Wednesday, 4 March 2015

പ്രാണി ഹിംസ

എല്ലാ ജീവ ജാലങ്ങളുടെ നേരെയും അതിക്രമം കാണിക്കുന്ന മനുഷ്യൻ, താനാണ് സൃഷ്ടിയിലെ രാജാവ് എന്ന് ധരിക്കുന്നു.  മറ്റുള്ള ജീവികൾ ഒക്കെയും സൃഷ്ടിക്കപ്പെട്ടത് തനിക്കു ഭക്ഷണം, വസ്ത്രം എന്നിവ നൽകാനും, തനിക്കു ഇഷ്ടമുള്ളപ്പോൾ വേദനിപ്പിക്കാനും ഇല്ലാതാക്കാനും വേണ്ടി മാത്രമാണ് എന്നും അവൻ കരുതുന്നു.

...................................................................ഐസക് ബഷീവിസ് സിങ്ങർ

&&&&&&&&&&&&

മൃഗ ഹിംസയുടെ നേരെയുള്ള മനുഷ്യന്റെ മനോഭാവം വിചിത്രമാണ്.  നമ്മുടെ പ്രതിഷേധങ്ങൾ പലപ്പോഴും ഭാഗികമാണ്.  മതങ്ങളിൽ ജൈന മതം മാത്രമേ പ്രാണി ഹിംസ പാപമായി കണക്കാക്കിയിട്ടുള്ളൂ.  മറ്റുള്ള മതങ്ങൾ ഒക്കെയും ഒന്നല്ലെങ്കിൽ മറ്റൊരു മൃഗത്തെ ദൈവ പ്രീതിക്കായി ബലി കൊടുത്തിട്ടുണ്ട്‌.

സാധാരണയായി മനുഷ്യൻ കൊലപാതകം നടത്തുന്നത് മൂന്നു കാരണങ്ങൾ കൊണ്ടാണ്.

1. കൊല്ലപ്പെടേണ്ട ജീവി അഥവാ മനുഷ്യൻ അത്രയേറെ നികൃഷ്ടനാണ് (മൃഗമാണ്‌)

2. അത് തന്റെ ഭക്ഷണമോ, അല്ലെങ്കിൽ മറ്റു വല്ലതുമോ ആകാവുന്ന ഒരു ജട വസ്തു പോലെ മാത്രമാണ്.

3. ദൈവ പ്രീതിക്ക് വേണ്ടി അതിനെ കൊല്ലേണ്ടത് ആവശ്യമാണ്‌.

ഇതിൽ ഒന്നാമതെത് നമ്മൾ ഇന്നും അനുവർത്തിച്ചു പോരുന്ന നീതിയാണ്.  അതായത് ആക്രമണകാരികളായ മൃഗങ്ങളെ കൊല്ലൽ.  ഒരു മൃഗത്തെ  (മനുഷ്യനെയും) നിക്രുഷ്ടൻ  എന്ന് ബ്രാന്റ് ചെയ്യാൻ എളുപ്പമാണ്.  ഇത്തരം കാര്യങ്ങളിൽ ഭാഷ എന്നും നമുക്ക് സഹായത്തിനുണ്ട്.  നമുക്ക് തോന്നുന്ന ഒരു സംജ്ഞ നാം ഒരു മൃഗത്തിന് ചാർത്തി കൊടുക്കുകയാണ്.  ഉദാഹരണമായി,  വിശന്നു വലഞ്ഞ ഒരു പട്ടി ഒരു വളർത്തു മൃഗത്തെ ആക്രമിച്ചാൽ നാം ആ പട്ടിയെ ഭ്രാന്തൻ എന്ന് വിളിക്കുന്നത്‌ പോലെ.  ഇവിടെ 'ഭ്രാന്തൻ' എന്ന സംജ്ഞ ആ മൃഗത്തെ സംബന്ദിചെടത്തോളം മരണ വാറന്റ് ആയി തീരുന്നു.  മനുഷ്യന്റെ കാര്യത്തിലായിരുന്നു എങ്കിലും സംഗതി ഇങ്ങനെ തന്നെ ആണ്.  നാം ഇവിടെ ശാസ്ത്രീയമായ ഒരു അപഗ്രഥനം ആവശ്യപ്പെടുന്നില്ല.  വിചാരങ്ങൾക്ക്‌ മേലെ വികാരം ആധിപത്യം നേടുന്നു.

രണ്ടാമത്തെ കാര്യമാണല്ലോ ഇപ്പോഴത്തെ തർക്ക വിഷയം.  മാംസം മനുഷ്യന്റെ ഭക്ഷണമല്ല എന്ന് പല പ്രശസ്തരും അഭിപ്രായപ്പെട്ടിട്ടുണ്ട്.  അവര് അതിനു പറയുന്ന മുഖ്യ കാരണം മനുഷ്യന് കോമ്പല്ലുകൾ ഇല്ല എന്നുള്ളതാണ്.  മറ്റൊന്ന് മാംസം ദഹിപ്പിക്കാൻ ഉതകുന്ന രീതിയിൽ അല്ല മനുഷ്യന്റെ ആന്തരികാവയവങ്ങൾ സൃഷ്ടിക്കാപ്പെട്ടിട്ടുള്ളത് എന്ന് . എതിര് അഭിപ്രായങ്ങൾ ഉള്ളവരും ഉണ്ട്.  പക്ഷെ എതിരാളികളും അനുകൂലികളും ഒരു കാര്യത്തിൽ സമവായത്തിൽ എത്തുന്നുണ്ട്.  രോഗികൾക്ക് മാംസ ഭക്ഷണം കൊടുക്കരുത് എന്ന കാര്യത്തിലാണ് അത്.  രോഗികളിൽ അപകടം ഉണ്ടാക്കുന്ന ഒരു ഭക്ഷണം ആരോഗ്യവാനിലും അങ്ങനെ ആകാനെ തരമുള്ളൂ.

