്ചു.  'ഈ ശരീരം നമ്മൾ എടുക്കുകയാണ്'. കുറച്ചു നേരം ശവത്തിനു വേണ്ടിയുള്ള വാക്ക് തർക്കം നടന്നു. ഒടുവിൽ ശവം അച്ഛന്റെ വീട്ടുകാര്ക്ക് തന്നെ അവകാശപ്പെട്ടതാണ് എന്ന് എല്ലാവരും തീരുമാനിച്ചു.  ലോട്ടസ് ശ്മാശനത്തിൽ കുതിര വണ്ടിയിൽ കയറിയാണ് നമ്മള് പോയത്.  തികച്ചും വിജനമായ വീഥികൾ.  കുതിരയുടെ കുളമ്പടി ഒച്ച മാത്രം.  വഴിയരികിൽ അനേകം കുടിലുകൾ. അവയ്ക്ക് ഇടയിൽ നിന്ന് ഞാൻ ആ പാട്ട് കേട്ടു 'തളിരിട്ട കിനാക്കൾ തൻ താമര മാല വാങ്ങാൻ വിളിച്ചിട്ടും വന്നില്ല വിരുന്നുകാരൻ' . അന്ന് അമ്മക്ക് മുപ്പതിനടുത്തായിരിക്കണം പ്രായം.

ശാന്തമായ ഒരു അന്തരീക്ഷത്തിലായിരുന്നു  അച്ഛൻ ബോധ രഹിതനായി വീണത്‌.  ഏതൊരാളും മരിക്കാൻ ആഗ്രഹിച്ചു പോകുന്ന പരിപാവനമായ ശാന്തത. ആശുപത്രിയിൽ എത്തിയപ്പോൾ പക്ഷെ അന്തരീക്ഷത്തിലെ  ശാന്തത മാഞ്ഞു പോയിരുന്നു  .   അന്നേരം ചിലപ്പോൾ അച്ഛൻ മരിക്കാതിരിക്കാൻ ആഗ്രഹിച്ചിരിക്കാം. പക്ഷെ മരിക്കാൻ വേണ്ടി നാം എടുക്കുന്ന ഏതു തീരുമാനവും അർജുനൻ തന്റെ ആവനാഴിയിൽ നിന്ന് വിട്ട അമ്പ്‌ പോലെ ആണ്. അത് ലക്ഷ്യത്തിലെത്താതെ തിരിച്ചു വരില്ല. അല്ലെങ്കിൽ അതിനു മറ്റൊരു ലക്‌ഷ്യം നാം കാണിച്ചു കൊടുക്കണം.  ഒരു നിരപരാധിയെ ക്രൂശിക്കേണ്ട എന്ന് കരുതിയിട്ടാവാം, അതിനു മറ്റൊരു ലക്‌ഷ്യം കാണിച്ചു കൊടുക്കാൻ അച്ഛൻ തുനിഞ്ഞതെ ഇല്ല. അച്ഛൻ സ്വയം മരണം സ്വീകരിച്ചു.

