Saturday, 21 March 2015

ചില പഴയ കാല ഓർമ്മകൾ

താമരശ്ശേരി ചുരത്തിന്റെ മുകളിൽ നിന്ന് നോക്കിയാൽ താഴെ ഒന്നാം വളവു കാണാം.  അതിലൂടെ ചലിക്കുന്ന വാഹനങ്ങളെയും നടക്കുന്ന മനുഷ്യരെയും കാണാം.  മേലോട്ട് കയറുമ്പോൾ വലിയ പ്രശ്നം തോന്നാറില്ല.  പക്ഷെ താഴോട്ടെക്ക് വരുമ്പോൾ ബസ്സ് മേലെ ഉള്ള  വളവു തിരിയുമ്പോൾ ഒരു നിമിഷം നാം കാണുന്നത് ചുരത്തിന്റെ അഗാധതയാണ്.  ബസ്‌ ഡ്രൈവറുടെ ഒരു ചെറിയ അശ്രദ്ധ നമ്മളെ എത്തിക്കുന്നത് എത്രയോ ആഴങ്ങളിലേക്കാണ് . എത്തിക്കുന്നത് എന്ന് പറയാൻ പറ്റില്ല.  കാരണം ശവങ്ങൾ എവിടെയും എത്തുന്നില്ലല്ലോ.  പക്ഷെ താമരശ്ശേരി ചുരത്തിലൂടെ ഉള്ള യാത്ര നല്ലൊരു അനുഭവം തന്നെയാണ്.  ചെറിയ വാഹനമാണെങ്കിൽ പ്രത്യേകിച്ച്. ഭയം കുറെ കുറഞ്ഞു കിട്ടും.  പേരിയ ചുരം പക്ഷെ ഇത്ര ഏറെ ഭയം നമ്മിൽ ഉണ്ടാക്കുന്നില്ല.  ചെങ്കുത്തായ മലകൾ അവിടെ വളരെ കുറവാണ്.  അവിടെയുള്ള ഏറ്റവും വലിയ ആകർഷണം ചന്ദന തോട് എന്ന കാട്ടു പ്രദേശമാണ്.  നിബിഡ വനത്തിന്റെ തണുപ്പ് നമുക്ക് അവിടെ അനുഭവപ്പെടും.  വളരെ വിരളമായി കാട്ടു സർപങ്ങൾ റോഡിനു കുറുകെ ഓടുന്നത് കാണാം.  അവിടെ പക്ഷെ ആനകൾ തീരെ ഇല്ല. മറ്റു മൃഗങ്ങളെയും കാണാറില്ല.  തിരുനെല്ലിയിലെക്കുള്ള യാത്രയിലാണ് മാനുകളേയും കാട്ടാടുകളെയും മയിലുകളെയും വേണ്ടുവോളം കാണാനാവുക.  കാട്ടു പോത്തുകളും വേണ്ടു വോളം.  ആനകളെ കണ്ടാലും അത്ബുധപ്പെടരുത്. നഗര മനുഷ്യരായ നമുക്ക് കാട്ടിലെ അപകട കാരികൾ ആരെന്നു അറിയില്ല. ഒരിക്കൽ ഒരു യാത്രയിൽ അനേകം കാട്ടു പോത്തുകളെ കണ്ടു നമ്മൾ വണ്ടി നിർത്തി അവയ്ക്ക് അരികിലേക്ക് പോകാൻ തുനിഞ്ഞു. അപ്പോൾ നമ്മുടെ കൂടെ ഉണ്ടായിരുന്ന ഒരു നാട്ടുകാരാൻ പറഞ്ഞു , കാട്ടിൽ ആനയേക്കാൾ കൂടുതൽ പേടിക്കേണ്ടത് കാട്ടു പോത്തിനെ ആണെന്ന്. കാരണം ആനകൂട്ടങ്ങൾ പലപ്പോഴും ആക്രമണ കാരികൾ ആകില്ല.  പക്ഷെ കാട്ടു പോത്തുകൾ കൂട്ടമായി ആക്രമിക്കും എന്ന്.  കാട്ടിലൂടെ പോകുമ്പോൾ ആനക്കൂട്ടം  അടുത്തുണ്ടെങ്കിൽ അത് നാം വളരെ വേഗം അറിയും.  കാരണം ആനയുടെ മണം  വളരെ ദൂരെ നിന്ന് തന്നെ നാം അറിയും.  ഒരിക്കൽ നാം പോകുന്ന വഴി മുടക്കി അനേകം ആനകൾ. അപകടം ഒന്നുമില്ലെന്ന് ഗൈഡ് സമാധാനിപ്പിച്ചു.  കുറെ നേരം നമ്മെ നോക്കി നിന്നതിനു ശേഷം അവ വനത്തിലേക്ക് അപ്രത്യക്ഷമായി.  അവിടെ നമ്മെ വളരെ അധികം വിഷമിപ്പിച്ചത് അട്ടകൾ ആണ്.  ഒരു ചെറിയ കാട്ടു ചോല കണ്ടപ്പോൾ തന്നെ എല്ലാവരും അതിലേക്കു ചാടി ഇറങ്ങി.  കുളി കഴിഞ്ഞു കുറെ നേരത്തേക്ക് ആരും സംഭവം അറിഞ്ഞില്ല.  കുറച്ചു കഴിഞ്ഞപ്പോഴാണ് പലരുടെയും കാലുകളിൽ കടിച്ചു തൂങ്ങി നില്ക്കുന്ന അട്ടകളെ കണ്ടത്.  സിഗർ ലൈട്ടരിന്റെ തീ കൊണ്ടു  പൊള്ളിച്ചാണ് പലതിനെയും കൊന്നത്.

