Wednesday, 18 March 2015

അർഥം അനർത്ഥമാക്കിയ പ്രയോഗങ്ങൾ

ഒരു പാത്രത്തിൽ കുറച്ചു മോരെടുത്ത്‌ അതിൽ കുറച്ചു മുതിര ഒഴിക്കുക. ഓ. തെറ്റി പോയി. ഒരു പാത്രത്തിൽ കുറച്ചു മുതിര എടുത്തിട്ട് അതിൽ കുറച്ചു മോര് ഒഴിക്കുക. എത്ര നേരം അങ്ങനെ വച്ചിരുന്നാലും മോര് മോരായും , മുതിര മുതിര ആയും കിടക്കും. ഒരു ചേർച്ച അസാധ്യമായത് പോലെ . സ്വന്തം അസ്ഥിത്വം ബലി കഴിച്ചു കൊണ്ടുള്ള ഒരു ചേർച്ചക്കു നമ്മളില്ലെന്നു പ്രഖ്യാപിക്കുന്നത് പോലെ. അപ്പോൾ 'മോരും മുതിരയും പോലെ' എന്ന പ്രയോഗത്തിന്റെ അർഥം വളരെ വ്യക്തമാണ്. ഒരു തരത്തിലും ചേരാത്തവ.

പക്ഷെ 'പുലി വാല് പിടിക്കുക' എന്ന പ്രയോഗത്തിന്റെ അർഥം അത്തരം ഒരു സമാനത ഉണ്ടാക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്‌. മേലെ പറഞ്ഞ ഉദാഹരണത്തിലെ പോലെ ഇവിടെ, ഒരു പുലി, അതിന്റെ വാല്, പിന്നെ ഈ വാല് പിടിക്കുന്ന മനുഷ്യൻ എന്നീ കഥാപാത്രങ്ങൾ ഉണ്ട്. ഗുപ്തനായി നില്ക്കുന്ന മനുഷ്യൻ, പുലിയുടെ വാല് പിടിക്കുന്നതിന്റെ പ്രത്യാഘാതങ്ങലാണല്ലോ പ്രസ്തുത പ്രയോഗത്തിലൂടെ വ്യക്തമാക്കപ്പെടെണ്ടത് . പുലി എന്നത് നാട്ടിൽ ഇറങ്ങി ജീവിക്കാത്ത ഒരു ജീവി ആയതു കൊണ്ടു, പുലിയുടെ വാല് പിടിക്കുക എന്നത് കാനന വാസികൾ മാത്രമോ, മൃഗ നിരീക്ഷകർ മാത്രമോ അനുഭവിച്ചിട്ടുണ്ടാകേണ്ട ഒരു സ്ഥിതി വിശേഷമാണ്. അത്തരം ഒരു അനുഭവത്തെ കുറിച്ച് ആരെങ്കിലും പറഞ്ഞതായി അറിവില്ല. ഇനി ആരെങ്കിലും അതിനു തുനിഞ്ഞെങ്കിൽ തന്നെ ആ അനുഭവം പറയാൻ മാത്രം ആരെങ്കിലും പുറത്തു വന്നതായി അറിയില്ല. അവരെ ഒക്കെ കഥാ നായകനായ പുലി ഭക്ഷിചെക്കാനും ഇടയുണ്ട്. അപ്പോൾ പിന്നെ ബാക്കി കിടക്കുന്നത് പുലിയുമായി നേരിട്ട് ബന്ധമുള്ള നഗര വാസികൾ മാത്രമാണ്. അങ്ങനെ ഉള്ളവരെ സർക്കസ്സിൽ മാത്രമേ കാണാൻ പറ്റൂ. ഇപ്പോൾ നമ്മുടെ മുൻപിൽ ഇരിക്കുന്നത് ജോജോ സര്ക്കസ്സിലെ പുലി പരിശീലകൻ ഗോപാലാട്ടനാണ്.
ഹലോ. ഗോപലാട്ടാൻ. നിങ്ങള് വളരെ കൊല്ലം ജോജോ സര്ക്കസ്സിലെ നരികളെയും പുലികളെയും പരിശീലിപ്പിച്ചിട്ടുള്ള ആളല്ലേ. ഈ പുലി വാല് പിടിക്കുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്.

ഇതെന്തൊരു പൊട്ടൻ ചോദ്യമാണ്. ജീവിതത്തിൽ എപ്പോഴെങ്കിലും പുലി വാല് പിടിക്കാത്ത മനുഷ്യന്മാര് ഉണ്ടോ.

അല്ല ഗോപലാട്ട. ഞാൻ ആ പുലിവാല് പിടുത്തമല്ല ഉദ്ദേശിച്ചത്. യഥാർത്ഥ പുലി വാല് പിടുത്തം.

പുലി പാല് പിടുത്തത്തിൽ അങ്ങനെ യഥാർത്ഥവും അയഥാർത്ഥവും എന്ന ചേരി തിരിവൊന്നും ഇല്ല. പിടിച്ചത് പിടിച്ചത് തന്നെ.

നോ. ഗോപലാട്ടാ. യു അണ്ടർ സ്റ്റാന്റ് മി. ഞാൻ ഉദ്ദേശിച്ചത് അതല്ല. നിങ്ങളുടെ മുന്നില് ഒരു പുലി നില്ക്കുന്നു. നിങ്ങൾ പിന്നാലെ കയ്യിട്ടു അതിന്റെ വാല് പിടിക്കുന്നു. അപ്പോൾ എന്ത് സംഭവിക്കുന്നു എന്നതാണ് എന്ടെ ചോദ്യം.

പുലി എന്നെ തിന്നുന്നു. അത്ര തന്നെ. എടോ തന്റെ ഒക്കെ വിചാരം ഞാൻ ഒക്കെ വളരെ ജോളി ആയിട്ടാണ് ഈ പുലികളുടെ ഒക്കെ മുന്നില് നില്ക്കുന്നത് എന്നാണു. ജീവൻ പണയം വച്ചുള്ള കളിയാ ണെടോ ഇത്. ഒരിക്കല് എന്റെ നേരെ മുന്നില് നിന്നാ ഒരു പുലി ഇവിടത്തെ ഒരു പെണ്‍കുട്ടിയെ കടിച്ചു തിന്നത്. നമ്മള് പുലിയുടെ മുന്നില് ഇങ്ങനെ ആടിയില്ലെങ്കിൽ നമ്മളെ കടിച്ചു തിന്നാൻ നില്ക്കുന്ന വേറൊരു പുലി അകത്തുണ്ട്. അതെ നമ്മുടെ മുതലാളി തന്നെ. എന്തെങ്കിലും ഒക്കെ തിന്നു ജീവിച്ചു പോകേണ്ടേ.

അപ്പോൾ നമ്മുടെ ഈ അഭിമുഖത്തിൽ നിന്ന് മനസ്സിലാകുന്നത്‌, പുലി വാല് പിടിക്കുക എന്നത് അത്യന്തം അപകടകരമായ ഒരു പ്രവൃത്തി ആണെന്നാണ്‌. അപ്പോൾ 'മരണം കൊക്ക കെട്ടി പറിക്കുക' എന്ന് തലശ്ശേരിക്കാര് പറയുന്ന പ്രയോഗത്തിനോട് സമാനമായ ഒരു പ്രയോഗമാണ് ഇത്. പക്ഷെ യഥാർത്ഥത്തിൽ അത്തരം ഒരു അർത്ഥത്തിലല്ല നാം ഇതിനെ പ്രയോഗിക്കുന്നത്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്?

No comments:

Post a Comment