അച്ഛന്റെ മരണം നമ്മളെ അത്ര അധികം തളർത്തിയില്ല. കാരണം നമ്മള് ആ നേരങ്ങളിൽ ഒരു പരിധിയിൽ അധികം തളർന്നിരിക്കുകയായിരുന്നു.  നെയ്തു ജോലി എന്നത് അന്ന് അത്ര വലിയ ഒരു വരുമാന മാര്ഗം ഒന്നും ആയിരുന്നില്ല.  ഞാൻ ചിലപ്പോഴൊക്കെ ആലോചിക്കാറുണ്ട്.  ഒരു ദാദയും,  ഭൂസ്വാമിയും,  കരാറ് കാരനും , ഒരു വിധം നല്ല സാമ്പത്തിക നിലയും  ഉണ്ടായിരുന്ന വലിയച്ചൻ അദ്ധേഹത്തിന്റെ മകളെ ഒരു സാധാരണ തൊഴിലാളിക്ക് എങ്ങനെ കെട്ടിച്ചു കൊടുത്തു എന്ന്.  അതിനു വല്ല പിന്നാമ്പുറ കഥകളും ഉണ്ടായിരിക്കാൻ ഇടയുണ്ടോ.  പക്ഷെ ഞാൻ അതൊന്നും ഒരിക്കലും അന്വേഷിച്ചില്ല.  ഒരു സമ്പന്ന ഗൃഹത്തിൽ നമ്മൾ ദരിദ്രരായി കഴിഞ്ഞു. എല്ലാ സൌകര്യങ്ങളും അന്നും അവിടെ ഉണ്ടായിരുന്നു. മറ്റെവിടെയും ഇല്ലാതിരുന്ന റേഡിയോ, എലറ്റ്രിക് ഇസ്തിരി പെട്ടി, ഫാൻ എന്നിവയൊക്കെ വീട്ടില് ഉണ്ടായിരുന്നു.  എന്റെ കൂടെ പഠിക്കുന്നവരൊക്കെ ഫാനും ഇസ്തിരി പെട്ടിയും കാണാൻ എന്റെ വീട്ടിലായിരുന്നു വരാറ്.  നാട്ടിലെ ചുരുക്കം ചില ഓടിട്ട വീടുകളിൽ ഒന്നായിരുന്നു നമ്മുടേത്‌.

ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് നാട്ടിൽ ബസ്സുകൾ കുറവായിരുന്നു. ഉള്ളവയോക്കെയും ദൂര യാത്രക്കുള്ളവ.  വീരാജപ്പെട്ടയിലേക്ക് പോകുന്ന ഒരു മൂക്ക് നീണ്ട ബസ്സ് ഓടിച്ചിരുന്നത് നമ്മുടെ അടുത്ത വീട്ടിലെ അനന്തൻ ഡ്രൈവർ ആയിരുന്നു.  ഞാൻ ആദ്യമായി കയറിയ ബസ്സും അത് തന്നെ. ഏതോ ഒരു ഓഗസ്റ്റ്‌ 15 നു അനന്തൻ ഡ്രൈവർ തലശ്ശേരി റെയിൽവേ സ്റ്റെഷൻ മുതൽ   വീടുവരെ ബസ്സിൽ സഞ്ചരിക്കാൻ നമ്മെ അനുവദിച്ചു.  അന്ന് പക്ഷെ നാട്ടിൽ കുതിര വണ്ടികൾ വേണ്ടുവോളം ഉണ്ടായിരുന്നു.  ബസ്സുകൾ കണ്ടു പിടിച്ചത് കൊണ്ടു രക്ഷപ്പെട്ടു പോയത് കുതിരകൾ ആയിരിക്കണം.  അവയ്ക്ക് ഇനി മുതൽ നമ്മെ താങ്ങേണ്ട എന്നുള്ള നില വന്നു.