അപ്പോൾ ഇതിൽ നിന്ന് മനസ്സിലാകുന്നത്‌ ഒരു ജീവിയെ (മനുഷ്യനെയോ) കൊല ചെയ്യുന്നതിനുള്ള മനോഭാവം സൃഷ്ടിക്കുന്നതിനു ആദ്യം വേണ്ടത്,  ഒന്നുകിൽ അവയെ മൃഗവൽകരിക്കുകയൊ, അല്ലെങ്കിൽ അവയെ ജടവൽക്കരിക്കുകയൊ ആണ്.  മൃഗവൽകരിക്കുന്നതിനു (മൃഗീയ വൽകരിക്കുന്നതിനു) ഭാഷ നമ്മെ സഹായിക്കുന്നു എന്ന് മുൻപ് പറഞ്ഞു കഴിഞ്ഞു.

മൃഗങ്ങളെ ജടവൽകരിക്കുക എന്നതിന് അർഥം ജീവനുള്ള അവയെ , ജീവനില്ലാത്ത ഒരു വസ്തുവായി തരം താഴ്തുകയാണ്.  അതായത് ജീവനുള്ള ഒരു മൃഗം എന്നുള്ള രീതിയിലെ അതിന്റെ നില നില്പ്പിനെ നിഷേധിച്ചു അതിനെ വെറും ഒരു ഭക്ഷണം, അല്ലെങ്കിൽ വസ്ത്രം, അല്ലെങ്കിൽ സൌന്ദര്യ വര്ധക വസ്തു, അല്ലെങ്കിൽ വാഹനം, .... എന്നീ രീതിയിൽ കാണുന്ന ഒരു മനോഭാവം നമ്മിൽ വളർത്തി എടുക്കുക.  ശാസ്ത്ര ലോകത്തെ പരീക്ഷണങ്ങൾ പലതും ഇത്തരത്തിൽ മൃഗങ്ങളെ ജട വല്കരിക്കുന്നതിനായി മനുഷ്യൻ ഉപയോഗിക്കുന്നു.

മൂന്നാമത്തെ രീതി, അതായത് ഒരു ബലി മൃഗം എന്ന രീതിയിലുള്ള മൃഗങ്ങളുടെ അസ്ഥിത്വം പൌരാണിക കാലം മുതൽ മിക്ക മതങ്ങളും മൃഗങ്ങളുടെ  മേല ആരോപിച്ചതാണ്.

ഇത്തരത്തിൽ രൂപ മാറ്റം വന്ന മൃഗത്തെ ഇനി അങ്ങോട്ട്‌ നമുക്ക് കൊല്ലാവുന്നതാണ്.  ഇനി മുതൽ ഇത്തരം കൊലപാതകങ്ങളിൽ നമുക്ക് കുറ്റ ബോധം ഉണ്ടാവേണ്ട കാര്യമില്ല.

ഇതിനു സമാന്തരമായി മനുഷ്യനിൽ മറ്റൊരു മാനസിക പ്രക്രിയ കൂടി സംഭവിക്കുന്നതായി ഞാൻ സംശയിക്കുന്നു.  അതിനെ 'മനുഷ്യ വൽകരണം' എന്ന് ഞാൻ വിളിക്കുന്നു.  പല മൃഗങ്ങളും, മൃഗീയ വല്കരിക്കപ്പെടുകയോ, ജട വൽകരിക്ക പെടുകയോ ചെയ്യുന്നതിന് സമാന്തരമായി , ചില മൃഗങ്ങൾ എങ്കിലും മനുഷ്യ വൽകരിക്ക പ്പെടുകയോ, ചിലപ്പോൾ ദൈവ വല്ക്കരിക്ക പ്പെടുകയോ ചെയ്യുന്നതായി ഞാൻ കരുതുന്നു.  അത്തരം മൃഗങ്ങളെ നമുക്ക് കൊല്ലാനും പറ്റുന്നില്ല.  അഥവാ കൊല്ലുന്നു എങ്കിൽ വര്ധിച്ച കുറ്റ ബോധത്തോടെ മാത്രമേ അത് ചെയ്യാനും പറ്റുന്നുള്ളൂ.

മേൽ പറഞ്ഞ മാനസിക പ്രക്രിയകൾ ഓരോരുത്തരിലും ഓരോ രീതിയിൽ ആണ് വർത്തിക്കുന്നത്. അതിനനുസരിച്ച് ഓരോരുത്തർക്കും മൃഗങ്ങളോടുള്ള മനോഭാവത്തിലും വ്യത്യാസം ഉണ്ടാകുന്നു.

ഉപജീവനത്തിന് വേണ്ടി കൊല ചെയ്യുന്നത് പ്രകൃതിയുടെ നീതിയാണ്.  മനുഷ്യൻ അത് ഉച്ചാടനം ചെയ്താലും, മൃഗങ്ങളിലൂടെ പ്രകൃതി അത് നില നിർത്തി കൊണ്ടിരിക്കും.  നീതി എന്താണ് എന്ന് ദൈവം തന്നെ തീരുമാനിക്കുന്നതാവും നല്ലത്

No comments:

Post a Comment