Tuesday, 3 March 2015

ചില ബീഫ് ചിന്തകൾ

അറവുശാലയുടെ വാതിൽക്കൽ മടിച്ചു നിന്ന ഒരു പശു കിടാവ് എന്നും എന്റെ ഉറക്കം കെടുത്തിയ ഒരു ഓർമ്മയാണ്. ഷാബ്രോന്റെ (Claude Chabrol---Le boucher ) 'ഇറച്ചി വെട്ടുകാരൻ' എന്ന സിനിമയിലെ സീരിയൽ കൊലപാതകി തന്റെ കാമുകിയോട് പറയുന്നത് ഇതാണ്. 'കുട്ടിയായിരുന്നപ്പോൾ എനിക്കും രക്തത്തിന്റെ കാഴ്ച സഹീക്കാൻ കഴിയുമായിരുന്നില്ല. നിങ്ങൾ രക്തത്തിന്റെ ഗന്ധം ശ്രദ്ധിച്ചിട്ടുണ്ടോ. അതെല്ലാം ഒരു പോലെ ആണ്. മനുഷ്യന്റെതും മൃഗങ്ങളുടെതും ഒക്കെ. ചിലതിനു ശോണിമ കൂടുതലെങ്കിലും എല്ലാറ്റിനും ഗന്ധം ഒരു പോലെയാണ്.'

മൃഗങ്ങളെ ഭക്ഷിക്കുന്നവന് അതിനെ കൊല്ലുന്നതിനെ കുറിച്ച് വേവലാതി പെടേണ്ട കാര്യമില്ല. തിന്നുക എന്നുള്ള അവന്റെ തീരുമാനം തന്നെ ഒരു മൃഗത്തിനുള്ള മരണ വാറന്റ് ആണ്. അറവു ശാലയ്ക്ക് മുന്നിൽ നിന്ന് നിലവിളിച്ച പശു കിടാവിന്റെ ഓർമ്മ പോലും തീൻ മേശയിലെ പാത്രത്തിനു മുന്നിലിരിക്കുമ്പോൾ നമ്മെ പിന്തിരിപ്പിക്കുന്നില്ല. കാരണം നമ്മുടെ മുന്നിലെ പാത്രത്തിലുള്ളതു അന്ന് കരഞ്ഞ മൃഗമല്ല , രൂപ മാറ്റം വന്ന ഒരു പ്രതീകം മാത്രമാണ്. അത് ഒരു ജട വസ്തു മാത്രമാണ്. ഒരു കല്ലിനോടോ ഒരു കരിഞ്ഞ മര കഷണത്തോടോ തോന്നുന്ന വികാരങ്ങൾ മാത്രമേ നമുക്ക് അവയോടും തോന്നെണ്ടതുള്ളൂ.

നായ്ക്കളും പൂച്ചകളും ഇവിടെ ഭാഗ്യം ചെയ്തവ ആണ്. രാബീസ് വാക്സിൻ ഉള്ള കാലത്തോളം ഈ ലോകത്ത് അവയെ സംരക്ഷിക്കാൻ ആളുകളുണ്ടാകും. തിന്നാൻ പറ്റാത്ത അവയെ കൊല്ലണം എന്ന് ശഠിക്കുന്നത് ഭ്രാന്തിനെ ഭയപ്പെടുന്നവർ മാത്രമാണ് . പക്ഷെ ആ ഭയം നമ്മിൽ സൃഷ്ടിച്ചവർ ഒരു മരുന്ന് ചിലവാക്കാൻ വേണ്ടി മാത്രമാണ് അത്തരം ഒരു ഭയം നമ്മിൽ സൃഷ്ടിച്ചത്. ആ ഭയം നില നിർത്താനെങ്കിലും ഈ ജീവികൾ ഈ ലോകത്ത് ജീവിച്ചേ ഒക്ക് എന്നുള്ള ശാട്യവും ആ ഭയം സൃഷ്ടിച്ചവർക്ക് ഉണ്ടാകുമെന്നുള്ളത് സ്വാഭാവികമാണ്.

ശരിക്കും ഈ മൃഗങ്ങളെ , നിങ്ങളുടെ പടച്ചവൻ സൃഷ്ടിച്ചു വിട്ടത് നിങ്ങളുടെ അടിമയായി ജീവിക്കാൻ തന്നെയാണോ. പടച്ചവൻമാർക്ക് പോലും അവയോടു കരുണ ഇല്ലായിരുന്നെന്ന് വേദ പുസ്തകങ്ങൾ വായിച്ചാൽ മനസ്സിലാകും. ഇന്ന് നമ്മുടെ ആരോഗ്യത്തിനും സൌന്ദര്യത്തിനും ഭക്ഷണത്തിനും ഒക്കെയായി അവയുടെ ജീവിതം ചിലവിട്ടു പോകുകയാണ്. അവയ്ക്ക് അവയുടേതായ ഒരു ജീവിതം ഇല്ലാതായി പോയതിനു കാരണക്കാർ ആരാണ്.

ഇന്ന് ഒരു രോഗത്തിൽ , നിസ്സഹായരായി അവ പിടഞ്ഞു മരിക്കുമ്പോൾ അവയെ ഭക്ഷിച്ച മനുഷ്യൻ പോലും അവയെ കയ്യോഴിയുകയാണ്.

ഇന്നലെ നീ കത്തിയിൽ അവസാനിച്ചതല്ലേ ,
ഇന്ന് നീ അഗ്നിയിൽ തീരുക.

മരണത്തിന്റെ വഴികൾ എന്തെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പോലും നിങ്ങൾക്കില്ല. അതും നിങ്ങളുടെ നന്മ്മക്ക് വേണ്ടി നമ്മൾ തീരുമാനിക്കും.

മനുഷ്യൻ നീണാൾ വാഴട്ടെ

No comments:

Post a Comment