അന്ന് തീവണ്ടി കുളം വളരെ വിശാലമായ കുളമായിരുന്നു.  തലശ്ശേരി പഴയ ബസ്‌ സ്റ്റാൻഡിൽ നിന്ന് സദാനന്ദ പൈ വളവിൽ എത്തുമ്പോൾ റോഡ്‌ തിരിഞ്ഞു റെയിൽവേ ഗെറ്റിനു അടുത്തേക്ക് പോകും. അത് അവിടെ നിന്ന് വീണ്ടും തിരിഞ്ഞു ടീ സീ മുക്കിൽ ഇതും. അര കിലോമീടർ കൂടുതൽ യാത്ര.  അത് കൊണ്ടു നമ്മളൊക്കെ തീവണ്ടി കുളം മുറിച്ചു കടക്കുകയായിരുന്നു പതിവ്.  തീവണ്ടി കുളം വിശാലമായിരുന്നു എങ്കിലും ആഴമില്ലാത്ത കുളമായിരുന്നു.  മഴ ഇല്ലാത്ത കാലങ്ങളിൽ കുളം കുളമല്ലാതാകും. സുഖമായി നടന്നു പോകാം. മഴക്കാലത്ത് വെള്ളം നിറഞ്ഞു കഴിഞ്ഞാൽ, അത് നമ്മുടെ അരയോളം വരും. എന്നിരുന്നാലും നമ്മള് ആണ്‍കുട്ടികളും,  കോണ്‍ വെന്റിലെ പെണ്‍ കുട്ടികളും ഒക്കെ ആ പ്രളയ ജലത്തിൽ തീവണ്ടി കുളം മുറിച്ചു കടക്കാൻ തന്നെയായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. വെള്ളം എന്നും നമ്മെ വല്ലാതെ ആകർഷിച്ച ഒരു പ്രകൃതി ദ്രാവകം ആയിരുന്നു.  കുടിക്കാനും നീന്താനും,  ചിലർക്ക് മരിക്കാനും വെള്ളം തന്നെ വേണമായിരുന്നു.  അക്കാലത്ത് തൂങ്ങി മരണങ്ങലെക്കാൾ കൂടുതൽ ജല മരണങ്ങൾ ആയിരുന്നു.  അതും എന്റെ ചെറുപ്പ കാലത്ത് ആകെ രണ്ടോ മൂന്നോ എണ്ണങ്ങൾ മാത്രം.  ഏതോ ഒരു നാണുവിന്റെ ശവം പുഴയിലൂടെ ഒഴുകി പോയത് ഇന്നും എനിക്ക് ഓർമ്മയുണ്ട്.  ശവമാണ്‌ എന്ന് പറഞ്ഞിട്ടും എനിക്കത് മനസ്സിലായില്ല.  എന്തോ ഒരു തേങ്ങാ തൊണ്ട് പോലെ ഉള്ള  തല മാത്രമേ പുറത്തു കാണാൻ ഉണ്ടായിരുന്നുള്ളൂ.

നാട്ടിലെ ആദ്യത്തെ ഓട്ടോ റിക്ഷ രാഗൂട്ടി എട്ടന്റെത് ആയിരുന്നു.  ഞാൻ ജനിക്കുന്നത് മുൻപ് തന്നെ രാഗൂട്ടി ഏട്ടൻ ഓട്ടോ റിക്ഷ കണ്ടുപിടിച്ചിരുന്നു.  അന്ന് തലശേരിയിൽ അമ്പതിൽ അധികം ഓട്ടോ റിക്ഷകൾ ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു.  വൈകുന്നേരം സ്കൂൾ വിട്ടു വന്നാൽ ഞാനും മോഹനും സുധീറും വീടിന്റെ മുന്നിലെ റോഡിൽ ഇരിക്കും. അവിടെ ഇരുന്നാൽ വലതു വശത്ത് കെ ടീ പീ മുക്ക് വരെയും, ഇടതു വശത്ത് ചോനാടം കയറ്റം വരെയും കാണാം.  അന്ന് നമ്മുടെ പ്രധാനപ്പെട്ട ഒരു കളി ഓട്ടോ രിക്ഷയുടെ നമ്പര് പറയൽ ആയിരുന്നു.  കെ ടീ പീ മുക്കിൽ നിന്നോ ചോനാടം വളവിൽ നിന്നോ ഒരു പൊട്ടു പോലെ തല ഉയർത്തി വരുന്ന ഏതു ഓട്ടോ റിക്ഷ കണ്ടാലും എനിക്ക് അറിയാം അതിന്റെ പേര് എന്താണ്, അതിന്റെ നമ്പര് എത്രയാണ് എന്നൊക്കെ.  അത് പറയൽ  തന്നെ ആയിരുന്നു നമ്മുടെ അന്നത്തെ ക്വിസ് .