തിരുനെല്ലി അമ്പലത്തിന്റെ ഗാംഭീര്യം അതിന്റെ പിന്നിൽ ഉയര്ന്നു നില്ക്കുന്ന വലിയ കുന്നുകൾ ആണ്.  ആ കുന്നുകളുടെ അപ്പുറത്തുള്ള കൊടും കാടുകളിൽ  ഉള്ള പക്ഷി പാതാളം എന്ന സ്ഥലത്തായിരുന്നു  പഴയ നക്സൽ വിപ്ലവകാലത്ത് വര്ഗീസും സുഹൃത്തുക്കളും താമസിച്ചത്.  തിരുനെല്ലിയിലെക്കുള്ള വഴിയിൽ ഒരിടത്ത് വച്ചാണ് വർഗീസ്‌ കൊല്ലപ്പെട്ടത്.  അവിടെ ഇന്നും പലരും പുഷ്പ ചക്രങ്ങൾ അർപ്പിക്കുന്നു

അന്ന് മാനന്തവാടിയിൽ ഡിസംബർ മാസം അതി ശൈത്യം തന്നെ ആയിരുന്നു. എങ്കിലും മഴക്കാലമായിരുന്നു അവിടത്തെ ഭീകര കാലം.  നാട്ടുകാര് പറയുന്നത് പോലെ അവിടെ മഴ ചരിഞ്ഞു കൊണ്ടാണ് പെയ്യുക. കുട എടുത്തിട്ട് കാര്യമില്ല. നനയും.  കാട്ടു ചോലകളിൽ  നഗ്നരായി കുളിച്ചു പരിചയിച്ച കാലം.  സ്ത്രീകളുടെ നഗ്നത പോലും അന്ന് അത്ര വിരളമായിരുന്നില്ല. അന്ന് അവിടെ ഉണ്ടായിരുന്ന എന്റെ സുഹൃത്ത്‌ ജോയി പറഞ്ഞു. വളരെ അധികം വേശ്യകളുള്ള വല്ലാത്ത ഒരു ലോകമാണ് ഇത്.  അവരെ ഒക്കെ ഇങ്ങനെ ആക്കി തീർത്തത് കുറെ ഒക്കെ നിങ്ങളുടെ നാട്ടുകാരാണ്.  പിന്നെ അവരുടെ ദാരിദ്ര്യവും.  ഭൂമികളിൽ ഭൂരിഭാഗവും തോട്ടങ്ങൾ ആയിരിക്കുന്ന ഇടങ്ങളിൽ കൃഷിപ്പണി ക്കാരന് ദാര്ദ്ര്യം മാത്രമേ കൂട്ടിനു ഉണ്ടാകുകയുള്ളൂ.  ഒരിക്കൽ വയലരികിൽ വച്ച് മേരി പറഞ്ഞു. നിങ്ങളുടെ നാട്ടുകാർ നമ്മെ ഒരു കണ്ണ് കൊണ്ടു മാത്രമേ കണ്ടിട്ടുള്ളൂ.

No comments:

Post a Comment