പട്ടണത്തിലെ സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ ചേർന്ന് പഠനം തുടര്ന്ന ഞാൻ എല്ലാ ക്ലാസ്സിലും ഒന്നാമനായിരുന്നു.  ക്ലാസ്സിൽ ഒന്നാമാനാകുന്ന കുട്ടി സർവ കലാ വല്ലഭൻ ആയിരിക്കും എന്നുള്ള അന്ധ വിശ്വാസം പുലർത്തിയിരുന്ന അധ്യാപകരായിരുന്നു നമ്മുടെ സ്കൂളിൽ ഉണ്ടായിരുന്നത്.  അതിന്റെ ആഘാതം ഏല്ക്കേണ്ടി വന്നത് എന്നെ പോലെ ഉള്ള പാവം തരുണന്മാരും. സംഗീതം നാടനും ശാസ്ത്രീയവും,  പദ്യ പാരായണം, പ്രസംഗം,  ഷോട്ട് പുട്ട്, ഓട്ടം, ചാട്ടം, എന്നിങ്ങനെ ഉള്ള നൂറു കണക്കിന് ഇനങ്ങളിൽ ആയിരുന്നു ഞാൻ മത്സരിക്കേണ്ടി ഇരുന്നത്.  ഷോട്ട് പുട്ടിന്റെ ഉണ്ട വെറുതെ ഒന്ന് എടുത്തു ഉയർത്തി നോക്കിയപ്പോൾ എനിക്ക് മനസ്സിലായി അത് എനിക്ക് പറ്റിയതല്ല എന്ന്. ഉടനെ ടീച്ചറോട് ഞാൻ ഇങ്ങനെ പറഞ്ഞു

ടീച്ചർ, എനിക്ക് ഷോട്ട് പുട്ട് എറിയാൻ പറ്റില്ല.

നീ എന്താ രമേശാ പറയുന്നത്. എറിയാൻ പറ്റില്ല എന്നോ.  ഒന്നാം റാങ്ക് കിട്ടുന്ന കുട്ടികൾ  ഷോട്ട് പുട്ട് ഉണ്ട മാത്രമല്ല , എന്തും എടുത്തു എറിയാൻ പഠിച്ചിരിക്കണം.

പാട്ട് മത്സരത്തിനു സ്റെജിന്റെ പുറകിൽ നിന്നപ്പോൾ സ്റെജിൽ സുധീരൻ പാടുകയായിരുന്നു.  നല്ല സുന്ദരമായ പാട്ട്.  എന്റെ പാട്ടിനെ കുറിച്ച് ചിന്തിച്ചപ്പോൾ എന്റെ സപ്ത നാടികളും തളർന്നു പോയി. എന്തും വരട്ടെ എന്ന് വിചാരിച്ചു ഒരൊറ്റ ഓട്ടം വച്ച് കൊടുത്തു. പക്ഷെ അധികം ഓടുന്നതിന് മുൻപേ ഗെറ്റിനു മുന്നില് വച്ച് അപ്പു മാഷ്‌ കയ്യോടെ പിടിച്ചു.

എവിടെയാടാ ഓടുന്നത്.

പാട്ടിൽ നിന്ന് രക്ഷപ്പെടാനാ.

നീ എന്ത് വിഡ്ഢിത്ത മാടാ രമേശാ പറയുന്നത്.  ഈ ലോകം തന്നെ രക്ഷപ്പെട്ടു പോകുന്നത് പാട്ടിലൂടെയും കവിതയിലൂടെയും ഒക്കെ അല്ലെ . അതൊന്നും ഇല്ലായിരുന്നെങ്കിൽ നമ്മളൊക്കെ പണ്ടെ തൂങ്ങി മരിച്ചിട്ടുണ്ടാകുമായിരുന്നു.  പോയി ധൈര്യമായി പാടൂ.

സ്റെജിൽ കയറി ഞാൻ ധൈര്യമായി പാടി. അന്നത്തെ ഹിറ്റ്‌ .

പെരിയാറെ പെരിയാറെ പാർവത നിരയുടെ പനിനീരെ......................................

ആരും കൂക്കി വിളിച്ചില്ല.  കാരണം അതിനു ധൈര്യമുള്ള ഒരുത്തനും അവിടെ ഇല്ലായിരുന്നു.  അഥവാ ഒന്ന് വെറുതെ ചിരിച്ചു പോയാലും അടുത്ത ദിവസം അച്ഛനെയും കൂട്ടി വരേണ്ട സ്ഥിതിയായിരുന്നു നമ്മുടെ കലാലയത്തിൽ

വെള്ളപൊക്കം

കൊല്ലമൊന്നും കൃത്യമായി ഓർമ്മയില്ല. ഞാൻ എട്ടാം ക്ലാസ്സിലോ മറ്റോ പഠിക്കുന്ന കാലത്താണ് എന്ന് തോന്നുന്നു.  നിർത്താത്ത മഴ.  എരഞ്ഞോളി പുഴയുടെ ക്ഷമ നശിച്ചു.  അത് കരകവിഞ്ഞൊഴുകി.  പ്രാന്ത പ്രദേശത്തുള്ള വയലുകളിലെക്കും,  വീട്ടു മുറ്റങ്ങളിലേക്കും പുഴ ജലമായി വ്യാപിക്കാൻ തുടങ്ങി.  തീരത്ത് പോയി പുഴയെ കണ്ടിരുന്നവർ ,  പുഴ തങ്ങളുടെ  വീട്ടു മുറ്റത്ത്‌ എത്തിയത് കണ്ടു ഞെട്ടിത്തരിച്ചു.  വീടുകളിലെ ഓവ് ചാലുകൾ ആഴങ്ങളായി.  അവയിൽ വീണാലും  കുട്ടികൾ മരിക്കും എന്നായി.  പുഴയോടൊപ്പം ഭീതിയും  എല്ലായിടത്തും വ്യാപിച്ചു.

വീടോട് അടുത്ത വന്ന പുഴയെ വീടിന്റെ പറമ്പത്ത് നിന്ന് കൊണ്ടു മണ്ടോടി രമേശൻ വീക്ഷിക്കുകയായിരുന്നു.  ഇന്ന് വരെ പുഴക്കരയിൽ അല്ലാതിരുന്ന നമ്മുടെ വീട് ഇപ്പോൾ പുഴക്കരയിൽ ആയി തീർന്നിരുന്നു.  പണ്ടൊരിക്കൽ ക്ലാസ്സിലെ ചങ്ങാതിയോട്‌ വീട് പുഴക്കരയിലാണ് എന്ന് പറഞ്ഞപ്പോൾ, തുരപ്പൻ ശങ്കു ഇടയിൽ കയറി പറഞ്ഞത് എന്തായിരുന്നു 'അവൻ ബടായി അടിക്കുന്നതാണേ.  പുഴ അവന്റെ വീടിന്റെ ഒരു പറമ്പ് അപ്പുറത്താണ്'. അന്ന് ഞാൻ വല്ലാതെ ചൂളി പോയതാണ്.  ഇന്ന് ആ തുരപ്പൻ ശങ്കു  ഇവിടെയോ മറ്റോ ഉണ്ടായിരുന്നെങ്കിൽ ഇതൊന്നു കാണിച്ചു കൊടുക്കാമായിരുന്നു.  എന്നും ഇങ്ങനെ ആയിരുന്നെങ്കിൽ,  ഇനി വീടിന്റെ പറമ്പത്ത് ഇരുന്നു കൊണ്ടു തന്നെ എനിക്ക് പുഴയിലേക്ക് ചൂണ്ട ഇടാമായിരുന്നു.

പുഴയിലൂടെ വെള്ളം വല്ലാത്ത ശക്തിയോടെ ഒഴുകി കൊണ്ടിരിക്കുകയാണ്.  അതിൽ വീണു പോയാൽ പിന്നെ ശവം കടലിൽ മാത്രമേ പൊന്തുകയുള്ളൂ എന്ന് വലിയമ്മ ആ ഒഴുക്ക് കണ്ടപ്പോൾ പറഞ്ഞു.  വലിയമ്മ വെറുതെ പറഞ്ഞതാണ്. അതിന്റെ പിറ്റേ നാൾ അവിടെ നിന്ന് ഒഴുകി പോയ ബാബുവിന്റെ ശവം തൊട്ടടുത്തുള്ള കനാലിന്റെ ചീപ്പിൽ തങ്ങിയിരുന്നു.

ബാബുവും ചങ്ങാതിമാരും റോഡിലൂടെ ഒഴുകുന്ന പുഴയുടെ സൌന്ദര്യം കണ്ടു അതിലൂടെ പുഴ മുറിച്ചു കടന്നു കളയാം എന്ന് വിചാരിച്ചതാണ്.  നമ്മള് ഇത്ര നാളും നടന്ന വഴിയല്ലേ, ഇവിടെ കടന്നു വരാൻ പുഴയാര് എന്ന  ഭാവമായിരുന്നു അവരുടെ മുഖത്ത്.  പക്ഷെ പുഴയുടെ ഭാവം മാറിയിരുന്നു എന്നുള്ള കാര്യം അവർ ഓർത്തതേ ഇല്ല.  ചങ്ങാതിമാര് പക്ഷെ എലറ്റ്രിക് പോസ്റ്റിലും മറ്റും പിടിച്ചു രക്ഷപ്പെട്ടപ്പോൾ ഒന്ന് നിലവിളിക്കാൻ പോലും സമയം കിട്ടാതെ  ബാബു ച്ചുഴികളിലൂടെ നദീ ദേവതയുടെ കൊട്ടാരത്തിന്റെ  ആഴത്തിലേക്ക് അപ്രത്യക്ഷനായി.  അടുത്ത ദിവസം കിട്ടിയ ബാബുവിന്റെ ശവത്തിൽ നിന്ന് അവന്റെ വാച് കാണാതായിരുന്നു.  ശരീരം ചീർത്തു വീര്ത്തപ്പോൾ വാച്ച് പൊട്ടി തെറിച്ചു പോയതാവാം

1982 കാലത്ത് എല്ലാ സന്ധ്യാ നേരങ്ങളിലും, അമ്പുകുത്തി കുന്നിന്റെ നെറുകയിൽ കിടന്നു ഞാൻ ആകാശത്തേക്ക് നോക്കും.  കൂട്ടിനു ആരും ഇല്ലാത്ത നേരങ്ങളിൽ ആ അനന്തമായ പ്രപഞ്ചത്തിൽ ഞാൻ ഒറ്റക്കാകും.  അസംഖ്യം നക്ഷത്രങ്ങളിൽ ഒന്നിന്റെ പോലും പേരറിയാൻ ഞാൻ ഇന്ന് വരെ ശ്രമിച്ചിട്ടില്ല.  ക്ഷിപ്രം കടന്നു പോയ ഒരു വാഹനത്തിലെ പേരറിയാത്ത ഏതോ  സുന്ദരിയുടെ മുഖം പോലെ അത് എന്നെ അനുഗമിച്ചു കൊണ്ടെ ഇരിക്കുന്നു. എനിക്ക്  ഒന്നും അറിയേണ്ട.  ഒന്നും ഓർമ്മയിൽ നിൽക്കേണ്ട.  കുന്നിന്റെ താഴ്വരയിൽ കാൽ  പന്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികലോക്കെയും തങ്ങളുടെ വീടുകളിലേക്ക് തിരിച്ചു പോയിരുന്നു.  ചന്തയിൽ വാഴ തണ്ട് തിന്നാൽ പോയ കാലികൾ ഒക്കെയും കുന്നു മുറിച്ചു കടന്നു താന്താങ്ങളുടെ കുടികളിലേക്ക് തിരഞ്ഞു നടക്കുകയാണ് .

എനിക്കും പോകാൻ  സമയമായി.  കുന്നിറങ്ങുമ്പോൾ ആരോ കൂടെ ഉണ്ടായിരുന്നു. ഒന്നും മിണ്ടാതെ കൂടെ നടക്കുന്ന  ആരോ . പക്ഷെ ഒന്നും ചോദിച്ചില്ല . ശ്മാശാനതെക്കുള്ള വളവിൽ വച്ച് അയാള്ളുടെ മണം അറിയാതായി.

No comments:

Post a Comment